×
login
ജീവിതം തെളിയുന്ന കഥകള്‍

വാക്കുകള്‍കൊണ്ട് അവധാനതയോടെ ജീവിതാവസ്ഥകളെ കാണിച്ചു തരാനുളള രചയിതാവിന്റെ കൗശലമാണ് ഓരോ രചനയുടെയും മൗലികതയെ അടയാളപ്പെടുത്തുന്നത്. ടോമി ഈപ്പന്റെ ചുംബനം മൗലിക മുദ്രയുളള പതിനാലു കഥകളുടെ സമാഹാരമാണ്.

'അറിഞ്ഞോ, അവന്റെ കഥ വല്ലതും' എന്നും, 'അവളുടെ കഥയെന്തായി' എന്നും 'അയാളുടെ കഥ കഴിഞ്ഞു' എന്നുമൊക്കെയുളള വാമൊഴികളില്‍ നിറഞ്ഞാവര്‍ത്തിക്കുന്ന കഥയെന്ന രൂപകം വാസ്തവത്തില്‍ ജീവിതമെന്നതിന്റെ പര്യായം തന്നെയാണ്. അഥവാ കഥയെന്നാല്‍ ജീവിതമെന്നാണ് പഴമനസ്സുകള്‍ അര്‍ത്ഥമാക്കിയിരുന്നത്.  

ജീവിതത്തെ വിവിധ കോണുകളില്‍ നിന്നു  നോക്കിക്കാണുന്നതിന്റെ ആഖ്യാനങ്ങളാണ് കഥകളായിത്തീരുന്നത്. ഓരോ കഥയെഴുത്തുകാരന്റെയും ആഖ്യാന വൈവിധ്യം, അവരുടെ ബഹുവിധ നോക്കുപാടുകളുടെ വൈചിത്ര്യം തന്നെയാണ്. അതു തന്നെയാണ് ജീവിതത്തിന്റെ എഴുത്തു സാധ്യതകളും.

കഥയില്‍ ജീവിതത്തെ തെളിച്ചെടുക്കുന്ന രചനാ സൗകുമാര്യത്തോടെ ടോമി ഈപ്പന്‍ എഴുതിയ പതിനാലു കഥകളുടെ സമാഹാരമാണ് ചുംബനം എന്ന പുസ്തകം. ലളിതമായ ആഖ്യാനം. ഋജുവായ ഭാഷ. നര്‍മ്മമോ കാരുണ്യമോ വേദനയോ സഹാനുഭൂതിയോ വായനക്കാരന്റെ ഉള്ളില്‍ത്തട്ടുന്നവിധം ഇതില്‍ ആവിഷ്‌കരിച്ചിരിക്കുന്നു.  

വാക്കുകള്‍കൊണ്ട് അവധാനതയോടെ ജീവിതാവസ്ഥകളെ കാണിച്ചു തരാനുളള രചയിതാവിന്റെ കൗശലമാണ് ഓരോ രചനയുടെയും മൗലികതയെ അടയാളപ്പെടുത്തുന്നത്. ടോമി ഈപ്പന്റെ ചുംബനം മൗലിക മുദ്രയുളള പതിനാലു കഥകളുടെ സമാഹാരമാണ്.

സ്വതന്ത്രരചനകളും വിവര്‍ത്തനങ്ങളും ഈ സമാഹാരത്തില്‍ ഉള്ളടങ്ങിയിരിക്കുന്നു. പുസ്തകത്തിന്റെ പേരിനാസ്പദമായ കഥ 'ചുംബനം' ഒരു വിവര്‍ത്തന രചനയാണ്. എന്നാല്‍, ആ തോന്നല്‍ വായനക്കാരനിലുളവാകാത്തവിധം കയ്യടക്കത്തോടെയാണ് ടോമി ഈപ്പന്‍ ഭാഷാന്തരീകരണം നിര്‍വ്വഹിച്ചിരിക്കുന്നത്.


''അല്ലെങ്കിലും ഈ ലോകം അത്രമാത്രം

ചീത്തയൊന്നുമല്ലല്ലോ...'' എന്നു പറഞ്ഞവസാനിക്കുന്ന കഥ, തനിക്കു വിശ്രമിക്കാന്‍ ഉചിതമായ ഒരു ഇരിപ്പിടം തേടിയലയുന്ന ഒരു ചുംബനത്തിന്റെ അന്വേഷണങ്ങളാണ് വിവരിക്കുന്നത്. ജീവിതത്തിന്റെ വ്യത്യസ്ത തുറകളിലൂടെ അത് സഞ്ചരിക്കുന്നു. എവിടെയും തനിക്കു പറ്റിയ ഒരിരിപ്പിടം കണ്ടെത്താനാവാതെ അതലഞ്ഞു. ഒടുവില്‍ കാറ്റിന്‍ ചിറകേറി ഒരു ജാലകപ്പഴുതിലൂടെ ഏകാകിയായി ക്ലാസ്സുമുറിയില്‍ വിതുമ്പിയിരിക്കുന്ന ഒരോമനക്കുഞ്ഞിന്റെ കവിളില്‍ അതു ചെന്നു പറ്റുന്നു. അതോടെ അവനും കൃതാര്‍ത്ഥനാവുന്നു.

രാഷ്ട്രീയ നേതാവ്, പരിസ്ഥിതി പ്രവര്‍ത്തക എന്നിങ്ങനെ മേനകാ ഗാന്ധി പലവിധത്തിലും പ്രശസ്തയായ വ്യക്തിയാണ്. എന്നാല്‍ അവര്‍ അതിമനോഹരമായി സര്‍ഗ്ഗാത്മക രചനകള്‍ നിര്‍വ്വഹിക്കുന്ന വ്യക്തിയാണെന്ന് അറിയുന്നവര്‍ മലയാളത്തില്‍ ചുരുക്കമായിരിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഇംഗ്ലീഷ് മാസികയിലാണ് മാസ്റ്റര്‍പീസ് രചനയെന്നു വിശേഷിപ്പിക്കാവുന്ന ദി കിസ്സ് പ്രസിദ്ധീകരിച്ചു വന്നത്. അന്നേ അത് പലവിധത്തിലും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആ കൃതിയുടെ മലയാളത്തിലേക്കുളള മൊഴിമാറ്റമാണ് ചുംബനം എന്ന കഥ. ആ കഥാ വിവര്‍ത്തനം കണ്ണില്‍പ്പെട്ട സാഹിത്യവിമര്‍ശക രംഗത്തെ മഹാഗോപുരമായ എം. കൃഷ്ണന്‍നായര്‍ അതേപ്പറ്റി ദീര്‍ഘമായി എഴുതിയത് ഇങ്ങനെ ഉപസംഹരിക്കുന്നു:

'മേനക ഗാന്ധി കഥകളെഴുതാന്‍ വിദഗ്ധയാണെന്നു ഞാനിപ്പോള്‍ മനസ്സിലാക്കുന്നു. കര്‍പ്പൂരം വാരികയില്‍ അവരുടെ ഒരു കഥ - ചുംബനം - തര്‍ജ്ജമ ചെയ്തു ചേര്‍ത്തിട്ടുണ്ട്. ഇങ്ങനെ പല സംഭവങ്ങള്‍ ആവിഷ്‌കരിച്ച് ചുംബനമെന്ന പ്രക്രിയയുടെ ഗര്‍ഹണീയത സ്പഷ്ടമാക്കിത്തരുന്നു, മേനക ഗാന്ധി. ആശയ പ്രധാനമായ കഥ. എന്നാല്‍  ബിംബങ്ങളിലൂടെ ആ ആശയത്തിനു ചാരുതവരുത്തിയിരിക്കുന്നു, ശ്രീമതി. ചുംബനമെന്ന കഥയെഴുതിയ മേനകഗാന്ധിയെയും, അത് തര്‍ജ്ജമ ചെയ്ത ടോമി ഈപ്പനെയും ഞാന്‍ സവിനയം അഭിനന്ദിക്കുന്നു. (കലാകൗമുദി, മെയ് 20, 1994) വായനക്കാരെ നവ്യമായ അനുഭവങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചാനയിക്കാന്‍ ശേഷിയുളള ഈ കഥകള്‍ കൈരളിക്ക് തീര്‍ച്ചയായും അനുഗ്രഹമാണ്.

 

  comment

  LATEST NEWS


  സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു; അഞ്ചു ജില്ലകളിലെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, മഴ മുന്നറിയിപ്പുകൾ തുടരും


  കോഴിക്കോട് നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നു; മൂന്ന് ബീമുകള്‍ ഇളകി പുഴയില്‍ വീണു, രണ്ട് തൊഴിലാളികൾക്ക് പരിക്ക്


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.