×
login
സുഗതകുമാരി‍യുടെ അച്ഛന്‍ മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക്; ഡോ.എം വി പിള്ള വെളിപ്പെടുത്തുന്നു

ആറാം വയസ്സിലാണ് സുഗതകുമാരി, ഹൃദയകുമാരിമാരെ പരിചയപ്പെടുന്നത്. അന്നത്തെ തിരുവനന്തപുരം ഇന്നത്തെ ഒരു കുഗ്രാമത്തേക്കാള്‍ മനോഹരമായിരുന്നു കാറുകളും ബസ്സുകളും അപൂര്‍വം. തെരിവു വിളക്കുകള്‍ പോലുമില്ല. ഫോറസ്റ്റ് ആഫീസിനു പിന്നിലെ മനോഹരമായ ഒരു കൊച്ചു വീട്ടിലാണ് ബോധേശ്വരന്‍ സാറും കാര്‍ത്തിയായനി ടീച്ചറും താമസം.

 ഫീനിക്‌സ്: കവയിത്രി സുഗതകുമാരിയുടെ അച്ഛന്‍ തിരുവനന്തപുരത്തെ അറിയപ്പെടുന്ന ഒരു മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക് അയിരുന്നുവെന്ന് എത്ര പേര്‍ക്കറിയാം. കവിയും പണ്ഡിതനും ദേശസ്‌നേഹിയും ഗാന്ധിയനുമായ ബോധേശ്വരനാണ് സുഗതകുമാരിയുടെ പിതാവ് എന്ന് അറിയാത്തവരില്ല.  ബോധേശ്വരന്‍ നല്ലൊരു മെക്കാനിക്ക് ആയിരുന്നുവെന്ന്  അമേരിക്കയിലെ പ്രമുഖ ക്യാന്‍സര്‍ ഡോക്ടര്‍  ഡോ എം വി പിള്ളയാണ് വെളിപ്പെടുത്തിയത്. കൈനകരി മാധവന്‍ പിള്ളയുടെ മകനായ എം വി പിള്ളയുടെ ( നടന്‍  പൃഥ്വിരാജിന്റെ അമ്മാവന്‍ )ബന്ധുകൂടിയാണ് സുഗതകുമാരി. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത അമേരിക്ക മഹാകവി അക്കിത്തത്തേയും കവയിത്രി സുഗതകുമാരിയേയും അനുസ്മരിക്കാന്‍ സംഘടിപ്പിച്ച കാവ്യസ്മൃതിയിലാണ് ഡോ പിള്ള അത് വെളിപ്പെടുത്തിയത്. സുഗതകുമാരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ ഇടതൂര്‍ന്ന മരങ്ങളും പവിഴവല്ലിയും മാത്രമായിരുന്നില്ല നിറയെ എന്‍ഫീല്‍ഡ് മോട്ടോര്‍ സൈക്കളുകളും ഉണ്ടായിരുന്നു.

അത് ഡോ പിള്ള  വിവരിക്കുന്നതിങ്ങനെ.

ആറാം വയസ്സിലാണ് സുഗതകുമാരി, ഹൃദയകുമാരിമാരെ പരിചയപ്പെടുന്നത്. അന്നത്തെ തിരുവനന്തപുരം ഇന്നത്തെ ഒരു കുഗ്രാമത്തേക്കാള്‍ മനോഹരമായിരുന്നു കാറുകളും ബസ്സുകളും അപൂര്‍വം. തെരിവു വിളക്കുകള്‍ പോലുമില്ല. ഫോറസ്റ്റ് ആഫീസിനു പിന്നിലെ മനോഹരമായ ഒരു കൊച്ചു വീട്ടിലാണ് ബോധേശ്വരന്‍ സാറും കാര്‍ത്തിയായനി ടീച്ചറും താമസം. അമ്മവഴി അവരുടെ വാഴ് വേലി കുടുംബവുമായി എനിക്ക് ബന്ധമുണ്ട്.

അമ്മയോടൊപ്പം ഒരു ആറുവയസ്സുകാരന്‍ അവിടെ എത്തിയപ്പോള്‍ എനിക്ക് കുറെ താക്കീതുകള്‍ നല്‍കിയിരുന്നു. 'അവിടെ ചെന്നാല്‍ അക്രമമൊന്നും കാട്ടരുത്. അവിടെ രണ്ട് ചേച്ചിമാരുണ്ട് അവര്‍ സദാ പഠനത്തിലായിരിക്കും. അവരുടെ വായനയെ തടസ്സപ്പെടുത്തരുത്. ബോധേശ്വരന്‍ കവിയാണ്, പണ്ഡിതനാണ്, ദേശസ്‌നേഹിയാണ്, ഗാന്ധിയനാണ് ഇതിനൊക്കെ പുറമെ ഒഴിവ് വേളകളില്‍  മോട്ടോര്‍  സൈക്കിള്‍ റിപ്പയര്‍ ചെയ്യുന്ന ആളുമാണ്.മുറ്റത്ത് ധാരാളം മോട്ടര്‍ എന്‍ഫീല്‍ഡ്  സൈക്കിളുകള്‍ കാണും. അതിന്റെ പുറത്തൊന്നും വലിഞ്ഞു കയറരുത്.'

വളരെ വിനീതനായി അമ്മയോടൊപ്പം അവിടെ ചെന്നപ്പോള്‍, അമ്മ പറഞ്ഞതെല്ലാം അക്ഷരം പ്രതി ശരി. ഇടതൂര്‍ന്ന് നില്‍ക്കുന്ന വന്‍ മരങ്ങള്‍. വീടിനു തൊട്ടു  പിന്നില്‍ മനോഹരമായ പൂത്തുനില്‍ക്കുന്ന ഒരു പവിഴമല്ലി. പടിക്കെട്ടില്‍  കൈ മടക്കി വെച്ച്  രണ്ടു സുന്ദരിമാര്‍ പുസ്തകങ്ങള്‍ വായിക്കുന്നു. അമ്മ പറഞ്ഞു,' 'അതാണ് ഹൃദയകുമാരി, തൊട്ടടുത്തിരിക്കുന്നതാണ് സുഗതകുമാരി.' ഞങ്ങളെ കണ്ട് രണ്ടുപേരും ചാടി എണീറ്റു. സ്‌നേഹപൂര്‍വം അകത്തേക്ക് ആനയിച്ചു.

കണ്ണ് എന്‍ഫീല്‍ഡില്‍ ആയിരുന്നെങ്കിലും മുന്‍ താക്കിതുള്ളതിനാല്‍ ഭവ്യതയോടെ ഞാന്‍ നിന്നു. അന്ന് കണ്ട ആ പവിഴമല്ലി പൂക്കള്‍ പില്‍ക്കാലത്ത് എന്നെ കോരിത്തരിപ്പിക്കുന്ന ഒരു കവിതയുടെ വിഷയമാകുമെന്ന്  സ്വപ്നത്തില്‍ പോലും കരുതിയില്ല.  ആ കവിത കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഒരു വിഷാദം ഉണ്ടായി. ചേച്ചി എത്ര മനോഹരമായി എഴുതിയ വരികള്‍. ജി വേണുഗോപാല്‍ അത് നമ്മുടെ ഹൃദയങ്ങളിലേക്ക് ആവാഹിച്ചു തന്നു.

അഴിവാതിലിലൂടെ  പതുങ്ങി  വന്നെത്തുന്ന    

പവിഴമല്ലിപ്പൂവുകളുടെ പ്രേമം ...  

അതി മനോഹരം. പക്ഷേ അവസാന വരികളിലെത്തുമ്പോള്‍

പലതുള്ളി കണ്ണീരു വീണു നനഞ്ഞോരാ

കടലാസിന്‍ ശൂന്യമാം മാറില്‍...

എന്തുകൊണ്ടാണ് ഇത്ര മനോഹരമായി ആഹ്‌ളാദ ഭരിതയായി കവിത എഴുതി തുടങ്ങിയ സുഗതകുമാരി, പെട്ടന്ന്  വിഷാദഭരിതയായയി ഇത്തരം വരികള്‍ കോറിയിട്ടത് എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല..

സുഗതകുമാരി കവിതകളിലെ ശക്തമായ ഒരു ബിംബമായി പലരും ചൂണ്ടികാണിച്ചിരിക്കുന്നത് സ്ത്രീയും പരിസ്ഥിതിയും ആണ്. ഇതു തമ്മിലുള്ള പാരസ്പര്യം എത്ര സൗന്ദരാത്മകവും എത്ര ശക്തിയുള്ളതും ആണെന്ന് സൂചിപ്പിക്കുന്നു. അത് മനസ്സിലാക്കാന്‍ ഒരു കവിത പറയാം.

അന്നത്തെ ഫോറസ്റ്റ് ആഫീസിനു പിന്നില്‍ വന്‍ മരങ്ങളുടെ നിരയുണ്ടായിരുന്നു. ഇടവപാതിയും തുലാവര്‍ഷവും കഴിഞ്ഞ് അതുവഴി നടന്നാല്‍ മരങ്ങളില്‍ നിന്ന് ഇറ്റിറ്റു വീഴുന്ന മരത്തുള്ളികള്‍ ആഹ്‌ളാദ ഭരിതമാക്കും. രാത്രമഴയാണെങ്കില്‍ അല്പം ഭീതികൂടി ഉളവാക്കുന്നവയാണ്. വഴുതക്കാട്ടിലെ ഫോറസ്റ്റ് ഓഫീസില്‍ കണ്ട ദൃശ്യങ്ങളാകണം സുഗത ചേച്ചി 'രാത്രിമഴ' യ്ക്കുവേണ്ടി  എടുത്തത്. പ്രകൃതിയുടെ ഒരു പ്രതിഭാസത്തെ എങ്ങനെയാണ് വിവരിക്കുന്നത് എന്നു നോക്കാം.

രാത്രിമഴ,ചുമ്മാതെ

കേണും ചിരിച്ചും

വിതുമ്പിയും നിര്‍ത്താതെ

പിറുപിറുത്തും നീണ്ട

മുടിയിട്ടുലച്ചും

കുനിഞ്ഞിരിക്കുന്നോരു

യുവതിയാം ഭ്രാന്തിയെപ്പോലെ.

പ്രകൃതിയുടെ  ദൃശ്യത്തെ എങ്ങനെയാണ് ജീവസ്സുറ്റ ഒരു മനുഷ്യജീവിയിലേക്ക് ആനയിക്കുന്നത്. ഈ പാരസ്പര്യമാണ് സുഗതകുമാരിയെ കേരളത്തിലെ മാനസികാരോഗ്യ രംഗത്ത് പരിവര്‍ത്തനത്തിലേക്ക് നയിച്ചത്. ഇറ്റിറ്റു വീഴുന്ന മഴത്തുള്ളിയെ നോക്കി അത് ഒരു ഭ്രാന്തിയുടെ കണ്ണീരായായും ഇലച്ചാര്‍ത്തുകള്‍ നീണ്ട മുടിയായും കവിക്ക്  തോന്നിച്ച ആ അപാരശക്തി എന്താണ്. പാട്ടിന്റെ പൊരുള്‍ അറിയാതെയാണെന്റെ പാടല്‍ എന്നും  ചേച്ചി എഴുതിയിട്ടുണ്ട്. ഡോ എം വി പിള്ള വിവരിച്ചു.

 സുഗതജീവിതം എന്നാല്‍ യാതൊരു തടസ്സും ഇല്ലാതെ ജീവിക്കാന്‍ കഴിഞ്ഞു എന്നാണ്.ബുദ്ധമതത്തില്‍ ഒരു സുഗത മുനിയുണ്ടായിരുന്നു.ബുദ്ധമതത്തിലാണ് സുഗത ജീവതത്തിന്റെ ഒരുപാട് തത്വങ്ങള്‍ അടങ്ങിയിരിക്കുന്നത്.. സുഗതുമാരിക്ക് ഈ പേര് മാതാപിതാക്കള്‍ നല്‍കിയപ്പോള്‍ ക്രാന്തദര്‍ശികളായ അവരുടെ മനസ്സില്‍ സുഗതയുടെ പില്‍ക്കാല ജീവിതത്തെക്കുറിച്ച് ഒരു ധാരണ ഉണ്ടായിക്കാണും. അന്നത്തെ നിലവാരം വെച്ച് ദുര്‍ഘടമായ ഒരു പാതയും സുഗതകുമാരിയുടെ മുന്നിലുണ്ടായിരുന്നില്ല. സന്തോഷ പൂര്‍ണ്ണമായ ആനന്ദദായകമായ ആഹഌദകരമായ ജീവിതം പെണ്‍കുട്ടിക്ക് കിട്ടട്ടെ എന്ന സ്വപ്‌നത്തിലാകണം സുഗതകുമാരിക്ക് സുഗതകുമാരി എന്ന പേര് നല്‍കിയത്.  സുഗത ജീവിതത്തിന്റെ പലഘട്ടങ്ങളിലും സൗഖ്യങ്ങള്‍ വലിച്ചെറിയാന്‍ യാതൊരു വൈമനസ്യവും കാണിക്കാതിരുന്ന ഒരു കവിയത്രിയെയാണ് കേരളം കണ്ടത്.ഡോ എം വി പിള്ള പറഞ്ഞു

നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ കാവ്യസ്മൃതി ഉദ്ഘാടനം ചെയ്തു.ഡോ. സി വി ആനന്ദബോസ് ഐഎഎസ്, ആത്മാരാമന്‍,പി ശ്രീകുമാര്‍ജന്മഭൂമി, ആലങ്കോട് ലീലാകൃഷ്ണന്‍, അക്കിത്തത്തിന്റെ കൊച്ചുമകന്‍ പ്രഹഌദന്‍, കെഎച്ച്എന്‍എ പ്രസിഡന്റ് സതീഷ് അമ്പാടി, ഡോ. നാരായണന്‍ നെയ്തലത്ത്, രാധാകൃഷ്ണന്‍ നായര്‍ ചിക്കാഗോ, ഡോ. എ.പി സുകുമാര്‍ കാനഡ എന്നിവര്‍ സംസാരിച്ചു. അനുശ്രീ ജിജിത്ത്, മിനി ജ്യോതിഷ്, ദിലീപ് പിള്ള, മാളവിക ആനന്ദ്, സജിത്ത്  തൈവളപ്പില്‍ എന്നിവര്‍ കവിതകള്‍ ചൊല്ലി.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.