×
login
ചിഹ്നങ്ങളെക്കുറിച്ച് അറിയേണ്ടതെല്ലാം

വായന

ലയാള ഭാഷയിലെ ലിപിപരിണാമങ്ങളെയും  വര്‍ണ്ണങ്ങളെയും, പദപ്രത്യയങ്ങളെയും കുറിച്ച്  ഗഹനമായ പഠനങ്ങള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ചിഹ്നങ്ങളെക്കുറിച്ച് (ുൗിരൗേമശേീി)പഠനങ്ങള്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം.

ഭാഷയില്‍ ചിഹ്നങ്ങള്‍ക്ക് വളരെ  പ്രാധാന്യമുണ്ട്. ആശയസംവേദനം പൂര്‍ണമാകണമെങ്കില്‍ ചിഹ്നങ്ങള്‍ കൂടിയേ കഴിയൂ. അതില്ലെങ്കില്‍ ആശയ വൈകല്യങ്ങള്‍ ഉണ്ടാവുന്നു. പത്രപാരായണം ദിനചര്യകളുടെ ഭാഗമായി കാണുന്നവരില്‍, പതിവായി മാധ്യമങ്ങളില്‍ കാണുന്ന തെറ്റുകള്‍ അറിയാതെ മനസ്സില്‍ രൂഢമൂലമാവുകയും, പിന്നീട് ശരിയേത് തെറ്റേത് എന്ന് വ്യവഛേദിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്‌തേക്കാം. ഈ സാഹചര്യത്തില്‍ മലയാളത്തിനു ലഭിച്ച അപൂര്‍വ ഗ്രന്ഥമാണ് 'ഇടയാളം' എന്ന  അടയാളങ്ങളുടെ അത്ഭുതലോകം. വൈക്കം മധുവിന്റെ 25 വര്‍ഷം നീണ്ട പഠനത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം.

വിവിധ ചിഹ്നങ്ങളുടെ പരിണാമവും വളര്‍ച്ചയും വികാസവും ഭാഷയിലും  ആശയഗ്രഹണത്തിലും  അവയ്ക്കുള്ള സ്ഥാനവും വിശദീകരിക്കുന്ന  പുസ്തകമാണ് 'ഇടയാളം'. അക്ഷരങ്ങളുടെ  ഒറ്റച്ചങ്ങലയില്‍നിന്നും, ഇടയും(ുെമരല) ചിഹ്നങ്ങളും ചേര്‍ത്തുള്ള വ്യക്തമായ എഴുത്തിലേക്കുള്ള ആര്‍ക്കുമറിയാത്ത ചരിത്രം  നമ്മളിലെത്തുന്നത് ഈ ഗ്രന്ഥത്തിലൂടെയാണ്. വാചകത്തില്‍ വാക്കുകള്‍ക്കിടയിലുള്ള 'ഇട'(സ്‌പേസ്) യുടെ ആവിര്‍ഭാവത്തിനുപോലും ഒരു ചരിത്രം ഉണ്ടെന്ന പുതിയൊരു  അറിവ്  ഈ ഗ്രന്ഥത്തിലൂടെ നമുക്കു  ലഭിക്കുന്നു. ചിഹ്നങ്ങളുടെ പരിണാമചരിത്രം അടിമക്കച്ചവടത്തിന്റെ  ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഗ്രീക്കില്‍ ഉപയോഗിച്ചിരുന്ന ചോദ്യചിഹ്നത്തില്‍നിന്നാണ് അര്‍ധവിരാമത്തിന്റെ (സെമി കോളന്‍) ഉത്ഭവം. ഇറ്റലിയിലെ  മുദ്രണാലയക്കാരനായ ആള്‍ഡസ് മനുഷ്യസാണ് അര്‍ധവിരാമം  ആദ്യമായി അച്ചടിയില്‍ ഉപയോഗിച്ചത്. ഇറ്റാലിക് രീതിയിലുള്ള എഴുത്ത് ചരിത്രത്തില്‍ ആദ്യമായി രൂപകല്‍പ്പന ചെയ്തതും  അവതരിപ്പിച്ചതും ഇദ്ദേഹമാണ്.  

ഭാഷയിലെ ട്രാഫിക് സിഗ്‌നലുകളാണ് ചിഹ്നങ്ങള്‍.  അവയോട് യോജിച്ചു യാത്ര ചെയ്താല്‍ യാത്ര സുഖം. അല്ലെങ്കില്‍ ഡ്രൈവര്‍ക്കും (രചയിതാവ്) യാത്രക്കാര്‍ക്കും (അനുവാചകര്‍) അപകടസാധ്യത. ഭാഷയില്‍ ചിഹ്നത്തിന്റെ  പ്രാധാന്യം രസകരമായ രീതിയില്‍ വൈക്കം മധു വിശദീകരിക്കുന്നു. വാക്കുകള്‍ക്ക് പകരം ഉപയോഗിക്കാവുന്ന ചിഹ്നങ്ങള്‍ വ്യക്തമായ അര്‍ത്ഥ സൂചന നല്‍കുന്നുണ്ട്. ആശ്ചര്യം, ചോദ്യം, ഇടവിരാമം, വിരാമം, ഉദ്ധരണി, സൂചന  തുടങ്ങി എത്രയെത്ര ആവശ്യങ്ങള്‍ക്ക് ഭാഷാപ്രയോജകര്‍ ചിഹ്നങ്ങളെ ആശ്രയിക്കുന്നു.

രസകരങ്ങളായ തലക്കെട്ടുകളാണ് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു പ്രത്യേകത. തലക്കെട്ടുകള്‍ക്കിടയില്‍ ചിഹ്നങ്ങളിലൂടെ  നടത്തുന്ന അര്‍ഥം ദ്യോതിപ്പിക്കലുകള്‍ വളരെ കൗതുകമുണര്‍ത്തുന്നവയാണ്. ഉദാഹരണത്തിന്, ഡോട്ട് എന്ന 'കുത്ത്' വാക്ക്, 'ഇട'പെടലിന്റെ  ഇന്ദ്രജാലം, പറങ്കിപെറ്റ(?) ചിഹ്നകുലം, എങ്ങനെ വല(യം)യില്‍ ആക്കാം, ചിന്ന- ചിഹ്ന - യുദ്ധം: രാജ്യം രണ്ടായി, ഇവ അതില്‍ ചിലതു മാത്രം. തലക്കെട്ടിലുള്ള ഈ ചിഹ്നങ്ങള്‍ അധ്യായത്തിലെ ഉള്ളടക്കത്തിലേക്കുള്ള സെര്‍ച്ച് ലൈറ്റുകളാണ്. പുസ്തകത്തിന്റെ പേരുസൂചിപ്പിക്കുന്നതുപോലെ 'ഇട'എന്ന ശൂന്യസ്ഥലത്തിന് എഴുത്തില്‍ വളരെ പ്രാധാന്യമുണ്ട്.

സര്‍വോത്കൃഷ്ടമായ, നിശ്ശബ്ദവും അഗോചരമായ, ഒരു ചിഹ്നമാണ് 'ഇട'.  അക്ഷരങ്ങളുടെ ആകാശപരപ്പില്‍ വെള്ളിനക്ഷത്രങ്ങള്‍ ചിതറിയതു പോലെയാണ് 'സ്‌പേസ്' അഥവാ ഇട. 'ഇട' പോകുമ്പോള്‍ അര്‍ഥം മാറുന്നത് ഉദാഹരണസഹിതം വ്യക്തമാക്കുന്നുണ്ട് ഗ്രന്ഥകാരന്‍. 'രാമന്‍ തന്നെ പോകണം', 'മഷിപുരളാത്ത ചിഹ്നം' എന്നാണ് വൈക്കം മധു സ്‌പേസിനെ  വിശേഷിപ്പിക്കുന്നത്.  വാക്യത്തിന് ഉദ്ദിഷ്ടാര്‍ത്ഥം നല്‍കുന്നതില്‍, വിഐപി ആയ ശൂന്യസ്ഥലം വലിയ ഒരു പങ്കുവഹിക്കുന്നുണ്ടെന്നും  അദ്ദേഹം സൂചിപ്പിക്കുന്നു.

നഗരരാജ്യങ്ങള്‍ നിലനിന്നിരുന്ന കാലത്ത്, സി ഇ - ഒന്നാം നൂറ്റാണ്ടില്‍, അരിസ്റ്റോട്ടില്‍ കനംകുറഞ്ഞ ഓലയില്‍ തുടരെഴുത്തു  രീതിയില്‍ എഴുതിയ ഏതന്‍സിന്റെ  ഭരണഘടനയില്‍നിന്നു  പകര്‍ത്തിയെടുത്ത ഭാഗം മുതല്‍ 1862ല്‍  ബ്രസ്സല്‍സില്‍ നിന്ന് പ്രസിദ്ധീകരിച്ച 'പാവങ്ങള്‍' എന്ന വിക്ടര്‍ യൂഗോയുടെ ബുക്കിന്റെ ആദ്യ ഫ്രഞ്ച് എഡിഷന്റെ ചിത്രം വരെ വ്യക്തമായ തെളിവുകളിലൂടെയാണ് ഈ ഗ്രന്ഥത്തിലെ വിവരണങ്ങള്‍ പുരോഗമിക്കുന്നത്. ഒരു വൈയാകരണന്റെയോ അക്കാദമികന്റെയോ പാണ്ഡിത്യമോ വിഭവ സന്നാഹമോ  ഗവേഷണപര-രചനകളുടെ രീതിശാസ്ത്ര പിന്‍ബലമോ ഇല്ലാതെ ഒരു പത്രപ്രവര്‍ത്തകന്‍ നടത്തിയ അന്വേഷണത്തിന്റെ  പരിമിതികളില്‍ ഒതുങ്ങുന്നത് എന്ന് ആമുഖത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും മേല്‍പ്പറഞ്ഞവയ്ക്ക് ഏറ്റവും ആവശ്യമായ, അപാരമായ ഗവേഷണ ബുദ്ധിയാണ് ഗ്രന്ഥകാരനുള്ളത്. ഭാഷാസ്‌നേഹികള്‍ക്ക് സംശയനിവൃത്തിക്ക് ആശ്രയിക്കാന്‍ ഉതകുന്ന ഒരേയൊരു ഗ്രന്ഥമാണിത്.

ലോകചരിത്രത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച  റഷ്യന്‍ വിപ്ലവത്തിന് തിരികൊളുത്തിയതുപോലും കോമ തുടങ്ങിയ ഭാഷാചിഹ്നങ്ങളുടെ പേരിലുള്ള 'കോമസമര'മാണെന്ന് അത്ഭുതകരമായ വസ്തുതയും ഇതാദ്യമായി, ഈ ഗ്രന്ഥത്തില്‍  കണ്ടെത്തുന്നത് കൗതുകകരം തന്നെ. സാധാരണക്കാരനു താങ്ങാവുന്ന തുച്ഛവിലയ്ക്ക് പോക്കറ്റ് ബുക്ക് ലോകത്ത് ആദ്യമായി സമ്മാനിച്ച പ്രസാധകനും, പുസ്തകലോകത്ത് ആദ്യമായി കാറ്റലോഗ് അടിച്ചിറക്കിയ പ്രസാധകനും ആല്‍ഡസ് മനുഷ്യസ് ആയിരുന്നു .

പത്രശീര്‍ഷകങ്ങളില്‍ ചിഹ്നത്തിന് സംഭവിക്കുന്ന മാറ്റങ്ങളെപറ്റിയുള്ള ഗഹനമായ പഠനമാണ് ഗ്രന്ഥകാരന്‍ നടത്തിയിരിക്കുന്നത്. പത്രങ്ങളിലെ തലവാചകങ്ങളില്‍ ചിഹ്നങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റി വിശദമായ പരാമര്‍ശം ഇതിലുണ്ട്. നീണ്ട 25 വര്‍ഷം കൊണ്ട് നേടിയ പത്രപ്രവര്‍ത്തക പരിജ്ഞാനം തലവാചകങ്ങളില്‍ വാക്കുകള്‍ക്ക് മുന്‍പും പിന്‍പുമുള്ള സ്‌പേസ്, ചിഹ്നങ്ങള്‍ ഇവ ആശയകുഴപ്പം ഉണ്ടാകാത്ത രീതിയില്‍  സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.  ചിഹ്നങ്ങളെ വേണ്ടതുപോലെ ഉപയോഗിക്കാതെ, ലോകചരിത്രത്തിന്റെ  ഗതിമാറ്റി എഴുതിയ പല കഥകളും ഈ ഗ്രന്ഥത്തില്‍ അടങ്ങിയിട്ടുണ്ട്.  എഴുത്തില്‍ കോമയുടെ പ്രാധാന്യം, കോമയുടെ  ഉപയോഗങ്ങള്‍, ഉദാഹരണങ്ങള്‍ എന്നിവ വിശദമായി ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. 'ചിഹ്ന കുലത്തിലെ സുന്ദരി' എന്നാണ് ഗ്രന്ഥകര്‍ത്താവ് കോമയെ വിശേഷിപ്പിക്കുന്നത്. പൊതു സ്വഭാവത്തെ മുന്‍നിര്‍ത്തി നാലുതരം കോമകളെപറ്റി വിശദമായി ഇതില്‍ പ്രതിപാദിക്കുന്നുണ്ട്.

ഇന്നത്തെ വായനാനുഭവം നമുക്ക് നല്‍കിയ അച്ചടിയുടെ ലോകത്തിലെ അത്ഭുത പ്രതിഭാസമായിരുന്നു ആല്‍ഡസ് മനുഷ്യസ് എന്ന വെനീസിലെ പ്രസാധകന്‍. വെനീസിനെ അച്ചടിയുടെ ലോക തലസ്ഥാനമാക്കി മാറ്റിയെടുക്കാന്‍ സാഹസികനായ ആല്‍ഡസ് മനുഷ്യസിനു  കഴിഞ്ഞു. കോമ ചിഹ്നത്തിന് ഇന്ന് കാണുന്ന രൂപം സമ്മാനിച്ച പ്രസാധകനാണ്  അദ്ദേഹം. സെമികോളന്റെ  സൃഷ്ടാവും അദ്ദേഹം തന്നെ. ഇറ്റാലിക് ടൈപ്പ് കണ്ടുപിടിച്ച്  ഒരു പുസ്തകം മുഴുവനായി ആ ടൈപ്പില്‍ ആദ്യമായി അവതരിപ്പിച്ച്, അച്ചടിലോകത്തെ വിസ്മയിപ്പിച്ച പ്രസാധകന്‍.  തന്റെ ഈ പുതിയ ടൈപ്പിനെ  മാതൃരാജ്യമായ ഇറ്റലിക്ക് സമര്‍പ്പിച്ചതിനാലാണ് ഈ ടൈപ്പിന് 'ഇറ്റാലിക്' എന്ന് പേരിട്ടതെന്നും പറയുന്നു.

തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് തിരുത്താന്‍ ഒരു ഭാഷാസ്‌നേഹിക്കേ കഴിയൂ. അത് ഉള്‍ക്കൊള്ളാനും തിരുത്താനും ഭാഷയെ അതിന്റെ തനത് വിശുദ്ധിയില്‍തന്നെ പുതുതലമുറയ്ക്കാകെ കൈമാറാനുമുള്ള വിശാലമനസ്‌കത, ഭാഷയെ നിരന്തരം കൈകാര്യം ചെയ്യുന്നവര്‍ക്ക്, ഉണ്ടാകേണ്ടിയിരിക്കുന്നു. ഭാഷയുടെ വ്യാകരണ നിബന്ധനകള്‍ കര്‍ശനമായി പൊളിച്ചെഴുതുന്ന ടെക്സ്റ്റിംഗുകളെപറ്റിയും ഈ ഗ്രന്ഥത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ഭാഷ നിത്യേന കൈകാര്യം ചെയ്യുന്നവരാണ് പത്രപ്രവര്‍ത്തകര്‍. വായനക്കാര്‍ക്ക് ശരിയായ സന്ദേശം നല്‍കാന്‍ ചിഹ്നങ്ങള്‍ സൂക്ഷിച്ചുപയോഗിക്കണമെന്ന ഉപദേശവും ഗ്രന്ഥകാരന്‍ നല്‍കുന്നു. ലോകം ഉറങ്ങുമ്പോള്‍ ഇമ പൂട്ടാതെ കണ്ണു തുറന്നിരിക്കുന്ന പത്രപ്രവര്‍ത്തകരെ പോലെ, രാത്രിയുടെ അവസാനയാമങ്ങള്‍ വരെ പുസ്തകവായനയുടെ ലോകത്തിലേക്ക് ഊളിയിട്ടിറങ്ങുന്നവര്‍ക്കും നിശ്ശബ്ദ സാന്നിധ്യമാണ് ഈ ഗ്രന്ഥം. മലയാള ഭാഷാചരിത്രത്തില്‍ ഒരിടം 'ഇടയാള'ത്തിനുണ്ടാവും.

ശ്രീദേവി എസ്. കെ

  comment

  LATEST NEWS


  ചൈനയ്ക്കെതിരെ ഇന്ത്യയ്ക്ക് കരുത്തായി യുകെ, യുഎസ്, ആസ്ത്രേല്യ ഓക്കസ് ഉടമ്പടി; ഇന്തോ-പസഫിക് സമുദ്രത്തില്‍ ആണവഅന്തര്‍വാഹിനികള്‍


  സെക്കന്‍ഡ് സ്‌പെല്‍; ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ നാളെ പുനരാരംഭിക്കും; ആദ്യ മത്സരം മുംബൈയും ചെന്നൈയും തമ്മില്‍


  മനുഷ്യഗണ വിശേഷങ്ങള്‍


  വാക്സിനേഷന്‍ 80 കോടി പിന്നിട്ട് ഇന്ത്യ; മോദിയുടെ ജന്മദിനത്തില്‍ നല്‍കിയത് രണ്ടരക്കോടി വാക്സിന്‍; ചൈനയുടെ റെക്കോഡ് മറികടന്ന് ഇന്ത്യ


  ജലാലാബാദില്‍ സ്‌ഫോടന പരമ്പരയ്ക്ക് പിന്നില്‍ താലിബാന്‍ തമ്മിലടിയെന്ന് അഭ്യൂഹം; രണ്ട് പേര്‍ കൊല്ലപ്പെട്ടു; 19 പേര്‍ക്ക് പരിക്ക്


  ഈ കൈയ്യിലുണ്ട് ഭാഗ്യം; അത് എനിക്കല്ല, നിങ്ങള്‍ക്കായി മാത്രം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.