×
login
അവളുടെ യാത്ര

മേഘങ്ങള്‍ തങ്ങള്‍ക്കും ചില പുതു സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നു പെണ്‍കുട്ടികളുടെ അകമറിഞ്ഞു. വല്‍സലയുടെ കഥ

എന്നെങ്കിലുമൊരിടത്തേയ്ക്ക് യാത്രയാവാന്‍ കഴിയുമെന്നു കമലാക്ഷി സ്വപ്നം കണ്ടിരുന്നില്ല. അവസാനത്തെ മഴവില്ലും കാരക്കാടുകുന്നിനപ്പുറത്തേക്ക് മറഞ്ഞുപോയ അവസരത്തിലാണ് കുന്നുമ്പുറത്തേക്ക് ഒരു ചുവന്ന മണ്‍ റോഡും വൈകാതൊരു താര്‍പാതയും ഇഴഞ്ഞുകിതച്ചു കേറിവന്നത്.

ശീതകാലത്തു മുഴുവനും അവര്‍, കുന്നു മേടിച്ചവര്‍ അത് മൊട്ടയടിക്കുകയും തുടര്‍ന്ന് തുറന്ന ചരക്കു ലോറികള്‍ പുരോഗമനത്തിന്റെ ചൂണ്ടുപലക ചാര്‍ത്തി പലവട്ടം അലറിക്കുതിച്ചും ഞരങ്ങിയും തേങ്ങിക്കരഞ്ഞും കാരക്കാടുകുന്നിന്റെ ഏകാന്തരാവുകളെ ഇളക്കി മറിച്ചു. ഭൂമിയുടെ മാറിലേയ്ക്ക് ഉരുണ്ടുപിരണ്ടു നെഞ്ചലച്ച് പതിക്കുന്ന ബോള്‍ഡറുകള്‍ ഗ്രാമത്തിന്റെ നിത്യശാന്തത തകര്‍ത്തു. എന്തോ പണി നടക്കാന്‍ പോണു. ഒരു ചലനത്തിനു വേണ്ടി കാത്തിരിക്കുകയായിരുന്നല്ലോ. അനക്കമേതും ഇല്ലാത്ത, ഉല്‍പാദനമൊന്നും നടക്കാത്ത, ഗ്രാമീണ ഭൂമിയിലെ ചെറുതാഴ്‌വരകള്‍ക്കും കുന്നുകള്‍ക്കും ഇടയില്‍ നിന്നു അര്‍ദ്ധരാത്രികളില്‍ അടര്‍ന്നുവീഴാറുള്ള കുറുക്കന്‍മാരുടെ പാട്ടുമേളകള്‍ക്കും ഇടമില്ലാതായി. അവര്‍ റോഡില്‍ പുരാതനകാലത്ത് ആരോ നിര്‍മ്മിച്ചിച്ച രണ്ടു കലുങ്കിന്റെ മേല്‍ പുതിയൊരു കോണ്‍ക്രീറ്റ് കള്‍വെര്‍ട്ട് പണിതു. കാലാന്തരം തുടങ്ങി അവിടെ പാര്‍പ്പുറപ്പിച്ചിരുന്ന നാടന്‍ കുറുക്കവംശം രാഗവിസ്താരം പൂട്ടിവെച്ചു ഏതോ രാവില്‍ സ്ഥലംവിട്ടു. ചെറുകുഞ്ഞുങ്ങള്‍ ആദ്യമാദ്യം ആ കരച്ചില്‍ കേട്ട് പേടിയോടെ നിശ്ശബ്ദരായി അമ്മമാരുടെ കഴുത്തില്‍ തലചായ്ച്ചു കണ്ണിറുക്കിടയച്ചു ഉറക്കത്തിന്റെ അന്ധകൂപത്തിലേയ്ക്ക് പടവിറങ്ങിപ്പോയി. പുല്ലാഞ്ഞിക്കാടുകളില്‍ നിന്നു തറവാട് വിട്ട സര്‍പ്പങ്ങള്‍, തണുപ്പും കറുപ്പും ഉറങ്ങിക്കിടന്ന ഇടുക്കുകളില്‍ അപ്രത്യക്ഷമായി. ഞാഞ്ഞൂളിനേക്കാള്‍ ചെറുതായ സര്‍പ്പക്കുഞ്ഞുങ്ങള്‍, പടു നിരത്തിലെ സൂര്യപ്പുല്ലുകളുടെ സൂചിയിലകള്‍ക്കിടയില്‍ നിന്നു പടം വിടര്‍ത്തി സൂര്യനെ നോക്കി നൃത്തം ചെയ്യാറുള്ള പ്രഭാതങ്ങള്‍ അസ്തമിച്ചു. മീനച്ചുഴലിക്കാറ്റില്‍ കുന്നുമ്പുറത്തെ കശുമാവിന്‍കാടുകള്‍ക്കു മീതെ ഉഴറി നടക്കാറുള്ള ചൂടിനു ശൗര്യം കുറഞ്ഞു.

വഴിനീളെ സമയബോധമില്ലാതെ കളിക്കുന്ന സര്‍പ്പക്കുഞ്ഞുങ്ങളുടെ മാളങ്ങള്‍ എവിടേയോ ഒളിഞ്ഞുകിടപ്പുണ്ടെന്നു ഭയന്നു, മദ്യപരായ രാത്രിഞ്ചരന്മാര്‍, അത്താഴക്കോപ്പുകളുമായി അര്‍ദ്ധരാത്രിയോടടുത്ത് നടന്നാടി റോഡുകളുടെ നീളവും വീതിയും അളക്കാന്‍ ചൂടുകറ്റകളെ തിരിച്ചുവിളിച്ചു. പിന്നെ കാടിളക്കിയ നിര്‍മ്മാണത്തൊഴില്‍ മെല്ലെ ശാന്തമാവുകയും താര്‍പ്പായയോ നീലക്കവചമോ ധരിച്ച നിരക്കെ കണ്ണോട്ടകളുള്ള പട്ടാളവണ്ടി പലത് കുന്നുകേറി കിതച്ചു വന്നു. കുറുക്കന്മാരുടെ അന്തിക്കച്ചേരികളുടെ സ്ഥാനം അകലങ്ങളില്‍ നിന്നു കൂടണയാന്‍ വരുന്ന പട്ടാളവണ്ടികള്‍ ഏറ്റെടുത്തു.

ആയിടയ്ക്ക് പെണ്‍കുട്ടികള്‍ക്കും പട്ടണത്തില്‍ പോകണമെന്നും പഠിച്ചു കാലുറപ്പിക്കണമെന്നും മോഹമായി. ആകാശത്തൂടെ കാരക്കുന്നുകയറി മറിഞ്ഞു കിഴക്കോട്ടു സഞ്ചരിക്കുന്ന മേഘങ്ങള്‍ തങ്ങള്‍ക്കും ചില പുതു സന്ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നു പെണ്‍കുട്ടികളുടെ അകമറിഞ്ഞു.

ചിലരെല്ലാം പഠിക്കാന്‍ ബസ്സുകേറി നഗരത്തിലേക്ക്. കോപ്പില്ലാത്തവര്‍ തൊഴില്‍ തേടി വിദുരദേശങ്ങളിലെ നേഴ്‌സിംഗ് പഠനത്തിന്, ആണ്‍കുട്ടികള്‍ കടലിന്നക്കരയ്ക്ക്. യുവതലമറ, ഇരതേടി പുറത്തേക്കു പറക്കുമ്പോള്‍, വികസിച്ചുണരുന്ന നഗരത്തില്‍ തൊഴില്‍ തേടിയെത്തിയ ഉദ്യോഗസ്ഥരുടെ കുടുംബം ആര്‍ക്കും വേണ്ടാതെ കിടന്നിരുന്ന, കിളയ്ക്കാതെ, മറിക്കാതെ കഠിനചിത്തരായി നിന്നിരുന്ന മേടുകള്‍ക്ക് ജനപ്പച്ച നല്‍കി. ഇപ്പോള്‍ കള്ളവണ്ടി കേറി, യുവാക്കള്‍ മദിരാശിയ്ക്കും ബോംബെയ്ക്കും പോകുന്നില്ലല്ലോയെന്നു പിതാക്കള്‍ ആശ്വസിച്ചു. പുറത്ത് ഗള്‍ഫ് പൂന്തോട്ടം പൊടുന്നനെ, കെമിക്കല്‍ വളം ലഭിച്ച മണ്ണുപോലെ പൂത്തുലഞ്ഞു.

പത്തുവരെ പഠിച്ച പെണ്‍കുട്ടികള്‍ പടിയിറങ്ങിപ്പോയി. പല വഴിക്ക്. പണിതു പണം നേടാന്‍. പട്ടാളക്യാമ്പ് അനേകം അണുകുടുംബങ്ങളാല്‍ നിറഞ്ഞു. നീലവണ്ടികളില്‍ തോക്കിന്‍ തുളകളിലൂടെ പഴയ പുതിയ ഗ്രാമപാതയേയും ഗ്രാമീണരേയും ഉറ്റു നോക്കുന്ന പല വര്‍ഗ്ഗ ജാതി-മത-പ്രായമുള്ള സ്ത്രീകളും കുട്ടികളും ഗ്രാമത്തെ സജീവമാക്കി. പല ഭാഷയില്‍ സംസാരിക്കുന്ന പട്ടാളക്കാരും കുടുംബവും മലയാളച്ചൊല്ലിന് രാസവളം ചേര്‍ത്തു, വിള കൊഴുപ്പിച്ചു.

അന്നേരമൊരുനാളില്‍ ഒരു പെണ്‍കുട്ടി, പങ്കജാക്ഷി മലഞ്ചെരുവിലെ സര്‍ക്കാര്‍ കോളനിയില്‍ നിന്നു പുറത്തിറങ്ങി. അവള്‍ പത്തില്‍ തോറ്റു പഠിപ്പു നിര്‍ത്തി, ജീവിതവഴിയിലിറങ്ങാന്‍ കോപ്പണിഞ്ഞ മിടുമിടുക്കിയായി. പങ്കജാക്ഷി ഒരുവിധത്തില്‍ ശങ്കിച്ചും മെല്ലെച്ചിരിച്ചും ഒരു സന്ധ്യക്ക് എന്റടുത്തുവന്നു.

അവള്‍ എന്റെ കുട്ടിയായിരുന്നല്ലോ, രണ്ടു വര്‍ഷം മുമ്പ് പത്ത് പി. ഡിവിഷനില്‍. പൂരപ്പറമ്പു പോലിരുന്ന വിദ്യാലയ വളപ്പില്‍ ഞാനവളെ കണ്ടെത്തിയിരുന്നു, കഴിഞ്ഞൊരു വര്‍ഷത്തെ ജൂണ്‍ മാസാദ്യം. ടി.സി. മേടിക്കാന്‍ വന്ന കുട്ടി. പ്രായപൂര്‍ത്തി ആയ മിടുക്കിക്കൊപ്പം രക്ഷാകര്‍ത്താവുണ്ടായിരുന്നില്ല. അതെന്നെ ആനന്ദിപ്പിച്ചു. രണ്ടുകാലില്‍ നേരെ നിന്നു മുഖത്തു നോക്കി സ്ഫുടമായി സംസാരിക്കുന്നു ഈ നവയുവതി !

അച്ഛനു പണിയില്ലേ ?

ഓ !

എന്താണ് ?

ക്യാമ്പില്‍ യൂണിഫോം അലക്ക്.

പുഴയുടെ ഭാഗ്യം! ഞാന്‍ പറഞ്ഞു.

ഒരു കാട്ടുപുഴയായിരുന്നു, രണ്ടു വര്‍ഷത്തിനപ്പുറം.

ഒരേയൊരു അലക്കുകാരനും അയാളുടെ ഒരേയൊരു ഭാര്യയും കഴുതയും ഒന്നിച്ചാണ് കൃഷ്ണക്കടവില്‍ വന്നിറങ്ങിയിരുന്നത്. മുഴുത്ത ചന്ദ്രനെപ്പോലൊരു വെണ്മയുള്ള ഭാണ്ഡം കഴുതപ്പുറത്തു കെട്ടിവെച്ച് മൂളിപ്പാട്ടിനാല്‍ മുളങ്കൂട്ടത്തോടു കുശലം ചൊല്ലി വന്നിരുന്ന രങ്കനേയും കഴുതയേയും ഭാണ്ഡവും കണ്ട്, മുളങ്കായല്‍ക്കൂട്ടത്തില്‍ നിന്ന് കുരുത്തോലവാലന്‍ വെള്ളക്കിളി ഇപ്പോള്‍ അനങ്ങാറില്ല. മറയത്തേക്കു മാറുകയുമില്ല.

രങ്കന്‍ കഴുതയുടെ പുറത്ത് രണ്ടുചാല്‍ തഴുകി, അതിനെ ചെറിയ ചോലവൃക്ഷത്തിനു ചോടെ തളച്ചിടും. അതവിടന്നു തിരിച്ചുപോകുംവരെ അനങ്ങില്ല. പൂഴിപ്പരപ്പാകാശത്തില്‍ വെണ്മേഘങ്ങള്‍ വിരിക്കുന്ന രങ്കന്‍ തണലിലിരുന്നു രണ്ടു പുകവലിയ്ക്കും. ഭാര്യ അമ്മിണി ശകാരിക്കില്ല. അത്രയ്ക്ക് വെണ്മയുണ്ടായിരുന്നു, രങ്കന്റെ അലക്കിന്.  

രങ്കന്റെ പെങ്ങളുടെ കെട്ടിയവനും കുടുംബവുമാണ് കുന്നുമ്പുറത്തെ ഒരു ലക്ഷംവീട്ടിലിപ്പോള്‍ താമസിക്കുന്നത്. മകളാണിപ്പോള്‍ എന്റെ മുമ്പില്‍.

എന്തുണ്ട് വിശേഷം?

കല്യാണം!

നിനക്കല്ലെ ?

അതേയതെ!

ആരാണ് വരന്‍ ?


പഞ്ചാബി!

നീ പഞ്ചാബി പഠിച്ച്വോ ?

പറയാനും കേള്‍ക്കാനും !

ധാരാളം

എന്നാണ് വിവാഹം ?

ആഘോഷമില്ലാതെ അമ്പലത്തില്‍

വളരെ നന്നായി.

പെണ്‍കുട്ടി ഭാഗ്യവതി.  സ്ത്രീധനം ഇല്ല. വേണ്ട. ആഭരണം വേണ്ട. ആരും ആവശ്യപ്പെടുന്നില്ല. കടംവാങ്ങിക്കല്യാണം ഇല്ല.  

ടിക്കറ്റ് ബുക്ക് ചെയ്തു കഴിഞ്ഞു. അവധികിട്ടി. ഒരു മാസത്തേക്ക്. ഒരു മാറ്റത്തിനും അപേക്ഷിച്ചിട്ടുണ്ട്.

നിനക്കോ ?

ഞാന്‍ വയല്‍പ്പണിക്കു പോകും. അതാണെനിക്കിഷ്ടം.  

ഇവിടേയ്ക്ക് വരവ് ?

മിക്കവാറും ഉണ്ടാവില്ല.

ഒരു മിന്നല്‍പ്പിണര്‍ ഉള്ളില്‍ മുറിഞ്ഞുവീഴുന്നു.

ഞാനവളുടെ ചുമലില്‍ കൈവച്ചു.

എന്നേക്കാള്‍ ഉയരത്തിലാണല്ലോ ഈ മിടുക്കി എന്നു സന്തോഷിച്ചു.

അവള്‍ക്കൊരു സമ്മാനം കൊടുക്കണമല്ലോ !

ടീച്ചറുടെ ഒരു പുസ്തകം തര്വോ?

തീര്‍ച്ചയായും.

ഉടുപുടവയുടെ മണമുള്ള പുത്തന്‍ ഗ്രന്ഥമൊന്നു സമ്മാനിച്ചു.

എന്താണൊരു നിറവിന്റെ നനവ് ?

ഭാഗ്യത്തിന്റെ. ആയിരങ്ങളിലൊരുവളുടെ നിറഞ്ഞ ആനന്ദം.

വഴിയാത്രയില്‍ക്കണ്ട ഒരപൂര്‍വ്വം ചിത്രം കണക്കെ അവള്‍ എന്റെ കണ്‍മുമ്പിലാകാശച്ചിറകുപോലെ ചലിക്കുന്നു. പുടവത്തുമ്പുയര്‍ത്തി കണ്ണൊപ്പി. പുഞ്ചിരിയോടെ കടന്നുപോകുന്നു. എന്റെ ഗ്രാമത്തിന്റെ ചിറകു കൊഴിഞ്ഞുപോകുന്നു.

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.