×
login
ആര്‍ദ്രമായ ഹൃദയം; അചഞ്ചലമായ പോരാട്ടം: കുമ്മനം രാജശേഖരന്‍

കുന്നും കാവും കുളവും പാടവും പുഴയും ഇന്ന് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനുകാരണം അവയ്ക്ക് കാവല്‍ നിന്ന് പരിരക്ഷിക്കാനും പരിപാലിക്കാനും നമ്മുടെ നാട്ടില്‍ ഒരു സുഗതകുമാരിയുണ്ടായിരുന്നുവെന്നതാണ്.

തിരുവനന്തപുരം: പ്രകൃതിയെ ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ചൂഷണോപാധിയാക്കുന്നവരുടെ ലോകത്ത് സുഗതകുമാരി ഏകാന്തപഥികയായ വേറിട്ട വ്യക്തിത്വമെന്ന് കുമ്മനം രാജശേഖരന്‍. ഒരിക്കലും തളരാത്ത മനസ്സും ധീരോദാത്തമായ പ്രവര്‍ത്തന ശൈലിയും എന്നെന്നും പ്രകൃതിയുടെ കാവലാളാക്കി മാറ്റി. കുന്നും കാവും കുളവും പാടവും പുഴയും ഇന്ന് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനുകാരണം സുഗതകുമാരിണെന്ന് പത്രക്കുറിപ്പിലൂടെ കുമ്മനം പറഞ്ഞു.  

 

ലേഖനത്തിന്റെ പൂര്‍ണരൂപം:

പ്രകൃതിയെ ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള ചൂഷണോപാധിയാക്കുകയും വാണിജ്യാടിസ്ഥാനത്തില്‍ ലാഭമുണ്ടാക്കാനുള്ള ചരക്കാക്കുകയും ചെയ്യുന്നവരുടെ ലോകത്ത് സുഗതകുമാരി ഏകാന്തപഥികയായ വേറിട്ട വ്യക്തിത്വമാണ്. ഒരിക്കലും തളരാത്ത മനസ്സും ധീരോദാത്തമായ പ്രവര്‍ത്തന ശൈലിയും എന്നെന്നും പ്രകൃതിയുടെ കാവലാളാക്കി മാറ്റി. കുന്നും കാവും കുളവും പാടവും പുഴയും ഇന്ന് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അതിനുകാരണം അവയ്ക്ക് കാവല്‍ നിന്ന് പരിരക്ഷിക്കാനും പരിപാലിക്കാനും നമ്മുടെ നാട്ടില്‍ ഒരു സുഗതകുമാരിയുണ്ടായിരുന്നുവെന്നതാണ്.

ഒരു തൈ നടാം നമുക്കമ്മയ്ക്കുവേണ്ടി, ഒരു തൈ നടാം നാളേക്കു വേണ്ടി  കയ്യിലൊരു വൃക്ഷത്തൈയുമേന്തി കേരളത്തിലെ ഗ്രാമങ്ങളെ തൊട്ടുണര്‍ത്തിക്കൊണ്ട് ആ അമ്മ താണ്ടിയ വഴികളേറെ. അതിലൂടെ നമുക്ക് സഞ്ചരിക്കാന്‍ എത്രയോ ദൂരം ഇനിയും അവശേഷിക്കുന്നു. പക്ഷേ, ആ അമ്മയുടെ പാദമുദ്രകള്‍ നമ്മില്‍ പകരുന്ന ആവേശവും പ്രേരണയും പ്രചോദനവും വളരെ വലുതാണ്. കൈക്ക് പിടിച്ചും വഴികാട്ടിയും നമ്മെ മുന്നോട്ട് മുന്നോട്ട് നയിച്ചു. മണ്ണിനും വെള്ളത്തിനും അന്നത്തിനും മരങ്ങള്‍ക്കും വേണ്ടി ജീവിതായുസ്സുമുഴുവന്‍ പടവെട്ടിയ ആ മഹാത്യാഗി നമ്മെ വിട്ടുപിരിഞ്ഞു. തീരാനഷ്ടത്തിന്റെ അപരിഹാര്യമായ ക്ഷതമേറ്റ് നാമെല്ലാം വേദനിക്കുമ്പോഴും ആശ്വാസം ഒന്നുമാത്രം. ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ പ്രേരണാസ്രോതസ്സായി നിലകൊള്ളുന്നുവെന്ന സത്യം.

സൈലന്റ് വാലിയില്‍ മരങ്ങള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു. അതീവ ദുര്‍ബലപ്രദേശമായ ഈ സവിശേഷ വന മേഖലയില്‍ ഇന്നും നീരുറവകളും പുല്‍പ്പടര്‍പ്പും ജന്തുജീവജാലങ്ങളുമെല്ലാം സുരക്ഷിതമാണ്. ഇതെല്ലാം വീണ്ടെടുത്തും പരിരക്ഷിച്ചും പരിപാലിച്ചും അടുത്ത തലമുറയ്ക്ക് കൈമാറാന്‍ സാധിച്ചതിന് പിന്നില്‍ ത്യാഗോജ്ജ്വലമായ ഒരു നീണ്ട സമരത്തിന്റെ ചരിത്രമുണ്ട്. മരങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന കോടാലി കൈകളുടെ മുന്നില്‍ 'അരുതേ' എന്ന് രണ്ട് കയ്യുയര്‍ത്തി ഉച്ചത്തില്‍ വിളിച്ചലറിയ സുഗതകുമാരിയെ ആര്‍ക്ക് മറക്കാനാവും? ആ ശബ്ദം ഉണ്ടാക്കിയ ചലനം വളരെ വലുതായിരുന്നു. അധികാരി വര്‍ഗത്തിന്റെ ഗര്‍വിന്റെ മുന്നില്‍ അടിപതറാതെ നിന്ന് സ്വന്തം നിലപാട് ശരിയാണെന്ന് തെളിയിച്ചു. പരിസ്ഥിതി സംരക്ഷണ വിഷയത്തില്‍ ലോകത്തിന് മുഴുവന്‍ വ്യക്തമായ ദിശാബോധം പകര്‍ന്നുകൊടുക്കാന്‍ സൈലന്റ് വാലി സമരത്തിന് കഴിഞ്ഞു.


തുടര്‍ന്ന് നടന്ന നിരവധി പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ നല്‍കിയ മാര്‍ഗദര്‍ശനവും നേതൃത്വവും ജനതയ്ക്കാകെ ശക്തിപകര്‍ന്നു. മണ്ണും പാറഖനനവും പാടംനികത്തലും കുന്ന് ഇടിക്കലും കൊണ്ട് പ്രകൃതിയുടെ നിലനില്‍പ്പ് അപകടത്തിലായ സന്ദര്‍ഭങ്ങളിലെല്ലാം യാതൊരുമടിയും കൂടാതെ പടച്ചട്ടയണിഞ്ഞ് സമരാങ്കണത്തിലേക്ക് എടുത്തുചാടുകയും ജനങ്ങളെ സംഘടിപ്പിച്ച് അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ നടത്തുകയും ചെയ്തു. തല്‍ഫലമായി ജനങ്ങളുടെ ഇടയില്‍ നിന്നും ഉണ്ടായ സമ്മര്‍ദ്ദമാണ് 2008 ലെ നെല്‍വയല്‍ നീര്‍ത്തടസംരക്ഷണ നിയമമുണ്ടാക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

2012 കാലത്താണ് ആറന്മുളയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളമുണ്ടാക്കാനുള്ള പദ്ധതിക്ക് കേരള സര്‍ക്കാര്‍ രൂപം നല്‍കിയത്. ആറന്മുള പാടശേഖരമൊന്നാകെ മണ്ണിട്ടുനികത്തി കെജിഎസ് ഗ്രൂപ്പിന് രണ്ടുവര്‍ഷം മുമ്പ് തന്നെ അച്യുതാനന്ദന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വ്യവസായ മേഖലയായി പ്രഖ്യാപിച്ചും മണ്ണിട്ടുനികത്താന്‍ അനുവാദം നല്‍കിയും വേണ്ട എല്ലാ സഹായവും ചെയ്തതോടെ വിമാനത്താവളം യാഥാര്‍ഥ്യമാവുമെന്ന് തീര്‍ച്ചയായി. സുഗതകുമാരി മുഖ്യമന്ത്രിയെയും ഗവര്‍ണറെയും കണ്ട് തന്റെ ഭയാശങ്കകളും എതിര്‍പ്പും അറിയിച്ചു. അന്നവും വെള്ളവും മുട്ടിക്കുന്ന വിനാശകരമായ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ സത്യാഗ്രഹം അനുഷ്ഠിച്ചു.

ആറന്മുളയിലെത്തി ജനങ്ങളെ സംഘടിപ്പിച്ചു. ആറന്മുളയില്‍ പൈതൃകഗ്രാമകര്‍മ്മ സമിതി നടത്തി വന്ന പ്രക്ഷോഭ പരിപാടികള്‍ വ്യാപകവും സുശക്തവുമാക്കുന്നതിന് സംയുക്തസമരസമിതിക്ക് രൂപം നല്‍കി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പും വിമര്‍ശനവും വകവയ്ക്കാതെ സ്വന്തം നിലപാടില്‍ ഉറച്ചുനിന്നുകൊണ്ട് സമൂഹത്തിന് ആശയും ആവേശവും പകര്‍ന്നു. ഒരു വന്‍കിട കോര്‍പ്പറേറ്റ് കമ്പനിയുടെ കൊള്ളലാഭക്കൊതിക്ക് മുന്നില്‍ ഇച്ഛാശക്തിയോടെ നിന്ന് പൊരുതി ജയിച്ച ആറന്മുളയിലെ ജനകീയ പ്രക്ഷോഭം പരിസ്ഥിതി സംരക്ഷണ സമരചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തേണ്ട സംഭവമായി.

പാവങ്ങളുടെ കണ്ണുനീരില്‍ ആര്‍ദ്രമായ ഹൃദയമായിരുന്നു സുഗതകുമാരിയുടേത്. 'അഭയ'പോലുള്ള സ്ഥാപനങ്ങള്‍ നിരാലംബരുടേയും നിര്‍ധനരുടെയും താങ്ങും തണലുമായി നിലകൊണ്ടു. വേദനിക്കുന്ന മനസ്സുകള്‍ക്ക് സാന്ത്വനമോതുന്ന വാക്കുകള്‍ അവരില്‍ ആശ്വാസവും പ്രതീക്ഷയും പ്രത്യാശയും പകര്‍ന്നു. നിരാലംബര്‍ക്ക് എന്നും വെളിച്ചവും കൈത്താങ്ങുമായിരുന്നു.

ദീര്‍ഘനാളുകളോളം ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചു. പൊതുവിഷയങ്ങളില്‍ ചേച്ചി പറഞ്ഞുതന്ന പാഠങ്ങള്‍ ഒരിക്കലും മറക്കാനാവില്ല. ശാസിച്ചും ശിക്ഷിച്ചും ഉപദേശിച്ചും പ്രോത്സാഹിപ്പിച്ചും മാതൃനിര്‍വിശേഷമായ സ്‌നേഹത്തോടെ മുന്നോട്ടുനയിച്ചു. ആ ശബ്ദം നിലച്ചു. ദീപം അണഞ്ഞു  പക്ഷേ അതുണ്ടാക്കിയ പരിവര്‍ത്തനത്തിന്റെ അലയൊലികള്‍ നിലക്കില്ല. എന്നും പ്രേരണയ്ക്കായി, പ്രചോദനമായി ഹൃദയാന്തരാളത്തില്‍ നിലനില്‍ക്കും. വരുംതലമുറയുടെ സുഗതിക്ക് അത് അക്ഷയഖനിയായി അവശേഷിക്കും.

 

  comment

  LATEST NEWS


  സ്വര്‍ണക്കടത്ത് കേസിലെ ഇഡി അന്വേഷണ ഉദ്യോഗസ്ഥന് ചെന്നൈയിലേക്ക് സ്ഥലം മാറ്റം, ചുമതലയൊഴിഞ്ഞു; പകരം ആരെന്ന് നിശ്ചയിച്ചിട്ടില്ല


  'ആസാദ് കശ്മീര്‍ എന്നെഴുതിയത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമയില്‍', അര്‍ത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം; വിവാദത്തില്‍ മറുപടിയുമായി ജലീല്‍


  കയറ്റം കയറുന്നതിനിടെ റെഡിമിക്സ് വാഹനത്തിന്റെ ടയർ പൊട്ടി; വണ്ടി പതിച്ചത് വീടിന് മുകളിലേക്ക്, വീട്ടമ്മ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


  നെയ്യാറ്റിൻകരയിൽ ബിജെപി ഉയർത്തിയ ദേശീയ പതാക സിപിഎം പ്രവർത്തകൻ പിഴുതെറിഞ്ഞു; കോട്ടക്കൽ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്


  സല്‍മാന്‍ റുഷ്ദി വെന്‍റിലേറ്ററില്‍, കാഴ്ചശക്തി നഷ്ടപ്പെട്ടേക്കാം; ഇസ്ലാമിനെ വിമര്‍ശിക്കുന്നവര്‍ ആക്രമിക്കപ്പെട്ടേക്കാമെന്ന് തസ്ലിമ നസ്രിന്‍


  'ഹര്‍ ഘര്‍ തിരംഗ എല്ലാ പൗരന്മാരും ആഹ്വാനമായി ഏറ്റെടുക്കണം'; എളമക്കരയിലെ വസതിയില്‍ ദേശീയ പതാക ഉയര്‍ത്തി മോഹന്‍ലാല്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.