×
login
പ്രണയഭാവങ്ങള്‍

കഥ

'സന്ധ്യ ആവാറായോ? അല്‍പ്പം പരിഭ്രമത്തോടെ കൊച്ചു ഭാരതി കുളത്തില്‍ നിന്ന് ഈറനോടെ വാടാവിലേക്ക് കയറി. ഈറന്‍ മാറി കൊണ്ടിരുന്നപ്പോള്‍ കേള്‍ക്കാം വടക്കേമുറ്റത്തു നിന്നും ചിരുതയുടെ വിളി. 'തമ്പ്രാട്ടീയേ' നെല്ലിന് തിളവന്നില്ല. അടച്ചിടാതെ വന്നാല്‍ പരുവം തെറ്റുമല്ലോ?' 'ങ, എന്നാല്‍ നീ വരണ്ടാ ടീ' 'ഞാന്‍ തന്നെ പൊക്കോളാം.' അവള്‍ വിളിച്ച് പറഞ്ഞു.

ഇരുമ്പ് പെട്ടി തുറന്ന് അലക്കി വച്ചിരിക്കുന്ന പുളിയിലകരയനും കൈയില്‍ ഞൊറിവ് വച്ച് തയ്ച്ച ജംപറും എടുത്തണിഞ്ഞു. മണി മാലയും ലക്ഷ്മി വളയും ചുവന്ന മൂക്കുത്തിയും കാതില്‍ ജിമുക്കാ കമ്മലും അണിഞ്ഞു. ഓണത്തിന് ചെട്ടിച്ചിയില്‍ നിന്നും വാങ്ങിയ കുപ്പിവളകളും എടുത്തിട്ടു. കണ്‍മഷി ചെപ്പില്‍ നിന്നും ചെറുവിരലില്‍ കണ്‍മഷി തോണ്ടി എടുത്ത് കണ്ണുകളില്‍ ആഴത്തിലെഴുതി. അത് വച്ചുതന്നെ ഒരു പൊട്ടും കുത്തി. നീളന്‍ മുടി കുളിപ്പിന്നല്‍ ചെയ്ത് അറ്റം കെട്ടിയിട്ടു. പൂജാമുറിയില്‍ ശുദ്ധവൃത്തിയായി ഓട്ടു മൊന്തയില്‍ നിറച്ചുവച്ച പാലും തൂശന്‍ ഇലയില്‍ പറിച്ചുവച്ച തെറ്റി പൂക്കളും എടുത്ത് വടക്കേമുറ്റത്തേക്ക് തിണ്ണയുടെ എഴികള്‍ക്കിടയിലൂടെ നോക്കി. മുറ്റത്ത് വലിയ രണ്ട് ചെമ്പുകളില്‍ നെല്ല് പുഴുങ്ങുകയാണ് ചിരുത. രണ്ട് ചെമ്പുകള്‍ക്കും ഇടയില്‍ ഒരു ചെറിയ അടുപ്പ് കൂട്ടി നെല്ല് വേവുന്നതിനിടയില്‍ ചീനി ചുടുക, ആഞ്ഞിലിക്കുരു ഇരുമ്പ് ചട്ടിയില്‍ വറുക്കുക എന്നിവയാണ് അവളുടെ ഇഷ്ട വിനോദങ്ങള്‍. ചുട്ടെടുത്ത ചീനി കിഴങ്ങിന്റെ പുറത്തെ ചാരവും കരിയും കളഞ്ഞ് വാഴയില്‍ പൊതിഞ്ഞ് വയ്ക്കും. ഇതിനിടയില്‍ ചിരട്ടക്കകത്ത് പച്ച കുരുമുളകും ഉപ്പും ചേര്‍ത്ത് ചതച്ചെടുക്കും. സന്ധ്യാനാമത്തിന് ശേഷമുള്ള ഭാഗവത പാരായണവും കഴിഞ്ഞ് അച്ഛന്‍ കഞ്ഞി കുടിക്കാന്‍ വരുന്നതുവരെ ഭാരതിയുടെയും ചിരുതയുടെയും കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടയില്‍ ഈ വിഭവങ്ങള്‍ക്ക് സ്ഥാനമുണ്ട്.  

'ഞാന്‍ ഇറങ്ങുവാണേ, നെല്ല് പരുവം തെറ്റല്ലേ' എന്ന് വിളിച്ച് പറഞ്ഞ് അവള്‍ പുറത്തേക്ക് ഇറങ്ങി. ഇരുപ്പുഴുക്കനാണ്. വൈകിട്ട് തിളപ്പിച്ചിടും. രാവിലെ വീണ്ടും തീ കൂട്ടി പുഴുങ്ങി എടുത്ത് ഉണക്കാനിടും. അച്ഛന്‍ ഹരിപ്പാട്ട് പോയിരിക്കുന്നു. ഇന്ന് ഒന്‍പതാം ഉല്‍സവമാണ്. വെളുപ്പിനെ ചോറ് പൊതികെട്ടി രണ്ടു പേരെയും കൂട്ടിയാണ് പോയിരിക്കുന്നത്. ഉത്സവം കൂടി നാളെ വൈകുന്നേരമേ എത്തുള്ളൂ. അതിനാലാണ് മൂര്‍ത്തിക്കാവിലേക്ക് പോകാന്‍ ഭാരതിക്ക് സമയം കിട്ടിയത്. കുറച്ച് നാളായി മുടങ്ങി കിടക്കുന്ന ഒരു നേര്‍ച്ചയാണ്. മറ്റൊന്നുമല്ല കുഞ്ഞിലെ മുതല്‍ വളര്‍ത്തി എടുത്ത പശുക്കുട്ടി. കന്നിപ്രസവത്തില്‍ അമ്മയും കുഞ്ഞും രണ്ടാകാന്‍ വലിയ പ്രയാസം. രാത്രി മുഴുവന്‍ എല്ലാവരും പ്രയാസപ്പെട്ടു. ചക്കോലില്‍ മൂര്‍ത്തിയെ മനസ്സുരുകി വിളിച്ചു. എല്ലാം ശുഭമായി. അന്ന് മുതല്‍ ആഗ്രഹിക്കുന്നതാണ് ഈ യാത്ര. ആ പശുവിന്റെ പാല്‍ ആണ് മൂര്‍ത്തിക്ക് നിവേദിക്കാന്‍ എടുത്തത്.  

അവള്‍ കിഴക്കേമുറ്റത്തേക്ക് ഇറങ്ങി. പടിപ്പുരയില്‍ നിന്ന് ഇറങ്ങുമ്പോള്‍ അവള്‍ എരുത്തിലേക്ക് നോക്കി. അവളുടെ തലവെട്ടം കണ്ടപ്പോഴേക്കും പൂവാലി സ്‌നേഹസ്വരം പ്രകടിപ്പിച്ച് ചാടി എഴുന്നേറ്റു. പുറകെ മറ്റുള്ളവരും. അവള്‍ കച്ചി കാലു കൊണ്ട് അടുത്തേക്ക് നീക്കി കൊടുത്തു. 'ഞാന്‍ ഇപ്പം വരാം കേട്ടോ' എന്ന് പറഞ്ഞ് പടിപ്പുര കടന്നു.  

എരുത്തിലിനോട് ചേര്‍ന്നു നില്‍ക്കുന്ന പാലമരം താടി നീട്ടിവളര്‍ത്തിയ ഒരു സംന്യാസിയെപ്പോലെ ധ്യാനത്തിലാണ്ടു നില്‍ക്കുന്നു. കച്ചി തുറുവിനിടയില്‍ മയക്കത്തിലായിരുന്ന പൂച്ചക്കുട്ടികള്‍ അവളുടെ കാലൊച്ച കേട്ട് ചിതറി ഓടി. മുന്നില്‍ വിശാലമായ പാടം. അത് കടന്നു പോകണം. എള്ള്  

പൂത്ത് നില്‍ക്കുന്ന പാടത്തില്‍ കൂടി അരനാഴിക നടക്കാനുണ്ട്. പക്ഷേ വേഗത്തിലെത്തും. എള്ളിന്‍ ചെടികള്‍ക്ക് ഇടയിലൂടെ നീണ്ട വയല്‍ താരയുണ്ട്. അതുകൊണ്ട് വരമ്പില്‍ കൂടി നടക്കാതെ വയലിന് കുറുകെ നടന്നെത്താം. ചാലിന്റെ തീരവും കടന്ന് അവള്‍ ഉയര്‍ന്ന പുരയിടത്തിന്റെ അരികിലുള്ള മൂര്‍ത്തിക്കാവിന്റെ മണ്‍തിട്ടകള്‍ കയറി.

നിത്യപൂജയില്ല. വിശേഷാവസരങ്ങളില്‍ മാത്രം. ആണ്ടു പൂജ ഇരുപത്തെട്ടാം ഓണത്തിനാണ്. പ്രധാന നിവേദ്യം വയണ ഇലയില്‍ ഉണ്ടാക്കിയ അപ്പം ആണ്. കാവിലേക്ക് കയറിയപ്പോള്‍ തന്നെ മുല്ലപ്പൂവിന്റെ സുഗന്ധം. കിളിമാവില്‍ പടര്‍ന്ന് പന്തലിച്ചു കിടക്കുന്ന മുല്ലച്ചെടി. അടിമുടി പൂത്തിരിക്കുന്നു. മാവിന്റെ ചുവട്ടില്‍ വെള്ള പരവതാനി വിരിച്ചപോലെ കൊഴിഞ്ഞ പൂക്കള്‍. വന്യമായ നിശബ്ദത. കാവിനോട് ചേര്‍ന്ന് ഒരു കളരിയുണ്ട്. അവിടെ നിത്യേന അഭ്യാസം ഉള്ളതാണ്. ഇന്ന് ആരെയും കാണുന്നില്ലല്ലോ. അവള്‍ മൂര്‍ത്തി നടയില്‍ താന്‍ കൊണ്ടുവന്ന നേര്‍ച്ച വസ്തുക്കള്‍ സമര്‍പ്പിച്ച് തൊഴുതു.

വലംവച്ച് തൊഴുമ്പോള്‍ പെട്ടെന്ന് കണ്ടു തലപ്പാവ് കെട്ടിയ ശുഭ്രവസ്ത്രധാരിയായ ഒരാള്‍ കളരിപ്പുരയില്‍ നിന്ന് ഇറങ്ങി വരുന്നു. ആളെ മനസ്സിലായപ്പോള്‍ അവള്‍ക്ക്  അല്‍പ്പം പരിഭ്രമം തോന്നി. 'വടക്കേ മുറിയിലെ  കുട്ടന്‍ പിള്ളചേട്ടന്‍ അല്ലേ ആ വരുന്നത്. തനിയെ ആണല്ലോ വരുന്നത്. അവള്‍ക്ക്  എന്ത് ചെയ്യണമെന്ന് ഒരു നിമിഷത്തേക്ക്  അന്ധാളിപ്പ് ഉണ്ടായി' മറഞ്ഞുനിന്നാലോ?, 'വേണ്ട മോശമല്ലേ' അദ്ദേഹംതന്നെ കണ്ടുകഴിഞ്ഞു.  

ഇലഞ്ഞിമരച്ചുവട്ടില്‍ നിന്ന് മൂര്‍ത്തിയെ തൊഴുതു നില്‍ക്കുന്ന സുന്ദരി. ഭാരതിയല്ലേ അത്? അവള്‍ തനിയേ ഉള്ളോ? സ്ത്രീകള്‍ തനിച്ചങ്ങനെ സന്ധ്യക്ക് ഇവിടേക്ക് വരുന്ന പതിവില്ല. അയാള്‍ വേഗം അവളുടെ അരികിലേക്ക് നടന്നു. അവള്‍ തിരിഞ്ഞ് നോക്കി ചിരിച്ചു.

'നീ തന്നേയുള്ളോ? അതേ, അച്ഛന്‍ ഹരിപ്പാട്ട് പോയി. ചിരുത... ചിരുത വന്നില്ല.' 'ഉം; തൊഴുതിട്ട് വാ ഞാന്‍ കൊണ്ടുവിടാം.' അതുവഴി വലിയ വീട്ടില്‍ അമ്പലത്തില്‍ കയറി തൊഴുവുകയും ആകാം. അവള്‍ക്ക് ആശ്വാസം തോന്നി. ഇനി അല്‍പ്പം സാവകാശം ആകാം. സന്ധ്യ കഴിഞ്ഞാലും അദ്ദേഹം കൂടെ ഉണ്ടല്ലോ. വിളക്ക് തിരിതെളിച്ച് അവള്‍ തിരിഞ്ഞ് നോക്കി കിളിമരത്തില്‍ ചാരി നില്‍ക്കുന്ന തന്റെ പ്രതിശ്രുത വരന്‍. തലയില്‍ ഒരു തലപ്പാവുണ്ട്. എണ്ണകറുമ്പന്‍. ആറടി പൊക്കം. മുഖത്ത് നിറഞ്ഞ ഐശ്വര്യം. അരോഗദൃഢഗാത്രന്‍.

വിരലുകളില്‍ പുരണ്ട എണ്ണ മുടിയില്‍ തേച്ചു കൊണ്ട് ഇറങ്ങി കിളിമര ചുവട്ടിലേക്ക് നടന്നു. ആ മുഖത്തേക്ക് നോക്കാന്‍ അവള്‍ക്ക് സങ്കോചം തോന്നി. അദ്ദേഹം ചോദിച്ചു. 'ഇയാള്‍ കളരിയിലെ ഉടവാള്‍ കണ്ടിട്ടുണ്ടോ?' 'ഇല്ല' അവള്‍ പറഞ്ഞു. എങ്കില്‍ വാ. അയാള്‍ നടന്നു. 'അതിന് ഉടവാള്‍ നിലവറയിലല്ലേ? പെണ്ണുങ്ങള്‍ക്ക് കയറാമോ? അവള്‍ സംശയിച്ചു. അയാള്‍ തലയിലെ കെട്ട് അഴിച്ചുകൊണ്ട് അവളെ തല ചരിച്ച് നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു 'എല്ലാ പെണ്ണുങ്ങള്‍ക്കും കയറാന്‍ പറ്റില്ല. പക്ഷേ ചില ഉണ്ണിയാര്‍ച്ചകള്‍ക്ക് പ്രവേശിക്കാം.' അവള്‍ക്ക് ചിരി പൊട്ടി, തന്നെ കളിയാക്കുകയാണ്. ഉടവാള്‍ കാണാനുള്ള ഒരു അപൂര്‍വ്വ  അവസരമാണിത്. അത് ഉപയോഗിക്കുക തന്നെ.


'കളരിയാശാന്റെ കുടുംബത്തില്‍പ്പെട്ട ആരോ  മരണപ്പെട്ടതിനാല്‍ ഇനി കുറച്ച് ദിവസത്തേക്ക് കളരി ഒഴിവാണ്. വരൂ, ഉടവാളും നിലവറയും കാണിച്ചു തരാം. ഇപ്പോള്‍ ഞാനാണ് നോട്ടക്കാരന്‍.' അവളുടെ മനസ്സ് വായിച്ചറിഞ്ഞ പോലെ അയാള്‍ പറഞ്ഞു. അദ്ദേഹം മുന്നില്‍ നടന്നു ചെന്ന് കളരിപ്പുര തുറന്നു. അവര്‍ അകത്തേക്ക് പ്രവേശിച്ച് കസര്‍ത്ത് പുരയും കടന്ന് നിലവറയുടെ മുന്നിലെത്തി.

പടികളിറങ്ങി താഴോട്ടിറങ്ങണം. അദ്ദേഹം വിളക്കുകള്‍ക്കു തിരി നീട്ടി ഇട്ടു.  

'താഴോട്ട് ഇറങ്ങിക്കോ.'  

തൂക്ക് വിളക്ക് പിടിച്ചുകൊണ്ട് അദ്ദേഹം നിന്നു. അവള്‍ പതിയെ താഴോട്ട് ഇറങ്ങി. 'സൂക്ഷിച്ച്' അദ്ദേഹം പിന്നില്‍ തന്നെയുണ്ട്. അവള്‍ക്ക് അവിശ്വസനീയമായ കാഴ്ചയായിരുന്നു അത്.

വലിയ ഉടവാള്‍ കെടാവിളക്കിനു മുന്‍പില്‍ പട്ടില്‍ പൊതിഞ്ഞ് പൂക്കളാല്‍ മൂടി വച്ചിരിക്കുന്നു. രണ്ടു വശങ്ങളിലും നാഗങ്ങളുടെ പ്രതിമകള്‍. നിലവറയുടെ ചുമരുകളില്‍ ചാരി വച്ചിരിക്കുന്ന പലതരം ആയുധങ്ങള്‍. ഓട്ടുവിളക്കുകളുടെ ഒരു വലിയ ശേഖരം. അവള്‍ അറിയാതെ കൈകൂപ്പി തൊഴുതു നിന്നു. കായംകുളം രാജാവിന്റെ എത്ര പടയോട്ടങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചത് ആകാം ഈ ഉടവാള്‍. ഇവിടുത്തെ കാരണവര്‍ രാജാവിന്റെ പടനായകരില്‍ ഒരാളായിരുന്നു എന്നും ഒരു യുദ്ധത്തില്‍ നിര്‍ണായകമായ നീക്കം നടത്തി യുദ്ധത്തില്‍ വിജയിച്ചതിന് രാജാവ് 'മല്ലക്കാരന്‍' എന്ന പദവി കൊടുത്തിരുന്നതായി അമ്മൂമ്മ പറഞ്ഞ കഥകള്‍ അവള്‍ക്ക് ഓര്‍മ്മ വന്നു. അ ന്ന് ഇവിടം വലിയ യുദ്ധ പരിശീലന കളരി ആയിരുന്നത്രേ. നിലവറയ്ക്കുള്ളിലെ ഈ അപൂര്‍വ കാഴ്ച  തനിക്കു കാണാനായല്ലോ.  

തന്റെ അരികില്‍ തനിക്ക് വെളിച്ചം പകര്‍ന്നു നിന്ന ആ പുരുഷനോട് അവള്‍ക്ക് ആരാധന തോന്നി. അവള്‍ അദ്ദേഹത്തിന്റെ കൈവിരലുകളില്‍ പിടിച്ചു. അദ്ദേഹം വിളക്ക് നിലത്തു വച്ച് അവളുടെ വലതു കരം പിടിച്ചു കൊണ്ട് ഉടവാളിന് ചുറ്റും വലം വയ്ക്കാന്‍ തുടങ്ങി. ഏതോ ഗന്ധര്‍വ്വ ലോകത്ത് എത്തിപ്പെട്ട പോലെയാണ് തോന്നിയത്. അതോ മുന്‍ജന്മത്തേക്ക് താന്‍ മടങ്ങിപ്പോയതാണോ? വളരെ ചിരപരിചിതമായ, തന്റെ ആത്മാവിന്റെ ഭാഗമായിരുന്ന ഒരാള്‍ തൊട്ടരികില്‍. അദ്ദേഹത്തിന്റെ കരം പിടിച്ച് അദ്ദേഹത്തിനു പിന്നില്‍ മിടിക്കുന്ന ഹൃദയത്തോടെ അവള്‍ നടന്നു. മൂന്നു വലംവച്ച് നമസ്‌കരിച്ച് അവര്‍ തിരിച്ചു കയറി.  

അദ്ദേഹം നിലവറയും കളരിയും അടച്ചു ഇറങ്ങിവന്നു. ഭാരതിയുടെ മനസ്സ് ഒരു തൂവല് പോലെയായി. മനസ്സിലേക്ക് ആനന്ദത്തിന് ഒരു നൂതന ഭാവം കടന്നുവന്നു. വേര്‍തിരിച്ചറിയാനാവാത്ത ഒരു മധുര ഭാവം. കാറ്റിനും ഇലകള്‍ക്കും ചുമന്ന മാനത്തിനും എല്ലാം അസാധാരണമായ ഒരു ഭംഗി. അദ്ദേഹത്തെ കാത്തുനില്‍ക്കുമ്പോള്‍ ഏതോ പുതിയ ലോകത്ത് എത്തിപ്പെട്ട പോലെ അവള്‍ക്കു തോന്നി. അവള്‍ മാനത്തേക്ക് നോക്കി. ഒരു ചായപ്പാത്രം തൂവി വീണപോലെ എണ്ണമില്ലാത്ത വര്‍ണ്ണങ്ങള്‍.

തന്റെ  മനസ്സിലും ഓമല്‍ക്കിനാക്കളുടെ  മഴവില്ലു വിരിഞ്ഞപോലെ. ചേക്കേറാന്‍ ഒരുങ്ങുന്ന  കിളികളുടെ ശബ്ദം ഇത്ര മധുരിതമായി ഒരിക്കലും ശ്രവിച്ചിട്ടില്ലാത്ത പോലെ... മുല്ലപ്പൂക്കളുടെയും  ഇലഞ്ഞിപ്പൂക്കളുടെയും  സമ്മിശ്ര ഗന്ധം കലര്‍ന്ന കാറ്റ് അവളെ തഴുകി കടന്നുപോയി. മുത്തശ്ശിക്കഥയിലെ ഗന്ധര്‍വനെപ്പോലെ അദ്ദേഹം നടന്നുവരുന്നത് അവള്‍ നോക്കി നിന്നു. 'പോവാം' അദ്ദേഹം നടന്നു.

ഏതോ മായികശക്തി നയിക്കുംപോലെ അവള്‍ അദ്ദേഹത്തിന്റെ പുറകില്‍ നടന്നു. ഉയര്‍ന്ന പുരയിടത്തില്‍ നിന്നും പാടവരമ്പിലേക്ക് അവളെ അയാള്‍കൈപിടിച്ച് ഇറക്കി. അവര്‍ വിശാലമായ പാടത്തേക്ക് ഇറങ്ങിനടന്നു. നിലാവില്‍ കുളിച്ചു നില്‍ക്കുന്ന പാടം. പൂത്തു നില്‍ക്കുന്ന എള്ളിന്‍ ചെടികള്‍ നിലാവിന്റെ കണങ്ങള്‍ ഏന്തി നില്‍ക്കുംപോലെ. പടിഞ്ഞാറ് നിന്നും  വീശുന്ന തണുപ്പുള്ള കാറ്റ്. ആ സന്ധ്യ അവള്‍ക്ക് ഒരിക്കലും മറക്കാനാവാത്തതായി മാറി. ആ കാലടികള്‍ പിന്‍തുടരുമ്പോള്‍ ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു സുരക്ഷിതബോധം അവള്‍ അനുഭവിച്ചു. ഏകാന്ത സന്ധ്യകളില്‍ മനസ്സിലുണ്ടായിരുന്ന നോവിന്റെ അര്‍ത്ഥം അവള്‍ തിരിച്ചറിഞ്ഞു.  

'ഇരുനൂറ്റമ്പത് പറ പാടവും അമ്പത് ഏക്കര്‍ കരഭൂമിയും നൂറ്റിക്കണക്കിന് ജോലിക്കാരെയും നോക്കിക്കണ്ടു നടത്തുന്ന ഉണ്ണിയാര്‍ച്ച എന്താ ഒന്നും മിണ്ടാത്തത്? അയാള്‍ കുസൃതിയോടെ ചോദിച്ചു.

അവള്‍ ഒന്നും മിണ്ടിയില്ല. രണ്ടു പേരുടെയും ഇടയില്‍ പ്രണയം അതിന്റെ ഭാഷയില്‍ സംസാരിച്ച് തുടങ്ങിയിരുന്നു. അത് കാറ്റായും നിലാവായുമൊക്കെ അവരെ തഴുകി നടന്നു. ചാലിനുള്ളില്‍ വെള്ള ആമ്പലുകള്‍ നിറഞ്ഞുനിന്നിരുന്നു. പ്രകൃതി പ്രണയത്തിനായി മാത്രം ഒരുക്കുന്ന ഈ കല്‍പ്പനകള്‍ ആസ്വദിച്ചുകൊണ്ട് അവര്‍ നിശബ്ദം നടന്നു. പടിപ്പുരയുടെ മുന്നിലെത്തിയപ്പോള്‍ ആണ് ആ ഭ്രമാത്മകതയില്‍ നിന്ന് അവള്‍ മുക്തയായത്. പടിപ്പുര വാതില്‍ കടന്ന് അവള്‍ തിരിഞ്ഞു നിന്നു.

'പടിയടച്ചു കൊള്ളൂ ഞാന്‍ പോവാ' അദ്ദേഹം പറഞ്ഞു. 'വലിയ വീട്ടില്‍ അമ്പലത്തില്‍ പോകുന്നില്ലേ?' അവള്‍ ചോദിച്ചു. 'ഓ, ഇനി ഇന്നില്ല. ദേവീദര്‍ശനം ആവോളം സിദ്ധിച്ചല്ലോ' എന്ന് പറഞ്ഞു രണ്ടാം മുണ്ട് നിവര്‍ത്തി അവളുടെ തലയിലേക്ക് കുടഞ്ഞു. അവളുടെ തലയില്‍ മുല്ലപ്പൂക്കളുടെ ഒരു കൂമ്പാരം വീണു. അമ്പരപ്പില്‍ നിന്ന് വിട്ടുമാറും മുന്‍പേ ആ ദൃഢമായ കാലടികള്‍ അകന്നു പോകുന്നത് അവള്‍ ഉള്‍പ്പുളകത്തോടെ കേട്ടു.

ശ്രീലേഖ

  comment

  LATEST NEWS


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി


  പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.