×
login
പത്ര ചരിത്രത്തിന്റെ നേര്‍ചിത്രങ്ങള്‍

വാര്‍ത്ത അറിയിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ഒരു ആനുകാലികത്തെ നാം മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രമെന്നു വിളിക്കുന്നു. ആദ്യമായി അച്ചടിച്ച വര്‍ത്തമാന പത്രത്തെ മൂന്നാമത്തെ പത്രമെന്ന് കൊണ്ടാടുന്നു. പത്ര സ്വാതന്ത്ര്യത്തിനായി സ്വജീവിതം സമര്‍പ്പിച്ചവരെയൊക്കെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മലയാളത്തിലെ പല പത്രചരിത്ര ഗ്രന്ഥങ്ങളിലും നാം കാണുന്ന കാഴ്ചകളാണിവ.

വാര്‍ത്ത അറിയിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച ഒരു ആനുകാലികത്തെ നാം മലയാളത്തിലെ ആദ്യത്തെ വര്‍ത്തമാന പത്രമെന്നു വിളിക്കുന്നു. ആദ്യമായി അച്ചടിച്ച വര്‍ത്തമാന പത്രത്തെ മൂന്നാമത്തെ പത്രമെന്ന് കൊണ്ടാടുന്നു. പത്ര സ്വാതന്ത്ര്യത്തിനായി സ്വജീവിതം സമര്‍പ്പിച്ചവരെയൊക്കെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മലയാളത്തിലെ പല പത്രചരിത്ര ഗ്രന്ഥങ്ങളിലും നാം കാണുന്ന കാഴ്ചകളാണിവ.

വക്രീകരിച്ച പത്രചരിത്രത്തിന്റെ ഈ ഇരുണ്ട വഴികളില്‍ അന്വേഷണ തൃഷ്ണയുടെ പ്രകാശം പരത്തുന്ന ഒരു പുസ്തകം എത്തിയിരിക്കുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ഡോ. അനില്‍കുമാര്‍ വടവാതൂര്‍ തയ്യാറാക്കിയ പത്രചരിത്രത്തിന്റെ നൂറ് വര്‍ഷങ്ങള്‍ ശരിയെ ശരിയെന്ന് വിളിക്കാനും തെറ്റിനെ തെറ്റെന്ന് വിളിക്കാനും മറയത്തിരുത്തിയവരെ വെളിച്ചത്തുകൊണ്ടുവരാനും മടികാണിക്കാത്ത ഒരു ചരിത്ര പുസ്തകം. ഒരു പഠനത്തിന്റെ എല്ലാ രീതി ശാസ്ത്രങ്ങളുമുപയോഗിച്ച് സുലഭമല്ലാത്ത നിരവധി തെളിവുകളുടെ സഹായത്തോടെ ആദ്യ മലയാള പത്രമെന്ന് ഘോഷിക്കുന്ന രാജ്യസമാചാരം ഒരു വര്‍ത്തമാനപത്രമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഡോ. അനില്‍കുമാര്‍ ഈ പുസ്തകത്തില്‍ സമര്‍ത്ഥിക്കുന്നു. കോട്ടയത്ത് സിഎംഎസ് പ്രസിദ്ധീകരിച്ച് പുറത്തിറക്കിയ ജ്ഞാനനിക്ഷേപത്തിനാണ് ആ പദവിക്ക് യഥാര്‍ത്ഥ അവകാശമത്രേ. മലയാളത്തിലെ ലക്ഷണമൊത്ത ആദ്യപത്രം ദേവ്ജി ഭീംജി എന്ന ഗുജറാത്തി പുറത്തിറക്കിയ കേരളമിത്രം ആണെങ്കിലും ആദ്യ പ്രഭാത ദിനപത്രം അതല്ലെന്നും ഈ പുസ്തകം ആധികാരികമായി നമ്മോടു പറയുന്നു.

മലയാളത്തിലെ ശാസ്ത്ര പത്രപ്രവര്‍ത്തനത്തിന്റെ പിതാവ് പി.വി. കൃഷ്ണവാര്യര്‍; കാര്‍ഷിക പത്രപ്രവര്‍ത്തനത്തിന്റെ പിതാവ് ഡോ. എന്‍. കുഞ്ഞന്‍ പിള്ള; ആദ്യത്തെ നിയമസഭാ ലേഖകന്‍ കേസരി ബാലകൃഷ്ണപിള്ള എന്നെല്ലാം അനില്‍കുമാര്‍ ഈ പുസ്തകത്തില്‍ സ്ഥാപിക്കുന്നു. ദേശീയവാദിയായ ഒരു പത്രാധിപര്‍ തളര്‍ന്നുവീണപ്പോള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ മഹാത്മാഗാന്ധി നേരിട്ട് വീട്ടിലെത്തിയതും 1926ലെ പത്രമാരണ നിയമത്തില്‍ പ്രതിഷേധിച്ച് ഒരു പത്രാധിപര്‍ തന്റെ നിയമസഭാംഗത്വം രാജിവെച്ചതും 'പത്രചരിത്രത്തിന്റെ നൂറ് വര്‍ഷങ്ങളെ' ശ്രദ്ധേയമാക്കുന്ന ഇതിഹാസങ്ങളാണ്.


മലയാള പത്രചരിത്രത്തില്‍ കേസരി ബാലകൃഷ്ണപിള്ളയുടെ സംഭാവനകളുടെ വ്യാപ്തി കൃത്യമായി അറിയണമെങ്കില്‍ ഈ പുസ്തകം വായിച്ചാല്‍ മതി. സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ മഹത്വം വിവരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പരിമിതികളും ഇവിടെ ചര്‍ച്ച ചെയ്യുന്നു. ഒരു പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ആഖ്യായികാകാരന്‍ സി.വി. രാമന്‍പിള്ളയുടെ സംഭാവനകളും വിലയിരുത്തുന്നു.

ആധികാരിക രേഖകള്‍ വായനക്കാര്‍ക്കു മുന്‍പില്‍ അവതരിപ്പിക്കുന്നതിന് ഏറെ സ്ഥലം നീക്കിവച്ചിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. 1926ലെ പത്രമാരണ നിയമത്തിന്റെ ശരിപകര്‍പ്പ്, ആ നിയമത്തിനെതിരെ തിരുവിതാംകൂര്‍ ലജിസ്ളേറ്റീവ് അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ച് കെ.പി. നീലകണ്ഠപ്പിള്ള നടത്തിയ പ്രസംഗം, നിയമത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടന്ന പൗരജാഥയില്‍ പാടുന്നതിന് കവി ബോധേശ്വരന്‍ ചിട്ടപ്പെടുത്തിയ മാര്‍ച്ചിങ് സോങ്, 1936ലെ കൊച്ചിന്‍ പത്രമാരണ നിയമത്തിന്റെ പകര്‍പ്പ്, പഴയകാല വാര്‍ത്താമാതൃകകള്‍, പത്രാധിപ കുറിപ്പുകള്‍ എന്നിവയെല്ലാം ഈ പുസ്തകത്തെ മികച്ചൊരു ഗവേഷണ ഗ്രന്ഥമായി മാറ്റിയിരിക്കുന്നു. അതുകൊണ്ടാവണം തന്റെ അവതാരികയില്‍ ചരിത്രകാരനായ പ്രൊഫ. സി.ഐ. ഐസക് ഈ പുസ്തകത്തെ പത്രപ്രവര്‍ത്തന ചരിത്രവിദ്യാര്‍ത്ഥിയുടെ 'കോശഗ്രന്ഥ'മെന്ന് വിശേഷിപ്പിച്ചതും.

ലളിതവും ഹ്രസ്വവുമായ പ്രതിപാദനം, ചെറിയ ചെറിയ ഖണ്ഡികകള്‍, പക്ഷം പിടിക്കാത്ത ആഖ്യാനരീതി, ചിത്രങ്ങളുടെ സമ്പന്നത, ചോദ്യം ചെയ്യപ്പെടാനാവാത്ത വിശ്വാസ്യത എന്നിവകൊണ്ട് ഡോ. അനില്‍കുമാര്‍ വടവാതൂരിന്റെ ഈ ഗ്രന്ഥം പത്രചരിത്ര പുസ്തകക്കൂട്ടത്തില്‍ പ്രകാശം പരത്തുന്ന നക്ഷത്രമായി നിലനില്‍ക്കും. ഒപ്പം, ഒറ്റവായനയില്‍ നൂറ്റാണ്ടിന്റെ മാധ്യമചരിത്രം ആര്‍ക്കും സ്വാംശീകരിക്കാവുന്ന പുസ്തകവും.

 

    comment
    • Tags:

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.