×
login
കഥ‍- കാലപുരി ആഡിറ്റോറിയം: വീണ പി.നായര്‍

മുകളിലത്തെ നിലയില്‍ നിന്നും ബിരിയാണിയും ചിക്കനും സ്റ്റൂവുമൊക്കെ കാറ്റിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു. ഏവരും ആ മണത്തിനു വേണ്ടി കാത്തിരുന്നു

വേലക്കാരിയുടെ കാതുകളില്‍ ആ വാര്‍ത്ത എത്തുമ്പോള്‍ അവര്‍ അഗ്‌നികുണ്ഠത്തില്‍ വീണ പോലെ എരിയുകയായിരുന്നു. കൈകാലുകള്‍ തളര്‍ന്നു തറയിലേക്കവര്‍ ചാഞ്ഞിരുന്നു. കണ്ണിലൂടെ ഒരു വെള്ളച്ചാട്ടം കുതിച്ചു പാഞ്ഞു. അല്പനേരത്തിനുള്ളില്‍ അവര്‍ സ്ഥലകാലബോധത്തെ തിരഞ്ഞുപിടിച്ചു. നേരെ 'കാലപുരി ആഡിറ്റോറിയ'ത്തിലേക്ക്...  ഒന്നര കിലോമീറ്റര്‍ ദൂരം അവര്‍ ഓടുകയായിരുന്നു. അവിടെയെത്തിയതും തിരക്കഥയിലെ കാഴ്ച അവരെ ഭയപ്പെടുത്തി. പ്രവേശന കവാടത്തില്‍ ഒരു ഫ്രൂട്‌സ് കട അണിഞ്ഞൊരുങ്ങി നിന്നിരുന്നു.വിവിധ തരം പഴവര്‍ഗ്ഗങ്ങളും  ജ്യൂസുകളും കഴിക്കാന്‍ ആള്‍ക്കാര്‍ തിങ്ങിക്കൂടി. അകത്തേക്ക് പടി കയറി എത്തിയത് ഒരു തട്ടുകടയ്ക്കു മുന്നില്‍. വിവിധ തരം പലഹാരങ്ങള്‍ നിറഞ്ഞ ചായക്കടയിലും നല്ല തിരക്ക് ഉണ്ടായിരുന്നു. മുന്നിലെ കാഴ്ചയില്‍ വെന്തുപോയ അവര്‍ അകത്തേക്കു കടന്നു മൂലയിലെ ഒഴിഞ്ഞ സീറ്റിലേക്ക് ചാഞ്ഞിരുന്നു വേദിയിലാകെ പരതി. നിലവിളക്കുകളാല്‍ അലംകൃതമായ വേദിയില്‍ ചന്ദനതിരിയുടെ ഗന്ധം നിറഞ്ഞുനിന്നു. പഴയ ഓര്‍മ്മകള്‍ അവരിലേക്കെത്തി നോക്കി.

ദേവേന്ദ്ര നാഥന്റെ മൂത്ത മകന്‍ രാഘവ് നാഥന്റെ ഭാര്യ വേദാമിനിയുടെ കൈകള്‍ അലമാരയിലെ പട്ടുസാരികളിലൂടെ തെന്നി നടന്നു. മധ്യനിരയില്‍ മൂന്നാമതായി കണ്ട ആ നീല പട്ടുസാരിയില്‍ അവള്‍ ഒരു പുതിയ ലോകത്തെ രചിക്കാന്‍ തീരുമാനിച്ചു. ഭര്‍ത്താവ് രാഘവ് നാഥ് അപ്പോഴേയ്ക്കും കാറില്‍  വീട്ടിനു മുന്നില്‍ എത്തി. മക്കളായ രുദ്രനും, രഥ്യയും വാതില്‍ തുറന്ന് അച്ഛനെ അകത്തേയ്ക്ക് നയിച്ചു. അവര്‍ ഡ്രെസിംഗ് റൂമിലെത്തിയതും വേദാമിനി നീലപ്പട്ടുസാരിയില്‍ ഒരു സ്വര്‍ഗ്ഗലോകം തീര്‍ത്തിരുന്നു. ബ്യൂട്ടീഷ്യന്‍ പുറത്തേയ്ക്കിറങ്ങി. രാഘവ്‌നാഥ് കയ്യിലെ കവറുകള്‍ പൊട്ടിച്ചു മെത്തയിലേക്കിട്ടു. മക്കളിരുവരും അവരവരുടെ പുതുവസ്ത്രത്തില്‍ സന്തോഷം കൊണ്ടു. ഏവരും വൈകിട്ട് അഞ്ചു മണിയോടെ വീട്ടില്‍ നിന്നും കാലപുരി ആഡിറ്റോറിയത്തിലേക്ക് യാത്ര തിരിച്ചു.

ബെന്‍സ് കാര്‍ അവിടേയ്ക്ക് കടന്നു വരുന്നതു കണ്ട അതിഥികള്‍ ഓരോരുത്തരും കാറിനു മുന്നില്‍ തിരക്കുകൂട്ടി. രാഘവ്‌നാഥ് എന്ന വ്യവസായ പ്രമുഖനെ കാണാനും രണ്ടു വാക്കു പറയുവാനും പലരും തിരക്കുകൂട്ടുമ്പോള്‍ അതിനിടയിലൂടെ കാര്‍ മുന്നോട്ടു നീങ്ങി വിശാലമായ പാര്‍ക്കിംഗ് ഗ്രൗണ്ടിലെത്തി. അവര്‍ ഹാളിനകത്തേക്ക് എത്തിയതും സീറ്റുകള്‍ നിറഞ്ഞു കവിഞ്ഞിരുന്നു. വേദാമിനിയും കുട്ടികളും തട്ടുകടയില്‍ കയറി ആവശ്യമുള്ളവ എടുത്തു കഴിച്ചു.
'രാഘവ് നമുക്ക് അകത്തേക്ക് കയറാം.' സദസ്സിനെ നോക്കി ചിരിച്ചും പറഞ്ഞും വേദിക്കരികില്‍ അവര്‍ എത്തി. പെട്ടെന്നു തന്നെ അനുജന്‍ മേഘവ് നാഥ് അവരുടെയരികിലേക്കു കടന്നു വന്നു.
'വാ ചേട്ടാ മുകളില്‍ ഇരിക്കാം. നമ്മള്‍ മക്കളിരുവരും ദേവേന്ദ്രനാഥിന്നരികില്‍ തന്നെ ഉണ്ടാവണം. അച്ഛന്‍ ഇതൊക്കെ കണ്ട് സന്തോഷിക്കട്ടെ.' അപ്പോഴേയ്ക്കും ആഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരുന്നു.

മുകളിലത്തെ നിലയില്‍ നിന്നും ബിരിയാണിയും ചിക്കനും സ്റ്റൂവുമൊക്കെ കാറ്റിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്നു. ഏവരും ആ മണത്തിനു വേണ്ടി കാത്തിരുന്നു.
         സമയം കടന്നു പൊയ്‌ക്കൊണ്ടിരുന്നു. ആചാര്യന്മാരായി മൂന്നു നാലു പേര്‍ വേദിക്കരികിലേക്കെത്തി.അതില്‍ രണ്ടു പേര്‍ ചുട്ടിത്തോര്‍ത്തായിരുന്നു ധരിച്ചിരുന്നത്. മറ്റു രണ്ടു പേര്‍ മുഷിഞ്ഞ കൈലിയും. ഇതു കണ്ട ദേവേന്ദ്രനാഥിന്റെ മക്കള്‍ ഇളിഭ്യരായി. അവര്‍ പരസ്പരം പറഞ്ഞു.  ഇവറ്റകള്‍ക്ക് രണ്ടു ജോഡി വസ്ത്രം വാങ്ങിക്കൊടുക്കേണ്ടതായിരുന്നു. ശ്ശെ .. ഇതൊരു മാതിരി നമ്മെ കളിയാക്കാനായി ... ബുദ്ധിപൂര്‍വ്വം അവരെ വേദിക്കരികിലെ ദേവേന്ദ്രനാഥിന്റെ മുറിയിലേക്ക് മാറ്റി നിര്‍ത്തി. പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ ആളെ തരപ്പെടുത്തി. അകലെയെവിടെയോ രാത്രി 8 മണിമുഴക്കം കേട്ടുകൊണ്ടിരുന്നു.

     വേദാമിനി കുട്ടികളോടായി പറഞ്ഞു. ഏതായാലും നമ്മള്‍   തട്ടുകടയില്‍ നിന്നും ചായയും എഗ് പപ്‌സും കഴിച്ചത് നന്നായി. ഇല്ലേല്‍ വിശന്നു കുടലുകരിഞ്ഞേനെ. മക്കള്‍ തല കുലുക്കി അമ്മയെ തലോടി. ആഡിറ്റോറിയത്തിനു വെളിയില്‍ ഒരുക്കിയിരുന്ന ജ്യൂസും പഴങ്ങളും പലഹാരങ്ങളും കഴിക്കാന്‍ വിരുന്നുകാര്‍ തിരക്കുകൂട്ടിക്കൊണ്ടിരുന്നു. മുകളില്‍ നിന്നും രാഘവും അനുജന്‍ മേഘവും ഇതു കണ്ട് സന്തോഷം കൂറി.
     അനുജന്‍ ചേട്ടനോടായി പറഞ്ഞു. 'ഏതായാലും ഇവന്റ് മാനേജ്‌മെന്റ് സൂപ്പര്‍. നന്നായി അവര്‍ അറേഞ്ച് ചെയ്തിരിക്കുന്നു. പണം അല്പം കൂടുതലാണെങ്കിലും ആര്‍ക്കും ഇഷ്ടപ്പെടുന്ന സെറ്റ് അപ്പ് ആണ്. പുറത്ത് ഒരു കിലോമീറ്റര്‍ നീളത്തിലല്ലേ പുഷ്പ പന്തലൊരുക്കിയിരിക്കുന്നത്. മധ്യത്തില്‍ അച്ഛന്റെ ഫോട്ടോ നന്നായി ഡെക്കറേറ്റ് ചെയ്ത് വച്ചിരിക്കുന്നു. പുറത്തെ കട്ടൗട്ടില്‍ അച്ഛന്റെ മുഖം നന്നായിട്ടുണ്ട്. എങ്കിലും ഹാളിനകത്തേക്കുള്ള വഴിയില്‍ ഇടതു വശത്തായിരിക്കുന്ന ആ ഫോട്ടോ അത്ര തെളിച്ചമുള്ളതല്ല. എങ്കിലും നമുക്ക് അച്ഛന് കൊടുക്കാന്‍ പറ്റിയ ഏറ്റവും വലിയ ട്രീറ്റാണിത്. ഇങ്ങനെ രണ്ടു മക്കളെ കിട്ടിയതില്‍ അച്ഛന് അഭിമാനിക്കാം.' ഇതു കേട്ട ചേട്ടന്‍ അനിയനെ പിന്താങ്ങി.

     റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഇരുവര്‍ക്കുമരികിലേക്ക് കടന്നു വന്നത് പെട്ടെന്നായിരുന്നു. വലിയ ഒരു സമ്മാനപ്പൊതി അവരുടെ കയ്യിലുണ്ടായിരുന്നു. ഇതെനിക്കു വേണം എന്ന ചിന്ത ഇരുവരിലും കടന്നു വന്നത് പെട്ടന്നായിരുന്നു. രാഘവിന്റെ മക്കള്‍ അതേ സമയം അങ്ങോട്ടേക്കു കടന്നു വന്നു. അവര്‍ ചോദിച്ചു
'അച്ഛനും ചെറിയച്ഛനും വീതിച്ചെടുക്കാന്‍ പറ്റിയ സമ്മാനം വലുതുമാണോ ഇതിലുള്ളത് '. ഭാരവാഹികള്‍ പരസ്പരം മുഖത്തോടു മുഖം നോക്കി. രക്ഷാധികാരിയായ ക്രാന്തദര്‍ശിയാണ് മറുപടി പറഞ്ഞത്.
 'ഇതെന്തായാലും ഒരാള്‍ക്കു മാത്രമേ എടുക്കാനാകൂ. അച്ഛനോട് കൂടുതല്‍ സ്‌നേഹം ഉള്ളത് ആര്‍ക്കാണോ അവര്‍ക്കി തെടുക്കാം'.
    രാഘവും മേഘവും പരസ്പരം ഒന്നു നോക്കി ഒരുമിച്ചാണ് ഇരുവരും ഉത്തരം നല്‍കിയത്.
'അതിപ്പോള്‍ എനിക്കാണ് കൂടുതല്‍ സ്‌നേഹമെന്ന് അച്ഛനറിയാമല്ലോ...' ഇതു കേട്ടവരെല്ലാം അന്ധാളിച്ചു നിന്നു.
സമയം കടന്നു പൊയ്‌ക്കൊണ്ടിരുന്നു. വ്യവസായികളും രാഷ്ട്രീയക്കാരും വിവിധ മേഖലയില്‍ നിന്നെത്തിയവരില്‍ ഏറെയും സ്വന്തം കുടുംബത്തോടൊപ്പമാണ് ചടങ്ങിനെത്തിയിട്ടുള്ളത്. രാഘവ് മൈക്കിനരികിലേക്കെത്തി സദസ്സിനോടായി പറഞ്ഞു.
'ഞങ്ങളുടെ അച്ഛനെ വേദിയിലേക്കെത്തിക്കേണ്ട സമയം ആഗതമായിരിക്കയാണ്. വേദിയില്‍ ശ്രീ ദേവേന്ദ്രനാഥിനെ എത്തിച്ചു ഇവിടുത്തെ ചടങ്ങുകള്‍ കഴിഞ്ഞാലുടന്‍ സദസ്സിലുള്ളവര്‍ക്ക് വരിവരിയായി അച്ഛനെ വന്നു കാണുകയും ആദരവ് രേഖപ്പെടുത്തുകയും ചെയ്യാവുന്നതാണ്.' ഏവരും നിശ്ശബ്ദരായി വേദിയിലേക്കുറ്റു നോക്കിക്കൊണ്ടിരുന്നു.

തിങ്ങിനിറഞ്ഞ ജനസാഗരം നോക്കിനില്‍ക്കെ ആദ്യമായി വേദിയിലേയ്ക്ക് രംഗ പ്രവേശം ചെയ്തത് ദേവേന്ദ്രനാഥിന്റെ ഭാര്യയായിരുന്നു. മരുമക്കളായ വേദാമിനിയുടെയും തങ്കലക്ഷ്മിയുടെയും സഹായത്താലായിരുന്നു അമ്മ കടന്നു വന്നത്. സ്‌നേഹത്തോടെയും കരുതലോടെയും മരുമക്കളിരുവരും അമ്മയെ പ്രധാന ഇരിപ്പിടത്തിലേക്കാനയിച്ചു. അച്ഛന്റെ മുഖത്തിന്നഭിമുഖമായി വേണം അമ്മയെ ഇരുത്താന്‍ എന്ന് രാഘവ് പറഞ്ഞപ്പോള്‍ മേഘവും അതു ശരിവച്ചു. അമ്മയെ അവിടെ ഇരുത്തിയെങ്കിലും അച്ഛനെ അവിടേയ്ക്ക് കൊണ്ടുവന്നിരുന്നില്ല.
ഭംഗിയായി അലങ്കരിച്ചിരുന്ന മഞ്ചലിനരികിലെത്തി കര്‍മ്മികള്‍ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. സദസ്സ് നിശബ്ദമായിരുന്നു എങ്കിലും പലരും കുശുകുശുക്കുന്നുണ്ടായിരുന്നു.
എന്നാലും തങ്ങളുടെ മാതാപിതാക്കള്‍ക്കു വേണ്ടി ഇതുപോലൊരു ചടങ്ങ് സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദന പലരുടെ മുഖത്തും പ്രകടമായിരുന്നു. ദേവേന്ദ്ര നാഥിനെ വേദിയിലേക്ക് കൊണ്ടുവരുന്നു എന്ന അറിയിപ്പുണ്ടായതും ഏവരും ആകാംക്ഷാഭരിതരായി. അകത്തു നിന്നും ഇരുമക്കളും ബന്ധുക്കളും ചേര്‍ന്നാണ് ദേവേന്ദ്രനാഥിനെ താങ്ങിയെടുത്തത്. വേദിയിലേക്ക് പ്രവേശം കുറിച്ചപ്പോള്‍ പുറത്ത് ആചാരവെടി മുഴങ്ങിയതും ചുറ്റിലും നിന്നവര്‍ പൂക്കള്‍ വാരി വിതറിയതും പെട്ടെന്നായിരുന്നു. പ്രത്യേകം തയ്യാറാക്കിയ പൂമഞ്ചത്തിലേക്ക് ദേവേന്ദ്രനാഥ് മക്കളോടൊപ്പം ആഗതനായി.
കര്‍മ്മികള്‍ ദേവേന്ദ്രനാഥിന്റ ഭാര്യയെയാണ് ആദ്യം തെരഞ്ഞത്. മക്കളിരുവരും അമ്മയെ താങ്ങിപ്പിടിച്ച് അച്ഛന്റെയരികിലെത്തിച്ചു. കര്‍മ്മികള്‍ നല്‍കിയ പൂക്കള്‍ പ്രിയതമന്റെ കാല്‍ക്കല്‍ അര്‍പ്പിച്ചു. കണ്ണീരു വറ്റിയ ആ കണ്ണില്‍ നിന്നും അല്പം നനവ് പടര്‍ന്നിറങ്ങി. ആറുമാസമായി കാണാതിരുന്ന പ്രീയതമനരികിലേയ്ക്ക് ഇങ്ങനെയൊരു വരവ് തനിക്കുണ്ടാകുമെന്നവര്‍ നിനച്ചിരുന്നില്ല. സാവധാനം താഴേക്കു കുനിഞ്ഞ് പ്രിയതമന്റെ കാല്‍ക്കല്‍ തൊട്ടു. തന്നെ ഒപ്പം കൂട്ടാത്തതിന്റെ പരിഭവം ആ മുഖത്ത് പ്രകടമായിരുന്നു. പെട്ടെന്നു തന്നെ അമ്മയെ പഴയ ഇരിപ്പിടത്തിലെത്തിച്ചു. ബന്ധുക്കളോരോരുത്തരായി ദേവേന്ദ്രനാഥിന്നരികിലെത്തി ആദരവ് രേഖപ്പെടുത്തി. തൊട്ടരികിലായി വച്ചിരുന്ന ഓട്ടുപാത്രത്തിലേയ്ക്ക് അവരവര്‍ക്കു കഴിയുന്ന തരത്തില്‍ പണം വച്ച് കടന്നു പോയി. തിരക്കിന്നിടയിലും  എല്ലാവരും വിലാസം എഴുതി ഇടണേ.... എന്ന് വേദാമിനി പറയുന്നുണ്ടായിരുന്നു.
ഏവരുടെയും ശ്രദ്ധ അച്ഛനില്‍ നിന്ന് ഭണ്ഡാരത്തിലേക്ക് നീങ്ങിത്തുടങ്ങി. മരുമക്കളും ചെറുമക്കളും അതിലേക്ക് മൊബൈല്‍ കാമറ ഓണാക്കി വയ്ക്കുകയും ചെയ്തു.
     മേഘവ് നാഥ് എന്ന വ്യവസായിയുടേതു തന്നെയായിരുന്നു കാലപുരി ആഡിറ്റോറിയവും ചുറ്റിലും കാണുന്ന 5 ഏക്കര്‍ വിസ്തൃതിയിലുള്ള ശ്മശാനവും. രണ്ടു കോടീശ്വര വ്യവസായികളുടെ അച്ഛനായ ദേവേന്ദ്രനാഥിന് കാഴ്ചവസ്തുവായി കിടന്ന് പണം സ്വരൂപിക്കേണ്ട സമയം അവസാനിക്കാറായി. മൈക്കിലൂടെ മൂത്ത മകന്റെ ശബ്ദം ഉയര്‍ന്നു. വളരെ സന്തോഷത്തോടെ അയാള്‍ സദസ്സിനെ നോക്കി നന്ദി പറഞ്ഞു.
  'അച്ഛനെ യാത്രയാക്കാനുള്ള സമയമായിരിക്കുന്നു. ഇനി ആരെങ്കിലും കാണാനുണ്ടെങ്കില്‍ കടന്നു വരണം.'
സദസ്സിന്റെ മൂലയില്‍ തല കുമ്പിട്ടിരുന്ന ഒരു സ്ത്രീ സാവധാനം എഴുന്നേറ്റു മുന്നോട്ടു നടന്നു. വേദിയുടെ പടവുകള്‍ കയറുമ്പോള്‍ ആ കാലുകള്‍ നന്നേ വിറയ്ക്കുന്നുണ്ടായിരുന്നു. അവര്‍ മെല്ലെ ദേവേന്ദ്രനാഥിന്നരികിലെത്തി. കണ്ണിന്റെ ഓവുചാലുകള്‍ കനം വച്ചത് പെട്ടെന്നായിരുന്നു. അവിടെ ഒരു വെള്ളച്ചാട്ടവും മറ്റൊരു കഥയും ഉരുവപ്പെടുന്നതായി പലര്‍ക്കും തോന്നി. പലരും ആ സ്ത്രീ ആരെന്നറിയാതെ അസ്വസ്ഥരായി. ഇതു കണ്ട മക്കള്‍ക്ക് കോപം അടക്കാനായില്ല. മരുമക്കള്‍ ആക്രോശിച്ചു. 'നിന്നെ ആരാടീ ഇവിടെ വിളിച്ചത്. നിന്നു മോങ്ങാന്‍ നിന്റെ ആരാടീ ചത്തത്.' ഇളയ മരുമകള്‍ അവരെ പിടിച്ചു മാറ്റി. വേദിയില്‍ നിന്നും പെയ്തു വീര്‍ത്ത കണ്ണുകളെ മറച്ച് അവര്‍ ഇരിപ്പിടത്തിലേക്ക് നീങ്ങി.
ആളുകള്‍ പലതും പറയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സഹായത്താല്‍ ജീവിച്ചു പോന്ന ആരേലും സ്ത്രീ ആയിരിക്കാം. അതാ അവര്‍ക്കിത്ര വേദന.
രാഘവ് അവരോടായി പറഞ്ഞു, 'ഭക്ഷണം കഴിച്ചിട്ടു പോയാല്‍ മതി നിങ്ങള്‍'. അവര്‍ പുച്ഛത്തോടെ അയാളെ ഒന്നു നോക്കി. പഴയ ഇരിപ്പിടത്തിലേക്കവര്‍ നീങ്ങവേ പ്രമുഖ രാഷ്ട്രീയ നേതാവ് അവരോടു ചോദിച്ചു .
'നിങ്ങള്‍ അദ്ദേഹത്തിന്റെ ആരാണ്?'
ആരുമല്ല, കുറച്ചു കാലം അദ്ദേഹത്തെ നോക്കാനും ആഹാരം കൊടുക്കാനുമുള്ള ഭാഗ്യം എനിക്കുണ്ടായി.
'ഓ അതു ശരി....'
അടുത്തു നിന്നുമൊരാള്‍ ചോദിച്ചു
  'അദ്ദേഹം സുഖമില്ലാതെ കിടക്കുകയായിരുന്നോ?'
 അല്ല ഈ ദുഷ്ടരായ മക്കള്‍ കിടത്തുകയായിരുന്നു.
ആ വാക്കുകള്‍ക്കു മുന്നില്‍ പലരും സ്തബ്ധരായി.
ചുറ്റിലുമിരുന്നവര്‍ കാര്യങ്ങള്‍ തിരഞ്ഞു. അവര്‍ പറഞ്ഞു തുടങ്ങി.
'അദ്ദേഹത്തിന് ഒരസുഖവും ഉണ്ടായിരുന്നില്ല. സ്വത്തുക്കള്‍ എഴുതി നല്‍കാത്തതിനാല്‍ അവര്‍ ബലം പ്രയോഗിച്ച് അദ്ദേഹത്തിനെ തടവിലിടുകയായിരുന്നു. ഭാര്യയെയും ഭര്‍ത്താവിനെയും ഈ മക്കള്‍ വേര്‍തിരിച്ചു. പരസ്പരം കാണാതെ രണ്ടു മുറിയില്‍ പൂട്ടിയിട്ടു. അവര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ എന്നെ ഏര്‍പ്പാടാക്കി. കഴിഞ്ഞ ആറുമാസമായി ഒരു നേരം മാത്രമാണ് അവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. ഞാനത് അനുസരിക്കാതെയായി. ഇതു മനസ്സിലാക്കിയ മക്കള്‍ അവിടെ കാമറകള്‍ വച്ചു. അതോടെ ഭക്ഷണം നല്‍കുന്നത് പ്രശ്‌നമായി. ഞാന്‍ സാരിയിലൊളിപ്പിച്ചു കൊണ്ടുപോയി ബാത്‌റൂമില്‍ വച്ച് അദ്ദേഹത്തിന് ആഹാരം നല്‍കി. ഒടുവില്‍ അച്ഛന്‍ തന്നെ പറഞ്ഞു ഇനി നീയിങ്ങനെ എനിക്കു ഭക്ഷണം കൊണ്ടുവരേണ്ട. എന്റെ മക്കള്‍ പറയുന്നത് അനുസരിക്കുക. നീയായിരുന്നു എന്റെ മകളായി പിറക്കേണ്ടത് എല്ലാം ദൈവേച്ഛ അല്ലാതെന്തു പറയാന്‍. കഴിഞ്ഞ ഒരാഴ്ചയായി ഭക്ഷണം കൊടുത്തിരുന്നില്ല അദ്ദേഹത്തിന് അങ്ങനെയാ മരണം... ഇനി കുറച്ചു കഴിയുമ്പോള്‍ അമ്മയും ഇങ്ങനെ..... അവര്‍ വിങ്ങിപ്പൊട്ടി.
കാലപുരി ആഡിറ്റോറിയത്തില്‍ നിന്നും ശ്മശാനത്തിലേ്ക്ക് ദേവേന്ദ്രനാഥിനെ എടുത്തു കൊണ്ടുപോയത് ഇവന്റ് മാനേജ്‌മെന്റിന്റെ ആള്‍ക്കാരായിരുന്നു. കര്‍മ്മങ്ങള്‍ ചെയ്തതും അവര്‍ തന്നെ. മക്കളിരുവരും സദ്യാലയത്തിലേക്ക് ആളുകളെ ക്ഷണിച്ചു. വെജും നോണ്‍വെജും പ്രത്യേകം തയ്യാറാക്കിയിരുന്നു. അവിടേക്ക് എത്താന്‍ ആള്‍ക്കാര്‍ തിരക്കുകൂട്ടിക്കൊണ്ടിരുന്നു. ഭക്ഷണം കഴിക്കുന്നതിന്നിടയില്‍ അവര്‍ പരസ്പരം പറഞ്ഞു. നാട്ടില്‍ ഇത്തരത്തിലുള്ള ആദ്യത്തെ മരണാനന്തര ചടങ്ങാണ്. അതില്‍ പങ്കെടുക്കാന്‍ ഏതായാലും നമുക്കു ഭാഗ്യം സിദ്ധിച്ചു. ആരോ ഒരാള്‍ പറഞ്ഞു, 'ഏതായാലും സ്വന്തം അച്ഛനെ കൊണ്ടു തന്നെ കാലപുരി ശ്മശാന മണ്ഡപം ഉല്‍ഘാടനം ചെയ്യിക്കാനൊരു ഭാഗ്യവും കിട്ടി. അല്ലെ....'
ഇതേ സമയം മരുമക്കള്‍ ഇരുവരും ചേര്‍ന്ന് അമ്മയെ അവിടേക്കു കൊണ്ടുവന്നു പ്രിയതമന്റെ പുലകുളി സദ്യയൂട്ടിക്കാനായി. വരും വഴി ആരും കേള്‍ക്കാതെ അവര്‍ ചെവിയില്‍ പറഞ്ഞു
   'തള്ളേ വേണോങ്കി അവശ്യത്തിനു കേറ്റിക്കോണം. ഇത് തള്ളേടെ അവസാനത്തെ ആഹാരമാ..'
കറികള്‍ വിളമ്പിയ ഇലയുടെ മുന്നിലേയ്ക്ക് അവരെ പിടിച്ചിരുത്തി. ഒരാഴ്ചയായി ഭക്ഷണം കഴിക്കാത്തതിന്റെ അവശതകള്‍ അവരിലുണ്ടായിരുന്നു. സംസാരിക്കാനാകുമായിരുന്നില്ല അവര്‍ക്ക്. മരുമക്കള്‍ അവിടെ നിന്നും പോയതു കണ്ട വേലക്കാരി ഓടി ആ അമ്മയ്ക്കരികിലെത്തി. 'അമ്മേ' എന്നു വിളിച്ച് തോളത്തു തടവുമ്പോള്‍ നിസ്സഹായയായി ആ അമ്മ പരിപ്പിലേയ്ക്ക് പപ്പടം പൊടിച്ചിടുകയായിരുന്നു. വേലക്കാരി വീണ്ടും കണ്ണീര്‍മഴയില്‍ നനഞ്ഞു കുതിര്‍ന്നു....
 

  comment

  LATEST NEWS


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.