×
login
ചെറുകഥ: അഘോര രുദ്രന്റെ കുതിര- കിടങ്ങറ ശ്രീവത്സന്‍

മുറിഞ്ഞുപോയ കമ്പി ബന്ധിക്കാന്‍ ഞാന്‍ വീണ കൈയിലെടുക്കവേ പുറത്തെവിടെയോ ഒരു നിലവിളി കേട്ടു

ഗ്രാമത്തിനു മീതേ സന്ധ്യാകാശം കറുത്തുതുടങ്ങി. ഇരുള്‍ സാന്ദ്രമാകുന്നു.

ഭീതിയും ഉത്കണ്ഠയും പ്രേതങ്ങളെപ്പോലെ ആവേശിക്കുകയായി.

ഞാന്‍ കിതച്ചു തുടങ്ങി.

വഴിയോരത്തെ അരണമരത്തിന്റെ നിഴല്‍ കുടഞ്ഞെറിഞ്ഞുകൊണ്ട് സ്വന്തം മാളത്തിലേക്കു ധൃതിയില്‍ നടക്കവേ, അറിയാതെ ആഞ്ഞുവീശിയ ഉള്‍ക്കിടിലത്തിന്റെ ആഘാതം താങ്ങാനാവാതെ ഞാന്‍ തളര്‍ന്നു.

വീടിനുള്ളില്‍ക്കടന്ന് പുറത്തേക്കുള്ള വാതിലടച്ചു തഴുതിട്ടു. അടച്ച വാതിലിന്റെ ഭദ്രത ഉറപ്പുവരുത്തി. ഇരുട്ടും മങ്ങിയ വെളിച്ചവും കൂടിക്കുഴയുന്ന മുറിക്കുള്ളിലെ ഏകാന്ത മൗനത്തില്‍ മുങ്ങിത്താണു.

അടഞ്ഞുകിടന്ന ജാലകത്തിന്റെ പകുതിപ്പാളി സാവധാനം തുറന്നു. ജനാല തുറന്നപ്പോഴുള്ള ചെറിയ ശബ്ദംപോലും എനിക്കസ്സഹ്യമായി.

തടാകക്കരയിലെ വിനായകക്ഷേത്രവും ക്ഷേത്രത്തിന്റെ പിന്നിലെ ചെറിയ കുന്നും ജാലകത്തിന്റെ ചട്ടക്കൂടിനുള്ളില്‍ ഒരു മുഷിഞ്ഞ ചിത്രംപോലെ തോന്നിച്ചു. പുറമതിലിന്റെ കല്‍വിളക്കില്‍ ഇരുട്ടുംവരെ മുനിഞ്ഞു കത്താറുള്ള തിരിനാളം ഇന്നു കാണുന്നില്ല.

അതോര്‍ത്തപ്പോള്‍ മനസ്സ് നൊന്തുനടുങ്ങി.

വിനായകക്ഷേത്രത്തിലെ ചുറ്റുവിളക്കുകള്‍ കൊളുത്താറുള്ള ഇന്ദുശേഖരന്‍ പാവം, ഇന്നലെ അയാളുടെ ഊഴമായിരുന്നല്ലോ. നിരത്തില്‍നിന്ന് ക്ഷേത്രത്തിലേക്കു കയറുന്ന പടവുകളില്‍ തുറിച്ച കണ്ണും തുറന്ന വായുമായി ചത്തുമലച്ചു കിടന്ന ഇന്ദുശേഖരന്റെ രൂപം, ഇന്നു പ്രഭാതത്തില്‍ കണ്ടത് ഇപ്പോഴും മനസ്സില്‍ മൂര്‍ത്തമായിക്കിടക്കുന്നു.

ഇന്ദുശേഖരന്‍ എങ്ങനെ മരിച്ചു എന്നന്വേഷിക്കേണ്ടതില്ല. ഇന്ദുവിനു ശേഷമാര് എന്ന് വിഹ്വലതയോടെ ചിന്തിച്ചു കൊണ്ടാല്‍ മതി.

രണ്ട്

വിദൂരതയിലെ ഇല്ലിക്കാടുകള്‍ക്കുള്ളില്‍ സൂര്യന്‍ വീണുപോകുന്നതും വഴികള്‍ വിജനമാകുന്നതും എത്രപെട്ടെന്ന്. ഒച്ചയും അനക്കവും ഒടുങ്ങുന്ന വഴിയോരത്തെ വീടുകള്‍ക്കുള്ളില്‍ വിറപൂണ്ട വിളക്കിന്‍നാളവും നോക്കി ഗ്രാമീണര്‍ വീര്‍പ്പടക്കുന്നു.

ഇന്ന് ആരുടെ ഊഴം?

എനിക്ക് എന്റെ സന്ധ്യകള്‍ നഷ്ടപ്പെട്ടു. സായന്തന സൗഹൃദസല്ലാപങ്ങള്‍ നഷ്ടപ്പെട്ടു.

വയല്‍ക്കരയിലെ ബുദ്ധപ്രതിമയ്ക്കു ചുവട്ടിലെ രാവേറെച്ചെല്ലുവോളം നീളുന്ന ആശയ സംഘട്ടനങ്ങളുടെ അനര്‍ഘവേളകള്‍ അവസാനിച്ചു.

മഴ പെയ്തു വരുംപോലെ വയല്‍ക്കിളികളുടെ ചിറകടിയൊച്ച കേള്‍ക്കുമ്പോള്‍ ഹൃദയതാളം മുറുകുന്നു. കാരണം അത് അസ്തമയത്തെ ഓര്‍മ്മിപ്പിക്കുന്നു.

ഒരിക്കല്‍ ഇതിനായി കാതോര്‍ത്തു ദാഹിച്ച് അസ്തമയത്തെ കാത്തിരുന്നിട്ടുണ്ട്. ഇന്ന് അസ്തമയം അങ്കലാപ്പാണ്.

ജീവിതം ഞങ്ങള്‍ക്കിവിടെ ശാന്തമായി ഒഴുകുന്ന ഒരു പുഴയായിരുന്നു.

പുഴയുടെ ഭാഷ ഞങ്ങള്‍ പഠിച്ചു. പുഴയോടു ഞങ്ങള്‍ സംസാരിച്ചു.

പുളിനങ്ങളുടെ ആര്‍ദ്രതയില്‍ ഞങ്ങള്‍ പര്‍ണ്ണശാലകള്‍ കെട്ടി. പുഴയെ ഞങ്ങള്‍ സ്നേഹിച്ചു.

എന്നാല്‍ ഒരു ഉരുള്‍ പൊട്ടലില്‍ എല്ലാം കടപുഴകി.

മൂന്ന്

ഒരു മാസം മുമ്പാണ്.

രാത്രിയുടെ നീരവയാമത്തിന്റെ മൗനഗീതം മുറിഞ്ഞു പോകയും നിറനിലാവു മായുകയും പ്രേതത്തിന്റെ മുഖത്തെ വിളര്‍ച്ച പോലെ അരണ്ട മഞ്ഞ നിറം ഗ്രാമത്തെ ഗ്രസിക്കുകയും ചെയ്ത രാത്രിയുടെ ആ ദ്വിതീയ യാമത്തില്‍ നിരത്തിന്റെ തെക്കുനിന്ന് ഒരു ശബ്ദം കേള്‍ക്കായി. വളരെ വേഗം അടുത്തുകൊണ്ടിരുന്നു. ഏകാഗ്രതയെ ചവിട്ടി മെതിച്ചുകൊണ്ട് അഭേദ്യമായ ഒരു ശാക്തിക പ്രവാഹംപോലെ അതു കടന്നുപോകുമ്പോഴേക്കും സംഭ്രാന്തിയോടെ ഞാന്‍ വീണുപോയി. ചാട്ടവാര്‍ ഏറ്റപോലെ അന്തഃകരണം പിടഞ്ഞുകൊണ്ടിരുന്നു.

പൊടുന്നനെ എല്ലാം ശാന്തമായി. സര്‍വ്വത്ര നിശ്ശബ്ദം.

എന്തായിരുന്നു അത്?

ആ ശബ്ദം.

സമനില വീണ്ടെടുത്തു ഞാനാലോചിച്ചു.

ഒരു കുതിരയുടെ കുളമ്പടിയൊച്ചയായിരുന്നോ?

എന്നു വേണമല്ലോ അനുമാനിക്കാന്‍. ബുദ്ധി അതാണുപദേശിക്കുന്നത്.

എങ്കില്‍ അതാരുടെ കുതിര?

എവിടെ നിന്നു വരുന്നു?

എങ്ങോട്ടു പോയി?

ഈ രാത്രിയില്‍ ഇത്രയധികം കലാപത്തോടെ എന്തിനുവേണ്ടി അതു പാഞ്ഞുപോയി?

ആരെങ്കിലും സവാരി ചെയ്തതാമോ?

എങ്കില്‍,

ആ അശ്വാരൂഢനാര്?

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ എല്ലാം കൂടി ഉള്ളില്‍ കെട്ടുപിണഞ്ഞു കുരുക്കുവീണു.

എനിക്കു ശ്വാസം മുട്ടുന്നു.

ഞങ്ങളുടെ ഗ്രാമത്തിലാര്‍ക്കും കുതിരയുള്ളതായി അറിവില്ല. പലരും കുതിരയെ കണ്ടിട്ടുള്ളവര്‍ പോലുമല്ല.

ഞങ്ങള്‍ക്കു കുതിരയുടെ ആവശ്യമില്ല. കുതിര സവാരി വശമുള്ളവരല്ല ഞങ്ങള്‍. എന്തിനു കുതിരപ്പുറത്തു സഞ്ചരിക്കണം? നല്ല ഒന്നാംതരം കാളകള്‍ ഞങ്ങള്‍ക്കുണ്ട്. വയലില്‍ പൂട്ടാന്‍. പിന്നെ ധാരാളം പശുക്കളും. പശുവിന്‍ പാല്‍ ഞങ്ങളുടെ ഇഷ്ട പാനീയമാണ്. അതിഥികള്‍ക്കു പാല്‍ കൊടുത്തു സല്‍ക്കരിക്കുക ഗ്രാമത്തിന്റെ ആചാരമാണ്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കു ധാരാളം പശുക്കളെ വളര്‍ത്തേണ്ടതുണ്ട്.

എന്നാല്‍ ഒരു കുതിരയുടെ ആവശ്യം?

നാല്

എന്റെ ഒറ്റക്കമ്പി വീണയുടെ തന്ത്രി മുറിഞ്ഞു പോയിരിക്കുന്നു.

ഇതെപ്പോള്‍ സംഭവിച്ചു.

മുറിഞ്ഞുപോയ കമ്പി ബന്ധിക്കാന്‍ ഞാന്‍ വീണ കൈയിലെടുക്കവേ പുറത്തെവിടെയോ ഒരു നിലവിളി കേട്ടു.

തിടുക്കപ്പെട്ട് വീടിനു പുറത്തിറങ്ങി ഞാന്‍ ശ്രദ്ധിച്ചു. നിലവിളിയുടെ ഇടമുറിയാത്ത ധാരയിലൂടെ വഴിയിലേക്കിറങ്ങി. അപ്പോഴേക്കും നിരത്ത് മനുഷ്യരെക്കൊണ്ടു നിറഞ്ഞു കഴിഞ്ഞിരുന്നു. ആള്‍ക്കൂട്ടത്തില്‍ എന്റെ ചങ്ങാതിമാരെയും ഞാന്‍ തിരിച്ചറിഞ്ഞു.

അസാധാരണമായതെന്തോ സംഭവിച്ചിട്ടുണ്ട് തീര്‍ച്ച.

ഞങ്ങളെല്ലാവരും കൂടി നിലവിളി കേള്‍ക്കുന്ന വീട്ടിലേക്കു കുതിച്ചു.

അത് ലോഹിതാശ്വന്റെ വീടായിരുന്നു. ഞങ്ങള്‍ക്കു ദിനവും തേച്ചുകുളിക്കാന്‍ നല്ല എള്ളെണ്ണ കൊണ്ടുവന്നു തരുന്നത് ലോഹിതാശ്വന്‍ ആയിരുന്നു. അയാളുടെ വീട്ടില്‍ ആര്‍ക്ക് എന്തുപറ്റി?

ആള്‍ക്കൂട്ടത്തിനിടയിലൂടെ നൂഴ്ന്നുകയറി ഞാന്‍ നോക്കി. ഒന്നേ നോക്കിയുള്ളു. ഹൃദയം കിടിലംകൊണ്ടു തുള്ളിവിറച്ചു. വേദനയോടെ ഞാന്‍ വഴിയിലേക്കിറങ്ങിനിന്നു. ഭീകരമായ എന്തോ കണ്ട മുഖഭാവവുമായി ലോഹിതാശ്വന്‍ മരിച്ചു കിടക്കുന്നു. പുറത്തേക്കു തുറിച്ചു തൂങ്ങിയ കണ്ണകളെ നേരിടാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല.

പുരയിടത്തിന്റെ കോണിലെ ഇരുട്ടില്‍ ഏതോ ചരിത്രാതീത ജന്തുവിന്റെ പേടിപ്പെടുത്തുന്ന രൂപം പോലെ ലോഹിതാശ്വന്റെ ചക്ക്. ചക്കു തിരിക്കുന്ന അയാളുടെ കാളകള്‍ വെകിളിയെടുത്ത് ഓടിപ്പോയിരിക്കുന്നു.

ആളുകള്‍ കൂട്ടങ്ങളായി ചിതറിനിന്ന് അടക്കം പറയുന്നു.

- ഭയാനകമായ എന്തോ കണ്ടു പേടിച്ചതുപോലുണ്ട് ലോഹിതാശ്വന്റെ മുഖം അല്ലേ?

ആരോ ചോദിക്കുന്നു.

- ശരിയാണ്.

ആരോ പിന്‍താങ്ങുന്നു.

- അസമയത്തു പാഞ്ഞുപോയ അജ്ഞാതജന്തുവിനെ ലോഹിതാശ്വന്‍ കണ്ടിരിക്കുമോ?

ആരോ സംശയിക്കുന്നു.

- അജ്ഞാത ജന്തുവിന്റെ ആഗമനവും ലോഹിതാശ്വന്റെ അപമൃത്യുവും തമ്മില്‍ എന്തെങ്കിലും ബന്ധം....?

ആരോ സംശയിക്കുന്നു.


ഹൃദയത്തിനു മീതേ ആരുടെയോ തണുത്ത കൈപ്പത്തി സാവധാനം അമരുന്നതുപോലെ എനിക്കു തോന്നി. ദേഹം കുളിര്‍കോരി. സ്വന്തം പാര്‍പ്പിടത്തിലേക്കു ഞാന്‍ ഓടുകയായിരുന്നു.

അഞ്ച്

പിന്നീടു വന്ന ദിവസങ്ങളിലൂടെ പൊയ്പ്പോയ ജീവനസംഗീതത്തിന്റെ താളം ഒരുവിധം ഞങ്ങള്‍ വീണ്ടെടുത്തു.

സന്ധ്യയുടെ സൗന്ദര്യം വീണ്ടും ദര്‍ശിച്ചു.

ബുദ്ധ പ്രതിമയ്ക്കു ചുവട്ടിലെ ചര്‍ച്ചകള്‍ക്കു ജീവന്‍ തുടിച്ചു.

ഗ്രാമക്ഷേത്രത്തില്‍ പരദേവതയെ തൊഴുതു മടങ്ങുന്ന കന്യകമാരുടെ പാദരാഗങ്ങള്‍ പുരണ്ട് നടക്കാവുകള്‍ ചുവന്നു. എങ്കിലും അസമയത്തു കടന്നുവന്ന അജ്ഞാതജീവിയേയും കുളമ്പടിപോലെ തോന്നിച്ച ശബ്ദത്തേയും ലോഹിതാശ്വന്റെ മരണത്തിനു പിന്നിലെ ദുരൂഹതയേയും ഞങ്ങള്‍ നിശ്ശേഷം മറന്നിരുന്നില്ല. ആരുമൊന്നും സംസാരിക്കാതിരുന്നത് മനഃപൂര്‍വ്വമാണ്. എന്തിനു മനഃശാന്തി കെടുത്തണം?

ഒറ്റക്കമ്പി വീണയില്‍ മീട്ടുന്ന രാഗങ്ങള്‍ക്കു ഞാനറിയാതെ ശോകഭാവം കലരുമ്പോള്‍ വീണ താഴത്തുവച്ച് ഞാനുറങ്ങാന്‍ കിടക്കുന്നു.

ഒരു ദിവസം ഉറക്കത്തില്‍ ഞാന്‍ ദേശികനെ സ്വപ്നം കണ്ടു. തീര്‍ത്ഥാടനത്തിനു പോയ ദേശികന്‍ അതു പൂര്‍ത്തിയാക്കാതെ ഗ്രാമത്തെ ഗ്രസിച്ചിരിക്കുന്ന അത്യാഹിതം ആത്മാവിനാല്‍ തൊട്ടറിഞ്ഞ് തിടുക്കത്തില്‍ മടങ്ങിവരുന്നതാണ് കണ്ടത്. ഗ്രാമ മദ്ധ്യത്തിലെ മരതകക്കുന്നിന്റെ നിറുകയില്‍ ബോധിവൃക്ഷത്തണലിലെ ആശ്രമം ഇന്ന് ഏകാന്തമാണ്. ഞങ്ങള്‍ക്കുണ്ടാകുന്ന ദാര്‍ശനിക സമസ്യകളുടെ ഉത്തരം ദേശികനില്‍ നിന്നാണ് ലഭിക്കുക. അദ്ദേഹമൊന്നു വേഗം വന്നെങ്കില്‍...

ആറ്

ജലാശയത്തില്‍ വീണ പക്ഷിയുടെ ചിറകടിപോലെ നെഞ്ചിനുള്ളില്‍ ഹൃദയതാളം മുറുകുകയും ഞാന്‍ നടുങ്ങി ഉണരുകയും ചെയ്ത നിമിഷം... അതാ കേള്‍ക്കുന്നു... തെക്കുനിന്നുതന്നെ.... ആ ശബ്ദം... ശാക്തിക പ്രവാഹം....

ഞാന്‍ ഉരുണ്ടെഴുന്നേറ്റു.

വാതിലില്‍ ചാരി നിന്നു കിതച്ചു.

സമസ്തവും വിഴുങ്ങുന്ന പ്രചണ്ഡതാളത്തോടെ അതു കടന്നുപോയി.

തുടര്‍ന്ന് ഏകാന്തവും ഭീകരവുമായ നിശ്ശബ്ദത.

അതീവ ശ്രദ്ധയോടെ ഞാന്‍ നിന്നു.

എവിടെ നിന്നെങ്കിലും നിലവിളി കേള്‍ക്കുന്നുണ്ടോ? ഇല്ല. സമാധാനമായി.

പൊടുന്നനെ ഗ്രാമവീഥി ഉണര്‍ന്നു. ആളനക്കങ്ങളെങ്ങും. വാതില്‍പ്പാളിയിലൂടെ നോക്കുമ്പോള്‍ ചെറുപ്പക്കാര്‍ മുഴുവനുമുണ്ട്. എല്ലാവരും കൈവിളക്കുകളേന്തിയിരിക്കുന്നു. ചിലര്‍ കാല്പാടുകള്‍ പിന്തുടര്‍ന്നുപോയി. ക്രമേണ ഓരോരുത്തരായി ഒറ്റതിരിഞ്ഞ് ഒഴിഞ്ഞു തീര്‍ന്നു.

പ്രഭാതമായി.

രാവിലെ കാലികളെ മേയ്ക്കാന്‍പോയ നചികേതന്‍ എന്ന ബാലന്‍ ഉറക്കെക്കരഞ്ഞുകൊണ്ട് ഓടിവന്നു. നചികേതന്‍ ചൂണ്ടിയ ഇടത്തേക്ക് ഗ്രാമം കുത്തിയൊഴുകി. ഒഴുക്കില്‍പെടാതെ ഞാന്‍ ചാലുമാറി നടന്നു.

വയല്‍ വരമ്പത്തു മരിച്ചു കിടന്ന ദേവപാലന്റെ മുഖം ഒന്നു സങ്കല്പിക്കാന്‍പോലും ഞാനശ്ശക്തനായി. വയലില്‍ രാത്രി കാവലേറ്റിരുന്ന ദേവപാലന്റെ ഞാറ്റുപാട്ടുകള്‍ രാവേറെച്ചെല്ലുവോളം കേട്ടവരുണ്ട്. ഇനി അതു കേള്‍ക്കേണ്ട. പോയ നിശയില്‍ അതു പൊലിഞ്ഞുപോയി. വയല്‍ നടുവിലെ കാവല്‍മാടം ശൂന്യമായി.

ഏഴ്

തുളസിപ്പാടത്തെ പ്രദക്ഷിണം വച്ചു വന്ന പുലരിക്കാറ്റ് ഗ്രാമകവാടം കടന്ന ഒരു വിഭാതത്തില്‍ ദേശികന്‍ തിരിച്ചെത്തി.

ആശ്രമാങ്കണത്തില്‍ കൂടിയിരുന്ന ഞങ്ങളുടെ ശിരസ്സിലും തോളിലും പൊഴിഞ്ഞുവീണ അരയാലിലകള്‍ തങ്ങിനിന്നു. അസ്സമയത്തണയുന്ന അജ്ഞാത ജന്തുവിനെക്കുറിച്ച് ദേശികന്റെ വിശദീകരണത്തിനായി ഞങ്ങള്‍ കാതോര്‍ത്തു.

നീണ്ടുനിന്ന മൗനസാധനയ്ക്കുശേഷം ദേശികന്‍ മിഴികള്‍ തുറന്നു.

നിറഞ്ഞു തുളുമ്പിയ കണ്ണുകള്‍.

ആ കാഴ്ച ഞങ്ങളെ പരിഭ്രമിപ്പിച്ചു. ജലാര്‍ദ്രമായ മിഴികളാല്‍ അദ്ദേഹം ഞങ്ങളെ ഒരുവട്ടമുഴിഞ്ഞു.

''-എന്റെ കുട്ടികളേ... പൂര്‍വ്വികരുടെ മാര്‍ഗ്ഗം തേടിയ പരേതര്‍ക്കായി നമ്മള്‍ക്കു പ്രാര്‍ത്ഥിക്കാം...''

വീണ്ടും മൗനസാധനയുടെ വല്മീകത്തിനുള്ളിലായി അദ്ദേഹം.

നാഴികകള്‍ കടന്നുപോയി. പടിഞ്ഞാറെ ഇല്ലിക്കാടുകള്‍ സൂര്യനു പരമശയ്യ ഒരുക്കിത്തുടങ്ങി. ദേശികന്‍ സമാധിയില്‍ നിന്നുമുണര്‍ന്നില്ല. ഒരിക്കലും...

പിന്നീടൊരിക്കലും ആ കുന്നിന്‍പുറം ഞാന്‍ കണ്ടിട്ടില്ല. അശ്വത്ഥത്തിന്റെ ശാഖാഗ്രങ്ങള്‍ കണ്ടു കൈകൂപ്പും, താഴ്വരയില്‍ നിന്ന്.

എട്ട്

അയല്‍ഗ്രാമത്തില്‍ പോയി മടങ്ങിയ സിദ്ധിവിനായകന്‍ ഒരു വാര്‍ത്തയും കൊണ്ടുവന്നു.

''പട്ടേരിയുടെ ഇല്ലത്ത് ആരോ പൊറുതി....''

അതൊരു പുതിയ അറിവായിരുന്നു. ആരായാലും അദ്ദേഹം ഞങ്ങളുടെ അതിഥിയാണ്. 'അതിഥി ദേവോ ഭവ...' എന്ന മന്ത്രം ഉരുക്കഴിച്ചു ജീവിക്കുന്നവരാണല്ലോ ഞങ്ങള്‍. അതിഥിയും അഗ്‌നിയും ഒരുപോലെ ആദരവര്‍ഹിക്കുന്നു. അതിഥിയെ വഴിപോലെ സ്വീകരിച്ചാദരിക്കാന്‍ കഴിയാതെ പോയ വ്യഥയില്‍ ഞങ്ങള്‍ സ്വയം ശപിച്ചു.

പാല്‍ക്കുടങ്ങളും തലയിലേറ്റി സിദ്ധിവിനായകന്റെ പിന്നാലെ ഞങ്ങള്‍ വേഗം നടന്നു. വേഗം വേഗം നടന്നു.

സംവത്സരങ്ങളായി ഗ്രാമത്തിന് അന്യവും അപരിചിതവുമായ പട്ടേരി ഇല്ലം. സംവത്സരങ്ങളായി ആള്‍പ്പാര്‍പ്പില്ലാത്ത ഇല്ലം. ഗ്രാമഭൂവില്‍നിന്നു വിട്ട് നീലക്കൊടുവേലിക്കാട്ടിന്‍ നടുവിലെ പുരാതന ഇല്ലം.

വളര്‍ച്ചയുടെ ഒരു ഘട്ടമെത്തുമ്പോള്‍ വിചിത്രാകൃതികള്‍ സ്വീകരിക്കുന്ന വൃക്ഷങ്ങള്‍ക്കിപ്പുറം ഞങ്ങള്‍ നിന്നു.

രാപാര്‍ക്കുന്ന കറുത്ത കൊക്കുകളുടെ പുരീഷം വീണു നിറംമങ്ങിയ മണ്ണ്.

എട്ടുകെട്ടും മാളികയും ചെങ്കല്ലിലെ ആര്‍ച്ചുപോലത്തെ കവാടവും ഞങ്ങള്‍ക്കിപ്പോള്‍ കാണാം.

അടഞ്ഞ കവാടത്തിനു മുന്നില്‍ ഒരു സത്വം. സത്വത്തിന്റെ ജാഗരൂകതയില്‍ നിന്ന് അതു ദ്വാരപാലകനാണെന്നു മനസ്സിലായി. കടുത്ത വര്‍ണ്ണത്തില്‍ കഴുത്തു മുതല്‍ പാദം വരെ തൂങ്ങുന്ന അയഞ്ഞ കുപ്പായത്തിനുള്ളില്‍ ഒളിഞ്ഞുനിന്ന ആ സത്വത്തിനോടടുത്തുകൊണ്ട് ഞങ്ങളിലാരോ പറഞ്ഞു.

''ഞങ്ങള്‍ ഈ ഗ്രാമവാസികള്‍. ഞങ്ങള്‍ അതിഥി സല്‍ക്കാരത്തിനെത്തിയിരിക്കുന്നു...''

സത്വത്തിന്റെ മുഖം ഞങ്ങളുടെ നേര്‍ക്കു തിരിഞ്ഞു. അറപ്പുണ്ടാക്കുന്ന മുഖം. തികട്ടിവന്ന ഓക്കാനം ഞാന്‍ പാടുപെട്ടടക്കി.

''-ആരാണു നിങ്ങളുടെ അതിഥി?''

അഗാധമായ കുഴിയില്‍ വീണുപോയ ഏതോ ജന്തുവിന്റെ മുരള്‍ച്ചപോലത്തെ ശബ്ദം. അതു കേട്ടു ഞങ്ങള്‍ പേടിച്ചു.

''-പട്ടേരിയില്ലത്ത് ആരോ പാര്‍ക്കുന്നുണ്ടെന്നു കേട്ടു. അതാരാണാവോ?''

''എന്റെ യജമാനന്‍. അദ്ദേഹം ആരുടെയും അതിഥിയല്ല.''

ഞങ്ങള്‍ കുഴഞ്ഞു. കുഴഞ്ഞ ശബ്ദത്തില്‍ ഞങ്ങള്‍ തിരക്കി-

''യജമാനന്‍ എന്നു പറഞ്ഞാല്‍?'

''അഘോരരുദ്രന്‍ എന്നു കേള്‍ക്കാത്തവരായി ആരുണ്ട് ഭൂമിയില്‍...?''

മരങ്ങളില്‍ കറുത്ത കൊക്കുകളുടെ വിലാപങ്ങളുയര്‍ന്നു. അവ പറ്റത്തോടെ ആകാശത്തേക്കു നടുങ്ങിത്തെറിച്ചു.

''- അദ്ദേഹത്തെ ഒന്നു കാണാമോ?''

''സാദ്ധ്യമല്ല. ഉറക്കമാണ്.''

''ഉണരുവോളം നില്‍ക്കാം....''

''വേണ്ട... അസ്തമയം കഴിയും വരെ യജമാനന്‍ ഉണരില്ല. അതു കഴിഞ്ഞാല്‍ അമൃതേത്തിനു പോകും. അശ്വാരൂഢനായി....''

അശ്വാരൂഢനായി?

അതു കേട്ടതും ഞങ്ങള്‍ പിന്തിരിഞ്ഞോടി. ഓടുന്നതിനിടയില്‍ ഞങ്ങള്‍ വീണു. വീണുരുണ്ടു. ഉരുണ്ടെഴുന്നേറ്റു. വീണ്ടുമോടി. ഓട്ടത്തിനിടയില്‍ ഞങ്ങളുടെ കാലുകള്‍ പരസ്പരം പിണഞ്ഞു കൂട്ടിയിടിച്ചു. കാലുകള്‍ തട്ടി പിന്നെയും വീണു. വീണ്ടും എഴുന്നേറ്റോടി.... നില്‍ക്കാതെ... എങ്ങോട്ടെന്നില്ലാതെ.

ഒന്‍പത്

ഗ്രാമാകാശത്തിന്റെ ഇന്ദ്രനീലിമ മാഞ്ഞു. കാര്‍മേഘങ്ങളലഞ്ഞു. മേഘഛായയില്‍ ഗ്രാമമുഖം കരിവാളിച്ചു. മേഘപാളികള്‍ക്കിടയിലൂടെ പൊട്ടിവീഴുന്ന വെയിലിന്റെ വായ്ത്തലയേറ്റ് കറുകനാമ്പുകള്‍ കരിഞ്ഞു.

കരിഞ്ഞ കറുകനാമ്പുകള്‍ക്കു മീതേ ഞാന്‍ മലര്‍ന്നു കിടന്നു. അഘോരരുദ്രന്റെ കുതിരയുടെ വഴിത്താരയില്‍.

 

 

  comment

  LATEST NEWS


  സിപിഎം-കോണ്‍ഗ്രസ് സഖ്യം; ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപ്പഞ്ചായത്ത് ഭരണത്തില്‍ നിന്നും ബിജെപി പുറത്ത്


  അനധികൃതമായി രാജ്യത്ത് പ്രവേശിക്കല്‍: മെഹുല്‍ ചോക്‌സിക്കെതിരായ കേസ് ഡൊമിനിക്ക റദ്ദാക്കി; തിരിച്ചെത്തിക്കാനുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് തിരിച്ചടി


  ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവല്‍; ഗൂഢാലോചന കേസില്‍ അന്വേഷണ സംഘം മൊഴിയെടുത്തു


  ആത്മനിര്‍ഭര്‍; ഇന്ത്യന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള 5ജി പരീക്ഷണം സമ്പൂര്‍ണ വിജയം


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.