×
login
ചെറുകഥ: സൈനുല്‍ സൈക്കിള്‍സ്- ശ്രീജിത്ത് മൂത്തേടത്ത്

സൈക്കിളില്‍ രണ്ടായിരത്തിയഞ്ഞൂറോളം കിലോമീറ്റര്‍ അകലെയുള്ള കേരളത്തില്‍നിന്നും ആസാം വരെ യാത്രചെയ്തുവന്നുവെന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് അത്ഭുതപ്പെടാതിരിക്കാന്‍ കഴിയുക

ഇനിയുമൊരു മുന്നൂറ് കിലോമീറ്റര്‍ കൂടെ ചവിട്ടിയാല്‍ ഗ്രാമത്തിലെത്തും. എങ്ങുനിന്നോ വന്ന വെളുത്ത പക്ഷികള്‍ പാതയോരത്തെ മരച്ചില്ലയില്‍ കൂട്ടമായി പറന്നിറങ്ങി. യാത്രയില്‍ പലയിടത്തും ഈ പക്ഷികളെ കണ്ടിട്ടുണ്ടല്ലോയെന്ന് സൈനുല്‍ ഓര്‍ത്തു. ഒരു പക്ഷെ ദേശാടനപ്പക്ഷികളായിരിക്കും. കാലാവസ്ഥയുടെ മാറ്റത്തിനനുസരിച്ച് അനുകൂലദേശങ്ങള്‍ തേടി സഞ്ചരിക്കുകയാകാം. യാത്രയിലെ വിശ്രമകേന്ദ്രമാകാം ഈ മരം. മരച്ചുവട്ടിലേക്ക് സൈക്കിള്‍ ഒതുക്കിനിര്‍ത്തി സൈനുലും വിശ്രമിക്കാനിരുന്നു. കുപ്പിയിലെ വെള്ളം കുടിച്ചു. പ്ലാസ്റ്റിക് കടലാസില്‍ പൊതിഞ്ഞുസൂക്ഷിച്ചിരുന്ന ചപ്പാത്തിയും സബ്ജിയും എടുത്തു കഴിച്ചു. ഗോഹട്ടി റയില്‍വേസ്റ്റഷന് സമീപമുള്ള പാന്‍ബസാറില്‍ നിന്നും കിട്ടിയതായിരുന്നു ഭക്ഷണപ്പൊതി. മനുഷ്യര്‍ എത്ര നന്മയുള്ളവരാണെന്ന് സൈനുല്‍ ആലോചിച്ചു. ഇങ്ങനെയൊന്നുമായിരുന്നില്ല വിചാരിച്ചത്. രോഗം മനുഷ്യരെയൊന്നാകെ മാറ്റിയിരിക്കുന്നു. ഇന്ത്യാമഹാരാജ്യത്തിന്റെ തെക്കേയറ്റത്തുനിന്നും യാത്രതിരിച്ച് ഇതാ ഇവിടെത്തുംവരെ എത്രയധികം മനുഷ്യരെ കണ്ടു! പല ഭാഷകള്‍ സംസാരിക്കുന്നവര്‍. വേഷങ്ങളണിഞ്ഞവര്‍. അരിയും ചോളവും ഗോതമ്പും ഭക്ഷിക്കുന്നവര്‍. എല്ലാവരിലും കരുണയുണ്ട്. ഭക്ഷണം തരാനോ, ഉറങ്ങാനിടം തരാനോ, സഹായിക്കാനോ മടിയില്ല. ഈയാത്രയുടെ പ്രധാനഗുണവും അതുതന്നെയാണല്ലോ. കുറച്ചധികം ബുദ്ധിമുട്ടിയാലെന്താ, ഒരുപാടുപേരെ കാണാന്‍ സാധിച്ചല്ലോ. പലതരം മനുഷ്യര്‍. പോലീസുകാരും പട്ടാളക്കാരും ഉദ്യോഗസ്ഥരും കച്ചവടക്കാരും സാധാരണക്കാരുമായ ഒട്ടനവധിപേര്‍.

തുമി കൂട്പാറ ആയിസേ?

കേരല്‍പ്പാറ ആയിസേ.

എവിടെനിന്നും വരുന്നുവെന്ന ചോദ്യത്തിന് കേരളത്തില്‍ നിന്നുമെന്ന് മറുപടിപറഞ്ഞപ്പോള്‍ അവര്‍ വാ പൊളിച്ചിരുന്നുപോയി. കേരളത്തില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ വന്നുനില്‍ക്കാറുള്ള തീവണ്ടിയില്‍ വന്നുചേരാറുള്ളവരെ അവര്‍ കണ്ടിട്ടുണ്ട്. വലിയ പത്രാസോടെ പുതിയ കുപ്പായങ്ങളണിഞ്ഞ്, കൈനിറയെ പണവുമായാണവര്‍ സ്റ്റേഷനിലിറങ്ങി സമീപത്തെ കടകളിലേക്ക് വന്നുകയറാറ്. കണ്ണില്‍ കാണുന്നതൊക്കെയവര്‍ വാങ്ങിക്കൂട്ടും. ഇതാ, പകിട്ടൊന്നുമില്ലാതെ, പഴയ വസ്ത്രങ്ങളണിഞ്ഞ് സൈക്കിള്‍ ചവിട്ടിക്കൊണ്ട് ഒരുവന്‍!

കേരല്‍പ്പാറ? ഇമ്മന്‍ ദൂര്‍ സൈക്കിളാത്!

സൈക്കിളില്‍ രണ്ടായിരത്തിയഞ്ഞൂറോളം കിലോമീറ്റര്‍ അകലെയുള്ള കേരളത്തില്‍നിന്നും ആസാം വരെ യാത്രചെയ്തുവന്നുവെന്ന് പറഞ്ഞാല്‍ ആര്‍ക്കാണ് അത്ഭുതപ്പെടാതിരിക്കാന്‍ കഴിയുക? ബുദ്ധിമുട്ടൊന്നും കൂടാതെ ഇത്രടമെത്താന്‍ കഴിഞ്ഞല്ലോയെന്ന് സൈനുല്‍ നെഞ്ചില്‍ കൈവെച്ച് ആശ്വസിച്ചു. ഒരുമാസത്തോളമായി സൈക്കിള്‍ ചവിട്ടാന്‍ തുടങ്ങിയിട്ട്. രാത്രി കഴിച്ചുകൂട്ടാന്‍ നദികളുടെ പാലങ്ങള്‍ക്കടിയിലും ബസ് സ്റ്റേഷനുകളിലും റയില്‍വേസ്റ്റേഷനിലുമൊക്കെ പോയി കിടന്നപ്പോള്‍ രണ്ടുമൂന്നുതവണ പോലീസുകാര്‍ പിടിച്ചുകൊണ്ടുപോയി കോവിഡ് അഭയകേന്ദ്രങ്ങളില്‍ താമസിപ്പിച്ചതുമാത്രമാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. അതും ബുദ്ധിമുട്ടെന്നൊന്നും പറയാനാകില്ല. കിടക്കാന്‍ പുതിയ പായയും തലയിണയും പുതയ്ക്കാന്‍ കട്ടിയുള്ള തുണിയും കഴിക്കാന്‍ രുചിയുള്ള ആഹാരവും കിട്ടി. രോഗമുണ്ടോയെന്നുള്ള പരിശോധനയും ഫലം വരാനുള്ള കാലതാമസവും ലക്ഷ്യത്തിലെത്താനുള്ള സമയം വൈകിപ്പിച്ചുവെന്നത് ശരിയാണ്. പക്ഷെ അതൊരു ബുദ്ധിമുട്ടായി തോന്നിയില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

റിസല്‍ട്ട് നെഗറ്റീവാണ്. പോയിക്കോളൂ. ശ്രദ്ധിക്കണം.

ഓരോയിടങ്ങളില്‍ നിന്നും കാരുണ്യം നിറഞ്ഞ ചിരിയോടെ യാത്രയാക്കിയതോടൊപ്പം ഭക്ഷണവും പൊതിഞ്ഞുതന്നയച്ചു. മുഖം മാസ്‌കുകൊണ്ട് മൂടിയതിനാല്‍ ചിരി കാണാന്‍ കഴിഞ്ഞില്ലെങ്കിലും മനസ്സിലെ ചിരി സൈനുലിന് തെളിഞ്ഞുകാണാമായിരുന്നു. അന്തര്‍സംസ്ഥാന യാത്രകളൊക്കെ പുനരുജ്ജീവിപ്പിച്ചതുകൊണ്ട് വേണമെങ്കില്‍ തീവണ്ടിയില്‍ യാത്രചെയ്യാമായിരുന്നു. പക്ഷെ സൈക്കിളില്‍ പോരാനാണ് തോന്നിയത്. തീവണ്ടിയിലാവുമ്പോള്‍ നിറയെ ആളുകളുണ്ടെങ്കിലോ. കേരളത്തിലേക്ക് വന്നതുപോലെയാണെങ്കില്‍ നില്‍ക്കാനും ഇരിക്കാനും പറ്റാത്തവിധം തിരക്കാവും. പുഴുക്കളെപ്പോലെ മനുഷ്യര്‍ നുരച്ചുകയറുന്ന വണ്ടിയില്‍ മാസ്‌കുണ്ടെന്ന് പറഞ്ഞിട്ടെന്തുകാര്യം? നിയന്ത്രണമുണ്ടെന്ന് പറഞ്ഞാലും എത്രത്തോളം നിയന്ത്രിക്കാന്‍ സാധിക്കും? സൈക്കിളിലാകുമ്പോള്‍ സ്വന്തം ഇഷ്ടത്തിനനുസരിച്ച് യാത്രചെയ്യാം. പലനാട്ടിലെ പലതരം മനുഷ്യരെ കാണാം. അവരോടൊത്തിടപഴകാം. ഭക്ഷണം കഴിക്കാം. ഇത്തിരി വൈകുമെന്നല്ലേയുള്ളൂ. സാരമില്ല. എത്രദൂരം ഗ്രാമത്തിലൂടെ റിക്ഷയും വലിച്ചുകൊണ്ട് ഓടിയിരിക്കുന്നു? അതും താങ്ങാവുന്നതിലും ഭാരം വലിച്ചുകൊണ്ട്! ഇപ്പോള്‍ ഭാരം വഹിക്കേണ്ടതില്ലല്ലോ. സൈക്കിളിലാണല്ലോ. ചെറിയൊരു സഞ്ചിയില്‍ ഏതാനും ഉപകരണങ്ങള്‍ മാത്രമാണ് ഒപ്പമുള്ളത്. കാവേരിയും കൃഷ്ണയും തുംഗഭദ്രയും ഗോദാവരിയും മഹാനദിയും ഗംഗയും ബ്രഹ്മപുത്രയും കടന്നുള്ള നീണ്ടയാത്ര.

കൂട്ടുകാരെല്ലാം നാട്ടില്‍ പോയല്ലോ. സൈനുവിന് പോകണ്ടേ?

ജോലിചെയ്തിരുന്ന സൈക്കിള്‍ റിപ്പയറിംഗ് കടയുടെ ഉടമസ്ഥന്‍ ചോദിച്ചിരുന്നു. ബോബുച്ചേട്ടന്‍ എന്നാണ് സൈനു ഉടമസ്ഥനെ വിളിക്കാറ്. സ്വന്തം നാട്ടില്‍ തൊഴിലുടമയെ മാലിക് എന്ന് വിളിക്കണം. അല്ലെങ്കില്‍ ബാബു. രണ്ടിനും മുതലാളിയെന്നോ ഉടമയെന്നോ ആണര്‍ത്ഥം. ഇവിടെയും അങ്ങനെത്തന്നെയായിരിക്കും എന്നാണ് കരുതിയത്. ഉടമസ്ഥനെ ബഹുമാനത്തോടെ ബാബുവെന്ന് വിളിച്ചപ്പോള്‍ അദ്ദേഹമാണ് എന്റെ പേരാണ് ബാബുവെന്നും പേര് വിളിക്കരുതെന്നും നീ ചെറുപ്പമല്ലേ, അതുകൊണ്ട് ബാബുച്ചേട്ടന്‍ എന്നു വിളിച്ചാല്‍ മതിയെന്നും പറഞ്ഞു പഠിപ്പിച്ചത്. ചേട്ടന്‍ എന്നാല്‍ മൂത്തസഹോദരന്‍ എന്നാണര്‍ത്ഥമെന്നും കേരളത്തില്‍ മുതലാളിയെ ചേട്ടന്‍ എന്ന് വിളിക്കാമെന്നും പിന്നീടുള്ള ദിവസങ്ങളില്‍ പഠിച്ചു. ചെയ്യുന്ന പണിക്ക് നല്ല കൂലിയും സ്നേഹവും കിട്ടുമെന്നും മനസ്സിലായി. ഇതൊന്നും നാട്ടില്‍ കിട്ടുമായിരുന്നില്ലല്ലോ.

പോവണം ചേട്ടാ. കുറച്ചൂടെ പണം വേണം. നാട്ടിലെത്തിയിട്ട് ആവശ്യമുണ്ട്.

ചോദിച്ചപ്പോഴെല്ലാം സൈനുല്‍ ഒരേ മറുപടി പറഞ്ഞു. ഒരു സഹോദരിയും അമ്മയുമാണ് സൈനുവിന്. അവന്‍ എട്ടില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്‍ മരിച്ചുപോയത്. മലമ്പനിയായിരുന്നു. ആ കാലത്ത് മലമ്പനിമരണങ്ങള്‍ സാധാരണമായിരുന്നു ആസാമില്‍. പ്രത്യേകിച്ചും സൈനുലിന്റെ തീന്‍സുകിയ ജില്ലയില്‍ മലമ്പനി പടര്‍ന്നുപിടിച്ചു. അവന്റെ ബരാംങ്ങ് ഗ്രാമത്തില്‍ മാത്രം ആവര്‍ഷം നൂറുകണക്കിനാളുകള്‍ മരിച്ചുപോയിരുന്നു. മുപ്പതുകിലോമീറ്റര്‍ നടന്നാലെത്താവുന്ന ബിശ്വനാഥ് ചാര്യാലിയെന്ന ചെറുപട്ടണത്തിലെ ആശുപത്രിയിലും പരിസരത്ത് മുളകൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലും മൃതദേഹങ്ങള്‍ നിരത്തിക്കിടത്തിയത് കണ്ടത് സൈനുവിനോര്‍മ്മയുണ്ട്. അതിനിടയിലായിരുന്നു അവനെയും കിടത്തിയത്. മരിച്ചെന്ന് വിധിയെഴുതിയതായിരുന്നു ഡോക്ടര്‍മാര്‍. അച്ഛന്റെ മൃതശരീരത്തോടൊപ്പം മുളന്തണ്ടുകൊണ്ടുള്ള പല്ലക്കില്‍ കിടത്തി ബന്ധുക്കള്‍ വീട്ടിലേക്ക് കൊണ്ടുവന്നതായിരുന്നു. വീട്ടിലെത്തിയപ്പോള്‍ അമ്മയാണ് മകന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞതും മാറ്റിക്കിടത്തിയതും ബഹളം വെച്ചതും. പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയില്ല. കിടന്നുകിടന്ന് സാവധാനം രോഗം മാറി. ഇടതുകൈക്ക് കുറേക്കാലം സ്വാധീനം കുറവായിരുന്നു. ആ കൈ ഇപ്പോഴും മെല്ലിച്ചിട്ടാണ്. ചെറുപ്പത്തിലേ രോഗങ്ങളും മരണങ്ങളും കണ്ടുവളര്‍ന്നത് കൊണ്ടാകും സൈനുവിന് കോവിഡ് പടര്‍ന്നുപിടിച്ചപ്പോഴും പേടിയൊന്നും തോന്നിയില്ല.

'എനിക്കുമുണ്ട് നിന്നെപ്പോലൊരു പെങ്ങള്‍. അവളെ കെട്ടിച്ചയക്കണം. അതിനുവേണ്ടിയാണീ പാടുപെടുന്നത്.'

സൈക്കിള്‍ റിപ്പയറിംഗ് ഷോപ്പുടമയുടെ മകള്‍ അടുത്തുവരുമ്പോഴും സംസാരിക്കാന്‍ ശ്രമിക്കുമ്പോഴും അവന് സഹോദരിയെ ഓര്‍മ്മവരും. ഇവളുടെ അതേ പ്രായമാണ്. ഒരേ ഉയരം. കണ്ടാലും ഏകദേശം ഒരുപോലെ. അവളോട് സംസാരിച്ചിരിക്കാന്‍ താത്പര്യം തോന്നും. അനിയത്തിയോട് പറയുമ്പോലെയാണ്. കൊഞ്ചിക്കൊഞ്ചിയുള്ള വര്‍ത്തമാനം. അവള്‍ കൂടെക്കൂടെ അവളടുത്തുവരാനും സംസാരിക്കാനും തുടങ്ങിയപ്പോഴാണ് വീട്ടുകാര്‍ വഴക്കുപറയുന്നതും വിലക്കുന്നതും കണ്ടത്. എന്തായിപ്പോ സംസാരിച്ചാല്‍? അവളെന്റെ പെങ്ങളെപ്പോലെയല്ലേ? സൈനു മനസ്സില്‍ പറഞ്ഞു. എങ്കിലും അച്ചടക്കം പാലിക്കേണ്ടത് തുടര്‍ന്നും ജോലിചെയ്യാന്‍ അത്യാവശ്യമാണെന്ന് തിരിച്ചറിഞ്ഞ് സ്വയം പിന്‍മാറി. പ്രായമായൊരു പെണ്‍കുട്ടിയോട് അന്യനായ, അതും അന്യസംസ്ഥാനക്കാരനായ ഒരു ചെറുപ്പക്കാരന്‍ അടുത്തു സംസാരിക്കാന്‍ പാടില്ല. വീട്ടുകാര്‍ക്ക് ഭയം തോന്നും. പല വാര്‍ത്തകള്‍ കേള്‍ക്കുന്നതല്ലേ. തന്റെ കൂട്ടരില്‍ ചിലരുടെ ചെയ്തികളില്‍ സൈനുലിനും സങ്കടം തോന്നാറുണ്ട്. പിന്നീട് ഭാഷയറിയില്ലെന്ന ആനുകൂല്യത്തില്‍ ചോദിച്ചതിനെല്ലാം വിഡ്ഢിച്ചിരി ചിരിച്ച് മണ്ടനെപ്പോലെ നിന്നു. ഭാഷയറിയില്ല എന്നത് ഒരനുഗ്രഹമാണ്. ആവശ്യമുള്ളതുമാത്രം കേട്ടാല്‍ മതിയല്ലോ. അവയ്ക്കുമാത്രം മറുപടി പറഞ്ഞാല്‍ മതി.

'അവള്‍ക്ക് നിന്നോടൊരു ഇളക്കമുണ്ടല്ലോടാ. വേണേല്‍ അടിച്ചോണ്ട് പോയ്ക്കോ.'

വൈകുന്നേരങ്ങളില്‍ കൂട്ടുകാര്‍ വരുമ്പോഴെല്ലാം കളിയാക്കി ചിരിച്ചു.

അപ്പോഴൊക്കെ അവന്‍ സ്വന്തം സഹോദരിയെ ഓര്‍ത്തു. അവളെ കളിയാക്കിയാല്‍ ഉണ്ടാകുന്നതുപോലെ ദേഷ്യം മനസ്സില്‍ നുരഞ്ഞുപൊന്തി. തല്ലാനായി കൈയ്യുയര്‍ത്തിയെങ്കിലും സ്വയം നിയന്ത്രിച്ച് സംയമനം പാലിച്ചു. ദേഷ്യപ്പെട്ട് അടിയുണ്ടാകുന്നവന്‍ എന്ന പേരുവീണാലും ജോലിപോകും.

പണിചെയ്യണം. പണമുണ്ടാക്കണം. അനിയത്തിയെ കെട്ടിച്ചയക്കണം.


പ്രകോപനമുണ്ടാകുമ്പോഴെല്ലാം മനസ്സില്‍ ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടവന്‍ ജോലിയില്‍ മുഴുകി. കുട്ടിക്കാലം മുതലേ എന്തും റിപ്പയര്‍ ചെയ്യാനുള്ള മിടുക്കാണ് സൈക്കിള്‍ റിപ്പയറിംഗില്‍ അവന് മികവുണ്ടാക്കിക്കൊടുത്തത്. നാട്ടിലായിരുന്നപ്പോള്‍ റിക്ഷവലിക്കുന്നതായിരുന്നു ജോലി. അച്ഛന്റെ തൊഴില്‍ ഏറ്റെടുത്തതായിരുന്നു. പണക്കാരായ വലിയ മനുഷ്യരെ ഇരുത്തി വണ്ടി വലിച്ചുകൊണ്ടുപോകണം. മുന്നിലത്തെ മരത്തണ്ട് മാറ്റി ഒരു സൈക്കിള്‍ വാങ്ങി ഘടിപ്പിച്ചാല്‍ സൈക്കിള്‍ റിക്ഷയാക്കി മാറ്റാം. പണമില്ലാത്തതുകൊണ്ട് നടന്നില്ല. അച്ഛന്‍ വലിക്കുമായിരുന്ന റിക്ഷയുടെ ചക്രങ്ങള്‍ മിനുക്കിയും മുളയാണികള്‍ കൂര്‍പ്പിച്ച് വണ്ടിയിലുറപ്പിച്ചും കുറച്ചൊക്കെ വണ്ടി നന്നാക്കല്‍ പഠിച്ചിരുന്നു. റിക്ഷയായാലും സൈക്കിളായാലും ചക്രത്തിലോടുന്നവയാണ്. ചക്രമുറപ്പിക്കുന്ന തണ്ടും തിരിച്ചിലുമൊക്കെ ഏതാണ്ടൊരുപോലെയാണ്. വണ്ടികള്‍ നന്നാക്കാന്‍ പഠിക്കണം. റിക്ഷയും സൈക്കിളുമൊക്കെ. സൈക്കിള്‍ പോലും ആര്‍ഭാടമായിരുന്ന ഗ്രാമമായിരുന്നല്ലോ അവന്റെത്. എങ്കിലും കുറച്ച് പണമുള്ളവര്‍ക്കെല്ലാം സൈക്കിളുണ്ട്. സൈക്കിള്‍ നന്നാക്കാന്‍ പഠിച്ചാല്‍ വരുമാനമുണ്ടാക്കാം. ആരൊക്കെയോ പറഞ്ഞുകേട്ട്, കൂട്ടുകാരോടൊപ്പം ജോലിതേടി കേരളമെന്ന മോഹഭൂമിയിലെത്തിയപ്പോഴും മറ്റുള്ളവരൊക്കെ കെട്ടിടനിര്‍മ്മാണത്തിലും മറ്റ് ജോലികളിലും ചേര്‍ന്നപ്പോള്‍ സൈനുല്‍ ആദ്യം കണ്ട സൈക്കിള്‍ റിപ്പയറിംഗ് കടയുടെ മുന്നില്‍ ചെന്നുനില്‍ക്കുകയായിരുന്നു. സൈക്കിളായിരുന്നു ആകര്‍ഷണം. ഇതുപോലൊരു സൈക്കിള്‍ കിട്ടിയിരുന്നെങ്കില്‍ നാട്ടില്‍ കൊണ്ടുപോയി റിക്ഷയില്‍ ഘടിപ്പിക്കാമായിരുന്നു. ആദ്യം തോന്നിയതതാണ്. പിന്നെ സൈക്കിള്‍ നന്നാക്കാന്‍ പഠിച്ചാലോയെന്നായി ചിന്ത.

ഒരു ജോലിതരുമോ സാര്‍?

ചോദിച്ചപ്പോള്‍ ആകെയൊന്നുഴിഞ്ഞു നോക്കിയതല്ലാതെ ഉടമസ്ഥനൊന്നും പറഞ്ഞില്ല. കടയില്‍ ഒപ്പം നില്‍ക്കുന്നതിന് എതിര്‍പ്പും പറഞ്ഞില്ല. പണി കണ്ടുകണ്ട് എളുപ്പം പഠിച്ചു. പിന്നെ സഹായിയായി കടമുടമയുടെ ഒപ്പംകൂടി. കൂലികൊടുക്കാതെ സഹായിക്കാനൊരുത്തനെ കിട്ടിയപ്പോള്‍ അയാള്‍ക്ക് സന്തോഷമായിക്കാണും. എങ്കിലും ചെറുതായെന്തെങ്കിലും കൊടുക്കും. ഭക്ഷണവും. വൈകുന്നേരങ്ങളില്‍ കൈയ്യില്‍ കിട്ടുന്ന തുച്ഛമായ കൂലിയും കൊണ്ട് കൂട്ടുകാര്‍ കൂട്ടമായി താമസിക്കുന്നിടത്ത് ഉറങ്ങാനായി ചെല്ലുമ്പോള്‍ അവര്‍ കളിയാക്കുമായിരുന്നു. കെട്ടിടനിര്‍മ്മാണത്തിലും മറ്റും തൊഴില്‍ കണ്ടെത്തിയവര്‍ക്ക് ലഭിക്കുന്ന കൂലി അവന് കിട്ടുന്നതിനേക്കാള്‍ വളരെ വലുതായിരുന്നു. സൈക്കിള്‍ റിപ്പയറിംഗ് എളുപ്പം പഠിച്ചെടുത്ത് മിടുക്ക് തെളിയിച്ചപ്പോള്‍ പ്രധാന പണിക്കാരനായി നിയമിക്കപ്പെട്ടു. കൂലികിട്ടിത്തുടങ്ങി. താമസസൗകര്യവും ഭക്ഷണവും ഉടമസ്ഥന്റെ വീടിനോടുചേര്‍ന്ന് തരപ്പെട്ടു. നേരത്തെ കളിയാക്കിയ കൂട്ടുകാരൊക്കെ അമ്പരന്നു. അത്രയും മെച്ചപ്പെട്ട താമസസൗകര്യം അവര്‍ക്ക് സ്വപ്നം മാത്രമായിരുന്നു.

'മിടുക്കനാണ്. വിശ്വസിക്കാന്‍ കൊള്ളാം. നന്നായി പണിതോളും.'

തന്നെക്കുറിച്ചാണ് ഉടമസ്ഥന്‍ പറയുന്നതെന്ന ഭാവമേ സൈനുലിനുണ്ടാവാറില്ല. ചെയ്യുന്ന ജോലിയില്‍ ശ്രദ്ധാലുവായിരുന്നു അവന്‍. വളരെ സൂക്ഷ്മമായി, അതിവൈദഗ്ധ്യത്തോടെ ജോലിചെയ്തു. ഏതുതരം സൈക്കിളും എത്ര പഴയതായിരുന്നാലും പുതുപുത്തന്‍പോലെയാക്കി മാറ്റും. ധാരാളം പേര്‍ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും വരാന്‍ തുടങ്ങി. തിരക്ക് കൂടിയത് കോവിഡിന്റെ തുടക്കത്തോടുകൂടിയണ്. ആളുകള്‍ ബസ്സുപോലുള്ള പൊതുവാഹനങ്ങളുപേക്ഷിച്ച് ചെറിയ യാത്രകള്‍ക്ക് സൈക്കിളുകളും മറ്റ് ഇരുചക്രവാഹനങ്ങളും അന്വേഷിക്കാന്‍ തുടങ്ങിയതില്‍പ്പിന്നെയായിരുന്നു അത്. ഉടമസ്ഥന്‍ പഴയ സൈക്കിളുകള്‍ വിലകൊടുത്തുവാങ്ങുകയും സൈനുല്‍ അവ പണിത് പുതുപുത്തനാക്കുകയും പെയിന്റ് ചെയ്ത് മനോഹരമാക്കി വില്‍ക്കാനും തുടങ്ങിയപ്പോല്‍ വരുമാനം ഒന്നുകൂടെ വര്‍ദ്ധിച്ചു. പുതിയതാക്കിയ സെക്കന്റ്ഹാന്റ് സൈക്കിളുകള്‍ വില്‍ക്കുന്നതിനായി പുതിയൊരു ഷോപ്പ് തുറന്നു. സൈനുലിന് കൂലി കൂടുതല്‍ കിട്ടി. എന്നും കൂട്ടിവെച്ച പണം എണ്ണിനോക്കും. അനിയത്തിയുടെ കല്യാണച്ചെലവിനുള്ളത് ഏകദേശം കൈയ്യിലുണ്ട്. പൊന്നൊന്നും കാര്യമായി കൊടുക്കേണ്ടതില്ല. ഗ്രാമിത്തിലങ്ങനെയൊരു പതിവില്ല. നല്ല വസ്ത്രങ്ങളണിയിച്ച് സുന്ദരിയാക്കി കതിര്‍മണ്ഡപത്തില്‍ നിര്‍ത്തണം. ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും സദ്യകൊടുക്കണം. പെങ്ങളെ പറഞ്ഞയച്ചുകഴിഞ്ഞാല്‍ വീടിനോടുചേര്‍ന്ന് ഒരു സൈക്കിള്‍ റിപ്പയറിംഗ് ഷോപ്പ് തുടങ്ങണം. സ്വസ്ഥമായി കഴിയണം. സൈനുലിന്റെ സ്വപ്നങ്ങള്‍ ഇത്രയുമായിരുന്നു.

'ചേട്ടാ, ഞാനൊന്ന് വീട്ടില്‍പ്പോയി വരട്ടേ?'

തെരഞ്ഞെടുപ്പടുത്ത നാളുകളിലൊന്നാണ് സൈനുല്‍ ഉടമസ്ഥനോട് വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചത്. രോഗഭീതിയകന്ന് ജനജീവിതം സാധാരണപോലെ ആയിത്തുടങ്ങിയിരുന്നു. രാഷ്ട്രീയക്കാരുടെ ജാഥകളിലും യോഗങ്ങളിലും മാസ്‌കൊന്നും ധരിക്കാതെ ധാരാളംപേര്‍ പങ്കെടുക്കുന്നുണ്ട്. പോലീസുകാരുടെ കടുത്ത നിയന്ത്രണങ്ങളില്ല. ആളുകള്‍ പൊതുവാഹനങ്ങളില്‍ യാത്രചെയ്തുതുടങ്ങിയതില്‍പ്പിന്നെ സൈക്കിളിന് മുമ്പുണ്ടായിരുന്നത്ര പ്രിയമില്ലാതായി. റിപ്പയറിംഗ് പണിത്തിരക്ക് അല്‍പ്പമൊന്ന് കുറഞ്ഞിട്ടുണ്ട്. ഈ സമയത്ത് നാട്ടില്‍ പോയാല്‍ കുഴപ്പമില്ലെന്നും വീട്ടിലെത്തിയാല്‍ അനിയത്തിയുടെ വിവാഹം നടത്താന്‍ കഴിഞ്ഞേക്കുമെന്നും ആലോചിച്ചിട്ടാണ് സൈനുല്‍ നാട്ടില്‍ പോകാന്‍ തീരുമാനിച്ചത്. അമ്മയെ കണ്ടിട്ടെത്ര നാളായി! അമ്മയുടെ മുഖം മനസ്സില്‍ തെളിഞ്ഞപ്പോള്‍ പോകാതിരിക്കാന്‍ പറ്റില്ലായെന്ന മട്ടായി.

'നീ പോയാല്‍ തിരിച്ചുവരുവോടാ? ഇപ്പോ പോകണ്ട. എലക്ഷന്‍ കഴിയട്ടെ. എന്നിട്ട് പോകാം.'

സൈനുല്‍ നാട്ടിലേക്ക് പോകുന്നുവെന്ന് കേട്ടപ്പോള്‍ ഉടമസ്ഥന് ആധിയാണ് തോന്നിയത്. തന്റെ മികച്ച പണിക്കാരനെ നഷ്ടപ്പെട്ടുപോകുമോയെന്ന ഭയം കൊണ്ടും അവന്‍ നിമിത്തമുണ്ടായ വരുമാനവും പുരോഗതിയും നിലച്ചുപോകുമോയെന്ന് പേടിച്ചുമായിരിക്കും അയാളങ്ങനെ പറഞ്ഞിട്ടുണ്ടാവുക. എല്ലാകാലവും അവനെ കിട്ടില്ലെന്നറിയാമായിരുന്നെങ്കിലും ഇത്രയും മിടുക്കോടെ ജോലിചെയ്യാന്‍ വേറെയാരെയും പകരം കിട്ടില്ലെന്ന തിരിച്ചറിവില്‍ കഴിയുന്നേടത്തോളം കാലം പിടിച്ചുനിര്‍ത്താനയാള്‍ ആഗ്രഹിച്ചിരിക്കണം. പക്ഷെ സൈനുലിന് പോകണമായിരുന്നു. ഒരുകാര്യം തീരുമാനിച്ചാല്‍ എങ്ങനെയുമത് നിറവേറ്റുമെന്ന വാശി കൂടപ്പിറപ്പായതുകൊണ്ട് ആരും കാണാതെ അന്നുരാത്രി യാത്രതിരിച്ചു. റിപ്പയര്‍ ചെയ്ത് പണിക്കുറ്റം തീര്‍ത്തുവെച്ചൊരു സൈക്കിളെടുത്ത്, ടയറില്‍ കാറ്റടിക്കാനുള്ള ചെറിയ പമ്പും കേടുവന്നാല്‍ ശരിയാക്കാനുള്ള പണിയായുധങ്ങളും വസ്ത്രങ്ങളും അതില്‍ കെട്ടിവെച്ച്, സ്വരുക്കൂട്ടിവെച്ചിരുന്ന പണവുമെടുത്ത് പുറപ്പെടുകയായിരുന്നു.

ഉടമസ്ഥന്‍ അനുവാദം തരാതെ പോകുന്നത് ശരിയാണോ? ഒരിട ആലോചിക്കാതിരുന്നില്ല. പിന്നെ എന്തുതന്നെയായാലും പോകണമെന്നുറപ്പിച്ചു. രണ്ടുവര്‍ഷം മുമ്പ് നാട്ടില്‍ നിന്നും കേരളത്തിലേക്ക് യാത്രതിരിച്ചതും ഇതേപോലെയായിരുന്നല്ലോ. എല്ലാവരും കേരളത്തിലേക്കാണിപ്പോള്‍ പണിക്ക് പോകുന്നതെന്നും അവിടെ ചെന്നുപെട്ടാല്‍ നല്ല കൂലികിട്ടുമെന്നും കൂട്ടുകാരില്‍ നിന്നുമാണ് അറിഞ്ഞത്. സാഹസികത കൂടപ്പിറപ്പായതുകൊണ്ട് വഴിയൊന്നുമറിയില്ലെങ്കിലും പോകാന്‍ തീരുമാനിച്ചു. അമ്മയോട് എത്രചോദിച്ചിട്ടും സമ്മതിക്കാതിരുന്നപ്പോള്‍ ഒരു രാത്രിയില്‍ ആരോരുമറിയാതെ എഴുന്നേറ്റ് ഒറ്റ നടത്തമായിരുന്നു. കിലോമീറ്ററുകളോളം നടന്ന് രാവിലെയായപ്പോഴേക്കും റയില്‍വേസ്റ്റേഷനിലെത്തുകയും വണ്ടികയറുകയും ചെയ്തു. വണ്ടിയില്‍വെച്ചാണ് കൂട്ടുകാരില്‍ ചിലരുമതിലുണ്ടെന്ന് മനസ്സിലായത്. അവരും ഗ്രാമത്തില്‍ നിന്നും നടന്ന് റെയില്‍വേസ്റ്റേഷനിലെത്തിയവരാണ്. യാത്രചെയ്യുമ്പോള്‍ വര്‍ത്തമാനം പറയാനായി ആളെക്കിട്ടിയപ്പോള്‍ സന്തോഷമായി. തീവണ്ടിയില്‍ ടിക്കറ്റെടുക്കണമെന്നൊന്നുമറിയില്ലായിരുന്നു. അതിനുള്ള പണവുമില്ലായിരുന്നു. ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ തിരക്കിനിടയിലേക്ക് ടിക്കറ്റ്പരിശോധനക്കാരൊന്നും വരാറില്ലെന്ന് സഹയാത്രികരില്‍നിന്നുമറിഞ്ഞു.

ഇങ്ങോട്ട് ഒളിച്ചുപോന്നതാണെങ്കില്‍ തിരിച്ചുപോകുന്നതും അങ്ങനെയായാലെന്താണ് തെറ്റ്? ജോലിചെയ്തുണ്ടാക്കിയ പണം കൈയ്യിലുണ്ട്. സൈക്കിള്‍ മോഷ്ടിച്ച് കടന്നുകളഞ്ഞ കള്ളന്‍ എന്ന് ഉടമസ്ഥന്‍ കുറ്റപ്പെടുത്തിയേക്കാം. പക്ഷെ ഒരു സൈക്കിള്‍ എടുത്തതിലെന്തിരിക്കുന്നു? ഒടിഞ്ഞ് ചക്രം തിരിയാത്തനിലയില്‍ നിന്നും പണിത് ശരിപ്പെടുത്തിയതാണ്. തന്നെക്കൊണ്ട് അയാള്‍ക്കുണ്ടായ ലാഭത്തിനുമുന്നില്‍ ഇതൊന്നുമല്ലെന്നും സൈനുലിനറിയാം. എന്നാലും മോഷണം മോഷണംതന്നെയല്ലേയെന്ന് ഇടയ്ക്കിടെ കുറ്റബോധം തോന്നും. അപ്പോഴൊക്കെ സൈക്കിള്‍ ആഞ്ഞുചവിട്ടും.

ഏതായാലും പെങ്ങളുടെ വിവാഹം നടത്തി, ബാക്കിവരുന്ന പണം കൊണ്ട് വീടിനോട് ചേര്‍ന്നൊരു സൈക്കിള്‍ റിപ്പയറിംഗ് ഷോപ്പ് തുടങ്ങണം. മുളകൊണ്ട് ഷെഡ് കെട്ടിയാല്‍ മതി. പണിയായുധങ്ങള്‍ കൈയ്യിലുണ്ട്. തൊഴില്‍ വൈദഗ്ധ്യം മനസ്സിലുമുണ്ട്. ഷോപ്പിന് സൈനുല്‍ സൈക്കിള്‍സ് എന്ന് പേരിടണം.

അവന്‍ ചിരിച്ചു. ബാബൂസ് സൈക്കിള്‍സ് എന്ന ഉടമസ്ഥന്റെ പുതിയ കടയുടെ പേര് അനുകരിച്ചാണവന്‍ തുടങ്ങാന്‍ പോകുന്ന സ്വന്തം ഷോപ്പിന് പേര് കണ്ടുവെച്ചത്. സൈനുല്‍ സൈക്കിള്‍സ്.

നാട്ടില്‍ ഞാനുമൊരു ബാബുവാകും. വരുമാനമുണ്ടാകുമ്പോള്‍ തിരിച്ച് ഒരുവട്ടം കൂടെ കേരളത്തിലേക്ക് പോകാം. ബാബുച്ചേട്ടന് ഒന്നിന് പകരം രണ്ട് സൈക്കിളുകള്‍ തിരിച്ചുകൊണ്ടുപോയി കൊടുക്കാം.

അവന്‍ തെല്ലുറക്കെ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളുള്ളതുകൊണ്ട് റോഡില്‍ ആളുകളാരുമില്ല. കേള്‍ക്കാനാരുമില്ലാത്തതുകൊണ്ട് ആഗ്രഹങ്ങളൊക്കെ ഉറക്കെ പറയാം. അവന്‍ ചിരിച്ചു.

മരത്തില്‍ പറന്നിറങ്ങിയ കിളികള്‍ ചിറകടിച്ചുയര്‍ന്ന് വീണ്ടും യാത്രതുടങ്ങിയതുകണ്ട് സൈനുലും വിശ്രമമവസാനിപ്പിച്ചു. സന്ധ്യയാവാറായി. ഇനിയൊരു മുന്നൂറ് കിലോമീറ്റര്‍ കൂടെയേ ചവിട്ടാനുള്ളൂ. രാത്രികഴിഞ്ഞ് പുലരുമ്പോഴേക്കും വീടെത്താം. സൈക്കിളിന്റെ ടയറുകള്‍ പരിശോധിച്ച് കേടുപാടുകളൊന്നുമില്ലെന്നുറപ്പുവരുത്തി എല്ലാം മറക്കാനായി, ഭൂപന്‍ ഹസോരിക പാടി അനശ്വരമാക്കിയ മൂര്‍ മുറൈമോര്‍ മാജൊനീ.. എന്ന ബിഹു ഗാനത്തിന്റെ താളത്തില്‍ ചൂളമടിച്ചുകൊണ്ട് സൈനുല്‍ യാത്ര തുടര്‍ന്നു.

 

 

  comment

  LATEST NEWS


  പൊതുമരാമത്ത് വകുപ്പിനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ജി. സുധാകരന്‍; '18 കോടി മുടക്കി നിര്‍മിച്ച റോഡും വെട്ടിപ്പൊളിക്കുന്നു'


  ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതിന് വിലക്ക്


  'മതഭീകരര്‍ക്ക് നാടിനെ വിട്ടുനല്‍കില്ല'; ആലപ്പുഴയില്‍ ഇന്ന് ബജ്‌രംഗ്ദള്‍ ശൗര്യറാലി


  വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ല; റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും, വിസ റദ്ദാക്കാനുള്ള നടപടികളും തുടങ്ങി


  പാലാരിവട്ടത്തും ബസ് ടെര്‍മിനലിലും ഐഐടി; കൂളിമാട് പാലത്തില്‍ അന്വേഷണത്തിന് കിഫ്ബി


  'കള്ളോളം നല്ലൊരു വസ്തു...'

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.