×
login
ദേവാലയ കാഴ്ചകള്‍

കഥ

ചുമരിലെ പല്ലി ചിലക്കുംപോലെ പട്ടക്കാരന്‍ മാത്യൂവിന്റെ ഫോണ്‍ ശബ്ദിച്ചു. ഫോണ്‍ എടുത്തില്ല. ദേവാലയത്തിലേക്ക് വരുന്ന കാര്യം പറയാനാണ് വിളിച്ചത്. വീട്ടുമുറ്റത്തെ പൂക്കള്‍ തളിരും താരുമണിഞ്ഞു നിന്നു. പലയിടത്തും പുത്തന്‍ ചെടികള്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ നിന്നെത്തിയ സാം സാമുവലിന്റെ   കുടുംബം കാറില്‍ ദേവാലയത്തിലേക്ക് തിരിച്ചു. നാട്ടില്‍ അവധിക്ക് വരുമ്പോഴൊക്കെ മാതാപിതാക്കള്‍ അന്തിയുറങ്ങുന്ന ശവക്കല്ലറ കണ്ടിട്ടാണ് മടങ്ങുക. കാറില്‍ നിന്ന് പുറത്തിറങ്ങി. കണ്ണിന് കുളിര്‍മ്മ നല്‍കുന്ന ഗ്രാമീണ ഭംഗി.  

അന്ധാളിപ്പോടെ ദേവാലയ ഗേറ്റിനെ നോക്കി. വാതില്‍ പൂട്ടിയിരിക്കുന്നു.ആദ്യമായിട്ടാണ് വാതില്‍ പൂ

ട്ടി കണ്ടത്. ആകാശത്തേക്ക് ഉയര്‍ന്നു നില്‍ക്കുന്ന മനോഹര ദേവാലയം സമ്പദ്‌സമൃദ്ധിയുടെ ഗാംഭീര്യം വിളിച്ചോതുന്നു. അപ്പോള്‍ മനസ്സില്‍ തെളിഞ്ഞത് പാശ്ചാത്യ രാജ്യങ്ങളിലെ ദേവാലയങ്ങളാണ്. പത്താം നൂറ്റാണ്ടു മുതല്‍ കാടുപിടിച്ചു കിടക്കുന്ന സ്മാരകശിലകള്‍. പ്രാര്‍ത്ഥിക്കാനും ആളില്ല.  

സമ്പന്ന  രാജ്യങ്ങളില്‍ മതവിശ്വാസം വളര്‍ച്ചയറ്റു മൊട്ടുകളായി കൊഴിഞ്ഞു വീഴുന്നു.  ദരിദ്ര രാജ്യങ്ങളില്‍ ശിരസ്സിലേറ്റി തളിര്‍ക്കുന്നു.  ദേവാലയത്തിന് മുകളില്‍ പ്രാവുകളുടെ സ്വരമാധുരി കേള്‍ക്കാം. ആനന്ദാശ്രുക്കള്‍ നിറഞ്ഞ കുട്ടികളുടെ കണ്ണുകളില്‍  ഉത്കണ്ഠയുണ്ട്. അവരുടെ ചോദ്യം, എന്താണ് ദേവാലയ വാതില്‍ പൂട്ടിയിരിക്കുന്നത്?

തിളക്കമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞുനില്‍ക്കുന്നഅവരെ വഴിപോക്കര്‍ ശ്രദ്ധിക്കുന്നുണ്ട്. അവിടേക്ക് വടിയൂന്നി വന്ന ഒരു വൃദ്ധ പള്ളിയെ തൊഴുതു പോയി.   അടുത്തുള്ള പട്ടക്കാരന്‍ താമസിക്കുന്ന ബംഗ്ലാവി ലേക്ക്  നടന്നു. അവിടുത്തെ ഗേറ്റ് പൂട്ടിയിട്ടില്ല. ഭിത്തിയിലെ കോളിങ് ബെല്ലില്‍ വിരലമര്‍ത്തി. ഇടുങ്ങിയ അരക്കെട്ടോടുകൂടിയ  സൗന്ദര്യം പൂത്തുലഞ്ഞ പട്ടക്കാരന്‍ മാത്യുവിന്റെ ഭാര്യ കുഞ്ഞുമോള്‍ കതക് അല്‍പ്പം  തുറന്ന് തിടുക്കപ്പെട്ട്  ചോദിച്ചു.

''എന്താണ്?''  

സാം വിളറിയ മന്ദഹാസത്തോടെ വന്ന കാര്യമറിയിച്ചു.  

മാത്യു  അകത്തുണ്ടെങ്കിലും പുറത്തേക്ക് വന്നില്ല. കുഞ്ഞുമോള്‍  മൊബൈലില്‍ കപ്യാരെ വിളിച്ചു് കാര്യങ്ങള്‍ ധരിപ്പിക്കുന്നത് പുറത്തുനിന്ന് കേട്ടു. അകത്ത് ഇരിപ്പിടമുണ്ടെങ്കിലും അകത്തേക്ക് ക്ഷണിച്ചില്ല. സാം താഴ്ന്ന ശബ്ദത്തില്‍ ചോദിച്ചു.  

''പള്ളിയുടെ താക്കോല്‍ സൂക്ഷിക്കേണ്ടത് പട്ടക്കാരനല്ലേ മാഡം''  


അവരുടെ കണ്ണുകള്‍ തടിച്ചുവീര്‍ത്തു. തുറിച്ചുനോക്കി പുരികം ചുളിച്ചുകൊണ്ട് പരിഭവത്തോടെ  പറഞ്ഞു.

''നിങ്ങള്‍ക്ക് ശവക്കല്ലറ കണ്ടാല്‍ പോരായോ? മറ്റുള്ളതൊക്കെ എന്തിന് തിരക്കണം?''

സാം നിശ്ശബ്ദനായി നിമിഷങ്ങള്‍ തരിച്ചുനിന്നു. കലശലായ വെറുപ്പ് തോന്നി. സ്നേഹ പൂര്‍വ്വമായ ഒരു പ്രതികരണമാണ് പ്രതീക്ഷിച്ചത്. ഒരു വാഗ്വാദം വേണമെങ്കില്‍ നടത്താം. ദേവാലയത്തിന്റെ ഉടമസ്ഥന്‍ പട്ടക്കാരനാണ്. താക്കോല്‍ ഇരിക്കേണ്ടത് പട്ടക്കാരന്റെ വീട്ടിലാണ്. വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ദേവാലയം തുറന്നുകൊടുക്കണം, ഗേറ്റ് തുറക്കണം, അടക്കണം. അതൊക്കെ മറ്റുള്ളവരെ ഏല്‍പ്പിച്ചിട്ട് നടക്കുന്ന സ്വാര്‍ത്ഥമതികള്‍.    

ജനാല ഞെരിഞ്ഞമര്‍ന്നു. ജനല്‍പ്പാളികള്‍ക്കിടയിലൂടെ വെളിച്ചത്തിന്റെ ഒരു കീറ് പുറത്തേക്ക് വന്നു. ഭാര്യയുടെ ശബ്ദത്തിന് കനം കൂടിയതുകൊണ്ടാണ് ഭര്‍ത്താവ് പൊത്തിലെ പാമ്പിനെപ്പോലെ ഒളികണ്ണിട്ട് നോക്കിയത്.  

സാം തറപ്പിച്ചൊന്ന് നോക്കിയിട്ട് മനസ്സില്‍ പറഞ്ഞു.  ''ദേവാലയം ഇവള്‍ക്ക് സ്ത്രീധനം കിട്ടിയതുപോലുണ്ട്.''

അടുത്തു നിന്ന ഭാര്യ ഏലി ഇമവെട്ടാതെ അവളെ നോക്കി ഊറിച്ചിരിച്ചു. പഴയ പൗരോഹിത്യത്തിലെ ഇളം തലമുറക്കാരിയെന്ന് തോന്നി. ഈ മലയാളികള്‍ ആത്മീയ അജ്ഞതയില്‍ നിന്ന് എന്നാണ് മുക്തി നേടുക?  

ഒരു മണിക്കൂര്‍ കഴിഞ്ഞ് ആജ്ഞാനുവര്‍ത്തിയായ കറുത്തു മെലിഞ്ഞ കപ്യാര്‍ എത്തി. ഒരു നെടു വീര്‍പ്പുമായി കപ്യാര്‍ക്കൊപ്പം നടന്നു. അയാള്‍  ഗേറ്റ് തുറന്നു. സ്നേഹസഹജമായ പെരുമാറ്റം. അയാളുടെ മുഖത്തെ മന്ദസ്മിതം പട്ടക്കാരന്റെ ഭാര്യയുടെ മുഖത്ത് കണ്ടില്ല. ദേവാലയ മതില്‍ അധികാരത്തിന്റെ  കെട്ടുറപ്പുള്ള കോട്ടയാണ്. അതിലെ ഓരോ കല്ലുകളും അന്ധവിശ്വാസികളായ അടിമകളുടേതാണ്. നിശ്ശബ്ദമായ  ശവക്കല്ലറകള്‍ക്ക് മീതെ കുരിശുകള്‍ ഉറങ്ങുന്നു. ശ്മശാന മണ്ണിലെ തെങ്ങുകളില്‍ കാക്കകള്‍ കലപില ശബ്ദങ്ങള്‍ പുറപ്പെടുവിച്ച് പറക്കുന്നു.  

സാം അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങി. കുളിര്‍കാറ്റ് ആശ്വാസമായി.

വീട്ടിലെത്തിയ സാം പട്ടക്കാരന്‍ മാത്യുവിനെ  മൊബൈലില്‍  വിളിച്ചു് തന്റെ സങ്കടം പങ്കുവയ്ക്കാന്‍ തീരുമാനിച്ചു. ഫോണ്‍ രണ്ടുവട്ടം ശബ്ദിച്ചു.  മൂന്നാമത്തെ പ്രാവശ്യം ഹൃദയ ശൂന്യനായ പട്ടക്കാരന്‍ ഫോണ്‍ നിരസിച്ചു. വീണ്ടും വിളിച്ചു. വീണ്ടും വെട്ടി. വല്ലാത്ത നിരാശയും ജാള്യതയും തോന്നി. ആത്മാവില്‍ പുണ്ണുപി

ടിച്ച പട്ടക്കാരന്‍. ഇയാള്‍ക്കൊപ്പം  വിശന്നുവലഞ്ഞു നടക്കുന്ന ആത്മാക്കള്‍. സ്വാര്‍ത്ഥതയും ആഡംബരവും ആസ്വദിച്ച് പാവങ്ങളെ വേട്ടയാടി യേശുവിനെ ക്രൂശിക്കുന്ന മഹാപാപികള്‍. സാമിന്റെ  നിരാശാനിഹതമായ മനസ്സില്‍ ജീവനുള്ള ഭൂത-പ്രേതങ്ങള്‍ ഒരു നിഴലായി തെളിഞ്ഞു വന്നു. തൊഴില്‍ ലഭിക്കാതെ തെണ്ടി നടക്കുന്ന ഭൂതപ്രേതാ ദികള്‍ പട്ടക്കാരായി ദേവാലയങ്ങളില്‍ നുഴഞ്ഞു കയറിയോ?

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.