×
login
ജലതരംഗം

കഥ

പീതാംബരന്‍ നീലീശ്വരം

മണല്‍പ്പരപ്പിനോട് ചേര്‍ന്ന് ചേലയുലച്ച് ഒഴുകുന്ന പുഴ. ഇളംകാറ്റില്‍ ഒഴുകിയെത്തുന്ന പിച്ചിപ്പൂവിന്റെ സുഗന്ധം. പുഴയോരത്തെ വെളുത്ത മണലില്‍ സ്വാമിനാഥന്‍ മലര്‍ന്ന് കിടന്ന് വെറുതെ കണ്ണുകള്‍ അടച്ചു. ഏതോ ഒരാനന്ദ നിര്‍വൃതി അയാളെ പൊതിഞ്ഞിരുന്നു. നിലാവുദിക്കാന്‍ ഇനിയും നേരമുണ്ട്. പുഴ ശാന്തമായി ഒഴുകുന്നു. സായന്തനത്തില്‍ പുഴക്കരയിലിരിക്കുന്നത് അയാളുടെ ഹോബിയാണ്.

വെള്ളത്തിലെന്തോ അനക്കം കേട്ട് അയാള്‍ കണ്ണുകള്‍ തുറന്നു.

പുഴയില്‍നിന്നും ഒരു സ്ത്രീ കരയിലേക്ക് കയറി വരുന്നു. നനഞ്ഞു കുതിര്‍ന്ന വെളുത്ത ചേല ഒട്ടിപ്പിടിച്ചതിന്റെ അവ്യക്തമായ നഗ്നത.

അവളൊരു സാധാരണ സ്ത്രീയായിരുന്നില്ല.  

ഒരപ്‌സരസ്സിന്റെസൗകുമാര്യം!

വെളുത്ത ചെറിയ കല്ലുപതിപ്പിച്ച നേരിയ ഒരു കിരീടം ധരിച്ചിട്ടുണ്ട്. വസ്ത്രത്തില്‍നിന്നും ജലകണങ്ങള്‍ ഇറ്റുവീണുകൊണ്ടിരിക്കുന്നു.

ശില്‍പസൗന്ദര്യം തുളുമ്പുന്ന അംഗലാവണ്യം തന്റെ നേര്‍ക്കാണല്ലോ നടന്നുവരുന്നത്.

അവളോടൊപ്പം പിച്ചിപ്പൂവിന്റെ ഗന്ധവും അടുത്തടുത്തു വരുന്നു.

അയാള്‍ മണല്‍പ്പരപ്പില്‍ എഴുന്നേറ്റിരുന്നു. അവള്‍ അയാള്‍ക്ക് നേരെ കൈകള്‍ നീട്ടി. നീണ്ട് സുന്ദരമായ വിരലുകള്‍.

''ഞാന്‍ ജലകന്യകയാണ്'' അവളുടെ മണിനാദം.

''ഗംഗാദേവിയുടെ അനേകം പുത്രിമാരില്‍ ഇളയവള്‍.''

അവള്‍ സ്വയം പരിചയപ്പെടുത്തി.

ഒരദൃശ്യപ്രേരണയോടെ കൈകളുയര്‍ത്തി അയാളാ വിരലില്‍ തൊട്ടു.

നിര്‍മലമായ നനവുള്ള വിരലുകള്‍.

ഒരു മൃദുസ്പര്‍ശം. അയാളെ നിര്‍വൃതിയിലാഴ്ത്തി.

''എന്നോടൊപ്പം വരൂ'' അവള്‍ ക്ഷണിച്ചു.

അയാള്‍ മെല്ലെ എഴുന്നേറ്റ് യാന്ത്രികമായി അവള്‍ക്ക് പിന്നിലൂടെ നദിയിലേക്ക് നടന്നു. വിരലുകളില്‍നിന്നും അയാള്‍ പിടിവിട്ടിരുന്നില്ല.

നദിയിലെ തണുപ്പില്‍ അയാള്‍ കോരിത്തരിച്ചു. കണങ്കാല്‍, കാല്‍മുട്ട് വരെ, അരയ്‌ക്കൊപ്പം വെള്ളത്തിലായി.

അവള്‍ പറഞ്ഞു ''വന്നോളൂ ഭയപ്പെടണ്ട. ഞങ്ങളുടെ ജല കൊട്ടാരത്തിലേക്ക് നിന്നെ കൊണ്ടുപോകാനാണ് ഞാന്‍ വന്നത്.''

അവള്‍ മുന്നോട്ട് ഗമിച്ചു. കൂടെ അയാളും. കഴുത്തറ്റം വരെ മുങ്ങിയിരിക്കുന്നു.  

''ശിരസ്സ് വെള്ളത്തിനടിയിലേക്ക് പോയാല്‍ ശ്വാസംമുട്ടില്ലേ.''

തന്റെ മനസ്സിലെ ശങ്ക മനസ്സിലാക്കി അവള്‍ പറഞ്ഞു.

''പേടിക്കണ്ട. എന്റെ സ്പര്‍ശനംകൊണ്ട് ഗംഗാതലത്തിലെ രാജകുമാരനായിരിക്കുന്നു. നിങ്ങള്‍ ജലാശയത്തിനു പുറത്തെ വായു മണ്ഡലത്തിലെ ശ്വാസഗതികള്‍ ഞങ്ങള്‍ക്ക് ബാധകമല്ല. ഇനിമുതല്‍ നിനക്കും.'' അവള്‍ വീണ്ടും നടന്നു അവളോടൊപ്പം അയാളും ആഴങ്ങളിലേക്കിറങ്ങി.

ചുണ്ടുവരെ. അതാ മൂക്കും ശിരസ്സും മുങ്ങിക്കഴിഞ്ഞു. പെട്ടെന്നയാള്‍ ആഴങ്ങളിലേക്ക് ആണ്ടുപോയി. കാലുറക്കുന്നില്ല. ഭൂമിയുമായുള്ള ബന്ധം കാലിനു നഷ്ടമായി. ശ്വാസംമുട്ടി മരിക്കുമെന്ന് തോന്നി. പിടിച്ചിരുന്ന നീളമുള്ള വിരലുകള്‍ കാണുന്നില്ല. ഒന്നു രണ്ടുവട്ടം അയാള്‍ മുങ്ങിത്താഴ്ന്നു. കൈകാലിട്ടടിച്ചു.

എവിടെ ആ ജലറാണി?

കൈകാലുകള്‍ കുഴഞ്ഞ് അയാള്‍ വാവിട്ടു കരഞ്ഞു.

''രക്ഷിക്കണേ... ഞാന്‍ പുഴയില്‍ വീണേ....''

ആരോ കാലില്‍ ശക്തമായി അടിച്ചതുപോലെ തോന്നി.

അയാള്‍ കണ്ണുകള്‍ തുറന്നു.

അതാ വീണ്ടും ജലകന്യക.

കണ്ണുകള്‍ തുടച്ച് ഒന്നുകൂടി നോക്കി.

ജലകന്യകയായിരുന്നില്ല.

ഭാര്യ ക്രൂര ഭാവത്തോടെ നില്‍ക്കുന്നു. ദേഷ്യംകൊണ്ട് അവളുടെ മുഖം ചുവന്നുതുടുത്തിരുന്നു. കയ്യിലൊരു ബക്കറ്റുണ്ട്. താനാകെ നനഞ്ഞിട്ടുണ്ടല്ലോ. ബഡ്ഷീറ്റും ഇട്ടിരിക്കുന്ന വസ്ത്രങ്ങളും നനഞ്ഞിരിക്കുന്നുല്ലോ.  ഞാന്‍ പുഴയില്‍നിന്നും ഇവിടെ എങ്ങനെയെത്തി?

''തേങ്ങാക്കുല...'' ഭാര്യ പല്ലുകടിച്ച് മുറുമുറുത്തു.

അവള്‍ ഇരുകയ്യും എളിയില്‍ കുത്തി ദേഷ്യത്തോടെ നില്‍ക്കുന്നു.

''അപ്പോ ജലകന്യക...?''

''ങൂം, ഉച്ചപ്പിരാന്ത് അല്ലാതെന്താ! ഒരു ബക്കറ്റ് വെള്ളം കൂടി ഒഴിക്കണോ പ്രാന്ത് മാറാന്‍.''

''അപ്പൊ നനഞ്ഞിരിക്കുന്നത് നീ വെള്ളമൊഴിച്ചതാണല്ലേ?''

''അല്ല. നിങ്ങള് മൂത്രമൊഴിച്ചത്.'' അവള്‍ പരിഹസിച്ചു.

''പുഴ. ജലകന്യക... സ്വപ്‌നമായിരുന്നു അല്ലേ?''

''എന്റെ മനുഷ്യാ. നിങ്ങള്‍ ഇന്നലെ രാത്രീല് എട്ടുമണിക്ക് ഭക്ഷണം കഴിച്ച് കിടന്നതല്ലേ? ഇപ്പോ സമയമെത്രയായീന്നാ.''

''എത്രയായി?''

അയാള്‍ ക്ലോക്കിലേക്ക് നോക്കി.

ക്ലോക്ക് ഒന്‍പതിലെത്തി നില്‍ക്കുന്നു.


''നേരം വെളുത്തു അല്ലേ?'' സ്വാമിനാഥന്‍ ഭാര്യയെ നോക്കി ഇളിഭ്യതയോടെ ചിരിച്ചു.

''ഇങ്ങനെ കിടന്ന് ഉറങ്ങിയാലെങ്ങിന്യാ. ഇന്നത്തെ ദിവസമെന്തെന്ന് മറന്നോ? അതും മറന്നു കാണും. കണ്ട ചിങ്കാരികളെ സ്വപ്‌നംകണ്ട് നടക്വാല്ലേ നാണമില്ലാതെ.''

''ഇന്നേതാ ദിവസം?'' അയാളൊന്നാലോചിച്ചു.

ഉറക്കച്ചടവില്‍ മറന്നിരിക്കുന്നു. ഒന്നാലോചിച്ച് ഓര്‍മവന്നപോലെ പറഞ്ഞു.

''ഓ... ഇന്ന് നമ്മുടെ വെഡ്ഡിങ് ആനിവേഴ്‌സറിയാണല്ലേ.''

''കുന്തം'' അവള്‍ കയ്യിലിരുന്ന ബക്കറ്റ് കൊണ്ട് ഭര്‍ത്താവിനെ അടിക്കാനോങ്ങി.

''എന്റീശ്വരാ...'' അവള്‍ നെഞ്ചില്‍ കൈവച്ച് മേലോട്ട് നോക്കി.

''എന്റെ മനുഷ്യാ ഇന്ന് മോള് വരും. പതിനൊന്ന് മണിയുടെ ബോട്ടിന്. ജെട്ടിയില്‍ പോയി അവളെ കൂട്ടി വരണം. ലഗേജ് കാണും. അവള്‍ ഒറ്റയ്ക്ക് എടുക്കില്ല. മനസ്സിലായോ?''

''ഓ. പതിനൊന്ന് മണിക്കല്ലേ. അതിനാണോ നീ കലിതുള്ളണേ. വെള്ളം കോരി ഒഴിച്ച് എന്റെ ഉറക്കോം കളഞ്ഞ് ഡ്രസ്സും നനച്ച്. ഇങ്ങനെയാണോ ഉറക്കത്തീന്ന് വിളിക്കണേ. നിനക്കെന്താ പ്രാന്താണോ?''

''പ്രാന്ത് നിങ്ങള്‍ക്കാ. പിച്ചും പേയും പറഞ്ഞതിനാ വെള്ളം ഒഴിച്ചത്'' അവള്‍ കിറി കോട്ടി മുറിവിട്ടിറങ്ങി.

സ്വാമിനാഥന്‍ ജെട്ടിയിലേക്ക് ചെന്നു. ജല കന്യക വന്നുപോയ സ്ഥലം മണല്‍പ്പരപ്പില്‍ നനഞ്ഞ കാല്‍പ്പാടുകളുണ്ടോ എന്നയാള്‍ നോക്കി.

വെറുതെ ഒരു സ്വപ്‌നം.

ജെട്ടിയില്‍ രാവിലെ യാത്രക്കാരുടെ തിരക്കുണ്ടായിരുന്നു. സ്പീഡ് എഞ്ചിന്‍ പിടിപ്പിച്ച ഒരു വഞ്ചി ജെട്ടിയില്‍ നിര്‍ത്തി വഞ്ചിയിലിരുന്ന ആള്‍ ജെട്ടിയില്‍ നിന്നവരോടായി വിളിച്ചു പറഞ്ഞു.

''നിങ്ങളറിഞ്ഞോ, താഴത്തെ ജെട്ടിക്കടുത്തുവച്ച് ബോട്ട് മുങ്ങി. കുറച്ചുപേരെ കാണാതായിട്ടുണ്ട്. ആംബുലന്‍സും പോലീസും രക്ഷാപ്രവര്‍ത്തകരും എത്തീട്ട്ണ്ട്.''

ശരീരത്തിന് തീപിടിച്ചപോലെ തോന്നി സ്വാമിനാഥന്.

തന്റെ മകള്‍...!

അയാള്‍ ബൈക്ക് ധൃതിയില്‍ താഴത്തെ ജെട്ടിയിലേക്ക് ഓടിച്ചു. മൂന്ന് കിലോമീറ്ററെങ്കിലും കാണും അവിടേക്ക്.

വണ്ടി ഏറെ ദൂരം ഓടിച്ചിട്ടും എത്താത്തതുപോലെ തോന്നി അയാള്‍ക്ക്. ഒരുപാട് കിലോമീറ്ററുകള്‍ ഓടിച്ചതുപോലെ.

ജെട്ടിയിലാകെ ആള്‍ക്കൂട്ടമാണ്. ജനങ്ങളും പോലീസും രക്ഷാപ്രവര്‍ത്തകരും. പുഴയിലേക്ക് പോലീസ് ആരേയും കടത്തിവിട്ടിരുന്നില്ല.

തന്റെ കൈകാലുകള്‍ കുഴയുകയാണോ?

സ്വാമിനാഥന്‍ അടുത്തുനിന്നിരുന്നയാളെ ബലമായി പിടിച്ചു.

''സ്വാമിനാഥന്‍ ചേട്ടനല്ലേ. ഞാന്‍ മാത്യൂസാണ്. കുന്നോത്തെ ചേട്ടനെന്താ വല്ലാതെ.''

''മാത്യൂസേ എന്റെ മോള് വരുന്ന ബോട്ടാണ്. അത് അവള്...'' പറഞ്ഞുതീരും മുമ്പേ അയാള്‍ വിതുമ്പി.

മാത്യൂസ് അയാളെ താങ്ങിപ്പിടിച്ചു. ആള്‍ക്കൂട്ടത്തില്‍നിന്നും പുറകോട്ട് മാറ്റി ചായക്കടയിലെ പുറത്തെ ബഞ്ചിലിരുത്തി. ചായക്കടക്കാരനോട് ഒരു ഗ്ലാസ് വെള്ളം കൊടുക്കുവാന്‍ പറഞ്ഞിട്ട് കടവിലേക്ക് ഓടി. ആള്‍ക്കൂട്ടത്തിലൂടെ തള്ളിക്കയറി പോലീസിനോട് വിവരങ്ങള്‍ തിരക്കി.

മുങ്ങിയ ബോട്ടില്‍നിന്നും കിട്ടിയവരെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അവിടെ ചെന്നാല്‍ വിശദമായി അറിയാമെന്ന് പോലീസ് പറഞ്ഞു.

മാത്യൂസ് സ്വാമിനാഥനെയും കൂട്ടി ആശുപത്രിയിലേക്ക് പോയി.

ആശുപത്രിയില്‍ വിവരമറിഞ്ഞെത്തുന്നവരുടെതിരക്ക്. അപകടത്തില്‍പ്പെട്ടവരില്‍ കിട്ടിയ പേരുകള്‍ എഴുതി ആശുപത്രിയില്‍ ഒട്ടിച്ചിട്ടുണ്ടായിരുന്നു. സ്വാമിനാഥന്റെ കണ്ണുകള്‍ ലിസ്റ്റിലൂടെ ഇഴഞ്ഞു നടന്നു.

അയാളുടെ മൊബൈല്‍ ശബ്ദിച്ചു.

ഭാര്യയാണ്.

അയാള്‍ ഫോണ്‍ മാത്യൂസിന് നല്‍കിയിട്ട് പറഞ്ഞു. ''എനിക്കൊന്നും പറയാനാകില്ല. മാത്യൂസേ നീ സംസാരിക്ക്.''

എന്താണ് പറയേണ്ടതെന്ന് മാത്യൂസ് ഒന്നാലോചിച്ചു.  

ഹലോ.

''എന്റെ മനുഷ്യനെ എത്ര നേരമായി വിളിക്കുന്നു. നിങ്ങള്‍ എവിടെയാണ്? എവിടേലും പോയാല്‍ അവിടെ നിന്നോളും. മോള് എത്തീട്ട് അരമണിക്കൂറായി. വേഗം ഇങ്ങട്ട് വരൂ.''

മാത്യൂസ് ഫോണ്‍ കട്ട് ചെയ്തുകൊണ്ട് സ്വാമിനാഥനോട് സന്തോഷത്തോടെ പറഞ്ഞു.

''സ്വാമിയേട്ടാ... ചേട്ടന്റെ മോള് വീട്ടിലെത്തിയിട്ടുണ്ടെന്ന്.''

മാത്യൂസ് സ്വാമിനാഥനേയും കയറ്റി വീട്ടിലേക്ക് ധൃതിയില്‍ ഓടിച്ചുപോന്നു.

വീട്ടില്‍ ഭാര്യയും മകളും കാത്തിരിക്കുകയായിരുന്നു. അവശതയോടെ വരുന്നതുകണ്ട് അവര്‍ കാര്യമന്വേഷിച്ചു.

വരാന്തയിലിരുന്ന് തലയില്‍ കൈവച്ച് അയാള്‍ സംഭവങ്ങള്‍ പറഞ്ഞു.

മകള്‍ അയാളോട് പറഞ്ഞു. ''ഞാന്‍ ബസ്സിനാണച്ഛാ വന്നത്. സെലിബ്രേഷനൊക്കെ കഴിഞ്ഞ് ചെന്നപ്പോഴേക്കും ബോട്ട് പോയിരുന്നു. ബസ്സിന് പോന്ന കാര്യം പറയാന്‍ സാധിച്ചില്ല. ഫോണ്‍ സ്വിച്ച് ഓഫായിപ്പോയി. സോറി അച്ചാ. എനിക്കൊന്നും സംഭവിച്ചില്ലല്ലോ.''

അയാള്‍ മകളെ കെട്ടിപ്പിടിച്ചു. ആപത്തില്‍പ്പെടാതെ തിരിച്ചെത്തിയ സന്തോഷം അയാളുടെ കണ്ണുകളെ നനച്ചു.

ഭാര്യ അയാളുടെ കയ്യില്‍പിടിച്ചുകൊണ്ട് പറഞ്ഞു.

''സോറി ഏട്ടാ.''

''എന്തിന്?''

''തലേല് വെള്ളമൊഴിച്ചതിന്. ഇനി മേലില്‍ ചെയ്യില്ല. സോറി.'' അവള്‍ ഒരു വളിച്ച ചിരിയോടെ നിന്നു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.