×
login
അമ്മത്തണല്‍(കഥ‍)

കഥ

മഴ പെയ്യുന്നുണ്ട്. പെയ്യുന്നു എന്നത് ശരിയല്ല. മനസ്സ് കരയുന്നതു പോലെ. ദീര്‍ഘനിശ്വാസം വരുമ്പോള്‍ നിന്നുപോകുംപോലെ മഴയും. കിളികള്‍ ആസ്വദിക്കുകയാണ്. ചിറക് കുടയുമ്പോള്‍ തെറിക്കുന്ന ശിഖരങ്ങളില്‍ മഴവില്ല് പോലെ വളഞ്ഞു കുത്തി വര്‍ണങ്ങള്‍. കരയുമ്പോള്‍ കരള് ശുദ്ധമാവും മോനേയെന്ന് അമ്മ പറയാറുണ്ട്. ഒരുപക്ഷേ, ശരിയാവാം. കണ്ണീരുകൊണ്ട് കഴുകി തുടയ്ക്കുമ്പോള്‍ കൊച്ചു വാവയുടെ മുഖംപോലെ കരള്‍ തെളിയുമായിരിക്കും. പക്ഷേ, അങ്ങനെ കഴുകിക്കളയാന്‍ ഇപ്പോള്‍ കഴിയുമോ? അത്തരം ഒരവസ്ഥയിലല്ലല്ലോ ഇപ്പോള്‍. എങ്ങും ഭീതിയും വിറയലും ബാധിച്ചിരിക്കയല്ലേ. മനസ്സുകൊണ്ടകന്നവര്‍ അതു കാണിക്കാതെ അടുത്ത് വരുമായിരുന്നു. അതിപ്പോള്‍ തികഞ്ഞ അകല്‍ച്ചയായി. അവസാനമായി അമ്മ എന്താവും ആലോചിച്ചിട്ടുണ്ടാവുക. ''മോനേ നിന്റെ മുഖം കണ്ട് കണ്ണടയ്ക്കാനാവുമോടാ'' എന്ന് ചോദിച്ച് ഫോണ്‍ കട്ടു ചെയ്യുമ്പോള്‍ അമ്മയുടെ കുസൃതി പൂക്കുന്ന ചെരിഞ്ഞുനോട്ടം മനസ്സിലൂടെ ഇളംകാറ്റായി കടന്നുപോയിരുന്നോ? അറിയില്ല. എന്തൊക്കെയോ വികാരവിചാരങ്ങളുടെ വിക്ഷുബ്ധതകളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നുവെങ്കിലും അമ്മയുടെ ശബ്ദം കേട്ടതോടെ മനസ്സ് ശാന്തമായി. വല്ലാത്തൊരു വിങ്ങല്‍ ഉണ്ടായെങ്കിലും അമ്മയുടെ തലോടല്‍ അനുഭവിച്ചതുപോലെ. നെറ്റ് പ്രശ്‌നം മൂലം രണ്ടാഴ്ചയായി വീഡിയോകോള്‍ ചെയ്യാനായിരുന്നില്ല. വികസനത്തിന്റെ ഉത്തുംഗതയിലെന്ന് അഹങ്കരിക്കുമ്പോഴും അമേരിക്ക പലപ്പോഴും നാടിന്റെ സ്റ്റാന്‍ഡേര്‍ഡിലെത്തുന്നില്ലെന്നത് എത്ര പ്രാവശ്യം അനുഭവിച്ചു.

ലീവ് കിട്ടാന്‍ ബുദ്ധിമുട്ടായതിനാലാണ് അമ്മയെ കാണാന്‍ പോകാന്‍ കഴിയാതിരുന്നത്. രണ്ടു മക്കളില്‍ ഏട്ടനോടാണ് അമ്മയ്ക്ക് കൂടുതല്‍ ഇഷ്ടമെന്ന് പരിഭവപ്പെട്ട് അനിയത്തി മുഖം വീര്‍പ്പിക്കുമ്പോള്‍ ഒരു തട്ടു തട്ടി ''ഓനെയല്ലെടീ ഞാനാദ്യം കണ്ടതെന്ന്'' പറഞ്ഞ് അമ്മ എന്നെ പാളി നോക്കുമായിരുന്നു. എന്നും അമ്മയുടെ സാമീപ്യം വല്ലാത്തൊരു സുരക്ഷിതത്വം നല്‍കിയിരുന്നു. അനിയത്തി എത്ര വലിയ സമ്മാനം കൊടുത്താലും അമ്മയ്ക്കത് അത്ര വലിയ ആഹ്ലാദമൊന്നും നല്‍കിയിരുന്നില്ലെന്ന് മുഖഭാവത്തില്‍ വ്യക്തം. തന്റെ ഏതു കൊച്ചു സമ്മാനപ്പൊതിയും ''ഇത് മോന്‍ തന്നതാ'' എന്നു പറഞ്ഞു നടക്കാനായിരുന്നു അമ്മയ്ക്കിഷ്ടം. എന്റെ എത്ര ചെറിയ സമ്മാനവും അമ്മയ്‌ക്കൊരു മഹാ സംഭവവും മഹാ സമ്മാനവുമായിരുന്നു. അതെന്തുകൊണ്ടാണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിരുന്നില്ല. ഒരുപാട് പ്രാര്‍ഥനയുടെ കണ്ണീരൊഴുക്കിലൂടെ ദൈവം അമ്മയ്ക്ക് കോരിക്കൊടുത്ത സമ്മാനമായതിനാല്‍ ''അവന്‍ ഞാന്‍ തന്നെയാ'' എന്നാണ് അമ്മ അച്ഛനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. അച്ഛന്റെ ഇടിമിന്നല്‍ വഴക്കില്‍ പരിഭവപ്പെട്ട് പത്തായപ്പുരയുടെ കോണില്‍ കണ്ണീരില്‍ മുങ്ങിയിരിക്കുമ്പോള്‍  സ്‌നേഹം കൊണ്ട് വീര്‍പ്പുമുട്ടിച്ച് തോര്‍ത്തിത്തന്ന അമ്മ ഇപ്പോള്‍ മരവിച്ച മുറിയില്‍ എന്നെയല്ലാതെ മറ്റാരെയാണ് കാത്തു കിടക്കുന്നത്. പരമാണു വിളയാട്ടപ്പേടിയില്‍ അനിയത്തി ആ വഴി വന്നതേയില്ലെന്ന് ഡോക്ടര്‍ ശ്യാം പ്രസാദാണ് നിര്‍വികാരമായി പറഞ്ഞത്. അവന്റെ പിടിപാടു കൊണ്ടാണ് അമ്മയെ ദൂരത്തു നിന്നെങ്കിലും കാണാന്‍ വഴിവെച്ചത്.  


അമ്മ രണ്ടു കൈയും കൂട്ടിപ്പിടിച്ച് മുഖത്തൊരു ഉമ്മ നല്‍കുമ്പോള്‍ കിട്ടുന്ന സുഖവും സംതൃപ്തിയും ദൈവമേ കൈവിട്ടു പോകുകയാണോ?

''കാര്യമൊക്കെ ശരി, അസുഖം പിടിപ്പിച്ച് ഇങ്ങോട്ട് വന്നേക്കല്ലേ'' ഇറങ്ങുമ്പോള്‍ ഉഷ പറഞ്ഞത് മനസ്സില്‍ കിടന്ന് മുരളുന്നുണ്ട്. അമ്മയുടെ സ്‌നേഹം  വാരിക്കോരിക്കുടിച്ചിട്ടുണ്ടെങ്കിലും എന്റെ അമ്മ എന്റെ മാത്രം അമ്മയാണല്ലോ. ഫ്‌ളൈറ്റ് ടിക്കറ്റ് ശരിയാക്കാന്‍ ആദ്യമായി സുഹൃത്തിന്റെ ഔദ്യോഗിക സംവിധാനം ഉപയോഗപ്പെടുത്തേണ്ടി വന്നു. ''എടാ ഒരിക്കല്‍ പോലും നീ എന്റെ സഹായം തേടിയിട്ടില്ല. ഇപ്പോഴെങ്കിലും തയാറായല്ലോ. നിന്റെ അമ്മ എന്റേം അമ്മയല്ലേടാ. നിന്നെക്കാണുമ്പോള്‍ സുഭദ്രാന്റിയുടെ മുഖത്ത് തെളിയുന്ന ആ ചിരി നിന്റെ മുഖത്തിപ്പോള്‍ ഞാന്‍ കാണുന്നുണ്ട്.'' വല്ലാത്തൊരു വികാരം വിമാനത്താവളം അഡീഷണല്‍ സൂപ്രണ്ട് ജോജി മാത്യുവിന്റെ മുഖത്ത് അലയടിക്കുന്നുണ്ട്. അവന് നല്‍കാന്‍ കല്ലുമ്മക്കായ  അച്ചാര്‍ എത്ര തവണ അമ്മ തന്നയച്ചിരിക്കുന്നു. വിമാനത്താവളത്തില്‍ നിന്ന് എത്ര പെട്ടെന്നാണ് ആശുപത്രിയിലെത്തിയത്. നേരത്തെയായിരുന്നെങ്കില്‍ പെട്ടെന്ന് മുറിയിലേക്ക് പോകാമായിരുന്നു. എത്ര നേരമായി കാത്തിരിക്കുന്നു. ശരീരം മൊത്തം തളരുകയാണ്. അഞ്ഞൂറിലേറെ തൊഴിലാളികളെ നിയന്ത്രിക്കുന്ന തനിക്ക് എന്താണ് പറ്റുന്നത്.

ഓ, പിപിഇ കിറ്റ് ധരിച്ച് രണ്ടു മൂന്നു പേര്‍ വരുന്നുണ്ട്. നെഞ്ച് പടപടാ അടിക്കുന്നു. അമ്മേ, സര്‍ക്കാര്‍ ആശുപത്രിയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും സുരക്ഷിതത്വത്തിലും പൊന്നുമോനെ അമ്മ തിരഞ്ഞിരിക്കാം. നഷ്ടമായ അന്വേഷണത്തിന്റെ ഒടുവിലാകാം അമ്മ പോയത്. മുകളിലെ പങ്കയുടെ തിരിച്ചില്‍ നോക്കി നോക്കി വിദൂരതയിലേക്ക് അമ്മ പറന്നു പോയതാവാം. ആ മുഖം ശരിക്കൊന്ന് കാണാനോ ഒരുമ്മ കൊടുക്കാനോ കഴിയാതെ ചില്ലുജനലിലൂടെ ഒരു നീണ്ട വെള്ള വസ്ത്രമായി അമ്മ കിടക്കുന്നതു കാണാനാണോ ഇത്രയും അകലെ നിന്ന് പറന്നു വന്നത്? ഇതിനു മാത്രം എന്ത് പാപമാണമ്മേ ഞാന്‍ ചെയ്തത്? അച്ഛന്‍ മരിക്കാന്‍ നേരം ''ഇനി നീയാണിവളുടെ എല്ലാം'' എന്നാണ് വിതുമ്പിയത്. അമ്മയ്ക്ക് അങ്ങനെ പറയാന്‍ ആരുമില്ലല്ലോ. എല്ലാര്‍ക്കും പ്രിയപ്പെട്ട അമ്മ ആര്‍ക്കും കാണാനാവാതെ വൈദ്യുതി ശ്മശാനത്തിലേക്ക് പോവുകയാണ്. എന്റെ അടിവേരറ്റുപോവുകയാണ്. ''സര്‍, ഇതിലൊരു ഒപ്പു വേണം'' പിപിഇ കിറ്റ് ധരിച്ച, ആണോ പെണ്ണോ എന്നറിയാത്ത  ഒരാള്‍ വയലറ്റ് നിറമുള്ള ഫയല്‍ നീട്ടി. അതില്‍ ഒരു മഴത്തുള്ളി വീണ് പടര്‍ന്നു. അമ്മയുടെ യാത്രാമൊഴി പോലെ. അമ്മ പോവുകയാണ്, ഓര്‍മകളില്‍ ഇനി അമ്മനിലാവ് മാത്രം. അമ്മേ, പ്രിയപ്പെട്ട അമ്മേ...

  comment

  LATEST NEWS


  മണ്ണാർക്കാട് ഇരട്ടക്കൊല: 25പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ, 50,000 രൂപ വീതം പിഴയും അടയ്ക്കണം


  ജനകീയ പ്രതിക്ഷേധങ്ങള്‍ക്ക് വിജയം; കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി; സര്‍വേ ജിപിഎസ് സൗകര്യം ഉപയോഗിച്ച് നടത്തുമെന്ന് സര്‍ക്കാര്‍


  സമയബന്ധിതമായ തെരഞ്ഞെടുപ്പ് പരിഷ്‌ക്കരണങ്ങളും ജനാധിപത്യ മാതൃക ചര്‍ച്ചകളും നടത്തും; 2024ലെ പൊതു തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചു: രാജീവ് കുമാര്‍


  ശക്തമായ മഴ; നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യമില്ല; ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം; മലയോര മേഖലകളില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു


  സനാതനധര്‍മ്മം ഭാരത സംസ്‌കാരത്തിന്റെ കാതല്‍; ഋഷിവര്യന്മാര്‍ നേടിയെടുത്ത സാംസ്‌കാരിക സവിശേഷതയാണ് ലോകജനതയെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് ഗവര്‍ണര്‍


  അപ്രതീക്ഷിത മഴ കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയായി; കശുവണ്ടി വിലയിടിഞ്ഞു, കാലവര്‍ഷം നേരത്തെ എത്തിയാല്‍ റബ്ബര്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാവും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.