×
login
കുഞ്ഞുങ്ങള്‍ നുണഞ്ഞ നെയ്പ്പായസവും മിഠായിപ്പൊതിയും

പഞ്ചതന്ത്രം കഥകള്‍ കുട്ടികള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു തന്നത് സുമംഗലയാണ്. അവരുടെ നിരവധി പുസ്തകങ്ങള്‍ ബാലസാഹിത്യം എന്ന ശാഖയില്‍ തളച്ചിടപ്പെടേണ്ടവയല്ല. മുതിര്‍ന്നവര്‍ക്കും വായിക്കാവുന്ന, വായനയിലൂടെ ജീവിതത്തെ നന്നാക്കാവുന്ന നിരവധി കഥകള്‍ സുമംഗല എഴുതിയിട്ടുണ്ട്. 1965ലാണ് കുറിഞ്ഞിപ്പൂച്ചയും കൂട്ടുകാരും പുസ്തക രൂപത്തില്‍ ഇറങ്ങുന്നത്.

നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങളോട് ഈ കഥ കേട്ടിട്ടുണ്ടോ എന്ന് നിരന്തരം ചോദിച്ച ഒരു മുത്തശ്ശിയുണ്ട്. കുഞ്ഞുങ്ങള്‍ക്കായി കഥയെഴുതി കഥയെഴുതി കുട്ടികളുടെ കഥമുത്തശ്ശിയായി മാറിയ ആ വലിയ കഥാകാരി ഇനിയില്ല. കഥകളുടെ വലിയ കൂട്ട്, നെയ്യ്പ്പായസമായും മിഠായിപ്പൊതിയായും മഞ്ചാടിക്കുരുവായുമൊക്കെ സുമംഗല എന്ന കഥപറയുന്ന മുത്തശ്ശി കുട്ടികള്‍ക്കു നല്‍കി. സുമംഗലയെ അറിയാത്ത കുഞ്ഞുങ്ങളുണ്ടാകുമെങ്കിലും അവരുടെ കഥകള്‍ കുട്ടികളുടെ സാംസ്‌കാരിക ബോധത്തെ നിയന്ത്രിച്ചു. കുഞ്ഞുങ്ങള്‍ക്ക് കഥ പറഞ്ഞു നല്‍കിയ മുത്തശ്ശിമാരുടെ കഥകളുടെ ശേഖരം തീര്‍ന്നപ്പോള്‍ അവര്‍ സുമംഗലയെ ആശ്രയിച്ചു. സുമംഗല അക്ഷരരൂപത്തിലാക്കിയ നിരവധി കഥകള്‍ കേട്ട് കുഞ്ഞുങ്ങള്‍ ഉറങ്ങി. ഭക്ഷണം കഴിച്ചു. ഒരു കഥ കൂടി പറയാമോ എന്ന കുഞ്ഞുങ്ങളുടെ ചിണുങ്ങലിന് പരിഹാരം സുമംഗലയായിരുന്നു.

ഭക്ഷണം കഴിക്കാനും ഉറങ്ങാനും കുഞ്ഞുങ്ങളോട് കഥ പറഞ്ഞു തരാമെന്ന് വാഗ്ദാനം ചെയ്യുന്ന അമ്മമ്മാരും അമ്മൂമ്മമാരും ഇപ്പോഴുമുണ്ട്. കഥ കേട്ടുകേട്ട് കുട്ടികള്‍ പിന്നീട് കഥയില്ലാതെ ഉറങ്ങില്ലെന്നും കഥയില്ലാതെ ഭക്ഷണം കഴിക്കില്ലെന്നുമുള്ള അവസ്ഥയിലെത്തിയപ്പോള്‍ അവര്‍ സുമംഗല മുത്തശ്ശിയുടെ കഥപുസ്തകങ്ങളെ ആശ്രയിച്ചു. അത്തരത്തില്‍ കഥകേട്ടു വളര്‍ന്നവര്‍ പിന്നീട് വലിയ കഥപറച്ചിലുകാരും കഥയെഴുത്തുകാരുമായി. സുംഗല എന്ന എഴുത്തുകാരി കുട്ടികളുടെ മനസ്സില്‍ കഥയുടെ മഹാപ്രപഞ്ചം സൃഷ്ടിച്ചു.

ബാലസാഹിത്യമേഖലയില്‍ സുമംഗല നിറഞ്ഞു നിന്നത് ഏറുപതിറ്റാണ്ടിലേറെയാണ്. കഥകളുടെ നാടായ വെള്ളിനേഴിയില്‍ കൂട്ടുകുടുംബ വ്യവസ്ഥിതിയിലായിരുന്നു ജനനം. കുട്ടിക്കാലത്ത് ധാരാളം കഥകള്‍ കേട്ടാണ് സുമംഗല എന്ന ലീലാനമ്പൂതിരിപ്പാട് വളര്‍ന്നത്. സമ്പന്നമായ സാംസ്‌കാരിക പൈതൃകം അവകാശപ്പെടാവുന്ന വീട്ടിലെ നിത്യസന്ദര്‍ശകര്‍ കവികളും സാഹിത്യകാരുമായിരുന്നു. കവിതകളും കഥകളും അടുത്തറിഞ്ഞു വളരാന്‍ ലീലയ്ക്കായി. പതിനഞ്ചാം വയസ്സില്‍ വിവാഹിതയായ അവര്‍ ഭര്‍തൃഗൃഹത്തിലാണ് വായനയുടെ വിശാലലോകത്തെ അടുത്തറിഞ്ഞത്. കഥകളിയുടെയും പുരാണങ്ങളുടെയും വലിയ അറിവ് അവിടെ നിന്നാണ് ലഭിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കു വേണ്ടി കഥകളെഴുതാനുള്ള കഴിവ് ലഭിച്ചതും ആ അറിവില്‍ നിന്നാണെന്ന് സുമംഗല പറയാറുണ്ട്. കലാമണ്ഡലത്തില്‍ ജോലിക്കാരിയായ ലീലയ്ക്ക് പിന്നീട് കലാമണ്ഡലത്തിന്റെ ചരിത്രമെഴുതാനുള്ള നിയോഗവുമുണ്ടായി.


ആദ്യകാലത്ത് മറ്റു പലരെയും പോലെ ലീലയും എഴുതിയത് കവിതകളാണ്. കവിതയെഴുത്തില്‍ പക്ഷേ, അത്ര വിജയിച്ചില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നീടാണ് കുഞ്ഞുങ്ങളോട് സംസാരിക്കാമെന്നു തീരുമാനിച്ചത്. സ്വന്തം മകളോടു കഥപറഞ്ഞപ്പോഴാണ് അവര്‍ക്ക് അത്തരമൊരു ആശയം മനസ്സിലുദിച്ചത്. അറിയാവുന്ന കഥകളെല്ലാം മകള്‍ക്കു വേണ്ടി പറഞ്ഞു തീര്‍ന്നപ്പോള്‍ പിന്നീട് പലതും സ്വന്തമായി സൃഷ്ടിച്ചു പറയാന്‍ തുടങ്ങി. കുട്ടികള്‍ക്കു വേണ്ടി കഥകള്‍ സൃഷ്ടിക്കുന്നത് ശ്രമകരമാണ്. അതില്‍ ലീല വിജയിക്കുകയായിരുന്നു. വീട്ടിലെ കൊച്ചു പൂച്ചയെക്കുറിച്ചാണ് ആദ്യം കഥയെഴുതിയത്. 1960ല്‍. പിന്നെ വീട്ടിലും തൊടിയിലും കാണുന്ന പലജാതി ജീവികളെ കുറിച്ചു കഥകളെഴുതാന്‍ തുടങ്ങി. കുട്ടികളുടെ പ്രസിദ്ധീകരണമായിരുന്ന പൂമ്പാറ്റയുടെ പത്രാധിപര്‍ പി.എ.വാര്യരാണ് ആദ്യ കഥ പ്രസിദ്ധീകരിച്ചത്.

എഴുത്തു തുടങ്ങിയ കാലത്ത് ബന്ധുക്കളായ പലരും കളിയാക്കി. അതില്‍ നിന്നു രക്ഷപ്പെടാനാണ് ലീലനമ്പൂതിരിപ്പാട് പേരുമാറ്റി കഥകളെഴുതിയത്. പല പേരുകളില്‍ എഴുതി. സുലക്ഷണ, മാളവിക, പ്രിയംവദ തുടങ്ങിയ പേരുകള്‍. പിന്നീട് അടുത്ത സുഹൃത്താണ് മംഗല എന്ന പേരു നിര്‍ദ്ദേശിച്ചത്. അതിനൊപ്പം സു കൂടി ചേര്‍ത്ത് സുമംഗലയാക്കി.

പഞ്ചതന്ത്രം കഥകള്‍ കുട്ടികള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞു തന്നത് സുമംഗലയാണ്. അവരുടെ നിരവധി പുസ്തകങ്ങള്‍ ബാലസാഹിത്യം എന്ന ശാഖയില്‍ തളച്ചിടപ്പെടേണ്ടവയല്ല. മുതിര്‍ന്നവര്‍ക്കും വായിക്കാവുന്ന, വായനയിലൂടെ  ജീവിതത്തെ നന്നാക്കാവുന്ന നിരവധി കഥകള്‍ സുമംഗല എഴുതിയിട്ടുണ്ട്. 1965ലാണ് കുറിഞ്ഞിപ്പൂച്ചയും കൂട്ടുകാരും പുസ്തക രൂപത്തില്‍ ഇറങ്ങുന്നത്. പിന്നീട് പഞ്ചതന്ത്രം, മിഠായിപ്പൊതി, നെയ്പ്പായസം, തങ്കക്കിങ്ങിണി, മഞ്ചാടിക്കുരു, മുത്തുസഞ്ചി, ഈ കഥ കേട്ടിട്ടുണ്ടോ, നാടോടി ചൊല്ലിയ കഥകള്‍, രഹസ്യം, കുടമണികള്‍ തുടങ്ങിയ പുസ്തകങ്ങള്‍. വിവിധ തരത്തിലുള്ള 37 പുസ്തകങ്ങള്‍ സുമംഗലയുടേതായി പ്രസിദ്ധീകരിച്ചു. അതില്‍ 23 ഉം കുട്ടികള്‍ക്കു വേണ്ടിയുള്ളതാണ്. സംസ്‌കൃതത്തില്‍ നിന്നും മറ്റുമായി നിരവധി രചനകള്‍ പരിഭാഷപ്പെടുത്തി മലയാളത്തിനു നല്‍കിയിട്ടുണ്ട്. പച്ചമലയാളം നിഘണ്ടുവിന്റെ രചനയും നിര്‍വ്വഹിച്ചു.

കുഞ്ഞുങ്ങളോട് എപ്പോഴും നല്ല കഥകള്‍ പറയാന്‍ മാതാപിതാക്കള്‍ക്ക് കഴിയണമെന്നായിരുന്നു കഥമുത്തശ്ശിക്ക് പറയാനുണ്ടായിരുന്നത്. അങ്ങിനെയായാല്‍ ഒരു കുട്ടിയും വഴിതെറ്റി സഞ്ചരിക്കില്ല. കഥപറഞ്ഞു പറഞ്ഞ്, കഥപറയുന്നവര്‍ക്കും ആ സംസ്‌കാരം പകര്‍ന്നു കിട്ടും. നല്ല കഥ പറച്ചിലുകാരുമാകാം. കുഞ്ഞുങ്ങളോട് കഥപറയുമ്പോള്‍ കഥ തീര്‍ന്നു പോയി എന്ന് ആരും പരിതപതിക്കേണ്ടതുമില്ല. കഥ പറയുന്ന സുമംഗല മുത്തശ്ശി നമുക്കിടയിലിനിയില്ലെങ്കിലും അവര്‍ പകര്‍ന്നു നല്‍കിയ മഹാ കഥാപ്രപഞ്ചം നമുക്കൊപ്പമുണ്ട്. ഈ കഥ കേട്ടിട്ടുണ്ടോ എന്ന് അവര്‍ കുഞ്ഞുങ്ങളോട് ചോദിച്ചു കൊണ്ടേയിരുന്നു. നമുക്കു നമ്മുടെ കുഞ്ഞുങ്ങളോടു വീണ്ടും വീണ്ടും ചോദിക്കാം, ഈ കഥ കേട്ടിട്ടുണ്ടോ....കഥമുത്തശ്ശിയുടെ കഥകള്‍ അവരെ പഠിപ്പിക്കാം.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.