×
login
കശ്യപിന്റെ 'ലോഹ യുഗം'‍ ആമസോണില്‍; കാല്പനികതയിലും ഭാവനിയിലും പുതിയതലങ്ങള്‍ കണ്ടെത്തുന്ന നോവല്‍ പ്രകാശനം കോട്ടയത്ത്

34 അധ്യായങ്ങളിലായി 210 പേജുകളില്‍ ലോകത്തെക്കുറിച്ചുള്ള ഭാവന വരച്ചിട്ടിരിക്കുന്ന നോവല്‍ ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്.

മെല്‍ബണ്‍;  നല്ല കഥ, മാന്ത്രിക ശക്തിയുള്ള മയക്കു മരുന്നു പോലെയാണ്. ദൈനം ദിന ജീവിതത്തിലെ ചേരിതിരിവുകളുടേയും സംഘര്‍ഷങ്ങളുടെയും അലോസരങ്ങളുടേയും ലോകത്തു നിന്ന് ആവേശത്തിന്‍റെയും ആനന്ദത്തിന്‍റെയും സംതൃപ്തിയുടേയും പ്രപഞ്ചത്തിലേക്ക് നിങ്ങളെ കൂട്ടിക്കൊണ്ടു പോകാന്‍ അതിനു കഴിയും. കഥകളുടെ ഈ ശക്തിയായിരിക്കാം അമ്മൂമ്മക്കഥകള്‍ എന്ന ആശയത്തിന്‍റെ പിറവിയ്ക്ക് കാരണമായത്. ഒരു കൊച്ചു കുട്ടിയ്ക്ക് തന്‍റെ ആശങ്കകളും ഉത്കണ്ഠകളും കറച്ചു സമയത്തേക്ക് ഉപേക്ഷിച്ച് സാങ്കല്‍പ്പിക ലോകത്തിലെ മാന്ത്രിക വാക്കുകളില്‍ ആശ്വാസം കണ്ടെത്താനുള്ള അവസരമാണ് കഥപറച്ചില്‍. എല്ലാ പ്രതിസന്ധികളേയും നേരിട്ടുകൊണ്ട് തിന്മയുടെ മേല്‍ നന്മ വിജയം നേടുന്ന ആ നല്ല ലോകത്തേക്ക് ഒഴുകി ചെല്ലാനുള്ള  അവസരം. 

അങ്ങനെ നല്ലൊരു കഥ പറഞ്ഞ്‌ ഇംഗ് ളീഷ് എഴുത്തുകാരുടെ നിരയിലേക്ക് മലയാളത്തിന്റെ മറ്റൊരു സംഭാവനയാണ് കശ്യപ് ശ്രീകുമാര്‍. ആസ്‌ട്രേലിയയില്‍ ജീവിക്കുന്ന  മലയാളി ബാലന്റെ കന്നിപുസ്തകം 'ലോഹ യുഗം' ('The Metal Era’.) ആമസോണ്‍ പുറത്തിറക്കി.

കാല്പനികതയിലും ഭാവനിയിലും പുതിയതലങ്ങള്‍ കണ്ടെത്തുന്ന  The Metal Era,  ലോകത്തെക്കുറിച്ചുള്ള  സാങ്കല്‍പികമായ ശാസ്ത്രീയ ആഖ്യാനമാണ്.

34 അധ്യായങ്ങളിലായി 210 പേജുകളില്‍ ലോകത്തെക്കുറിച്ചുള്ള ഭാവന വരച്ചിട്ടിരിക്കുന്ന നോവല്‍ ഇപ്പോള്‍ ആമസോണില്‍ ലഭ്യമാണ്.  

ആവേശകരമായ കഥകള്‍ എഴുതുന്നതും ആസക്തി ഉളവാക്കുന്ന കഥാപാത്രങ്ങള്‍ സൃഷ്ടിക്കുന്നതും അഭിനിവേശമായി മാറിയ എട്ടാം ക് ളാസുകാരന്റെ അര്‍പ്പണബോധം  വായനക്കാരുമായി പങ്കിടുന്ന നോവലിന് ലോകമെമ്പാടും മികച്ച അവലോകനങ്ങളാണ് ലഭിക്കുന്നത്.  


പുസ്തകത്തെ ക്കുറിച്ച് പ്രശസ്ത എഴുത്തുകാരന്‍  നിശാന്ത് കൗശിക് എഴുതിയതിങ്ങനെ:

'കശ്യപ് ശ്രീകുമാറിന്റെ ആദ്യ കൃതിയെ പറ്റി അറിഞ്ഞപ്പോള്‍, അദ്ദേഹം പതിമ്മൂന്നു വയസ്സുകാരനാണ് എന്ന കാര്യം എന്നെ തീര്‍ത്തും അതിശയിപ്പിച്ചു.  കൃതിയുടെ ആവിഷ്‌ക്കരണം മുതല്‍ പ്രസിദ്ധീകരണം വരെയുള്ള കഠിനയാത്ര ചെയ്യാനുള്ള സ്ഥിരോല്‍സാഹം ഈ കുട്ടിക്ക് ഉണ്ടായി എന്നത് അത്യന്തം ശ്ലാഘനീയമായ കാര്യമാണ്. അതോടൊപ്പം ശാസ്ത്ര സാങ്കേതിക പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ള ഗംഭീരമായ ഒരു കഥയും കൂടി ചേര്‍ക്കുമ്പോള്‍ ആരും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു പോകും. 'The Metal Era’. (ലോഹ യുഗം) എന്ന കഥയില്‍ തങ്ങളുടെ ഒടുങ്ങാത്ത ആര്‍ത്തി ശമിപ്പിക്കാന്‍ എന്തും ചെയ്യാന്‍ തയ്യാറാവുന്ന ഒരു നീച സംഘത്തെ കഥാകൃത്ത് അവതരിപ്പിക്കുന്നു. അവര്‍ക്കെതിരെ ഈ ഭൂമിയുടെ വിശുദ്ധി സംരക്ഷിക്കാന്‍ വേണ്ടി പോരാടുന്ന കുറച്ചു നല്ല പോരാളികളും. നന്മയുടെ ആ പോരാളികള്‍ വിജയം വരിച്ച് ആഘോഷപൂര്‍വ്വം തിരിച്ചു വരണം എന്ന് എന്നിലെ വായനക്കാരന്‍ ആഗ്രഹിക്കുമ്പോള്‍, എന്നിലെ എഴുത്തുകാരന്‍ ആഗ്രഹിക്കുന്നത് നാളെയുടെ ഏറ്റവും മികച്ച കഥാകാരനെന്ന നിലയിലേക്കുള്ള കശ്യപ് ശ്രീകുമാറിന്റെ വളര്‍ച്ചയുടെ യാത്രയാണ്'.

കോട്ടയം പുതുപ്പള്ളി സ്വദേശി ശ്രീകുമാറിന്റേയും വടവാതൂര്‍ സ്വദേശി ശ്രീജയുടേയും മൂത്ത മകനാണ് കശ്യപ്.  കൗശിക് സഹോദരന്‍. മെല്‍ബണില്‍ മലയാളി സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമാണ് ബിസിനസ്സുകാരനായ ശ്രീകുമാര്‍. ആരോഗ്യ മേഖലയിലാണ് ശ്രീജ ജോലി ചെയ്യുന്നത്.

 പുസ്തകത്തിന്റെ പ്രകാശനം കോട്ടയത്തു നടന്ന ചടങ്ങില്‍ മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള നിര്‍വഹിച്ചു. പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ എന്നിവര്‍ സന്നിഹിതരായിരുന്നു.

https://www.amazon.in/Metal-Era-Kashyap-Sreekumar/dp/1638327793/ref=mp_s_a_1_1?dchild=1&keywords=the+metal+era&qid=1617782220&sr=8-1

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.