×
login
ഇന്ന് എസ്.കെ. പൊറ്റെക്കാട്ടിന്റെ നാല്‍പ്പതാം ചരമവാര്‍ഷികദിനം; 'ഇന്ദ്രനീല'മായെത്തും 'ചന്ദ്രകാന്ത'ത്തിലെ ഓര്‍മ്മകള്‍

വൈകി ഉറങ്ങിയാലും നേരത്തെ ഉണര്‍ന്ന് പ്രഭാതസവാരിക്കിറങ്ങും. നാട്ടിലെ ഉള്‍പ്രദേശങ്ങളിലൂടെയായിരുന്നു നടത്തം. ആ നടത്തത്തിനിടയില്‍ കണ്ടുമുട്ടുന്ന ആളുകളും അവരുമായുള്ള സംഭാഷണങ്ങളുമെല്ലാം പിന്നീട് കഥകളായി പുനര്‍ജനിക്കും.

എസ്.കെ. പൊറ്റെക്കാട്ടിന്റെ ഡയറിയുമായി മകള്‍ സുമിത്ര ജയപ്രകാശ്‌

കോഴിക്കോട്: മനസ്സില്‍ മായാതെ പതിഞ്ഞുകിടക്കുന്ന 'ചന്ദ്രകാന്ത'ത്തിലെ ഓര്‍മ്മകള്‍ അക്ഷരങ്ങളായി പിറക്കുമ്പോള്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെ മകള്‍ സുമിത്ര ജയപ്രകാശ് അതിന് നല്കിയ പേര് 'ഇന്ദ്രനീലം' എന്നാണ്. അതിന് കാരണമുണ്ട്, എസ്.കെ. പൊറ്റെക്കാട്ട് എന്ന പ്രതിഭാശാലിയായ എഴുത്തുകാരന്‍ തന്റെ എഴുപതോളം പുസ്തകങ്ങളുടെ പകര്‍പ്പവകാശം നാല് മക്കള്‍ക്കായി വീതിച്ചുകൊടുക്കുമ്പോള്‍ ഏറ്റവും ഇളയവളായ സുമിത്രക്ക് കിട്ടിയ പുസ്തകങ്ങളിലൊന്ന് 'ഇന്ദ്രനീലം' എന്ന കഥാസമാഹാരമാണ്. അതുകൊണ്ടാണ് അവര്‍ തന്റെ വീടിന് ഇന്ദ്രനീലം എന്ന് പേരിട്ടത്. അച്ഛനെക്കുറിച്ച് അവര്‍ ഇപ്പോള്‍ എഴുതിപ്പൂര്‍ത്തിയാക്കിയ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരത്തിന് ഇന്ദ്രനീലം എന്ന് പേരിട്ടതും അതുകൊണ്ടു തന്നെ. പൊറ്റെക്കാട്ടിന് രത്‌നങ്ങളോട്, അല്ലെങ്കില്‍ രത്‌നങ്ങളുടെ പേരുകളോട് എന്തോ അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ മൂന്നെണ്ണത്തിന് രത്‌നക്കല്ലുകളുടെ പേരാണ്. ചന്ദ്രകാന്തം, ഇന്ദ്രനീലം, പത്മരാഗം. അദ്ദേഹം തന്റെ വീടിന് പേരിട്ടത് ചന്ദ്രകാന്തം എന്നും. ഏറെക്കാലം അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ക്ക് തീര്‍ത്ഥാടനകേന്ദ്രമായിരുന്നു ചന്ദ്രകാന്തം. ആ പഴയ വീട് ഇപ്പോഴില്ലെങ്കിലും ആ സ്ഥാനത്ത് ചന്ദ്രകാന്തം എന്ന പേരില്‍ തന്നെ പുതിയ വീട് വച്ച് അദ്ദേഹത്തിന്റെ മകന്‍ താമസിക്കുന്നു.  

സുമിത്രക്ക് 22 വയസ്സുള്ളപ്പോഴാണ് പൊറ്റെക്കാട്ട് ഈ ലോകത്തോട് വിടപറഞ്ഞത്. 1982 ആഗസ്ത് ആറിന്. നിത്യവും ഡയറി എഴുതുമായിരുന്ന പൊറ്റെക്കാട്ടിന്റെ ഡയറിക്കുറിപ്പുകള്‍ ഒന്നൊന്നായി വായിച്ചുകൊണ്ടാണ് ജീവിച്ചിരിക്കുമ്പോള്‍ അറിഞ്ഞതിനേക്കാള്‍ അദ്ദേഹത്തെ അറിയാന്‍ കഴിഞ്ഞതെന്നും ആ വേര്‍പാട് എത്രവലിയ ശൂന്യതയാണെന്ന് മനസ്സിലായതെന്നും സുമിത്ര പറയുന്നു. കഴിഞ്ഞ നാല്‍പത് വര്‍ഷമായി ആ ഡയറികളിലൂടെ സഞ്ചരിക്കുകയായിരുന്നു അവര്‍. അതില്‍ സാഹിത്യസമ്മേളനവിവരങ്ങള്‍ തൊട്ട് കടയില്‍ നിന്ന് സാധനം വാങ്ങിയതിന് ചെലവായ തുക വരെ ഉണ്ടാകും. വ്യക്തിപരമായ കാര്യങ്ങള്‍ മലയാളത്തിലും മറ്റുള്ളവ ഇംഗ്ലീഷിലുമായിരുന്നു എഴുതിയിരുന്നത്.  


രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷമാണ് അദ്ദേഹം കൂടുതലും എഴുതിയിരുന്നതെന്ന് സുമിത്ര ഓര്‍ക്കുന്നു. വൈകി ഉറങ്ങിയാലും നേരത്തെ ഉണര്‍ന്ന് പ്രഭാതസവാരിക്കിറങ്ങും. നാട്ടിലെ ഉള്‍പ്രദേശങ്ങളിലൂടെയായിരുന്നു നടത്തം. ആ നടത്തത്തിനിടയില്‍ കണ്ടുമുട്ടുന്ന ആളുകളും അവരുമായുള്ള സംഭാഷണങ്ങളുമെല്ലാം പിന്നീട് കഥകളായി പുനര്‍ജനിക്കും. നടത്തം കഴിഞ്ഞു വന്ന് നോട്ടുപുസ്തകത്തില്‍ കുറിപ്പുകളായി എഴുതിയിടും. അച്ഛന്റെ അടുത്ത സുഹൃത്തായ മാധവേട്ടന്റെ മിഠായിത്തെരുവിലെ മോഡേണ്‍ ബേക്കറിയില്‍ സ്ഥിരമായി പോയി ഇരിക്കുമായിരുന്നു. അവിടെയിരുന്ന് തെരുവിനെ വീക്ഷിച്ചും നിരീക്ഷിച്ചുമാണ് 'തെരുവിന്റെ കഥ' എഴുതിയത്.

പൊറ്റെക്കാട്ടിന്റെ മിക്ക കഥാപാത്രങ്ങളും ആ കഥകള്‍ പുറത്തിറങ്ങുമ്പോള്‍ പച്ചമനുഷ്യരായി ജീവിച്ചിരുന്നവരായിരുന്നു. അത്തരം കഥാപാത്രങ്ങള്‍ പലരും വീട്ടില്‍ ഇടയ്ക്കിടെ വരാറുണ്ടെന്ന് സുമിത്ര ഓര്‍ക്കുന്നു. അവര്‍ വീട്ടില്‍ വന്നു പോയിക്കഴിഞ്ഞാലാണ് പറയുക, ഇപ്പോള്‍ പോയത് ഇന്ന കഥയിലെ ഇന്ന കഥാപാത്രമായിരുന്നു എന്ന്. 'ഒരു തെരുവിന്റെ കഥ'യിലെ അതിരാണിപ്പാടം കോഴിക്കോട് ഫ്രാന്‍സിസ് റോഡിനപ്പുറമുള്ള തോട്ടൂളിപ്പാടം എന്ന സ്ഥലമാണ്. അവിടെ ജീവിച്ചിരുന്ന ആളുകളാണ് അതിലെ കഥാപാത്രങ്ങളെല്ലാം. അതുപോലെ തന്നെയാണ് തെരുവിന്റെ കഥയിലെ കഥാപാത്രങ്ങളും. ജ്ഞാനപീഠം കിട്ടിയപ്പോള്‍ കോഴിക്കോട്ട് നടന്ന ഒരു സ്വീകരണപരിപാടിയില്‍ സ്റ്റേജില്‍ ഒരു വലിയ ചെടിച്ചട്ടി വച്ചിരന്നു. അതാരാണ് കൊണ്ടുവച്ചത് എന്ന് പൊറ്റെക്കാട്ടിനോട് ചോദിച്ചപ്പോള്‍ മറുപടി 'ഓമഞ്ചി' ആണെന്നായിരുന്നു!

'ദേശത്തിന്റെ കഥ'യുടെ അമ്പതാം വര്‍ഷംകൂടിയാണിത്. ജ്ഞാനപീഠമേറിയ എഴുത്തുകാരന്റെ നാല്‍പതാം ചരമവാര്‍ഷികവും ജ്ഞാനപീഠത്തിനര്‍ഹമായ കൃതിയുടെ അമ്പതാം വാര്‍ഷികവും ഒന്നിച്ചെത്തുകയാണ്. എഴുത്തല്ലാതെ മറ്റൊരു ജോലിയും ചെയ്യാതെ ലോകം ചുറ്റിസഞ്ചരിക്കുകയും സ്വന്തം കുടുംബം പുലര്‍ത്തുകയും ചെയ്ത ആ വലിയ എഴുത്തുകാരന്റെ ഓര്‍മ്മകള്‍ അടുക്കിവച്ച് മകളൊരുക്കിയ 'ഇന്ദ്രനീലം' ഇരുപത്തൊന്നിന് പ്രകാശിതമാകുകയാണ്, പുതിയറ എസ്.കെ. പൊറ്റെക്കാട്ട് സാംസ്‌കാരിക കേന്ദ്രത്തില്‍ വച്ച്.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.