×
login
ഉപബോധം

കഥ

ശ്വാസതടസവും വയറ്റില്‍ അസ്വസ്ഥതയുമായാണ് മഹേഷിനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്.  

ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് അസിഡിറ്റി മൂലമുണ്ടായ ഗ്യാസ്സ്ട്രബിള്‍ എന്ന നിഗമനത്തില്‍ ചികിത്സതുടങ്ങി. രണ്ടു ദിവസങ്ങള്‍ കഴിഞ്ഞിട്ടും മഹേഷിന്റെ ശ്വാസംമുട്ടല്‍ കുറവായില്ല.

അപ്പോള്‍ ഡോക്ടര്‍ മഹേഷിന്റെ അബ്‌ഡോമിനല്‍ സ്‌കാനിങ്ങിന് ചെയ്തു.

രണ്ടു കിഡ്‌നികളും പാന്‍ക്രിയാസും നോര്‍മല്‍ ലിവറില്‍ ഫാറ്റിഡിപ്പോസിറ്റ് ഗ്രേഡ് ഒന്ന്. മറ്റ് കുഴപ്പങ്ങള്‍ സ്‌കാനിങ്ങില്‍ കണ്ടില്ല.

'ഡോക്ടര്‍ എന്താ കുഴപ്പം'

'മഹേഷിന്റെ മനസ്സിന്റെ സ്‌കാനിങ്ങാണ് എടുക്കേണ്ടത്.'

'അതെ ഡോക്ടര്‍'

'എന്നെ ഐസിയുവില്‍ അഡ്മിറ്റ് ചെയ്ത് ഒന്ന് മയക്കികിടത്താമോ?'

മാനസികമായ വിഷമം മൂലമാണ് മഹേഷിന് ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നതെന്ന് മനസിലാക്കിയ ഡോക്ടര്‍ മഹേഷിനെ ഐസിയുവിലേക്ക് മാറ്റി.

ശ്വാസം കിട്ടാതെ വിഷമിക്കുന്ന മഹേഷിനെ പരിശോധിച്ച ഡോക്ടര്‍ കേസ് ഷീറ്റില്‍ മെഡിസിന്‍സ് കുറിച്ചു.

ഉടന്‍ തന്നെ മഹേഷിന് സിസ്റ്റര്‍ ഇന്‍ജക്ഷന്‍ എടുത്തു. മഹേഷ് പതുക്കെ മയക്കത്തിലേക്ക് വഴുതി വീണു.

ഐസിയുവിന്റെ പുറത്ത് ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും വിഷമസ്ഥിതരായ് നില്‍ക്കുന്നു.

ഐസിയുവിന്റെ വാതില്‍ തുറന്നു.

സിസ്റ്റര്‍

'മഹേഷിന്റെ കൂടെയുള്ള ഒരാള്‍ അകത്തേക്ക് വരണം.'

ഭാര്യാ സഹോദരന്‍ രാജേഷ് ഐസിയുവിലേക്ക് കയറി.

'മഹേഷിന്റെ ആരാണ്?' ഡോക്ടറുടെ ചോദ്യം

'ഭാര്യാ സഹോദരനാണ്. രാജേഷ്'

'മഹേഷിന് മാനസികമായി എന്തെങ്കിലും പ്രശ്‌നം' ഡോക്ടറുടെ ചോദ്യം.

'അങ്ങനെയൊന്നും ഉള്ളതായ് അറിയില്ല ഡോക്ടര്‍.'

''മഹേഷിന്റെ മനസ്സിനാണ് രോഗം. വളരെ പഴക്കമുണ്ട് ചികിത്സ വൈകിയതിനാല്‍ ഇപ്പോള്‍ ഡിപ്രഷന്‍ എന്ന അവസ്ഥയിലേക്ക് കടന്നു. അതാണ് ഇപ്പോള്‍ ചെറിയ ടെന്‍ഷന്‍ ഉണ്ടാകുമ്പോള്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെടുന്നത്.''

''മഹേഷ് മനസില്‍ വലിയൊരു ഭാരം കൊണ്ടു നടക്കുന്നു.''

സാരമില്ല.

നമുക്ക് ഉടന്‍ ചികിത്സ തുടങ്ങണം. 'സൈക്യാട്രിസ്റ്റ് ഡോ. മുഹമ്മദ് റിയാസിന് റഫര്‍ ചെയ്തിട്ടുണ്ട്.

നിങ്ങളുടെ പൂര്‍ണ്ണമായ സപ്പോര്‍ട്ട്. പ്രത്യേകിച്ച് ഭാര്യയുടെ സ്‌നേഹപൂര്‍വ്വമായ സാന്ത്വനം തീര്‍ച്ചയായും ഉണ്ടാവണം.

''അതുണ്ടാവും. തീര്‍ച്ചയായും ഡോക്ടര്‍.''

ഒ.കെ. ഡോക്ടര്‍. രാജേഷ് പുറത്തേക്കിറങ്ങി.

സൈക്യാട്രിസ്റ്റും ഹിപ്‌നോ തെറാപ്പിസ്റ്റുമായ ഡോ. മുഹമ്മദ് റിയാസ് മഹേഷിനെ ഹിപ്‌നോതെറാപ്പി ചെയ്തു.

ഡോക്ടര്‍ മഹേഷിന്റെ മനസ്സിനെ ഭൂതകാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

മഹേഷിന്റെ മനസ്സിലെ ചുരുളുകള്‍ മെല്ലെ മെല്ലെ അഴിച്ചു.

ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് അര്‍ദ്ധമയക്കത്തില്‍ മഹേഷ് മറുപടി പറഞ്ഞു തുടങ്ങി.

കഴിഞ്ഞകാല ജീവിതത്തിന്റെ ഫഌഷ് ബാക്ക്.


''ബാല്യത്തില്‍ പതിന്നാലു വയസുള്ളപ്പോള്‍, അച്ഛന്റെ പരസ്ത്രീ ബന്ധംമൂലം അമ്മ ആത്മഹത്യ ചെയ്തു...''

അച്ഛന്‍ ഉപേക്ഷിച്ചു പോയപ്പോള്‍ മഹേഷിനൊപ്പം ഒറ്റപ്പെട്ടു പോയ സഹോദരി മാളുവും ജ്യേഷ്ഠന്‍ മാധവും.

ഡിഗ്രിയ്ക്ക് പഠിച്ചുകൊണ്ടിരുന്ന ജ്യേഷ്ഠന്‍ സഹോദരങ്ങള്‍ക്കുവേണ്ടി പഠനം നിര്‍ത്തി.

കൂലിപ്പണി ചെയ്തു മഹേഷിനേയും മാളുവിനേയും സംരക്ഷിച്ചു.

അപ്പോഴാണ് അച്ഛനെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ വീടിന് ബാങ്കിന്റെ ജപ്തി നടപടികള്‍ ഉണ്ടായത്.

പെരുവഴിയിലേക്ക് ഇറങ്ങേണ്ടി വന്ന മഹേഷിനും സഹോദരങ്ങള്‍ക്കും ചില ബന്ധുക്കള്‍ അഭയം നല്‍കിയെങ്കിലും അവരില്‍ നിന്നും മാനസിക പീഡനം വളരെ സഹിക്കേണ്ടി വന്നു.

അങ്ങനെ മഹേഷും പഠനം നിര്‍ത്തി. അടുത്തുള്ള മാര്‍ക്കറ്റില്‍ ചേട്ടനൊപ്പം ചുമടെടുത്തും ചായക്കടയില്‍ ജോലി ചെയ്തും മാളുവിനെ പഠിപ്പിച്ചു.

വര്‍ഷങ്ങള്‍ നാലഞ്ചു കഴിഞ്ഞു പോയി. പഠിക്കാനുള്ള അതിയായ മോഹം മൂലം രാത്രി ഉറക്കളച്ച് പഠിച്ച് മഹേഷ് വിദൂര വിദ്യാഭ്യാസത്തിലൂടെ ബി.കോം, പാസായി. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ ഓഫീസില്‍ മഹേഷിന് ജോലി ലഭിച്ചു.

ഇഷ്ടപ്പെട്ട ആള്‍ക്കൊപ്പം മാളുവിനെ വിവാഹം ചെയ്തയച്ചു. പക്ഷേ ഭര്‍ത്താവിന്റെ മുഴുകുടിയും മര്‍ദ്ദനവും സഹിക്കാതെ മാളു ആത്മഹത്യ ചെയ്തു.

അത് വീണ്ടും മഹേഷിന്റെ മനസ്സില്‍ വല്ലാത്തൊരു ഷോക്കാണുണ്ടാക്കിയത്. പിന്നീട് വിവാഹം കഴിച്ചു കുട്ടികള്‍ ആയെങ്കിലും ആ ഷോക്കിന്റെ ആഘാതം ഇപ്പോള്‍ ചെറിയ മാനസിക വിഷമം ഉണ്ടായാല്‍ ശ്വാസം കിട്ടാതെ പിടയുന്ന അവസ്ഥയായി മഹേഷിനെ പിന്തുടര്‍ന്നു.

മഹേഷ് തന്റെ ഉപബോധ മനസിലെ കാണാക്കയങ്ങളില്‍ എഴുതി ചേര്‍ക്കപ്പെട്ടു വച്ചിരുന്ന ദുരന്തങ്ങളുടെ കറുത്ത ലിപികള്‍ ഡോക്ടര്‍ മെല്ലെ മെല്ലെ മായ്ച്ചു കളഞ്ഞു.

അര്‍ദ്ധബോധാവസ്ഥയില്‍ നിന്നും മഹേഷിനെ ഡോക്ടര്‍ ഉണര്‍ത്തി.

''മഹേഷ്

ഇനി കണ്ണുകള്‍ തുറന്നോളൂ''

മഹേഷ് മെല്ലെ കണ്ണുകള്‍ തുറന്നു.

''ഇതുവരെ മഹേഷ് മനസില്‍ കൊണ്ടു നടന്നിരുന്ന കഴിഞ്ഞ കാലങ്ങളിലെ ദുരവസ്ഥകള്‍ മഹേഷിന്റെ ഉപബോധത്തില്‍ നിന്നും പൂര്‍ണ്ണമായും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു.''

''ഇനി ടെന്‍ഷന്‍ വേണ്ട അതുമൂലമുള്ള ശ്വാസംമുട്ടലും.''

ഓ.കെ.

എണീറ്റോളൂ.

'ഇപ്പോ എന്ത് തോന്നുന്നു.'

ദീര്‍ഘമായ് നിശ്വസിച്ച് എണീറ്റ്

''നല്ല മാറ്റം ഉണ്ട്. ഡോക്ടര്‍. പു

തിയ ഒരു അനുഭവം.''

ഓ.കെ.  

മഹേഷിന്റെ ടെന്‍ഷന്‍ മുഴുവന്‍ ഞാനെടുത്തു. ഇനി ധൈര്യമായ് വീട്ടിലേക്ക് പൊയ്‌ക്കൊള്ളൂ.

'ഇതിന് എങ്ങനെ നന്ദി പറയണമെന്നറിയില്ല ഡോക്ടര്‍.'

ഓ.കെ. മഹേഷ്. റിലാക്‌സ്

'താങ്ക്യൂ ഡോക്ടര്‍.'

''ഇനി ഭാര്യയോടും മക്കളോടു മൊപ്പം സന്തോഷമായിട്ട് ജീവിക്കുക.'' നോ ടെന്‍ഷന്‍.

'ആത്മഹത്യയെ കുറിച്ച് പോലും പലതവണ ചിന്തിച്ചിട്ടുണ്ട്' ഞാന്‍. എന്നെ അതില്‍ നിന്നും കൈപിടിച്ച് രക്ഷിച്ച ഡോക്ടര്‍ക്ക് എങ്ങനെ നന്ദി പറയണമെന്നും അറിയില്ല.

ഇതെന്റെ പുനര്‍ജന്മമാണ് വളരെ നന്ദി ഡോക്ടര്‍.  

ഡോക്ടറുടെ കൈകളില്‍ മഹേഷിന്റെ കണ്ണുകളില്‍ നിന്നും സന്തോഷാശ്രുക്കള്‍ അടര്‍ന്നു വീണു.

ഡോ. മുഹമ്മദ് റിയാസിന്റെ മുഖത്ത് മാനസികമായി വേദനിക്കുന്ന ഒരാള്‍ക്കു കൂടി ജീവിതം തിരിച്ചു നല്‍കിയ സംതൃപ്തി.

ഡോ. മനോജ് പരാശക്തി

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.