×
login
വിഷുക്കുടുക്ക; വള്ളുവനാടന്‍ ഓര്‍മക്കുറിപ്പ്

''ജയേട്ടാ ... കുടുക്ക പൊട്ടിക്കാതെ തന്നെ കുഞ്ചി എന്നെ ഏല്‍പ്പിച്ചിരുന്നു. മുത്തച്ഛന്‍ കുഞ്ചിയ്ക്ക് കാശ് കൊടുത്തൂത്രെ. കുടുക്ക തിരിച്ച് എന്നെ ഏല്‍പ്പിക്കാനും പറഞ്ഞൂത്രെ. പാവം മുത്തച്ഛന്‍. എന്നെ മനസ്സിലാക്കുന്ന ഈ വീട്ടിലെ ഒരേയൊരു നല്ല വ്യക്തി.''

 രജനി സുരേഷ്

''ഞങ്ങള്‍ ആണാള്‍ പിറന്നവര്‍ക്കുള്ളതാ ഓലപ്പടക്കോം മാലപ്പടക്കോം. നീ പോയി കല്ലെടുത്ത് പൊട്ടാസ് കുത്തി പൊട്ടിച്ചോ. ''ജയേട്ടന്റെ താഴ്ത്തി കെട്ടിയ സംസാരം തീരെ രുചിച്ചില്ല.

എങ്കിലും ഒന്നുകൂടി കെഞ്ചി നോക്കി. 'ജയേട്ടാ .. ജ്യോച്ചിയ്ക്ക് വേണേല്‍ നമുക്ക് പൊട്ടാസും പൂത്തിരീം കൊടുക്കാം. ഉരല്‍പ്പുരേടെ അപ്പുറത്ത് പോയി കത്തിച്ചോട്ടെ. എനിക്ക് മാലപ്പടക്കം പൊട്ടിക്കണം.  പെണ്ണാണെങ്കിലും ആണ്‍കുട്ട്യോള്‍ടെ ധൈര്യംണ്ട്ന്ന് ജയേട്ടന്‍.

''തന്നേല്യേ പറയാറ്. പിന്നെ വിഷ്വല്യേ?''

കേട്ട ഭാവമില്ല കക്ഷി. വിഷുവിന് പൊട്ടിക്കാനുള്ള പടക്കം വാങ്ങാനുള്ള കാശ് എണ്ണിത്തിട്ടപ്പെടുത്തുകയാണ്.

ഒന്നുകൂടി യാചിച്ചു നോക്കിയാലോ? വേണ്ട. പിന്നെ തലേകേറും. ഇപ്പൊ ഒരു നെലേം വെലേം ഒക്കെണ്ട്. മാനം കളഞ്ഞുകുളിക്കണ്ട.

എന്റെ മൗനം കണ്ട് മനസ്സലിഞ്ഞോ എന്തോ?

''ങ്ഹും?'' ജയേട്ടന്റെ ചോദ്യം.

ഒട്ടുനേരം ഞാന്‍ മിണ്ടാതിരുന്നു. എനിക്ക് മാലപ്പടക്കം പൊട്ടിക്കാന്‍ തരില്ലെന്നു പറഞ്ഞതല്ലേ? അങ്ങനെ വിട്ടാല്‍ പറ്റില്ല.

ജയേട്ടന്‍ നോട്ടുകള്‍ എണ്ണിക്കഴിഞ്ഞ് നാണയ സഞ്ചി തുറന്ന് പകുതിയെണ്ണി ക്കഴിഞ്ഞപ്പോള്‍ മുഖത്ത് നിരാശ. പടക്കം വാങ്ങാന്‍ കാശ് തികയില്ലെന്ന് എനിക്ക് മനസ്സിലായി.

ഇതുതന്നെ തക്കം. ഞാന്‍ പറഞ്ഞു. ''ചെല്ലന്റെ മകള്‍ കുഞ്ചി എന്റെ വിഷുക്കുടുക്ക തിരിച്ചേല്‍പ്പിച്ചിട്ടുണ്ട്.''

ഗൗരവക്കാരന്റെ വദനത്തില്‍ ചിരിയുടെ ലാഞ്ഛന.

''നീയെന്താ പറഞ്ഞത്?''

''ഒന്നൂല്യാ... പടക്കം പൊട്ടിക്കണംന്ന് പറയ്യായിരുന്നു.''

''നല്ല കുട്ടിയല്യേ ... ഒന്നൂടി പറ. കുഞ്ചി .... വിഷുക്കുടുക്ക....''

ജയേട്ടനെ മുട്ടുകുത്തിക്കണം. ഞാന്‍ തീരുമാനിച്ചു.

''കുഞ്ചീല്യാ... കുടുക്കേംല്യാ ... എനിക്കിന്ന് മാലപ്പടക്കം പൊട്ടിക്കാന്‍ തരോ...''

''നിന്റെ വിചാരംന്താ... പടക്കത്തില്‍ നിന്ന് നിന്റെ ഈ പട്ടുപാവാടേല് തീപി

ടിച്ചാ... പിന്നെ കാണാന്‍ ഈ ചേല്ണ്ടാവില്യാ.'' ജയേട്ടന്‍ വഴങ്ങാന്‍ ഭാവമില്ല.

''പിന്ന്യേ ..ഈ ഷര്‍ട്ടിലും മുണ്ടിലും തീ പിടിച്ചാ ആണാള്‍ പിറന്നവന്റെ വീരശൂര പരാക്രമം ഇരട്ടിക്കും. ഒന്ന് പോ ജയേട്ടാ.''

''നിന്നോടല്ലേ കുഞ്ചീടെ കയ്യിന്ന് കുടുക്ക വാങ്ങണ്ടാന്ന് പറഞ്ഞത്. അനുസരണ തൊട്ടു തീണ്ടീട്ടില്യ... ല്യേ.''

ജയേട്ടന്റെ ഒരു ഏട്ടന്‍ ചമയല്.

ദൈവേ... ഒരു മാലപ്പടക്കം പൊട്ടിക്കാന്‍ എന്തൊക്കെ പയറ്റണം.  

ഇനി സത്യം പറഞ്ഞേക്കാം.

''ജയേട്ടാ ... കുടുക്ക പൊട്ടിക്കാതെ തന്നെ  കുഞ്ചി എന്നെ ഏല്‍പ്പിച്ചിരുന്നു. മുത്തച്ഛന്‍ കുഞ്ചിയ്ക്ക് കാശ് കൊടുത്തൂത്രെ. കുടുക്ക തിരിച്ച് എന്നെ ഏല്‍പ്പിക്കാനും പറഞ്ഞൂത്രെ. പാവം മുത്തച്ഛന്‍. എന്നെ മനസ്സിലാക്കുന്ന ഈ വീട്ടിലെ ഒരേയൊരു നല്ല വ്യക്തി.''

''ഞാനും ... ഞാനും നല്ലവന്‍ തന്നെ.'' ജയേട്ടന്‍ അറച്ചറച്ച് പറഞ്ഞു.

''മാലപ്പടക്കം പെണ്‍കുട്ട്യോള്‍ക്ക് പൊട്ടിക്കാന്‍ തരാത്തവന്‍ നല്ലവനല്ല... മൂരാച്ചി. പുരുഷന്റെ അഹന്തയുടെ പ്രതീകം.'' ഞാന്‍ കിട്ടിയ സന്ദര്‍ഭത്തില്‍ വെച്ച് കാച്ചി. പുസ്തകങ്ങളില്‍ വായിച്ച ഡയലോഗുകള്‍ പരതുമ്പോഴേയ്ക്കും ജയേട്ടന്‍ തൊഴുത് അടിയറവ് സമ്മതിച്ചു.

ജ്യോച്ചി രംഗപ്രവേശം ചെയ്തു. ''കീരീം പാമ്പും ഇന്ന് ലോക്യത്തിലാണല്ലോ. ഇന്ന് വെള്ള കാക്ക മലര്‍ന്നു പറക്കും.''

''ലോക്യന്നൂല്യാ ജ്യോച്ചി. ശത്രുത വര്‍ദ്ധിച്ചിരിക്ക്യാ.'' ഞാന്‍ പറഞ്ഞു.

''കുട്ടീങ്ങനെ ആണ്‍ കുട്ട്യോളോട് അടികൂടി നടന്നോളു. കുളത്തില്‍പ്പോയി കയ്യും കാലും കഴുകി വരൂ.സന്ധ്യാനാമം ചൊല്ലാറായി.'' ജ്യോച്ചിയുടെ സ്‌നേഹശാസനയാണേലും മനസ്സ് മാലപ്പടക്കത്തിലായിരുന്നു.

''വിഷുത്തലേന്നും  നാമം ചൊല്ലണോ? പടക്കം പൊട്ടിക്കലാണന്ന് പ്രധാനം. നാമം വേണ്ടോര് ചൊല്ല്യാ മതി.'' ശബ്ദം താഴ്ത്തിപ്പറഞ്ഞെങ്കിലും ഞാന്‍ പറഞ്ഞത്  ജയേട്ടന്‍ പെരുമ്പറ കൊട്ടി വിളംബരം ചെയ്തു.

''മുത്തച്ഛനോടു പറയാം ഞാന്‍. നല്ല കുട്ടിയുടെ സര്‍ട്ടിഫിക്കറ്റ് തിരിച്ചെടുക്കാം.'' ജ്യോച്ചിയുടെ പറച്ചിലില്‍ ചെറിയൊരു ഭീഷണിയുണ്ട്.  

മനസ്സില്ലാമനസ്സോടെ നാമം ചൊല്ലി തീര്‍ത്തു.

നാമം ചൊല്ലുന്നതിനിടയില്‍ ജയേട്ടന്‍ വന്ന് വിഷുക്കുടുക്കയില്‍ നിന്ന് കുറച്ച് കാശ് ചോദിച്ചു.

ജയേട്ടന്‍ പൊട്ടിക്കുന്ന പടക്കത്തിന്റെ അത്രേം പടക്കം ഞാനും പൊട്ടിക്കും. അങ്ങനെയെങ്കില്‍ കാശ് തരാമെന്ന് ഞാനും പിടിമുറുക്കി.

ജയേട്ടന്‍ കുടുങ്ങി.

മീശ നന്നായി മുളച്ചിട്ടു പോലും ല്യാ. പതിനെട്ടാമത്തെ വയസ്സില്‍ ഇത്രേം വമ്പത്തരം എന്നോട് വേണ്ട. ഞാന്‍ മനസ്സില്‍ പറഞ്ഞു.

നാമം ചൊല്ലിയെന്നു വരുത്തി എഴുന്നേറ്റു.

ജയേട്ടന്‍ പടക്കം വാങ്ങാന്‍ പോകുകയാണ്. രാമന്‍കുട്ടിയുടെ പടക്കക്കടയില്‍ വന്‍ തിരക്കാണത്രെ. ചിലപ്പോള്‍ പെട്ടെന്ന് തിരിച്ചെത്താന്‍ പറ്റീന്ന് വരില്ല.

ജയേട്ടന്‍ എന്റടുത്ത് വന്നു. അംഗീകരിക്കാന്‍ മടിച്ച് ജയേട്ടന്‍ അട്ടത്തേക്ക് നോക്കി പ്പറഞ്ഞു.


''പൈസയെടുക്ക്. മാലപ്പടക്കം പൊട്ടിക്കാം.''

അങ്ങനെ വഴിക്ക് വാ... ഇനികൊടുത്തേക്കാം.  കളിപ്പിക്കേണ്ട .

എന്റെ വിഷുക്കുടുക്കയില്‍ നിന്ന് പകുതി പണം ജയേട്ടന് കൊടുത്തു.

പടക്കം വാങ്ങി വന്ന ജയേട്ടന്റെ അഹംബുദ്ധി മുഴുവന്‍ പോയിരുന്നില്ല. ഞാനില്ലെങ്കില്‍ ഇതൊന്നും നിനക്ക് കിട്ടില്ലെന്ന ഭാവം. അച്ഛന്‍ വാങ്ങിത്തരുന്ന പൂത്തിരി, കമ്പിത്തിരി, മത്താപ്പ് അധികം പോയാല്‍ പൂക്കുറ്റി, നിലച്ചക്രം  തുടങ്ങിയവ കൊണ്ട് സംതൃപ്തിപ്പെടേണ്ടിവരും ന്ന് പറയുന്ന പോലെ.

പടക്കസഞ്ചി തൊടാന്‍ ജയേട്ടന്‍ എന്നെ അനുവദിച്ചില്ല. ഞാന്‍ മേക്കഴുകി വരാം എന്ന് പറഞ്ഞ് പടക്കം ഉരല്‍പ്പുരയില്‍ വച്ച് ഒരു പോക്കു പോയി.

എനിക്ക് പടക്കത്തിന് കാത്തിരുന്ന് മടുപ്പു വരാന്‍ തുടങ്ങി.

ഇതിനിടയില്‍ ജ്യോച്ചി വന്നു. ''എന്താ കുട്ടീ കുന്തം വിഴുങ്ങിയ പോലിരിക്കണത്. അവന്‍ മേക്കഴുകി വരട്ടെ. നമുക്ക് പൂ

ത്തിരി കത്തിക്കാം.''

''ജ്യോച്ചി വേണേല്‍ പൂത്തിരി കത്തിച്ചോളു. ഞാന്‍ പടക്കം പൊട്ടിക്കും.''

കഷ്ടായി...പെട്ടെന്ന് പ്രതികരിക്കേണ്ടായിരുന്നു.

''ങ്ഹാ ... പൊടിപൂരം. കുട്ടീടെ ആശ കൊള്ളാം. പെണ്‍കുട്ട്യാ ണെന്ന് മറക്കേണ്ട.'' ജ്യോച്ചി കുറച്ച് കെറുവിലാണ്.

''ഈ പെണ്‍കുട്ട്യോള്‍ക്കെന്താ ഇത്ര പ്രത്യേകത. പടക്കം പൊട്ടിക്യാനൊന്നും പാടില്യേ?. വല്ലാത്ത കഷ്ടം ണ്ട്.''

''ഒക്ക്യെവാം. അവന്‍ തന്നാ കുട്ടി പൊട്ടിച്ചോ. അത്രെന്നെ.'' ഇത്രയും പറഞ്ഞ് ജ്യോച്ചി ഗോവണി കയറിപ്പോയി.

അതെന്താ ജ്യോച്ചി അങ്ങനെ പറഞ്ഞത് ? അവന്‍ തന്നാ കുട്ടി പൊട്ടിച്ചോന്ന്....അപ്പൊ... അപ്പൊ... അവന്‍ തരില്യേ... ദൈവേ....

ഓടി ഉരല്‍പ്പുരയില്‍ കയറി. പടക്കസഞ്ചി തുറന്ന് മാലപ്പടക്കം തെരഞ്ഞു. ഓലപ്പടക്കം പൊതിയഴിഞ്ഞ് നിലത്തുവീണു. അതു വാരി സഞ്ചിയിലിട്ടു. മാലപ്പടക്കത്തിന്റെ പാക്കറ്റ് തുറന്നു. കൊട്ടിലില്‍ കയറി ചാക്കുനാരെടുത്തു. അതില്‍ മാലപ്പടക്കം കെട്ടി. മുറ്റത്തെ തുളസിത്തറയ്ക്കു സമീപമുള്ള തൊഴുത്തിന്റെ പുറത്തേയ്ക്കുന്തിയ കഴുക്കോലില്‍ മാലപ്പടക്കം കെട്ടിത്തൂക്കി . വിറകുപുരയില്‍ ചാടിക്കയറി അച്ഛമ്മ അടുക്കി വച്ച ഓലക്കണ്ണിയില്‍ നിന്ന് ഒരെണ്ണം വലിച്ചെടുത്തു. അടുക്കിയ ഓലക്കണ്ണികള്‍ എല്ലാം നിലം പൊത്തി. മച്ചിന്റെ മുന്നിലെ ചിമ്മിനി വിളക്ക് തീപ്പെട്ടിയുരസി കത്തിച്ചു.

ദൈവേ.... ജയേട്ടന്‍ കുളത്തില്‍ നിന്നു തിരിച്ചെത്തുന്നതിനു മുന്‍പെ മാലപ്പടക്കം പൊട്ടിക്കണം.

എനിക്കു മാലപ്പടക്കം തരില്ല. തീര്‍ച്ചയാണ്. ജ്യോച്ചി പറഞ്ഞതിന്റെ അര്‍ത്ഥം അതല്ലേ?

അച്ഛമ്മയും ദേവയാനി ഓപ്പയും  വിഷുക്കണി വെയ്ക്കാനുള്ള നെട്ടോട്ടമാണ്. തനതാണ്ടു മുഴുവനും നടക്കുന്ന കാര്യങ്ങളുടെ സൂചനയാണല്ലോ പൊന്‍കണിയില്‍ നിന്നും ലഭിക്കുന്നത്. ഓട്ടുരുളിയില്‍ വയ്ക്കാനുള്ള ഗ്രന്ഥം കൈയിലെടുത്ത് ജ്യോച്ചിയും നടക്കുന്നുണ്ട്.  

പുറത്താരുമില്ല. മുത്തച്ഛന്‍ അറ്റത്തറയിലാണ്.

ഓലക്കണ്ണി ചിമ്മിനി വിളക്കില്‍ ഉയര്‍ത്തി കാണിച്ചിട്ട് കത്തിപ്പിടിക്കുന്നില്ല. വിളക്കിന്റെ മൂടി തുറന്ന് ഓലക്കണ്ണിയില്‍ കുറച്ച് മണ്ണെണ്ണ ഒഴിച്ചു.

അമ്മ വിളിക്കുന്നുണ്ട്.

പിന്നൊന്നും നോക്കിയില്ല. ഓലക്കണ്ണി കത്തിച്ചു. തീ ആളിപ്പിടിച്ചു. തീയിന്റെ ചൂട് കൈയിലേക്ക് അനുഭവപ്പെടുന്നുണ്ട്. തൊഴുത്തിന്റെ കഴുക്കോലില്‍ കെട്ടിയ മാലപ്പടക്കമാണ് ലക്ഷ്യം. തൂങ്ങി  നില്‍ക്കുന്ന നീണ്ട മാലപ്പടക്കം കത്തിച്ചതേ ഓര്‍മയുള്ളു. തിരിച്ചോടി ഉമ്മറത്തിണ്ണയിലെത്തി.

ബോംബ് പൊട്ടുന്ന മാതിരി പടക്കം പൊട്ടിത്തെറിച്ചു. എന്തെല്ലാമോ അവശിഷ്ടങ്ങള്‍ പട്ടുപാവാടയിലേക്ക് തെറിച്ചു.

തൊഴുത്തിലുള്ള പൈക്കള്‍ വിരണ്ടമറി. ജയേട്ടന്‍ കുളത്തില്‍ നിന്ന് ഓടി വന്നു. തറവാട്ടിലുള്ളവരെല്ലാം  പുറത്തെത്തി.

അപ്പോഴും പൈക്കള്‍ പേടിച്ച് അമറുന്നുണ്ടായിരുന്നു.

എല്ലാവരുടെയും രൂക്ഷ നോട്ടം. താങ്ങാന്‍ കഴിയാതെ തല താഴ്ത്തി. ചോദ്യങ്ങള്‍ നേരിടാന്‍ പറ്റാതെ വിക്കി വിക്കി പറഞ്ഞു.

''ബോംബ് പൊട്ടിയതൊന്ന്വല്ല. ഒരു മാലപ്പടക്കം പൊട്ടിച്ചതാ.''

അന്നും മുത്തച്ഛന്‍ മാത്രം സ്‌നേഹവാത്സല്യത്തോടെ തഴുകി. വരുംവരായ്ക ചിന്തിക്കാതെ പ്രവര്‍ത്തിക്കരുതെന്ന് പറഞ്ഞ് മനസ്സിലാക്കി.

എന്റെ ഉള്ളില്‍ കുറ്റബോധം നീറിപ്പുകഞ്ഞു. വെളുമ്പി പശുവിന്റെ മേലെ പടക്കം തെറിച്ച് ചെറിയ പൊള്ളലുണ്ടായിരുന്നു. പട്ടുപാവാടയില്‍ പടക്കം തെറിച്ച് രണ്ടു തുള വീണിരുന്നു. പിറ്റേന്നാണ് വെളുമ്പിയുടെ മേലെ അത്യാവശ്യം  വലിയ പൊള്ളലാണെന്ന് മനസ്സിലായത്. അച്ഛമ്മ മരുന്നു തേച്ചുകൊടുത്തു. ഞാന്‍ സ്‌നേഹത്തോടെ തലോടി. വെളുമ്പി എന്റെ കൈ നക്കി തുടച്ചു. അവള്‍ക്കെന്നോട് വെറുപ്പില്ലെന്ന് മനസ്സിലായി.

ഞാന്‍ ജയേട്ടന്റെ അടുത്തെത്തി. മാപ്പുപറയണം എന്ന് കരുതിയാണ് സമീപിച്ചത്.

അപ്രതീക്ഷിതമായിരുന്നു ജയേട്ടന്റെ ചോദ്യം.

''എന്താ ... നമുക്ക് മാലപ്പടക്കം പൊട്ടിക്കേണ്ടെ?''  

ഞാനൊന്നും പറഞ്ഞില്ല.

''വാ... ആ പുളിമരത്തിന്റെ ചാഞ്ഞ കൊമ്പില് കെട്ടിയിട്ടിട്ടുണ്ട്. പൊട്ടിച്ചോ.''

''അപ്പൊ ... അപ്പൊ ജയേട്ടന് എന്നോട് ദേഷ്യംല്യല്ലേ...'' ഞാന്‍ ചോദിച്ചു.

''ദേഷ്യല്യ... പക്ഷേ മാപ്പു പറയാന്‍ വന്നതല്ലേ ... ഒന്ന് ക്ഷമ പറഞ്ഞ് പോയി പടക്കം പൊട്ടിച്ചോ.''

''ക്ഷമ .... മാപ്പ് പറയണോ?'' ഞാന്‍ ചോദിച്ചു.

''അല്ലെങ്കി വേണ്ട. ഇന്ന് കിട്ടിയ കൈനീട്ടം അടുത്ത വിഷൂന് മുന്‍പേ ... ഞാന്‍ ചോദിക്കുമ്പോ തന്നാ മതി.'' ജയേട്ടന്‍ പറഞ്ഞു. പുളിമരത്തില്‍ കെട്ടിത്തൂക്കിയ മാലപ്പടക്കം ജയേട്ടനും ഞാനും  ന്ന് പൊട്ടിക്കുമ്പോഴും ചിന്ത ഒന്നായിരുന്നു.

കഷ്ടം! മാപ്പു പറയാന്‍ തോന്നിയ ഒരു നേരം ...

ഇനിയിപ്പോ എന്തു ചെയ്യാനാ.ന്റെ ദൈവേ... ന്റെ വിഷുക്കുടുക്കയിലെ പണം ജയേട്ടന് കൊടുത്ത് തീരുമല്ലോ. ഇനി അടുത്ത വിഷു വരെ കാത്തിരിക്കേണ്ടേ?

മാലപ്പടക്കം പൊട്ടിത്തീരുമ്പോഴും ജയേട്ടന്‍ പൊട്ടിച്ചിരി നിര്‍ത്തിയിരുന്നില്ല.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.