×
login
ട്രോസ്കി‍യുടെ ദൃഢമായ തിരിച്ചു വരവ്; ലെനിനെ സംബന്ധിക്കുന്ന വികൃത പരമാർത്ഥങ്ങൾ തല പൊക്കുന്നു

വിപ്ലവത്തിനു മാർഗ്ഗഭ്രംശം സംഭവിച്ചിരിക്കുന്നുവെന്ന്, അതു സ്വന്തം സന്തതികളെ കൊന്നു തിന്നുന്ന അവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞുവെന്ന്, വിളിച്ചറിയിച്ച ട്രോട്സ്കി കൈവരിച്ച രക്തസാക്ഷിത്വത്തിന്റെ പൊരുൾ സോവ്യറ്റ് ജനത മനസ്സിലാക്കി വരുന്നു.

"പാളിപ്പോയ കമ്മ്യൂണിസ്റ്റ് പരീക്ഷണത്തിൽ നിന്ന് ഒരു പുത്തൻ ജനാധിപത്യ യുഗത്തിലേക്കുള്ള കുതിച്ചു ചാട്ടത്തിന് തയ്യാറെടുത്തു നില്ക്കുന്നതിനിടയിൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളും സോവ്യറ്റ് യൂണിയനും ഇന്നഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്നാണ്, സ്വന്തം ഭൂതകാലത്തിലെ മുറിഞ്ഞുപോയ കണ്ണികളെ എങ്ങനെ കൂട്ടിച്ചേർക്കണമെന്നത് .സാഹിത്യത്തിൽ ഇത് സ്റ്റാലിനു ശേഷമുള്ള കാലഘട്ടത്തിൽ രൂപം പൂണ്ട വിമതപാരമ്പര്യത്തെ (dissident tradition) അംഗീകരിക്കാനുള്ള ചുമതലയുടെ രൂപം കൈക്കൊള്ളുന്നു.രാഷ്ടീയ തലത്തിലാണെങ്കിൽ ചരിത്ര പുസ്തകങ്ങളിൽ എഴുതിപ്പിടിപ്പിച്ചിട്ടുള്ള നുണകൾ ഓരോന്നായി തുരന്നു ചെന്ന് സ്വാസ്ഥ്യം കെടുത്തുന്ന പഴയ നേരുകൾ കണ്ടെത്താനുള്ള ശ്രമം ഈ രാജ്യങ്ങളിൽ - പ്രത്യേകിച്ചും റഷ്യയിൽ-കൊണ്ടു പിടിച്ചു നടക്കുന്നതായി കാണപ്പെടുന്നു.

ഇതിന്റെ സജീവ ലക്ഷണങ്ങളിലൊന്നാണ് ട്രോസ്കിയുടെ മെല്ലെയെങ്കിലും ദൃഢമായ തിരിച്ചു വരവ്. ട്രോട്സ്കിക്കു ശാപമോക്ഷം നല്കുക എന്നതിനർത്ഥം ലെനിന്റെ മരണശേഷമുള്ള മൂന്നു പതിറ്റാണ്ടുകളിൽ റഷ്യയിൽ രൂപപ്പെട്ട ദു:സ്വപ്ന സമാനമായ രാഷ്ട്രീയ യാഥാർത്ഥ്യത്തെ മൊത്തത്തിൽ പുനർവിചാരണക്ക് വിധേയമാക്കുക എന്നതാണ്. അത്രമാത്രം നിശിതവും മർമ്മസ് പർശിയുമായൊരു വെല്ലുവിളിയാണ് സ്റ്റാലിന്റെ നേതൃത്വത്തിൻ കീഴിൽ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിൽ ചെന്നടിഞ്ഞ സോവ്യറ്റ് വ്യവസ്ഥിതിയുടെ നേരെ ട്രോട്സ്കി ഉയർത്തിയത്. വിപ്ലവത്തിനു മാർഗ്ഗഭ്രംശം സംഭവിച്ചിരിക്കുന്നുവെന്ന്, അതു സ്വന്തം സന്തതികളെ കൊന്നു തിന്നുന്ന അവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞുവെന്ന്, ലോകത്തെ വിളിച്ചറിയിച്ച ഈ ദുർഭഗ പ്രവാചകൻ അവസാനം കൈവരിച്ച രക്തസാക്ഷിത്വത്തിന്റെ പൊരുൾ സോവ്യറ്റ് ജനത ഇപ്പോൾ മനസ്സിലാക്കി വരുന്നു. 

ഇതും കഴിഞ്ഞ് ഇതിഹാസപുരുഷനായ ലെനിനെ സംബന്ധിക്കുന്ന വികൃതമായ ചില പരമാർത്ഥങ്ങൾ ചരിത്ര സ്മരണകളിൽ നിന്ന് തല പൊക്കുന്ന കാഴ്ചക്കും നാം സാക്ഷ്യം വഹിക്കുകയാണിപ്പോൾ. സ്റ്റാലിനിസത്തിന്റെ വിത്തു കൾ ലെനിന്റെ കാലഘട്ടത്തിൽത്തന്നെ മുള പൊട്ടിയിരുന്നു എന്ന നിഗമനം ശക്തിപ്പെട്ടു വരികയാണ്. അസഹിഷ്ണുത നിറഞ്ഞ ഒരു വശം ലെനിന്റെ വ്യക്തിത്വത്തിലുണ്ടായിരുന്നുവെന്നും, എതിരഭിപ്രായം വെച്ചു പുലർത്തുന്നവരെ ക്രൂരമായ മുറകൾ ഉപയോഗിച്ച് അടിച്ചമർത്തുന്ന സമ്പ്രദായം ലെനിന്റെ അവസാന വർഷങ്ങളിൽ ആരംഭിച്ചു കഴിഞ്ഞുവെന്നും ചരിത്രപണ്ഡിതന്മാർ ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടുന്നു .


ഒരു പക്ഷേ ,ഈ "അപനിർമ്മാണ " പ്രക്രിയ ചെന്നവസാനിക്കുന്നത് ഒക്ടോബർ വിപ്ലവത്തിന്റെ  തിരസ്കാരത്തിലായിക്കൂടെന്നില്ല. ചോരപ്പുഴയിൽ നീന്താ തെ തന്നെ, ജനാധിപത്യപരമായ മാർഗ്ഗങ്ങളിലൂടെ സാറിസ്റ്റ് കാലഘട്ടത്തിൽ നിന്ന് ആധുനിക യുഗത്തിലേക്കുള്ള പരിവർത്തനം റഷ്യക്ക്  സാധിച്ചെടുക്കാമായിരുന്നു.-- പ്രത്യേകിച്ചും കെരൺ സ്കി ഭരണകൂടത്തിന് ഒരവസരം കൊടുത്തിരുന്നെങ്കിൽ - എന്ന കണ്ടെത്തൽ അകലെയല്ല.

വി.രാജകൃഷ്ണൻ

 (ഭ്രഷ്ടിന്റെ നാനാർത്ഥങ്ങൾ)

പ്രസാധനം:എൻ.ബി.എസ്

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.