×
login
ഈ വിജയം രാഷ്ട്രീയ മഹാമാരിക്കെതിരെയും

അര്‍ധസത്യങ്ങളും രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള പ്രചരണവും ബൗദ്ധിക നെറികേടും പോലുള്ള രാഷ്ട്രീയ മഹാമാരികള്‍ക്ക് ഒരു വാക്സിനുമില്ല. ഇന്ന് രാജ്യം കൈവരിച്ചത് ഏതെങ്കിലുമൊരു പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റേയോ നേട്ടമല്ല, മറിച്ച് മുഴുവന്‍ രാജ്യത്തിന്റേയുമാണ്. ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നത് ആരുടെ നേതൃത്വത്തിലാണോ ആ വ്യക്തിത്വത്തെ അവര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നതുമാത്രം. എന്നാല്‍ അത് ശാസ്ത്രജ്ഞരെയും ആരോഗ്യപ്രവര്‍ത്തകരെയും ജനങ്ങളെയും അപമാനിക്കാനുള്ള കാരണമാകരുത്. നുണകളുടെയും സംഘടിതപ്രചാരണങ്ങളുടെയും പകര്‍ച്ചവ്യാധിയെ സത്യത്തിന്റെയും വസ്തുതകളുടെയും വാക്സിന്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യും

ജെ.പി. നദ്ദ

ബിജെപി ദേശീയ അദ്ധ്യക്ഷന്‍

 

കൊവിഡിനെ പ്രതിരോധിക്കാന്‍ 2021 ജനുവരി 16 നാണ് ഇന്ത്യയില്‍ വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചത്. ഒമ്പത് മാസത്തിനുള്ളില്‍ തന്നെ 100 കോടി ഡോസുകള്‍ നല്‍കാന്‍ സാധിച്ചു. വാക്സിനേഷന് അര്‍ഹതയുള്ള, രാജ്യത്തെ 18 വയസിന് മുകളിലുള്ള ജനസംഖ്യയുടെ 74 ശതമാനത്തിലധികം പേര്‍ക്കും വാക്സിന്റെ ഒരു ഡോസെങ്കിലും ലഭിച്ചിട്ടുണ്ട്.  

അമേരിക്കയില്‍ വാക്‌സിനേഷന്‍ ആരംഭിച്ച് ഒരുമാസത്തിന് ശേഷമാണ് ഇന്ത്യയില്‍ വാക്സിനേഷന്‍ യജ്ഞം ആരംഭിച്ചത്. യുഎസിന് ഇന്നുവരെ നല്‍കാന്‍ കഴിഞ്ഞ 40.7 കോടി വാക്സിന്റെ ഇരട്ടി നല്‍കാന്‍ നമുക്ക്  സാധിച്ചു. ലോകത്താകമാനം എഴുന്നൂറ് കോടി ഡോസാണ് നല്‍കിയതെങ്കില്‍ ഇന്ത്യയില്‍ മാത്രം അത് 100 കോടി എത്തി. ലോക മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) നമ്മുടെ വിഹിതം 3.5 ശതമാനം മാത്രമാണെങ്കിലും വാക്സിന്‍ ഡോസുകളില്‍ ഇന്ത്യ 14 ശതമാനം നല്‍കി. നിരവധി തടസ്സങ്ങളും വെല്ലുവിളികളും ഉണ്ടായിരുന്നിട്ടും, ഈ നേട്ടം കൈവരിക്കാന്‍ നമുക്ക് കഴിഞ്ഞു.

യൂറോപ്യന്‍ യൂണിയനെ അപേക്ഷിച്ചും കൂടുതല്‍ വാക്സിന്‍ നമ്മള്‍ നല്‍കി. ഹിമാചല്‍പ്രദേശ്, ഗോവ, സിക്കിം, ദാദ്ര, നഗര്‍ ഹവേലി, ദാമന്‍, ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ 100 ശതമാനത്തിനും കുറഞ്ഞപക്ഷം ഒരു ഡോസ് വാക്സിനെങ്കിലും നല്‍കിയിട്ടുണ്ട്. യുപി, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ സൗദി അറേബ്യ, ഇറാന്‍, ഓസ്ട്രേലിയ, പെറു, യുഎഇ എന്നീ രാജ്യങ്ങളേക്കാള്‍ കൂടുതല്‍ വാക്സിന്‍ നല്‍കി.

കഴിഞ്ഞ ഏതാനും ആഴ്ചകളില്‍, പ്രതിദിനം ഒരുകോടി വാക്സിനേഷന്‍ എന്നത് അഞ്ചു തവണയെങ്കിലും ഇന്ത്യ മറികടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ സപ്തംബര്‍ 17ന്, ഒറ്റ ദിവസംകൊണ്ട് 2.5 കോടി ഇന്ത്യക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാന സര്‍ക്കാരുകള്‍  ആവശ്യപ്പെട്ട വികേന്ദ്രീകരണ നയത്തിന് വേണ്ട ഫലപ്രാപ്തി ഉണ്ടാകുന്നില്ലെന്ന് കണ്ടതിനെത്തുടര്‍ന്ന്, കേന്ദ്രം മുന്‍കൈയെടുത്തതോടെയാണ് വാക്സിനേഷന്റെ ഗതി വര്‍ധിച്ചത്.

എസ്‌ഐഐ (സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ)യുടെ കൊവിഷീല്‍ഡ്, ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്സിന്‍ എന്നീ ഇന്ത്യന്‍ നിര്‍മ്മിത വാക്സിനുകള്‍ ഉപയോഗിച്ചാണ്  കോവിഡിനെതിരായ യുദ്ധത്തില്‍ പ്രാഥമിക ഘട്ടത്തില്‍ നാം പോരാടിയത്. ലോകത്തിലെ ആദ്യത്തെ ഡിഎന്‍എ വാക്സിന്‍ ആയ സൈകോവ്-ഡിയും ഇന്ത്യ വികസിപ്പിച്ചു.  

പുനൈയിലോ ഹൈദരാബാദിലോ ഉള്ള പ്ലാന്റില്‍ നിന്ന് ഒരു വാക്സിന്‍ പുറത്തേക്ക് വരുന്നതും കസൗളിയിലെ സിഡിഎല്ലില്‍ പരിശോധനയ്ക്കായി പോകുന്നതും രാജ്യത്തിന്റെ വിദൂര ഭാഗങ്ങളിലേക്കെത്തുന്നതുമൊക്കെ ഐതിഹാസികമായ പ്രവര്‍ത്തനമായിരുന്നു. 100 കോടി വാക്സിന്‍ ഡോസുകളുടെ വിതരണത്തിന് വേണ്ടിവന്ന ട്രക്കുകളുടെയും വിമാനങ്ങളുടെയും അവ സംഭരിക്കാന്‍ ആവശ്യമായ ശീതീകരണ സംഭരണികളുടെയും എണ്ണം സങ്കല്‍പ്പിക്കുക. രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്ക് പോയ സിറിഞ്ചുകളുടെയും സൂചികളുടെയും എണ്ണം സങ്കല്‍പ്പിക്കുക. സന്തുലിതമായ വാക്സിനേഷന്‍ ഉറപ്പാക്കുന്നതിന് ഏറ്റവും മികച്ച സാങ്കേതിക ഉപകരണമാണ് ഇന്ത്യ വികസിപ്പിച്ചത്.

വേഗതയുള്ളതും സമയബന്ധിതവും നന്നായി ആസൂത്രണം ചെയ്തതുമായ സംഘടിത പ്രവര്‍ത്തനമായിരുന്നു അത്.  പ്രധാനമന്ത്രി മോദി മുന്നില്‍ നിന്ന് നയിച്ചു. ഓരോ ഇന്ത്യാക്കാരനും വാക്സിന്‍ തുല്യ അവകാശമെന്ന് ഉറപ്പാക്കാന്‍ സാധിച്ചു. ഒരാള്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് വ്യത്യസ്ത സ്ഥലങ്ങളില്‍ എടുക്കാമെന്നത് കോവിന്‍ പ്ലാറ്റ്ഫോം ഉറപ്പുവരുത്തി. രണ്ടാമത്തെ ഡോസിന് ജനങ്ങളെ  കൃത്യസമയത്ത് ഓര്‍മ്മിപ്പിച്ചു.  

കൊവിഡിനെ ചെറുക്കുന്നതിലായിരുന്നു നമ്മുടെ മുന്‍ഗണന. നിര്‍ഭാഗ്യവശാല്‍, പ്രതിപക്ഷത്തിലെ ചിലര്‍ മോദിവിരോധത്തിനാണ് പ്രാമുഖ്യം നല്‍കിയത്. വാക്സിന്‍ യജ്ഞം തുടങ്ങുന്നതിന് മുമ്പുതന്നെ ഇതൊരു ബിജെപി വാക്സിന്‍ ആണെന്ന്  പ്രചരിപ്പിച്ചു.  ചില സംസ്ഥാനങ്ങള്‍ കൊവിഡ് പ്രതിരോധിക്കുന്നതില്‍ സംഭവിച്ച വീഴ്ചകള്‍ക്ക് കേന്ദ്രത്തെ പഴി പറഞ്ഞു.  ഇത്തരത്തിലുള്ള അരാജക രാഷ്ട്രീയത്തെ സമവായ രാഷ്ട്രീയം കൊണ്ടാണ് ബിജെപി എതിര്‍ത്തത്.

നൂറുകോടി വാക്‌സിനേഷന്റെ അഭിമാനത്തില്‍ രാജ്യം നില്‍ക്കുമ്പോഴും ജനസംഖ്യയും ആകെ വാക്‌സിനുകളുടെ എണ്ണവുമൊക്കെയെടുത്ത് കൂട്ടിക്കിഴിച്ച് പുതിയ കണക്കുകള്‍ സൃഷ്ടിക്കുകയാണ്. മരണനിരക്കും ജിഡിപി പ്രതിശീര്‍ഷവരുമാനവും ആരോഗ്യ പശ്ചാത്തല സൗകര്യങ്ങളുമൊക്കെ മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്ത് അവര്‍ക്ക് വേണ്ടുന്ന ഒരു മരണക്കണക്ക് അവതരിപ്പിക്കുവാനാണ് ശ്രമം.

ഉദാഹരണത്തിന് ഉത്തര്‍പ്രദേശിന്റെ കാര്യം എടുക്കാം. 24 കോടിയോളം ജനസംഖ്യയുള്ള ഒരു സംസ്ഥാനത്തിന് ആഴ്ചകളായി  പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം അന്‍പതില്‍ താഴെയാണ്, സജീവ കേസുകള്‍ വെറും 150 ല്‍ പരമാണ്. തുടക്കത്തില്‍ യുപിയില്‍  കോവിഡ് മരണം ഏകദേശം 23,000 ആയിരുന്നു. അതായത് ഇന്ത്യയിലെ ജനസംഖ്യയുടെ 17-18 ശതമാനമുള്ള ഒരു സംസ്ഥാനം മൊത്തം കൊവിഡ് മരണങ്ങളില്‍ 5 ശതമാനം മാത്രമാണുള്ളത്. മറ്റേത് സംസ്ഥാനങ്ങളെക്കാളും കൂടുതല്‍, 11.7 കോടിയിലധികം വാക്സിന്‍ ഡോസുകള്‍ നല്‍കാന്‍ യുപിക്ക് കഴിഞ്ഞു. പരമാവധി എട്ടുകോടിയോളം പരിശോധനകള്‍ നടത്തി. മറുവശത്ത്, വലിയ തോതില്‍ പ്രശംസിക്കുകയും ആഘോഷിക്കുകയും ചെയ്ത കേരളം നോക്കൂ. രാജ്യത്തെ ജനസംഖ്യയുടെ 11-12 ശതമാനം മാത്രമുള്ള കേരളത്തില്‍  50-60 ശതമാനം കൊവിഡ് കേസുകളും മരണങ്ങളുമാണ് കഴിഞ്ഞ നിരവധി ആഴ്ചകളായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ ജനസംഖ്യയുടെ ഏഴിലൊന്ന് മാത്രം  ജനസംഖ്യയുള്ള കേരളത്തില്‍, മികച്ച ആരോഗ്യ പശ്ചാത്തലസൗകര്യങ്ങളുടെ പാരമ്പര്യമുള്ളപ്പോഴും ദൗര്‍ഭാഗ്യവശാല്‍ 25,500-ലധികം മരണങ്ങള്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. എന്നിട്ടും, കേന്ദ്രത്തിനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കുമെതിരെ പ്രചരണം നടത്തുകയാണ് ചിലര്‍ അര്‍ധസത്യങ്ങളും രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള പ്രചരണവും ബൗദ്ധിക നെറികേടും പോലുള്ള രാഷ്ട്രീയ മഹാമാരികള്‍ക്ക് ഒരു വാക്സിനുമില്ല. ഇന്ന് രാജ്യം കൈവരിച്ചത് ഏതെങ്കിലുമൊരു പാര്‍ട്ടിയുടെയോ സര്‍ക്കാരിന്റേയോ നേട്ടമല്ല, മറിച്ച് മുഴുവന്‍ രാജ്യത്തിന്റേയുമാണ്. ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നത് ആരുടെ നേതൃത്വത്തിലാണോ ആ വ്യക്തിത്വത്തെ അവര്‍ക്ക്  ഇഷ്ടപ്പെടുന്നില്ലെന്നുമാത്രം. എന്നാല്‍ അത് ശാസ്ത്രജ്ഞരെയും ആരോഗ്യപ്രവര്‍ത്തകരെയും ജനങ്ങളെയും അപമാനിക്കാനുള്ള കാരണമാകരുത്. നുണകളുടെയും സംഘടിതപ്രചാരണങ്ങളുടെയും പകര്‍ച്ചവ്യാധിയെ സത്യത്തിന്റെയും വസ്തുതകളുടെയും വാക്സിന്‍ പരാജയപ്പെടുത്തുക തന്നെ ചെയ്യും.

സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊവിഡിനെതിരായ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്ന്. മഹാമാരിക്കെതിരായ പോരാട്ടത്തില്‍ നമ്മള്‍ സാമൂഹികമായും രാഷ്ട്രീയമായും അകലം പാലിക്കരുത്, നമ്മള്‍ ഒന്നിക്കണം. എപ്പോഴും എല്ലാവര്‍ക്കുമൊപ്പമെന്നതാവണം ദേശീയ താല്‍പ്പര്യാര്‍ത്ഥമുള്ള പൊതു സേവനത്തിന്റെ അകക്കാമ്പ്. നമുക്ക് 100 കോടി പ്രതീക്ഷകള്‍ നല്‍കുന്ന ഭാരതത്തിന്റെ നേട്ടം ആഘോഷിക്കാം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഈ വിദേശ മഹാമാരിയെ പരാജയപ്പെടുത്താന്‍ ഒരുമിക്കാം.

 

 

 

  comment

  LATEST NEWS


  'എല്ലാ ഇസങ്ങള്‍ക്കും അപ്പുറമാണ് ഹ്യൂമനിസം'; സ്വതന്ത്രചിന്തകരുടെ സംഗമത്തിന് ഒരുങ്ങി കൊച്ചി; 'ഐസ്സന്‍ഷ്യ21' ഡിസംബര്‍ 11ന് ടൗണ്‍ഹാളില്‍


  ചൈനയ്ക്ക് വഴങ്ങി ടിം കുക്ക്; രഹസ്യമായി ഒപ്പിട്ടത് 275 ബില്ല്യന്‍ ഡോളറിന്റെ കരാര്‍; ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള ശ്രമം പാളിയെന്ന് ആരോപണം


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.