×
login
ടി. പത്മനാഭനും കേളപ്പനും, പിന്നെ 'സഖാവും'

ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകത്തെ പരാമര്‍ശിച്ചുകൊണ്ട് ''കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയാണ് എകെജി; അദ്ദേഹമിന്നുണ്ടായിരുന്നുവെങ്കില്‍ ആദ്യം ചെയ്യുക ആ സ്മാരകം ഇടിച്ചുനിരത്തുകയായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ലേഖനത്തിന്റെ അവസാന വാക്കുകളിലേക്ക് കടക്കുന്നത്. നന്ദി, ടി. പത്മനാഭന്‍, ഇത് അങ്ങില്‍ നിന്ന് കേള്‍ക്കുമ്പോഴെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എകെജിയുടെയും ഇഎംഎസ് നമ്പൂതിരിപ്പാടിന്റെയും ആത്മകഥകള്‍ ഒന്ന് വായിച്ചിരുന്നുവെങ്കില്‍.

കെ.വി.എസ് ഹരിദാസ്‌

ടി.പത്മനാഭന്‍ മലയാള സാഹിത്യലോകത്തെ ഏറ്റവും തലയെടുപ്പുള്ള വ്യക്തിത്വമാണ് എന്നതിലാര്‍ക്കെങ്കിലും അഭിപ്രായ ഭിന്നതയുണ്ടാവാനിടയില്ല. എഴുത്തില്‍ തന്റേതായ ശൈലി,  അതിലൊരു സമഗ്രത, പിന്നെ ചില്ലറയല്ലാത്ത അഹങ്കാരം. ചില പരിധികള്‍ കടന്നാല്‍ പിന്നെ വ്യക്തികള്‍ക്ക് അത്തരം അഹങ്കാരങ്ങള്‍ ആവാം; അതിനുള്ള അവകാശം, അധികാരം, അദ്ദേഹം സ്വയം സമ്പാദിച്ചിരിക്കുന്നു. തുറന്നുപറയുന്ന ഒരു ശൈലി അദ്ദേഹത്തില്‍ മുന്‍പേ കണ്ടിട്ടുണ്ട്. ഉദാഹരണങ്ങള്‍ അനവധി വായനക്കാരുടെ മുന്നിലുണ്ടാവും; അതൊക്കെ ആവര്‍ത്തിക്കേണ്ടതില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ നവതിപ്പതിപ്പില്‍ അദ്ദേഹം കെ. കേളപ്പജിയെ സ്മരിച്ചുകൊണ്ടെഴുതിയ ലേഖനമാണ്  ഇപ്പോള്‍ ടി. പത്മനാഭനിലേക്കെത്താന്‍  കാരണം. ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകത്തെ പരാമര്‍ശിച്ചുകൊണ്ട് ''കേരളം കണ്ട ഏറ്റവും വലിയ മനുഷ്യസ്‌നേഹിയാണ് എകെജി; അദ്ദേഹമിന്നുണ്ടായിരുന്നുവെങ്കില്‍ ആദ്യം ചെയ്യുക ആ സ്മാരകം ഇടിച്ചുനിരത്തുകയായിരിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു' എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ലേഖനത്തിന്റെ അവസാന വാക്കുകളിലേക്ക് കടക്കുന്നത്. നന്ദി,  ടി. പത്മനാഭന്‍, ഇത് അങ്ങില്‍ നിന്ന് കേള്‍ക്കുമ്പോഴെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ എകെജിയുടെയും ഇഎംഎസ്  നമ്പൂതിരിപ്പാടിന്റെയും ആത്മകഥകള്‍  ഒന്ന് വായിച്ചിരുന്നുവെങ്കില്‍. എന്തായാലും ഇത്തരം ഓര്‍മ്മപ്പെടുത്തലുകള്‍ ചരിത്ര കുതുകികള്‍ക്ക് വലിയ അനുഭവമാണ് സംഭാവന ചെയ്യുന്നത്.

കേരളം കണ്ട മഹാത്മാവാണ് കെ.കേളപ്പജി എന്ന് ടി. പത്മനാഭന്‍ ഇന്ന് പറയുമ്പോള്‍ അത് പുതുതലമുറക്ക് വഴികാട്ടിയാവുന്നു. അദ്ദേഹം എഴുതിയത് നോക്കൂ, ' വിദ്യാര്‍ഥി ജീവിതകാലത്ത് മഞ്ചേരി രാമയ്യരെപ്പോലുള്ള വലിയ ഗുരുനാഥന്മാരുടെ പ്രണത ശിഷ്യനാകാന്‍ ഭാഗ്യമുണ്ടായ കേളപ്പന്‍, ചങ്ങനാശേരിയിലെ പ്രശസ്തമായ എസ്ബി കോളജിലേയും അതുപോലെ മറ്റു പ്രശസ്ത വിദ്യാലയങ്ങളിലെയും കുട്ടികളുടെ സ്‌നേഹാദരങ്ങള്‍ക്ക് പാത്രമായ അധ്യാപകനായ കേളപ്പന്‍, നായര്‍ സര്‍വീസ് സൊസൈറ്റിയുടെ  പ്രഥമാദ്ധ്യക്ഷനായ കേളപ്പന്‍, മന്നത്ത് പത്മനാഭന്റെ വലംകൈയായി നിന്ന് പ്രവര്‍ത്തിച്ച കേളപ്പന്‍, എന്നും കേരളാ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ തലപ്പത്തുണ്ടായിരുന്ന കേളപ്പന്‍, വൈക്കം സത്യഗ്രഹത്തിന്റെയും ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരത്തിന്റെയും ജീവാത്മാവായിരുന്ന കേളപ്പന്‍, ഒന്നിലധികം തവണ മാതൃഭൂമിയുടെ പത്രാധിപ സാരഥ്യം ഏറ്റെടുത്ത് ആ മഹത്തായ പത്രത്തെ നേര്‍വഴിക്ക് നയിച്ച കേളപ്പന്‍, സ്വാതന്ത്ര്യ സമരകാലത്ത് കേരളത്തില്‍ ഏറ്റവുമധികം അറിയപ്പെട്ടിരുന്ന നേതാവായ കേളപ്പന്‍  ....ഇങ്ങനെ എത്രയെത്ര കേളപ്പന്മാര്‍' എന്ന് പത്മനാഭന്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. കഴിഞ്ഞില്ല,  തളിക്ഷേത്ര പുനരുദ്ധാരണം,  മലപ്പുറം ജില്ലാ വിരുദ്ധ സമരം എന്നിവയിലൊക്കെ കേളപ്പജി സ്വീകരിച്ച ശക്തവും വ്യക്തവുമായ നിലപാടുകളെക്കുറിച്ചും കുറിച്ചിട്ടുണ്ട്. 'നായ പാത്തിയ കല്ലിന്മേല്‍ ചന്ദനം പൂശിയ കേളപ്പാ '  എന്ന മുദ്രാവാക്യവും ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. കേളപ്പന്‍ കഥാവശേഷനായിട്ട് കാലമേറെയായി. ഇതുവരെയായിട്ടും പിറന്ന നാടിനുവേണ്ടി തന്റെ സര്‍വസ്വവും സമര്‍പ്പിച്ച ആ നിസ്വാര്‍ത്ഥ സേവകന് സമുചിതമായ ഒരു സ്മാരകം ഉയര്‍ന്നുവന്നിട്ടില്ല ' എന്നും അദ്ദേഹം വേദനയോടെ സ്മരിക്കുന്നു. ഒരര്‍ത്ഥത്തില്‍ കേളപ്പജിയുടെ ജീവചരിത്രം ഈ ഏതാനും വരികളിലൂടെ അനാച്ഛാദനം ചെയ്തിരിക്കുന്നു.  എന്നിട്ടാണ്  ഗുരുവായൂര്‍ സത്യഗ്രഹ സ്മാരകത്തിന്റെ മറവില്‍ നടന്ന ചരിത്രത്തിന്റെ വളച്ചൊടിക്കലിലേക്കും തമസ്‌കരിക്കലിലേക്കും ടി.പത്മനാഭന്‍  കടന്നുവരുന്നത്. അടുത്തിടെ ഗുരുവായൂരില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച സത്യഗ്രഹ സ്മാരകത്തില്‍  കേളപ്പനെയല്ല അദ്ദേഹത്തിന്റെ സഹായിയും  ശിഷ്യനുമായ എകെജിയെയാണ് പ്രതിഷ്ഠിച്ചത് എന്ന് പറയുന്നത്.

 

ഇഎംഎസും എകെജിയും പറഞ്ഞ സത്യങ്ങള്‍

ഇത്രയും വായിച്ചപ്പോള്‍ മറ്റൊന്നാണ് തോന്നിയത്; എകെജിയും ഇഎംഎസ് നമ്പൂതിരിപ്പാടും ഗുരുവായൂര്‍ സത്യഗ്രഹത്തെക്കുറിച്ചും  അതില്‍ കേളപ്പജിക്കുള്ള റോളിനെക്കുറിച്ചും സ്വന്തം നിലക്കെഴുതിയത് പത്മനാഭന്‍ സ്മരിക്കുമെന്ന്. ആ രണ്ടുപേരുടെയും ആത്മകഥകള്‍ അദ്ദേഹം തീര്‍ച്ചയായും വായിച്ചിട്ടുണ്ടാവണമല്ലോ. ഇഎംഎസ് പറയുന്നത് ആദ്യം നോക്കുക:  

' രാഷ്ട്രീയ രംഗത്തല്ലെങ്കിലും കേരളത്തിന്റെ പൊതുജീവിതത്തില്‍ കേളപ്പന്റെ നിരാഹാരം വലിയ കോളിളക്കമുണ്ടാക്കി. ഇതിനു മുന്‍പ്  സൂചിപ്പിച്ചത് പോലെ കേരളത്തില്‍ കുറേക്കാലമായി വളര്‍ന്നുകൊണ്ടിരുന്ന സാമൂഹ്യ വിപ്ലവ പ്രസ്ഥാനത്തിന് അത് വലിയ ഊക്കും ഉശിരും നല്കി. അയിത്തോച്ചാടനവും ക്ഷേത്ര പ്രവേശനാധികാരവും നേടുക മാത്രമല്ല, മിശ്ര ഭോജനം, മിശ്ര വിവാഹം മുതലായ പല മാര്‍ഗ്ഗങ്ങളും അവലംബിച്ചുകൊണ്ട് ജാതിവ്യവസ്ഥ ആകെ തകര്‍ക്കുന്നതിനുള്ള ഒരു പ്രസ്ഥാനം  ഉടലെടുക്കാന്‍ വേണ്ട സാഹചര്യം ആ നിരാഹാരം സൃഷ്ടിച്ചു'. അവിടെ കേളപ്പനെക്കുറിച്ചു മാത്രമേ അദ്ദേഹം പറയുന്നുള്ളു എന്നതാണ് പ്രധാനം.  എകെജിക്ക് അങ്ങനെയൊരു വലിയ പങ്ക് ഉണ്ടായിരുന്നുവെങ്കില്‍ ഇഎംഎസ്  അത് വിശദീകരിക്കാതിരിക്കില്ലല്ലോ.


ഇനി എകെജി ആത്മകഥയില്‍ എഴുതിയതു പരിശോധിക്കാം.  ' കേളപ്പന്‍ അല്‍പ്പം നിരാശനായതായി എനിക്ക് തോന്നി. ഏതായാലും ഈ നിലയില്‍ സത്യഗ്രഹം തുടരാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. ഉദ്ദേശ്യപ്രാപ്തിക്കുവേണ്ടി തന്റെ ജീവന്‍ അര്‍പ്പിക്കാനായി അദ്ദേഹം തീരുമാനിച്ചു. അമ്പലം തുറക്കുന്നത് വരെ കേളപ്പന്‍  ഉപവസിക്കാനുറച്ചു. വളരെ മടിയോടെയാണ് കമ്മിറ്റി ഈ തീരുമാനം അംഗീകരിച്ചത്.  കേളപ്പന്‍ ക്ഷേത്രത്തിന് പുറത്തുള്ള ഒരു ചെറിയ പന്തലില്‍ നിരാഹാരം ആരംഭിച്ചു.  നിരാഹാരം തുടങ്ങുന്നതിന് മുന്‍പ് അദ്ദേഹം വോളന്റിയര്‍മാരോടെല്ലാം യാത്ര പറഞ്ഞു.  ഇത് വികാരഭരിതമായ ഒരു നിമിഷമായിരുന്നു. കേളപ്പനെ നഷ്ടപ്പെട്ടേക്കുമെന്ന് വാളണ്ടിയര്‍മാരായ ഞങ്ങള്‍ ഭയപ്പെട്ടു'. ഇവിടെ ശ്രദ്ധിക്കേണ്ടത്, തനിക്ക് എന്തായിരുന്നു റോള്‍ എന്ന് എകെജി തന്നെ തുറന്നുപറയുന്നു എന്നതാണ് ; ' കേളപ്പന്‍ നഷ്ടപ്പെട്ടേക്കുമെന്ന് വോളന്റിയര്‍മാരായ ഞങ്ങള്‍ ഭയപ്പെട്ടു!'. എകെജി അടക്കമുള്ളവര്‍ നേതാക്കളായിരുന്നില്ല, വോളന്റിയര്‍മാര്‍ മാത്രമായിരുന്നു  എന്നും ഇതില്‍   നിന്നൊക്കെ വ്യക്തം. ഗുരുവായൂരില്‍ ഈ സര്‍ക്കാരും സഖാക്കളും  കെട്ടിപ്പൊക്കിയത് ഒരു വോളന്റിയറുടെ പ്രതിമയാണ്, സമരനായകന്റെയല്ല എന്ന് കമ്മ്യുണിസ്റ്റ് ചരിത്രം പഠിപ്പിക്കുന്നുണ്ട് എന്നര്‍ത്ഥം.

 

'സഖാവി'നെ വായിച്ചപ്പോള്‍

യാഥാര്‍ഥ്യ ബോധത്തോടെ സാഹിത്യത്തെ കാണുന്ന ശീലം ടി.പത്മനാഭനുണ്ട്. കഴിഞ്ഞവര്‍ഷത്തെ 'മനോരമ' വാര്‍ഷികപ്പതിപ്പില്‍ അദ്ദേഹമെഴുതിയ  'സഖാവ്' എന്ന കഥ അതിനുള്ള അനവധി  ദൃഷ്ടാന്തങ്ങളിലൊന്നാണ്.  ഒരു അവധൂതനെപ്പോലെ പി. കൃഷ്ണപിള്ള അമ്പലപ്പുഴയിലെ നേതാവിനെക്കാണാനെത്തുന്നതാണ്. സിപിഎമ്മിലെ രാഷ്ട്രീയമാണ് അതില്‍ ചര്‍ച്ചചെയ്തത്. സഖാവ് എന്ന നിലക്ക് അവധൂതനായി പ്രത്യക്ഷപ്പെടുന്നത് സാക്ഷാല്‍ പി.കൃഷ്ണപിള്ള തന്നെയാണെന്ന് ചരിത്രം മനസിലാക്കിയിട്ടുള്ളവര്‍ക്കറിയാം; പിന്നെ നിരാശനായ കമ്മ്യൂണിസ്റ്റ് ആയി അദ്ദേഹമുദ്ദേശിച്ചത്,  ഒരു രാഷ്ട്രീയ വിദ്യാര്‍ഥി എന്ന നിലക്ക്  തോന്നിയത്,  ജി.സുധാകരനെയാണ്. 'എനിക്ക് തന്നില്‍ ഏറെ ആശയും പ്രതീക്ഷയും ഉണ്ടായിരുന്നു. തന്റെ സ്ഥൈര്യം, പ്രസ്ഥാനത്തോടുള്ള തന്റെ കൂറ്, പാവങ്ങളോടുള്ള തന്റെ സ്‌നേഹവായ്പ്പ്, അഴിമതിയോടുള്ള സന്ധിയില്ലാ സമരം. പിന്നെ തന്റെ എഴുത്തും വായനയും. എല്ലാം ഞാന്‍ ഏറെ ഇഷ്ടപ്പെട്ടു. ഈ നാട് തന്റെ കൈകളില്‍ ഭദ്രമായിരിക്കുമെന്നും ഞാന്‍ വിശ്വസിച്ചു'.

അപ്പോള്‍ അയാള്‍ സഖാവിനോട് വിലപിക്കുകയാണ്; 'സഖാവെ അവര്‍ എന്നോട് ചെയ്തത്... ഞാന്‍ സ്‌നേഹിച്ച സഹായിച്ച, ഏത് വിഷമഘട്ടത്തിലും കൂടെനിന്ന...' പിന്നെ സഖാവിന്റെ മറുപടി: 'എല്ലാം എനിക്കറിയാമെടോ. ഞാന്‍ കുറ്റപ്പെടുത്തുകയോ ഉപദേശിക്കുകയോ അല്ല. എന്റെ സ്വന്തം അനുഭവം പറയാം. എന്നെ പാമ്പ് കടിക്കുന്നതിനും  ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്  കണ്ണൂരില്‍ വെച്ച് ഗുണ്ടകള്‍ എന്റെ തലയടിച്ചു പൊട്ടിച്ചു. മരിച്ചുപോകുമെന്ന് കരുതിയതായിരുന്നു. പക്ഷെ അതുണ്ടായില്ല. നിങ്ങളുടെയൊക്കെ പ്രാര്‍ഥനകൊണ്ടാവണം'. എന്നിട്ട് സഖാവ് തുടരുന്നു.  'എന്റെ നെറ്റിയിലെ ഈ വലിയ മുഴ താന്‍ കാണുന്നുണ്ടല്ലോ. രണ്ടുകൊല്ലം മുന്‍പ്  ഈ അമ്പലപ്പുഴയില്‍ വച്ച് എന്റെ സ്വന്തം അണികള്‍ എനിക്ക് സമ്മാനിച്ചതാണിത്. ഒരു ചുറ്റികകൊണ്ട് തലയുടെ പിറകിലും അടിച്ചു. ഏറ്റവും വലിയ തമാശ, ഇതൊക്കെ സംഭവിച്ചത് എന്റെ പേരിലുള്ള ഓഫീസ് കെട്ടിടത്തിന്റെ മുറ്റത്തുവെച്ചാണ്. എടോ താനൊന്ന് മനസ്സിലാക്കണം; എന്നിട്ടും എനിക്ക് അവരോട് ദേഷ്യമോ പകയോ ഒന്നുമുണ്ടായില്ല. ഇതിലും വലിയ അപരാധമൊന്നുമല്ലല്ലോ ഇക്കൂട്ടര്‍ ഇപ്പോള്‍ തന്നോട് ചെയ്തിട്ടുള്ളത്'?

ആലപ്പുഴയിലെ സിപിഎമ്മിന്റെ ഓഫീസ് പി.കൃഷ്ണപിള്ള സ്മാരകമാണ്; കൃഷ്ണപിള്ളയുടെ  പ്രതിമ തകര്‍ത്തതും അതില്‍ സിപിഎമ്മുകാര്‍ പ്രതികളായതും മറക്കാതിരിക്കുക. അവസാനം സഖാവ് ഉപദേശിക്കുന്നത്,'താന്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയോക്കെ നല്ലതുപോലെ വായിച്ചിട്ടുണ്ടെന്ന് എനിക്ക് ബോധ്യമുണ്ട്. അതുമാത്രം പോരാ; ഇടയ്ക്ക് 'ഗീത'യും വായിക്കണം. താന്‍ തന്റെ കര്‍മ്മം ചെയ്താല്‍ മതി. ഫലത്തെക്കുറിച്ച് വ്യാകുലപ്പെടരുത്.  ഫലം താനേ വന്നുകൊള്ളും. 'ഗീത' മതഗ്രന്ഥമൊന്നുമല്ലെടോ എന്നും ഓര്‍മ്മിപ്പിക്കുന്നുണ്ട്.

സിപിഎമ്മിന്റെ വേദികളില്‍ അവരുടെ നേതാക്കള്‍ക്കൊപ്പം പലപ്പോഴും കാണാറുള്ള ടി.പത്മനാഭന്‍ ഈ വിധത്തില്‍ നടത്തുന്ന വിമര്‍ശനങ്ങള്‍, സത്യത്തിലേക്കുള്ള ചൂണ്ടുപലകകള്‍... പലര്‍ക്കുമിത് വഴികാട്ടിയാണ്; മുന്നറിയിപ്പാണ്.  സാഹിത്യലോകത്ത് നന്മകള്‍ നിലനില്‍ക്കുന്നു എന്ന് പറയാന്‍ പ്രേരിപ്പിക്കുന്ന ഘടകവും മറ്റൊന്നല്ല; ഒരര്‍ത്ഥത്തില്‍  അതൊക്കെയാണ്  ഇന്നും എന്നും മലയാള സാഹിത്യത്തിന്റെ ബാക്കിപത്രം.

    comment

    LATEST NEWS


    നാല് വയസുകാരിയായ മകളെ അച്ഛന്‍ വെട്ടിക്കൊന്നത് ആസൂത്രിതം; അമ്മയേയും വിവാഹം ഉറപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥയേയും വകവരുത്താന്‍ പദ്ധതിയിട്ടു


    വടക്കഞ്ചേരിയിൽ എഐ കാമറ തകര്‍ത്തു; ഇടിച്ചിട്ട വാഹനം നിര്‍ത്താതെ പോയി, മനഃപൂര്‍വമെന്ന് സംശയം, ക്യാമറയും പോസ്റ്റും സമീപത്തെ തെങ്ങിൻ തോപ്പിൽ


    ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്, കേരളാ, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക്


    മുഖ്യമന്ത്രിയുടെ 'ചരിത്രപ്രസംഗം' പുകയില്‍; സംഘാടകര്‍ക്ക് 'ഉര്‍വശി ശാപം ഉപകാരം'


    പിണറായി ന്യൂയോര്‍ക്കിലെത്തി; മാസ്‌ക് ധരിച്ച് മന്ത്രിയും സ്പീക്കറും; പുക മൂടി നഗരം; പൊതുസമ്മേളനം പ്രതിസന്ധിയില്‍


    ബിബിസിയുടെ വെട്ടിപ്പും ഇന്ത്യയിലെ കുഴലൂത്തും

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.