×
login
സിപിഎമ്മിന്റെ കലാപവും കപടമുദ്രാവാക്യങ്ങളും

തലശ്ശേരി കലാപ കാലത്ത് നടത്തിയ നുണപ്രചരണങ്ങള്‍ അമ്പതു വര്‍ഷത്തിനു ശേഷവും സിപിഎം തുടരുകയാണ്. കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യവുമായി ഈ ദിവസങ്ങളില്‍ത്തന്നെ സിപിഎം രംഗത്തു വരുന്നതിന്റെ കാപട്യം തിരിച്ചറിയണം

1971 ഡിസംബര്‍ 28, 29, 30 തീയതികളിലാണ് തലശ്ശേരിയില്‍ വര്‍ഗീയകലാപം നടന്നത്. 1972 ജനുവരി നാലിന് കലാപം കെട്ടടങ്ങിയതിനു ശേഷം, കലാപവുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു സ്ഥലത്തുള്ള കള്ളുഷാപ്പിലാണ് യു.കെ. കുഞ്ഞിരാമന്‍ എന്നയാള്‍ കൊല്ലപ്പെട്ടത്. കലാപം നടന്നത് തലശ്ശേരിയില്‍, കുഞ്ഞിരാമന്‍ കൊല്ലപ്പെട്ടത് കൂത്തുപറമ്പും കഴിഞ്ഞ് തൊക്കിലങ്ങാടിക്കു സമീപം അളകാപുരിയിലുള്ള കള്ളുഷാപ്പില്‍. 16 കിലോമീറ്റര്‍ ദൂരെ, തലശ്ശേരിയിലെ ഒരു പള്ളി രക്ഷിക്കാന്‍ കാവല്‍ നിന്നു എന്ന് സാക്ഷര കേരളം വിശ്വസിക്കണം! തലശ്ശേരിയിലെ തെരുവമ്പായി പള്ളിക്ക് കൂത്തുപറമ്പും കഴിഞ്ഞുള്ള കള്ളുഷാപ്പില്‍ എങ്ങനെ കാവല്‍ നില്‍ക്കും എന്ന് ആരോടും ചോദിക്കരുത്. കാരണം, അങ്ങനെ പറയുന്നത് കമ്മ്യൂണിസ്റ്റുകളാണ്. കമ്മ്യൂണിസ്റ്റു പാര്‍ട്ടി നട്ടുച്ചയ്ക്ക് പാതിരാത്രിയാണെന്നു പറഞ്ഞാല്‍ അംഗീകരിച്ചുകൊള്ളണമെന്നാണ് അവരുടെ കല്പന. അങ്ങനെയായിരുന്നു ഒരു കാലത്ത് കേരളത്തില്‍. കാലം മാറിയത് അവര്‍ അറിഞ്ഞില്ല. അവര്‍ക്കു നേരം വെളുക്കാന്‍ ഇനിയും ഏറെ സമയം വേണ്ടിവരും.

'ഞങ്ങള്‍ക്ക് ഒരു കാര്യം ബോധ്യമായി. പാര്‍ട്ടിയുടെ ചില അംഗങ്ങളും അനുഭാവികളും ലഹളയില്‍പ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ മണ്ഡലത്തില്‍ ലീഗ് അണികള്‍ നടത്തിവന്നിരുന്ന അക്രമങ്ങളില്‍ രോഷം അടങ്ങാതിരുന്ന സഖാക്കള്‍ ആ വികാരത്തിനടിമപ്പെട്ട് മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണത്തില്‍ പങ്കെടുക്കുകയായിരുന്നു. ഇവരെ വിളിച്ചു കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് നീറിപ്പുകഞ്ഞിരുന്ന ലീഗ് വിരുദ്ധവികാരം മുസ്ലീം വിരുദ്ധ വികാരമായി പുറത്തുവന്നത്. കാര്യങ്ങള്‍ അവരെ പറഞ്ഞു മനസ്സിലാക്കി.' (ഒരുജന്മം -എം.വി.രാഘവന്‍, അദ്ധ്യായം - തലശ്ശേരി കത്തുന്നു). സിപിഎം നേതാവും മന്ത്രിയും അവരുടെ ഗോപാലസേനയുടെ പരിശീലകനുമായിരുന്ന സഖാവ് എം.വി. രാഘവന്റെ വാക്കുകളാണ് മുകളില്‍ പറഞ്ഞത്. സിപിഎം. -മുസ്ലീം ലീഗ് സംഘട്ടനം വര്‍ഗീയകലാപമാക്കി മാറ്റുകയായിരുന്നു മാര്‍ക്‌സിസ്റ്റു പാര്‍ട്ടി. കാരണം, വര്‍ഗീയമായ ചേരിതിരിവു സൃഷ്ടിക്കാതെ 1967 നു ശേഷം ഭരണത്തിലേറുക സാധ്യമല്ലെന്ന് അവര്‍ക്കു മനസ്സിലായി.  

ചേരിതിരിവും പ്രീണനവുമായി പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുഖമുദ്ര. അതിന്റെ തുടക്കമായിരുന്നു മലപ്പുറം ജില്ലാ രൂപീകരണം. അത് ഇഎംഎസ് നമ്പൂതിരിപ്പാട് രേഖപ്പെടുത്തി വച്ചിട്ടുമുണ്ട്. വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത 1969ല്‍ ഭരണം നഷ്ടപ്പെട്ടപ്പോള്‍ പാര്‍ട്ടിക്ക് പൂര്‍ണമായും ബോധ്യമായി. അതിനെത്തുടര്‍ന്നാണ് തൊട്ടുതന്നെ 1971 ല്‍ കലാപത്തിന് പാര്‍ട്ടി കോപ്പുകൂട്ടിയത്.  

പിണറായി വിജയന്‍  എന്ന മാന്യനോട്  സിപിഐയുടെ ചോദ്യങ്ങള്‍

കലാപം നടന്നതും പള്ളി തകര്‍ത്തതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഗ്രാമത്തിലാണ്. പാര്‍ട്ടി ഗ്രാമമെന്നാല്‍, അവിടെ ഒരീച്ചയെങ്കിലും പറക്കണമെങ്കില്‍ പാര്‍ട്ടി സമ്മതിക്കണം. അവരുടെ കൊലയാളി സംഘങ്ങളെല്ലാം കൃത്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ സുഖവും സുരക്ഷിതവും ആര്‍ഭാടപൂര്‍ണവുമായി കഴിയുന്നത് അത്തരം രാവണന്‍കോട്ടകളിലാണ്. എഎസ്പിഷൗക്കത്തലിയെപ്പോലെയുള്ള അപൂര്‍വ്വം ചില ഹനുമാന്മാര്‍ക്കു മാത്രമാണ് അത്തരം കോട്ടകളില്‍ കടന്നു കയറാന്‍ കഴിഞ്ഞിട്ടുള്ളത്. അത്തരമൊരു പാര്‍ട്ടിഗ്രാമത്തിലെ മുസ്ലീം പള്ളി ആര്‍എസ്എസ്സുകാര്‍ പൊളിച്ചു എന്നു പ്രചരിപ്പിക്കാന്‍ കമ്മ്യൂണിസ്റ്റുകളല്ലാതെ ഉളുപ്പുള്ള ആര്‍ക്കെങ്കിലും കഴിയുമോ?  

മാര്‍ക്‌സിസ്റ്റു പാര്‍ട്ടി എങ്ങനെ അതു ചെയ്തു എന്ന് സിപിഐ വിശദീകരിച്ചിട്ടുണ്ട്. കാരണം കലാപാനന്തരം കാറ്റു തിരിഞ്ഞുവീശുന്നു എന്നു കണ്ട സിപിഎം, കുറ്റം മുഴുവന്‍ സിപിഐയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിച്ചു. നിയമസഭയില്‍ കൂത്തുപറമ്പ് എംഎല്‍എയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയനും ഇതര കമ്മ്യൂണിസ്റ്റുകളും ഏറ്റുമുട്ടി. മാര്‍ക്‌സിസ്റ്റുകളാണ് കലാപംഅഴിച്ചുവിട്ടത് എന്ന് മന്ത്രിമാരായ കെ. കരുണാകരനും ബേബിജോണും സി.എച്ച്. മുഹമ്മദ് കോയയും പറഞ്ഞു. സിപിഎം കൂട്ടുകെട്ട് ഉപേക്ഷിച്ച് മുസ്ലിംലീഗ് കോണ്‍ഗ്രസ്സ് മുന്നണിയില്‍ ചേര്‍ന്നതിന്റെ വൈരാഗ്യമായിരുന്നു കലാപത്തിനു കാരണം.'നൂറു കണക്കിന് നിരപരാധികള്‍ (സിപിഎം സഖാക്കള്‍) ലോക്കപ്പ് മര്‍ദ്ദനത്തിനു വിധേയരായി. ഈ സാഹചര്യത്തില്‍ സമാധാന കമ്മിറ്റിയില്‍ കണ്ണൂര്‍ ജില്ലയിലെ സഖാക്കള്‍ സഹകരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കി.' ഈ വാക്കുകള്‍ അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന എം.വി.രാഘവന്റേതാണ്. അന്ന് പിണറായി വിജയന്‍ അവരുടെ ശത്രുചേരിയിലായിരുന്ന സിപിഐയെ ഭീഷണിപ്പെടുത്തുകയും വെല്ലുവിളിക്കുകയും ചെയ്തപ്പോള്‍ അവരും വെറുതെയിരുന്നില്ല. അവര്‍ നോട്ടീസ് അടിച്ച് സിപിഎമ്മിനെ വെല്ലുവിളിച്ചു. 'നേതൃത്വം ആരുടേത്? പിണറായി വിജയന്‍ മറുപടി പറയുമോ?' എന്നായിരുന്നു നോട്ടീസിന്റെ തലക്കെട്ട്. അതു തുടങ്ങുന്നതുതന്നെ ഇങ്ങനെയാണ്:

'പ്രിയപ്പെട്ട നാട്ടുകാരേ,

തലശ്ശേരിയിലും പരിസരങ്ങളിലും ഈയിടെ നടന്ന അസഹനീയമായ ആക്രമണങ്ങളെത്തുടര്‍ന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അതിന്റെ പ്രവര്‍ത്തകന്മാരില്‍ ഒരു വിഭാഗവും തങ്ങളുടെ കറുത്ത കൈകള്‍ മറച്ചു പിടിക്കുന്നതിന് എന്തും പറയുവാനുംഎന്തും ചെയ്യുവാനും മടിക്കാത്ത സ്ഥിതിയില്‍ എത്തിയിരിക്കുകയാണ്. ഇതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പിണറായി വിജയന്‍ എംഎല്‍എ എന്ന മാന്യന്റെ അസംബ്ലി പ്രസംഗം.'

ഈ ആദ്യ പ്രസ്താവനയില്‍ത്തന്നെ വളരെ വ്യക്തമാണ് കമ്മ്യൂണിസ്റ്റുകളുടെയും പിണറായി വിജയന്റെയും പാരമ്പര്യം. അവര്‍ ചെയ്യുന്ന എല്ലാ സാമൂഹികവിരുദ്ധ കാര്യങ്ങളും മറച്ചുപിടിക്കാന്‍ എന്തും ചെയ്യും. 'പിണറായി എന്ന മാന്യന്‍' - ഈ പ്രയോഗത്തില്‍ അദ്ദേഹം എത്രമാത്രം സത്യസന്ധനാണെന്നു വ്യക്തം.  

ഈ നോട്ടീസില്‍ അക്കമിട്ട് ചില കാര്യങ്ങള്‍ പിണറായി വിജയനോടു ചോദിക്കുന്നു.  

1. ജനാബ് ആലിയമ്പത്ത് മമ്മൂട്ടിയുടെ പീടികയില്‍ നിന്നും കോമത്ത് മമ്മൂക്കയുടെ പീടികയില്‍ നിന്നും പകല്‍ ഒരു മണി സമയത്ത് അരി, പഞ്ചസാര, സോപ്പ് മുതലായ സാധനങ്ങള്‍ കൊള്ളയടിച്ചു കൊണ്ടുപോവുകയും ചെയ്തതിന്റെ ആറാം ദിവസം നിങ്ങള്‍ക്കു കിട്ടിയ അരിയും മറ്റും തീര്‍ന്നുപോ

യോ എന്നു വിജയന്റെ പാര്‍ട്ടിയില്‍പ്പെട്ട പ്രമുഖ നേതാവിനോട് അതേ പാര്‍ട്ടിയില്‍ പെട്ട ഒരു പ്രവര്‍ത്തകന്‍ തോട്ടുമ്മല്‍ ബസാറില്‍ വച്ച് പരസ്യമായി ചോദിച്ചതും വിജയന്‍ മറന്നുപോയോ?'

2. കൊള്ളയ്ക്കും കൊള്ളിവെപ്പിനും ഇരയായ പാവപ്പെട്ട മുസ്ലീങ്ങളുടെ കണ്ണീരൊപ്പാന്‍ എന്ന വ്യാജേന വിജയനോടൊപ്പം ഈ പ്രദേശത്ത് ചുറ്റി നടക്കുന്നവര്‍ തലേദിവസം കൊള്ളയടിച്ച സോപ്പു കൊണ്ടു വെളുപ്പിച്ച വസ്ത്രം ധരിച്ചവരും കൊള്ളചെയ്ത അരിയുടെ ചോറ് വയറുനിറയെ തിന്നവരും ആയിരുന്നു എന്നത് വിജയന്‍ മറന്നു പോയോ?

3. പള്ളിക്കു തീവെച്ച് (ഉമ്മന്‍ചിറ പള്ളി) തികച്ചും നശിപ്പിക്കാന്‍ ആവാത്തതു കൊണ്ട് ചുമര്‍ പൊട്ടിക്കുന്നതിനു വീട്ടില്‍നിന്ന് ഡയനാമിറ്റ് കൊണ്ടുവന്ന തന്റെ പാര്‍ട്ടിയില്‍പ്പെട്ട പ്രവര്‍ത്തകനെയും വിജയന്‍ മറന്നു പോയോ?

 ഇന്ത്യന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടി വടക്കുമ്പാട് ബ്രാഞ്ച് കമ്മിറ്റിയുടെ പേരില്‍ 20-2-72'ല്‍ ഇറക്കിയതാണ് ഈ നോട്ടീസ്.  ഇതിലും വലിയ തെളിവ് വേറെന്തുവേണം തലശ്ശേരി കലാപം കമ്മ്യൂണിസ്റ്റുകളാണ് നടത്തിയത് എന്നതിന്? സാധാരണ അടിച്ചു തകര്‍ക്കലിലൂടെ പള്ളി പൊളിക്കാന്‍ കഴിയില്ലെന്നു മനസ്സിലായ സഖാക്കള്‍ ബോംബുവച്ചു തകര്‍ക്കുകയായിരുന്നു. എന്നിട്ട് ആര്‍എസ്എസ്സുകാര്‍ പള്ളി തകര്‍ത്തു എന്ന് മൈക്കുകെട്ടി നാടുനീളെ വിളിച്ചു പറഞ്ഞു.

സിപിഎമ്മിന്റെ മുസ്ലിം  സംരക്ഷണം ഇങ്ങനെ

തലശ്ശേരി കലാപത്തില്‍ പള്ളി സംരക്ഷിക്കാന്‍ കുഞ്ഞിരാമന്‍ എന്ന പ്രവര്‍ത്തകന്‍ രക്തസാക്ഷിത്വം വരിച്ചെന്ന നുണക്കഥ പ്രചരിപ്പിച്ച സിപിഎമ്മിന്റെ  മുസ്ലീം 'സംരക്ഷണത്തിന്റെ' ഒരു പട്ടിക വളരെ ചുരുക്കി അവതരിപ്പിക്കാം. 1970 നും 2021 ഏപ്രിലിനുംഇടയില്‍ കണ്ണൂര്‍ ജില്ലയില്‍ മാത്രം 14 മുസ്ലീങ്ങളെ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കൊന്നിട്ടുണ്ട്. കാസര്‍കോട് 2, വയനാട് 1, കോഴിക്കോട് 1, മലപ്പുറം 1, പാലക്കാട് 1, തൃശൂര്‍ 2, എറണാകുളം 1, കോട്ടയം 1, ആലപ്പുഴ 1 എന്നിങ്ങനെ 25 പേരെ ആണ് അവര്‍ കശാപ്പു ചെയ്തിട്ടുള്ളത്. ഓരോ കൊലയ്ക്കും ശേഷം, തലശ്ശേരി പള്ളി ഡൈനാമിറ്റ് വച്ചു തകര്‍ത്തതിനു ശേഷം 'കാവല്‍' നിന്നതുപോലെ, മുസ്ലീം സംരക്ഷണ പ്രതിജ്ഞയെടുക്കുകയും കലാപവിരുദ്ധ പ്രകടനം നടത്തുകയും ചെയ്യും.  

മറ്റൊരു ചിത്രം വടകര പ്രദേശത്താണ്. മാര്‍ക്സിസ്റ്റു പാര്‍ട്ടി ഒരു പ്രദേശത്ത് തുടര്‍ച്ചയായി മുസ്ലീം വിരുദ്ധ കലാപം അഴിച്ചുവിട്ട മറ്റൊരു സ്ഥലം ഇതുപോലെ കാണില്ല. പാര്‍ട്ടി നേതാവിനെ ആക്രമിച്ചു എന്നു നുണ പറഞ്ഞുകൊണ്ടായിരുന്നു കലാപംനടത്തിയത്. അതില്‍ ഒരു തവണ മാത്രം അവര്‍ നടത്തിയ ആക്രമണങ്ങളുടെ കണക്ക് പറയാം. 2015 ജനുവരിയില്‍ തൂണേരി ഭാഗത്താണ് മാര്‍ക്‌സിസ്റ്റ് കലാപകാരികള്‍ വാളും തീയുമായി കൊലവിളി നടത്തിയത്. ആ കലാപത്തിന്റെ മറയില്‍ 78 മുസ്ലിം വീടുകളാണ് അടിച്ചു തകര്‍ക്കുകയും കത്തിക്കുകയും ചെയ്തത്. ഇരുനൂറ്റിമുപ്പത്താറു ലക്ഷത്തോളം രൂപയുടെ വസ്തുവകകള്‍ തകര്‍ക്കുകയോ കൊള്ളയടിക്കുകയോ ചെയ്തു (2,35,88,695 രൂപ). സ്ത്രീകളുടെയും കുട്ടികളുടെ അരയിലും കഴുത്തിലും കൈയിലും കിടന്നിരുന്ന ആഭരണങ്ങള്‍ വലിച്ചുപറിച്ചും ചെത്തിയെടുത്തും കൈക്കലാക്കി. അറുപത്തൊമ്പതു വീടുകളിലെ സ്ത്രീകളെയാണ് അങ്ങനെ ആക്രമിച്ചത്. മൊത്തം ആയിരത്തി ഇരുനൂറ്റി നാല്പത്തിനാലു പവന്‍ സ്വര്‍ണ്ണമാണ് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി കൊള്ളയടിച്ചത്. വീടുകളില്‍ നിന്ന് അമ്പതും നൂറും രൂപയടക്കം മുപ്പത്തൊമ്പതു ലക്ഷത്തി ഏഴായിരത്തഞ്ഞൂറു രൂപയും (39,07,500) പിടിച്ചുപറിച്ചെടുത്തു. കടകളില്‍നിന്ന് രണ്ടുലക്ഷത്തി എണ്‍പത്തയ്യായിരത്തി എണ്ണൂറ്റി പതിനെട്ടു രൂപയുടെ (2,85,818) പലചരക്കു സാമാനങ്ങള്‍ കൊള്ളയടിച്ചു. വാഴക്കൃഷി വെട്ടിയരിഞ്ഞ വകയില്‍ പതിനായിരം രൂപയുടെ നഷ്ടം  വേറെയും.  (ഈ കണക്കുകള്‍ കോഴിക്കോട് ഡപ്യൂട്ടി കളക്ടര്‍ കെ. രാധാകൃഷ്ണന്‍ 8-7-2015ല്‍ എഴുതി ഒപ്പിട്ടു നല്‍കിയ രേഖയില്‍ നിന്നെടുത്തതാണ്)

ഈ സിപിഎമ്മാണ് ഇന്ന് 'കേരളത്തെ കലാപഭൂമിയാക്കരുത്' എന്ന കപട മുദ്രാവാക്യവുമായി മലയാളിമനസ്സില്‍ വെറുപ്പിന്റെ വിഷപ്പുക പടര്‍ത്താന്‍ പരിപാടി നടത്തുന്നത്. അവര്‍ തെരഞ്ഞെടുത്ത ദിവസം കേരളത്തിനു പാഠമാകേണ്ടതാണ്. തലശ്ശേരിയില്‍ മുസ്ലീം വിരുദ്ധ കലാപം നടത്തുകയും പാര്‍ട്ടി ഗ്രാമത്തില്‍ പള്ളി ബോംബുവച്ചു തകര്‍ക്കുകയും ചെയ്തതിന്റെ വാര്‍ഷികമാണ് അത്. ആരെങ്കിലും എവിടെയെങ്കിലും എന്തിന്റെ പേരിലാണെങ്കിലും കൊല്ലപ്പെട്ടാല്‍ അവരെയെല്ലാം രക്തസാക്ഷിയാക്കി പാര്‍ട്ടിക്ക് ലാഭം കൊയ്യാനുള്ള അവസരമാക്കി മാറ്റുന്ന പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടി ഇവിടെയും ഒരു പാവം കുഞ്ഞിരാമന്റെ മരണത്തെ ഉപയോഗിക്കുന്നു എന്നുമാത്രം.

  comment

  LATEST NEWS


  ഐസിസി 2021ലെ മികച്ച ഇലവനെ പ്രഖ്യാപിച്ചു; പുരുഷ ഏകദിന, ട്വന്റി20 ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ടെസ്റ്റില്‍ മൂന്ന് പേര്‍


  ഗോവയില്‍ ബിജെപി വിരുദ്ധവോട്ടുകള്‍ ഭിന്നിക്കുന്നു; തമ്മിലടിച്ച് തൃണമൂലും കോണ്‍ഗ്രസും; മഹാരാഷ്ട്ര മാതൃകയിലെ മഹാസഖ്യവും പൊളിഞ്ഞു


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.