×
login
ഭീകരതയ്ക്ക് വിലങ്ങു വീഴുമ്പോള്‍

ഒരു മുന്‍ ഉപരാഷ്ട്രപതി അടക്കം കേരളത്തിലെത്തി ജിഹാദി കുറ്റങ്ങള്‍ക്ക് ഓശാന പാടി. ഈ ഭീകര-ജിഹാദി പ്രസ്ഥാനങ്ങളുടെ നേതാക്കളുടെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന കേരളത്തിലെ പ്രധാന മുന്നണികളിലെ നേതാക്കളുടെ ചിത്രങ്ങള്‍ ഇതിനകം പരസ്യമായിട്ടുമുണ്ട്. അവരുമായി രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കുന്നതില്‍ ഇവര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നുമില്ല. ഇഫ്താറിനും മറ്റും അവര്‍ വിളിച്ചെന്ന് പറഞ്ഞ് ലജ്ജയില്ലാതെ കയറിച്ചെന്നവരുമുണ്ട്. ഇനിയിപ്പോള്‍ ഇന്നലെവരെ ഇവരെ ന്യായീകരിച്ചവര്‍ക്ക് അതിന് പ്രയാസമായി വരും. കേരളത്തിലെ ഇടതു സര്‍ക്കാരിനടക്കം, കഴിഞ്ഞ ഹര്‍ത്താല്‍ വേളയില്‍ നാണംകെട്ട നിലപാടെടുത്ത അവരുടെ പോലീസിനടക്കം നടപടികളിലേക്ക് കടക്കേണ്ടിവരും. അത് കേന്ദ്രം നിരീക്ഷിക്കുന്നുമുണ്ടാവും. ജിഹാദി- ഭീകരര്‍ക്കെതിരെ നടപടിക്ക് മുഖ്യമന്ത്രിക്ക് ഉത്തരവ് നല്‍കേണ്ടിവരുമെന്നതാണ് പധാനം

ഭീകര പ്രസ്ഥാനങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും സുരക്ഷക്കും ഭീഷണിയായതിനാലാണ് അവയ്‌ക്കെതിരെ നരേന്ദ്രമോദി സര്‍ക്കാര്‍ കര്‍ശന നിലപാടെടുക്കുന്നത്. രാജ്യത്തിന്റെ സുരക്ഷിതത്വത്തിനാണ് പ്രഥമ പരിഗണന. ഈ അടിസ്ഥാന നിലപാടിലൂന്നി പ്രവര്‍ത്തിക്കുന്നതിനാലാണ് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നരേന്ദ്ര മോദിക്കാവുന്നത്.

ഇതു പെട്ടെന്നെടുത്ത നിലപാടോ തീരുമാനമോ അല്ല. പ്രഖ്യാപിത നിലപാടിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഭീകരത മനുഷ്യ വംശത്തിന് അപകടകരമാണെന്ന് ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും ചിന്തിക്കുന്നു. സ്വാഭാവികമായും ആ നിലപാടുകള്‍ക്ക് പിന്തുണയേകാനുള്ള ചുമതല ഇന്ത്യയ്ക്കുണ്ടല്ലോ. ലോകത്ത് ഏറ്റവുമധികം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിട്ടുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ജമ്മു കാശ്മീര്‍ നല്ല ഉദാഹരണം. അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ മുഖം നാം അവിടെ ദശാബ്ദങ്ങളായി കാണുന്നു. പാക്കിസ്ഥാനും മറ്റു ചില ഇസ്ലാമിക രാജ്യങ്ങളും സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകര പ്രവര്‍ത്തനം. അതിന് ഏറെക്കുറെ അറുതി വരുത്താന്‍ നമുക്കായി. ഇക്കാലത്ത് ഏറ്റവുമധികം വിനോദ സഞ്ചാരികള്‍ എത്തിയ സംസ്ഥാനങ്ങളിലൊന്നായി കാശ്മീര്‍ മാറിയിരിക്കുന്നു. അനുഛേദം 370 എടുത്തു കളയുകയും ജമ്മു കാശ്മീരിനെ രണ്ടായി വിഭജിക്കുകയും ചെയ്തതിന്റെ ഫലം കണ്ടുതുടങ്ങി. വികസനം എത്തിച്ചേരുന്നു; ഭീകരവാദം ഏറെക്കുറെ നാടുനീങ്ങി.

വടക്ക്-കിഴക്കന്‍ മേഖലയിലേയ്ക്കു നോക്കാം. ത്രിപുരയില്‍ എന്‍എല്‍എഫ്ടിയുമായുണ്ടാക്കിയ കരാറാണ് തുടക്കം. ബ്രൂ അഭയാര്‍ത്ഥി പുനരധിവാസ പദ്ധതി, ബോഡോ സമാധാന കരാര്‍, കാര്‍ബി ജനതയുമായുണ്ടാക്കിയ ധാരണ തുടങ്ങിയ വടക്കു- കിഴക്കന്‍ മേഖലയില്‍  സമാധാനം സൃഷ്ടിക്കുന്നതില്‍ വഹിച്ച പങ്ക് ചെറുതല്ല. അതിര്‍ത്തി സുരക്ഷക്കായി നടത്തിയ നീക്കങ്ങളാണ് മറ്റൊന്ന്; അതും ഇതിനോടൊപ്പം ചേര്‍ത്തു വായിക്കണം. ചൈനീസ് അതിര്‍ത്തിയില്‍ നടന്ന റോഡുകളുടെയും ഹെലിപ്പാഡുകളുടെയും മറ്റും നിര്‍മിതികള്‍, ആ പ്രദേശത്തെ ജനതയ്ക്ക് നല്‍കിയ സംരക്ഷണം; ഒരു സമ്പൂര്‍ണ്ണ പാക്കേജാണ് മോദി സര്‍ക്കാര്‍ വിഭാവനം ചെയ്തതെന്നര്‍ത്ഥം. ഈ സമാധാന- ഭീകര വിരുദ്ധ പദ്ധതികള്‍ക്കൊപ്പം ആ പ്രദേശങ്ങളുടെ വികസനത്തിന് അനുയോജ്യമായ പദ്ധതികളും നടപ്പിലാക്കിപ്പോന്നു എന്നതാണ് ശ്രദ്ധേയം. വടക്കു- കിഴക്കന്‍ മേഖലയെ ഇന്ത്യയുടെ മറ്റൊരു ഗേറ്റ് വേ ആക്കിമാറ്റാനാണ് നരേന്ദ്ര മോദി ആഗ്രഹിച്ചത്.

ഇതിനൊക്കെ ശേഷമാണ് പോപ്പുലര്‍ ഫ്രണ്ടിലേക്ക് കേന്ദ്ര സര്‍ക്കാര്‍ തിരിയുന്നത്. കാശ്മീരിലെ ഭീകര പ്രസ്ഥാനങ്ങളെപ്പോലെ പ്രവര്‍ത്തിച്ച ഒന്നായിരുന്നു അതെന്നതില്‍ മലയാളികള്‍ക്കെങ്കിലും സംശയമുണ്ടാവില്ല. അവര്‍ക്ക് രാഷ്ട്രീയവും ഭരണപരവുമായ സംരക്ഷണവും പിന്തുണയും ലഭിച്ചിരുന്നു എന്നതും വസ്തുതയാണ്.

'ഇതിനുമുമ്പും പലരെയും നിരോധിച്ചിട്ടില്ലേ, അതുകൊണ്ട് ഭീകര പ്രസ്ഥാനങ്ങള്‍ ഇല്ലാതായോ' എന്നും മറ്റുമുള്ള ചോദ്യങ്ങളുമായി രംഗപ്രവേശം ചെയ്യുന്നവരെയും കാണുന്നുണ്ട്. ശരിയാണ്, അതായിരുന്നു പഴയകാലത്തെ അവസ്ഥ. സിമി, എന്‍ഡിഎഫ് ഒക്കെ നിരോധിക്കപ്പെട്ടെങ്കിലും മറ്റുചില പേരുകളില്‍ അവര്‍ക്ക് പ്രവര്‍ത്തിക്കാനായി. അവരില്‍ പലരും പല രൂപത്തില്‍ ചില രാഷ്ട്രീയ പാര്‍ട്ടികളില്‍ കയറിപ്പറ്റി. കമ്മ്യുണിസ്റ്റ്-കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ അടക്കം അവരില്‍ ചിലര്‍ ഇന്ന്  നിറഞ്ഞു നില്‍ക്കുന്നുമുണ്ട്. എന്നാല്‍ അതായിരിക്കില്ല ഇനിയുള്ള നാളുകളിലെ അവസ്ഥ. യുഎപിഎ നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതി തന്നെയാണ് പ്രധാനം. സംഘടനയെ മാത്രമല്ല വ്യക്തികളെയും ഭീകരരായി കാണാന്‍ ഇതിലൂടെ സാധിക്കുന്നു. സംഘടന നിരോധിക്കപ്പെടുമ്പോഴും വ്യക്തികള്‍ക്ക് സമാനമായ പ്രവര്‍ത്തനവുമായി നീങ്ങുക പ്രയാസകരമാക്കുന്നതാണ് ഈ ഭേദഗതി. കാശ്മീരില്‍ ഉണ്ടായ  മാറ്റം കൂടി ഈ സംശയാലുക്കള്‍ ശ്രദ്ധിക്കട്ടെ.


ഒരു മുന്‍ ഉപരാഷ്ട്രപതി അടക്കം കേരളത്തിലെത്തി ജിഹാദി കുറ്റങ്ങള്‍ക്ക് ഓശാന പാടുകയുണ്ടായല്ലോ. ഈ ഭീകര-ജിഹാദി പ്രസ്ഥാനങ്ങളുടെ നേതാക്കളുടെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന കേരളത്തിലെ പ്രധാന മുന്നണികളിലെ നേതാക്കളുടെ ചിത്രങ്ങള്‍ ഇതിനകം പരസ്യമായിട്ടുമുണ്ട്. അവരുമായി രാഷ്ട്രീയ സഖ്യങ്ങളുണ്ടാക്കുന്നതില്‍ ഇവര്‍ക്ക് ഒരു മടിയുമുണ്ടായിരുന്നുമില്ല. ഇഫ്താറിനും മറ്റും അവര്‍ വിളിച്ചെന്ന് പറഞ്ഞ് ലജ്ജയില്ലാതെ കയറിച്ചെന്നവരുമുണ്ട്. ഇനി അതിന് പ്രയാസമായി വരും. കേരളത്തിലെ ഇടതു സര്‍ക്കാരിനടക്കം, കഴിഞ്ഞ ഹര്‍ത്താല്‍ വേളയില്‍ നാണംകെട്ട  നിലപാടെടുത്ത അവരുടെ പോലീസിനടക്കം നടപടികളിലേക്ക് കടക്കേണ്ടിവരും. അത് കേന്ദ്രം നിരീക്ഷിക്കുന്നുമുണ്ടാവും. ജിഹാദി- ഭീകരര്‍ക്കെതിരെ നടപടിക്ക് മുഖ്യമന്ത്രിക്ക് ഉത്തരവ് നല്‍കേണ്ടിവരുമെന്നതാണ് പധാനം.

സംഘ പ്രസ്ഥാനങ്ങളെ മനസിലാക്കൂ

കഴിഞ്ഞ ദിവസം കേട്ട ഒരു പുതിയ വാദം, 'പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം നല്ലത്; അതിനൊപ്പം ആര്‍എസ്എസ്സിനെയും നിരോധിക്കണം' എന്നതാണ്. രണ്ടു കാര്യങ്ങളാണ് ഇതിലുള്ളത്. ഒന്ന്,  ഇപ്പോഴും ഇക്കൂട്ടര്‍ ഭീകരതയുടെ വക്താക്കളെ തള്ളിപ്പറയാന്‍ തയ്യാറല്ല. അതിന്റെ ഭാഗമാണ് ആര്‍എസ്എസ്സിനെ ഇതിലേക്ക് വഴിച്ചിഴക്കുന്നത്. ആര്‍എസ്എസ് എന്താണ്, അതിന്റെ ആശയങ്ങള്‍, പ്രവര്‍ത്തനങ്ങള്‍, നിലപാടുകള്‍  എന്ത് എന്നതൊക്കെ മനസിലാകാത്തവരോ അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുന്നവരോ ആണ് ഇക്കൂട്ടര്‍. വിവിധ സംഘ പ്രസ്ഥാനങ്ങളുടെ  വേദികളിലെത്തി പ്രശംസ ചൊരിഞ്ഞവരുമുണ്ട്. ഇവര്‍ സംഘ പ്രസ്ഥാനങ്ങളെ നന്നായി പഠിക്കട്ടെ. മുമ്പ് ആ നേതാക്കളുടെ സര്‍ക്കാരുകള്‍ ആര്‍എസ്എസ്സിനെ പലവട്ടം നിരോധിച്ചിട്ടുണ്ട്. എന്നിട്ട് എന്തായി?  ചരിത്രത്തിന്റെ ഭാഗമാണിത്. ഇന്ന് രാജ്യം ഭരിക്കുന്നത് ആര്‍എസ്എസ്സുകാരനാണ്, രാഷ്ട്രപതി ഈ മഹാ പ്രസ്ഥാനത്തിന്റെ ഭാഗമാണ്;  സ്വയം സേവകനാണ് പ്രധാനമന്ത്രി. അനവധി കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, അവരൊക്കെ ആ സ്ഥാനത്തേക്ക് എത്തിയത് ഇറ്റാലിയന്‍ സംസ്‌കാരമുള്‍ക്കൊണ്ടതുകൊണ്ടല്ല, കമ്മ്യുണിസ്റ്റ് പദ്ധതിയുടെ ഭാഗമായതുകൊണ്ടുമല്ല, സംഘം കൊടുത്ത ദേശഭക്തി- രാഷ്ട്രഭക്തി  മനസിലേറ്റിയതു കൊണ്ടാണ്. ഇന്ന് ഇന്ത്യ കരുത്താര്‍ജ്ജിച്ചിട്ടുണ്ടെങ്കില്‍, ലോകമെങ്ങും ഇന്ത്യയുടെ റേറ്റിംഗ് വര്‍ധിച്ചിട്ടുണ്ടെങ്കില്‍ അതിനുപിന്നിലും ഈ സംഘ സംസ്‌കാരമുണ്ട്. അതെ, സ്വയംസേവകത്വം.  

അടുത്തിടെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭഗവത് ദല്‍ഹിയിലെ  ഒരു മുസ്ലിം പള്ളി സന്ദര്‍ശിച്ചിരുന്നു.  ഈ സന്ദര്‍ശനത്തിന് മാധ്യമങ്ങളില്‍ അര്‍ഹതപ്പെട്ട പ്രാധാന്യം ലഭിച്ചുവോ എന്നത് സംശയമാണ്. അവിടത്തെ മത നേതാക്കളുമായി സംസാരിച്ചതിന് ശേഷം പുറത്തുവന്ന ആര്‍എസ്എസ് നേതാക്കള്‍ ഒന്നും പറഞ്ഞിരുന്നില്ല. ഇത്തരം സംവാദങ്ങള്‍,  ചര്‍ച്ചകള്‍ ഞങ്ങള്‍ മുമ്പും നടത്താറുണ്ട് എന്നത് മാത്രമാണ്  ആര്‍എസ്എസ് കേന്ദ്രങ്ങള്‍ നല്‍കിയ സൂചന. സര്‍സംഘചാലക് അന്ന് മദ്രസ വിദ്യാര്‍ഥികളെ കണ്ടുവെന്നും ആശയവിനിമയം നടത്തിയെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ആ പള്ളിയിലെ  പ്രധാനി വളരെ ആവേശത്തിലാണ് സംസാരിച്ചത്.  'ഞങ്ങളുടെ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം വന്നത്. ഞങ്ങളുടെ ഡിഎന്‍എ  ഒന്നാണ്, ആരാധനാ രീതിയിലും മതത്തിലും മാത്രമാണ് വ്യത്യാസം.....' പള്ളിയിലെ പ്രധാനി പറഞ്ഞതു തന്നെയാവണം സര്‍സംഘചാലക് അവിടെവെച്ചു പറഞ്ഞതും. ഇതാണ് ആര്‍എസ്എസിന്റെ നിലപാടുകള്‍. അതായത്, സംഘം ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുരാഷ്ട്ര സങ്കല്പം എന്താണ് എന്നതാണ് യഥാര്‍ഥത്തില്‍ ആ മുസ്ലിം പള്ളിയിലെ മേധാവി പറഞ്ഞത്.

ഇനി രണ്ടു ഉദാഹരണങ്ങള്‍ കൂടി. 2014ല്‍  നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം സിഎന്‍എന്നിന് അനുവദിച്ച അഭിമുഖത്തിലുയര്‍ന്ന ഒരു ചോദ്യം, 'ഇന്ത്യ എങ്ങിനെ ഇസ്ലാമിക ഭീകരതയെ നേരിടും' എന്നതായിരുന്നു. ഐഎസ്- അല്‍ക്വയിദ ഭീഷണികള്‍ ഉയര്‍ന്നുനില്‍ക്കുന്ന കാലത്താണിത്. 'ഇന്ത്യയില്‍ 170 മില്ല്യണ്‍ മുസ്ലിങ്ങളുണ്ട്. ഭീകരതയെ തടയാനുള്ള കെല്‍പ്പ് അവര്‍ക്കുണ്ട്. അവര്‍ അതുചെയ്യുമെന്നാണ് ഞങ്ങള്‍ക്കുള്ള ഉറച്ച വിശ്വാസം' എന്നാണ് മോദി മറുപടി നല്‍കിയത്. മറ്റൊന്ന്,  2019ലാണ് എന്നാണോര്‍മ്മ. സ്വാതന്ത്ര്യ ദിനത്തിന് ഏതാനും ദിവസം മുന്‍പ് അല്‍ക്വയിദ ഭീഷണിയിറക്കി, ഒരു വീഡിയോ സന്ദേശം. 'അടുത്ത ലക്ഷ്യം ഇന്ത്യയാണ്,  ഇന്ത്യയെ തകര്‍ക്കും'. ആ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ മോദി അതിനുപറഞ്ഞ മറുപടിയും നേരത്തെ സൂചിപ്പിച്ചതിന് സമാനമായിരുന്നു. 'ഈ ഭീകരപ്രസ്ഥാനങ്ങളെ മുന്നില്‍ നിന്ന് നേരിടുന്നതിന് ഇന്ത്യന്‍ മുസ്ലിം സഹോദരങ്ങള്‍ രംഗത്തുവരുമെന്ന് എനിക്കുറപ്പുണ്ട്'. ഇവിടെ മുസ്ലിം സമൂഹമാണ് നിലപാടെടുക്കേണ്ടത്. കാശ്മീരിലും വടക്കു- കിഴക്കന്‍ മേഖലയിലുമുണ്ടായ മാറ്റം അവര്‍ കാണണം. ഭീകരതക്ക് ഇനി ഇന്ത്യയില്‍ പിടിച്ചുനില്‍ക്കാനാവില്ല എന്ന ബോധം ഏവര്‍ക്കുമുണ്ടാവണം.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.