×
login
ഗീത പാഠമാകുമ്പോള്‍

വിദ്യാഭ്യാസ രംഗത്തും അതിലൂടെ സാമൂഹ്യ മണ്ഡലത്തിലും നിരവധി മാനങ്ങളുള്ളതും വിവിധ മേഖലകളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നതുമായ അതിനിര്‍ണ്ണായക തീരുമാനമായി വേണം ഇതിനെ കാണാന്‍. നൂറ്റാണ്ടുകള്‍ നീണ്ട കോളനി വാഴ്ച്ചക്കാലത്തും, സ്വാതന്ത്ര്യം കിട്ടി ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും സാധിക്കാതിരുന്ന, ഭാരതത്തിന്റെ ആത്മാവിനെ സ്പര്‍ശിക്കുന്നതും സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നതുമായ ഈ ചുവടുവയ്പ് കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രകടമായ തെളിവാണ്.

അഡ്വ. സി.എന്‍.പരമേശ്വരന്‍

(ഭാരതീയ വിചാരകേന്ദ്രം, കോട്ടയം ജില്ല, വര്‍ക്കിങ് പ്രസിഡന്റാണ് ലേഖകന്‍)

ഗുജറാത്തിലെ സ്‌കൂള്‍ സിലബസില്‍ ഭഗവദ് ഗീത പഠന വിഷയമാകുന്നു എന്നതു സ്വാഗതാര്‍ഹമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആറ് മുതല്‍ 12 വരെയുള്ള ക്ലാസ്സുകളില്‍, പുതിയ അധ്യയന വര്‍ഷം ഇത് നടപ്പിലാക്കും. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ മാര്‍ഗരേഖ പ്രകാരം, സ്‌കൂളുകളില്‍ ഭാരതസംസ്‌കാരവും വിജ്ഞാന വ്യവസ്ഥയും, പാഠ്യവിഷയമാക്കാനുള്ള നിര്‍ദേശത്തിന്റെ ഭാഗമായിട്ടാണ് ശ്രദ്ധേയമായ ഈ തീരുമാനം. ഗീതാപഠനവും ഭഗവദ് ഗീതയിലെ ജീവിതമൂല്യങ്ങളും തത്വങ്ങളുമാണ് ആദ്യഘട്ടത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മഹാത്മാഗാന്ധി, വിനോബാഭാവേ, ബാല ഗംഗാധര തിലകന്‍ തുടങ്ങിയ ദേശീയ നേതാക്കന്മാരുടെ ഗീതാ പഠനങ്ങളും വ്യാഖ്യാനങ്ങളുമാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കര്‍ണ്ണാടക സര്‍ക്കാരും ഈ വഴിക്ക് ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു.

സ്വന്തം നാടിന്റെ സ്വത്വത്തില്‍ അഭിമാനം കൊള്ളുന്ന ഏതൊരു ഭാരതീയനും അഭിമാനത്തോടെ സ്വാഗതം ചെയ്യേണ്ട, പുതിയ കാല്‍വയ്പ്പുകളാണിവ. ഒരു കാര്യം സ്പഷ്ടമാണ്. കേവലമൊരു പാഠ്യപദ്ധതി പരിഷ്‌കരണമായി കാണേണ്ട കാര്യമല്ല ഇത്. വിദ്യാഭ്യാസ രംഗത്തും അതിലൂടെ സാമൂഹ്യ മണ്ഡലത്തിലും നിരവധി മാനങ്ങളുള്ളതും വിവിധ മേഖലകളില്‍ ശക്തമായ ചലനങ്ങള്‍ സൃഷ്ടിക്കുന്നതുമായ അതിനിര്‍ണ്ണായക തീരുമാനമായി വേണം ഇതിനെ കാണാന്‍. നൂറ്റാണ്ടുകള്‍ നീണ്ട കോളനി വാഴ്ച്ചക്കാലത്തും സ്വാതന്ത്ര്യം കിട്ടി ദശാബ്ദങ്ങള്‍ പിന്നിട്ടിട്ടും സാധിക്കാതിരുന്ന, ഭാരതത്തിന്റെ ആത്മാവിനെ സ്പര്‍ശിക്കുന്നതും സ്വത്വത്തെ പ്രതിഫലിപ്പിക്കുന്നതുമായ ഈ ചുവടുവയ്പ്, കേന്ദ്രസര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രകടമായ തെളിവാണ്. രാജ്യത്തിന്റെ പൗരജീവിതത്തില്‍, ഭാവാത്മകവും കാതലായതുമായ മാറ്റം സൃഷ്ടിക്കാന്‍ പോന്നതാണ്, 'ജീവിതത്തിന്റെ കൈപ്പുസ്തകം' എന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം വിശേഷിപ്പിച്ച, ഭഗവത്ഗീതയുടെ പഠനത്തിലൂടെ സാധിക്കുന്നത്. ഗീതയെ മതഗ്രന്ഥമായി കാണരുതെന്നും, മറിച്ച്, ആധുനിക ജീവിതായോധനത്തിന് നമ്മെ പ്രാപ്തമാക്കുന്ന, ആത്മവിശ്വാസവും ക്രിയാശേഷിയും ധാര്‍മ്മിക വീക്ഷണവും പ്രദാനം ചെയ്യുന്ന ഒരു ഉത്തമസഹായിയായി കാണണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നു.

ഇന്ന് എല്ലായിടത്തും ആപത്കരമായ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും യുദ്ധങ്ങളും പെരുകിവരുന്ന സാഹചര്യമാണ്. സ്വാര്‍ത്ഥ താത്പര്യങ്ങളിലേക്ക് സമൂഹം ചുരുങ്ങുന്നു. സമാധാനവും ശാന്തിയുമില്ലാത്ത അവസ്ഥ. സൈ്വരജീവിതം കാംക്ഷിക്കുന്ന, മനുഷ്യന്‍ വിഹ്വലതകളുടെ നടുവില്‍ ആശങ്കാകുലനും നിസ്സഹായനും നിരാശ്രയനുമാകുന്നു. കുരുക്ഷേത്രത്തില്‍ ബുദ്ധിപരമായും മാനസികമായും തളര്‍ന്ന അര്‍ജുനന്റെ അവസ്ഥ! നമ്മുടെ മുന്നിലും ഈ അവസ്ഥ തന്നെ.

സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലും ഇന്ന് നീറിപ്പുകയുന്നത് അസംതൃപ്തിയും അരക്ഷിതാവസ്ഥയുമാണ്. ഇതിനുത്തരം നിയമനിര്‍മ്മാണവും നിയമപാലകരും കാരാഗൃഹങ്ങളുമല്ലെന്ന് വര്‍ത്തമാനകാലം നമ്മെ ബോധ്യപ്പെടുത്തുന്നു. സൈ്വരജീവിതത്തെ അലോസരപ്പെടുത്തുന്ന വാര്‍ത്തകള്‍. കൊലപാതകങ്ങള്‍, കുടുംബ ആത്മഹത്യകള്‍, സ്ത്രീ പീഡനങ്ങള്‍... അങ്ങനെ എത്രയെത്ര കുറ്റകൃത്യങ്ങള്‍! ഇതിനെ എങ്ങനെ നേരിടണം, എന്താണ് പരിഹാരമാര്‍ഗ്ഗം? മാധ്യമങ്ങളിലൂടെയുള്ള ഉദ്‌ബോധനങ്ങളും പ്രചാരണവും വിഫലമെന്ന് നാം കണ്ടു. നിയമപാലകരേയും നിയമങ്ങളും ഉപയോഗിച്ചുള്ള നിയന്ത്രണങ്ങള്‍, ആത്യന്തികമായി പരിഹാരമാകുന്നില്ലെന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയണം. ദിശാബോധവും കര്‍ത്തവ്യചിന്തയും നഷ്ടപ്പെട്ട കുരുക്ഷേത്രത്തിലെ പാര്‍ത്ഥന്‍, അശുഭകരമായ മാനസികാവസ്ഥക്ക് വിധേയനായി, കര്‍മ്മവിമുഖനായി മാറുന്ന, വര്‍ത്തമാനകാല യുവത്വത്തിന്റെ പ്രതിനിധിയാണ്. ഇവിടെ വേണ്ടത് കൃഷ്ണന്റെ ഗീതോപദേശ സമാനമായ, മൂല്യബോധനമാണെന്ന് മനസ്സിലാക്കണം.

ഇളംപ്രായത്തില്‍ത്തന്നെ, മറ്റ് പാഠ്യവിഷയങ്ങളോടൊപ്പം കുട്ടികള്‍ക്ക്, ധാര്‍മ്മിക മൂല്യങ്ങളും സമഗ്രവ്യക്തി വികസനത്തിനുതകുന്ന മാര്‍ഗ്ഗദര്‍ശനങ്ങളും രാജ്യത്തിന്റെ പരമ്പരാഗത വിജ്ഞാനവും പൈതൃക സമ്പത്തും പകര്‍ന്നു നല്‍കുന്നത് ഉത്തമപൗരന്മാരെ സൃഷ്ടിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നു. 'ദേശീയ വിദ്യാഭ്യാസ നയം 2020' അടിവരയിട്ട് പ്രഖ്യാപിക്കുന്നതും ഇതുതന്നെയാണ്. സ്വന്തം സംസ്‌കാരത്തിന്റേയും പാരമ്പര്യത്തിന്റേയും തിളക്കമാര്‍ന്ന പൈതൃകത്തെക്കുറിച്ചുള്ള നേരറിവ്, ഏതൊരു വിദ്യാര്‍ത്ഥിയിലും ദേശാഭിമാനത്തിന്റെ ഊര്‍ജ്ജവും വെളിച്ചവും സൃഷ്ടിക്കും. കലാലയങ്ങളില്‍ ദേശവിരുദ്ധ ചിന്തയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇടമില്ലെന്ന യാഥാര്‍ത്ഥ്യം വിദ്യാര്‍ത്ഥികള്‍ക്ക് ബോധ്യപ്പെടും. ഇത്തരത്തില്‍ തികച്ചും ഭാവാത്മകമായ ഒരു സാമൂഹ്യ പരിവര്‍ത്തനമാണ്, ഈ പുതിയ സംരംഭം കൊണ്ടു ലക്ഷ്യമിടുന്നത്. ഗീതാ പഠനമെന്നാല്‍ വേദോപനിഷത്തുക്കളുടെ സാരാംശത്തിന്റെ പഠനം കൂടിയാണ്.


സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കുന്നതിനെതിരെ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. ഇടതുപക്ഷവും വലതുപക്ഷവും എല്ലാം ഇക്കൂട്ടത്തിലുണ്ട്. വിദ്യാഭ്യാസത്തെ കാവിവത്കരിക്കുന്നു, സ്‌കൂളുകളെ കാവി പുതപ്പിക്കുവാനുള്ള നിഗൂഢശ്രമം എന്നിങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍. ഇക്കൂട്ടര്‍ക്ക് കാവിയോടെന്താണിത്ര ഭയം?

കാവിനിറം, സൂര്യോദയത്തിന്റെ ശോഭയാര്‍ന്ന നിറമല്ലേ? അതുകൊണ്ടുതന്നെ, അത് പുനരുജ്ജീവനത്തിന്റേയും ശുഭപ്രതീക്ഷയുടെയും പ്രതീതി ഉളവാക്കുന്നില്ലേ? യജ്ഞത്തിന്റേയും ത്യാഗത്തിന്റേയും അതിലൂടെ സേവനത്തിന്റേയും സൂര്യകാന്തി പകരുന്ന നിറമാണ് കാവി. ഭാരതത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളേയും ഋഷിപാരമ്പര്യത്തേയും പ്രതിനിധീകരിക്കുന്ന ഉജ്ജ്വലവര്‍ണ്ണം. ഭാരതത്തിന്റെ തനിമയെ, സ്വത്വത്തെയാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നത്. അതുതന്നെയാണ് ഭഗവദ്ഗീതാ പഠനത്തിലൂടെ സാക്ഷാത്കരിക്കുന്നതും.

ഗീത മതഗ്രന്ഥമല്ല. സാര്‍വത്രികമായും, സാര്‍വലൗകികമായും മനുഷ്യരാശിക്കാകെ അവകാശപ്പെട്ടതാണ് ഗീതാസന്ദേശം. ഭഗവദ്ഗീതയിലെ ചില പ്രസക്തഭാഗങ്ങള്‍, യൂറോപ്പിലെ പല രാജ്യങ്ങളിലും ഇന്ന് പാഠ്യവിഷയമാണ്. പ്രഭാത അസംബ്ലികളില്‍ ഗീതാശ്ലോകങ്ങള്‍ കുട്ടികള്‍ ഉരുവിടുകയും ചെയ്യുന്നു.

ഉപരാഷ്ടപതി വെങ്കയ്യ നായിഡു കഴിഞ്ഞദിവസം പറഞ്ഞത് മെക്കാളെയുടെ വിദ്യാഭ്യാസം ഇനി വേണ്ട, കൊളോണിയല്‍ മാനസികാവസ്ഥ മാറണം. കാവിക്കെന്താണ് തെറ്റ്, നാം നമ്മുടെ വേരുകള്‍ അറിയണം. ഭാരതത്തിന്റെ സ്വത്വത്തില്‍ അഭിമാനം കൊള്ളണം എന്നെല്ലാമാണ്. ഭഗവദ്ഗീതയിലൂടെ, ഗീതാകാരന്‍ കല്പനകളൊന്നും പുറപ്പെടുവിക്കുന്നില്ല. മറിച്ച്, സര്‍ഗ്ഗാത്മക സംവാദത്തിന്റെ സുവര്‍ണ കവാടങ്ങള്‍ തുറന്നിടുകയാണ്. സമൂഹ്യ പരിവര്‍ത്തനത്തിന് ആശയ സംവാദങ്ങളാണ് വേണ്ടത്. അസഹിഷ്ണുതയും അക്രമവും ശാശ്വത പരിഹാരമല്ലെന്നു തിരിച്ചറിയുക.

ജ്ഞാനിയും യോഗേശ്വരനുമായ ഗുരുവും ജ്ഞാനദാഹിയായ ശിഷ്യനും തമ്മിലുള്ള നിലയ്ക്കാത്ത സംവാദമാണല്ലോ ഭഗവദ്ഗീത. സമന്വയത്തിലൂടെ ശാന്തി പുലരുന്ന സമൂഹം, ഗീത നമ്മുടെ മുമ്പില്‍ കാഴ്ച്ചവയ്ക്കുന്നു. ഗീത, ഒരാശയവും അടിച്ചേല്പിക്കുന്നില്ല. എല്ലാ ഉപദേശങ്ങള്‍ക്കും ശേഷം കൃഷ്ണന്‍ അര്‍ജുനനോട് പറയുന്നു. 'ഞാനീ പറഞ്ഞതെല്ലാം വിമര്‍ശന ബുദ്ധിയോടെ വിലയിരുത്തുക. സ്വീകാര്യമായത് മാത്രം അനുവര്‍ത്തിക്കുക.' ഈ വിശാലമായ കാഴ്ചപ്പാട്, അസഹിഷ്ണുതയും വിദ്വേഷവും ഇല്ലാതാക്കി സമൂഹത്തെ ശാന്തിയുടെയും സ്‌നേഹത്തിന്റെയും പുതിയ തലത്തിലേക്ക് ഉയര്‍ത്തും. ആത്യന്തികമായി ഗീത നല്കുന്ന പാഠം അതാണ്.

കേരളത്തിലെ സ്‌കൂളുകളില്‍ എന്നാരംഭിക്കും ഗീതാപഠനം? ജാതി, രാഷ്ട്രീയങ്ങള്‍ക്ക് അതീതമായി ജനത ഒന്നിച്ചുനിന്ന് ഇതിനായി ശബ്ദമുയര്‍ത്തുന്ന കാലം വിദൂരമല്ലെന്ന് വേണം കരുതാന്‍. ജനശക്തിയ്ക്കു മുമ്പില്‍ അധികാരികള്‍ മുട്ടുമടക്കേണ്ടതായി വരും. നന്മകളുടെയും ധര്‍മ്മത്തിന്റേയും ഒരു പുതുയുഗത്തിലേ്ക്ക് കേരള സമൂഹവും ഉണര്‍ന്ന് ഉയരട്ടെ.

  comment

  LATEST NEWS


  സുനില്‍ ഗവാസ്‌കറിന് എസ്‌ജെഎഫ്‌ഐ ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു; ജനമനസുകളില്‍ തന്നെ പ്രതിഷ്ഠിച്ചത് അച്ചടിമാധ്യമങ്ങളെന്ന് ഗവാസ്‌കര്‍


  ഒക്ടോബര്‍ മൂന്നു അവധി ദിവസമാക്കണം; പൂജവയ്പ്പ് ദിനത്തിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മാറ്റണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ബാലഗോകുലം


  വീഡിയോ പകര്‍ത്തിയ ജീവനക്കാരന് മര്യാദയില്ല; സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി; കെഎസ്ആര്‍ടിസി ക്രിമിനലുകള്‍ക്കായി വീണ്ടും ആനത്തലവട്ടം ആനന്ദന്‍


  ഗുജറാത്തിൽ നവരാത്രി ഉത്സവത്തിന് ഒരുങ്ങുന്ന സൂറത്തിലെ യുവതികൾ മുതുകിൽ വരയ്ക്കുന്ന ടാറ്റൂവില്‍ മോദിയും ചീറ്റയും...


  അമിത വില; കേരളത്തിന്റെ പരാതി പ്രധാനമന്ത്രി കേട്ടു; നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും വില നിശ്ചയിച്ചു; കൊള്ളയ്ക്ക് കൂച്ചുവിലങ്ങ്


  സുഗമ്യ ഭാരത് അഭിയാന്‍: എട്ടു വര്‍ഷത്തില്‍ 1090 എസ്‌കലേറ്ററുകള്‍, 981ലിഫ്റ്റുകള്‍; രാജ്യത്തെ 497 റെയില്‍വേ സ്‌റ്റേഷനുകള്‍ ദിവ്യാംഗസൗഹൃദമാക്കി റെയില്‍വേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.