×
login
ഇത് ദീനദയാല്‍ജിയുടെ ഇന്ത്യ; ഇന്ന് പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായയുടെ 54-ാം ബലിദാന ദിനം

കമ്മ്യൂണിസമോ സോഷ്യലിസമോ അല്ല ഇന്ത്യയുടെ ഭാവി കരുപ്പിടിപ്പിക്കുക; അതിന് ഇന്ത്യയുടേതായ ദര്‍ശനവും കാഴ്ചപ്പാടും പരിപാടികളും വേണം. അവിടെയാണ് ബദല്‍ ദര്‍ശനത്തെക്കുറിച്ചുള്ള ചിന്ത ദീനദയാല്‍ജിയില്‍, ജനസംഘത്തില്‍ തുടങ്ങുന്നത്. 'ഏകാത്മമാനവ ദര്‍ശനം' അതാണ് ലോകത്തിന് നല്‍കുന്നത്.

കെ.സുരേന്ദ്രന്‍

രാജ്യം കണ്ട ഏറ്റവും മഹാനായ സംഘാടകനും ചിന്തകനും രാഷ്ട്രീയ നേതാവുമായ ദീനദയാല്‍ ഉപാദ്ധ്യായ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 54 വര്‍ഷം. 1968 ഫെബ്രുവരി 11 നായിരുന്നു ബീഹാറിലെ മുഗള്‍ സരായ് റയില്‍വേ സ്റ്റേഷന് സമീപത്തുനിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെടുത്തത്. അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്നത് ഇനിയും കണ്ടെത്താനായിട്ടില്ല; അക്കാര്യത്തില്‍ ഗൗരവതരമായ അന്വേഷണം  കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ നിന്ന് പ്രതീക്ഷിച്ചതു തന്നെ തെറ്റ്. കശ്മീര്‍ ജയിലിലിട്ട് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജീവനെടുത്തവരാണല്ലോ ഇക്കൂട്ടര്‍. 1951ല്‍ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ജനസംഘം രൂപീകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തെ സഹായിക്കാന്‍ ആര്‍എസ്എസ് വിട്ടുകൊടുത്തവരില്‍ പ്രമുഖന്‍ ദീനദയാല്‍ജി ആയിരുന്നു. 1952 ഡിസംബര്‍ 29 മുതല്‍ 31 വരെ കാണ്‍പൂരില്‍ നടന്ന പ്രഥമ ദേശീയ സമ്മേളനത്തില്‍ ദീനദയാല്‍ജി  ജനസംഘത്തിന്റെ ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. 1967 ല്‍ കോഴിക്കോട് നടന്ന ദേശീയ സമ്മേളനത്തില്‍ ദേശീയ അധ്യക്ഷനാവുന്നതുവരെ അദ്ദേഹം ജനറല്‍ സെക്രട്ടറിയായിരുന്നു.

ദീനദയാല്‍ജിയുടെ ദൗത്യം ശ്രമകരമായിരുന്നു. ജനസംഘം രൂപമെടുത്തയുടനെ അതിന്റെ കപ്പിത്താനായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയെ നഷ്ടമായി. കശ്മീര്‍ ജയിലിലെ അദ്ദേഹത്തിന്റെ അന്ത്യം ഒരു കൊലപാതകമായിരുന്നു എന്ന് വിശ്വസിക്കുന്നവരാണ് ജനങ്ങളേറെയും. ശ്യാം ബാബു പോയാല്‍ ജനസംഘം ഇല്ലാതാവുമെന്ന് പലരും കരുതി. മാത്രമല്ല ജനസംഘത്തിലും വല്ലാത്ത പ്രതിസന്ധിയുണ്ടായിരുന്നു. 1951 ല്‍ പിറന്ന പാര്‍ട്ടിക്ക് 1952 ലെ പ്രഥമ പൊതു തെരഞ്ഞെടുപ്പില്‍  കാര്യമായൊന്നും ചെയ്യാനായില്ല; എന്നാല്‍ ശ്യാമപ്രസാദ് മുഖര്‍ജിയടക്കം മൂന്ന് പേര്‍ ലോക്‌സഭയിലെത്തി. 1954 ലെ മുംബൈ സമ്മേളനത്തില്‍ ദീനദയാല്‍ജി പ്രവര്‍ത്തകരോട് പറഞ്ഞു, തെരഞ്ഞെടുപ്പുകളില്‍ നമുക്ക് ജയിക്കണം അതിലേറെ ചില നിഷ്ഠകളുമായി രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ചവെച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ നമുക്കാവണം. എന്നിട്ട് അദ്ദേഹം പറഞ്ഞു, നമുക്ക് ഇപ്പോള്‍ ചില പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ വിജയിക്കാനായിട്ടുണ്ട്. അയോദ്ധ്യ, മഥുര, വൃന്ദാവന്‍, ഗോകുല്‍, ഹരിദ്വാര്‍, ഋഷികേശ് എന്നിവിടങ്ങളില്‍ അന്നുതന്നെ ജനസംഘക്കാര്‍ വിജയിച്ചത് അദ്ദേഹം ഉയര്‍ത്തിക്കാട്ടി. 1957 ലെ പൊതുതെരഞ്ഞെടുപ്പാവുമ്പോള്‍ 243 മേഖലാ കമ്മിറ്റികള്‍ ജനസംഘത്തിനുണ്ടായിരുന്നു; 889 ലോക്കല്‍ കമ്മിറ്റികളും. എത്ര കഠിനാധ്വാനത്തിലൂടെയാണ് ദീനദയാല്‍ജിയുടെ നേതൃത്വത്തിലുള്ള മുന്‍ തലമുറ ഈ പ്രസ്ഥാനത്തെ വളര്‍ത്തിയത്. കേരളം പോലുള്ള സംസ്ഥാനത്ത് നാം എത്രത്തോളം ജാഗ്രതയും ഊന്നലും സംഘടനാ പ്രവര്‍ത്തനത്തില്‍ നല്‍കേണ്ടതുണ്ട് എന്നതാണ് അത് കാണിച്ചുതരുന്നത്.  

 

ദീനദയാല്‍ജിയും ഭാവി ഇന്ത്യയും  

നരേന്ദ്രമോദി സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍, അത് രാജ്യത്തിന് മുന്നില്‍ സമര്‍പ്പിച്ച ബജറ്റ്, സാമ്പത്തിക-സാമൂഹ്യ-പ്രതിരോധ-രാഷ്ട്രീയ വീക്ഷണങ്ങള്‍ ഒക്കെ നാം ശ്രദ്ധിച്ചിട്ടുണ്ടാവും. അതില്‍ കാണുന്ന പ്രത്യേകത 1950കളുടെ അവസാനത്തിലും 1960കളിലും ദീനദയാല്‍ജി നടത്തിയ നിരീക്ഷണങ്ങള്‍, അദ്ദേഹത്തിന്റെ ചിന്തകള്‍, ദര്‍ശനങ്ങള്‍ ഒക്കെ ഇന്നിപ്പോള്‍ എത്രമാത്രം പ്രാവര്‍ത്തികമാവുന്നു എന്നതാണ്. സാമൂഹ്യ, സാംസ്‌കാരിക, വിദ്യാഭ്യാസ, സാമ്പത്തിക, പ്രതിരോധ മേഖലകളിലൊക്കെ അത് നമുക്ക് കാണാം. അതിലേറെ രാഷ്ട്രീയ രംഗത്തുണ്ടായ വലിയ മാറ്റം. അതാണ് ആ 'ചെറിയ മനുഷ്യന്റെ' വലിയ ദര്‍ശനത്തിന്റെ പ്രാധാന്യം. കമ്മ്യൂണിസവും സോഷ്യലിസവുമാണ് ലോകത്തിന് വഴികാട്ടി, അതു രണ്ടുമില്ലാതെ മുന്നോട്ട് ഒരു ചുവട് നീങ്ങാനാവില്ല എന്നതായിരുന്നല്ലോ അന്ന് കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരുമൊക്കെ പറഞ്ഞു നടന്നിരുന്നത്. ഗാന്ധിയന്‍ ചിന്തയെപ്പോലും വലിച്ചെറിഞ്ഞിട്ടാണ് അന്ന് കോണ്‍ഗ്രസുകാര്‍ സോവിയറ്റ്-സോഷ്യലിസ്റ്റ് ദര്‍ശനത്തിന്റെ പിന്നാലെ പോയത്.

എന്നാല്‍ ദീനദയാല്‍ജിക്ക് ഒരു ഉറപ്പുണ്ടായിരുന്നു. കമ്മ്യൂണിസമോ സോഷ്യലിസമോ അല്ല ഇന്ത്യയുടെ ഭാവി കരുപ്പിടിപ്പിക്കുക; അതിന് ഇന്ത്യയുടേതായ ദര്‍ശനവും കാഴ്ചപ്പാടും പരിപാടികളും വേണം. അവിടെയാണ് ബദല്‍ ദര്‍ശനത്തെക്കുറിച്ചുള്ള ചിന്ത ദീനദയാല്‍ജിയില്‍, ജനസംഘത്തില്‍ തുടങ്ങുന്നത്. 'ഏകാത്മമാനവ ദര്‍ശനം' അതാണ് ലോകത്തിന് നല്‍കുന്നത്. ഇന്ന് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളുടെ ആധാരശില ദീനദയാല്‍ജിയുടെ ദര്‍ശനങ്ങളാണ്.

ഇന്ന് എവിടെയാണ് കമ്മ്യൂണിസമുള്ളത്? ഇന്ത്യയില്‍ അതുണ്ടെന്ന് കമ്മ്യൂണിസ്റ്റുകാര്‍ പോലും പറയുന്നത് ഇങ്ങ് കേരളത്തിലാണ്. മറ്റെല്ലായിടത്തുനിന്നും അവര്‍ പിഴുതെറിയപ്പെട്ടു. ഇവിടെപ്പോലും ജിഹാദി- ദേശവിരുദ്ധ - കള്ളക്കടത്ത് ശക്തികളുടെ തണലിലാണ് അവര്‍ കഴിയുന്നത്. സോഷ്യലിസമാണ് സര്‍വ്വസ്വവുമെന്നു പറഞ്ഞുനടന്ന കോണ്‍ഗ്രസിന്റെയും സമാന കക്ഷികളുടെയും അവസ്ഥയെന്താണിന്ന്? ഹിന്ദുത്വത്തെ ആക്ഷേപിച്ചു നടന്നവരുടെ സ്ഥിതിയെന്താണ്? ഇപ്പോള്‍ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിയുമ്പോഴേക്ക് കോണ്‍ഗ്രസ് നാട് നീങ്ങുമെന്ന് തീര്‍ച്ചയാണ്. ഭരണമുണ്ടായിരുന്ന പഞ്ചാബില്‍ പോലും അവര്‍ തൂത്തെറിയപ്പെടും. ഇന്ത്യയുടെ മാത്രം കാര്യമല്ലിത്. ഇന്ന് ലോകത്ത് എവിടെയുണ്ട് കമ്മ്യൂണിസം? ചൈന പോലും മുതലാളിത്ത - മൂലധനാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്. സോവിയറ്റ് യൂണിയന്‍ തകര്‍ന്നു തരിപ്പണമായില്ലേ?  


 

ദീനദയാലിന്റെ  സ്വപ്‌നം  പൂവണിയുമ്പോള്‍  

ഇന്ത്യ ഇന്ന് മറ്റൊരു പരീക്ഷണ കാലഘട്ടത്തിലാണ്. സമാജത്തില്‍,  രാഷ്ട്രീയരംഗത്ത് ഒക്കെ വലിയ മാറ്റമുണ്ടാവുന്ന വേളകളില്‍ ഇത്തരം അവസ്ഥ എന്നുമുണ്ടാവാറുണ്ട്. ഇന്ത്യ എവിടെയായിരുന്നു എന്ന് ചിന്തിക്കുമ്പോഴാണ് ഇന്ന് എവിടെയെത്തി നില്‍ക്കുന്നു എന്നത് തിരിച്ചറിയുക. ഒരു കാലത്ത് സര്‍വ്വ കാര്യങ്ങള്‍ക്കും വിദേശ രാഷ്ട്രങ്ങളെ ആശ്രയിക്കേണ്ടുന്ന ഗതികേടിലായിരുന്നല്ലോ നാം.

ഇന്ന് ഇറക്കുമതി നാം എത്രയോ പരിമിതപ്പെടുത്തി. ക്രൂഡ് ഓയില്‍ പോലെ അനിവാര്യമായത് മാത്രമാണ് ഇന്ന് ഇറക്കുമതി ചെയ്യുന്നത്. പ്രധാനമന്ത്രി കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ പറഞ്ഞത്, ലോകം ഇന്ന് ഉറ്റുനോക്കുന്നത് ഇന്ത്യയെയാണ് എന്നാണ്. കൊവിഡ് മഹാമാരി ലോകത്തെ ഗ്രസിച്ചപ്പോള്‍ രക്ഷകനായത് മോദിയുടെ ഇന്ത്യയല്ലേ. ഇന്ത്യാക്കാരെ വാക്‌സിന്‍ നല്‍കി സംരക്ഷിക്കുക മാത്രമല്ല ചെയ്തത്, ലോകത്ത് അത് പൂഴ്ത്തി വയ്പ്പിക്കുന്നത് തടയുക കൂടിയാണ്.  ഈ വലിയ പ്രതിസന്ധി ഘട്ടത്തില്‍ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ടിയിരുന്നു; അതുണ്ടായില്ല.  കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ മോദി അതും സൂചിപ്പിച്ചു. ഇന്ത്യന്‍ വാക്‌സിനെ ലോകം മുഴുവന്‍ കൈയടിച്ചു സ്വീകരിച്ചപ്പോള്‍  ഇന്ത്യയിലെ പ്രതിപക്ഷം എത്ര തരംതാണ രാഷ്ട്രീയമാണ് കളിച്ചത്. കോണ്‍ഗ്രസുകാരും അവരുടെ കൂട്ടാളികളും അതിനെ  'മോദി വാക്‌സിന്‍'  എന്നുവിളിച്ചു; അതെടുക്കരുതെന്ന് പ്രസ്താവനയിറക്കി. ജനങ്ങള്‍ക്കിടയില്‍ സംശയമുണ്ടാക്കാന്‍ ശ്രമിച്ചു.  ഇത്തരമൊരു പ്രതിസന്ധിയില്‍ രാജ്യത്തെ തകര്‍ക്കാന്‍ എന്തൊക്കെ ചെയ്യാമോ അതൊക്കെ ഇക്കൂട്ടര്‍ ചെയ്തു. പ്രതിപക്ഷ സമീപനത്തിന് ഇത് ഒരു ഉദാഹരണം മാത്രം.

കേരളത്തിലെ കമ്മ്യുണിസ്റ്റുകാര്‍ എന്തൊക്കെയാണ് ചെയ്തത്. വാക്സിന്‍ സൗജന്യമായി  കേന്ദ്രം കൊടുക്കണം എന്ന് പറഞ്ഞായിരുന്നു അവരുടെ പുറപ്പാട്; അതേസമയം വാക്‌സിന്‍ വാങ്ങാനായി നാടുനീളെ പണപ്പിരിവും നടത്തി. മരണസംഖ്യയില്‍ പോലും കള്ളത്തരം കാട്ടിയ ഒരു ഭരണകൂടത്തില്‍ നിന്ന് എന്തിനേറെ പ്രതീക്ഷിക്കണം.

ഈ പ്രതിസന്ധിക്കിടയിലും ഇന്ത്യ മുന്നോട്ട് പോയി. അതാണ് മോദിനോമിക്‌സ്. അതാണ് ബിജെപിയുടെ ഭരണക്രമം. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വികസിക്കുന്ന സമ്പദ് ഘടന മോദിയുടെ ഇന്ത്യയുടേതാണ്. മറ്റു വികസിത രാജ്യങ്ങള്‍ പിടിച്ചുനില്‍ക്കാന്‍ പ്രയാസപ്പെടുന്നു എന്ന് ലോകബാങ്കും ഐഎംഎഫും പറയുമ്പോഴാണ് ഇന്ത്യക്ക് ഈ നേട്ടമുണ്ടാക്കാനായത്. കഴിഞ്ഞ മാസം ഇന്ത്യയിലെ ജിഎസ്ടി കളക്ഷന്‍ 1,38,000 കോടി രൂപയായിരുന്നു. വിദേശ നാണ്യ ശേഖരം 634.287 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ ഒരു വര്‍ഷം സെന്‍സെക്‌സ് 25 ശതമാനം കണ്ടാണ് വളര്‍ന്നത്. സമ്പദ് ഘടന ഏത് നിലയിലാണ് എന്നതിന് വേറെന്ത് തെളിവ് വേണം. ലോകത്ത് ഏറ്റവുമധികം വിദേശ നിക്ഷേപമെത്തുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. വ്യവസായ, സേവന മേഖലകളില്‍ വലിയ വളര്‍ച്ച കൈവരിച്ചു. 308.65 മില്യണ്‍ ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഉത്പാദിപ്പിച്ചത്; അത് മുന്‍വര്‍ഷത്തേക്കാള്‍ 3.6 ശതമാനം വളര്‍ച്ചയാണ്. ഇതിനൊക്കെയിടയില്‍ കയറ്റുമതിയില്‍  നാം റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു. ഇന്ത്യയെ സുവര്‍ണ കാലഘട്ടത്തിലേക്ക് നയിക്കുകയാണ് മോദി. എല്ലാ വീടുകളിലും പാചകവാതകം, എല്ലാ വീടുകള്‍ക്കും ശൗചാലയം, പിന്നെ കുടിവെള്ളവും. 2021ല്‍ മാത്രം എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടില്‍ പുതുതായി ചേര്‍ന്നത് 1.2 കോടിപ്പേരാണ്. അതായത് ഇത്രയും പേര്‍ക്ക് പുതുതായി ജോലി കിട്ടി എന്ന്. മറ്റു പദ്ധതികളിലൂടെ ജോലി സമാഹരിച്ചവര്‍ വേറെ.  

എന്നാല്‍ കേരളത്തിലെ സ്ഥിതിയെന്താണ്. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം കൃത്യമായി നടന്നത് സ്വര്‍ണ്ണക്കടത്ത് മാത്രമല്ലെ! കേരളത്തിന്റെ സമ്പദ് ഘടനയെക്കുറിച്ച്  ഇവര്‍ ചിന്തിച്ചോ?  ഒന്നും ചെയ്യാനാവാത്ത അവസ്ഥയിലേക്ക് കേരളമെത്തി. അക്ഷരാര്‍ഥത്തില്‍ കടക്കെണിയിലാണ് കേരളം. കടമെടുക്കാതെ ഒരു മാസം പോലും മുന്നോട്ട് പോകാനാവുന്നില്ല. എല്ലാ മേഖലകളും മരവിപ്പിന്റെ നടുവിലാണ്. ഇതിനിടയിലും കേരളത്തെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന  കെ റെയില്‍ പോലുള്ള ജനവിരുദ്ധ നിലപാടുകളാണ് സര്‍ക്കാരിനുള്ളത്. കള്ളക്കടത്തിന്റെ സൂത്രധാരന്‍ എന്ന് കൂട്ടുപ്രതി തുറന്നാക്ഷേപിച്ചയാളെ കൂടെനിര്‍ത്തിക്കൊണ്ട് ഭരണം തുടരുന്ന മറ്റൊരു മുഖ്യമന്ത്രി  രാജ്യത്തുണ്ടാവുമോ? ലാലു പ്രസാദ് യാദവിനെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തിലേക്ക് പിണറായി എത്തപ്പെട്ടിരിക്കുന്നു. ഇതിനിടയിലാണ് ദേശവിരുദ്ധ ചാനലുകള്‍ക്കും ദേശ വിരുദ്ധ സംഘടനകള്‍ക്കും വേണ്ടി കേരളത്തിലെ ഭരണ, പ്രതിപക്ഷങ്ങള്‍ കൈകോര്‍ക്കുന്നത്.

ഇവിടെയാണ്  ഒരു മാറ്റം നാമൊക്കെ പ്രതീക്ഷിക്കുന്നത്.  സത്യത്തിനും ധര്‍മ്മത്തിനുമായി നിലകൊള്ളുന്ന ബിജെപിയുടെ പ്രസക്തിയും അവിടെയാണ്. രാജ്യത്തിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനത്തിന്റെ പ്രാധാന്യം. ഇന്നിപ്പോള്‍ കേരളത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ബൂത്ത് തലത്തില്‍ ബിജെപി  ഇത്തരത്തിലുള്ള ദീനദയാല്‍ജി അനുസ്മരണ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുകയാണ്. ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ അതില്‍ പങ്കാളികളാവും. ഇന്നുമുതല്‍ 20 വരെയാണ് ദീനദയാല്‍ജി  അനുസ്മരണ പരിപാടി. അതിനൊപ്പം കഴിഞ്ഞ മാസം ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍  കൊലപ്പെടുത്തിയ അഡ്വ. രണ്‍ജീത് ശ്രീനിവാസനെയും ബിജെപി  സമ്മേളനങ്ങളില്‍ അനുസ്മരിക്കും. സമര്‍പ്പണ നിധി ചടങ്ങും നടക്കും. കേരളത്തിലെ ബിജെപിയുടെ ചരിത്രത്തില്‍ പുതിയ അധ്യായം കുറിക്കുന്നതാകും  ആയിരക്കണക്കിന് ബൂത്തുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഈ പരിപാടികള്‍.

  comment

  LATEST NEWS


  ആദ്യമൂന്നുദിനം എത്തിയത് 56,960 അപേക്ഷകള്‍; 'അഗ്നിവീര്‍ വായു' സൈനികരാകാന്‍ മുന്നോട്ടുവന്ന് യുവാക്കള്‍; വിവരങ്ങള്‍ പുറത്തുവിട്ട് വ്യോമസേന


  'ചൊവ്വല്ലൂരിന്റെ വിയോഗം ഭക്തരെയും കലാ ആസ്വാദകരെയും ഒരുപോലെ ദുഖത്തിലാഴ്ത്തി'; അനുശോചനം അറിയിച്ച് കെ.സുരേന്ദ്രന്‍


  ആവിക്കൽ തോട് മലിനജല സംസ്‌കരണ പ്ലാന്റ്: റോഡ് ഉപരോധിച്ച് നാട്ടുകാർ, പോലീസുമായുള്ള സംഘർഷത്തിൽ ഒരാൾക്ക് പരിക്ക്


  1034 കോടിയുടെ ഭൂമി കുംഭകോണം; സജ്ഞയ് റാവത്തിന് ഇഡി നോട്ടീസ്; നാളെ ചോദ്യംചെയ്യലിന് ഹാജരാകണം


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.