login
ഡോക്ടര്‍ ഹെഡ്‌ഗെവാര്‍; പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവും

ഡോക്ടര്‍ജി വിഭാവനം ചെയ്ത ഹിന്ദുരാഷ്ട്രം സാംസ്‌കാരികമാണ്. ആ ഹിന്ദുരാഷ്ട്രത്തില്‍ വിവിധ മതങ്ങള്‍ ഉണ്ടാകും. ഈ പശ്ചാത്തലത്തില്‍ വേണം ഇന്നത്തെ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് മുസ്ലീങ്ങളില്ലാത്ത രാഷ്ട്രം ഹിന്ദുരാഷ്ട്രം ആകില്ലെന്നു പറഞ്ഞത് മനസ്സിലാക്കാന്‍

ലോകത്തില്‍ അനേകം രാഷ്ട്രങ്ങളും സംസ്‌കാരങ്ങളും വളര്‍ന്നു വികസിക്കുകയും പിന്നീട് കാലയവനികക്കുള്ളില്‍ അപ്രത്യക്ഷമാവുകയും ചെയ്തിട്ടുണ്ട്. അവയുടെ ആത്മാവ് എന്നു വിളിക്കാവുന്ന തത്വത്തില്‍ നിന്ന് അകന്നതാണ് അപ്രത്യക്ഷമാകലിന് കാരണമായത്. ഭാരതം  

പ്രാചീനമായ ഒരു രാഷ്ട്രമാണ്. ഭാരതം നീണ്ടകാലം വൈദേശികര്‍ക്കു കീഴിലായിരുന്നു. ഈ വൈദേശികരാകട്ടെ ഭാരതത്തിന്റെ സംസ്‌കാരത്തെയും ജനതയെയും നശിപ്പിക്കാന്‍ അതിതീവ്രമായി ശ്രമിച്ചു. ലോകത്തില്‍ ഒരു രാഷ്ട്രവും ആയിരത്തിലേറെ വര്‍ഷക്കാലത്തെ വൈദേശികാധിപത്യത്തിനു ശേഷം നിലനിന്നിട്ടില്ല. എന്നാല്‍ വൈദേശികാധിപത്യത്തിനുശേഷവും ഭാരതം ഫിനിക്സ് പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേറ്റു. ആ ചരിത്രം ഭാരതത്തിനു മാത്രം അവകാശപ്പെട്ടതാണ്.  ഭാരതത്തിന്റെ ഈ അതിജീവനത്തിന്റെ രഹസ്യം അതിന്റെ ആത്മശക്തി ആണ്.

ഭാരതത്തിന്റെ ലക്ഷ്യം-വിശ്വഗുരു

1947 ല്‍ ഭാരതം വൈദേശികാടിമത്തത്തില്‍ നിന്ന് മോചനം നേടി. എന്നാല്‍ ഇത്രയും നീണ്ട പോരാട്ടം ഭാരതത്തിന്റെ തനിമയെ സംബന്ധിച്ച് അനേകം സംശയങ്ങളും ചോദ്യങ്ങളും ഉയര്‍ത്തി. ഭാരതത്തെ വിദേശികള്‍ ആദ്യമായി ആക്രമിക്കുമ്പോള്‍ ഇവിടെ ഹിന്ദു രാജാക്കന്മാരാണ് ഭരിച്ചിരുന്നത്. അതിനാല്‍ ദേശീയത സംബന്ധിച്ച് ഒരു ആശയക്കുഴപ്പവും  അന്ന് ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് മുഗളര്‍ ഭാരതത്തിന്റെ  ഭരണം കയ്യാളാന്‍ തുടങ്ങി. സമൂഹത്തിന്റെ സമസ്ത ജീവിത മേഖലകളിലും ഇസ്ലാമിക സംസ്‌കാരം അടിച്ചേല്‍പ്പിച്ചു. വാള്‍മുനത്തുമ്പില്‍ ജനങ്ങളെ മതം മാറ്റി.  

ശിവാജി തുടങ്ങിയ സൈനികര്‍ ഇതിനെ കായികമായി ചെറുത്തു. ഈ പോരാട്ടത്തില്‍ സംസ്‌കാരത്തെ രക്ഷിക്കാന്‍ ഒട്ടനവധി മാര്‍ഗ്ഗങ്ങള്‍ ഭാരതം അവലംബിച്ചു. ഭക്തി പ്രസ്ഥാനം മുതല്‍ സായുധ സംഘര്‍ഷം വരെ. ഇക്കാലത്ത് ഭാരതത്തില്‍ അനാചാരങ്ങളും വളരാന്‍ തുടങ്ങി. സതി, തൊട്ടുകൂടായ്മ, ജാതീയമായ ഉച്ചനീചത്വം എന്നിവ. പിന്നീട് വന്ന ബ്രിട്ടീഷ് ആധിപത്യം ഭാരതത്തെ കൊള്ളയടിക്കുക മാത്രമല്ല ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ സംസ്‌കാരത്തെ നശിപ്പിക്കാനും ശ്രമിച്ചു. വൈദേശികാധിപത്യത്തെ ചെറുക്കാന്‍ ഉദയംകൊണ്ട ചില പ്രസ്ഥാനങ്ങള്‍ അനുകരണങ്ങളിലും മറ്റുള്ളവ എതിര്‍പ്പിലും ഊന്നി. എതിര്‍ക്കാന്‍ ശക്തിയില്ലെന്നു കരുതിയവര്‍ ശരണാഗതിക്കാരും കരുത്തുള്ളവര്‍ പോരാളികളുമായി. എന്നാല്‍ ഭാരതത്തിന്റെ പ്രശ്നം വൈദേശിക ചിന്താഗതി ഉള്‍ക്കൊണ്ടവരെ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാക്കലായിരുന്നു.

ഭാരതത്തിന്റെ സ്വാതന്ത്ര്യം എന്നത് എന്തിനുവേണ്ടി ഉള്ളതാണെന്ന് ഈ പശ്ചാത്തലത്തില്‍ വേണം ചിന്തിക്കാന്‍. ലോകത്തിലെ ഏറ്റവും പ്രാചീന രാഷ്ട്രം എന്ന നിലയില്‍ ലോകത്തിനു വഴി കാണിക്കേണ്ട ചുമതല ഭാരതത്തിനുണ്ട്. എന്നാല്‍  സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ സ്വാതന്ത്ര്യത്തെ കേവലം സ്വയംഭരണം ആയിട്ടാണ് കണ്ടത്. ബ്രിട്ടീഷുകാര്‍ നാടുവിട്ടു പോയാല്‍ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നവര്‍ കരുതി. ഭാരതത്തിന്റെ ഭാവിയെക്കുറിച്ചുള്ള അവരുടെ സ്വപ്നം പലതരത്തിലുള്ളതായിരുന്നു. ഗാന്ധിജി രാമരാജ്യത്തെക്കുറിച്ചും ഗ്രാമസ്വരാജിനെക്കുറിച്ചും പറഞ്ഞപ്പോള്‍ സവര്‍ക്കര്‍ ഹിന്ദു രാജ്യത്തെക്കുറിച്ചു പറഞ്ഞു. (സവര്‍ക്കറുടെ ഹിന്ദുരാഷ്ട്ര സങ്കല്‍പം പൊളിറ്റിക്കല്‍ ആയിരുന്നു. അതിനു ഡോക്ടര്‍ജിയുടെ സാംസ്‌ക്കാരിക ഹിന്ദുരാഷ്ട്രസങ്കല്‍പ്പവുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല) പണ്ഡിറ്റ് നെഹ്‌റു സോഷ്യലിസവും കമ്യൂണിസ്റ്റുകാര്‍ കമ്യൂണിസവും പറഞ്ഞു. അംബേദ്കറെപ്പോലുള്ളവര്‍ സാമൂഹ്യ സമത്വവും മുന്നോട്ടു വച്ചു. എന്നാല്‍ ഇവരാരും ഭാരതത്തിന്റെ തനിമ എന്തെന്ന് ചിന്തിച്ചില്ല. ഭാരതത്തിന്റെ തനിമ കണ്ടെത്തി അതിന്റെ അടിസ്ഥാനത്തില്‍ ജീവിതക്രമവും രാഷ്ട്രജീവിതവും കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യം അവര്‍ക്കുണ്ടായില്ല.  

ലോകത്തെ ശ്രേഷ്ടമാക്കുക എന്ന ദൗത്യം സ്വായത്തമാക്കിയ രാഷ്ട്രമാണ് ഭാരതം. മറ്റു രാജ്യങ്ങള്‍ ജേതാക്കളാകാന്‍ ആഗ്രഹിച്ചപ്പോള്‍ ഭാരതം വിശ്വഗുരുവാകാനാണ് ആഗ്രഹിച്ചത്. ഗുരു ഇരുട്ടകറ്റി വെളിച്ചം നല്‍കുന്നു. ഭൗതിക ജീവിതത്തില്‍ മാത്രം ഒതുങ്ങിയിരുന്ന സംസ്‌കാരങ്ങള്‍ക്ക് ആധ്യാത്മിക കാഴ്ചപ്പാടുകൂടി നല്‍കി അവയെ സമ്പൂര്‍ണമാക്കലായിരുന്നു വിശ്വഗുരു സ്ഥാനംകൊണ്ട് ഭാരതം വിവക്ഷിച്ചത്. സൈനികമായി കീഴടക്കാനല്ല മറിച്ച് സ്വാമി വിവേകാനന്ദന്‍ പറഞ്ഞതുപോലെ മറ്റു രാജ്യങ്ങളെ ഒരിക്കലും ആക്രമിച്ചു കീഴടക്കാന്‍ ശ്രമിക്കാത്ത ഒരേയൊരു രാജ്യം  ലോകത്തില്‍ ഭാരതം മാത്രമാണ്.

ഭാരതം വിശ്വഗുരു ആകണമെങ്കില്‍ അതിന്റെ തനിമയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രം പുനഃസംഘടിപ്പിക്കേണ്ടിയിരുന്നു. പക്ഷേ സ്വാതന്ത്ര്യ സമരനേതാക്കളെല്ലാം യൂറോപ്യന്‍ രീതിയിലുള്ള ദേശീയത എന്ന ആശയം ഉള്‍ക്കൊണ്ടിരുന്നു. അതുകൊണ്ട് അവര്‍ക്കു ഭാരതത്തിന്റെ തനിമ കണ്ടെത്താനായില്ല.  ഭാരതത്തിന്റെ ദര്‍ശനങ്ങള്‍ക്ക് പുതിയ രൂപം നല്‍കി നവീന കാലഘട്ടത്തിനനുസരിച്ചു ഒരു ജീവിതസമ്പ്രദായത്തിന് രൂപംനല്‍കുക എന്നതാണ് ഭാരതം നേരിട്ട വെല്ലുവിളി. ഈ വെല്ലുവിളി നേരിടാന്‍ ആദ്യം വൈദേശികാധിപത്യം അവസാനിപ്പിക്കേണ്ടിയിരുന്നു.

യുഗസൃഷ്ടിക്കുള്ള വിത്ത്-ഡോക്ടര്‍ജി

അതിനായി ഭാരതത്തെ സജ്ജമാക്കാന്‍ രാഷ്ട്രീയ സ്വയംസേവക സംഘം എന്ന സംഘടനക്ക് രൂപം നല്‍കിയ മഹാപുരുഷനാണ് ഡോക്ടര്‍ജി എന്നറിയപ്പെടുന്ന ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാര്‍. തന്റെ ജീവിതദൗത്യം പോലെ അപൂര്‍വമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും.  

മഹാന്മാരെ യുഗസൃഷ്ടാവ്, നൂറ്റാണ്ടിന്റെ ശില്‍പ്പി എന്നെല്ലാം വിശേഷിപ്പിക്കാറുണ്ട്. അത്തരം വ്യക്തികള്‍ ഏറെ പ്രശസ്തരായിരിക്കും. പലപ്പോഴും അവരുടെ സംഘടനയെക്കാള്‍ പ്രശസ്തി ഇത്തരം വ്യക്തികള്‍ക്കായിരിക്കുകയും ചെയ്യും. എന്നാല്‍ ഡോക്ടര്‍ജിയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍പോലും അദ്ദേഹം ആരംഭിച്ച സംഘടനയെക്കുറിച്ചറിയും. സ്ഥാപകനേക്കാള്‍ പ്രശസ്തമായ സംഘടന എന്നത് അസാധാരണമാണ്. ഡോക്ടര്‍ജി യുഗസൃഷ്ടിക്കുള്ള ബീജം(വിത്ത്) ആയിരുന്നു. അതില്‍ നിന്ന്  പൊട്ടിമുളച്ച വടവൃക്ഷമാണ് ആര്‍എസ്എസ്.

ദേശീയതയുടെ സൂത്രവാക്യം

മറ്റു നേതാക്കളില്‍ നിന്ന് വ്യത്യസ്തനായിരുന്നു ഡോക്ടര്‍ജി. അദ്ദേഹം രാഷ്ട്രം നേരിടുന്ന പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്തി അതിനു പരിഹാരം കാണുന്നതിനാണ് ശ്രമിച്ചത്. ഒരുപിടി വിദേശികള്‍ ഭാരതത്തെ കീഴടക്കി ദീര്‍ഘകാലം ഭരിക്കാന്‍ കാരണം ഇവിടുത്തെ ജനങ്ങളുടെ ഐക്യമില്ലായ്മയാണെന്ന് അദ്ദേഹം മനസ്സിലാക്കി. ജനങ്ങളുടെ ഐക്യത്തിന് രാഷ്ട്രത്തിന്റെ തനിമയെക്കുറിച്ച് വ്യക്തമായ ധാരണ വേണം. മറിച്ച് ശത്രുവിനെതിരായ ഐക്യം ശത്രുകേന്ദ്രിതമായിരിക്കും. അത് ശത്രു ഉള്ളിടത്തോളം കാലമേ ഉണ്ടാകൂ. അത് രാഷ്ട്രത്തിന്റെ സ്വത്വത്തെയല്ല പ്രകടമാക്കുക. രാഷ്ട്രത്തിന്റെ വിദ്വേഷത്തെയാണ്. ഭാവാത്മക ഐക്യം ഉണ്ടാവാന്‍ രാഷ്ട്രത്തിന്റെ യഥാര്‍ത്ഥ സ്വത്വത്തെക്കുറിച്ചറിയണം. ഭാരതത്തിന്റെ സ്വത്വം അഥവാ തനിമ ഹിന്ദു എന്നതാണ്. അതുകൊണ്ട് 'ഭാരതം ഹിന്ദു രാഷ്ട്രമാണ്' എന്നതാണ് ഭാരതത്തിന്റെ ദേശീയതയുടെ സൂത്രവാക്യം. ഹിന്ദു എന്നതിനോടൊപ്പം ഭാരതം ശക്തി പ്രാപിക്കുന്നു. ഹിന്ദു  തളര്‍ന്നാല്‍ ഭാരതവും തളരും. ഹിന്ദുജനതയും സംസ്‌കാരവും നിലനിന്നാല്‍ ഭാരതവും നിലനില്‍ക്കും. ദേശീയത സംബന്ധിച്ച ഈ സത്യം കണ്ടെത്തിയത് ഡോക്ടര്‍ജി ആണ്.

ഭാരതത്തിന്റെ തനിമ കണ്ടെത്തിയത് കൊണ്ട് മാത്രം തീരുന്നതായിരുന്നില്ല ഡോക്ടര്‍ജിയുടെ ദൗത്യം. അതോടൊപ്പം ഭാരതത്തിന്റെ ദേശീയ ജീവിതത്തെ രക്ഷിക്കേണ്ടതുണ്ടായിരുന്നു. ഭാരതത്തില്‍ വൈദേശിക ജീവിത പദ്ധതി സ്വീകരിച്ച വലിയൊരു വിഭാഗം ഉണ്ടായിരുന്നു. അവരെ രാഷ്ട്ര ജീവിതത്തില്‍ ഉള്‍ക്കൊള്ളേണ്ട ആവശ്യവും ഉണ്ടായിരുന്നു. അതേസമയം ഹിന്ദുക്കള്‍ എന്ന് പരമ്പരയായി കരുതി വരുന്ന വിഭാഗവും ദേശീയതയുമായിട്ടുള്ള ബന്ധവും കണക്കിലെടുക്കേണ്ടിയിരുന്നു

ഹിന്ദുക്കളില്‍ ഒരു വിഭാഗം ദുര്‍ബലരായിരുന്നു. പ്രീണനം വഴി മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങളെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരാമെന്നവര്‍ കരുതി. അതേസമയം ശക്തിയില്‍ വിശ്വസിച്ചിരുന്ന ഹിന്ദുക്കള്‍ പൊരുതലിന്റെ മാര്‍ഗം സ്വീകരിച്ചു. ഏതു വഴിയാണ് സ്വീകരിക്കേണ്ടത് എന്ന ചോദ്യം ദേശസ്നേഹികളുടെ മുന്നില്‍ ഉണ്ടായി. ഇതെല്ലം നടന്നത് അക്കാദമിക് ചര്‍ച്ചകളിലല്ല. മറിച്ച് സജീവമായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതിലൂടെയാണ് എന്നതും നാമോര്‍ക്കണം.

ഡോക്ടര്‍ജി പ്രീണനമാര്‍ഗവും തിരസ്‌കരണ മാര്‍ഗവും അല്ല സ്വീകരിച്ചത്. ഭാരതത്തില്‍ ജനിച്ചു വളര്‍ന്നവരെല്ലാം ഹിന്ദുസംസ്‌കാരം ഉള്ളവരാണെന്നു അദ്ദേഹം കണ്ടു. അതുകൊണ്ടു അവരെ ദേശീയജീവിതത്തില്‍ ചേര്‍ക്കുകയാണ് വേണ്ടതെന്നും അതിനു ദേശീയത എന്ന ആശയം ആവശ്യമാണെന്നും അദ്ദേഹം കണ്ടു.

ഇതെല്ലാം മനസ്സിലാക്കിയ ഡോക്ടര്‍ജി പ്രാചീനരാഷ്ട്രമായ ഭാരതത്തെ ആധുനികവും നീതിയുക്തവുമായ ഒരു രാഷ്ട്രമായി രൂപപ്പെടുത്തി എടുക്കുന്നതിനു ഭാരതം ഹിന്ദുരാഷ്ട്രമാണ് എന്ന തത്വത്തെ ഉപയോഗപ്പെടുത്തി. എല്ലാ സ്വയംസേവകരും എടുക്കുന്ന പ്രതിജ്ഞയില്‍ വ്യക്തമാക്കിയതുപോലെ 'ഹിന്ദുരാഷ്ട്രത്തെയും ഹിന്ദുസംസ്‌കാരത്തെയും ഹിന്ദുജനതയെയും' രക്ഷിക്കാനായി ആര്‍എസ്എസിന് രൂപം നല്‍കി. സംഘത്തിന്റെ ലക്ഷ്യം കേവലം ഹിന്ദു ജനതയെ രക്ഷിക്കലല്ല. മറിച്ച് ഹിന്ദു സംസ്‌കാരത്തെയും ഹിന്ദു രാഷ്ട്രത്തെയും രക്ഷിക്കുക എന്നതു കൂടിയാണ്.  സംസ്‌കാരത്തെ രക്ഷിക്കുക എന്നതിനര്‍ത്ഥം എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുക എന്നതാണ്. അങ്ങനെ ഹിന്ദു മതത്തില്‍ ഉള്‍പ്പെടാത്തവരെ കൂടി ചേര്‍ത്തതാണ് ഹിന്ദു രാഷ്ട്രം. കാരണം മതപരമായി അവര്‍ ഹിന്ദുക്കളല്ലെങ്കിലും സാംസ്‌കാരികമായി അവരും ഹിന്ദുക്കള്‍ തന്നെയാണ്.

ആര്‍എസ്എസിന്റെ ലക്ഷ്യം 'പരംവൈഭവം നേതു മേ തത് സ്വരാഷ്ട്രം' എന്നതാണെന്നും അതിനുള്ള മുന്നുപാധി 'വിധായസ്യ ധര്‍മസ്യ സംരക്ഷണം' എന്നതുമാണ്. ധര്‍മം ജനങ്ങളെ യോജിപ്പിക്കുന്നതാണ്. നിലവിലുള്ള സാഹചര്യങ്ങളില്‍ എന്താണ് ധര്‍മം. ഭാരതീയ സംസ്‌കാരം അതിപ്രാചീനവും നിത്യ നൂതനവും ആയി നിലകൊള്ളാന്‍ കാരണം അത് ഉള്‍ക്കൊള്ളലിലും പരിഷ്‌കരണത്തിലും ഊന്നി പ്രവര്‍ത്തിച്ചതാണ്.

ഉള്‍ക്കൊള്ളലും പരിഷ്‌കരണവും

ഹിന്ദു സംസ്‌കാരത്തിന്റെ പ്രത്യേകത ഈ ഉള്‍ക്കൊള്ളലും പരിഷ്‌കരണവുമാണ്. അങ്ങനെയാണ് ഭാരതീയ സംസ്‌കാരം വിരുദ്ധ നിലപാടുകളും ജീവിതരീതിയും ഉള്ള സംസ്‌കാരങ്ങളെ-വൈദേശികമായവയടക്കം- ഉള്‍ക്കൊണ്ടത്. ഇതിനു ഉദാഹരണമാണ് ചന്ദ്രഗുപ്ത മൗര്യന്‍ സെല്യൂക്കസ്സിന്റെ മകളെ വിവാഹം കഴിച്ചതും തുടര്‍ന്ന് അക്രമകാരികളായി വന്ന ഗ്രീക്കുകാര്‍ ഭാരതീയ സംസ്‌കാരത്തില്‍ ലയിച്ചതും. ഇവിടെ ഹിന്ദുക്കളില്‍നിന്ന് വിട്ടുപോയവരെ തിരസ്‌കരിക്കുകയല്ല മറിച്ച് ഉള്‍ക്കൊള്ളുകയാണ് സംഘം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഡോക്ടര്‍ജി വിഭാവനം ചെയ്ത ഹിന്ദുരാഷ്ട്രം സാംസ്‌കാരികമാണ്. ആ ഹിന്ദുരാഷ്ട്രത്തില്‍ വിവിധ മതങ്ങള്‍ ഉണ്ടാകും. ഈ പശ്ചാത്തലത്തില്‍ വേണം ഇന്നത്തെ സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് മുസ്ലിങ്ങളില്ലാത്ത രാഷ്ട്രം ഹിന്ദുരാഷ്ട്രം ആകില്ല എന്നുപറഞ്ഞത് മനസ്സിലാക്കാന്‍. ഇസ്ലാമിക മതവും ഹിന്ദുരാഷ്ട്രത്തില്‍ ഉണ്ടാകും.

ദേശീയത സംബന്ധിച്ച ഡോക്ടര്‍ജിയുടെ സങ്കല്‍പം ഇന്നാടിന്റെ ഐക്യത്തിന് വഴിയൊരുക്കും. ദേശീയ ഐക്യം ഉണ്ടാകുന്നതിന് ജനകീയ ഐക്യം ഉണ്ടാകണം. ഇതിനുള്ള പ്രായോഗിക പദ്ധതിയാണ് ശാഖ. ശാഖയിലെ കായിക ബൗദ്ധിക പരിശീലനങ്ങള്‍ സാധാരണക്കാരായ വ്യക്തികളുടെ വ്യക്തിത്വത്തെ ദേശീയ വ്യക്തിത്വമായി പരിണമിപ്പിക്കുന്നു. ഇത്തരത്തില്‍ ദേശീയ വ്യക്തിത്വം ഉള്‍ക്കൊണ്ടവരുടെ ദേശവ്യാപകമായ സംഘടന രൂപം കൊള്ളുന്നു. ഈ സംഘടനക്കും അതിലെ അംഗങ്ങളായ വ്യക്തികള്‍ക്കും ദേശീയ താല്പര്യമാണ് പ്രധാനം. ദേശീയ താല്‍പ്പര്യം സര്‍വപ്രഥമമായി കാണുന്നവരുടെ സംഘടനയാണ് രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യം നിലനിര്‍ത്തുന്നതിനുള്ള ഉറപ്പ്.

ആധുനിക രാഷ്ട്രം

ഇത്തരത്തിലുള്ള രാഷ്ട്രം അനാചാരമുക്തവും നീതിയുക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു ഭാരതത്തിനും ലോകവ്യവസ്ഥയ്ക്കും പാതയൊരുക്കും. ലോകത്തിലുള്ള എല്ലാ വൈവിധ്യങ്ങളേയും ഉള്‍ക്കൊള്ളുന്ന ഒരു പുതിയ ലോകക്രമത്തിനു അത് രൂപം നല്‍കും. ഇതാണ് പരമവൈഭവത്തിലെത്തിയ ഭാരതത്തിന്റെ ദൗത്യം. ഈ ലോകവ്യവസ്ഥയെക്കുറിച്ചു നാഗ്പൂര്‍ കോണ്‍ഗ്രസ് സമ്മേളനത്തിന്റെ പ്രമേയ സബ് കമ്മിറ്റി മുന്‍പാകെ ഡോക്ടര്‍ജി വച്ച നിര്‍ദേശത്തില്‍ കാണാം. അതിലദ്ദേഹം പറഞ്ഞു ഭാരതം സ്വാതന്ത്ര്യം നേടുന്നത് മറ്റു രാജ്യങ്ങളില്‍ നടന്നു വരുന്ന സ്വാതന്ത്ര്യസമരങ്ങളെ പിന്തുണക്കുന്നതിനും ലോകത്തു ജനാധിപത്യം സ്ഥാപിക്കുന്നതിനും ലോകത്തെ മുതലാളിത്തത്തില്‍ നിന്ന് മോചിപ്പിച്ച് സമത്വത്തില്‍ അധിഷ്ഠിതമായ ഒരു ലോകം ഉണ്ടാക്കാനുമാണ്.

അദ്ദേഹം ഭാരതത്തിന്റെ സ്വയംഭരണം മാത്രമല്ല സ്വാതന്ത്ര്യം വഴി രാഷ്ട്രം പരമവൈഭവ പദത്തിലെത്തിക്കുന്നതിനു ലോകത്തിനു മുഴുവന്‍ വഴി തെളിക്കുന്നതിനും സാധിക്കുമ്പോഴാണ് സ്വാതന്ത്ര്യം സാഫല്യം അടയുന്നതെന്ന് മനസ്സിലാക്കി. അതിനുവേണ്ടി ആര്‍എസ്എസ് ആരംഭിച്ചു എന്നതാണ് ഡോക്ടര്‍ജിയുടെ മഹത്വവും. യഥാര്‍ത്ഥത്തില്‍ ഡോക്ടര്‍ജി പുതിയ ലോകക്രമത്തിന്റെ ദൃഷ്ടാവും സൃഷ്ടാവുമാണ്.

  comment
  • Tags:

  LATEST NEWS


  വിഗ്രഹാരാധന പാപം; ഹിന്ദു ഉത്സവങ്ങള്‍ നിരോധിക്കണമെന്ന് മുസ്ലീംസംഘടന; ഹിന്ദുക്കള്‍ ഇങ്ങനെ ചിന്തിച്ചാല്‍ അവസ്ഥ എന്താകുമെന്ന് മദ്രാസ് ഹൈക്കോടതി; വിമര്‍ശനം


  'ഞാന്‍ മുസ്ലിം, ബിരിയാണി സംഘി ചിത്രമാണെന്നും ഇസ്ലാമോഫോബിക്കാണെന്നുമുള്ള പ്രചരണം ഉണ്ടായി'; സ്ത്രീ സുന്നത്ത് കേരളത്തില്‍ നടക്കുന്നുണ്ടെന്ന് സജിന്‍ ബാബു


  'എല്ലാ ആശുപത്രികളിലും ഇന്‍സിഡന്റ് റെസ്പോണ്‍സ് ടീം സജ്ജമാക്കണം'; മെഡിക്കല്‍ ഓക്സിജന്‍ അത്യാഹിതങ്ങള്‍ ഒഴിവാക്കാന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം


  വ്യാജ ആരോപണങ്ങള്‍ക്ക് വടകര എംപി മാപ്പ് പറയണം; പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടി; കെ.മുരളീധരന് വക്കീല്‍ നോട്ടീസ് അയച്ച് വത്സന്‍ തില്ലങ്കേരി


  കാസിം സുലൈമാനിയെ വധിച്ചത് മുസ്ലീംമതമൗലിക വാദം മുളയിലേ നുള്ളാന്‍; ഇറാന്റെ സൈനിക മേധാവിയെ വര്‍ഷങ്ങള്‍ പിന്തുടര്‍ന്നു; വധിച്ചതിന്റെ പിന്നിലെ 'തല' മൊസാദ്


  വാക്‌സിനുകള്‍ക്ക് എന്തിന് നികുതി?; മമതാ ബനര്‍ജിയുടെ കത്തിന് പിന്നാലെ വിശദീകരിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍


  ഇന്ന് 35,801 പേര്‍ക്ക് കൊറോണ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88; മരണങ്ങള്‍ 68; നിരീക്ഷണത്തില്‍ 10,94,055 പേര്‍; 29,318 പേര്‍ക്ക് രോഗമുക്തി


  'ഓം നമഃ ശിവായ'; ഇന്ത്യയുടെ ക്ഷേമത്തിനായി മന്ത്രം ജപിച്ച് ഇസ്രയേലിലെ ജനങ്ങള്‍, സമൂഹമാധ്യമങ്ങളില്‍ വൈറലായി വീഡിയോ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.