×
login
നഷ്ടത്തിലോടുന്ന മലയാള സിനിമ

ഒടിടിയെ ജനം സ്വീകരിച്ചുതുടങ്ങിയത് കുറഞ്ഞ ചെലവില്‍ സിനിമകാണാം എന്നതുകൊണ്ടു തന്നെയാണ്. കൊവിഡ് കാലത്ത് മൊബൈല്‍ സ്‌ക്രീനില്‍ ചിത്രം കണ്ടുശീലിച്ചവര്‍ മഹാമാരിയുടെ ഭീതി ഒഴിഞ്ഞപ്പോഴും തീയറ്ററുകളിലേക്ക് എത്താന്‍ മടിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. നാലു പേരടങ്ങുന്ന ഒരു കുടുംബം നഗരത്തിലെ ഒരു മാളില്‍ ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ കാണാന്‍ തീരുമാനിച്ചാല്‍ കീശയില്‍ നിന്ന് ചോരുന്നത് രണ്ടായിരത്തോളം രൂപയാണ്. നാലുപേരുടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓണ്‍ലൈന്‍ ഫീസായി ഒരു ടിക്കറ്റിന്റെ പണം അധികമായി നല്‍കണം. ഇതോടെ ടിക്കറ്റ് നിരക്ക് മാത്രം ആയിരം രൂപയിലധികമാകും. വീട്ടില്‍ നിന്ന് തീയറ്ററിലേക്ക് വന്ന് പോകാനുള്ള ചെലവും തീയറ്ററില്‍ നിന്ന് വാങ്ങുന്ന കൊറിക്കാനും കുടിക്കാനുമുള്ളവയുടെ വിലയും കൂടി കണക്കാക്കുമ്പോള്‍ സിനിമ കാണാന്‍ തോന്നിയ സമയത്തെ ശപിക്കുക തന്നെ ചെയ്യും.

കൊവിഡ് പ്രതിസന്ധി സാമ്പത്തികമായി സര്‍വ്വമേഖലകളെയും തളര്‍ത്തിയപ്പോള്‍ ഏറെ കഷ്ടത്തിലായത് മലയാള സിനിമാവ്യവസായമാണ്. കൂടുതല്‍ പ്രതിഫലം പറ്റുന്ന മുന്‍നിര താരങ്ങളെ പ്രതിസന്ധി കാര്യമായി ബാധിച്ചില്ലെങ്കിലും സിനിമയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിനാളുകള്‍ ജീവിതം മുന്നോട്ടു ചലിപ്പിക്കാനാകാതെ വലഞ്ഞു. അതില്‍ നടീനടന്മാര്‍ മുതല്‍ ലൈറ്റ്‌ബോയ് വരെയുണ്ട്. നിര്‍മ്മാതാക്കള്‍ മുതല്‍ തീയറ്റര്‍ ഉടമകള്‍വരെയുണ്ട്. കൊവിഡ് പ്രതിസന്ധി മലയാള സിനിമയ്ക്ക് ഏതാണ്ട് 800 കോടിയോളം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വാദം. എന്നാല്‍ പ്രതിസന്ധി മലയാള സിനിമയെ പിടികൂടിയത് കൊവിഡ് കാലം വന്നതുകൊണ്ടല്ലെന്ന യാഥാര്‍ത്ഥ്യവും ചിലരെല്ലാം പങ്കുവയ്ക്കുന്നുണ്ട്.  

കൊവിഡിനും മുന്നേ മലയാള സിനിമ പ്രതിസന്ധിയിലായിരുന്നു. യഥാര്‍ത്ഥ പ്രതിസന്ധി നല്ല സിനിമയുണ്ടാകുന്നില്ല എന്നതുതന്നെയാണ്. തീയറ്ററുകളിലേക്ക് കുടുംബ പ്രേക്ഷകരുടെ തള്ളിക്കയറ്റം സംഭവിപ്പിക്കാന്‍ പര്യാപ്തമായ ചലച്ചിത്രങ്ങളുണ്ടാകുന്നില്ല. തട്ടിക്കൂട്ട് സിനിമകള്‍ കണ്ടുമടുത്ത പ്രേക്ഷകന്‍ തീയറ്ററുകളില്‍ നിന്ന് അകലം പാലിച്ചു. അവര്‍ വീടുകളിലിരുന്ന് പഴയകാല ചലച്ചിത്രങ്ങള്‍ ടിവിയില്‍ ആസ്വദിച്ചു. 'ഓവര്‍ ദി ടോപ്പ്' പ്ലാറ്റ്‌ഫോമുകളില്‍ വെബ്‌സീരീസുകള്‍ കണ്ട് സംതൃപ്തരായി. ത്രില്ലടിപ്പിക്കുന്ന, ഹരം പിടിപ്പിക്കുന്ന വെബ്‌സീരീസുകള്‍ നെറ്റ്ഫഌക്‌സിലും ആമസോണ്‍പ്രൈമിലും സോണിലൈവിലുമൊക്കെ കണ്ട് മതിമറന്നവരുടെ കാഴ്ചകളിലേക്കാണ് കൊവിഡ് കാലത്ത് ധാരാളമായി പുതിയ സിനിമകള്‍ ഒടിടി റിലീസ് ചെയ്തത്. സിനിമ ആസ്വദിക്കാന്‍ ഒടിടി പ്ലാറ്റ്‌ഫോം മതിയെന്ന് പ്രേക്ഷകന്‍ തീരുമാനിച്ചതങ്ങനെയാണ്. തീയറ്ററില്‍ പോയി സിനിമ കാണുന്നതിന്റെ ചെലവും സമയനഷ്ടവും ഒട്ടുമില്ലാതെ വീട്ടിലിരുന്ന് ആസ്വദിക്കാനായപ്പോള്‍ തീയറ്ററുകളെ ആരോര്‍ക്കാന്‍? അത് കാലത്തിന്റെ നിയോഗം കൂടിയാണ്. പണ്ട് ഗ്രാമ നഗര വ്യത്യാസമില്ലാതെ നിറയെ സിനിമാ തീയറ്ററുകളുണ്ടായിരുന്നു. തീയറ്റര്‍ വ്യവസായം നഷ്ടക്കച്ചവടമായപ്പോള്‍ അവയോരോന്നും കല്യാണ മണ്ഡപങ്ങളും ഗോഡൗണുകളുമായി. പിന്നീട് മള്‍ട്ടി പ്ലക്‌സുകളുടെ കടന്നുവരവായി. അന്‍പതു രൂപയ്ക്കും നൂറു രൂപയ്ക്കും സിനിമ കണ്ടിരുന്നവര്‍ മള്‍ട്ടിപ്ലക്‌സുകളില്‍ 500 രൂപവരെ നല്‍കി. കൊവിഡ് കാലം ഈ ചെലവുകള്‍ ഇല്ലാതാക്കി. വല്ലപ്പോഴുമെങ്കിലും പുറത്തിറങ്ങി തീയറ്ററുകളില്‍ സിനിമകാണുകയും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നവര്‍ ആ കാശു കീശയിലിട്ട്, വീട്ടില്‍ ഭക്ഷണം വച്ചുണ്ടാക്കി കഴിച്ചു.

ഒടിടിയെ ജനം സ്വീകരിച്ചുതുടങ്ങിയത് കുറഞ്ഞ ചെലവില്‍ സിനിമകാണാം എന്നതുകൊണ്ടു തന്നെയാണ്. കൊവിഡ് കാലത്ത് മൊബൈല്‍ സ്‌ക്രീനില്‍ ചിത്രം കണ്ടുശീലിച്ചവര്‍ മഹാമാരിയുടെ ഭീതി ഒഴിഞ്ഞപ്പോഴും തീയറ്ററുകളിലേക്ക് എത്താന്‍ മടിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. നാലു പേരടങ്ങുന്ന ഒരു കുടുംബം നഗരത്തിലെ ഒരു മാളില്‍ ഓണ്‍ലൈനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് സിനിമ കാണാന്‍ തീരുമാനിച്ചാല്‍ കീശയില്‍ നിന്ന് ചോരുന്നത് രണ്ടായിരത്തോളം രൂപയാണ്. നാലുപേരുടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഓണ്‍ലൈന്‍ ഫീസായി ഒരു ടിക്കറ്റിന്റെ പണം അധികമായി നല്‍കണം. ഇതോടെ ടിക്കറ്റ് നിരക്ക് മാത്രം ആയിരം രൂപയിലധികമാകും. വീട്ടില്‍ നിന്ന് തീയറ്ററിലേക്ക് വന്ന് പോകാനുള്ള ചെലവും തീയറ്ററില്‍ നിന്ന് വാങ്ങുന്ന കൊറിക്കാനും കുടിക്കാനുമുള്ളവയുടെ വിലയും കൂടി കണക്കാക്കുമ്പോള്‍ സിനിമ കാണാന്‍ തോന്നിയ സമയത്തെ ശപിക്കുക തന്നെ ചെയ്യും. പുറത്തു നിന്നുള്ള ഭക്ഷണം കൂടിയായാല്‍ പിന്നീടൊരിക്കലും തീയറ്ററില്‍ പോകാന്‍ തോന്നുകയേ ഇല്ല.  

കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് എല്ലാമേഖലകളും തുറന്നുകൊടുത്തതിന്റെ ഒടുവിലാണ് തീയറ്ററുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്. നിരവധി സിനിമകള്‍ വന്നെങ്കിലും തീയറ്ററുകള്‍ തേടി പ്രേക്ഷകരെത്തിയില്ല. സിനിമാ വ്യവസായത്തിന്റെ പ്രതിസന്ധിക്കാലത്തും നിര്‍മ്മാണച്ചെലവില്‍ കുറവൊന്നുമുണ്ടായില്ല. വന്‍ പ്രതിഫലം വാങ്ങിയ താരങ്ങള്‍ അതില്‍ കുറവു വരുത്താന്‍ തയ്യാറായില്ല. മലയാളത്തില്‍ ചില നല്ല സിനിമകളുണ്ടായെങ്കിലും തീയറ്ററിലെ പരാജയം ഭയന്ന് അവയെല്ലാം മുന്‍കൂര്‍ കാശുവാങ്ങി ഒടിടിയില്‍ പ്രദര്‍ശിപ്പിച്ചു. മോഹന്‍ലാലിന്റെ  മൂന്ന് പ്രധാന സിനിമകളും ഒടിടി പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്.  


ഈ വര്‍ഷം ജനുവരിമുതല്‍ ജൂണ്‍വരെ മലയാളത്തില്‍ റിലീസ് ചെയ്തത് 111 ചിത്രങ്ങള്‍. ഇതില്‍ 36 ചിത്രങ്ങള്‍ ഒടിടിയില്‍. 74 ചിത്രങ്ങളാണ് തീയറ്ററില്‍ റിലീസ് ചെയ്തത്. ഒരെണ്ണം ടെലിവിഷന്‍ പ്രീമിയറായും പ്രേക്ഷകരിലെത്തി. തീയറ്ററുകളിലെത്തിയ 74 സിനിമകളില്‍ വിജയം നേടിയത് ആറെണ്ണം മാത്രമാണെന്നറിയുമ്പോഴാണ് പരാജയം എത്ര ഗുരുതരമാണെന്ന് മനസ്സിലാകുന്നത്.  

മലയാള സിനിമ നഷ്ടത്തിലോടിക്കൊണ്ടിരിക്കുമ്പോഴാണ് അന്യഭാഷകളില്‍ നിന്ന് കേരളത്തിലെ തീയറ്ററുകളിലെത്തിയ 'ആര്‍ആര്‍ആര്‍', 'കെജിഎഫ്2', 'വിക്രം' എന്നീ സിനിമകള്‍ പണം വാരിയത്. വലിയ പ്രചരണ കോലാഹലങ്ങളോടെയെത്തിയ ആക്ഷന്‍ സിനിമകള്‍ ദൃശ്യവിസ്മയങ്ങളായിരുന്നു. വന്‍ ബജറ്റില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രങ്ങള്‍ നഷ്ടമാകാത്തത് ഒരേ സമയം ഇന്ത്യ ഒട്ടാകെയും ഇന്ത്യയ്ക്ക് പുറത്തും പ്രദര്‍ശിപ്പിക്കുന്നതിനാലാണ്. അത്തരത്തില്‍ വിപണിമേഖല മലയാള സിനിമയ്ക്ക് സാധ്യമല്ല. മലയാള സിനിമ താരതമ്യേന ചെറിയൊരു വിപണിയാണ്. അതിനാല്‍ ഇവിടെ വിപണിയില്‍ നിന്ന് തിരിച്ചു പിടിക്കാവുന്ന പണത്തിനും പരിമിതിയുണ്ട്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിവേണം ഓരോ സിനിമയും നിര്‍മ്മിക്കപ്പെടേണ്ടത്. ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച് തീയറ്ററുകളില്‍ നിന്ന് ലാഭം കൊയ്യാനാകുന്ന 'ചെറിയ' ചിത്രങ്ങളാണെപ്പോഴും മലയാള സിനിമാവ്യവസായത്തിന് അഭികാമ്യം. അന്യഭാഷയിലെ ബിഗ്ബജറ്റ് ചിത്രങ്ങള്‍ പ്രചരണത്തിന് ചെലവഴിക്കുന്ന പണം കൊണ്ടുമാത്രം ഒരു മലയാള സിനിമ നിര്‍മ്മിക്കാമെന്നിരിക്കെ, അത്തരം സാധ്യതകളാണ് നാം  സ്വീകരിക്കേണ്ടത്. സൂപ്പര്‍ശരണ്യ, ഹൃദയം, ജനഗണമന, ജോ ആന്‍ഡ് ജോ എന്നീ ചിത്രങ്ങള്‍ക്ക് തീയറ്ററുകളില്‍ നിന്നുതന്നെ ലാഭം നേടാനായെങ്കില്‍ അതിനു കാരണവും ചെറിയ ബജറ്റിലെ വലിയ സിനിമകളാണ് അവയെല്ലാം എന്നതാണ്.

സിനിമയുടെ നഷ്ടത്തെ കുറിച്ചു വിലപിക്കുമ്പോഴെല്ലാം സൂപ്പര്‍താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചും പറയാറുണ്ട്. ഇപ്പോള്‍ മലയാളത്തിലെ പ്രമുഖരായ രണ്ട് സൂപ്പര്‍ താരങ്ങളും അവരുടെ സ്വന്തം പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്നാണ് സിനിമയുമായി വരുന്നത്. അപ്പോള്‍ നഷ്ടമുണ്ടായാല്‍ അവര്‍ തന്നെ സഹിക്കേണ്ടിവരുന്നു. എന്നാല്‍ മറ്റു നിര്‍മ്മാതാക്കളുടെ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ അവര്‍ വന്‍തുക പ്രതിഫലം വാങ്ങുന്നു എന്നതും യാഥാര്‍ത്ഥ്യമാണ്. സിനിമയിലെ ആകെ മുതല്‍മുടക്കില്‍ വലിയ ശതമാനം പോകുന്നത് സൂപ്പര്‍ താരങ്ങളുടെ പ്രതിഫലമായാണ്. സൂപ്പര്‍ താരങ്ങളില്ലാതെ നിരവധി സിനിമകള്‍ മലയാളത്തിലിറങ്ങി വിജയം നേടുന്നുണ്ട്. ആ നിലയ്ക്ക് സൂപ്പറുകളെ ഒഴിവാക്കി കൂടുതല്‍ നല്ല സിനിമ ചെയ്യുന്നതിനെകുറിച്ചാണ് ആലോചിക്കേണ്ടത്.  

സിനിമയ്ക്ക് ദൃശ്യസമ്പന്നതയും സാങ്കേതിക മികവും അത്യാവശ്യം തന്നെയാണ്. എന്നാല്‍ അതുമാത്രമാണ് സിനിമയെന്ന് ധരിച്ചുവശായിരിക്കുന്നവരാണ് മലയാള സിനിമയുടെ അന്തകരാകുന്നതും. ജീവിതത്തോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന കലാരൂപമാണ് സിനിമ. ജീവിതത്തില്‍ നിന്ന് വേറിട്ടൊരസ്ഥിത്വം ഇല്ലാത്തതാണ് നല്ല സിനിമ. മലയാള സിനിമയുടെ വസന്തകാലത്തെ അടയാളപ്പെടുത്തിയത് എണ്‍പതുകളും തൊണ്ണൂറുകളുടെ ആദ്യവുമാണ്. സാങ്കേതിക മേന്മയും ദൃശ്യസമ്പന്നതയുമുള്ള 'തുഷാര'വും 'പടയോട്ട'വും 'കുട്ടിച്ചാത്തനു'മൊക്കെ അന്നിറങ്ങിയെങ്കിലും അവയും ജീവിതഗന്ധികളായ കലാരൂപങ്ങളായിരുന്നു. എന്നാല്‍ അക്കാലത്ത് സൗരഭ്യം നിറച്ച നിരവധി ചലച്ചിത്രങ്ങളുടെ പേരിലാണ് വസന്തകാലം അടയാളപ്പെടുത്തുന്നത്. മലയാള സിനിമ ഓടിത്തളരാതിരിക്കാന്‍ കാമ്പുള്ള പ്രമേയങ്ങളുമായി ചലച്ചിത്രങ്ങളുണ്ടാകണം. പ്രേക്ഷകനെ പിഴിഞ്ഞ്, അവരുടെ കീശമുഴുവന്‍ കാലിയാക്കി ലാഭംകൊയ്യാമെന്ന തീയറ്ററുടമയുടെയും നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും ഒപ്പം സര്‍ക്കാരിന്റെയും മോഹം സിനിമയെ നശിപ്പിക്കും. അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

  comment

  LATEST NEWS


  എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്‌ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി


  ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന്‍ റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി


  ലൈസന്‍സില്ലാതെ കപില്‍ സിബലിന്‍റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍


  ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്‍മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്


  ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി


  പ്രധാനമന്ത്രി പറഞ്ഞു, നിങ്ങള്‍ രാജ്യത്തിന്റെ അഭിമാനം; നല്‍കി ഒരു കോടി; കേരളം പറഞ്ഞു പറ്റിച്ചു; പ്രഖ്യാപിച്ച അഞ്ചു ലക്ഷം കിട്ടിയില്ലെന്ന് പ്രണോയ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.