×
login
ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരിഷ്‌കരിക്കപ്പെടുമ്പോള്‍

ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്ന കാര്യം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചശേഷം കേന്ദ്രമാണു തീരുമാനിക്കുന്നത്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ഭിന്നാഭിപ്രായമുണ്ടായാല്‍ അന്തിമ തീരുമാനത്തിനുള്ള അധികാരവും കേന്ദ്രത്തിനായിരിക്കും.

രാഘവ് ചന്ദ്ര

ഐഎഎസ് കേഡറില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ നാം ഏതു അളവുകോലാണ് ഉപയോഗിക്കേണ്ടത്? അവര്‍ക്ക് പ്രാദേശികമുഖം നല്‍കണോ അതോ അഖിലേന്ത്യാ സ്വഭാവത്തിനാണോ പ്രാമുഖ്യം നല്‍കേണ്ടത്.  സംസ്ഥാനങ്ങളില്‍ നിയോഗിക്കപ്പെടുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കുമുകളില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അമിതാധികാരങ്ങള്‍ നല്‍കണോ? എവിടെയാണ് ജോലി ചെയ്യേണ്ടതെന്ന് തീരുമാനിക്കാനുള്ള അവകാശം ഐഎഎസ് ഓഫീസര്‍മാര്‍ക്ക് നല്‍കണോ?

1954ലെ ഐഎഎസ് (കേഡര്‍) നിയമത്തിലെ നിര്‍ദ്ദിഷ്ടഭേദഗതികള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി ചില സംസ്ഥാനങ്ങള്‍ രംഗത്തെത്തിയ സാഹചര്യത്തില്‍ ഈ ചോദ്യങ്ങള്‍ പ്രസക്തമാണ്. ഭേദഗതിപ്രകാരം ഉദ്യോഗസ്ഥരെ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഡെപ്യൂട്ടേഷനില്‍ നിയമിക്കുന്ന കാര്യം സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ചശേഷം കേന്ദ്രമാണു തീരുമാനിക്കുന്നത്. ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ഭിന്നാഭിപ്രായമുണ്ടായാല്‍ അന്തിമ തീരുമാനത്തിനുള്ള അധികാരവും കേന്ദ്രത്തിനായിരിക്കും.

സിവില്‍ സര്‍വീസിന്റെ സ്ഥാപകന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മികച്ച രാജ്യതന്ത്രജ്ഞനും ഭരണാധികാരിയുമായ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേല്‍ 70 വര്‍ഷം മുമ്പു പറഞ്ഞ കാര്യങ്ങള്‍ ഇന്നത്തെ വിവാദങ്ങള്‍ക്കു വിശാലാര്‍ത്ഥത്തിലുള്ള ഏറ്റവും മികച്ച മറുപടിയാകും: ''ഐസിഎസ്, ഐപി മേഖലയില്‍ പിന്‍ഗാമികളായി നിയമിക്കപ്പെടുന്നവര്‍ ഈ മേഖലയിലെ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനൊപ്പം രാജ്യത്തിന്റെ ഐക്യത്തിനും ഭരണതലത്തിലും സംഭാവന ചെയ്യുകയും അതുവഴി ഉയര്‍ന്ന നിലവാരത്തിലുള്ള കാര്യക്ഷമതയും ഐക്യവും സൃഷ്ടിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യണം''

കഴിവുകള്‍  പരിപോഷിപ്പിക്കാന്‍ അവസരം

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള കുറ്റമറ്റ സംവിധാനമായ യുപിഎസ്‌സി പരീക്ഷയിലൂടെ തിരഞ്ഞെടുക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലാണു സേവനം ചെയ്യുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴില്‍ സേവനം ചെയ്യേണ്ടതുണ്ടെങ്കിലും കേന്ദ്ര ത്തിനുകീഴില്‍ നിശ്ചിത കാലയളവ് ഡെപ്യൂട്ടേഷന്‍ നിര്‍ബന്ധിതമല്ല. നിലവില്‍ സംസ്ഥാനങ്ങളിലെ ഐഎഎസ് ഉദ്യോഗസ്ഥരില്‍ 40 ശതമാനവും കേന്ദ്ര ഡെപ്യൂട്ടേഷന്‍ റിസര്‍വില്‍ (സിഡിആര്‍) ഉള്ളവരാണ്. മുമ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ പോലെ പ്രശ്നബാധിത സ്ഥലങ്ങളില്‍ ജോലി ചെയ്തിരുന്ന ചില ഉദ്യോഗസ്ഥര്‍ക്ക് ദല്‍ഹിയിലേക്ക് സ്ഥലം മാറ്റത്തിന് താല്‍പ്പര്യമുണ്ടാവുകയും അതിനായി സിഡിആര്‍ ലംഘിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാലക്രമേണ സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങള്‍ സംസ്ഥാനങ്ങളില്‍ ഒരു ഉദ്യോഗസ്ഥന് ഒന്നിലധികം ചുമതലകള്‍ ലഭിക്കുന്നതിന് കാരണമായി. അതിനായുള്ള മനുഷ്യവിഭവശേഷിയും അടിസ്ഥാന സൗകര്യങ്ങളുമടക്കം വര്‍ധിക്കുകയും ചെയ്തതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള താല്‍പ്പര്യം വര്‍ധിച്ചു.  ഇത് കൂടാതെ ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടര്‍ ജനറല്‍ പോലുള്ളവയിലുള്ള ദല്‍ഹിയിലെ നിയമനങ്ങള്‍ പൊതുജനങ്ങളുമായി നേരിട്ട് സമ്പര്‍ക്കമില്ലാത്ത ഓഫീസ് ജോലികളായി മാറി. ഇത് യുവ ഉദ്യോഗസ്ഥര്‍ക്കിടയില്‍ കേന്ദ്രത്തില്‍ സേവനം ചെയ്യാതെ, ജോയിന്റ് സെക്രട്ടറി പദവി ലഭിക്കുന്നത് വരെ സംസ്ഥാനങ്ങളില്‍ തുടരാനുള്ള അനഭിലഷണീയ പ്രവണതയ്ക്ക് കാരണമായി.


സിഡിആര്‍ 2011ലെ 25 ശതമാനത്തില്‍ നിന്ന് കുറഞ്ഞ് ഇന്ന് 18 ശതമാനമായി മാറിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന് മതിയായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് കാരണമാകുന്ന പുതിയ നിയമഭേദഗതി എല്ലാ അര്‍ത്ഥത്തിലും ശരിയായ നടപടിയാണ്. ഐഎഎസ് ഉദ്യോഗസ്ഥര്‍ എല്ലാ തലങ്ങളിലും സര്‍ക്കാരിന്റെ നട്ടെല്ലായ സാഹചര്യത്തില്‍, എല്ലാ മന്ത്രാലയങ്ങള്‍ക്കും, കലക്ടര്‍മാരും അഡ്മിനിസ്ട്രേറ്റര്‍മാരുമായി സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥരെ വിവിധ വികസന പദ്ധതികള്‍ക്ക് നേതൃത്വം നല്‍കാനും നയരൂപീകരണത്തിനുമായി ഡെപ്യൂട്ടി സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍ എന്നീ പദവികളില്‍ ആവശ്യമുണ്ട്. നിയമഭേദഗതിവഴി ഭാവിയില്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന ചുമതലകളുടെ കാര്യത്തില്‍ അനിശ്ചിതത്വം ഉള്ളതിനാല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാനങ്ങള്‍ക്കായി തങ്ങളുടെ മികവ് പൂര്‍ണമായി പ്രയോജനപ്പെടുത്താനാകില്ലെന്നാണ് ചില സംസ്ഥാനങ്ങളുടെ വിമര്‍ശനം. എന്നാല്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കുമായി മാറിമാറി സേവനം ചെയ്യുന്നതിലൂടെ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ലഭിക്കുകയെന്ന കാര്യം വിമര്‍ശകര്‍ മറന്നുപോകുന്നു. ഇത്തരത്തില്‍ ഉദ്യോഗസ്ഥരുടെ ചുമതലാ പുനര്‍നിര്‍ണയം കേന്ദ്രത്തിന്റെ നയരൂപീകരണത്തിലും ആസൂത്രണങ്ങളിലും സംസ്ഥാനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടുന്നതിന് കാരണമാകുന്നുവെന്ന്  മനസ്സിലാക്കുകയെന്നതും പ്രധാനപ്പെട്ട കാര്യമാണ്.

 

വിശാല ചിന്താഗതി  അനിവാര്യം

വേഗത്തില്‍ അധികാരം മാറുന്നതും അധികാര ദുര്‍വിനിയോഗവും കാരണം കേന്ദ്രത്തിലേതിനെക്കാള്‍ സംസ്ഥാനങ്ങളിലെ അനിശ്ചിതാവസ്ഥകളെക്കുറിച്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് പൊതുവില്‍ വിവരങ്ങള്‍ ലഭിക്കാറില്ല. ഇതിന്റെ ഫലമായി ഉദ്യോഗസ്ഥര്‍ക്ക് പലപ്പോഴും നിസാരമായ കാരണത്തിന്റെ പേരില്‍ സ്ഥലംമാറ്റം ലഭിക്കുകയും അധികാരത്തിലുള്ള പാര്‍ട്ടിയെ എതിര്‍ക്കുന്നതിന്റെ പേരില്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടിവരികയും കേന്ദ്രത്തില്‍ ഡെപ്യൂട്ടേഷന് പോകാനുള്ള അനുമതി നിഷേധിക്കപ്പെടുകയും ചെയ്യുന്നു. മറുഭാഗത്ത് ചില ഉദ്യോഗസ്ഥര്‍ തങ്ങളുടെ പ്രാദേശികമായ വിധേയത്വത്തിന്റെ ഭാഗമായി തങ്ങളില്‍ ഭരമേല്‍പ്പിച്ചിരിക്കുന്ന ചുമതലകള്‍ വഹിച്ച് സംസ്ഥാനത്തിന്റെ രക്ഷാകര്‍തൃത്വം അംഗീകരിച്ച് അവിടെ തന്നെ തുടരുന്നതിന് കാരണമാകുന്നു. സംസ്ഥാനത്തിനുപുറത്ത് ഒരിടത്തും സേവനം ചെയ്യാതെ തങ്ങളുടെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കുന്ന ചിലരുമുണ്ട്.

ഈ കാരണത്താല്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിന്റെ കുറഞ്ഞത് മൂന്നിലൊന്ന് ഭാഗമെങ്കിലും കേന്ദ്ര സര്‍ക്കാരിന് കീഴില്‍ സേവനമനുഷ്ഠിക്കണമെന്നും അതില്‍ കുറഞ്ഞത് ഏഴ് വര്‍ഷം ഡെപ്യൂട്ടി സെക്രട്ടറി/ഡയറക്ടര്‍ പദവിയിലിരിക്കണമെന്നും പുതിയ നിയമഭേദഗതി പറയുന്നു. രാഷ്ട്രത്തോട് അങ്ങേയറ്റം കൂറുള്ള, ജനിച്ച സംസ്ഥാനത്തോട് പ്രത്യേക വിധേയത്വമില്ലാത്ത, ഒരു കേന്ദ്ര സേനയുടെ രൂപത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരെ രൂപപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. സംസ്ഥാനങ്ങളിലെ സൗകര്യപ്രദമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നതിന് പകരം മറ്റൊരു സംസ്ഥാനത്തുള്ള നിയമനം, ദല്‍ഹിയില്‍ ജോലി ചെയ്യാന്‍ പോലും താല്‍പര്യമില്ലാത്തവരാണെങ്കില്‍ കൂടി, സ്വീകാര്യമാകണം. ഇത്തരത്തില്‍ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ പ്രാദേശിക ചിന്തകള്‍ ഇല്ലാതാക്കാനുള്ള അവസരമാണ് കൈവരുന്നത്. ഇതിലൂടെ മാത്രമേ സര്‍ദാര്‍ പട്ടേല്‍ വിഭാവനം ചെയ്ത രാജ്യത്തിന്റെ ഐക്യവും വൈവിധ്യവും സംരക്ഷിക്കുന്ന തരത്തിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥരുടെ വിശാലമായ ചിന്താഗതി രൂപപ്പെടുകയുള്ളൂ.

ഇത് കൂടാതെ റിക്രൂട്ട്മെന്റ് തലത്തില്‍ ഐഎഎസ് ഉദ്യോഗാര്‍ത്ഥികളെ കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും നിര്‍ദ്ദിഷ്ട കാലയളവ് സേവനം ചെയ്യേണ്ടി വരുമെന്ന കാര്യം വ്യക്തമായി അറിയിക്കേണ്ടതുണ്ട്. സമഗ്രവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും നവീനവുമായ കാഴ്ചപ്പാട് വളര്‍ത്തിയെടുക്കുന്നതിനായി സര്‍ക്കാര്‍ ചെലവില്‍ ലോകത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദഗ്ധര്‍ നല്‍കുന്ന പരിശീലനം ഏര്‍പ്പെടുത്തണം. ഐഎഎസ് ഉദ്യോഗാര്‍ത്ഥികളുടെ വിഭാഗാധിഷ്ഠിത തിരഞ്ഞെടുക്കലുകള്‍ അംഗീകരിച്ച് സര്‍ക്കാര്‍ ജോലികള്‍ക്കായി അപേക്ഷ നല്‍കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണം. ഏതെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചാല്‍ അതിന് അവരെ അനുവദിക്കുകയും കോര്‍പറേറ്റ് ലോകത്തെ മികച്ച അനുഭവങ്ങള്‍ പഠിക്കാന്‍ അവസരമൊരുക്കുകയും വേണം. അത് പൊതു-സ്വകാര്യ മേഖലകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സാഹചര്യത്തെക്കുറിച്ച് മനസിലാക്കുന്നതിന് സഹായിക്കും.

ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ കരിയറിലുടനീളം മികച്ച പ്രവര്‍ത്തനം നടത്തുന്നതിനായി കഴിവുകളും വൈദഗ്ധ്യവും വികസിപ്പിക്കാനുള്ള അവസരം നല്‍കുന്നത് ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്നതിന് അവരെ പ്രാപ്തരാക്കും. സംസ്ഥാനങ്ങള്‍ അവരെ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയും മികച്ച തൊഴില്‍ സാഹചര്യം നല്‍കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന് സംസ്ഥാനങ്ങളുമായി സഹകരിച്ച് കേന്ദ്രം കൂടിയാലോചനകളിലൂടെയും സഹിഷ്ണുതയോടും ആവിഷ്‌കരിക്കുന്ന പുതിയ നടപടികള്‍ സഹായകരമാകും.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.