×
login
സാമ്രാജ്യത്വ ബിബിസിയും ഇന്ത്യാ വിരുദ്ധരും

മോദിയെ ഇന്ത്യയ്ക്കകത്തു മാത്രമല്ല, പുറത്തും നേരിടണമെന്ന ബിബിസിയുടെ നയമാണ് ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ക്കും. ബിബിസിയുടെ സാമ്രാജ്യത്വ മനോഭാവവും മുന്‍വിധികളും നുണകളും അവര്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇവര്‍ ഒറ്റപ്പെടുമെന്ന കാര്യം തീര്‍ച്ച. അനില്‍ ആന്റണിയുടെ പ്രസ്താവന ഒരു തുടക്കം മാത്രമാണ്

ഗുജറാത്ത് കലാപം പ്രചാരണ വിഷയമാക്കി ബിജെപിയെ ഏതെങ്കിലും ഒരു തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കാമെന്ന് പ്രതിപക്ഷത്ത് സ്ഥിരബുദ്ധിയുള്ള ആരും ചിന്തിക്കുമെന്ന് തോന്നുന്നില്ല. 2002 മുതല്‍ ഇതിന് ശ്രമിച്ചപ്പോള്‍ ചില അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ബിജെപിയാണ് നേട്ടം കൊയ്തിട്ടുള്ളത്. കലാപം നടന്ന ഗുജറാത്തില്‍പ്പോലും ചരിത്രപരമായ ഭൂരിപക്ഷം നേടി ഏഴാം തവണയും ബിജെപി അധികാരത്തിലെത്തിയെന്നു മാത്രമല്ല, നരേന്ദ്ര മോദിയെ 'മരണത്തിന്റെ വ്യാപാരി' എന്നു വിളിച്ച് മുസ്ലിം വംശഹത്യയുടെ വക്താവായ കോണ്‍ഗ്രസ് ഈ സംസ്ഥാനത്ത് ഇല്ലാതാവുകയും ചെയ്തു. ഇത്തരം തിക്താനുഭവങ്ങളുള്ളതിനാല്‍ ഒരു വര്‍ഷത്തിലേറെ കഴിഞ്ഞ് നടക്കാനിരിക്കുന്ന അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന് 'ഗുജറാത്ത് കലാപം' ഉയര്‍ത്തിക്കാണിക്കുന്നത് മണ്ടത്തരമായിരിക്കുമല്ലോ. അപ്പോള്‍ പിന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതിസ്ഥാനത്ത് നിര്‍ത്തി ഗുജറാത്ത് കലാപം വീണ്ടും കുത്തിപ്പൊക്കുന്ന ബിബിസിയുടെ ദുഷ്ടലാക്ക് എന്തായിരിക്കും? ഒരു സംശയവും വേണ്ട, പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായ തകര്‍ത്ത് ആഗോളതലത്തില്‍ ഇന്ത്യ നേടുന്ന സ്വീകാര്യതയ്ക്ക് മങ്ങലേല്‍പ്പിക്കുക.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ എല്ലാ അര്‍ത്ഥത്തിലും ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് കണ്ണുള്ളവര്‍ക്കൊക്കെ കാണാം. മന്ദബുദ്ധികളും മന്ദബുദ്ധി ചമയുന്നവരും മാത്രമേ ഈ സത്യം അംഗീകരിക്കാതിരിക്കുകയുള്ളൂ. ഡോളര്‍ രഹിത വിനിമയത്തില്‍ ഇന്ത്യന്‍ രൂപ കരുത്താര്‍ജിക്കുന്നത്, ബഹുരാഷ്ട്ര കുത്തകകളോടുപോലും മത്സരിച്ച് ഇന്ത്യ നടത്തുന്ന വാണിജ്യക്കുതിപ്പുകള്‍, ഇന്ത്യ ഉല്‍പ്പാദകരാജ്യമായി വളരുന്നത്. ഇവയൊന്നും ആര്‍ക്കും നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്. ലോകത്തെ പല വന്‍ശക്തികളും പരിഹരിക്കാനാവാത്ത സാമ്പത്തികക്കുഴപ്പങ്ങളില്‍പ്പെട്ടിരിക്കുമ്പോള്‍ ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക വന്‍ ശക്തിയിലേക്ക് കുതിക്കുകയാണ്. ബ്രിട്ടനുപോലും ഇത് പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുകയാണല്ലോ.

ലോക രാഷ്ട്രങ്ങളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ജി-20യുടെ അധ്യക്ഷ പദവി ഇന്ത്യയ്ക്ക് ലഭിച്ചതും, ആ പദവിയിലിരുന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന പ്രഖ്യാപനങ്ങളും 'വെള്ളക്കാരന്റെ ദൗത്യം' ഇപ്പോഴും മുതുകില്‍ ചുമന്നുകൊണ്ടു നടക്കുന്നവര്‍ക്ക് ഒട്ടും രസിക്കുന്നില്ല. പഴയ ലീഗ് ഓഫ് നേഷന്‍സിനെപ്പോലെ ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭയും തകര്‍ന്നാല്‍ പകരം നില്‍ക്കാന്‍ കഴിയുന്ന സംവിധാനമാണ് ജി-20 എന്ന പ്രതികരണങ്ങള്‍പോലും ചില കോണുകളില്‍നിന്ന് ഉയരുന്നു.

സാമ്രാജ്യത്വ നുകം വലിച്ചെറിയണമെന്നത് സ്വാതന്ത്ര്യം കിട്ടിയശേഷം ഇന്ത്യയില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യമാണ്. ഈ മുദ്രാവാക്യം സൃഷ്ടിച്ചവരും ഏറ്റുവിളിച്ചവരും സാമ്രാജ്യത്വ വിധേയന്മാരും ദാസന്മാരുമൊക്കെയായി മാറിയെന്നതാണ് വലിയ വിരോധാഭാസം. എന്നാല്‍ ചരിത്രത്തിലാദ്യമായി സാമ്രാജ്യത്വ വിഴുപ്പുകള്‍ ഒന്നൊന്നായി ഇന്ത്യ ഇറക്കിവയ്ക്കുകയാണ്. പൗരാണിക സ്ഥലങ്ങളുടെ പുനര്‍നാമകരണമായും, അയോധ്യയും മഥുരയും കാശിയും പോലുള്ള ആത്മീയ കേന്ദ്രങ്ങളുടെ മോചനമായും, രാജ്പഥ് കര്‍ത്തവ്യപഥായി ജോര്‍ജ് അഞ്ചാമന്റെ പ്രതിമയുടെ സ്ഥാനത്ത് ഒരേയൊരു നേതാജി കയറിനില്‍ക്കുന്നതും, രാഷ്ട്രത്തെ ഛിന്നഭിന്നമാക്കാനുള്ള ബ്രിട്ടീഷ് പദ്ധതി തകര്‍ത്ത് ആധുനിക ഇന്ത്യയെ നിര്‍മിച്ച ഉരുക്കു മനുഷ്യന്റെ പ്രതിമ ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്നതും, സായിപ്പ് നിര്‍മിച്ച പാര്‍ലമെന്റ് കെട്ടിടത്തിനു പോലും പുരാവസ്തുവിന്റെ മൂല്യം കല്‍പ്പിച്ച് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശ്രീകോവിലായി ഇന്ദ്രപ്രസ്ഥത്തില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം ഉയരുന്നതും ഇനിയൊരുകാലത്തും സംഭവിക്കില്ലെന്ന് ലോകം മുഴുവന്‍ കരുതിയിരുന്ന അത്ഭുതങ്ങളാണ്. ഇതൊക്കെ സംഭവിക്കുന്നതിനു പിന്നില്‍ നരേന്ദ്ര മോദി ഇന്ത്യയുടെ ഭരണാധികാരിയായി തുടരുന്നതാണെന്ന അമര്‍ഷം രാജ്യത്തിനകത്തും പുറത്തുമുള്ള ശത്രുക്കളുടെ മനസ്സില്‍ പ്രകടമാണ്.


ഇന്ത്യയുടെ മുന്നേറ്റത്തെ പുറമെക്ക് പ്രശംസിക്കുമ്പോഴും ഉള്ളില്‍ നിരാശയും നീരസവും കൊണ്ടുനടക്കുന്നവരാണ് പാശ്ചാത്യ ശക്തികള്‍. ഋഷി സുനക് എന്ന 'പ്രാക്ടീസിങ് ഹിന്ദു' ബ്രിട്ടീഷ് പ്രധാനമന്ത്രിയായതും, കമലാ ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റാവുന്നതുമൊക്കെ അവര്‍ സഹിച്ചെന്നു വരും. ഇവരെയൊക്കെ കൈകാര്യം ചെയ്യാന്‍ തങ്ങളുടെ സംവിധാനത്തിന് കഴിയുമെന്ന ആത്മവിശ്വാസം ഈ ശക്തികള്‍ക്കുണ്ട്. ഇന്ത്യ അതിന്റെ സാംസ്‌കാരിക ശാക്തികധാരകളെ വീണ്ടെടുത്ത് സ്വന്തം കാലില്‍ നില്‍ക്കുന്നതും പുരോഗതിയാര്‍ജിക്കുന്നതും, വന്‍ ശക്തിയായി മാറി ആഗോളതലത്തില്‍ പുത്തന്‍ ലോകക്രമത്തെ നിര്‍ണയിക്കുന്നതും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. ഒരുകാലത്ത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യം ഭരിച്ചിരുന്ന ബ്രിട്ടന് ഇത് സഹിക്കുന്നില്ല. കണ്ണില്‍ച്ചോരയില്ലാത്ത സാമ്രാജ്യത്വ ചൂഷണത്തെക്കുറിച്ച് വാചകമടിക്കുമ്പോഴും വിക്ടോറിയന്‍ മൂല്യങ്ങളില്‍ അഭിരമിക്കുന്ന തവിട്ട് സായിപ്പുമാരെ ബ്രിട്ടന്‍ ഒരു ഭീഷണിയായി കരുതുന്നില്ല. ആധുനിക കാലത്ത് ഇന്ത്യയുടെ മഹത്വത്തെക്കുറിച്ചു പറയുകയും, ഇന്ത്യന്‍ ജനതയുടെ താല്‍പ്പര്യത്തിനുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന നരേന്ദ്ര മോദി ഇവര്‍ക്ക് അപകടകാരിയാണ്.

മോദി പ്രഭാവം ഇന്ന് ഇന്ത്യയില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. ശാക്തിക ചേരികളുടെ സമ്മര്‍ദ്ദ തന്ത്രങ്ങളെയും താല്‍പ്പര്യ സംഘട്ടനങ്ങളെയും മറികടന്ന് ലോകരാജ്യങ്ങളുടെ വിശ്വാസ്യതയാര്‍ജിക്കാന്‍ കഴിഞ്ഞ നേതാവായി മോദി മാറിയിരിക്കുന്നു. കൊവിഡ് മഹാമാരിക്കാലത്ത് മോദിയെ മാതൃകയാക്കാനാണ് പല രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ശ്രമിച്ചത്. റഷ്യ-ഉക്രൈന്‍ പ്രശ്‌നത്തില്‍ ഫലപ്രദമായി ഇടപെടാന്‍ കഴിയുന്ന ഒരേയൊരാള്‍ മോദിയാണെന്ന് അമേരിക്ക മാത്രമല്ല, ചൈനപോലും പറയുകയുണ്ടായി. ഇതിനിടയിലും നിലമറക്കാതെ സ്വന്തം കര്‍ത്തവ്യനിര്‍വഹണവുമായി മുന്നോട്ടുപോകുന്ന മോദിയെ ഇങ്ങനെ തുടരാന്‍ അനുവദിച്ചാല്‍ അതുണ്ടാക്കുന്ന ക്ഷതം ഒരിക്കലും പരിഹരിക്കാനാവില്ലെന്ന് പാശ്ചാത്യരാജ്യങ്ങള്‍ തിരിച്ചറിയുന്നു. യഥാര്‍ത്ഥത്തില്‍ ഇവരുടെ പ്രതിനിധിയാണ് ബിബിസി.  

ബിബിസിയുടെ ഇന്ത്യാ വിരോധം കുപ്രസിദ്ധമാണ്. ഇന്ത്യയോടും ഇന്ത്യയുടെ താല്‍പ്പര്യങ്ങളോടും സാമ്രാജ്യത്വ മുന്‍വിധികളോടെ ശത്രുതാപരമായ സമീപനം പുലര്‍ത്തുന്ന ഈ മാധ്യമത്തിന്റെ അജണ്ട പലപ്പോഴും വെളിപ്പെട്ടിട്ടുണ്ട്. എന്നാല്‍ യാതൊരു കുറ്റബോധമോ ജാള്യതയോ ഇല്ലാതെ അത് തുടരുകയും ചെയ്യുന്നു. കശ്മീരിന്റെ കാര്യം മാത്രമെടുത്താല്‍ തന്നെ ബിബിസിയുടെ ഇന്ത്യാ വിരോധം അതിന്റെ ആഴത്തിലും പരപ്പിലും മനസ്സിലാക്കാന്‍ കഴിയും.  

കശ്മീരിന് മാത്രം ബാധകമായിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ പ്രതിഷേധത്തെ നേരിടാന്‍ സുരക്ഷാ സേന ജനങ്ങള്‍ക്കു നേരെ വെടിവയ്ക്കുകയും സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കുകയും ചെയ്തു എന്ന കള്ളക്കഥ പ്രചരിപ്പിച്ച ബിബിസി അത് തെറ്റാണെന്ന് ബോധ്യം വന്നിട്ടും തിരുത്താന്‍ തയ്യാറായില്ല. 1993 ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് കശ്മീരില്‍ ഭീകരവാദം ശക്തിപ്പെടുകയും ഹസ്‌റത്ബാല്‍ പള്ളിയില്‍ ഭീകരര്‍ കയറിക്കൂടുകയും ചെയ്തു. അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്ക് സുരക്ഷിത പാതയൊരുക്കുകയായിരുന്നു. പക്ഷേ സുവര്‍ണ ക്ഷേത്രത്തില്‍നിന്ന് സിഖ് ഭീകരരെ തുരത്താന്‍ നടത്തിയ 'ബ്ലൂസ്റ്റാര്‍ മോഡല്‍' സൈനിക നടപടിയെടുത്തു എന്നായിരുന്നു ബിബിസി റിപ്പോര്‍ട്ട്. കുറച്ചുമാസങ്ങള്‍ക്കുശേഷം സൂഫി ആരാധനാ കേന്ദ്രമായ ഛരാരെ ഷെരീഫ് ഭീകരര്‍ ബോംബു സ്‌ഫോടനത്തിലൂടെ തകര്‍ത്തപ്പോള്‍ സൈനികാക്രമണത്തില്‍ തകര്‍ന്നുവെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്തത്. ഇതിന് തെളിവായി നല്‍കിയത് റഷ്യന്‍ സൈന്യം ചെച്‌നിയന്‍ തീവ്രവാദികളെ നേരിടുന്നതിന്റെ ചിത്രവും!  ഇതേ മാതൃകയാണ് ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രിയായിരുന്ന മോദിക്ക് പങ്കുണ്ടായിരുന്നു എന്നു വരുത്താന്‍ കെട്ടിച്ചമച്ചിട്ടുള്ള ഡോക്യുമെന്ററിയും.

മോദിയെ ഇന്ത്യയ്ക്കകത്തു മാത്രമല്ല, പുറത്തും നേരിടണമെന്ന ബിബിസിയുടെ നയമാണ് ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ക്കും. ബിബിസിയുടെ സാമ്രാജ്യത്വ മനോഭാവവും മുന്‍വിധികളും നുണകളും അവര്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. ഇവര്‍ ഒറ്റപ്പെടുമെന്ന കാര്യം തീര്‍ച്ച. അനില്‍ ആന്റണിയുടെ പ്രസ്താവന ഒരു തുടക്കം മാത്രമാണ്.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.