×
login
ലക്ഷ്യം ഉപരോധങ്ങളില്ലാത്ത മണിപ്പൂര്‍

വികസനത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് അസമത്വം അനുഭവപ്പെടുന്നത്. ഒരു ഉദാഹരണത്തിന് എമ്മ കെയ്ത്തല്‍( സ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇംഫാലിലെ പ്രശസ്തമായ വിപണി) കുന്നുംപ്രദേശങ്ങളില്‍ ഇല്ല. തലസ്ഥാനത്ത് മാത്രമായി അതിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിരിക്കുന്നു. ബിജെപി അധികാരമേറ്റയുടനെ ഗോ ടു ഹില്‍ എന്ന സന്ദേശവുമായി ആ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കി.

മണിപ്പൂരില്‍ 2017ല്‍ ബിജെപി അധികാരത്തിലെത്തിയത് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി, നാഗ പീപ്പിള്‍സ് ഫ്രണ്ട് എന്നീ പാര്‍ട്ടികളുമായുള്ള സഖ്യത്തിലൂടെയാണ്. സര്‍ക്കാരിന്റെ സ്ഥിരതയെക്കുറിച്ച് പലരും സംശയമുന്നയിച്ചിരുന്നു. എന്നാല്‍ മുന്‍ ഫുട്‌ബോളറും പത്രപ്രവര്‍ത്തകനുമായ എന്‍. ബീരേന്‍ സിങ്, മണിപ്പൂര്‍ പോലൊരു പ്രശ്‌നബാധിത സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ് അഞ്ച് വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഉപരോധ രഹിത മണിപ്പൂര്‍ എന്ന ലക്ഷ്യമാണ് മുന്നിലുള്ളത്. അദ്ദേഹം ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്...

 •  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബഹിഷ്‌കരണങ്ങളുടെ, അക്രമങ്ങളുടെ, പൊതുപണിമുടക്കുകളുടെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയ സംസ്ഥാനമാണ് മണിപ്പൂര്‍. ഇപ്പോള്‍ ആ സ്ഥിതിക്ക് മാറ്റമുണ്ടായി എന്ന് അവകാശപ്പെടുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് എന്ത് മാറ്റമാണുണ്ടായത്?

അതാണ് ബിജെപിയും നരേന്ദ്ര മോദിയും കാട്ടുന്ന അത്ഭുതം. 20 വര്‍ഷമായി ഞാന്‍ രാഷ്ട്രീയത്തിലുണ്ട്. മറ്റ് പാര്‍ട്ടികളിലുമുണ്ടായിരുന്നു. എന്നാല്‍ ബിജെപിയുടെ നേതാക്കള്‍ ദല്‍ഹിയില്‍ ഇരുന്ന് നമ്മുടെ രക്ഷിതാക്കളെ പോലെ വഴികാട്ടുന്നുവെന്നതാണ് വ്യത്യാസം. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയ കേന്ദ്ര നേതാക്കളുടെ  കാഴ്ചപ്പാടും പരിവര്‍ത്തനാത്മകമായ പ്രവര്‍ത്തനങ്ങളും വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന് സഹായകമായി. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ആവും വിധം നടപ്പില്‍ വരുത്താന്‍ കഴിഞ്ഞു. 'ഗോ ടു ഹില്‍' പോലുള്ള നവീനാശയങ്ങള്‍ക്ക് തുടക്കമിട്ടു. മണിപ്പൂരില്‍ മലമുകളില്‍ താമസിക്കുന്നവരും താഴ്‌വരകളില്‍ താമസിക്കുന്നവരും തമ്മില്‍ വലിയൊരു അന്തരമുണ്ട്. ഗ്രാമത്തിലുള്ളവര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളുടെ പ്രയോജനം മുന്‍കാലങ്ങളില്‍ ലഭിച്ചിരുന്നില്ല. അതുകൊണ്ട്, 'ഗോ ടു വില്ലേജ്' പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. ക്ഷേമ പദ്ധതികള്‍ അവരുടെ വീട്ടുപടിക്കലെത്തിച്ചു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ശക്തമായ പങ്കാളിത്തമാണ് എല്ലാത്തിനും അടിസ്ഥാനം.  

 

 •  ഏതെല്ലാം കര്‍മപരിപാടികളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത് ?

ഉപരോധ രഹിത, ബഹിഷ്‌കരണങ്ങള്‍ ഇല്ലാത്ത മണിപ്പൂര്‍ എന്നതാണ് പ്രധാന നയപ്രഖ്യാപനം. മുഖ്യമന്ത്രിയായി ചുമതലയേറ്റയുടനെ പൊതുപ്രവര്‍ത്തകരുമായും സിവില്‍ സൊസൈറ്റി സംഘടനകളുമായും ബന്ധപ്പെട്ടു. എല്ലാ മാസവും പതിനഞ്ചിന് പബ്ലിക് ദര്‍ബാര്‍ മുഖേന ജനങ്ങളുമായി ആശയ വിനിമയം നടത്തി. അവരുടെ പരാതികള്‍ നേരിട്ട് പരിഹരിക്കാന്‍ ആവശ്യമായതെല്ലാം ചെയ്തു. എല്ലാ മാസവും പത്തിന് മലയോര മേഖലയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആ പ്രദേശത്തെ ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്‌നം മനസ്സിലാക്കി. ജനങ്ങള്‍ക്ക് സര്‍ക്കാരില്‍ വിശ്വാസം വളര്‍ന്നു. ഇപ്പോള്‍ ഏതൊരു പ്രക്ഷോഭവും തുടങ്ങുന്നതിനും മുന്നേ, അവരുടെ ആവശ്യങ്ങളുമായി എന്നെ സമീപിക്കും. ജനങ്ങളുമായി നേരിട്ടുള്ള ബന്ധത്തിന്റെ പ്രയോജനം വളരെ വലുതാണ്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ബന്ദിനേയും പൊതുപണിമുടക്കിനേയും അകറ്റി നിര്‍ത്തിയ മന്ത്രം അതാണ്.  

പദ്ധതികളുടെ പ്രയോജനം ലഭിക്കാത്ത നിരവധി ആലംബഹീനരുണ്ടായിരുന്നു. 2018 ല്‍ ചികിത്സയ്ക്ക് രണ്ടു ലക്ഷം രൂപ നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ടു. 2018ല്‍ത്തന്നെയാണ് ആയുഷ്മാന്‍ ഭാരതിനും തുടക്കമിട്ടത്. എട്ട് ലക്ഷം കുടുംബങ്ങള്‍ക്ക് ഈ രണ്ട് പദ്ധതികളുടേയും പ്രയോജനം ലഭിച്ചു. സമാധാനം, വികസന കാര്യത്തിലെ യോജിപ്പ്, സഹവര്‍ത്തിത്വം എന്നിവയിലൂന്നിയാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ അര്‍ഹരായവരിലേക്ക് എത്തിക്കുന്നത്.  

 

 • കഴിഞ്ഞ കുറച്ചു മാസങ്ങളായി സമാധാനാന്തരീക്ഷം അവതാളത്തിലാക്കാനുള്ള ശ്രമങ്ങളും കണ്ടു. അതിക്രമങ്ങളുമുണ്ടായി. എതിരാളികള്‍ താങ്കളുടെ സമാധാന പ്രഖ്യാപനങ്ങളെ ചോദ്യം ചെയ്യുന്നുമുണ്ട്. ഇതിനെ എങ്ങനെ പ്രതിരോധിക്കും?

 പ്രസക്തി നഷ്ടപ്പെട്ട പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തികളാണിതെല്ലാം. ബിജെപി വീണ്ടും അധികാരത്തിലെത്താന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു. പ്രതിപക്ഷം സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. എന്നാലിപ്പോള്‍ ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ സംസ്ഥാനത്തെ മാറ്റത്തിന് സാക്ഷികളാണ്. എതിരാളികള്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, ജനങ്ങള്‍ അതിന് അനുവദിക്കില്ല. അഫ്‌സ്പ നിയമം ഇപ്പോള്‍ ഒരു പ്രശ്‌നമേയല്ല. എല്ലാ വര്‍ഷവും അത് പുതുക്കുന്നു. ഇത് ബിജെപി കൊണ്ടുവന്ന നിയമമല്ല, 1985 മുതല്‍ നിലനില്‍ക്കുന്നതാണ്. സ്ഥിതിഗതികള്‍ മെച്ചപ്പെടുമ്പോള്‍ അഫ്‌സ്പയും നീക്കും. സാധാരണ വോട്ടര്‍മാര്‍ സമാധാനം അവതാളത്തിലാക്കാനുള്ള നീക്കങ്ങള്‍ അംഗീകരിക്കില്ല.

 

 •  താഴ്‌വരകളും മലയോരമേഖലകളും തമ്മിലുള്ള അന്തരം കുറഞ്ഞുവെന്ന് താങ്കള്‍ പറയുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത് ഇവര്‍ക്കിടയില്‍ വിടവ് വര്‍ദ്ധിച്ചുവെന്നാണ്. എങ്ങനെയാണ് ഈ വൈകാരികമായ അന്തരം, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് കുറയ്ക്കാന്‍ സാധിച്ചത്?


വികസനത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ക്ക് അസമത്വം അനുഭവപ്പെടുന്നത്. ഒരു ഉദാഹരണത്തിന് എമ്മ കെയ്ത്തല്‍( സ്ത്രീകളുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഇംഫാലിലെ പ്രശസ്തമായ വിപണി) കുന്നുംപ്രദേശങ്ങളില്‍ ഇല്ല. തലസ്ഥാനത്ത് മാത്രമായി അതിന്റെ പ്രവര്‍ത്തനം പരിമിതപ്പെടുത്തിയിരിക്കുന്നു. ബിജെപി അധികാരമേറ്റയുടനെ ഗോ ടു ഹില്‍ എന്ന സന്ദേശവുമായി ആ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ പ്രേരണ നല്‍കി. അവിടുത്തെ എല്ലാ ജില്ലകളിലും എമ്മ കെയ്ത്തലിന്റെ വിപണി രൂപീകരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ആശയവിനിമയ സംവിധാനവും മികവുറ്റതാക്കി. കൊവിഡ് രൂക്ഷമായപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റേയും പ്രധാനമന്ത്രിയുടേയും സഹായത്തോടെ എല്ലാ ജില്ലകളിലും ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിച്ചു. മുമ്പ് സംസ്ഥാനത്ത് ഒറ്റ ഓക്‌സിജന്‍ പ്ലാന്റുപോലും ഇല്ലായിരുന്നു. മലയോര ജില്ലകളില്‍ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ ചുരാചന്‍പൂര്‍ ജില്ലയില്‍, പ്രധാനമന്ത്രിയുടെ സഹായത്തോടെ ഒരു മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമായി. ജല്‍ ജീവന്‍ പദ്ധതിയിലൂടെ ഈ പ്രദേശങ്ങളില്‍ ഇപ്പോള്‍ പൈപ്പ് വെള്ളവും ലഭ്യമായി.

സ്‌കൂളുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി പ്രകാരം 125 സ്‌കൂളുകള്‍ നവീകരിക്കുകയും സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം മികവുറ്റതാക്കുകയും ചെയ്തു. വിനോദ സഞ്ചാരമേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി. കായികമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിന് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതിരുന്ന സ്ഥാനത്തിപ്പോള്‍, തമന്‍ഗ്ലോങില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയവും സേനാപതിയിലും ഉഖ്രുളിലും ആസ്‌ട്രോടര്‍ഫ് ഫുട്‌ബോള്‍ ഗ്രൗണ്ടുകളും വന്നുകഴിഞ്ഞു. ഇംഫാലില്‍ എന്തുണ്ടോ അത് മലയോര മേഖലകളിലും സാധ്യമാകും എന്ന ആത്മവിശ്വാസം ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചു. രാഷ്ട്രീയത്തില്‍ പ്രായോഗികമായ, ദൃശ്യമായ മാറ്റം അനിവാര്യമാണ്. അത് വെറും വാചാടോപമല്ല.  

 

 •  മുഖ്യമന്ത്രിയോട് പറയൂ എന്നത് മറ്റൊരു പ്രധാന കര്‍മ്മപദ്ധതിയായിരുന്നല്ലോ? എന്നാല്‍ പദ്ധതികളുടെ വിതരണത്തില്‍ വിവേചനമുണ്ടെന്ന ആരോപണം ഉയരുന്നുണ്ടല്ലോ?

കൊവിഡിന് മുമ്പ്, ജനങ്ങളുടെ പരാതികള്‍ ഞാന്‍ നേരിട്ട് കേള്‍ക്കുകയും അവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ചെയ്തിരുന്നു. മഹാമാരിയെത്തുടര്‍ന്ന് ആ ബന്ധം നഷ്ടമായി. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കുന്നതിനായി ഒരു ഹെല്‍പ് ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. ആ പരാതികള്‍ റെക്കോഡ് ചെയ്ത് ബന്ധപ്പെട്ട വകുപ്പുകളുടെ പരിഗണനയ്ക്ക് വിട്ടു. അവര്‍ക്കൊപ്പം പരാതിപരിഹാരത്തിന് ഞാനും മേല്‍നോട്ടം വഹിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗവും അവരുടെ ആവലാതികള്‍ ബോധിപ്പിച്ചു. അതുകൊണ്ടുതന്നെ സര്‍ക്കാരിനെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്.  

 

 •  മണിപ്പൂര്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമായിരുന്നു തൊഴിലില്ലായ്മ. തൊഴില്‍ ലഭ്യമാക്കാനുള്ള താങ്കളുടെ നടപടികളെ വിമര്‍ശിക്കുകയാണല്ലോ പ്രതിപക്ഷം?  

പ്രതിപക്ഷം ഇത്തരത്തില്‍ വ്യാപകമായ പ്രസ്താവനകള്‍ നടത്തും. അവര്‍ നിതി ആയോഗ് റിപ്പോര്‍ട്ട് കണ്ടിട്ടുണ്ടാവില്ല. വൈദഗ്ധ്യത്തിന്റേയും തൊഴില്‍ ലഭ്യതയുടേയും കാര്യത്തില്‍ ചെറു സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് മണിപ്പൂര്‍. എംഎസ്എംഇകള്‍ വഴി ലക്ഷക്കണക്കിന് യുവാക്കല്‍ക്ക് തൊഴില്‍ നല്‍കി. സ്റ്റാര്‍ട്ട് അപ്പ്, സ്റ്റാന്‍ഡ് അപ്പ്, ബിസിനസ് ചെയ്യാന്‍ സഹായം,  മണിപ്പൂരിലെ യുവാക്കളുടെ വൈദഗ്ധ്യം പങ്കിടുന്നതിനായി ടാറ്റയുമായി അടുത്തിടെ ഒപ്പിട്ട ധാരണാപത്രം ഇതൊക്കെ തൊഴിലില്ലായ്മക്ക് പരിഹാരമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് വായ്പ നല്‍കുക വഴി, ആ മേഖലയില്‍ ഉത്പാദനം വര്‍ധിച്ചു. മുമ്പ് 400 കോടി രൂപയുടെ മത്സ്യ ഇറക്കുമതിയാണ് നടന്നിരുന്നത്. ഇത് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചു.  

 

 • ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം എന്നാണല്ലോ സര്‍വ്വേകള്‍ കാണിക്കുന്നത്?

കോണ്‍ഗ്രസിന്റെ സ്ഥാനം എവിടെയാണ്. 2017 ല്‍ 28 എംഎല്‍എമാര്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. അത് 13 ആയി കുറഞ്ഞു. സംഘടനാപരമായി മണിപ്പൂരില്‍ കോണ്‍ഗ്രസ് ദുര്‍ബ്ബലമാണ്. രണ്ടക്കം കടക്കാന്‍ തന്നെ പ്രയാസമായിരിക്കും. സര്‍ക്കാര്‍ രൂപീകരിക്കുമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്. സുശക്തമായ സംഘടനാ സംവിധാനമുള്ള ഒരു പാര്‍ട്ടിയെ സംബന്ധിച്ച് കൊവിഡ് നിയന്ത്രണങ്ങളും പ്രശ്‌നമല്ല. പ്രാദേശിക കാര്യകര്‍ത്താക്കളിലൂടെയും  ഡിജിറ്റല്‍ ക്യാമ്പയിനിങ് വഴിയും കൂടുതല്‍ പേരിലേക്ക് എത്താന്‍ ശ്രമിക്കും.

  comment

  LATEST NEWS


  കൊച്ചി നഗര ഗതാഗതത്തെ കുരുക്കി സോളിഡാരിറ്റി റാലി; പാലാരിവട്ടം മുതല്‍ എംജി റോഡ് വരെ വാഹനങ്ങള്‍ കുടുങ്ങി കിടന്നത് മണിക്കൂറൂകളോളം


  ഏകീകൃത സിവില്‍ നിയമം ഉടന്‍ നടപ്പാക്കണമെന്ന് മോദിയോട് രാജ് താക്കറെ; ഔറംഗബാദിന്‍റെ പേര് സംബാജി നഗര്‍ എന്നാക്കി മാറ്റാനും ആവശ്യം


  രാഹുലിന്‍റെ ഇന്ത്യാവിരുദ്ധനിലപാടുകളെ എതിര്‍ത്ത് അമിത് ഷാ ; ഇറ്റാലിയന്‍ കണ്ണട അഴിച്ചമാറ്റാന്‍ ഉപദേശിച്ച് അമിത് ഷാ


  ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്‌ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍


  നന്നാക്കണമെങ്കില്‍ 45 ലക്ഷം ചെലവാകും; ഹൈക്കോടതി നിര്‍ദ്ദേശത്തിന് പിന്നാലെ ഉപയോഗിക്കാനാവാത്ത ജന്റം ബസുകള്‍ ആക്രി വിലയ്ക്ക് വില്‍ക്കുന്നു


  പാര്‍ട്ടി ഫണ്ട് നല്‍കിയില്ല; തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറി ഹോട്ടല്‍ അടിച്ചു തകര്‍ത്തു, പരാതി നല്‍കിയത് ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.