×
login
ഇത് മാധ്യമങ്ങള്‍ക്കുള്ള കിഴുക്ക്

മാധ്യമങ്ങള്‍ തമ്മില്‍ നടക്കുന്ന നിലനില്‍പ്പിന്റെയോ പിടിച്ചെടുക്കലിന്റെയോ മത്സരത്തിലാണ് 'കടത്തനാടന്‍ പത്രികകള്‍' ജനിക്കുന്നത്. നര്‍മ്മത്തിലൂടെ വിമര്‍ശന ധര്‍മ്മം വെളിവാക്കുന്ന പാരമ്പര്യമുണ്ട് മലയാളി മനസ്സിന്. 'കുഞ്ചന്‍ നമ്പ്യാര്‍'മാരാണ് ഓരോ മലയാളിയും ചെറിയൊരംശത്തിലെങ്കിലും. ഏറിയും കുറഞ്ഞും ആഴവും പരപ്പും വ്യത്യസ്തമായിരിക്കുമെന്നു മാത്രം. തന്റേതായ വിമര്‍ശന വിശകലനം നടത്തിയേ അവര്‍ എന്തും വിശ്വസിക്കൂ. പക്ഷേ, ആദ്യം പറയുന്നത് അടിസ്ഥാന വിശ്വാസമാവുകയും അത് സത്യമല്ലെങ്കിലും കുറച്ചെങ്കിലും യഥാര്‍ത്ഥ വസ്തുതയെ സംശയിപ്പിക്കാന്‍ പാകത്തില്‍ ബോധത്തില്‍ അവശേഷിപ്പിക്കുകയും ചെയ്യുമെന്ന അപകടമുണ്ട്

ടത്തനാടന്‍ പത്രികയെന്ന് പേര്. പുതുപ്പണത്തു നിന്ന് പ്രസിദ്ധീകരിക്കുന്നത്. തച്ചോളി ഒതേനന്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രധാന വാര്‍ത്ത. അനുബന്ധമായി ഒട്ടേറെ വിശദീകരണ വാര്‍ത്തകള്‍. പത്രത്തിന്റെ ഒന്നാം പേജ് നിറയെ അതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാത്രം. 'നികത്താനാവാത്ത നഷ്ടമെന്ന് നാടുവാഴി'യുടെ പ്രസ്താവന, (ഔദ്യോഗിക പ്രതികരണം), മറ്റൊരു തലക്കെട്ട്: 'ഉറുക്കും നൂലും ധരിച്ചില്ല' (വിശ്വാസപരം), 'വിജയാഹ്ലാദം കണ്ണീര്‍പുഴയായി' (ഹ്യൂമെന്‍ ഇന്ററസ്റ്റഡ് സ്റ്റോറി),  

പ്രതിമ നിര്‍മിക്കും' (നാട്ടുകാരുടെ പങ്കാളിത്തം), 'നിരോധനാജ്ഞ' (സാമൂഹികം), 'കളരികള്‍ക്ക് അവധി' (ദുഃഖാചരണം), 'കാലാവസ്ഥ' (പ്രകൃതിയുടെ പ്രതികരണം), ഫോട്ടോയ്ക്ക് പകരം ഇലസ്ട്രേഷന്‍, കളര്‍ പ്രിന്റിങ്, പീക്കോക്ക് മയിലെണ്ണയുടെ പരസ്യം (അതും മെയ്വഴക്കത്തിന് ഫലപ്രദമെന്ന വിശേഷണത്തോടെ) ഇത്രയും ചേര്‍ത്താണ് ഒന്നാം പേജ്. ഇന്റര്‍നെറ്റ് മാധ്യമങ്ങള്‍ വഴി കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും പ്രചരിച്ചതാണീ പത്രത്താള്‍.വിശ്വസനീയമായ രീതിയിലാണ് വാര്‍ത്തയെഴുത്ത്. നിശ്ചയമായും മാധ്യമപ്രവര്‍ത്തനത്തില്‍ പരിചയ സമ്പന്നനോ, ദീര്‍ഘനാളായി നിരീക്ഷകനോ ആയ ഒരാള്‍ അല്ലെങ്കില്‍ ചിലര്‍ ചേര്‍ന്ന് തയാറാക്കിയത്. പത്രത്തിന്റെ പഴക്കം തോന്നിക്കാന്‍ നിറം മാറ്റല്‍, അവിടവിടെ കടലാസ് പൊടിഞ്ഞുപോകല്‍ തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധിച്ചിട്ടുണ്ട്. അഭിനന്ദിക്കണം ഈ പരിശ്രമത്തെ.

എന്നാല്‍, മലയാളത്തില്‍, പത്രമെന്ന് പറയാവുന്ന സ്വഭാവത്തില്‍ അച്ചടിച്ചിറക്കിയ 'രാജ്യസമാചാരം' 1947 ലാണ് തലശ്ശേരിയില്‍ നിന്നിറങ്ങിയത്. കടത്തനാട്, തലശ്ശേരിയോടടുത്ത സ്ഥലം, മലബാര്‍ പ്രദേശം എന്നതൊഴിച്ചാല്‍ 'കടത്തനാടന്‍ പത്രിക'യ്ക്ക് അച്ചടിയുടെ വിശ്വാസ്യത ഒന്നുമില്ല. മാത്രമല്ല, അച്ചടി പ്രചാരത്തില്‍ വരുന്നതിന് രണ്ട് നൂറ്റാണ്ടെങ്കിലും മുമ്പാണ് ഒതേനന്‍ ചരിതം. പക്ഷേ, അതൊന്നുമാലോചിക്കാതെ 'കടത്തനാടന്‍ പത്രിക'യിലെ ഒതേനന്‍ കൊല്ലപ്പെട്ട വാര്‍ത്ത വായിച്ച് രോമാഞ്ചം കൊള്ളുകയും അതില്‍ 'തീയതി ഇല്ലല്ലോ' എന്ന് പരാതിപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്ന യുക്തിവിചാരമാണ്, ഏറെനാള്‍ കൊണ്ട്, ഒരു കൊച്ചു സംസ്ഥാനത്തിന് താങ്ങാവുന്നതിനേക്കാല്‍ 'മാധ്യമഭാരം' വഹിക്കുന്ന കേരളത്തിലെ പ്രബുദ്ധ വായനക്കാര്‍ നേടിയെടുത്തത്! കുറ്റം പറയരുതല്ലോ, ശീലങ്ങള്‍ അങ്ങനെയൊക്കെ പരുവപ്പെടുത്തിക്കളയുമായിരിക്കും.

കേരളത്തില്‍ 3.46 കോടിയാണ് ജനസംഖ്യ. അഞ്ചുവര്‍ഷം മുമ്പത്തെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം, നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ ഭാഗമായി രേഖപ്പെടുത്തിയ വിവരങ്ങളില്‍, കേരളത്തില്‍ 44 ടെലിവിഷന്‍ ചാനലുകളുണ്ട്! രണ്ട് പ്രമുഖ കേബിള്‍ ടിവികള്‍. ലോക്കല്‍ ചാനലുകള്‍ വേറെ. വാര്‍ത്തകള്‍ക്കു മാത്രം 11 ചാനലുകള്‍. എട്ടെണ്ണം ആത്മീയ ചാനല്‍. സിനിമകള്‍ക്കു മാത്രം രണ്ടെണ്ണം. സംഗീതത്തിനു മാത്രമായി രണ്ടെണ്ണം. ഒരു വിദ്യാഭ്യാസ ചാനല്‍.

പ്രഭാത ദിനപത്രങ്ങള്‍ 15 എണ്ണം. സായാഹ്ന പത്രങ്ങള്‍, ഉച്ചപ്പത്രങ്ങള്‍, ചെറുകിട പത്രങ്ങള്‍ വേറെ. ഇതിനു പുറമേ, വാരിക, ദൈ്വവാരിക, മാസിക എന്നിങ്ങനെ പ്രസിദ്ധീകരണങ്ങള്‍ വേറെ 26 എണ്ണം. കുട്ടികള്‍ക്കു മാത്രമായി 20 പ്രസിദ്ധീകരണങ്ങളുണ്ട്. വനിതകള്‍ക്കു മാത്രമായി ഒമ്പതെണ്ണം! ഇതിനെല്ലാം പുറമേ ഇന്റര്‍നെറ്റ് വാര്‍ത്താ സംവിധാനങ്ങള്‍, ഓണ്‍ലൈനുകള്‍, പോര്‍ട്ടലുകള്‍, യു ട്യൂബ് ചാനലുകള്‍... ഒരു കൊച്ചു സംസ്ഥാനത്തിന്റെ കാര്യമാണ്. 15 പ്രധാന ദിന പത്രങ്ങള്‍ക്കു മാത്രമായി മുക്കാല്‍ക്കോടിയിലേറെ വായനക്കാരുണ്ടെന്നാണ് കണക്ക്. ഇനിയും കൃത്യമായി കണക്കാക്കാനാവാത്തതാണ് മറ്റ് മേഖലയിലെ കാഴ്ചക്കാരുടെയും വായനക്കാരുടെയും കേള്‍വിക്കാരുടെയും എണ്ണം. തികച്ചും അമ്പരപ്പിക്കുന്നുണ്ട് കേരളം ഇക്കാര്യത്തില്‍.

അതിനിടെയാണ് ഒരു ടെലിവിഷന്‍, സംപ്രേഷണം നിര്‍ത്താന്‍ ഇടയായത്. അഥവാ അവര്‍ക്ക് സംപ്രേഷണത്തിനുള്ള അനുമതി സര്‍ക്കാരില്‍ നിന്ന് പുതുക്കിക്കിട്ടാതായത്. അതിനുള്ള കാരണങ്ങള്‍ ഇന്നതിന്നത് എന്ന് അക്കമിട്ട് ഔദ്യോഗികമായി നിരത്തിക്കൊണ്ട്  പുറത്തുവന്നിട്ടില്ലെങ്കിലും അക്കാര്യത്തില്‍ ആധികാരികമായി പറയേണ്ട സര്‍ക്കാരും സര്‍ക്കാര്‍ പറഞ്ഞതിനെ വിശകലനം ചെയ്ത് ശരി തെറ്റുകള്‍ വിധിക്കേണ്ട കോടതിയും വ്യക്തമാക്കി. അനുമതി പുതുക്കാത്തത്, ആ മാധ്യമം രാജ്യതാല്‍പര്യങ്ങള്‍ക്കും നിയമ-ചട്ട വ്യവസ്ഥകള്‍ക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന കാരണത്താലാണ്. ആ വിഷയവും ചര്‍ച്ച ചെയ്യുന്നതിന് രാജ്യത്തെ മറ്റ് മാധ്യമങ്ങള്‍ക്ക് അനുമതിയുണ്ടെന്നും നിയന്ത്രണമില്ലെന്നുമുള്ളത്, അനുമതി കിട്ടാതെ പോയത് കൃത്യമായ കാരണത്താലാണെന്നതിന് തെളിവാണ്. മാത്രമല്ല, ടെലിവിഷന്‍ സംപ്രേഷണത്തിന് അനുമതി നഷ്ടമായ അതേ കമ്പനിക്കും കമ്പനിയുടെ നടത്തിപ്പുകാര്‍ക്കും അവരുടെ തന്നെ മറ്റ് രൂപത്തിലുള്ള മാധ്യമങ്ങളിലൂടെ പ്രചാരണത്തിനും മാധ്യമ പ്രവര്‍ത്തനത്തിനും വിലക്കില്ലെന്നത് സര്‍ക്കാര്‍-കോടതി തീരുമാനങ്ങള്‍ക്കെതിരെ ചിലര്‍ നടത്തുന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് അവര്‍ തന്നെ വ്യക്തമാക്കുന്നുമുണ്ട്. മറ്റൊന്നു കൂടി ശ്രദ്ധിക്കേണ്ടത്, അനുമതി കിട്ടാതെ പോയതിന്, നടത്തുന്ന കുപ്രചാരണങ്ങളുടെ സ്വഭാവവും രീതിയുമാണ്. 'അയാള്‍ ഇന്നതാണ്' എന്ന് മറ്റുള്ളവര്‍ വിധിക്കുന്നത് ഒരുപക്ഷേ നൂറുശതമാനം ശരിയാകണമെന്നില്ല; വിശ്വസനീയവും. എന്നാല്‍, 'ഞാന്‍ ഇന്നതാണ് ' എന്ന് സ്വയം പറയുകയും അത് തെളിയിക്കുകയും ചെയ്യുമ്പോള്‍ നമുക്ക് വിശ്വസിക്കാം. അനുമതി കിട്ടാത്ത ടിവി ചാനല്‍ അവരുടെ മറ്റ് വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ വഴി, അനുമതി നിഷേധിക്കലിനെക്കുറിച്ച് സ്വയം പ്രകടിപ്പിക്കുന്നതെല്ലാംതന്നെ സര്‍ക്കാരിന്റെ തീരുമാനം ശരിയായെന്ന് ആരും സമ്മതിക്കുന്ന തരത്തിലാണ്. ഇവിടെ വിഷയം അതല്ലാത്തതിനാല്‍ ഇതിവിടെ നിര്‍ത്താം.


മാധ്യമങ്ങള്‍ തമ്മില്‍ നടക്കുന്ന നിലനില്‍പ്പിന്റെയോ പിടിച്ചെടുക്കലിന്റെയോ മത്സരത്തിലാണ് 'കടത്തനാടന്‍ പത്രികകള്‍' ജനിക്കുന്നത്. നര്‍മ്മത്തിലൂടെ വിമര്‍ശന ധര്‍മ്മം വെളിവാക്കുന്ന പാരമ്പര്യമുണ്ട് മലയാളി മനസ്സിന്. 'കുഞ്ചന്‍ നമ്പ്യാര്‍'മാരാണ് ഓരോ മലയാളിയും ചെറിയൊരംശത്തിലെങ്കിലും. ഏറിയും കുറഞ്ഞും ആഴവും പരപ്പും വ്യത്യസ്തമായിരിക്കുമെന്നു മാത്രം. തന്റേതായ വിമര്‍ശന വിശകലനം നടത്തിയേ അവര്‍ എന്തും വിശ്വസിക്കൂ. പക്ഷേ, ആദ്യം പറയുന്നത് അടിസ്ഥാന വിശ്വാസമാവുകയും അത് സത്യമല്ലെങ്കിലും കുറച്ചെങ്കിലും യഥാര്‍ത്ഥ വസ്തുതയെ സംശയിപ്പിക്കാന്‍ പാകത്തില്‍ ബോധത്തില്‍ അവശേഷിപ്പിക്കുകയും ചെയ്യുമെന്ന അപകടമുണ്ട്. അതുകൊണ്ടുതന്നെ ആദ്യം പറയാനുള്ള മത്സരത്തില്‍ അപകടം പിണയാതെ നോക്കേണ്ടതുമുണ്ട്.

കഴിഞ്ഞ ദിവസം ഒരു പ്രമുഖ ടിവി വാര്‍ത്താ അവതാരക അഭിപ്രായപ്പെട്ടു; ഇത്രമാത്രം സമ്മര്‍ദ്ദം വാര്‍ത്താ വായനയിലും അവതരണത്തിലും അനുഭവിച്ച കാലമുണ്ടായിട്ടില്ലെന്ന്. റിപ്പോര്‍ട്ടര്‍മാര്‍ 'ലൈവ് റിപ്പോര്‍ട്ടിങ്ങിന്' മടിക്കുന്നവത്രേ. കാരണം, ഒരു വാക്കു തെറ്റിയാല്‍ ഉണ്ടാകുന്ന വിമര്‍ശനം തന്നെ. രോഗി ഡിസ്ചാര്‍ജായി എന്നതിന് പോസ്റ്റുമോര്‍ട്ടം കഴിഞ്ഞുവെന്ന് പറയേണ്ടിവരുന്നത് സമ്മര്‍ദ്ദം കൊണ്ടാണോ, അത്തരം അപരാധങ്ങള്‍ വിമര്‍ശനകാരണമാകുന്നത് സമ്മര്‍ദ്ദമുണ്ടാക്കുന്നതാണോ എന്നത് 'കോഴിയോ മുട്ടയോ ആദ്യം' എന്ന ചോദ്യം പോലെയാണ്.

മത്സരത്തില്‍ ഒന്നാമനാകുന്നത് മത്സരച്ചട്ടവും ചിട്ടയും തെറ്റിക്കാതെയാവണമല്ലോ. മത്സരത്തിന്റെ കാലത്ത് മുറ തെറ്റിക്കാതെതന്നെ മത്സരിക്കണം. പക്ഷേ, നിര്‍ഭാഗ്യത്തിന് അങ്ങനെയല്ല. അത് ഉണ്ടാക്കുന്നത് മാധ്യമ മേഖലയുടെ ആകെ പ്രതിസന്ധിക്കുള്ള അവസരങ്ങളാണ് എന്നതാണ് അപകടം.

യുദ്ധം പൊടുന്നനെയാണ് പ്രത്യക്ഷത്തിലാകുന്നത്. അതിനുള്ള അവസരം രൂപപ്പെടുന്നത് ഏറെനാള്‍ മുമ്പേയാവും. തെരുവില്‍ രണ്ടുപേര്‍ തമ്മില്‍ത്തല്ലുംപോലെ ക്ഷണമാത്ര വികാരംകൊണ്ടുണ്ടാകുന്നതല്ല ഇക്കാലത്ത് യുദ്ധം. 2014 മുതല്‍ ഉക്രൈന്റെ രാഷ്ട്രീയ-നയതന്ത്ര ഇടപാടുകളിലെ മാറ്റങ്ങളുടെ പരിണാമമാണ് 2022 ലെ റഷ്യയുടെ ഉക്രൈന്‍ ആക്രമണകാരണം. അവിടേക്ക് തൊഴിലിനോ പഠനത്തിനോ പോകുന്നവര്‍ അക്കാര്യം സൂക്ഷ്മമായി നിരീക്ഷിച്ചിട്ടില്ല. ആ ജോലി അതത് സര്‍ക്കാരുകളെ ഏല്‍പ്പിക്കുകയും അവരെ വിശ്വസിച്ച് പോവുകയുമായിരുന്നു. അതേ വിശ്വാസം യുദ്ധകാലത്ത് ആ സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തില്‍ പ്രകടിപ്പിക്കണം. അതാണ് 'സിറ്റിസണ്‍സ് ഡ്യൂട്ടി' അഥവാ പൗരന്റെ കടമ. മറിച്ച്, മാധ്യമങ്ങളുടെ താളത്തിന്ചുവടുവയ്ക്കാനും വായ്ത്താരി ഏറ്റുപറയാനും തുടങ്ങിയാല്‍ അത് 'സിറ്റിസണ്‍ ജേര്‍ണലിസ'ത്തിന്റെ പേരിലായാലും അപകടമാണ്. അത് ചെയ്യിക്കുന്ന മാധ്യമങ്ങള്‍ കാണിക്കുന്ന, ആവേശംകൊണ്ടുള്ള അബദ്ധവും മാധ്യമങ്ങളുടെ താത്പര്യത്തില്‍ അനുവര്‍ത്തിക്കുന്നവരുടെ അബദ്ധവും ചേര്‍ന്നുണ്ടാക്കുന്ന അപകടം വലിയ ദുരന്തമാകാം. ശരിയാണ്, ഞങ്ങള്‍ സുരക്ഷിതരാണെന്ന അറിയിപ്പ് അകലെയുള്ള വീട്ടുകാര്‍ക്ക് കൊടുക്കാന്‍ കഴിയുന്നത്, ആധുനിക വാര്‍ത്താ വിനിമയ സംവിധാനത്തില്‍ നല്ലതാണ്. എന്നാല്‍, അതിനപ്പുറം 'ആഘോഷമാകുമ്പോള്‍' അപകടമാണ്. സിറ്റിസണ്‍സ് ജേണലിസത്തില്‍ ആര്‍ക്കും വിവരദാതാവായി മാധ്യമങ്ങളിലൂടെ റിപ്പോര്‍ട്ടു ചെയ്യുവാനവസരം തുറക്കും. പുതിയ ബ്ലോഗിങ്, വ്ളോഗിങ് സംവിധാനം ഇടനിലക്കാരില്ലാതെ ആര്‍ക്കും ബഹുജന മാധ്യമമായി മാറാന്‍ സഹായിക്കും. പക്ഷേ, റിപ്പോര്‍ട്ടര്‍ക്കും കാഴ്ച/കേള്‍വി/വായനക്കാര്‍ക്കും ഇടയില്‍ 'എഡിറ്റര്‍' ഇല്ലാതെ വന്നാല്‍ അബദ്ധങ്ങള്‍ അപകടം വരുത്തും. യുപിയിലെ പെണ്‍കുട്ടിയുടെ വ്ളോഗ് അങ്ങനെയാണ് ചതിച്ചത്. എഡിറ്ററില്ലാതെ വന്നാല്‍ അധികൃതര്‍ക്ക് എഡിറ്റ് ചെയ്യേണ്ടി വരും. അബദ്ധങ്ങളല്ല, ബോധപൂര്‍വം സൃഷ്ടിക്കുന്ന 'സുബദ്ധമായ അബദ്ധ'മാണെന്നു വരുമ്പോള്‍ നിയന്ത്രണങ്ങളും വേണ്ടി വരും. അതല്ലെങ്കില്‍ 'കടത്തനാടന്‍ പത്രികകള്‍' ചതിയന്‍ ദൗത്യവുമായി വിലസുമ്പോള്‍ തഥ്യയും മിഥ്യയും തിരിച്ചറിയാനാവാത്ത ഭ്രമാവസ്ഥവരും. അതിന്റെ സര്‍ക്കാസ്റ്റിക്-സര്‍റിയലിസ്റ്റിക് - മാജിക്കല്‍ റിയലിസ മാതൃകയാണ് 'കടത്തനാടന്‍ പത്രിക'. സത്യമോ നുണയോ, സാധ്യതയോ സങ്കല്പമോ, നര്‍മ്മമോ കുസൃതിയോ എന്നൊന്നും തിരിച്ചറിയാനാകാത്ത സ്ഥിതി. അത് ഒരു വ്യവസായത്തെ തകര്‍ക്കും, ആ വ്യവസായം അത്ര വൈകാരികമായ മേഖലയിലാകുമ്പോള്‍ രാജ്യതാത്പര്യം പ്രധാനമായി പരിഗണിക്കേണ്ടിയും വരും. വാര്‍ത്താ മാധ്യമങ്ങള്‍, ഏത് രാജ്യത്തിന്റെയും പ്രതിരോധ മേഖലയിലെ അതിനിര്‍ണായകമായ ആയുധങ്ങളില്‍ ഒന്നുതന്നെയാണ്. എതിര്‍ രാജ്യങ്ങള്‍ക്ക് അതെടുത്ത് ദുര്‍വിനിയോഗിക്കാന്‍ അവസരങ്ങള്‍ ഉണ്ടാകാതെ നോക്കേണ്ടതും മാധ്യമധര്‍മ്മമാണ്. അങ്ങനെ 'കടത്തനാടന്‍ പത്രിക' മാധ്യമങ്ങള്‍ക്കുള്ള കിഴുക്കു കൂടിയാണ്.

പിന്‍കുറിപ്പ്:

മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വായ് മൂടിക്കെട്ടിയ, ഇരുണ്ട ഒരു കാലമുണ്ടായിരുന്നു ഇവിടെ. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥക്കാലത്ത്- 1975മുതല്‍ 77 വരെ. അത് അവരുടെ അധികാരം സംരക്ഷിക്കാനായിരുന്നു. ഇന്ന് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന പ്രവര്‍ത്തന സ്വാതന്ത്ര്യം അതിരില്ലാത്തതാണ്. പക്ഷേ, അത് ദുര്‍വിനിയോഗിക്കുകയും മാധ്യമസ്വാതന്ത്ര്യം തടയപ്പെടുന്നുവെന്ന് ആരോപിച്ച് അതിരില്ലാത്ത വിമര്‍ശനം നടത്തുകയും ചെയ്യുന്നതും ഇവിടെയാണ്. ഇങ്ങനെയാണ് ചരിത്രത്തിലെ വന്‍ ദുരന്തങ്ങളെ വിശുദ്ധമാക്കുന്നത്.

  comment

  LATEST NEWS


  ചരിത്രത്തില്‍ ഇതുവരെയില്ലാത്ത നിയന്ത്രണം അപലപനീയം; നിയമസഭയിലെ മാധ്യമ വിലക്ക് ജനാധിപത്യ വിരുദ്ധമെന്ന് കെ.യൂ.ഡബ്ല്യൂ.ജെ


  ആക്ഷന്‍ ഹീറോ ബിജു സിനിമയിലെ വില്ലന്‍ വേഷം അഭിനയിച്ച പ്രസാദ് തൂങ്ങി മരിച്ച നിലയില്‍; സംഭവം ഇന്നലെ രാത്രി


  അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല; രാജ്യത്തെ ആദ്യ സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ കൈമാറി


  ഫൊക്കാന അടിമുടി ഉടച്ചുവാർക്കും, പുതിയ ദിശാബോധം നൽകും: ബാബു സ്റ്റീഫൻ


  പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു, ചോദ്യോത്തരവേളയും അടിയന്തര പ്രമേയവും ഒഴിവാക്കി


  പുലരി അരവത്തിന്റെ നാട്ടി ഉത്സവം; കഞ്ഞിക്കൊപ്പം 101 തരം ചമ്മന്തിയുടെ രുചിമേളം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.