×
login
കാശി തമിഴ് സംഗമം: പങ്കിടുന്ന അറിവ്, പങ്കിടുന്ന പാരമ്പര്യങ്ങള്‍

'ബനാറസിന്റെ പവിത്രത ഒരു വസ്തുതയും വിശ്വാസത്തിന്റെ കാര്യവുമാണ്... യഥാര്‍ത്ഥ ഗംഗ നിങ്ങളുടെ ഉള്ളിലാണ്.' -രമണ മഹര്‍ഷി

കാശി തമിഴ് സംഗമത്തിന്റെ ഉദ്ഘാടന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമിഴ്‌നാട്ടില്‍ നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പം

യുവരാജ് മാലിക്

(ഡയറക്ടര്‍, എന്‍ബിടി)

അസംഖ്യം ഭാഷകള്‍, സാംസ്‌കാരിക പാരമ്പര്യങ്ങള്‍, ഭൂപ്രകൃതികള്‍ എന്നിവയ്‌ക്കെല്ലാം ആസ്ഥാനമായ ഇന്ത്യ എല്ലായ്‌പ്പോഴും സവിശേഷമായ ഒരു മൂശ എന്നാണ് അറിയപ്പെടുന്നത്. പങ്കിടുന്ന പാരമ്പര്യം ഇന്ത്യന്‍ സമൂഹത്തിന്റെ നിര്‍ണായക സവിശേഷതയാണ്, വ്യാപാരം, യാത്ര, ശാസ്ത്രം എന്നീ മേഖലകളിലെ വികാസങ്ങള്‍ ഈ പ്രക്രിയയെ കാലാന്തരത്തില്‍ വളര്‍ത്തുകയും ചെയ്തു.  ഇന്ത്യാ ഗവണ്‍മെന്റിന്റെ വിദ്യാഭ്യാസ മന്ത്രാലയം നവംബര്‍ 17ന് ആരംഭിച്ച്, ഡിസംബര്‍ 16 വരെ സംഘടിപ്പിക്കുന്ന കാശിതമിഴ് സംഗമത്തില്‍ ആഘോഷിക്കപ്പെടുന്ന കാശിയും തമിഴ്‌നാടും തമ്മിലുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബന്ധം അത്തരത്തിലുള്ള ഒന്നാണ്. ഇതിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട്  പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു, 'നദികളുടെ, അറിവുകളുടെ, ചിന്തകളുടെ ഒക്കെ സംഗമത്തില്‍ നിന്ന് സംഗമം നമ്മുടെ രാജ്യത്ത് വളരെ നിര്‍ണായക പങ്ക് വഹിക്കുന്നു.  ഈ സംഗമം ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളുടെ ആഘോഷമാണ്.' മറ്റ് സംസ്ഥാനങ്ങള്‍ക്ക് സമാനമായ സാംസ്‌കാരിക ബന്ധങ്ങള്‍ പര്യവേക്ഷണം ചെയ്യാനും ഏക് ഭാരത്, ശ്രേഷ്ഠ ഭാരത് എന്ന സന്ദേശം വ്യാപിപ്പിക്കാനും ഇതു വഴികാണിക്കുന്നു. ഈ രണ്ടുസ്ഥലങ്ങളും തമ്മിലുള്ള ബന്ധം പാണ്ഡ്യരുടെ പുരാതന കാലം മുതല്‍ പില്‍ക്കാലത്ത് കാശിയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ സ്ഥാപനം വരെയും തുടങ്ങി ഇന്നുവരെയും അറിവ് നേടലിന്റെ ആദരണീയമായ ഇരിപ്പിടങ്ങളായി ജനസങ്കല്പത്തില്‍ നിലനില്‍ക്കുന്നു.  

രവീന്ദ്രനാഥ ടാഗോര്‍ ഒരിക്കല്‍ പറഞ്ഞു, 'ദൈവം ആഗ്രഹിച്ചിരുന്നെങ്കില്‍, എല്ലാ ഇന്ത്യക്കാരെയും ഒരു ഭാഷ സംസാരിക്കുന്നവരായി സൃഷ്ടിക്കുമായിരുന്നു. ഇന്ത്യയുടെ ഏകത്വം എന്നും നാനാത്വത്തിലുള്ള ഏകത്വമായിരുന്നു, ആയിരിക്കും.' ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഭാഷകളായ തമിഴിന്റെയും സംസ്‌കൃതത്തിന്റെയും കേന്ദ്രങ്ങളായി തമിഴ്‌നാടും കാശിയും ഉള്ള രാജ്യത്ത് ഇന്ന് 19500ലധികം മൊഴികള്‍ സംസാരിക്കുന്നു.  സുബ്രഹ്മണ്യഭാരതിയെപ്പോലുള്ള പ്രഗത്ഭര്‍ കാശിയില്‍ താമസിച്ച് സംസ്‌കൃതവും ഹിന്ദിയും പഠിക്കുകയും പ്രാദേശിക സംസ്‌ക്കാരത്തെ സമ്പന്നമാക്കുകയും തമിഴില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. ഊര്‍ജസ്വലമായ വ്യത്യസ്ത പാരമ്പര്യങ്ങളുടെ ഇത്തരത്തിലുള്ള സ്വാംശീകരണം ഇന്ത്യയുടെ സാംസ്‌കാരിക ധാര്‍മ്മികതയെ പ്രതിനിധീകരിക്കുന്ന ഒരു സമന്വയം രൂപപ്പെടുത്താന്‍ സഹായിച്ചു.

ഇന്ത്യയുടെ നാഗരികതയുടെ ചരിത്രം കാശിയെയും തമിഴ്‌നാടിനെയും വിജ്ഞാനനിര്‍മ്മാണത്തിനും ഊര്‍ജ്ജസ്വലമായ ഭാഷാ പാരമ്പര്യത്തിന്റെ വികാസത്തിനും ആത്മീയതയുടെ വ്യാപനത്തിനും നല്‍കിയ സംഭാവനകള്‍ക്ക് ഒരു ഉയര്‍ന്ന പീഠത്തില്‍ പ്രതിഷ്ഠിക്കുന്നു. പതിനഞ്ചാം നൂറ്റാണ്ടില്‍, ശിവകാശി സ്ഥാപിച്ച രാജവംശത്തിന്റെ പിന്‍ഗാമിയായ അധിവീര പാണ്ഡ്യന്‍, കാശി സന്ദര്‍ശിക്കാന്‍ കഴിയാത്ത ഭക്തര്‍ക്കായി തെക്ക്പടിഞ്ഞാറന്‍ തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ശിവക്ഷേത്രം നിര്‍മ്മിച്ചു. പില്‍ക്കാലത്ത്, പതിനേഴാം നൂറ്റാണ്ടില്‍ തിരുനെല്‍വേലിയില്‍ ജനിച്ച വിശുദ്ധ കുമാരഗുരുപാര കാശിയെക്കുറിച്ചുള്ള വ്യാകരണ കവിതകളുടെ രചനയായ കാശി കലംബകം രചിക്കുകയും കുമാരസ്വാമി മഠം സ്ഥാപിക്കുകയും ചെയ്തു. ഈ കൈമാറ്റം രണ്ട് പ്രദേശങ്ങളിലെയും ആളുകളെ വ്യത്യസ്ത ആചാരങ്ങളിലേക്ക് പരിചയപ്പെടുത്തുക മാത്രമല്ല, പാരമ്പര്യങ്ങള്‍ തമ്മിലുള്ള അതിരുകള്‍ അലിയിക്കുകയും ചലനാത്മകമാക്കുകയും ഒന്നിന്റെ ഭാഗങ്ങള്‍ മറ്റൊന്നിലേക്ക് ഒഴുക്കുകയും ചെയ്തു. കാശി വിശ്വനാഥ ക്ഷേത്രം, രാമനാഥസ്വാമി ക്ഷേത്രം തുടങ്ങിയ അതിമനോഹരമായ ചില ക്ഷേത്രങ്ങളുള്ള കാശിയും തമിഴ്‌നാടും പ്രധാന ക്ഷേത്ര നഗരങ്ങളായി ഉയര്‍ന്നുവന്നിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരനും വ്യവസായിയുമായ എസ്.എം.എല്‍. ലക്ഷ്മണന്‍ ചെട്ടിയാര്‍ (1921-1986) ശിവഗംഗയില്‍ ജനിച്ച് കാശി മുതല്‍ രാമേശ്വരം വരെയുള്ള ഇന്ത്യയിലെ പ്രധാന ക്ഷേത്രങ്ങളെക്കുറിച്ചുള്ള 20 കുംഭാഭിഷേക വാല്യങ്ങള്‍ സമാഹരിച്ചു. വര്‍ഷങ്ങള്‍ നീണ്ട യാത്രയിലൂടെ അതുവരെ അന്യദേശമായിരുന്ന നാടിന്റെ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊണ്ടതിനുശേഷമാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. 2020ലെ ദേശീയ വിദ്യാഭ്യാസനയം, ഒരു വശത്ത് പാരമ്പര്യങ്ങളെക്കുറിച്ചും മറുവശത്ത് ശാസ്ത്രീയ സംഭവവികാസങ്ങളെക്കുറിച്ചുമുള്ള അറിവോടെയുള്ള ഒരു പഠന അന്തരീക്ഷം സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നു, തദ്ദേശീയമായ അറിവില്‍ അടിയുറച്ച്, ആഗോള പുരോഗതിക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന ഒന്ന്.


രണ്ട് പ്രദേശങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ വിവിധമേഖലകളില്‍ വ്യാപിച്ചുകിടക്കുന്നു, അവയ്ക്കിടയില്‍ സജീവമായ അക്കാദമിക, സാഹിത്യ, കലാപരമായ വ്യവഹാരങ്ങളുടെ ചരിത്രമുണ്ട്. കാശി പണ്ഡിതപരമ്പരയെ മാതൃകയാക്കുമ്പോള്‍, തമിഴ് ഇലക്കിയപറമ്പരൈ (തമിഴ് സാഹിത്യ പാരമ്പര്യം) യുടെ ഉദയം തമിഴ്‌നാട് കണ്ടു.  ബനാറസ് ഹിന്ദു സര്‍വ്വകലാശാലയുടെ സ്ഥാപക ചടങ്ങില്‍ സി.വി. രാമനെപ്പോലുള്ള പ്രമുഖര്‍ സന്നിഹിതരായിരുന്നു, ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ അതിന്റെ വൈസ് ചാന്‍സലറായിരുന്നു. കാശിയും ചെന്നൈയും സംഗീതത്തിന്റെ സര്‍ഗ്ഗാത്മക നഗരങ്ങള്‍ ആയി യുനെസ്‌കോ അംഗീകരിച്ചിട്ടുണ്ട്. ഐതിഹാസിക ഗായികയും അഭിനേത്രിയും ഭാരതരത്‌ന സ്വീകര്‍ത്താവുമായ എം.എസ്. സുബ്ബുലക്ഷ്മിയെ കാശിയിലെ പ്രശസ്ത ഹിന്ദുസ്ഥാനി ഗായിക സിദ്ധേശ്വരി ദേവിയാണ് പരിശീലിപ്പിച്ചത് എന്നതില്‍ ഈ മഹത്തായ ബന്ധം കാണാം. ഒരു സ്ഥലത്തിന്റെ സംസ്‌കാരം അതിന്റെ സൗന്ദര്യാത്മക പാരമ്പര്യങ്ങളാല്‍ നന്നായി പഠിക്കാനും നിര്‍വചിക്കാനും കഴിയും, ഈ രണ്ട് സ്ഥലങ്ങളും പങ്കിട്ട കലയുടെയും സാഹിത്യത്തിന്റെയും സമ്പന്നമായ ഒരു ശേഖരം സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

സമൂഹങ്ങളുടെ ആവിര്‍ഭാവവും വികാസവും പ്രാചീനകാലം മുതല്‍ നദികളുടെ സാന്നിധ്യത്തെ ചുറ്റിപ്പറ്റിയാണ്. ഗതാഗതം, വ്യാപാരം, വാണിജ്യം, കവിത എന്തുമാകട്ടെ, നദികള്‍ എല്ലാത്തിലും ഒരു കേന്ദ്രസ്ഥാനം വഹിക്കുന്നു.  കാശിയും തമിഴ്‌നാടും പ്രത്യേകമായി വേറിട്ടുനില്‍ക്കുന്നത് ഗംഗ, കാവേരി എന്നീ രണ്ട് ശക്തമായ നദികളാലാണ്, രണ്ടാമത്തേത് ദക്ഷിണ ഗംഗ എന്നാണ് അറിയപ്പെടുന്നത്. ഈ നദീതട സമൂഹങ്ങള്‍ അവയിലൂടെ ഒഴുകുന്ന നദികളുടെ പവിത്രതയെ കേന്ദ്രമാക്കുന്നു. ഈ നദികളെ ഒരുതരം സാംസ്‌കാരികവും ദാര്‍ശനികവുമായ ഐക്യത്തില്‍ ഉള്‍ക്കൊള്ളുന്നു. അത് അവരെ സാമൂഹികവും സാമ്പത്തികവുമായി രൂപപ്പെടുത്തുക മാത്രമല്ല, കലയുടെയും സാഹിത്യത്തിന്റെയും പ്രധാന സൃഷ്ടികള്‍ക്കും കാരണമായി.

നമുക്ക് പൈതൃകമായി ലഭിക്കുന്ന പൈതൃകം അത്രയും ഊര്‍ജ്ജസ്വലമായ ചരിത്രവും ബന്ധവുമുള്ള ഒന്നായിരിക്കുമ്പോള്‍, അതിന്റെ സംരക്ഷണം പരമപ്രധാനമാണ്. ഈ പങ്കുവയ്ക്കപ്പെട്ട പൈതൃകത്തെക്കുറിച്ചുള്ള അറിവ് യുവതലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടതും അവര്‍ക്ക് ഇന്ത്യയുടെ സാംസ്‌കാരികവും നാഗരികവുമായ ധാര്‍മ്മികതയെക്കുറിച്ചുള്ള വീക്ഷണം നല്‍കേണ്ടതും അത്യന്താപേക്ഷിതമാണ്.

'നാനാത്വത്തില്‍ ഏകത്വത്തിലെത്താനുള്ള നമ്മുടെ കഴിവ് നമ്മുടെ നാഗരികതയുടെ സൗന്ദര്യവും പരീക്ഷണവുമായിരിക്കും' എന്ന് മഹാത്മാഗാന്ധി പറഞ്ഞത് എത്ര ശരിയാണ്.  ഈ ദര്‍ശനം കൈവരിക്കാനുള്ള ശ്രമമാണ് കാശിതമിഴ് സംഗമം. രാജ്യത്തിന്റെ രണ്ട് അറ്റങ്ങളായ വടക്കും തെക്കും കൂടിച്ചേരുന്നതിന്റെ പ്രതീകമാണിത്. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രൊഫഷണലുകള്‍, സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും വിദഗ്ധര്‍ എന്നിവര്‍ ഒത്തുചേരുകയും ഈ പങ്കിട്ട പൈതൃകത്തിന്റെ സത്ത നിലനിര്‍ത്താനും പുതിയവ സൃഷ്ടിക്കാനുള്ള വഴികള്‍ കണ്ടെത്താനും ശ്രമിക്കുന്ന സ്ഥലമാണിത്.

തമിഴ് നാട്ടില്‍ നിന്നുള്ള അതിഥികള്‍ക്കായി സാഹിത്യം, പുരാവസ്തുശാസ്ത്രം, ചരിത്രം, സംഗീതം തുടങ്ങിയ വിഷയങ്ങളിലുള്ള സെമിനാറുകളിലൂടെയും കാശി, അയോധ്യ, പ്രയാഗ് രാജ് എന്നീ ഇടങ്ങളിലൂടെയുള്ള യാത്രകളിലൂടെയും പുസ്തകവിവര്‍ത്തനങ്ങളിലൂടെയുമാണ് ഇത് ചെയ്യുന്നത്.  രണ്ട് നഗരങ്ങളുടെയും കലാസാംസ്‌കാരിക പൈതൃകത്തോട് ചേര്‍ന്നുനില്‍ക്കുന്ന പരിപാടികളില്‍ ഭരതനാട്യം, നാടോടിനൃത്തപ്രകടനങ്ങള്‍, കലയെയും സംസ്‌കാരത്തെക്കുറിച്ചുമുള്ള പ്രദര്‍ശനങ്ങള്‍, സംഗീതം, പുസ്തകങ്ങള്‍, ദക്ഷിണേന്ത്യന്‍ ഭക്ഷണത്തെയും തമിഴ് സിനിമകളെയും അടിസ്ഥാനമാക്കിയുള്ള ഉത്സവങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഇന്ത്യയുടെ വ്യക്തിത്വം നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്വാംശീകരണത്തിന്റെ ഫലമാണ്, കാശിതമിഴ് ഇഴകള്‍ പോലെ ആയിരക്കണക്കിന് ഇഴകള്‍ അതിനെ ഇന്നത്തെ നിര്‍ണായക ഐക്യമാക്കി മാറ്റുന്നു.

  comment

  LATEST NEWS


  ജഡ്ജിമാര്‍ക്ക് കൈക്കൂലിയെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെന്ന പരാതി: അഡ്വ. സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്തു


  ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധം: കേരള സര്‍വ്വകലാശാല നടപടി തുടങ്ങി


  ആക്രമണകാരികളെ ഭരണാധികാരികളായി അംഗീകരിക്കാനാകില്ലെന്ന് ഐസിഎച്ച്ആര്‍; രാജവംശങ്ങളുടെ പ്രദര്‍ശിനിയില്‍ നിന്ന് അധിനിവേശ ഭരണകൂടങ്ങളെ ഒഴിവാക്കി


  മഞ്ഞ് മലയില്‍ ഗ്ലാസ് കൂടാരങ്ങളുമായി കശ്മീര്‍; സഞ്ചാരികളെ ആകര്‍ഷിച്ച് ഗ്ലാസ് ഇഗ്ലൂ റെസ്റ്റോറന്റ; ഇന്ത്യയില്‍ ഇത് ആദ്യസംരംഭം


  ന്യൂസിലാന്റിന് 168 റണ്‍സിന്റെ നാണംകെട്ട തോല്‍വി; ഇന്ത്യയ്ക്ക് പരമ്പര, ഗില്ലിന്‍ സെഞ്ച്വറി(126), ഹാര്‍ദ്ദികിന് നാലുവിക്കറ്റ്‌


  മഞ്ഞണിഞ്ഞ് മൂന്നാര്‍; സഞ്ചാരികള്‍ ഒഴുകുന്നു; 15 വര്‍ഷത്തില്‍ തുടര്‍ച്ചയായ മഞ്ഞുവീഴ്ച ഇതാദ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.