login
കുണ്ടറയിലെ കുഞ്ഞമ്മ

വരികളില്‍ നിറഞ്ഞ്

കേരളത്തിലെ കമ്മ്യൂണിസ്റ്റ് മതവിശ്വാസികള്‍ക്ക് ഇപ്പോള്‍ ഏക ആശ്രയം കുണ്ടറയിലെ അണ്ടിയാപ്പീസാണ്. പിണറായിക്കാലത്തെ തള്ളുകളില്‍ പൊറുതിമുട്ടിയ ഒരു വിഭാഗം ആളുകളാണ് കുണ്ടറ അണ്ടിയാപ്പീസിനെ ലോകപ്രസിദ്ധമാക്കിയത്. ഇക്കാര്യത്തില്‍ കുണ്ടറക്കാര്‍ക്ക് ഒരുത്തരവാദിത്തവുമില്ലെന്ന് സാരം.

റഷ്യയും പോളണ്ടും ചൈനയും ക്യൂബയും ഉത്തരകൊറിയയുമൊക്കെയായിരുന്നു മധുരമനോജ്ഞസ്വപ്നങ്ങളായി പണ്ട് പാടിനടന്നിരുന്നത്. മോസ്‌കോയില്‍ മഴ പെയ്തപ്പോള്‍ ഇവിടെ കുട പിടിക്കുന്ന കാലമൊക്കെ പോയി. ക്യൂബയില്‍ നിന്ന വാക്സിനിറക്കിയിട്ട് കോവിഡ് മാറ്റാന്‍ കാത്തിരുന്ന ടീച്ചറമ്മ വരെ കുണ്ടറ അണ്ടിയാപ്പീസിലെ രോമാഞ്ചജനകമായ കഥകള്‍ കേട്ട് കോള്‍മയിര്‍ കൊള്ളുകയാണിപ്പോള്‍.

കശുവണ്ടി ആപ്പീസുകളെല്ലാം 'തുറന്ന് മലര്‍ത്തിയിട്ട്' തൊഴിലാളികളെയും ഉടമകളെയും ഒരേ പരുവത്തിലാക്കിയ കുണ്ടറയിലെ കുഞ്ഞമ്മയാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ ഹരം. ചിറ്റപ്പനും എളേപ്പയ്ക്കും ടീച്ചറമ്മയ്ക്കും ശേഷമാണ് കുഞ്ഞമ്മ ഹിറ്റാകുന്നത്.

ആഗോളതലത്തില്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് അവശേഷിക്കുന്ന ഏക ബുദ്ധിജീവിയായ എം.എ. ബേബിയെ കണ്ട 'പരനാറി'കള്‍ക്ക് തീറ്റയായി കൊടുത്തതിന് ശേഷം പിണറായി സഖാവ് കുണ്ടറ അണ്ടിയാപ്പീസ് വാഴാന്‍ ഇറക്കിയതാണ് കുഞ്ഞമ്മയെ. കുഞ്ഞമ്മയാണെങ്കില്‍ അന്ന് കട്ട വിഎസ് ഫാന്‍. വെട്ടിനിരത്തലും കടുംവെട്ടും കഴിഞ്ഞ് കൊല്ലത്തെ സിപിഎമ്മിലും പിണറായി ആധിപത്യം ചെലുത്തിയ കാലത്ത് കുഞ്ഞമ്മ മാത്രം രക്ഷപ്പെട്ടു. സാക്ഷാല്‍ ഗുരുദാസന്‍ സഖാവ് പോലും ചവിട്ടിമെതിക്കപ്പെട്ട കാലത്താണ് കുഞ്ഞമ്മ മെയ്വഴക്കം കൊണ്ട് പിണറായിയുടെ ചിറകിനടിയില്‍ പറ്റിക്കൂടിയതെന്ന് ഓര്‍ക്കണം.

പിന്നെ എന്തൊക്കെയായിരുന്നു.... അണ്ടിയാപ്പീസുകള്‍ തുറക്കുന്നു, തൊഴിലാളികളുടെ പട്ടിണി മാറ്റുന്നു, അഴിമതി ഇല്ലാതാക്കുന്നു, കൊല്ലം തുറമുഖത്ത് കപ്പലെത്തുന്നു, തീരത്തെ മത്സ്യത്തൊഴിലാളികള്‍ സമ്പന്നരാകുന്നു.... ആകെ മൊത്തം കുഞ്ഞമ്മയുടെ ഭരണത്തില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ സുഖജീവിതത്തിലേക്ക് ആനയിക്കപ്പെടുന്നു. ദോഷം പറയരുതല്ലോ, പിണറായി മുതല്‍ ഐസക്ക് വരെയുള്ള സകലമാന മാര്‍ക്സിസ്റ്റ് നേതാക്കന്മാരുടെയും മുഖത്ത് വിരിയുന്ന പരപുച്ഛം ഒട്ടും കുറയാതെ വാരിവിതറാനുള്ള അസാമാന്യ ശേഷി കുഞ്ഞമ്മയ്ക്ക് പാര്‍ട്ടി പരമ്പര ദൈവങ്ങള്‍ കനിഞ്ഞ് പണ്ടേ കിട്ടിയിട്ടുണ്ട്.

കാഷ്യൂകോര്‍പ്പറേഷന്റെ തലപ്പത്ത് വിവാദ നിയമനങ്ങള്‍ നടത്തിയെന്നും സ്വന്തക്കാരെ തിരുകിക്കയറ്റിയെന്നുമുള്ള ആക്ഷേപങ്ങള്‍ ശക്തമായ കാലത്തും കുഞ്ഞമ്മ കുലുങ്ങിയിട്ടില്ല. സര്‍ക്കാരിന്റെ ആദ്യവര്‍ഷം ഓണത്തിന് മുമ്പ് അണ്ടിയാപ്പീസ് തുറന്ന് തൊഴിലാളിസ്ത്രീകളെ കെട്ടിപ്പിടിച്ചായിരുന്നു കുഞ്ഞമ്മയുടെ ഫോട്ടോഷൂട്ട്. പാര്‍ട്ടിസാഹിത്യകാരന്മാരുടെ തോറ്റംപാട്ട് കേട്ട് ആകെ കുളിരുകോരിയ അവസ്ഥയിലാണ് ആദ്യവര്‍ഷം കുഞ്ഞമ്മ പിന്നിട്ടത്. പിന്നെ കൊല്ലം തോട്ടിലൂടെ അറവുമാലിന്യം ഒരുപാട് ഒഴുകി. തുറന്ന അണ്ടിയാപ്പീസുകളൊക്കെ അടഞ്ഞു. സ്വകാര്യ കശുവണ്ടി മുതലാളിമാര്‍ കടക്കെണി കയറി ഒരുമുഴം കയറില്‍ തൂങ്ങി. കുഞ്ഞമ്മ വക സ്ഥിതിസമത്വം. തൊഴിലാളിയും മുതലാളിയും ഒരു പോലെ പട്ടിണി. അതിനുമപ്പുറം എന്ത് സോഷ്യലിസമാണ് വേണ്ടത്.

കശുവണ്ടിമേഖലയെ മൂടോടെ ഉദ്ധരിച്ച് തീര്‍ന്നപ്പോഴാണ് കുഞ്ഞമ്മയ്ക്ക് മത്സ്യത്തൊഴിലാളികളെ വികസിപ്പിക്കാന്‍ തോന്നിയത്. എത്ര കാലമെന്ന് കരുതിയാണ് പാവങ്ങള്‍ വള്ളത്തിലും മറ്റുമായി കടലില്‍ പോകുന്നത്. ഇനി അമേരിക്കന്‍ ട്രോളറുകളില്‍ പോകാം. അതിനാണ് കുഞ്ഞമ്മ 5000 കോടി ഷിജുവര്‍ഗീസിന്റെ അമേരിക്കന്‍ കമ്പനിക്ക് വാരിയെറിഞ്ഞത്. പോരാഞ്ഞ് നാലേക്കര്‍ ഭൂമിയും കൈമാറാന്‍ ധാരണയുണ്ടാക്കി.

അമേരിക്കയില്‍ പോയപ്പോള്‍ അമേരിക്കന്‍ കമ്പനിയുടെ ആളുകള്‍ കുഞ്ഞമ്മയെ കണ്ടുവെന്ന് ചെന്നിത്തല രമേശന്‍ നായര്‍ ഐശ്വര്യകേരള യാത്രയുമായി കൊല്ലത്ത് കയറിയപ്പോഴാണ് വെടി പൊട്ടിച്ചത്. കുഞ്ഞമ്മ പിണറായി മോഡല്‍ പുച്ഛമിട്ടാണ് മറുപടി പറഞ്ഞത്. പ്രതിപക്ഷനേതാവിന്റെ മനോനിലയ്ക്ക് തകരാറാണത്രെ. അതോണ്ട് വായില്‍ തോന്നിയത് പറേന്നതാവും എന്നാണ് കുഞ്ഞമ്മ പുച്ഛിച്ചത്.

സംഗതി  പടം സഹിതം പുറത്തുവന്നപ്പോള്‍ കുഞ്ഞമ്മ പെട്ടു. പറഞ്ഞത് വിഴുങ്ങി. വിഴുങ്ങിയത് ഛര്‍ദ്ദിച്ച് പിന്നേം വിഴുങ്ങി. ഒരു കള്ളം മറയ്ക്കാന്‍ പിന്നേം പിന്നേം കള്ളം പറഞ്ഞു. അമേരിക്കന്‍ കമ്പനിയുടെ കരാര്‍ പിണറായി സര്‍ക്കാരിന്റെ നേട്ടമാണെന്ന പിആര്‍ഡി പരസ്യമിറക്കിയത് പോലും കുഞ്ഞമ്മ കണ്ടില്ല. അതൊക്കെ 'ആര് എപ്പം' എന്ന് പറഞ്ഞ് കുഞ്ഞമ്മ കൈമലര്‍ത്തി. ഒരോ പരിപാടി നടക്കുമ്പോഴും 'കൊട്ടക്കണക്കിന് കരാറാണ് ഒപ്പിടുന്നതെ'ന്ന് പരിതപിച്ചു. എന്താ, ഏതാന്നൊക്കെ എങ്ങനെ അറിയാനാണെന്ന് നിലവിളിച്ചു. കുഞ്ഞമ്മ മാത്രമല്ല പാര്‍ട്ടിയിലെ ചിറ്റപ്പനും മൂത്താപ്പയുമെല്ലാം ഒത്തുചേര്‍ന്നാണ് മത്സ്യത്തൊഴിലാളികളെ കനപ്പിക്കാന്‍ ഒരുങ്ങിയിറങ്ങിയതെന്ന് വ്യക്തമായി. നാട്ടുകാര്‍ കൂക്കിവിളിക്കാന്‍ തുടങ്ങിയതോടെ ആറുമണിത്തള്ളുമായി പിണറായി എത്തി. എനക്കറിയില്ല എന്ന പല്ലവി നൂറാവര്‍ത്തി പിന്നെയും കേരളം കേട്ടു. ഇമ്മാതിരി ഒന്നുമറിയാ പൈതങ്ങളോട് എന്ത് പറയാനാണ്! കേരളത്തിന്റെ തലവിധി എന്നല്ലാതെ.

ആരെങ്കിലും കണ്ടുപിടിച്ച് വിളിച്ചുപറയും വരെ കട്ടുമുടിക്കാമെന്ന് കരുതിയ ഒരു ഭരണകൂടത്തിന്റെ ഭാഗമാണ് കുഞ്ഞമ്മയും കൂട്ടരും. ഇപ്പോള്‍ കേള്‍ക്കുന്നത് ഊരുംപേരുമില്ലാത്ത ഒരു തട്ടിക്കൂട്ട് കമ്പനിക്കാണ് കുഞ്ഞമ്മയും സംഘവും 5000 കോടി നീട്ടിയതെന്നാണ്. സംഗതി വെറും കടലാസാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടും വകവെക്കാതെ പിണറായിയും കൂട്ടരും മുന്നോട്ടു പോവുകയായിരുന്നു. കമ്പനി എന്ന് പറയുന്നത് വ്യാജമാണെങ്കില്‍ 5000 കോടി രൂപ ആര്‍ക്ക് എങ്ങനെ നല്‍കാമെന്നാണ് സര്‍ക്കാര്‍ കരുതിയതെന്ന് കുഞ്ഞമ്മ മാലോകരോട് പറയണം. കള്ളപ്പണത്തിന്റെയും ലഹരിയുടെയും ഹബ്ബാണ് കേരളമെന്ന് കണക്കുകള്‍ വിളിച്ചുപറയുന്ന കാലത്ത് പ്രത്യേകിച്ചും. ഇക്കണ്ട കള്ളമെല്ലാം വിളിച്ചുകൂവിയിട്ട് കുഞ്ഞമ്മയോടൊന്നും തോന്നല്ലേ മക്കളേ എന്ന് നിഷ്‌കു കളിച്ചിട്ട് കാര്യമില്ലെന്ന് സാരം.

  comment

  LATEST NEWS


  ശ്രീനാരായണ ഗുരുവും കുമാരനാശാനും


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.