×
login
പല്ലുപോകുമെന്ന് ഓര്‍ക്കണം കല്ലുകടിക്കും മുമ്പ് ; പോലീസും സമാധാനം നല്‍കേണ്ടി വരും

മനുഷ്യനെ സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന കുമ്മനം രാജശേഖരന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസുപോലുമില്ല. സത്യമാണദ്ദേഹത്തിന്റെ ദൈവം. ധര്‍മ്മമാണ് അദ്ദേഹത്തിന്റെ ശക്തി. അത് കൈവിട്ട ഒരു നടപടിയും നിലപാടും കുമ്മനത്തിനില്ല.

കുമ്മനം രാജശേഖരന്‍ കേരളത്തിലെ അസാധാരണ രാഷ്ട്രീയക്കാരനെന്ന് അറിയാത്തവരില്ല. കേരളത്തില്‍ കാണുന്ന രാഷ്ട്രീയ നേതാക്കളുടെ കെട്ടുകാഴ്ചകളിലൊന്നും അദ്ദേഹം അകപ്പെട്ടില്ല.  ഒരു വേലയും കൂലിയും ഇല്ലാത്തവര്‍ എത്തിപ്പെടുംപോലെ രാഷ്ട്രീയം മേച്ചില്‍പ്പുറമാക്കിയ വ്യക്തിയല്ല കുമ്മനം. നാല് പതിറ്റാണ്ട് മുമ്പ് പൊതുരംഗത്ത് അദ്ദേഹം ഇറങ്ങിയത് തരക്കേടില്ലാത്ത ജോലി ഉപേക്ഷിച്ചുകൊണ്ടാണ്.  

പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ സ്ഥാനങ്ങളില്‍ അദ്ദേഹം നിരവധി സ്ഥാപനങ്ങളില്‍ സേവനം നടത്തി. അതോടൊപ്പം അടിസ്ഥാന വര്‍ഗ്ഗത്തിന്റെയും അവഗണിക്കപ്പെട്ട സമൂഹത്തിന്റെയും രക്ഷകനെന്ന് തെളിയിക്കുന്ന നിരവധി ജനകീയ സമരങ്ങള്‍. കുടിയിറക്കപ്പെടുന്ന പാവങ്ങള്‍ക്കായി നടത്തീയ ധീരമായ നേതൃത്വം കേരളത്തെ ആവേശം കൊള്ളിക്കുന്നതാണ്. പരിസ്ഥിതിക്കും മണ്ണിനും വെള്ളത്തിനും ഭവനത്തിനും ദാഹിക്കുന്നവരോടൊപ്പമായിരുന്നു എന്നും അദ്ദേഹത്തിന്റെ സ്ഥാനം.

ശബരിമല ശ്രീ ധര്‍മ്മ ശാസ്താവിന്റെ പര്യായമായി കുമ്മനം രാജശേഖരനെ ബഹുമാനിക്കുന്നവര്‍ ദക്ഷിണേന്ത്യയിലാകെയുണ്ട്. അയ്യപ്പന്റെ പൂങ്കാവനം കയ്യടക്കാന്‍ കച്ചകെട്ടിയവരെ പൊതുസമൂഹത്തില്‍ തുറന്നുകാട്ടാന്‍ നിലയ്ക്കലില്‍ അദ്ദേഹം നയിച്ച സമരം വിസ്മരിക്കാനാവില്ല. സര്‍ക്കാരിന്റെ ഭീഷണിയേയും കയ്യേറിയവരുടെ ധിക്കാരത്തേയും തോല്‍പ്പിച്ച നേതൃത്വമാണദ്ദേഹത്തിന്റെത്. വര്‍ഗ്ഗീയ പ്രീണനത്തിന് മത്സരിച്ച് ഹൈന്ദവ താല്‍പര്യങ്ങളെ ചവിട്ടി മെതിക്കുന്നവര്‍ക്ക് ചാട്ടവാറെന്നപോലെ മര്‍മ്മം നോക്കി ഗാന്ധിജിയുടെ മാതൃകയില്‍ സമരം നയിക്കാനും അദ്ദേഹത്തിനായി. അതാണ് മാറാട് മനുഷ്യക്കുരുതിക്കെതിരെ നടത്തിയ സമരപരമ്പര. മാറാട് ഇരകള്‍ അവര്‍ നേരിട്ട അതേ മാതൃകയില്‍ തിരിച്ചുനല്‍കാന്‍ ശേഷിയുള്ള സമൂഹമായിരുന്നു. ആ മാര്‍ഗ്ഗം സ്വീകരിക്കുന്നതിന് തടയിട്ടത് കുമ്മനമാണ്. നീതിക്കുവേണ്ടി അഞ്ചുമാസം നയിച്ച സമരത്തിന് മുന്നില്‍ സര്‍ക്കാരിന് കീഴടങ്ങേണ്ടി വന്നു. ഇരകള്‍ക്ക് ആശ്വാസം ലഭിക്കുന്ന തീരുമാനത്തിലേക്ക് എത്തിക്കാനും നീതി ലഭ്യമാക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിന് സാധിച്ചു.  

മനുഷ്യനെ സ്‌നേഹിക്കാന്‍ മാത്രം അറിയുന്ന ആ ഗാന്ധിയന്റെ പേരില്‍ ഒരു ക്രിമിനല്‍ കേസുപോലുമില്ല. സത്യമാണദ്ദേഹത്തിന്റെ ദൈവം. ധര്‍മ്മമാണ് കുമ്മനത്തിന്റെ ശക്തി. അത് കൈവിട്ട ഒരു നടപടിയും നിലപാടും കുമ്മനത്തിനില്ല. സ്ഥാനം നേടാനും സാമ്പത്തിക ലാഭമുണ്ടാക്കാനും തരിമ്പുപോലും ആഗ്രഹിക്കാത്ത വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെത്. അതുകൊണ്ട് തന്നെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റായി കുമ്മനത്തെ കണ്ടെത്തിയത്. തുടര്‍ന്ന് മിസോറാം ഗവര്‍ണര്‍ സ്ഥാനവും അദ്ദേഹത്തെ തേടിയെത്തി. സര്‍വ്വസംഗ പരിത്യാഗി എന്നൊക്കെ പറയാറുണ്ടല്ലൊ, അതുപോലെരു ജീവിതശൈലി സ്വായത്തമാക്കിയ കുമ്മനത്തോട് തെരഞ്ഞെടുപ്പ് മത്സരത്തിനൊരുങ്ങണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ അടുത്ത വിമാനത്തില്‍ വസ്ത്രങ്ങള്‍ മാത്രമെടുത്ത് കേരളത്തിലെത്തി.


സ്ഥാനത്തിരിക്കുമ്പോള്‍ അത് നിലനിര്‍ത്താനും പൊതുമുതല്‍ തട്ടിയെടുക്കാനും അതിബുദ്ധി കാട്ടുന്ന ഒരുപാട് രാഷ്ട്രീയക്കാരെ കണ്ടു. അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായി കാണപ്പെട്ട കുമ്മനം തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ടു എന്നറിഞ്ഞാല്‍ പലതവണ ആലോചിച്ചേ അത് പൊതുസമൂഹത്തിലെത്തിക്കാന്‍ പാടുള്ളൂ എന്ന ധര്‍മ്മം മാധ്യമങ്ങള്‍ തമസ്‌കരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ വലിയ വാര്‍ത്തയായി കുമ്മനത്തിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ചില മാധ്യമങ്ങള്‍ മത്സരിച്ചു.  

സംഭവം എന്താണെന്ന് അന്വേഷിക്കട്ടെ എന്ന് പറയാന്‍ മുഖ്യമന്ത്രിക്കും തോന്നിയില്ല. പത്രസമ്മേളനത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് രാഷ്ട്രീയം നോക്കിയൊന്നുമല്ല കേസ്സെടുക്കുന്നതെന്നായിരുന്നു പിണറായി വിജയന്റെ മറുപടി. കോടതിയില്‍ ഒറ്റക്കാലില്‍ നിന്ന് മറുപടി പറയേണ്ട ഒട്ടേറെ കേസുകള്‍ തേടിയെത്തുന്ന മുഖ്യമന്ത്രി, തന്നെ പോലെയാണ് മറ്റുള്ളവരും എന്ന് ചിന്തിച്ചുകാണും. ഇപ്പോഴിതാ പരാതിക്കാരന്‍ ഹരികൃഷ്ണന്‍ നമ്പൂതിരി തലയില്‍ കൈവച്ചു പറയുന്നു താന്‍ കുമ്മനത്തിനെതിരെ ഒരു പരാതിയും പറഞ്ഞിട്ടില്ലെന്ന്. ഇതാ അയാളുടെ വാക്കുകള്‍: ''മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പണമിടപാട് സംബന്ധിച്ച് യാതൊരു കാര്യത്തിലും ഇടപെട്ടില്ല. പണം തട്ടിയതുമായി ബന്ധപ്പെട്ട് താന്‍ കുമ്മനം രാജശേഖരനെതിരെ ഒരു ആരോപണവും ഉന്നയിച്ചിട്ടില്ല. പേപ്പര്‍ കോട്ടണ്‍ മിക്‌സ് നിര്‍മിക്കുന്ന കമ്പനിയില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നല്കിയെന്ന് താന്‍ നല്‍കിയ മൊഴിയിലോ പരാതിയിലോ കുമ്മനം പണം വാങ്ങിയതായോ ഒന്നും പ്രതിപാദിച്ചിട്ടില്ല. കുമ്മനത്തെ തനിക്ക് ചെറുപ്പം മുതല്‍ അറിയാവുന്നതാണ്. പണമിടപാട് കാര്യത്തില്‍ അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. കുമ്മനത്തിനെതിരെ ഒരു ആരോപണവും താന്‍ ഉയര്‍ത്തിയിട്ടില്ല''.  

പരാതിക്കാരന്‍ പറഞ്ഞതാണ് സത്യമെങ്കില്‍ പോലീസ് എങ്ങനെ പ്രതിപ്പട്ടികയില്‍ കുമ്മനത്തെ ഉള്‍പ്പെടുത്തി? പരാതിക്കാരന്റെ ഉറ്റ സുഹൃത്ത് സിപിഎം നേതാവിന്റെ സമ്മര്‍ദ്ദമാണോ? മുഖ്യമന്ത്രിക്ക് ഈ വിഷയം അറിയില്ലെന്നുണ്ടോ? അറിഞ്ഞുകൊണ്ട് പ്രതിചേര്‍ത്തതാണെങ്കില്‍ പ്രശ്‌നം ഗുരുതരമാണ്.

സോളാര്‍ തട്ടിപ്പ്, ബാര്‍കോഴ, സ്വര്‍ണക്കടത്ത് തട്ടിപ്പ്, ഭൂമി തട്ടിപ്പ്, ചിട്ടി തട്ടിപ്പ് തുടങ്ങി പ്രചാരണത്തില്‍ പ്രബലമായി നില്‍ക്കുന്ന തട്ടിപ്പുകളില്‍ ഭരണ-പ്രതിപക്ഷ നേതാക്കള്‍ പ്രതി പട്ടികയിലാണ്. ബിജെപിയുടെ പേരും ഇരിക്കട്ടെ എന്ന് ചിന്തിച്ചു കാണുമോ? കുമ്മനം കരുത്തുള്ള കല്ലാണ്. അതില്‍ കയറി കടിക്കുമ്പോള്‍ ഓര്‍ക്കണം പല്ല് ബാക്കി കാണുമോ എന്ന്. പ്രതിപ്പട്ടികയില്‍ കുമ്മനത്തെ ഉള്‍പ്പെടുത്തിയ പോലീസും സമാധാനം നല്‍കേണ്ടി വരും.

  comment

  LATEST NEWS


  യേശുദാസിന്‍റെ ഹിന്ദി ഗാനം 'മാനാ ഹൊ തും' പാടുമ്പോള്‍ വേദിയില്‍ കുഴഞ്ഞു വീണ് ഗായകന്‍ ഇടവാ ബഷീര്‍ മരിച്ചു(വീഡിയോ)


  പശുവിനെ കൊല്ലാമെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നു: നടി നിഖില വിമല്‍


  കുട്ടികള്‍ക്ക് താങ്ങായി പിഎം- കെയേഴ്സ് ഫോര്‍ ചില്‍ഡ്രണ്‍; കേരളത്തില്‍ നിന്നുള്ള 112 കുട്ടികള്‍ക്ക് സഹായം ലഭിക്കും


  രാജ്യത്തെ യൂണികോണുകളുടെ എണ്ണം 100ല്‍ എത്തി; ഇന്ത്യയുടെ സാധ്യതകളില്‍ പുതിയ ആത്മ വിശ്വാസം പകരുന്നുവെന്ന് പ്രധാനമന്ത്രി


  ഇന്ത്യയില്‍ ഏകീകൃത സിവില്‍കോഡ് നടപ്പാക്കരുതെന്ന് ഉത്തര്‍പ്രദേശിലെ ഡിയോബാന്‍റില്‍ നടന്ന മുസ്ലിം സംഘടനാ സമ്മേളനം


  പെയ്തിറങ്ങിയ മഴയില്‍ തണുപ്പകറ്റാന്‍ ചൂടു ചായ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.