×
login
ആദര്‍ശം മറന്നു; ഉദ്ധവ് സ്വയം കുഴിതോണ്ടി

തെരഞ്ഞെടുപ്പില്‍ 106 സീറ്റുകള്‍ ലഭിച്ച ബിജെപിയെ അകറ്റി 56 സീറ്റുകള്‍ മാത്രമുള്ള സേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സഖ്യമുണ്ടാക്കി അധികാരം പിടിച്ചെടുത്തു. ആദര്‍ശവും ഹിന്ദുത്വമെന്ന അടിസ്ഥാന ആശയവും മറന്നുള്ള സഖ്യത്തിനെതിരെ അന്നേ പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും എതിര്‍പ്പും രോഷവും ഉണ്ടായിരുന്നു. ബാല്‍ താക്കറെയുടെ ഉറ്റ അനുയായി ഏകനാഥ് ഷിന്‍ഡെ അടക്കമുള്ളവര്‍ ഈ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തതാണ്.

അനില്‍. ജി

വെറും രണ്ടരവര്‍ഷം ഉന്തിത്തള്ളിനീക്കിയ മഹാവികാസ് അഘാഡി പൊളിയുമ്പോള്‍ മഹാരാഷ്ട്രയില്‍ കരുത്താര്‍ജ്ജിക്കുന്നത് ഹിന്ദുത്വം തന്നെ. ഹിന്ദുത്വത്തിന്റെ കരുത്തില്‍ മറാത്താ സ്വാഭിമാനമായിരുന്നു ബാല്‍ താക്കറെ രൂപീകരിച്ച് പോറ്റി വളത്തിയ ശിവസേനയുടെ അടിത്തറ. അതില്‍ ഉറച്ചുനിന്ന് ബിജെപിയുമായി കൈകോര്‍ത്ത് ആ സഖ്യം നേടിയ വിജയങ്ങള്‍  മറാത്ത ജനതയെ ശക്തരാക്കി.  

ബാല്‍ താക്കറെയുടെ കാലത്തൊരിക്കലും ആ സഖ്യം സ്വന്തം അടിത്തറ മറന്നിട്ടില്ല. അതുകൊണ്ടുതന്നെ ജനവും ആ സഖ്യത്തെ കൈ നീട്ടി സ്വീകരിച്ചു, അധികാരത്തിലേറ്റി ലാളിച്ചു. എന്നാല്‍ താക്കറെയുടെ വിയോഗത്തോടെ  പാര്‍ട്ടി, മകന്‍ ഉദ്ധവ് താക്കറെയുടെ കൈകളിലായി. ആദര്‍ശമോ ആത്മാഭിമാനമോ ഇല്ലാത്ത ഉദ്ധവ് കൈക്കൊണ്ട നടപടികള്‍ താക്കറെയുടെ മരുമകന്‍ രാജ് താക്കറെയെ വരെ പാര്‍ട്ടിയില്‍ നിന്നകറ്റി. മഹാരാഷ്ട്ര നവ നിര്‍മ്മാണ സേനയെന്ന പാര്‍ട്ടിയുടെ രൂപീകരണത്തിലാണ് അതെത്തിയത്.

ഉദ്ധവിന്റെ ഇത്തരം സമീപനമാണ് ശിവസേനയുടെ സ്വാഭാവിക സഖ്യകക്ഷിയായ ബിജെപിയെപ്പോലും അകറ്റിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പോടെ ഈ ഭിന്നത ശക്തമായി. സഖ്യം തന്നെ തകര്‍ന്നു. ഉദ്ധവിന്റെ അധികാരക്കൊതി കൂടിയായതോടെ ബന്ധം ശിഥിലമായി. തെരഞ്ഞെടുപ്പില്‍ 106 സീറ്റുകള്‍ ലഭിച്ച ബിജെപിയെ അകറ്റി 56 സീറ്റുകള്‍ മാത്രമുള്ള സേന എന്‍സിപിയുമായും കോണ്‍ഗ്രസുമായും ചേര്‍ന്ന് സഖ്യമുണ്ടാക്കി അധികാരം പിടിച്ചെടുത്തു. ആദര്‍ശവും ഹിന്ദുത്വമെന്ന അടിസ്ഥാന ആശയവും മറന്നുള്ള സഖ്യത്തിനെതിരെ അന്നേ പാര്‍ട്ടിയിലും ജനങ്ങള്‍ക്കിടയിലും എതിര്‍പ്പും രോഷവും ഉണ്ടായിരുന്നു. ബാല്‍ താക്കറെയുടെ ഉറ്റ അനുയായി ഏകനാഥ് ഷിന്‍ഡെ അടക്കമുള്ളവര്‍  ഈ തീരുമാനത്തെ എതിര്‍ക്കുകയും ചെയ്തതാണ്. എന്നാല്‍ ഈ എതിര്‍പ്പുകളെയെല്ലാം തള്ളിയാണ് മഹാവികാസ് അഘാഡി രൂപീകരിച്ചതും അധികാരം പിടിച്ചെടുത്തതും. അതിനുശേഷമുള്ള രണ്ടര വര്‍ഷം ആദര്‍ശം മറന്നുള്ള ഭരണമായിരുന്നു.  വീര സവര്‍ക്കറെപ്പോലുള്ള ധീര ദേശാഭിമാനികളുടെ പേരില്‍  പലരും വിവാദം മനഃപൂര്‍വ്വം ഉണ്ടാക്കിയപ്പോള്‍, കോണ്‍ഗ്രസ് അടക്കം വിവാദങ്ങളെ തുണച്ചപ്പോള്‍ അതിനെ ശക്തിയുക്തം എതിര്‍ക്കേണ്ട ശിവസേന മൗനം പാലിച്ചു. മഹാരാഷ്ട്രയുടെ അഭിമാനമുയരേണ്ട പല സമയത്തും  കോണ്‍ഗ്രസിന് വഴിപ്പെട്ട്, അധികാരം നിലനിര്‍ത്താന്‍ വേണ്ടി ഉദ്ധവ് ആദര്‍ശം ബലികഴിച്ചു. എന്‍സിപിയിലെ അനില്‍ ദേശ്മുഖിനെപ്പോലുള്ള അഴിമതിക്കാര്‍ കോടികള്‍ കൊള്ളയടിച്ചപ്പോള്‍ ഒന്നും ചെയ്തില്ല. മന്ത്രിയായിരുന്ന ദേശ്മുഖ് പോലീസിനെ ഉപയോഗിച്ച് കോടികള്‍ പിരിച്ചു തട്ടിയെടുത്ത സംഭവം ഉദ്ധവ് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ത്തു.

മറ്റൊരു എന്‍സിപി നേതാവായ നവാബ് മാലിക്കിന്റെ കള്ളപ്പണ ഇടപാടുകളും ദാവൂദിനെപ്പോലുള്ള രാജ്യദ്രോഹികളുമായുള്ള ബന്ധവും സര്‍ക്കാരിനെ മുള്‍മുനയിലാക്കിയപ്പോഴും എന്‍സിപിയെ താക്കീത് ചെയ്യാന്‍ പോലും ശിവസേനക്കായില്ല. ദാവൂദുമായി ബന്ധമുള്ള ഇയാള്‍ ദാവൂദിന്റെ സ്വന്തക്കാരുമായി വസ്തു ഇടപാടുകള്‍ പോലും നടത്തി. ഇതിനെതിരെ വലിയ ജനരോഷം ഉയര്‍ന്നു. ഉദ്ധവ് അതൊന്നും കണ്ടതായി നടിച്ചില്ല. പകരം കേന്ദ്രത്തിലെ മോദി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായി ശ്രമം. ഇത്തരം അടിത്തറകള്‍ മറന്നുള്ള പ്രവര്‍ത്തനങ്ങളാണ് അന്തിമമായി ഉദ്ധവിന് വിനയായത്.


പാര്‍ട്ടി നേതാക്കള്‍ക്കും  പ്രവര്‍ത്തകര്‍ക്കും ഉദ്ധവ് അപ്രാപ്യനായിരുന്നു. ഉദ്ധവിനെ കാണാന്‍ വേണ്ടി നേതാക്കള്‍ക്കു പോലും കാത്തുകെട്ടിക്കിടക്കേണ്ടിവന്നു.

ഷിന്‍ഡെ താക്കറെയുടെ ശിഷ്യന്‍

അതേ സമയം പാര്‍ട്ടിയില്‍ എതിര്‍പ്പിന്റെ കുന്തമുന ഉയര്‍ത്തിയ ഏകനാഥ് ഷിന്‍ഡെ ബാല്‍ താക്കറെയുടെ അരുമ ശിഷ്യനായിരുന്നു. പാര്‍ട്ടി ആദര്‍ശങ്ങള്‍ പണയം വച്ച സമയത്തെല്ലാം ഷിന്‍ഡെ മുന്നറിയിപ്പ് നല്‍കി. ഉദ്ധവ് വകവെച്ചില്ല.  ഷിന്‍ഡെയെ മന്ത്രിയാക്കിയെങ്കിലും ഒതുക്കി. അദ്ദേഹത്തിന്റെ വകുപ്പില്‍ ഉദ്ധവും മകന്‍ ആദിത്യയും നിരന്തരം ഇടപെട്ടു. എന്‍സിപിയും കോണ്‍ഗ്രസും സേനാ മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളില്‍ പോലും കടന്നു കയറി. ഒന്നും ഉദ്ധവ് അറിഞ്ഞില്ല.

പാര്‍ട്ടിയിലെ കരുത്തനായിരുന്ന ഷിന്‍ഡെക്ക് അര്‍ഹതപ്പെട്ട സ്ഥാനങ്ങള്‍ നല്കിയില്ല. പരിഗണന പോലും ലഭിക്കാതെ പാര്‍ശ്വവത്കരിക്കപ്പെട്ടു. അതിലുള്ള രോഷമാണ് ഒടുവില്‍ പൊട്ടിത്തെറിച്ചതും ഉദ്ധവിന്  മുഖ്യമന്ത്രി പദം പോലും നഷ്ടപ്പെട്ടതും. ഷിന്‍ഡെ ഇടഞ്ഞതോടെ ഒന്നും രണ്ടുമല്ല ഏതാണ്ട് മുഴുവന്‍ എംഎല്‍എമാരും അദ്ദേഹിനൊപ്പം ഓടിയെത്തി. ഗുജറാത്തിലേക്കും പിന്നെ ആസാമിലേക്കും പോകുന്ന സമയത്തു പോലും 55 സേനാ എംഎല്‍എമാരില്‍ 35 പേരും ഷിന്‍ഡെയ്ക്ക് ഒപ്പമായിരുന്നുവെന്നത് അദ്ദേഹത്തിന്റെ കരുത്താണ് വെളിവാക്കിയത്.  

മുഖ്യമന്ത്രിയും ബാല്‍ താക്കറെയുടെ മകനുമായ ഉദ്ധവിന് സ്വന്തം എംഎല്‍എമാരെ പോലും കൂടെ നിര്‍ത്താന്‍ കഴിഞ്ഞില്ല എന്നാത് നിസ്സാരമല്ല. എംഎല്‍എമാരിലും അണികളിലും പോലും സ്വാധീനമില്ലാത്തയാളായി മുഖ്യമന്ത്രി മാറിയെങ്കില്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല എന്നാണര്‍ത്ഥം.  വരും ദിവസങ്ങളില്‍ ഉദ്ധവ് കൂടുതല്‍ കൂടുതല്‍ ഒറ്റപ്പെടും എന്നതില്‍ തര്‍ക്കമില്ല. ശിവസേനയില്‍ ഉദ്ധവ് ഒന്നുമല്ലാതാകും.  പാര്‍ട്ടി ബാല്‍ താക്കറെയുടെ യഥാര്‍ത്ഥ അനുയായി ആയ ഷിന്‍ഡെയുടെ കൈകളില്‍ എത്തുന്നുവെന്നത് ആശ്വാസകരമാകും.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.