×
login
അതെ, ഭരണത്തിലേക്ക് തന്നെ

കേന്ദ്ര സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനോ തളര്‍ത്താനോ കെല്‍പ്പുള്ള രാഷ്ട്രീയ നേതൃത്വം ഇന്ന് നമ്മുടെ രാജ്യത്തില്ല. കാര്‍ഷിക സമരത്തില്‍ ഇന്ന് കര്‍ഷകരില്ല. ദല്ലാളുകള്‍ മാത്രം. അത് മെല്ലെ മെല്ലെ തിരിച്ചറിയാന്‍ തുടങ്ങി. കോണ്‍ഗ്രസുകാര്‍പോലും! അതിന്റെ പ്രതിഫലനം കേരളത്തിലും ഉണ്ടാകും.

ബിജെപി കേരളം ഭരിക്കുമെന്നോ? ചിലര്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. ഇത് പ്രബുദ്ധരായ മലയാളികളെ അവഹേളിക്കലാണ്. സ്വതന്ത്രമായ ജനാധിപത്യ ബോധത്തെ വെല്ലുവിളിക്കുകയാണത്. ആരെ ജയിപ്പിക്കണം, ആര്‍ക്ക് വോട്ടുചെയ്യണമെന്നത് പൗരന്റെ അനിഷേധ്യമായ സ്വാതന്ത്ര്യമാണ്. അതിന് വിപരീതമായി ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഏകാധിപത്യ പ്രവണതയാണ്. ഏത് കുറ്റിചൂലിനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തിയാലും വോട്ടുചെയ്ത് ജയിപ്പിക്കുമെന്നത് കമ്യൂണിസ്റ്റ് മനോഭാവമാണ്. കമ്മ്യൂണിസത്തില്‍ ജനാധിപത്യമില്ലല്ലോ. കുറ്റിച്ചൂലുകളെ ജയിപ്പിച്ചതിന്റെ ദുര്യോഗമാണ് ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

സ്വന്തമായി അഭിപ്രായമോ നിരീക്ഷണമോ നിഗമനങ്ങളോ ഇല്ലാത്ത ഭരണാധികള്‍ വെറും പാവങ്ങളാണ്. പാര്‍ട്ടി പറയും. കംപ്യൂട്ടര്‍വേണ്ട. ട്രാക്ടര്‍ വേണ്ട. മെതിയന്ത്രം വേണ്ട. അതനുസരിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ പുരോഗമനം അസ്തമിക്കുന്നു. പരിവര്‍ത്തനം വഴിമുട്ടിനില്‍ക്കുന്നു. കൊയ്ത്ത് യന്ത്രവും മെതിയന്ത്രവും വേണ്ടെന്ന നിലപാട് കാര്‍ഷികമേഖലയെ പ്രതിസന്ധിയിലാക്കി. കൃഷിയാകട്ടെ നഷ്ടത്തിലും നാശത്തിലുമെത്തി. ഇത് ഭക്ഷ്യക്ഷാമത്തിലേക്കും കാര്‍ഷിക മേഖലയുടെ നാശത്തിലേക്കും കൂപ്പുകുത്തുകയും ചെയ്തു. ഈ പ്രശ്‌നം ആരോടുപറയും? ആര് പരിഹാരം ചെയ്യും? ഇതൊന്നും പാര്‍ട്ടിക്ക് പ്രശ്‌നമേയല്ല. തൊപ്പി കീറിയാലും തല ഉള്ളിലേക്ക് കടക്കണമെന്ന സമീപനം എല്ലാം നശിപ്പിച്ചു. കൃഷി വൈവിധ്യങ്ങളെ അംഗീകരിക്കാത്ത സമീപനം വെട്ടിനിരത്തല്‍ സിദ്ധാന്തത്തിലേക്ക് വഴിമാറി.

കേരളം ചെറിയ സംസ്ഥാനമാണ്. കാര്‍ഷിക ഭൂമി പരിമിതം. ആവശ്യത്തിന് വെള്ളമോ വളമോ ഇല്ലാത്ത സാഹചര്യത്തില്‍ ഇതിന്റെയൊന്നും അനിവാര്യതയില്ലാത്ത മേഖലയിലേക്ക് തിരിഞ്ഞു. അപ്പോഴാണ് വെട്ടിനിരത്തിലേക്ക് നീങ്ങിയത്. ഇത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. ചെറുത്തതും വെറുത്തതുമായ യന്ത്രവല്‍ക്കരണത്തെ ഇപ്പോള്‍ മാറോട് ചേര്‍ക്കുകയാണ്. അതാണ് വിധി വൈപര്യത്വം എന്ന് പറയുന്നത്.

പതിറ്റാണ്ടുകളായി കാര്‍ഷികമേഖലയില്‍ പരിവര്‍ത്തനം വേണമെന്ന ആവശ്യം ശക്തമാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ അതിനായി നിരവധി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. കൃഷിശാസ്ത്രജ്ഞനായ സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദ്ദേശം നടപ്പാക്കണമെന്ന് കര്‍ഷക സംഘനകള്‍ ദശാബ്ദങ്ങളായി ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രീയ കക്ഷികള്‍ക്കും അതേ അഭിപ്രായം. ഇടത്തട്ടുകാരെ അവഗണിക്കണം. കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉല്‍പ്പാദനച്ചെലവിന് അനുസരിച്ച് വിലകിട്ടണം. ഇടത്തട്ടുകാരാണ് അതിന് തടസം. അത് ഒഴിവാക്കണം എന്നതാണ് പ്രധാന ആവശ്യം. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും ചേര്‍ന്നു ഭരിച്ചപ്പോഴൊന്നും ഈ ആവശ്യം പരിഗണിച്ചില്ല. ബിജെപി സര്‍ക്കാര്‍ അതിലേക്ക് ശ്രദ്ധതിരിച്ചു.

കര്‍ഷകരുടെ മുതല്‍മുടക്കിന്റെ ഇരട്ടി ആദായം കിട്ടണം എന്ന നിലപാട് സ്വീകരിച്ചു. ഒന്നര ഇരട്ടിയെങ്കിലും ആദായം കിട്ടിയാലേ കൃഷിക്കാരുടെ മനസ്ഥിതി മാറ്റാനാകൂ എന്നു ചിന്തിച്ചു. ഇടത്തട്ടുകാരെ ഒഴിവാക്കാനുള്ള നിയമനിര്‍മാണത്തെക്കുറിച്ച് ചിന്തിച്ചു. അതിനായി വിവിധ മേഖലകളില്‍ ചര്‍ച്ച നടത്തി. അതിനായാണ് നിയമനിര്‍മ്മാണം നടത്തിയത്.

നിയമനിര്‍മാണ സഭയാണല്ലോ പാര്‍ലമെന്റ്. ആറുമാസം മുന്‍പ് നിയമം സഭയില്‍ ചര്‍ച്ച നടത്തിയപ്പോള്‍ ആര്‍ക്കും ഒരെതിര്‍പ്പുമുണ്ടായില്ല. നിയമം നടപ്പാക്കാന്‍ നേരമാണ് സമരവുമായി ചിലര്‍ രംഗത്തുവന്നത്. കൃഷിയുമായി ഒരു ബന്ധവുമില്ലാത്ത, കര്‍ഷകരെ ചൂഷണം ചെയ്യുന്ന ദല്ലാളുകളുടെ തീരുമാന പ്രകാരം സമരം ആരംഭിച്ചപ്പോള്‍ ബിജെപി വിരുദ്ധരാഷ്ട്രീയക്കാരെല്ലാം ഒറ്റക്കെട്ടായി. ഇന്ത്യയുടെ പുരോഗതിയിലും ഉയര്‍ച്ചയിലും വളര്‍ച്ചയിലും അസൂയാലുക്കളായവരെല്ലാം ഒത്തൊരുമിച്ചു. രാജ്യത്തിനകത്തും പുറത്തുമുള്ളവരെല്ലാം അവര്‍ക്കൊപ്പമായി.

രാജ്യത്തെ തകര്‍ക്കാനും വെട്ടിമുറിക്കാനും ഒരുങ്ങി പുറപ്പെട്ടവര്‍ ഇതിനൊരു അവസരമാക്കി. കാനഡയില്‍ കേന്ദ്രീകരിച്ച് സിഖ് സമുദായത്തെ പ്രകോപിപ്പിക്കുന്നവര്‍ അവസരം ഉപയോഗിക്കുകയാണ്. സിപിഎം നേതാവായിരുന്ന സുര്‍ജിത്തിന്റെയടക്കം മക്കള്‍ കാനഡയില്‍ ബിജെപി വിരുദ്ധ നീക്കത്തിന്റെ ചുക്കാന്‍ ഏന്തുകയാണെന്ന ആരോപണം തള്ളിക്കളയാനാകില്ല.

എന്തുതന്നെയായാലും കേന്ദ്ര സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തെ തകര്‍ക്കാനോ തളര്‍ത്താനോ കെല്‍പ്പുള്ള രാഷ്ട്രീയ നേതൃത്വം ഇന്ന് നമ്മുടെ രാജ്യത്തില്ല. കാര്‍ഷിക സമരത്തില്‍ ഇന്ന് കര്‍ഷകരില്ല. ദല്ലാളുകള്‍ മാത്രം അത് മെല്ലെ മെല്ലെ തിരിച്ചറിയാന്‍ തുടങ്ങി. കോണ്‍ഗ്രസുകാര്‍പോലും! അതിന്റെ പ്രതിഫലനം കേരളത്തിലും ഉണ്ടാകും.

കേരളത്തില്‍ ഇന്ന് തളരാതെ നിലനില്‍ക്കുകയും വളര്‍ച്ച പ്രകടമാക്കുകയും ചെയ്യുന്ന ഒരേഒരു പാര്‍ട്ടി ബിജെപി മാത്രമാണ്. പത്ത് വര്‍ഷം മുന്‍പ് ഏറ്റവും കൂടുതല്‍ കെട്ടിവച്ച കാശ് ഖജനാവിലേക്ക് നല്‍കിയ കക്ഷി ബിജെപി മാത്രമായിരുന്നല്ലോ. 2011 ല്‍ ബിജെപിക്ക് 6.03% വോട്ട് മാത്രമാണ് ലഭിച്ചത്. 138 സീറ്റുകളില്‍ മത്സരിച്ചപ്പോഴായിരുന്നു അത്.

2016 ല്‍ 98 സീറ്റിലേ ബിജെപി മത്സരിച്ചുള്ളൂ. കിട്ടിയ വോട്ട് 21,29,726. 10.53 ശതമാനമായിരുന്നു വോട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലത് 26,35,810 ആയി ഉയര്‍ന്നു. ശതമാനം 13 ലെത്തി. തദ്ദേശ തെരഞ്ഞെടുപ്പിലത് 15 ശതമാനത്തിലെത്തി. വോട്ടാണെങ്കില്‍ 32 ലക്ഷത്തിലധികവുമായി. കേരളത്തില്‍ മുന്നണികളും പാര്‍ട്ടികളും തകരുകയും പിളരുകയും ചെയ്യുമ്പോള്‍ വളരുന്ന പാര്‍ട്ടി ബിജെപി മാത്രമെന്ന് വ്യക്തമാവുകയാണ്. ശക്തിവര്‍ധിപ്പിക്കുക മാത്രമല്ല, ഭരണത്തിലെത്തിക്കുക എന്നതുതന്നെയാണ് ജനഹിതം. അതിനെ അവഗണിക്കാന്‍ അവസരവാദമുന്നണികള്‍ക്കൊന്നും കഴിയാത്ത സ്ഥിതിയാണ് സംജാതമാകുന്നത്. ലോകത്തില്‍ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷന്‍ ജെ.പി. നദ്ദ കേരളത്തില്‍ രണ്ടുദിവസം തങ്ങിയപ്പോള്‍ തന്നെ വിജയപ്രതീക്ഷയാണ് പ്രകടമായത്.

ലോകാരാധ്യനായ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കേരളത്തെ കരപറ്റിക്കാന്‍ ഇതിനകം തന്നെ ഒട്ടേറെ കാര്യങ്ങള്‍ ചെയ്തു. അതൊന്നും തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടല്ല. പിന്നെന്തിനാണാവോ കേന്ദ്ര ബജറ്റ് തെരഞ്ഞെടുപ്പിനെ ലക്ഷ്യമിട്ടെന്ന പ്രചരണം നടത്തുന്നത്. സ്വയം ഒന്നും ചെയ്യുകയുമില്ല. ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുമില്ല. പുല്ലുതിന്നുകയുമില്ല. പശുവിനെ തിന്നാനും വിടില്ല, കേരളത്തിന് ചേരുന്ന പ്രയോഗം ഇതുതന്നെ.

താടിയും മുടിയും നീട്ടി എങ്ങോ പോകാന്‍ ഒരുങ്ങുന്ന മോദി എന്നാണ് രാഹുല്‍ ഏറ്റവും ഒടുവില്‍ പറഞ്ഞത്. ഏതായാലും ആരോരുമറിയാതെ ഒളിത്താവളത്തില്‍ കഴിയാന്‍ മോദിയില്ല. കന്യാസ്ത്രീയെ കെട്ടിപ്പുണരാനും മോദിയില്ല. കോണ്‍ഗ്രസിന്റെ നേതൃദാരിദ്ര്യം പരിഹരിക്കാന്‍ നോക്കുകയാണ് രാഹുല്‍ തയ്യാറാകേണ്ടത്.

comment

LATEST NEWS


പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


അഫ്ഗാനിസ്ഥാനിലെ നിയന്ത്രണത്തെച്ചൊല്ലി പാക് സൈന്യവും പാക് രഹസ്യസേനാ മേധാവിയും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു


ബിഷപ്പിനെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ അനുവദിക്കില്ല; മുറവിളികള്‍ ആസൂത്രിതം; ജിഹാദ് പരാമര്‍ശത്തിന് സഭയുടെ പിന്തുണ; പോര്‍മുഖം തുറന്ന് സിറോ മലബാര്‍ സഭ


'പറഞ്ഞതെല്ലാം കള്ളം; ശ്രമിച്ചത് കബളിപ്പിക്കാന്‍; കൈവിട്ട് പോകുമെന്ന് കരുതിയില്ല'; 'കോടീശ്വരന്‍' സെയ്തലവി വീണ്ടും മലക്കം മറിഞ്ഞു; മാപ്പും പറഞ്ഞു

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.