×
login
പെട്രോളിന്റെ രാഷ്ട്രീയം

ഇന്നത്തെ നിലക്ക് ഒരു ലിറ്റര്‍ പെട്രോള്‍ 58.36 രൂപക്ക് സംസ്ഥാനത്ത് ലഭിക്കും. എന്നാല്‍ സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതിയോ? 58.36 രൂപക്ക് ലഭിക്കുന്ന പെട്രോളിന് ഇന്നിപ്പോള്‍ നൂറു രൂപയായെങ്കില്‍ ബാക്കി 41. 64 രൂപയും സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതിയാണ്. ഈ കേന്ദ്ര നികുതിയുടെ 40 ശതമാനം സംസ്ഥാനങ്ങള്‍ക്കുള്ളതാണ്. അതായത് കേന്ദ്രം ഈടാക്കുന്ന 21. 58 രൂപയില്‍ നിന്ന് 8. 63 രൂപ ഓരോ സംസ്ഥാനങ്ങള്‍ക്കും കൊടുക്കുന്നു. ബാക്കി കേന്ദ്രത്തിന് ഇക്കാര്യത്തില്‍ കിട്ടുന്നത് 13 രൂപ മാത്രം. കേന്ദ്ര വിഹിതമടക്കം ഏതാണ്ട് 50 രൂപയോളം ഒരു സംസ്ഥാനം ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് ഈടാക്കുന്നു എന്നര്‍ത്ഥം.

പെട്രോള്‍ - ഡീസല്‍ വിലവര്‍ധന ഇന്നിപ്പോള്‍ സാര്‍വത്രികമായി ചര്‍ച്ച ചെയ്യപ്പെടുകയാണല്ലോ. ചിലയിടങ്ങളില്‍ ഒരു ലിറ്റര്‍ പെട്രോളിന് നൂറ് രൂപ കടന്ന വാര്‍ത്തയും നമ്മുടെ മുന്നിലുണ്ട്. ഇതൊക്കെയായിട്ടും കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ല എന്ന ആക്ഷേപം ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസുകാരും മാര്‍ക്‌സിസ്റ്റുകാരുമൊക്കെ സമരം നടത്തുന്ന ചിത്രവും കാണുന്നു.  എന്താണിവിടെ യഥാര്‍ഥത്തില്‍ സംഭവിക്കുന്നത്? ആരാണിപ്പോഴത്തെ പ്രതിസന്ധിക്ക് കാരണക്കാര്‍? ഇതിന് എന്താണ് ശാശ്വതമായ പരിഹാരം.

അതിലേക്ക് കടക്കുന്നതിന് മുന്‍പ് ഇപ്പോഴത്തെ (ജൂണ്‍ 11  വെള്ളിയാഴ്ചയിലേത്)  ക്രൂഡ് ഓയില്‍  വില ഒന്ന് പരിശോധിക്കാം;  ആഗോള വിപണിയില്‍ ബാരലിന്  73 ഡോളറാണ്. 2020 ഏപ്രിലില്‍ അത്  21. 04  ഡോളറായിരുന്നു;  കൂടിക്കൂടി ഇന്നത്തെ നിലയിലെത്തി; 14 മാസത്തിനിടെ  ഏതാണ്ട് 340 ശതമാനം വര്‍ധന ഉണ്ടായി  എന്നര്‍ത്ഥം. ഇപ്പോഴത്തെ നിലക്ക് അത് ഇനിയും ഉയരാനാണ് സാധ്യത എന്ന് വിദഗ്ധര്‍ പറയുന്നു; 80- 85 ഡോളറിലേക്ക് ഒക്കെ എത്തിയാല്‍ അതിശയിക്കാനില്ല എന്ന് വിലയിരുത്തുന്നവരെയും  കാണാനുണ്ട്.  അത്തരമൊരു  അവസ്ഥയിലേക്ക് എത്തിയാല്‍ പെട്രോള്‍ - ഡീസല്‍ വില  ലോകത്തിന് മുഴുവന്‍ പ്രതിസന്ധി ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. സ്വാഭാവികമായും ഇന്ത്യക്കും.  

കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് ചതിക്കുഴി

ഇന്നിപ്പോള്‍ ഇന്ത്യക്ക് ആവശ്യമുള്ള എണ്ണയുടെ ഏതാണ്ട് 80 ശതമാനം  ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ട് ആഗോള വിപണിയിലെ വിലയിലെ വര്‍ധന പെട്രോളിയം ഉത്പന്നങ്ങളുടെ ഇവിടത്തെ വിലയേയും അതിലുപരി സമ്പദ് ഘടനയെയും  കാര്യമായിത്തന്നെ ബാധിക്കും. ഇവിടെ സബ്സിഡി കൊടുത്തുകൊണ്ട് വില നിലനിര്‍ത്താനാവുമോ? അങ്ങിനെ എത്രനാള്‍ മുന്നോട്ട് പോകും? ഒരു സംശയവും വേണ്ട സബ്സിഡി എന്നത് ചിന്തിക്കാനാവാത്ത കാര്യമാണ്. 2012 -ല്‍ ഡോ. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി ആയിരിക്കെ പറഞ്ഞത് ഓര്‍ത്തുപോകുന്നു:  'പെട്രോളിയം ഉത്പന്നങ്ങള്‍ക്കുള്ള സബ്സിഡി ചിന്തിക്കാവുന്നതിനപ്പുറം വളര്‍ന്നിരിക്കുന്നു. ഇതിനൊക്കെവേണ്ടുന്ന പണം എവിടെനിന്നാണ് കണ്ടെത്തുക? പണം മരത്തില്‍ വളരുന്നില്ല. മുന്‍പ് 1991-ല്‍ സമാനമായ പ്രതിസന്ധി നാം അഭിമുഖീകരിച്ചതാണ് .......'.  സബ്സിഡി കൊടുത്ത് രാജ്യത്തെ വലിയ പ്രതിസന്ധിയിലാക്കിയതിന് ശേഷമാണ് മുന്‍ പ്രധാനമന്ത്രി ഇതൊക്കെ പറഞ്ഞത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ആദ്യ യുപിഎയുടെ കാലത്ത് എണ്ണ വില കുറക്കുന്നതിന് സര്‍ക്കാര്‍ കണ്ട മാര്‍ഗം പെട്രോളിയം ബോണ്ടുകള്‍ ഇറക്കുന്നതായിരുന്നു. ആഗോള വിപണി വില നോക്കാതെ കുറഞ്ഞ നിരക്കില്‍ പെട്രോളും ഡീസലും ഏല്‍പിജിയും മറ്റും ഓയില്‍ കമ്പനികള്‍ വിതരണം ചെയ്യണം. അവര്‍ക്കുണ്ടാവുന്ന നഷ്ടം കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ആ സബ്സിഡി കൊടുക്കാന്‍ കാശില്ലാത്തതിനാല്‍ ബോണ്ട് പുറത്തിറക്കും; അഞ്ച് - പത്ത് വര്‍ഷത്തെ ബോണ്ട്. അതിന് വലിയ പലിശയും സര്‍ക്കാര്‍ കൊടുക്കേണ്ടതുണ്ട്. യഥാര്‍ഥത്തില്‍ ഇങ്ങനെയാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ വിലകുറച്ച് പെട്രോളും മറ്റും വില്പന നടത്തിയത്. ഇവിടെ സ്മരിക്കേണ്ടുന്ന കാര്യം,  ഇക്കാലത്ത് സിപിഎമ്മും സിപിഐയും ഈ കോണ്‍ഗ്രസ് സര്‍ക്കാരിനൊപ്പമുണ്ടായിരുന്നു എന്നതാണ്. ഇന്നിപ്പോള്‍ തെരുവില്‍ സമരം ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ രാജ്യത്തെ പണയപ്പെടുത്തിക്കൊണ്ടാണ് ജനങ്ങളെ കബളിപ്പിച്ചത് എന്നതുമോര്‍ക്കേണ്ടതുണ്ടല്ലോ.  

ഇനി എത്ര കോടിയാണ് യുപിഎ സര്‍ക്കാര്‍ ഇത്തരത്തില്‍ രാജ്യത്തിന് ബാധ്യത ഉണ്ടാക്കിയത്? 1.44 ലക്ഷം കോടി രൂപയുടെ ബോണ്ടുകള്‍ അവരിറക്കി. ഒരു നയാപൈസ അതില്‍ തിരിച്ചുകൊടുത്തുമില്ല. അത്രയും ബാധ്യത നരേന്ദ്ര മോഡി സര്‍ക്കാരിന്റെ തലയില്‍ വന്നുവീണു എന്നര്‍ത്ഥം. അതുമാത്രമല്ല, അതിന്റെ കൊള്ളപ്പലിശ വേറെയും. പ്രതിവര്‍ഷം പതിനായിരം കോടി രൂപ ഈ  കടത്തിന്റെ പലിശയായി മോഡി കൊടുത്തുകൊണ്ടിരിക്കുന്നു. അതായത് അക്കാലത്ത് ജനപ്രീതി ലക്ഷ്യമാക്കി വിലകുറച്ചുകൊണ്ട് പെട്രോളിയം പദാര്‍ഥങ്ങള്‍ വിറ്റതിന്റെ സാമ്പത്തിക ഭാരം ഏറ്റെടുത്തത് മോഡി സര്‍ക്കാരാണ്, ഇന്ത്യന്‍ ജനതയാണ്. രാജ്യത്തോട് ഇത്രയും   കൊടിയ ചതിയാണ് യുപിഎ സര്‍ക്കാര്‍ ചെയ്തത്. ഇത് തുടരണോ; ഇന്ത്യന്‍ ജനതയെ വീണ്ടും വലിയ  കടക്കെണിയില്‍ പെടുത്തണോ? എന്നാല്‍ മോഡി സര്‍ക്കാര്‍ ചിന്തിച്ചത്, അതിനി സാധ്യമല്ല എന്നതാണ്. മാതൃ രാജ്യത്തെ സ്‌നേഹിക്കുന്ന, രാജ്യതാല്പര്യം കണക്കിലെടുക്കുന്ന ഒരു ഭരണാധികാരിക്ക് മറ്റെന്താണ് ചെയ്യാന്‍ കഴിയുക. കേരളത്തിലെ സര്‍ക്കാരിനെപ്പോലെ കടമെടുത്ത് കടമെടുത്ത് മുന്നോട്ട് പോകാന്‍ നരേന്ദ്ര മോദിയുടെ ഇന്ത്യക്കാവുകയില്ലല്ലോ.

കേന്ദ്ര നികുതി എത്ര; ജനം കൊടുക്കുന്നതോ?

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ആക്ഷേപിക്കുന്നതിലെ പൊള്ളത്തരം പരിശോധിക്കപ്പെടേണ്ടതുണ്ടല്ലോ. ഒരു ഉദാഹരണം; ഒരു ലിറ്റര്‍ പെട്രോളിന് വില നൂറ് രൂപയാണ് എന്ന് കരുതുക. അതില്‍ ഒരു ലിറ്ററിന്റെ യഥാര്‍ഥ അഥവാ അടിസ്ഥാന വില 33 രൂപയാണ്. കേന്ദ്ര നികുതി വിഹിതം 21.58 രൂപയാണ്. ഡിസ്ട്രിബ്യുട്ടര്‍ കമ്മീഷന്‍ 3.78 രൂപ. അതായത് ഒരു സംസ്ഥാനത്ത് ഇന്നത്തെ നിലക്ക് ഒരു ലിറ്റര്‍ പെട്രോള്‍ 58.36 രൂപക്ക് ലഭിക്കും. എന്നാല്‍ സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതിയോ?  58.36 രൂപക്ക് ലഭിക്കുന്ന പെട്രോളിന് ഇന്നിപ്പോള്‍ നൂറു രൂപയായെങ്കില്‍ ബാക്കി 41.64 രൂപയും സംസ്ഥാനങ്ങള്‍ ഈടാക്കുന്ന നികുതിയാണ്. ഇവിടെ ഒന്നുകൂടി ഓര്‍ക്കണം; കേന്ദ്രം വാങ്ങുന്ന നികുതിയുടെ 40 ശതമാനം സംസ്ഥാനങ്ങള്‍ക്കുള്ളതാണ്. അതായത് കേന്ദ്രം ഈടാക്കുന്ന 21.58 രൂപയില്‍ നിന്ന് 8.63 രൂപ ഓരോ സംസ്ഥാനങ്ങള്‍ക്കും കൊടുക്കുന്നു. ബാക്കി കേന്ദ്രത്തിന് ഇക്കാര്യത്തില്‍ കിട്ടുന്നത് 13 രൂപ മാത്രം.  കേന്ദ്ര വിഹിതമടക്കം ഏതാണ്ട് 50 രൂപയോളം ഒരു സംസ്ഥാനം ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് ഈടാക്കുന്നു എന്നര്‍ത്ഥം. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇനി എന്ത് വിട്ടുവീഴ്ചയാണ് ചെയ്യേണ്ടത്? മുന്‍പ് കേന്ദ്രം പലപ്പോഴും അധിക നികുതി കുറച്ചു; പക്ഷെ അപ്പോഴൊക്കെയും സമാനമായ നിലപാടെടുക്കാന്‍ ഒരു സംസ്ഥാനവും തയ്യാറായില്ല എന്നതും മറന്നുകൂടല്ലോ.  ക്രൂഡിന്റെ ഇറക്കുമതി ചുങ്കം വെറും 2. 50 ശതമാനമാണ്; ഇന്ത്യക്കാവശ്യമുള്ള എണ്ണയുടെ 80 % ആണ് ആകെ ഇറക്കുമതി എന്നത് സൂചിപ്പിച്ചുവല്ലോ. ബാക്കി 20 ശതമാനം ആഭ്യന്തര ഉത്പാദനമാണ്. അതുകൊണ്ട് യഥാര്‍ഥ ഇറക്കുമതി നികുതി വിഹിതം രണ്ടു ശതമാനമേ വരൂ.

ഇന്ന് കേന്ദ്ര സര്‍ക്കാര്‍ എത്രയോ വികസന - ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. അതിനൊക്കെ പണം ആവശ്യമുണ്ടല്ലോ. കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നത്, ആരോഗ്യ പദ്ധതികള്‍, പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യം എത്തിക്കുന്നത്,  കര്‍ഷകര്‍ക്കുള്ള ഇന്‍ഷുറന്‍സ് ഉള്‍പ്പടെയുള്ള സഹായ പദ്ധതികള്‍, അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, പ്രതിരോധ മേഖലയിലെ ഊന്നല്‍....... ഇതൊക്കെ ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അതിനൊക്കെ പണം കേന്ദ്രം കണ്ടെത്തണമല്ലോ. സര്‍വോപരി കോണ്‍ഗ്രസുകാര്‍ വാങ്ങിക്കൂട്ടിയ  കടത്തിന്റെ കാര്യം; ഓയില്‍ ബോണ്ട് വകയില്‍ 1.44 ലക്ഷം കോടിയുടെ കടവും പലിശയും ഒക്കെ കുന്നുകൂടി കിടക്കുന്നത് മുന്‍പ് സൂചിപ്പിച്ചുവല്ലോ. അതുകൊണ്ട് തുച്ഛമായ കേന്ദ്ര നികുതി വിഹിതത്തില്‍ നിന്ന് ഇനിയും കുറവ് വരുത്തുക എന്നതാണോ പ്രായോഗികം; അതോ ജനങ്ങളുടെ താല്പര്യം കണക്കിലെടുത്ത് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവുകയാണോ വേണ്ടത്?

വേറെന്താണ് പരിഹാരം? ക്രൂഡ് ഓയില്‍ വില ഇനിയും ഉയര്‍ന്നേക്കാം എന്ന് പറഞ്ഞുവല്ലോ; അത് ബാരലിന് 80-85 ഡോളറായാല്‍ ഇന്നത്തെ നിലക്ക് പെട്രോള്‍ വില ലിറ്ററിന് മറ്റൊരു പതിനഞ്ചു രൂപ കൂടിയാല്‍ അതിശയിക്കാനില്ല.; ലിറ്ററിന് 115 രൂപ എന്ന നിലയിലേക്ക് പോലുമെത്താം. ഇവിടെയാണ് ജിഎസ്ടി യില്‍ പെട്രോളിയം ഉത്പന്നങ്ങളെ ഉള്‍പ്പെടുത്തണം എന്ന നിര്‍ദ്ദേശത്തിന്റെ പ്രാധാന്യമേറുന്നത്.  ജിഎസ്ടി -യിലെ ഏറ്റവും വലിയ  നിരക്ക്, 28 %, ഏര്‍പ്പെടുത്തിയാല്‍ പോലും രാജ്യം രക്ഷപ്പെടും, ജനങ്ങള്‍ക്ക് ആശ്വാസമാകും.  ജിഎസ്ടി-യില്‍ പെട്രോളും മറ്റും കൊണ്ടുവരുന്നതാണ് നല്ലതെന്ന് ബിജെപി പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. പക്ഷെ അതിനോട് ഭാവാത്മകമായി പ്രതികരിക്കുന്നതിന് പകരം കടുത്ത എതിര്‍പ്പാണ്  ഇടത്- കോണ്‍ഗ്രസ് സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചത്.  എന്നിട്ടാണ് അവര്‍ മോഡി സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത്. ഈ കൊടിയ രാഷ്ട്രീയ വഞ്ചന നമുക്ക് കാണാതെ പോകാനാവുകയില്ലല്ലോ.  

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.