×
login
കൂടുതല്‍ ഗൃഹപാഠം ചെയ്ത് പ്രകാശ് ജാവദേക്കര്‍

''ഭാരത് ജോഡോ യാത്രതന്നെ ലക്ഷ്യം ഇല്ലാത്തതാണ്. എന്താണ് യാത്രയുടെ സന്ദേശം എന്നു പറയുന്നില്ല. ഞാനും രാഷ്ട്രീയ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. വ്യക്തമായ ഒരുക്കങ്ങളോടുകൂടി എന്താണ് ജനങ്ങളോട് പറയേണ്ടതെന്ന മുന്‍ധാരണയോടെയാണ് രാഷ്ട്രീയ യാത്രകള്‍ നടത്തേത്. രാഹുലിന്റെ യാത്രയില്‍ പത്രസമ്മേളനമോ പൊതു പരിപാടിയോ ഇല്ല. ഓരോ ദിവസവും ഒരു പത്രസമ്മേളനവും കുറഞ്ഞത് മൂന്ന് പൊതുയോഗങ്ങളും ഉണ്ടായിരുന്നെങ്കില്‍ 150 ദിവസത്തെ യാത്രയില്‍ 600 വിഷയങ്ങള്‍ ഉയര്‍ത്താമായിരുന്നു. ഇപ്പോഴത്തേത് നാടുകാണല്‍ യാത്രമാത്രമാണ്''

''നാളെ വൈകിട്ട് കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച ആലോചിച്ചിട്ടുണ്ട്. അതിനു ശേഷം വ്യക്തിപരമായി  സംസാരിക്കാനുണ്ട്. വീട്ടില്‍ വരണം''. കേരളത്തിന്റെ  ചുമതലക്കാരനായി ബിജെപി നേതൃത്വം തീരുമാനിച്ചതിന്റെ പിറ്റേന്ന് പ്രകാശ് ജാവദേക്കര്‍ നേരിട്ടു വിളിച്ചതനുസിച്ചാണ് അദ്ദേഹത്തിന്റെ വീട്ടില്‍  എത്തിയത്. പറഞ്ഞതുപോലെ മലയാളി മാധ്യമപ്രവര്‍ത്തകരുമായി സൗഹൃദ കുടാക്കാഴ്ചയായിരുന്നു ആദ്യം. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കാനല്ല, നിങ്ങളില്‍ നിന്ന് ഉത്തരങ്ങള്‍ കേള്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തുടക്കത്തില്‍ തന്നെ ജാവദേക്കര്‍ വ്യക്തമാക്കി.

കേരളത്തിന്റെ ചുമതല ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും പാര്‍ട്ടിയുടെ വളര്‍ച്ച മാത്രമാണ് തന്റെ ലക്ഷ്യമെന്നും ആമുഖമായി ജാവദേക്കര്‍ പറഞ്ഞപ്പോള്‍, പാര്‍ട്ടിയെ വളര്‍ത്താന്‍ എന്താണ് തന്ത്രം എന്നായിരുന്നു ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ''അത് അറിയാനാണ് നിങ്ങളെ വിളിച്ചത്. കേരളത്തിലെ ബിജെപി പ്രവര്‍ത്തനത്തെകുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയണം. നിങ്ങളുടെ മാത്രമല്ല എല്ലാ വിഭാഗം ആളുകളുമായും കണ്ടു സംസാരിക്കും. പാര്‍ട്ടിയുടെ കേരളത്തിലെ നേതാക്കളുമായും പ്രവര്‍ത്തകരുമായും നേരിട്ട് സംസാരിച്ച് കാര്യങ്ങള്‍ മനസ്സിലാക്കും. അതിനു ശേഷം വ്യക്തമായ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനം നടത്തും. പാര്‍ട്ടി അംഗങ്ങളുടെ വികസനം, സംഘടനാ വികസനം, വോട്ട് വിഹിതത്തിലെ വികസനം, എന്നതാണ് ലക്ഷ്യം. അതു സാധിക്കുമെന്നാണ് കരുതുന്നത്''. എന്നായിരുന്നു ജാവദേക്കറുടെ മറുപടി.

ഉണ്ടായിരുന്ന ഒരു സീറ്റുപോലും നഷ്ടപ്പെട്ട സാഹചര്യത്തില്‍ ബിജെപിയുടെ വികാസം എന്നത് എങ്ങനെ സാധ്യം എന്നു വീണ്ടും ചോദ്യം വന്നപ്പോള്‍ കണക്കു നിരത്തിയായിരുന്നു മുന്‍ ബാങ്ക് ഉദ്യോഗസ്ഥനായ ജാവദേക്കറുടെ മറുപടി. '1951ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ജനസംഘത്തിന് മൂന്നുസീറ്റുമാത്രമാണുണ്ടായിരുന്നത്. 57ല്‍ നാലും 62ല്‍ 14 ഉം സീറ്റ് കിട്ടി. 1967ല്‍ 35 ആയി ഉയര്‍ന്നെങ്കിലും 71ല്‍ 22 ആയി കുറഞ്ഞു. 1980ല്‍ ബിജെപി ജയിച്ചത് 2 സീറ്റില്‍ മാത്രമാണ്. അയോധ്യ  മൂവ്‌മെന്റിനു ശേഷമാണ് നൂറിലധികം സീറ്റ് കിട്ടിയത്. പിന്നീടുള്ള തെരഞ്ഞെടുപ്പുകളില്‍ കുറഞ്ഞും കൂടിയും നൂറിനു മുകളില്‍ സീറ്റുകളില്‍ തന്നെ നിന്നു.  2014ല്‍ നരേന്ദ്രമോദി തരംഗം 285 സീറ്റ് നേടി അധികാരത്തിലെത്താന്‍ ബിജെപിയെ സഹായിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് മുന്നൂറില്‍ അധികമായി ഉയര്‍ന്നു. രാഷ്ട്രീയത്തില്‍ എന്തും സംഭവിക്കാം. മുന്‍ വര്‍ഷങ്ങളില്‍ കിട്ടിയ വോട്ടും സീറ്റും നോക്കി വിലയിരുത്താനാവില്ല. ലോകസഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ ആകെയുള്ള ഏഴ് സീറ്റിലും ബിജെപി ജയിച്ചു. എന്നാല്‍ തുടര്‍ന്ന് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആപ്പിനായിരുന്നു വിജയം. ചെറിയ കാര്യങ്ങളും തീരുമാനങ്ങളും സമവാക്യങ്ങള്‍ തകിടം മറിക്കാം. ശബരിമല വിഷയം തന്നെ എടുത്താല്‍, സമരം ചെയ്തത് ബിജെപിയാണെന്നത് എല്ലാവര്‍ക്കും അറിയാം. പക്ഷേ തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം കിട്ടിയത് കോണ്‍ഗ്രസിനും. അതാണ് രാഷ്ട്രീയം''.  

രാഹുല്‍ ഗാന്ധിയുടെ ഭാരത്‌ജോഡോ യാത്ര കേരളത്തിലൂടെ കടന്നുപോകുകയാണല്ലോ, ബിജെപിക്ക് എന്തെങ്കിലും പ്രശ്‌നം സൃഷ്ടിക്കാന്‍ രാഹുലിന് കഴിയുമോ എന്ന ചോദ്യത്തിന് ''ഭാരത് ജോഡോ യാത്രതന്നെ ലക്ഷ്യം ഇല്ലാത്തതാണ്. എന്താണ് യാത്രയുടെ സന്ദേശം എന്നു പറയുന്നില്ല.  ഞാനും രാഷ്ട്രീയ യാത്ര സംഘടിപ്പിച്ചിട്ടുണ്ട്. വ്യക്തമായ ഒരുക്കങ്ങളോടുകൂടി എന്താണ് ജനങ്ങളോട് പറയേണ്ടതെന്ന മുന്‍ധാരണയോടെയാണ് രാഷ്ട്രീയ യാത്രകള്‍ നടത്തേത്. രാഹുലിന്റെ യാത്രയില്‍ പത്രസമ്മേളനമോ പൊതു പരിപാടിയോ ഇല്ല. ഓരോ ദിവസവും ഒരു പത്രസമ്മേളനവും കുറഞ്ഞത് മൂന്ന് പൊതുയോഗങ്ങളും ഉണ്ടായിരുന്നെങ്കില്‍ 150 ദിവസത്തെ യാത്രയില്‍ 600 വിഷയങ്ങള്‍ ഉയര്‍ത്താമായിരുന്നു. ഇപ്പോഴത്തേത് നാടുകാണല്‍ യാത്രമാത്രമാണ്'' എന്നതായിരുന്നു മഹാരാഷ്ട്രയിലും പിന്നീട് ദല്‍ഹിയിലും ബിജെപി പ്രചരണവിഭാഗത്തിന് നേതൃത്വം നല്‍കിയിട്ടുള്ള പ്രകാശ് ജാവദേക്കറുടെ വിശദീകരണം.


അതിനിടെ ദേശീയ സംഘടനാ സെക്രട്ടറി ബി.എല്‍.സന്തോഷിന്റെ ഫോണ്‍ എത്തി. നല്‍കുന്ന മറുപടിയില്‍ നിന്ന് വിഷയം കേരളമാണെന്ന് മനസ്സിലാകും. കമ്മ്യൂണിസ്റ്റുകാര്‍ തങ്ങളാണ് ബിജെപിക്ക് യഥാര്‍ത്ഥ ബദല്‍ എന്ന് പ്രചരിപ്പിക്കുന്നുണ്ടല്ലോ എന്ന് സൂചിപ്പിച്ചപ്പോള്‍ തുറന്ന ചിരിയായിരുന്നു ആദ്യം. ''അതിനെവിടെയാണ് കമ്മ്യൂണിസ്റ്റുകാര്‍ ഉള്ളത്. തുടര്‍ച്ചയായി 33 വര്‍ഷം സിപിഎം ഭരിച്ച ബംഗാളില്‍ അവരിന്നില്ല. മറ്റ് പലസംസ്ഥാനങ്ങളിലും കമ്മ്യൂണിസ്റ്റുകാര്‍ക്ക് സാന്നിധ്യമേയില്ല. ഭരണമുള്ള കേരളത്തില്‍ പോലും ഒരു ലോകസഭാ അംഗത്തെ മാത്രമാണ് കിട്ടിയത്. എന്ത് പ്രതിരോധമാണ് അവര്‍ക്ക് സൃഷ്ടിക്കാനാകുക.'' ജാവദേക്കര്‍ ചോദിച്ചു.

കേരളത്തില്‍ ബിജെപിക്ക് വിശ്വാസ്യതയുള്ള നേതാക്കന്മാരില്ലാത്തതാണോ പ്രശ്‌നം എന്നു ചോദിച്ച മാധ്യമ പ്രവര്‍ത്തകന്‍ തന്നെ പിന്നീട് സുരേഷ് ഗോപിയാണ് ഇപ്പോള്‍ കേരളത്തില്‍ ബിജെപിയുടെ സ്വീകാര്യതയുള്ള മുഖം എന്നു പറഞ്ഞപ്പോള്‍, ''ഒരാളെങ്കിലും ഉണ്ടെന്നു നിങ്ങള്‍ സമ്മതിച്ചല്ലോ'' എന്നായിരുന്നു ജാവദേക്കറുടെ മറുപടി. നേതൃമാറ്റം ഉണ്ടാകുമോ എന്നറിയാനായിരുന്നു കൂടുതല്‍ പേര്‍ക്കും താല്‍പര്യം. അതിനൊക്കെ സംഘടനാപരമായ കീഴ്‌വഴക്കവും രീതിയും ഉണ്ടെന്നും നേതൃമാറ്റം  ആവശ്യമെങ്കില്‍ സുഗമമായി ചെയ്ത പാരമ്പര്യം ബിജെപിക്ക് ഉണ്ടെന്നും ജാവദേക്കര്‍ മറുപടി നല്‍കി. നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതും മാറ്റുന്നതുമൊക്കെ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരാനാണ്.  മഹാരാഷ്ട്രയില്‍ ഗോപിനാഥ് മുണ്ടയെ 36-ാം വയസ്സില്‍ പാര്‍ട്ടി അധ്യക്ഷ പദവിയില്‍ നിയമിച്ചത് അന്നത്തെ സംഘടനാ സെക്രട്ടറിയുടെ ദീര്‍ഘവീക്ഷണമായിരുന്നു. തുടര്‍ന്ന് മുണ്ടെ മാത്രമല്ല, ധാരാളം യുവാക്കള്‍ ബിജെപിയുടെ സജീവ പ്രവര്‍ത്തകരും നേതാക്കളുമായി മാറി. പിന്നീട് ബിജെപിയെ അവിടെ ഭരണത്തിലെത്താന്‍ വരെ സഹായിച്ചതില്‍ ആ തീരുമാനത്തിന് വലിയ പങ്കുണ്ട്. യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നതില്‍ ബിജെപി എക്കാലത്തും പ്രത്യേക ശ്രദ്ധ വെച്ചിട്ടുണ്ട്. കോണ്‍ഗ്രസുകാര്‍ ബിജെപി- സിപിഎം ധാരണയെന്നാണല്ലോ പറയുന്നത് എന്ന ചോദ്യത്തിന് ബിജെപി-  കോണ്‍ഗ്രസ് ധാരണയെന്ന് കമ്മ്യൂണിസ്റ്റുകാരും പറയുന്നുണ്ടല്ലോ എന്നു പറഞ്ഞ ജാവദേക്കര്‍ ബിജെപിയെ തോല്‍പിക്കാന്‍ ആരൊക്കെ, എങ്ങനെയൊക്കെയാണ് ധാരണ എന്നത് എല്ലാവര്‍ക്കും അറിയാമല്ലോ എന്നും സൂചിപ്പിച്ചു.

മലയാളം വാക്കു വല്ലതും അറിയാമോ എന്ന പൈങ്കിളി ചോദ്യത്തിന് 50 വാക്കെങ്കിലും പഠിച്ചിരിക്കും എന്ന സരസമറുപടിയായിരുന്നു മാനുഷിക വിഭവശേഷി മന്ത്രിയായിരുന്ന ജാവദേക്കറുടേത്. ''യുവമോര്‍ച്ച ഭാരവാഹി ആയിരുന്നപ്പോഴും മന്ത്രി ആയിരുന്നപ്പോഴുമൊക്കെ കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. പുതിയ ഉത്തരവാദിത്വം കിട്ടിയ ശേഷമുള്ള ആദ്യയാത്ര സംപ്തംബര്‍ 23 നാണ്. കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പരിപാടികള്‍. 30 വരെ കേരളത്തിലുണ്ടാകും. പാര്‍ട്ടിയുടെ കോര്‍കമ്മറ്റി, ഭാരവാഹികള്‍ തുടങ്ങി എല്ലാവരേയും കേള്‍ക്കും. മാധ്യമ മേധാവികളുമായും പ്രമുഖ വ്യക്തികളുമായും കൂടിക്കാഴ്ചയും നടത്തും. എല്ലാവരുടേയും അഭിപ്രായങ്ങള്‍ വിലയിരുത്തിയാകും ഭാവി നടപടികള്‍ സ്വീകരിക്കുക''. ജാവദേക്കര്‍ നയം വ്യക്തമാക്കി.

പിന്നീട് ഒറ്റയ്ക്ക് നടന്ന കൂടിക്കാഴ്ചയിലും നേരത്തെ പത്രക്കാര്‍ പറഞ്ഞതിന്റെയും  പത്രക്കാരോട് പറഞ്ഞതിന്റെയും കൂടുതല്‍ വിശദീകരണങ്ങളാണ് തേടിയത്. കേരളത്തെക്കുറിച്ച് പ്രകാശ് ജാവദേക്കര്‍ ഹോം വര്‍ക്ക് ചെയ്തു തുടങ്ങി എന്ന് വ്യക്തമാകുന്നതായിരുന്നു കൂടിക്കാഴ്ച. സംസാരിച്ചിരിക്കുന്നതിനിടയില്‍ ഫോണ്‍. നിങ്ങളുടെ പ്രസിഡന്റ് സുരേന്ദ്രനാണ് എന്നു പറഞ്ഞ് ഫോണ്‍ എടുത്തു. രാഹുല്‍ഗാന്ധിയുടെ  യാത്രയുമായി ബന്ധപ്പെട്ട്  ബിജെപി പ്രതികരണം എങ്ങനെയൊക്കെ വേണമെന്ന നിര്‍ദ്ദേശം സുരേന്ദ്രന് നല്‍കുകയാണ് മുന്‍ ദേശീയ വക്താവായ ജാവദേക്കര്‍ എന്ന് മനസ്സിലായി.

പ്രമുഖരെ കേരളത്തിലെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം നിശ്ചയിച്ചിട്ടുണ്ടെങ്കിലും ജാവദേക്കറെപ്പോലെ ഏറെ പ്രമുഖനായ ദേശീയ നേതാവ് പ്രഭാരിയാകുന്നത് ഇതാദ്യം.  പൂനെ സ്വദേശിയായ ജാവദേക്കര്‍ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. അടിയന്തരാവസ്ഥക്കാലത്ത് നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ജയിലിലായി. 1990 മുതല്‍ 12 വര്‍ഷം മഹാരാഷ്ട നിയമസഭയില്‍ അംഗമായിരുന്ന ജാവദേക്കര്‍ 2010ല്‍ രാജ്യസഭാംഗമായിട്ടാണ് പാര്‍ലമെന്റില്‍ എത്തുന്നത്. മോദി സര്‍ക്കാറില്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം, പാര്‍ലമെന്ററി കാര്യം,  മാനുഷിക വിഭവശേഷി, വ്യവസായം തുടങ്ങി വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.