×
login
നിറച്ചാര്‍ത്തില്‍ കൊച്ചി ആയുധപരിശീലനകേന്ദ്രം

ഇന്നലെ രാഷ്ട്രപതി ദ്രൗപദി മുര്‍മു 'പ്രസിഡന്റ്‌സ് കളര്‍' എന്ന നവീന പതാക നല്‍കി ആദരിച്ച കൊച്ചി നാവിക ആസ്ഥാനത്തെ ഐഎന്‍എസ് ദ്രോണാചാര്യ ഇന്ത്യന്‍ പ്രതിരോധരംഗത്തിനു നല്‍കുന്നതു നിസ്തുലസംഭാവനയാണ്. ഒരു സൈനിക കേന്ദ്രത്തിനു സര്‍വ സൈന്യാധിപ നല്‍കുന്ന പരമോന്നത ബഹുമതിയാണു 'പ്രസിഡന്റ്‌സ് കളര്‍'. മിസൈലുകള്‍, പീരങ്കികള്‍, റഡാര്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ചെറു ആയുധങ്ങള്‍വരെയുള്ളവയില്‍ നാവികസേനാംഗങ്ങള്‍ക്കു മികച്ച പരിശീലനം നല്‍കുന്ന ഐഎന്‍എസ് ദ്രോണാചാര്യ എന്ന ഗണ്ണറി സ്‌കൂള്‍ ലോകത്തിനു മുമ്പില്‍ ഇന്ത്യയുടെ അഭിമാനമാണ്.

ദീപ്തി എം. ദാസ്

1948-ല്‍ സ്ഥാപിതമായ ഇന്ത്യന്‍ നാവികസേനയുടെ കൊച്ചി ഗണ്ണറി സ്‌കൂളിന്റെ വജ്രജൂബിലി വര്‍ഷമാണ്  'പ്രസിഡന്റ്‌സ് കളര്‍' എന്ന പരമോന്നത ബഹുമതി തേടിയെത്തുന്നത്. 1978-ല്‍ ഗണ്ണറി സ്‌കൂള്‍ ഐഎന്‍എസ് ദ്രോണാചാര്യയായി മാറി. ''കുരു പ്രഹാരം പ്രഥമേ'' എന്ന മുദ്രാവാക്യം അനുസരിച്ച് ലക്ഷ്യസ്ഥാനത്ത് ആയുധങ്ങള്‍ കൃത്യമായി എത്തിക്കുന്നതിന് കടല്‍ യോദ്ധാക്കളെ പരിശീലിപ്പിക്കുന്നതില്‍ ഐഎന്‍എസ് ദ്രോണാചാര്യനല്‍കിയ മഹത്തായ സേവനത്തിനുള്ള അംഗീകാരമായാണ് രാഷ്ട്രപതിയുടെ കളര്‍ പുരസ്‌കാരം. പുതുതായി രൂപകല്‍പ്പന ചെയ്ത പ്രസിഡന്റസ് കളര്‍ ആദ്യമായി ലഭിക്കുന്ന നാവികകേന്ദ്രമാണ് ഐഎന്‍എസ് ദ്രോണാചാര്യ.

ലക്ഷ്യം

ഓപ്പറേഷന്‍ ട്രൈഡന്റ് (1971ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ കറാച്ചിയില്‍ നടന്ന മിസൈല്‍ ആക്രമണം), ഓപ്പറേഷന്‍ കാക്ടസ് എന്നിവയുള്‍പ്പെടെ, സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള പല നാവിക ഓപ്പറേഷനുകളിലും രാജ്യത്തെ ഏക നാവിക ഗണ്ണറി സ്‌കൂളായ പ്രീമിയര്‍ സ്ഥാപനത്തില്‍ പരിശീലനം നേടിയ ഗണ്ണര്‍മാര്‍ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. (1988-ല്‍ മാലിദ്വീപില്‍ അട്ടിമറിക്ക് ശ്രമിച്ച കൂലിപ്പടയാളികള്‍ ബന്ദികളാക്കിയവരെ രക്ഷിച്ചു).

1961-ല്‍ പോര്‍ച്ചുഗീസുകാരില്‍നിന്ന് ഗോവയെ മോചിപ്പിച്ച 'ഓപ്പറേഷന്‍ വിജയ്' ആക്ഷനിലാണ് സ്വതന്ത്ര ഇന്ത്യയുടെ നാവികക്കപ്പലുകളില്‍ ശത്രുവിന് നേരെ ആദ്യമായി വെടിയുതിര്‍ത്തത്. 1961 ഡിസംബര്‍ 18-ന് പോര്‍ച്ചുഗീസ് സൈന്യത്തിന്റെ ശക്തികേന്ദ്രമായ അഞ്ജദിപ് ദ്വീപ് പിടിച്ചെടുത്തത് ഓപ്പറേഷന്‍ വിജയിന്റെ മികവാണ്. ഈ നേട്ടങ്ങളെല്ലാം കരഗതമാക്കിയത് ഗണ്ണറി സ്‌കൂളില്‍ പരിശീലനം നേടിയ നാവികരുടെ മികവിലാണ്. പക്ഷിയുടെ ഏകകണ്ണില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗുരു ദ്രോണാചാര്യര്‍ അര്‍ജുനനെ പരിശീലിപ്പിച്ചതുപോലെ,  വിജയത്തിനായി ചെയ്യുന്ന എല്ലാ കാര്യങ്ങളിലും 'ഒരു മനസ്, ഒരു അവസരം, ഒരു ലക്ഷ്യം' എന്നതായിരിക്കണം ഓരോ യോദ്ധാവിന്റെയും ചിന്ത. ഈ തത്വത്തില്‍ ഊന്നിയാണ് ഐഎന്‍എസ് ദ്രോണാചാര്യയിലെ പരിശീലനം.

അത്യാധുനിക പരിശീലനം  


'ഡ്രില്‍ ടു സ്‌കില്‍' എന്ന സമയപരിശോധനാ ആശയത്തെ കേന്ദ്രീകരിച്ചാണ് ദ്രോണാചാര്യയിലെ പരിശീലനം. ഓരോ ട്രെയിനിക്കും സേന ഉപയോഗിക്കുന്ന എല്ലാ ആയുധ സംവിധാനങ്ങളെക്കുറിച്ചും അനുഭവപരിചയം നല്‍കും. 7 എംഎം പിസ്റ്റള്‍ മുതല്‍ 76 എംഎം പീരങ്കി തോക്കുകള്‍ വരെയും ബരാക് സര്‍ഫസ് ടു എയര്‍ മിസൈല്‍ മുതല്‍ ഹൈപ്പര്‍സോണിക് ബ്രഹ്മോസ് വരെ - പ്രായോഗിക അനുഭവം ലഭ്യമാക്കും.  കപ്പലുകളുടെ തത്സമയ സംവിധാനങ്ങളും യഥാര്‍ത്ഥ യുദ്ധാനുഭവങ്ങളും നേരിട്ടു പരിശീലിക്കാനായി എമുലേറ്ററുകള്‍ ഉപയോഗിക്കും.  

ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍, ആയുധ- മിസൈല്‍ പരിശീലനത്തിനു കഴിയുന്ന സമാന സൗകര്യങ്ങളുള്ള മറ്റൊരു സ്ഥാപനമില്ല. തത്സമയ പരിശീലന പരിതസ്ഥിതിയില്‍ കപ്പല്‍ വ്യോമ പ്രതിരോധവും ഉപരിതല പ്രവര്‍ത്തനവും കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ യൂണിറ്റ് ഓപ്‌സ് റൂമിലുണ്ട്. ഐജിഎല്‍എ ഉപരിതലത്തില്‍നിന്ന് അന്തരീക്ഷത്തിലേക്ക് വിക്ഷേപിച്ച മിസൈല്‍, 76 എംഎം സൂപ്പര്‍ റാപ്പിഡ് ഗണ്‍ മൗണ്ട് എന്നിവ പോലെയുള്ള നിരവധി വെര്‍ച്വല്‍ റിയാലിറ്റി സിമുലേറ്ററുകള്‍ ഉണ്ട്. പീരങ്കികള്‍ മുതല്‍  ദീര്‍ഘദൂര ഹൈപ്പര്‍സോണിക് മിസൈലുകള്‍ വരെയുള്ള യുദ്ധോപകരങ്ങളും ആയുധങ്ങളും പരിശീലിപ്പിക്കുന്നു. ഇന്നത്തെ കാലത്തു യുദ്ധം ചെയ്യാന്‍ ശത്രുവിനെ കാണേണ്ടതില്ല. നൂതന സെന്‍സറുകളുള്ള ലോങ് റേഞ്ച് മിസൈലുകളും തോക്കുകളും ഉപയോഗിച്ചു ശത്രുക്കളെ നേരിടാന്‍ സാധിക്കും.

കടലിലെ കാവല്‍ക്കാര്‍

സമുദ്രമേഖലയിലെ കോണ്‍സ്റ്റബുലറി ഓപ്പറേഷനുകള്‍ക്കായുള്ള(സമാധാനസംരക്ഷണം) ഉദ്യോഗസ്ഥരെ പരിശീലിപ്പിക്കുന്നതിനുള്ള നോഡല്‍ കേന്ദ്രമാണ് ഐഎന്‍എസ് ദ്രോണാചാര്യ. മുംബൈ ഭീകരാക്രമണത്തിനുശേഷം തീരസുരക്ഷ വര്‍ധിപ്പിക്കാനും തുറമുഖങ്ങളും നാവിക സ്ഥാപനങ്ങളും സംരക്ഷിക്കാനുമുളള അധികചുമതലയും ഇവര്‍ക്കുണ്ട്. നേവല്‍ ഫാസ്റ്റ് ഇന്റര്‍സെപ്റ്റര്‍ ക്രാഫ്റ്റ്‌സ് (എഫ്‌ഐസി) കൈകാര്യം ചെയ്യുന്ന എസ്പിബി ടീമുകള്‍ക്ക് നിരായുധ പോരാട്ടം, സ്ലിതറിംഗ് ഓപ്‌സ് മുതലായവയില്‍ പരിശീലനം നല്‍കുന്നു.

ഉത്ഭവം

1943-ല്‍ റോയല്‍ ഇന്ത്യന്‍നേവി കറാച്ചിയിലെ മനോര സാന്‍ഡ്പിറ്റില്‍ ബ്രിട്ടീഷ് ദ്വീപുകള്‍ക്ക് പുറത്ത് അക്കാലത്തെ ഏറ്റവും ആധുനിക നാവിക തോക്കുശാലയായ എച്ച്എംഐഎസ് ഹിമാലയ സ്ഥാപിച്ചതോടെയാണ് ദ്രോണാചാര്യയുടെ ഉത്ഭവം. 1948 ഒക്ടോബറില്‍ കൊച്ചിയിലെ നാവിക താവളത്തില്‍ പരിശീലന സൗകര്യങ്ങള്‍ സ്ഥാപിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ കോസ്റ്റല്‍ ബാറ്ററി, നേവല്‍ കോസ്റ്റ് ബാറ്ററി എന്നിവയുമായി സഹകരിച്ച് നൂതന ഗണ്ണറി പരിശീലന കോഴ്‌സുകള്‍ ആരംഭിച്ചു. 1978 മാര്‍ച്ച് 8-ന് ഐഎന്‍എസ് വെണ്ടുരുത്തി-2 എന്ന പേരില്‍ കമ്മീഷന്‍ ചെയ്യപ്പെട്ട ഇത് 1978 നവംബര്‍ 27-ന് ഐഎന്‍എസ്  ദ്രോണാചാര്യ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയും 2004-ല്‍ സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി പ്രഖ്യാപിക്കുകയും ചെയ്തു.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.