login
ശബരിമല കേസും രാഷ്ട്രീയ നിലപാടുകളും

ശബരിമല വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടാണ് സര്‍ക്കാര്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ ആദ്യം ചെയ്യേണ്ടത് സുപ്രീംകോടതിയില്‍ കൊടുത്തിരിക്കുന്ന സത്യവാങ്മൂലം മാറ്റി പകരം ശബരിമലയില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന വിശ്വാസത്തെ സംരക്ഷിക്കണം എന്നുള്ള ഒരു സത്യവാങ്മൂലം സമര്‍പ്പിക്കുകയാണ്.

ബരിമല യുവതീ പ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ തന്നെ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെയും ഇടതുപക്ഷ സര്‍ക്കാരിന്റെയും നിലപാടുകള്‍ എന്തായിരുന്നുവെന്ന് കേരള സമൂഹത്തിന് മാത്രമല്ല ലോക മെമ്പാടുമുള്ള ഹൈന്ദവ വിശ്വാസികള്‍ക്ക് വ്യക്തമായി അറിയാവുന്ന താണ്. ശബരിമലകേസുകള്‍ പിന്‍വലിക്കുമെന്ന ഇടതുസര്‍ക്കാറിന്റെ വാഗ്ദാനവും മറ്റൊരു വഞ്ചനയാണ്.  

2006-ല്‍ സുപ്രീംകോടതിയില്‍ ഇന്ത്യന്‍ യങ്‌ലോയേര്‍സ് അസ്സോസിയേഷന്‍ കൊടുത്ത കേസില്‍ കേരളത്തില്‍ മാറി മാറി വന്ന ഇടതു-വലത് സര്‍ക്കാരുകള്‍ അനുകൂലമായും പ്രതികൂലമായും സത്യവാങ്മൂലങ്ങള്‍ മാറിയും മറിച്ചും കൊടുത്തതിന്റെ പിന്നിലുള്ള രാഷ്ട്രീയവും വളരെ വ്യക്തമാണ്. ഈ കേസ് കൃത്യമായി പഠിച്ചാല്‍ ഇത് കോടതിയുടെ പരിഗണനയ്ക്ക് വരേണ്ട വിഷയമായിരുന്നില്ല എന്ന് നിസ്സംശയം പറയാന്‍ സാധിക്കും.  റിവ്യൂ പെറ്റീഷന്‍ പരിഗണിച്ച സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഈ കേസ് ഉയര്‍ന്നബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടുകൊണ്ടുള്ള അതിന്റെ വിധിയില്‍ ഈ കാര്യം പരാമര്‍ശിച്ചിട്ടുമുണ്ട്. ഒന്‍പതംഗ ബെഞ്ച് ഇപ്പോള്‍ പരിഗണിക്കുന്ന വിഷയങ്ങളില്‍ ഒന്ന് ഇത്തരം വിശ്വാസത്തിന്റെ വിഷയങ്ങള്‍ കോടതി പരിഗണിക്കേണ്ടതാണോ എന്നതാണ്.  

കേരളത്തില്‍ മാറി മാറിവന്നസര്‍ക്കാരൂകള്‍ ഇത്തരം വിഷയങ്ങള്‍ കോടതി പരിഗണിക്കേണ്ടതല്ലെന്നും പ്രശ്‌ന പരിഹാരങ്ങള്‍ക്ക് ക്ഷേത്രവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന സംവിധാനങ്ങളെയാണ് ഉപയോഗപ്പെടുത്തേണ്ടത് എന്നുമാണ് കോടതിയെ അറിയിക്കേണ്ടിയിരുന്നത്. കാലാകാലങ്ങളായി ഇതുപോലെ വ്യത്യസ്തങ്ങളായ ധാരാളം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും വിശ്വാസി സമൂഹം തന്നെ ഇത്തരം വിഷയങ്ങള്‍ സ്വയം ഏറ്റെടുത്തുകൊണ്ട് ക്ഷേത്രങ്ങളില്‍ വളരെയേറെ പരിഷ്‌കാരങ്ങള്‍ നടത്തിയിട്ടുള്ളതിന്റെ ചരിത്രവും കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ തീര്‍ച്ചയായും ഈ കേസ് പരിഗണിക്കുമായിരുന്നില്ല.  

കേരള സര്‍ക്കാരും ദേവസ്വംബോര്‍ഡും ഈ വിഷയത്തില്‍ ഒരേപോലെ കുറ്റക്കാരാണ്. ഈ കേസില്‍ കക്ഷികള്‍ കൊടുത്ത ഒറിജിനല്‍ പെറ്റീഷനില്‍ പറഞ്ഞിരിക്കുന്ന ഹൈന്ദവ വിശ്വാസങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന വിഷയങ്ങളില്‍ വേണ്ടവണ്ണം പ്രതികരിച്ചില്ല എന്ന വസ്തുതയും ഇക്കൂട്ടരുടെ ആത്മാര്‍ത്ഥതയെ ചോദ്യം ചെയ്യുന്നതാണ്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഈ വിഷയത്തിലുള്ള ഇരട്ടത്താപ്പ് പ്രത്യേകം എടുത്തുപറയേണ്ടതാണ്. കോടതിയില്‍ വാദിക്കുമ്പോള്‍ തീര്‍ത്തും വിശ്വാസങ്ങള്‍ക്ക് എതിരായി കടുത്ത നിലപാട് എടുക്കുമ്പോള്‍ കേരളത്തില്‍ നേതാക്കന്മാര്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്നാണ് പ്രതികരിച്ചിരുന്നത്. ഇപ്പോഴും പല വിഷയങ്ങളിലും നമ്മള്‍ ഇത് കണ്ടുകൊണ്ടിരിക്കുകയാണ്.  

ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തില്‍  വേണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട്  കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന ശബരിമല വിഷയത്തെ സംബന്ധിച്ച രാഷ്ട്രീയ നാടകങ്ങളെ വിലയിരുത്താന്‍.  

ശബരിമല വിശ്വാസികളുടെ രക്ഷകരെന്ന് സ്ഥാപിക്കാനായി കോണ്‍ഗ്രസ്സ്തട്ടിക്കൂട്ടിയെടുത്ത ഒരു നിയമത്തിന്റെ നക്കല്‍ എത്ര അപഹാസ്യമായിരുന്നു എന്ന് നമ്മള്‍ കണ്ടതാണ്. ശബരിമലയെ സംബന്ധിച്ച് നിയമം നിര്‍മ്മിക്കുന്ന വിഷയത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചര്‍ച്ചകളില്‍ ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ വേണ്ട വിധം പരിഗണിക്കുന്നില്ല എന്നതാണ് വാസ്തവം. സ്വന്തം ജീവന്‍ പോലും തൃണവല്‍ഗണിച്ചു കൊണ്ട് വിശ്വാസ സംരക്ഷണത്തിനായി സമാധാനപരമായി പ്രക്ഷോഭത്തില്‍ പങ്കെടുത്ത ലക്ഷോപലക്ഷം അമ്മമാരുണ്ട്. ബലിദാനികളായവരുണ്ട്. പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായവരും ആയിരക്കണക്കിന് കള്ളക്കേസില്‍ കുടക്കപ്പെട്ടവരുമുണ്ട്. ജാമ്യത്തിനായി ലക്ഷങ്ങള്‍ കെട്ടിവെക്കേണ്ടിവന്നവരുണ്ട്. അക്രമത്തില്‍ നാശനഷ്ടങ്ങള്‍ അനുഭവിച്ചവരും ജോലി നഷ്ടപ്പെട്ടവരുമുണ്ട്. ഇതെല്ലാം കണ്ടുകൊണ്ട് ഇതെല്ലാം എന്തിനു വേണ്ടിയായിരുന്നു എന്ന് ഒരു നിമിഷം ചിന്തിച്ചുകൊണ്ടുവേണം ശബരിമല വിഷയത്തിലുള്ള ഏത് പ്രശ്‌നങ്ങളുടെയും പരിഹാരം കാണാന്‍.

ശബരിമലയില്‍ നൂറ്റാണ്ടുകളായി വിശ്വസത്തിന്റെ അടിസ്ഥാനത്തില്‍ നിലനില്‍ക്കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിര്‍ത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വളരെയധികം കഷ്ടനഷ്ടങ്ങള്‍ സഹിച്ചുകൊണ്ട് പ്രക്ഷോഭവും സുപ്രീംകോടതിയില്‍ കേസും നടത്തിയത്. നൂറ്റാണ്ടുകളായി ശാന്തിയുടെയും സമാധാനത്തിന്റെയും അന്തരീക്ഷത്തില്‍ ശബരിമലയില്‍ നില നിന്നിരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ലംഘിക്കപ്പെടാതെ കാത്തു സൂക്ഷിക്കുന്നതിന് പകരം മറ്റ് പലര്‍ക്കും ശബരിമലയില്‍ അനാവശ്യമായി കൈകടത്താന്‍ അവസരം ഒരുക്കുന്ന ഒരു പുതിയ നിയമത്തെയും ഭക്തജനങ്ങള്‍ അംഗീകരിക്കില്ല. ആചാരപരമായി ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായും ഹൈന്ദവ വിശ്വാസികളുമായും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുമായും ശബരിമല പ്രക്ഷോഭത്തിനും സുപ്രീം കോടതിയിലെ കേസുകളിലും നേതൃത്വം കൊടുത്തവരുമായും  കൂടിയാലോചിക്കാതെ ഇതിലൊന്നും പങ്കെടുക്കാതെ മാറിനിന്നവര്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി നടത്തുന്ന ധൃതി പിടിച്ചുള്ള ഇത്തരം നടപടികള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയാകും എന്ന് കൂടി ഓര്‍മ്മിപ്പിക്കുന്നു. പ്രക്ഷോഭങ്ങള്‍ താല്ക്കാലികമായി കെട്ടടങ്ങിയെങ്കിലും ഭക്തജനങ്ങളുടെ മനസ്സ് പ്രക്ഷുബ്ധമാണ്, ശരണമന്ത്രംഹൃദയത്തില്‍ സജീവമാണ്. ശബരിമലയ്ക്ക് വേണ്ടിയുള്ള പോരാട്ടം വിജയം വരിക്കുന്നതുവരെ പോരാടും എന്ന ഉറച്ച തീരുമാനത്തിലാണ് ഭക്തജനങ്ങള്‍.  

ശബരിമലയിലും മറ്റ് സ്ഥലങ്ങളിലും നാമജപം നടത്തിയവരെയും സമാധാനപരമായി നാമജപ യാത്രകളിലും  പ്രക്ഷോഭങ്ങളിലും പങ്കെടുത്തവരെയും കലാപകാരികളെയെന്ന പോലെ പോലീസ് വേട്ടയാടിയത് ആര്‍ക്കെങ്കിലുംമറക്കാന്‍ സാധിക്കുമോ. ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചാര്‍ത്തി ആയിരക്കണക്കിന് കള്ളക്കേസുകളാണ് ഭക്തജനങ്ങള്‍ക്ക് എതിരെ എടുത്തിരിക്കുന്നത്. ഐപിസി 109, 117, 143,147,148, 149, 153, 283, 307, 324, 332, 333, 353, 427, സെക്ഷന്‍ 3(1), 3(2) (ഇ) പിഡിപിപി നിയമം ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്. ഏകദേശം 18,000 കേസുകളിലായി 68,000 ഭക്തജനങ്ങളെയാണ് 2018 ഒക്ടോബര്‍ 10 മുതല്‍ 2019 ജനുവരി 4 വരെ പ്രതികളാക്കി കേസ് എടുത്തിരിക്കുന്നത്. കൂടാതെ പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തു എന്ന ഒറ്റ കാരണത്താല്‍ ശബരിമല കര്‍മ്മസമിതിയുടെയും, ബിജെപിയുടെയും വിവിധ ചുമതലകള്‍ വഹിക്കുന്നവരുടെപേരില്‍ ആയിരക്കണക്കിന് കേസുകളാണ് എടുത്തിരിക്കുന്നത്. കേരളത്തിലെ വിവിധ കേസുകള്‍ നടത്തുന്നതിനും, പിഴ ഒടുക്കുന്നതിനും, പിഡിപിപികേസുകളില്‍ ജാമ്യമെടുക്കുന്നതിനും മറ്റുമായി ഇതുവരെ ഏകദേശം രണ്ടരക്കോടി രൂപയാണ് ഭക്തജനങ്ങള്‍ചെലവിട്ടത്. കൂടാതെ പോലീസ് അതിക്രമങ്ങളിലും പ്രതിപക്ഷ കക്ഷികളുടെയും തീവ്രവാദ സംഘടനകളുടെയും അക്രമങ്ങളില്‍ പരിക്കേറ്റ് ചികിത്സിക്കുന്നതിനും, സ്ഥാവര ജംഗമ വസ്തുക്കളുടെ നഷ്ടവും ജോലി നഷ്ടപ്പെട്ടതിന്റെയും കണക്ക് നോക്കിയാല്‍ മറ്റൊരു രണ്ടരക്കോടി രൂപയോളം വേറെയുംനഷ്ടമുണ്ടായിട്ടുണ്ട്. കേസുകള്‍ മൂലം നൂറുകണക്കിന് ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് ജോലിക്കുള്ള അവസരം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇത്തരത്തില്‍ കേസില്‍പ്പെട്ടവരെ രക്ഷിക്കാനെന്നവണ്ണം കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള ഗുരുതരമല്ലാത്ത ക്രിമിനല്‍ കേസുകളും പൗരത്വ നിയമ ഭേതഗതി(സിഎഎ) വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളും പിന്‍വലിക്കാന്‍ തീരുമാനമെടുത്തിരുന്നു. പക്ഷെ ഈ വിഷയം കൃത്യമായി പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. സര്‍ക്കാര്‍ തീരുമാനം സഹായിക്കുക കൂടുതലും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള ഗുരുതരമല്ലാത്ത ക്രിമിനല്‍ കേസുകളില്‍ പെട്ടവരെയല്ല മറിച്ച് പൗരത്വ നിയമ ഭേദഗതി വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ പെട്ടവരെയാണ്. കാരണം  ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് എടുത്തിട്ടുള്ള കളളക്കേസുകളില്‍ ബഹുഭൂരിപക്ഷവും ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്താണെങ്കില്‍ പൗരത്വ നിയമ ഭേദഗതി (സിഎഎ) വിരുദ്ധ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ നിസ്സാര വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. കൂടാതെ കേസുകള്‍ പിന്‍വലിക്കാനുള്ള മാനദണ്ഡം തീരുമാനിക്കുമ്പോള്‍ മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിയുടെ കൂട്ടു കക്ഷിയായ എസ് ഡി പി ഐ ക്ക് കിട്ടുന്ന ഒരു പരിഗണന ശബരിമല വിശ്വാസികള്‍ക്ക് കിട്ടുമോ എന്നത് ആര്‍ക്കും ചിന്തിച്ചാല്‍ മനസ്സിലാക്കാവുന്നതെയുള്ളു.

ശബരിമല വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടാണ് സര്‍ക്കാര്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അവര്‍ ആദ്യം ചെയ്യേണ്ടത് സുപ്രീംകോടതിയില്‍ കൊടുത്തിരിക്കുന്ന സത്യവാങ്മൂലം മാറ്റി പകരം ശബരിമലയില്‍ കാലാകാലങ്ങളായി നിലനില്‍ക്കുന്ന വിശ്വാസത്തെ സംരക്ഷിക്കണം എന്നുള്ള ഒരു സത്യവാങ്മൂലം സമര്‍പ്പിക്കുകയാണ്. അവര്‍ ചെയ്തുകൂട്ടിയ തെറ്റിന്, പ്രത്യേകിച്ചും അഞ്ചു ഭക്തന്മാരുടെ ജീവന്‍നഷ്ടപ്പെട്ടതിനും, ശബരിമലയുടെ പവിത്രതയെ കളങ്കപ്പെടുത്താന്‍ നടത്തിയ കുതന്ത്രങ്ങള്‍ക്കും, കോടാനുകോടി വിശ്വാസികളുടെ ഹൃദയത്തിന് മുറിവേല്‍പ്പിച്ചതിനും, ശാരീരികവും സാമ്പത്തികവുമായി ഉണ്ടായ നഷ്ടങ്ങള്‍ക്കും, ഭക്തജനങ്ങളോട് മാപ്പ് പറയണം. അതിനുപകരം ഇപ്പോള്‍ കാണിച്ചുകൂട്ടുന്ന ഒന്നും വിശ്വാസി സമൂഹത്തിന് അംഗീകരിക്കാന്‍ സാധിക്കില്ല.  

അത് കൊണ്ട് അടിവരയിട്ടു കൊണ്ട് ഒരു കാര്യം പറയുന്നു. ശബരിമലയില്‍ സ്വാമി അയ്യപ്പന്‍ തന്നെ നിര്‍ദ്ദേശിച്ച നിയമങ്ങളും ആചാരങ്ങളും നൂറ്റാണ്ടുകളായി പ്രാബല്യത്തിലുണ്ട്. അത് നിലനില്‍ക്കേണ്ടത് ഈ നാടിന്റെയും എല്ലാ ജാതിമതചിന്തകള്‍ക്കും അതീതമായി സര്‍വ്വ ജനങ്ങളുടെയും ഐശ്വര്യത്തിന് അത്യന്താപേക്ഷിതമാണ്. അത് കര്‍ശനമായി നടപ്പാക്കുക മാത്രമാണ് ചെയ്യേണ്ടത്.  മറ്റൊന്നും സ്വീകാര്യമല്ല. കാരണം സ്വാമി അയ്യപ്പന്‍ കുടികൊള്ളുന്ന ശബരിമലയുടെ കാര്യത്തില്‍ വിശ്വാസികള്‍ക്ക് രാഷ്ട്രീയമല്ല, വിശ്വാസമാണ് വലുത്.

 

എസ്. ജെ. ആര്‍. കുമാര്‍

സംസ്ഥാന ജനറല്‍ കണ്‍വീനര്‍

ശബരിമല കര്‍മ്മ സമിതി

  comment

  LATEST NEWS


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍


  ഇന്ന് 8126 പേര്‍ക്ക് കൊറോണ; കേരളത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.34; 7226 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 2700 പേര്‍ക്ക് രോഗമുക്തി


  അഭിമന്യുവിനെ കൊന്നത് ആര്‍എസ് എസ് എന്ന സിപിഎം കള്ളം പൊളിഞ്ഞു; പരുക്കറ്റ ഒരാള്‍ ബിജെപി പ്രവര്‍ത്തകന്‍


  'എത്ര ചീപ്പായാണ് ഇതുണ്ടാക്കിയവര്‍ പെരുമാറിയത്; ഇതു പൂട്ടിക്കണം'; ആരാധകരോട് സഹായം ആവശ്യപ്പെട്ട് അഹാന കൃഷ്ണ


  കാളിദാസ് ജയറാമിന്റെ പുതിയ സിനിമ 'രജനി' പേര് പുറത്തുവിട്ടു; ചിത്രീകരണം തുടങ്ങി


  സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു


  ദല്‍ഹി കലാപം: പൊലീസ് ഹെഡ് കോണ്‍സ്റ്റബിളിന് നേരെ വെടിയുതിര്‍ത്ത ഷഹ്‌രുഖ് പതാന്‍ ഖാന് ജാമ്യമില്ല; അപേക്ഷ ദല്‍ഹി ഹൈക്കോടതി തള്ളി


  യുഎസ് ടി യുമായി തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ച് സിംകോണ്‍ ലൈറ്റിങ്ങ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.