×
login
ശ്രീലങ്ക‍ കേരളത്തോട് പറയുന്നത്

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഏറെ ആശങ്കാജനകമാണ്. 2021-22 ബജറ്റ് പ്രകാരം 3.27 ലക്ഷം കോടി രൂപയാണ് പൊതുകടം. 2021 ല്‍ കേരളം 44,900 കോടി രൂപ കടമെടുത്തു. ഗള്‍ഫ് നാടുകളില്‍നിന്ന് അയയ്ക്കുന്ന പണമാണ് കേരളത്തിന്റെ പ്രധാന വരുമാനം. മദ്യം, ഭാഗ്യക്കുറി, പെട്രോളിയം ഉത്പന്നങ്ങള്‍ ഇവയുടെ നികുതിയാണ് കേരളത്തിന്റെ മറ്റു പ്രധാനവരുമാന സ്രോതസ്സ്. ഉത്പാദന മേഖലയെ പൂര്‍ണമായും അവഗണിച്ച വികസന മാതൃകയാണ് ശ്രീലങ്കയും കേരളവും പിന്തുടരുന്നത്.

ഡോ. കെ. ജയപ്രസാദ്

(കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സ് പ്രൊഫസറാണ് ലേഖകന്‍)

ഭരണകര്‍ത്താക്കളുടെ തെറ്റായ നയങ്ങള്‍കൊണ്ട് ഗുരുതര സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും തകര്‍ച്ചയും നേരിടുകയാണ് ഇന്ന് ശ്രീലങ്ക. 26 വര്‍ഷത്തെ ആഭ്യന്തര യുദ്ധത്തിനുശേഷം 2009 മുതല്‍ വളരെ വേഗം ശ്രീലങ്ക വികസനത്തിന്റെ പാതയില്‍ വന്നു. തെക്കനേഷ്യയിലെ താരതമ്യേന ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനവും ഉയര്‍ന്ന മാനവ വികസന സൂചികയുമുള്ള ചെറുരാജ്യമായിരുന്നു ശ്രീലങ്ക. വിസ്തീര്‍ണത്തില്‍ കേരളത്തിന്റെ ഒന്നര ഇരട്ടി വലുപ്പവും 2.19 കോടി ജനങ്ങളുമുള്ള ശ്രീലങ്ക ഇന്ന് പ്രവചിക്കാന്‍ കഴിയാത്ത പ്രതിസന്ധിയുടെ നിഴലിലാണ്. ഏകാധിപത്യ സ്വഭാവത്തോടെ ഭരണം കൈയാളിയ രജപക്ഷെ കുടുംബം തകര്‍ത്ത ശ്രീലങ്കയെ, നരേന്ദ്രമോദി നയിക്കുന്ന ഇന്ത്യന്‍ ഭരണകൂടം മാത്രമാണ് സഹായിക്കുന്നത്. എങ്കിലും വമ്പിച്ച കടക്കെണിയില്‍ നിന്ന് ആ രാജ്യത്തെ മോചിപ്പിക്കുക അത്ര എളുപ്പമല്ല. അഴിമതി, കുടുംബാംധിപത്യം, ഇസ്ലാമിക തീവ്രവാദം, കാര്‍ഷിക തകര്‍ച്ച, ചൈനയുടെ കടക്കെണി, വിലക്കയറ്റം, തകര്‍ന്ന വിദേശ നാണയശേഖരം, കൊവിഡ്, അവശ്യ സാധനങ്ങളുടെ ദൗര്‍ലഭ്യം എന്നിവ സൃഷ്ടിച്ച രാഷ്ട്രീയ പ്രതിസന്ധികളും ശ്രീലങ്ക നേരിടുന്നു.

കൃഷി, വ്യവസായം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്കാത്ത ശ്രീലങ്ക, ടൂറിസം, വിദേശ രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന ഏതാണ്ട് ഇരുപത് ലക്ഷം പൗരന്മാരുടെ നിക്ഷേപം, തേയില കയറ്റുമതി എന്നിവയിലൂടെ ലഭിക്കുന്ന വിദേശ നാണ്യശേഖരം സമാഹരിച്ചുകൊണ്ട,് ഭക്ഷണം ഉള്‍പ്പെടെയുള്ള അവശ്യ ഉപഭോഗ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന സമ്പദ് വ്യവസ്ഥയാണ് സൃഷ്ടിച്ചത്. 2019 ല്‍ 269 പേര്‍ ഇസ്ലാമിക ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതോടെ ടൂറിസം മേഖലയും പാടെ തകര്‍ന്നു. പ്രസിഡന്റ് ഗോദാഭയ രജപക്ഷെയുടെ കാര്‍ഷിക നയം കൊണ്ട് ഉത്പാദനം പകുതിയായി. സൗജന്യങ്ങളും നികുതിയിളവും നല്കി വോട്ടര്‍മാരെ ആകര്‍ഷിച്ച ഗോദാഭയ, രാജ്യത്തിന്റെ വരുമാനം കുറയുന്നതില്‍ ശ്രദ്ധ കാണിച്ചില്ല. കൊവിഡ് വന്നതോടെ ടൂറിസം വരുമാനവും പൂര്‍ണമായും നിലച്ചു. പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന്റെ ഒഴുക്ക് കുറഞ്ഞു. വിദേശ നാണയ ശേഖരം തകര്‍ന്നു. എണ്ണ ഉള്‍പ്പെടെ അവശ്യ വസ്തുക്കള്‍ പോലും ഇറക്കുമതി ചെയ്യാന്‍ പറ്റാതെയായി. ജനങ്ങള്‍ തെരുവിലിറങ്ങി. പൊതുകടത്തിന്റെ ജിഡിപിയുടെ അനുപാതം 2019 ല്‍ 94 ശതമാനത്തില്‍ നിന്ന് 2021 ല്‍ 119 ശതമാനമായി കുതിച്ചുയര്‍ന്നു. വിദേശനാണയം ചോരുന്നതു തടയാന്‍ 2020 ല്‍ രാസവളങ്ങളുടെ ഇറക്കുമതി നിരോധിച്ചു. ഒറ്റ രാത്രി കൊണ്ട് ശ്രീലങ്കയെ 'സമ്പൂര്‍ണ ജൈവകൃഷി' രാജ്യമായി പ്രഖ്യാപിച്ചു. 'ജൈവകൃഷി' കൊണ്ട് നെല്ല് ഉള്‍പ്പെടെയുള്ളവയുടെ ഉത്പാദനം 40-45 ശതമാനം കുറഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ വില കുതിച്ചുകയറി. പ്രസിഡന്റ് ഗോദാഭയയുടെ 'തുഗ്ലക്ക്' നയങ്ങള്‍കൊണ്ട് ഒരു രാജ്യവും ജനതയും പാപ്പരായി. ലോക സമൂഹത്തിന്റെ സഹായത്തിനായി അവര്‍ കേഴുന്നു. ചൈനയെ മാത്രം ആശ്രയിച്ച നിര്‍മാണ പദ്ധതികള്‍ ആ രാജ്യത്തെ  കടക്കെണിയിലാക്കി. ഇതിനിടയില്‍ ചൈന നിര്‍മിച്ച ഹമ്പന്‍തോട്ട തുറമുഖം 1.12 ബില്യണ്‍ ഡോളറിന് ചൈനയ്ക്ക് വിറ്റു വിദേശനാണയം നേടി എങ്കിലും രാജ്യം കൂടുതല്‍ കടക്കെണിയിലേക്ക് നീങ്ങി. പെട്രോളും ഡീസലും ഇറക്കുമതി ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളത്. 2019ല്‍ തന്നെ മൊത്ത സര്‍ക്കാര്‍കടം ജിഡിപിയുടെ 86.8 ശതമാനമായി ഉയര്‍ന്നു. 2012 ല്‍ 8-9 ശതമാനം വളര്‍ച്ച കാണിച്ച ജിഡിപി 2020 ല്‍ മൂന്ന് ശതമാനമായി കുറഞ്ഞു. വിദേശ വായ്പ എടുത്ത് വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ശ്രീലങ്ക ഉത്പാദന മേഖലയില്‍ ഒന്നും ചെയ്തില്ല. ടൂറിസത്തിന്റെ വളര്‍ച്ചയും യുവാക്കള്‍ തൊഴില്‍ തേടി ഗള്‍ഫ് രാജ്യങ്ങളില്‍ ചേക്കേറിയതും ശ്രീലങ്കയ്ക്ക് വിദേശ നാണയശേഖരം നേടിക്കൊടുത്തു. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷംകൊണ്ട് ശ്രീലങ്ക, ഐഎംഎഫിന്റെയും ചൈനയുടെയും കടക്കെണിയില്‍ കുടുങ്ങി മുന്നോട്ടു പോകാന്‍ കഴിയാത്ത അവസ്ഥയില്‍ നട്ടംതിരിയുന്നു.  ഇന്ത്യ 2.4 ബില്യണ്‍ ഡോളറിന്റെ സഹായമാണ് ഇതുവരെ നല്കിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നുലക്ഷം ടണ്‍ അരിയും, 40,000 മെട്രിക് ടണ്‍ പെട്രോളിയം ഉത്പന്നങ്ങളും നല്കി.  ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യത്യാസം രജപക്ഷെ കുടുംബക്കാര്‍ ഇപ്പോഴാണ് മനസിലാക്കിയത്. ചൈനയ്ക്ക് സാമ്പത്തികമായി കീഴടങ്ങിയ രാജ്യത്തെ മോചിപ്പിക്കുക അത്ര എളുപ്പമാകില്ല. കടം വാങ്ങി വികസനം സ്വപ്‌നം കാണുന്ന പിണറായി വിജയന്റെ കേരള ഭരണകൂടത്തിനും ഇതില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.

ശ്രീലങ്കന്‍ സാമ്പത്തിക പ്രതിസന്ധി കേരളത്തെ പഠിപ്പിക്കുന്നത്?

ശ്രീലങ്കയ്ക്കും കേരളത്തിനും ഒരുപാട് സമാനതകളുണ്ട്. ഏതാണ്ട് ഒരേ കാലാവസ്ഥയും കാഴ്ചപ്പാടുമാണ് ഇരു പ്രദേശങ്ങള്‍ക്കും. രണ്ടിടത്തെയും വികസന സംസ്‌കാരം ഒന്നാണ്. രണ്ടു പ്രദേശങ്ങളും ഉത്പാദന മേഖലയെ പ്രത്യേകിച്ച് കൃഷി, വ്യവസായം എന്നിവയെ പാടെ അവഗണിച്ച് സര്‍വീസ് മേഖലയ്ക്ക് ഊന്നല്‍ നല്കി. മാനവ വികസന സൂചികയില്‍ ഇരുപ്രദേശവും ഒന്നുപോലെ 'മികച്ച'താണ്. ക്ഷേമ പെന്‍ഷനും സൗജന്യങ്ങളും നല്കി വോട്ടര്‍മാരെ വഞ്ചിക്കുന്നതിലും ഒന്നുപോലെ. വികസനത്തിലൂടെയല്ലാതെ, ലഭിക്കുന്ന 'സൗജന്യ'ത്തിന് മാത്രം വോട്ടുനല്കുന്ന വോട്ടര്‍മാര്‍ ഇവിടെ രാഷ്ട്രീയം നിയന്ത്രിക്കുന്നു. സ്വദേശത്ത് 'അലസതയും' വിദേശത്ത് 'കാര്യക്ഷമത'യും കാണിക്കുന്നതില്‍ മലയാളികളും സിംഹളരും തുല്യരാണ്. കേരളത്തിലെ 28 ലക്ഷം പേര്‍ ഗള്‍ഫില്‍ പണി എടുക്കുമ്പോള്‍ ശ്രീലങ്കയിലെ 20 ലക്ഷം പേര്‍ പുറംരാജ്യങ്ങളില്‍ ജോലി നോക്കുന്നു. രണ്ടു പ്രദേശങ്ങളും ടൂറിസ്റ്റു മേഖലയില്‍  പ്രതീക്ഷ വയ്ക്കുന്നു. യുവാക്കള്‍ ജോലിക്കായി പുറംരാജ്യങ്ങളെ ആശ്രയിക്കുന്ന സംസ്‌കാരം ശ്രീലങ്കയില്‍ വളരുകയാണ്. കാനഡ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലും അവര്‍ പൗരത്വം നേടുന്നു. കേരളത്തിന്റെ അവസ്ഥയും ഇതുതന്നെ. സാക്ഷരതയില്‍ മുന്നിലാണെങ്കിലും നിലവാരമുള്ള വിദ്യാഭ്യാസത്തിന് ഇതര സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പോകുന്ന  വിദ്യാര്‍ത്ഥികളെ കാണാം. ശ്രീലങ്കയും വിഭിന്നമല്ല. ആരോഗ്യരംഗത്ത് ഏറെ നേടിയെങ്കിലും നല്ല ചികിത്സ ലഭിക്കാന്‍ കേരളത്തിന് പുറത്ത് പോ


കണം. മികച്ച ചികിത്സ ലഭിക്കുന്ന ഒരു ആശുപത്രി എങ്കിലും കേരളത്തില്‍ വേണമെന്ന് വിദേശത്ത് ചികിത്സ തേടിപ്പോകുന്ന മുഖ്യമന്ത്രിക്കും തോന്നാറില്ല. കെ റെയിലിനു മുടക്കുന്ന തുകയുടെ പത്ത് ശതമാനംകൊണ്ട് കേരളത്തില്‍ കുറഞ്ഞത് പത്ത് ഉന്നത നിലവാരമുള്ള ആശുപത്രികളെങ്കിലും നിര്‍മിക്കാവുന്നതാണ്. എന്നാല്‍ ഇത്തരം വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യാറില്ല. മാനസികാരോഗ്യത്തില്‍ ശ്രീലങ്കയും കേരളവും തുല്യരാണ്. ആത്മഹത്യാ നിരക്കിലും ലോകത്തിലെ തന്നെ മുന്നില്‍ നില്ക്കുന്ന രണ്ടു പ്രദേശങ്ങളാണ് ശ്രീലങ്കയും കേരളവും. മദ്യപാനത്തില്‍ കേരളത്തില്‍ വാര്‍ഷിക ആളോഹരി ഉപഭോഗം എട്ടു ലിറ്ററാണെങ്കില്‍ ശ്രീലങ്കയില്‍ അത് നാലു ലിറ്ററാണ്. കേരളത്തില്‍ ആത്മഹത്യാ നിരക്ക് (2021ല്‍) 24.3 ശതമാനമാണെങ്കില്‍ ശ്രീലങ്കയില്‍ 15.2 ശതമാനമാണ്.

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഏറെ ആശങ്കാജനകമാണ്. 2021-22 ബജറ്റ് പ്രകാരം 3.27 ലക്ഷം കോടി രൂപയാണ് പൊതുകടം. 2021 ല്‍ കേരളം 44,900 കോടി രൂപ കടമെടുത്തു. ഗള്‍ഫ് നാടുകളില്‍നിന്ന് അയയ്ക്കുന്ന പണമാണ് കേരളത്തിന്റെ പ്രധാന വരുമാനം. മദ്യം, ഭാഗ്യക്കുറി, പെട്രോളിയം ഉത്പന്നങ്ങള്‍ ഇവയുടെ നികുതിയാണ് കേരളത്തിന്റെ മറ്റു പ്രധാന വരുമാന സ്രോതസ്സ്. ഉത്പാദന മേഖലയെ പൂര്‍ണമായും അവഗണിച്ച വികസന മാതൃകയാണ് ശ്രീലങ്കയും കേരളവും പിന്തുടരുന്നത്. കാര്‍ഷിക, വ്യാവസായിക മേഖലയില്‍ തമിഴ്‌നാടും കര്‍ണാടകവും ഏറെ മുന്നേറിയപ്പോള്‍ കേരളം ഉള്ളതുകൂടി തകര്‍ത്ത് സമരഭൂമിയായി. വ്യവസായങ്ങള്‍  ഇല്ലെങ്കിലും തൊഴിലാളി നേതാക്കളും തൊഴിലാളി യൂണിയനും കേരളത്തില്‍ ശക്തമാണ്. കാലാകാലങ്ങളില്‍ കേരളത്തില്‍ മാത്രം ആഘോഷിക്കുന്ന ദേശീയ പണിമുടക്കെന്നത് ഒരര്‍ത്ഥത്തില്‍ വ്യവസായങ്ങളുടെയും കാര്‍ഷിക മേഖലയുടെയും ശവപ്പറമ്പില്‍ നടക്കുന്ന ആഘോഷങ്ങളാണ്. ശ്രീലങ്ക എല്ലാ അവശ്യവസ്തുക്കളും ഇറക്കുമതി ചെയ്യുമ്പോള്‍ കേരളം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുന്നു. ശ്രീലങ്കയ്ക്ക് അതിന് വിദേശനാണയം വേണ്ടിവരുന്നു.  മറ്റു സംസ്ഥാനങ്ങളിലെ കാര്‍ഷിക-വ്യാവസായിക പുരോഗതിയുടെ ഗുണഭോക്താക്കളാണ് മലയാളികള്‍. ഉദാഹരണത്തിന് ബെംഗളൂരുവിലെ ഐടി മേഖലയില്‍ ജോലി എടുക്കുന്നവരിലേറെയും മലയാളികളാണ്. 1982 ല്‍ ടെക്‌നോ പാര്‍ക്ക് തുടങ്ങിയ കേരളത്തിന്റെ ഐടി രംഗത്തെ സംഭാവന കേവലം മൂന്നു ശതമാനമാണ്. എന്നാല്‍ പുറകേ വന്ന കര്‍ണാടകം 70 ശതമാനം സംഭാവന ചെയ്യുന്നു. മലയാളി പ്രബുദ്ധതയുടെയും മാതൃകയുടെയും ഉദാഹരണമാണിത്.

അടിസ്ഥാന വികസന രംഗത്ത് ശ്രീലങ്ക ഐഎംഎഫിനെയും ചൈനയെയും ആശ്രയിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ആ രാജ്യം വമ്പിച്ച കടക്കെണിയിലായത് അങ്ങനെയാണ്. കേരളത്തില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ചൈനീസ് കമ്പനി വന്നതാണ്. കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തതുകൊണ്ട് നടന്നില്ല. കിഫ്ബിയുടെ സാമ്പത്തിക സഹായത്താല്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ടതല്ല. കെ റെയില്‍ പദ്ധതിക്ക് ഒന്നേകാല്‍ ലക്ഷം കോടി രൂപ കണ്ടെത്താന്‍ പോകുന്നതും കടമെടുത്താണ്. ചൈനയ്ക്കു പകരം ജപ്പാന്‍ വരുന്നു എന്ന വ്യത്യാസം മാത്രം. ഇത്രയും തുക കടമെടുക്കുമ്പോള്‍ അത് തിരിച്ചടയ്ക്കാന്‍ എന്തായാലും വരുമാനം ഉണ്ടാവില്ല. സ്വാഭാവികമായും കടം എടുത്ത് കടം തിരിച്ചടച്ച് വീണ്ടും കടക്കെണി യില്‍ ആയ ശ്രീലങ്കയെപ്പോലെ കേരളവും മാറും. അഴിമതി മാത്രമാകും നേട്ടം. ഈ രീതിയില്‍ കേരളം മുന്നോട്ടുപോവുകയാണെങ്കില്‍ ശ്രീലങ്കയിലേതുപോലെ സാമ്പത്തിക പ്രതിസന്ധി കേരളത്തിലും ഉണ്ടാവും. ഗോദാഭയ രജപക്ഷെയുടെ നയങ്ങളും പിണറായി വിജയന്റെ നയങ്ങളും ഒറ്റനോട്ടത്തില്‍ ജനപ്രിയമാണ്. രാജ്യത്തിന്റെ സമ്പത്ത് വളര്‍ത്താതെ സാധാരണ ജനങ്ങള്‍ക്ക് കുറച്ച് ആനുകൂല്യങ്ങള്‍ നല്കുന്നു. അണികള്‍ അത് ഏറ്റുപാടുന്നു. കൊവിഡ് കാലം ഇവര്‍ക്ക് ഗുണകരമായി. സൗജന്യങ്ങള്‍ കൊണ്ട് ജനങ്ങളെ വീര്‍പ്പുമുട്ടിച്ചു. പക്ഷേ കടമെടുത്ത രൂപയാണ് ചെലവഴിക്കുന്നത് എന്ന് വോട്ടര്‍മാരും കരുതിയില്ല. ശ്രീലങ്കയില്‍ നികുതി ഇളവിലൂടെ വന്‍ സൗജന്യമാണ് പ്രഖ്യാപിച്ചത്. ജനങ്ങള്‍ കൈയടിച്ചു. പക്ഷേ ഇന്ന് അതേ ജനങ്ങള്‍ തെരുവില്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നു. അവശ്യ വസ്തുക്കള്‍ പോലും സര്‍ക്കാരിന് നല്കാനാവുന്നില്ല. കേരളത്തിന് ഈ അവസ്ഥ വരാതിരിക്കണമെങ്കില്‍ ജനങ്ങള്‍ ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യണം.

പ്രകൃതി ഏറ്റവും കൂടുതല്‍ അനുഗ്രഹിച്ച രണ്ടു പ്രദേശങ്ങളാണ് ശ്രീലങ്കയും കേരളവും. കേരളത്തില്‍ 44 നദികളാണ് ഉള്ളതെങ്കില്‍ ശ്രീലങ്കയില്‍ 103 നദികളുണ്ട്. വിനോദസഞ്ചാരികള്‍ ഏറ്റവും ഇഷ്ടപ്പെടുന്ന പ്രദേശങ്ങളാണ് ഇവ രണ്ടും. ഈ നാടുകളില്‍ ഭരണാധികാരികള്‍ ദീര്‍ഘവീക്ഷണമില്ലാതെയാകുമ്പോഴും, ജനങ്ങള്‍ അലസരാകുമ്പോഴുമാണ് പ്രതിസന്ധികള്‍ ഉണ്ടാവുന്നത്. ദൈവത്തിന്റെ സ്വന്തം നാട് കപടബുദ്ധികളായ മനുഷ്യരുടെ നേതൃത്വത്തില്‍ തകരാതെ ഇരിക്കണമെങ്കില്‍ ജന ജാഗ്രതയുണ്ടാവണം. അങ്ങനെയെങ്കില്‍ കേരളത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായതുപോലുള്ള സാമ്പത്തിക പ്രതിസന്ധിയുണ്ടാവില്ല.

ഉയര്‍ന്ന മാനവവികസന സൂചിക(എച്ച്ഡിഐ) അവകാശപ്പെടുമ്പോഴും ശ്രീലങ്കയില്‍ എന്നതുപോലെ കേരളവും ഉത്പാദനമേഖലയെ പൂര്‍ണമായും അവഗണിച്ചു. മാനവവികസന സൂചികയിലെ മുന്നേറ്റങ്ങള്‍ ആ അര്‍ത്ഥത്തില്‍ കേവലം ഒരു കെട്ടുകഥ മാത്രമാണ്. കടം വാങ്ങി മേനി നടിക്കുന്ന ജനതയ്ക്ക് ശ്രീലങ്ക ഒരു പാഠമാണ്. കേരളത്തിന് ഒരു വലിയ പാഠവും.

  comment

  LATEST NEWS


  സുനില്‍ ഗവാസ്‌കറിന് എസ്‌ജെഎഫ്‌ഐ ഗോള്‍ഡ് മെഡല്‍ സമ്മാനിച്ചു; ജനമനസുകളില്‍ തന്നെ പ്രതിഷ്ഠിച്ചത് അച്ചടിമാധ്യമങ്ങളെന്ന് ഗവാസ്‌കര്‍


  ഒക്ടോബര്‍ മൂന്നു അവധി ദിവസമാക്കണം; പൂജവയ്പ്പ് ദിനത്തിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മാറ്റണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ബാലഗോകുലം


  വീഡിയോ പകര്‍ത്തിയ ജീവനക്കാരന് മര്യാദയില്ല; സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി; കെഎസ്ആര്‍ടിസി ക്രിമിനലുകള്‍ക്കായി വീണ്ടും ആനത്തലവട്ടം ആനന്ദന്‍


  ഗുജറാത്തിൽ നവരാത്രി ഉത്സവത്തിന് ഒരുങ്ങുന്ന സൂറത്തിലെ യുവതികൾ മുതുകിൽ വരയ്ക്കുന്ന ടാറ്റൂവില്‍ മോദിയും ചീറ്റയും...


  അമിത വില; കേരളത്തിന്റെ പരാതി പ്രധാനമന്ത്രി കേട്ടു; നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും വില നിശ്ചയിച്ചു; കൊള്ളയ്ക്ക് കൂച്ചുവിലങ്ങ്


  സുഗമ്യ ഭാരത് അഭിയാന്‍: എട്ടു വര്‍ഷത്തില്‍ 1090 എസ്‌കലേറ്ററുകള്‍, 981ലിഫ്റ്റുകള്‍; രാജ്യത്തെ 497 റെയില്‍വേ സ്‌റ്റേഷനുകള്‍ ദിവ്യാംഗസൗഹൃദമാക്കി റെയില്‍വേ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.