×
login
സുദൃഢം, ആരോഗ്യ ഭാരതം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ, ആഗോള പ്രതിസന്ധിയെ വിജയകരമായി കൈകാര്യം ചെയ്യുക മാത്രമല്ല, മുന്‍വര്‍ഷങ്ങളില്‍ കൈവരിച്ച പുരോഗതികള്‍ നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്തു. കൊവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടം തെളിയിച്ചതുപോലെ, പുതിയ ഇന്ത്യ 'ആത്മനിര്‍ഭര്‍' ആണ്

ഡോ. ഭാരതി പ്രവീണ്‍പവാര്‍

(കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി)

പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍, നരേന്ദ്ര മോദി രാജ്യത്തോട് പറഞ്ഞു, 'ഒരിക്കല്‍ കൂടി ഉണര്‍ന്നിരിക്കുന്ന ഭാരതമാതാവിനെ എന്റെ കണ്‍മുന്നില്‍ എനിക്ക് കാണാന്‍ കഴിയും. ഭാരതം ലോക ഗുരുവായി വര്‍ത്തിക്കും. മനുഷ്യരാശിയുടെ ക്ഷേമത്തിനായി ഓരോ ഇന്ത്യാക്കാരും സേവനം ചെയ്യും. ഇന്ത്യയുടെ ഈ പൈതൃകം ലോകക്ഷേമത്തിന് ഉപയോഗപ്രദമാകും'. എട്ട് വര്‍ഷത്തിനിപ്പുറം, ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുമ്പോള്‍, സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാട് യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട്, പ്രധാനമന്ത്രി മോദിയുടെ സമര്‍ത്ഥമായ നേതൃത്വത്തില്‍ ഇന്ത്യ കുതിക്കുന്നു. 2014 മെയ് 26ന് ആരംഭിച്ച ഇന്ത്യയുടെ സാധ്യതകളുടെ ഈ കെട്ടഴിച്ചുവിടലിന്റെ ഊര്‍ജ്ജം രണ്ട് തൂണുകളിലാണ്; ശാക്തീകരിക്കപ്പെട്ട പൗരനും ഉത്തരവാദിത്തമുള്ള സര്‍ക്കാരും.

ഓരോ പൗരനും ശാക്തീകരിക്കപ്പെടുകയും രാഷ്ട്രനിര്‍മ്മാണ ദൗത്യത്തില്‍ സംഭാവന നല്കാന്‍ കഴിയുകയും ചെയ്യുന്നതുവരെ നവ ഇന്ത്യയ്ക്ക്, 'സുശക്ത', 'സമര്‍ത്ഥ്' ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാവില്ലെന്ന് തുടക്കം മുതല്‍ മോദി സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരുന്നു. 'അന്ത്യോദയ'യില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്, അതിനായി അടിസ്ഥാന വെല്ലുവിളികളെ മുന്‍ഗണനാക്രമത്തില്‍ അഭിസംബോധന ചെയ്യേണ്ടതുണ്ട്. എല്ലാ നയങ്ങളും പുതിയ സംരംഭങ്ങളും 'അവസാന വ്യക്തി'യുടെ വരെ പ്രശ്നങ്ങളില്‍ കേന്ദ്രീകരിക്കേണ്ടതുണ്ട്. മരുന്നുകളടക്കം ആരോഗ്യപരിരക്ഷ കിട്ടാനില്ലാത്തതും വലിയ വിലയും ഗുണനിലവാരത്തിലെ വ്യത്യാസവും ദീര്‍ഘകാലമായി ഇന്ത്യയുടെ ആരോഗ്യമേഖലയെ ദോഷകരമായി ബാധിച്ച കാര്യങ്ങളാണ്. എന്നാല്‍ കഴിഞ്ഞ എട്ടു വര്‍ഷമായി, രാജ്യത്തെ പൗരന്മാര്‍ക്ക്, പ്രത്യേകിച്ച് ഏറ്റവും ദുര്‍ബല വിഭാഗക്കാരായ ആളുകള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം സുരക്ഷിതവും കാര്യക്ഷമവുമായി താങ്ങാനാവുന്ന നിരക്കില്‍ ലഭ്യമാക്കി. ഈ മൂന്ന് പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നിരന്തരമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

എട്ട് വര്‍ഷമായി, ദേശീയ ആരോഗ്യ ദൗത്യം (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) രാജ്യത്തിന്റെ ആരോഗ്യ സംവിധാനവുമായി ബന്ധപ്പെട്ട വെല്ലുവിളികളെ നേരിടുന്നതില്‍ വിജയകരമായി പ്രവര്‍ത്തിച്ചു. പ്രതിരോധശേഷിയുള്ളതും കാര്യക്ഷമവും അനുയോജ്യവുമായ ആരോഗ്യസംവിധാനം വികസിപ്പിക്കുന്നതിന് എന്‍എച്ച്എമ്മിന്റെ മുന്‍ഗണനാ മേഖലകളില്‍ ഒന്നാണ് ആരോഗ്യത്തിനായുള്ള മനുഷ്യവിഭവശേഷി. നിപുണരായ ആരോഗ്യ പരിപാലന തൊഴിലാളികളെ വികസിപ്പിക്കുന്നതിന്, പല സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രശംസനീയമായ വിവിധ ഇടപെടലുകളാണു നടത്തിയത്.

പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ആരോഗ്യ പരിരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും വിപുലീകരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചു. ആരോഗ്യ സേവനങ്ങളുടെ ലഭ്യതയിലെ പ്രാദേശിക അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനും രാജ്യത്ത് ഗുണനിലവാരമുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമുള്ള ലക്ഷ്യങ്ങളോടെയാണ് 2003 ല്‍ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്എസ്വൈ) പ്രഖ്യാപിച്ചത്. എയിംസ് പോലെയുള്ള സ്ഥാപനങ്ങള്‍ സ്ഥാപിക്കല്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍ എന്നിവയുടെ നവീകരണവും ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍, മൊത്തം 209 മെഡിക്കല്‍ കോളജുകള്‍ കൂടി തുടങ്ങി. ഇത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ എണ്ണത്തില്‍ മാത്രം 54 ശതമാനം വര്‍ധനവാണ്.  സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ സ്ഥാപിക്കുന്നതിലെ വര്‍ധന  37 ശതമാനമാണ്.  കൂടാതെ, 2014 മുതല്‍ മൊത്തം 157 പുതിയ മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം നല്കുകയും 71 മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്തു. തത്ഫലമായി, മെഡിക്കല്‍ കോഴ്‌സുകളിലെ ബിരുദ സീറ്റുകളില്‍ 75 ശതമാനം വര്‍ധനയുണ്ടായി, 2014ലെ 51,348ല്‍ നിന്ന് 2021ല്‍ 89,875 ആയി. ബിരുദാനന്തര ബിരുദ സീറ്റുകളില്‍ 93 ശതമാനം വര്‍ധനയാണുണ്ടായത്; 2014ലെ 31,185ല്‍ നിന്ന് 2021ല്‍ 60,202 ആയി ഉയര്‍ന്നു. ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ നവീകരണം ഇന്ത്യയിലെ ഡോക്ടര്‍, രോഗി അനുപാതം മെച്ചപ്പെടുത്തുക മാത്രമല്ല, വൈദ്യപരിചരണത്തിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കുകയും ചെയ്യും.

ദരിദ്രര്‍ക്കും അവശത അനുഭവിക്കുന്നവര്‍ക്കും താങ്ങാവുന്നതും വേഗത്തില്‍ ലഭിക്കുന്നതുമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, 2018ല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ആരംഭിച്ചു. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായി അതു മാറി. പിഎംജെഎവൈക്കുകീഴില്‍, അര്‍ഹരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ഓരോ വര്‍ഷവും ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വരെ കാശ് നേരിട്ടു നല്‌കേണ്ടാത്തതും നൂലാമാലകളുടെ ബുദ്ധിമുട്ടില്ലാത്തതുമായ രണ്ടാം ഘട്ടം, മൂന്നാം ഘട്ട ചികിത്സ ലഭിക്കും. ഇന്ത്യയിലെ ജനസംഖ്യയുടെ 40 ശതമാനം വരുന്ന 10 കോടിയിലധികം ദരിദ്രരും ദുര്‍ബലരുമായ കുടുംബങ്ങള്‍, അതായത് ഏകദേശം 50 കോടി ആളുകള്‍, പദ്ധതിയുടെ കീഴിലാണ്. 18.16 കോടിയിലധികം ഗുണഭോക്താക്കളെ കണ്ടെത്തുകയും ഇതുവരെ 3.31 കോടി ആശുപത്രിപ്രവേശനത്തിന് അനുമതി നല്കുകയും ചെയ്ത പിഎംജെഎവൈ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. 12572 സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ 27,891 ആശുപത്രികളുടെ ശൃംഖലയുണ്ട്. ഈ സ്‌കീമില്‍. 27 വ്യത്യസ്ത സ്പെഷ്യാലിറ്റികള്‍ക്ക് കീഴില്‍ 1,949 ചികിത്സാപാക്കേജുകളും നല്കുന്നു. പിഎംജെഎവൈ ദരിദ്രജനങ്ങള്‍ക്ക് ആവശ്യമായ ആശ്വാസം നല്കുക മാത്രമല്ല, ഇന്ത്യക്ക് സാര്‍വത്രിക ആരോഗ്യ പരിരക്ഷ നേടുന്നതിനുള്ള വഴിയൊരുക്കുകയും ചെയ്തു.


രോഗപ്രതിരോധവും ആരോഗ്യ പരിചരണവും  മെച്ചപ്പെടുത്തുന്നതിനായി, ആയുഷ്മാന്‍ ഭാരത് ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 2022 ഓടെ 1.5 ലക്ഷം ആരോഗ്യ പരിരക്ഷാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള പാതയിലാണ് നാം. 1,18,355 കേന്ദ്രങ്ങള്‍ ഇതിനകം പ്രവര്‍ത്തനക്ഷമമാണ്.  പ്രാഥമിക ആരോഗ്യപരിരക്ഷയിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതില്‍ ഈ കേന്ദ്രങ്ങള്‍ വലിയ മുന്നേറ്റമാണു നടത്തിയത്. കൂടാതെ, ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ (പിഎം-എബിഡിഎം) ആരംഭിച്ചു.  

പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ സ്വസ്ത് ഭാരത് യോജന(പിഎംഎഎസ്ബിവൈ) ഈ കരുതലിലെ മറ്റൊരു കൂട്ടിച്ചേര്‍ക്കലാണ്. പിഎംഎഎസ്ബിവൈ അതിന്റെ കേന്ദ്രാവിഷ്‌കൃത പദ്ധതിക്കൊപ്പം (സിഎസ്എസ്) ചില കേന്ദ്ര മേഖലാ ഘടകങ്ങളുമായി അടിയന്തര ചികിത്സാ സേവനങ്ങള്‍ ഉള്‍പ്പെടെ വിപുലമായ രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമുള്ള പൊതുജനാരോഗ്യ സ്ഥാപനങ്ങളെ  ശക്തിപ്പെടുത്തുന്നതിന് പ്രവര്‍ത്തിക്കും.

എട്ട് വര്‍ഷമായി, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സൂചകങ്ങള്‍ മെച്ചപ്പെടുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. തുടര്‍ച്ചയായ പരിചരണത്തിലൂടെ മാതൃ ആരോഗ്യം വര്‍ധിപ്പിക്കുന്നതിന്, ജനനി സുരക്ഷാ യോജന, പ്രധാനമന്ത്രി സുരക്ഷാ മാതൃത്വ അഭിയാന്‍ എന്നിവ ഉള്‍പ്പെടെ നിരവധി നയങ്ങള്‍ അവതരിപ്പിച്ചു. ഗര്‍ഭിണികള്‍ക്ക് സൗജന്യ പോഷകാഹാരം, മരുന്നുകള്‍, രോഗനിര്‍ണയം, ആംബുലന്‍സ് സൗകര്യങ്ങള്‍, ഗര്‍ഭിണികള്‍ക്ക് പ്രത്യേക സൗജന്യ ഗര്‍ഭകാല പരിചരണം തുടങ്ങിയ സേവനങ്ങള്‍ പദ്ധതി ഉള്‍ക്കൊള്ളുന്നു.  

പ്രതിരോധ കുത്തിവയ്പ്പ് മെച്ചപ്പെടുത്തുന്നതിനായി, 2014 ഡിസംബറില്‍ മിഷന്‍ ഇന്ദ്രധനുഷ് ആരംഭിച്ചു, 2014 മുതല്‍, ശിശുമരണനിരക്ക് 60 ശതമാനം കുറയ്ക്കാന്‍ സഹായിക്കുന്ന ആറ് പുതിയ പിസിവി വാക്‌സിനുകള്‍ ഉള്‍പ്പെടുത്തുന്നതിനായി വാക്സിനുകളുടെ ശേഖരം വിപുലീകരിച്ചു. 2017ലെ ദേശീയ ആരോഗ്യ നയം, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ എന്നിവയ്ക്ക് കീഴിലുള്ള ലക്ഷ്യങ്ങളിലേക്ക് നീങ്ങുമ്പോള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആവശ്യങ്ങളോട് പൂര്‍ണ്ണമായി പ്രതികരിക്കുന്നതും ഉത്തരവാദിത്തമുള്ളതുമായ ഒരു പുതിയ ഇന്ത്യയെ വിഭാവനം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

ഉയര്‍ന്ന ഗുണമേന്മയുള്ള മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന് രാജ്യത്തുടനീളം ആയിരക്കണക്കിന് ജന്‍ ഔഷധികേന്ദ്രങ്ങള്‍ തുറന്നു. അവിടെ വിപണി വിലയെ അപേക്ഷിച്ച് 50 ശതമാനം-90ശതമാനം വിലക്കുറവിലാണ് മരുന്നുകള്‍ വില്ക്കുന്നത്. പാവപ്പെട്ടവര്‍ക്ക് മാത്രമല്ല, ഇടത്തരക്കാര്‍ക്കും ഇവ ഏറെ പ്രയോജനം ചെയ്തു. 2022 ജനുവരി 31 വരെ സ്റ്റോറുകളുടെ എണ്ണം 8,675 ആയി ഉയര്‍ന്നു. പിഎംബിജെപിയുടെ കീഴില്‍, രാജ്യത്തെ 739 ജില്ലകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2020 ല്‍ ക്ഷയരോഗ മുക്ത ഭാരതം പ്രചാരണം ആരംഭിച്ചു. ജന്‍ ആന്ദോളന്‍ അഥവാ ക്ഷയത്തിനെതിരായ ജനകീയ പ്രസ്ഥാനത്തിന് ആഹ്വാനം ചെയ്തു. ടിബിയെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുക, തെറ്റിദ്ധാരണകള്‍ പരിഹരിക്കുക, ദേശീയ ടിബി പ്രോഗ്രാമിന് കീഴില്‍ ലഭ്യമായ എല്ലാ ടിബി സേവനങ്ങളിലേക്കും പ്രവേശനം വര്‍ധിപ്പിക്കുക എന്നിവയായിരുന്നു ആശയം.  

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ, ആഗോള പ്രതിസന്ധിയെ വിജയകരമായി കൈകാര്യം ചെയ്യുക മാത്രമല്ല, മുന്‍വര്‍ഷങ്ങളില്‍ കൈവരിച്ച പുരോഗതികള്‍ നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്തു. കൊവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടം തെളിയിച്ചതുപോലെ, പുതിയ ഇന്ത്യ 'ആത്മനിര്‍ഭര്‍' ആണ്, ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെയും ജനകീയ ഇടപെടലുകളുടെയും ശക്തി ഉപയോഗിച്ച് ഏത് വെല്ലുവിളികളെയും അതിജീവിക്കാന്‍ പ്രാപ്തമാണ്.

  comment

  LATEST NEWS


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍


  കുച്ചിപ്പുഡിയുമായി ഋഷി സുനകിന്‍റെ മകള്‍ ; ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞയെടുത്ത ഋഷി സുനക് മകളില്‍ പകര്‍ന്നത് ഭാരതീയ പാരമ്പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.