×
login
സുഭാഷ് ചന്ദ്രബോസ് സംഘര്‍ഷങ്ങളുടെ ഒരു വ്യാഴവട്ടം

ഇന്ന് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മദിനം

കൊളോണിയല്‍ ഭരണത്തിനെതിരെ ജനങ്ങളുടെ ഐതിഹാസിക സമരത്തിന് നേതൃത്വം നല്‍കിയവരില്‍, മുന്‍നിരയിലുണ്ടായിരുന്ന അധൃഷ്യനായ പടനായകനായിരുന്നു  സുഭാഷ ചന്ദ്രബോസ്. ചെറുപ്പം മുതല്‍, ശ്രീരാമകൃഷ്ണ- വിവേകാനന്ദ സന്ദേശങ്ങളില്‍ ആകൃഷ്ടനായിരുന്ന സുഭാഷ്, ദിവ്യ മാതൃഭൂമി എന്നാണ് ഭാരതത്തെ വിശേഷിപ്പിച്ചിരുന്നത്.

ഇംഗ്ലണ്ടിലെ, സിവില്‍ സര്‍വീസ് പരീക്ഷയില്‍ നാലാം റാങ്കോടെ വിജിയിച്ചെങ്കിലും, അതുപേക്ഷിച്ച്, ഗാന്ധിജിയുടെ നേതൃത്വത്തില്‍ നടന്ന  നിസ്സഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുക്കുവാനുള്ള ആവേശവുമായി, 1921ല്‍ ഭാരതത്തിലേക്ക് മടങ്ങി. ശക്തമായ പ്രഭാഷണ ശൈലികൊണ്ടും, ധീരമായ നിലപാടുകള്‍കൊണ്ടും, വ്യക്തമായ ആശയങ്ങള്‍ കൊണ്ടും അതിവേഗം ഭാരതീയ യുവതയുടെ പ്രേരണാസ്രോതസ്സായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍, ഗാന്ധി-നെഹ്‌റു നേതൃത്വത്തിന് അവഗണിക്കാനാവാത്ത നേതാവായി. 1928 ആയപ്പോഴേയ്ക്കും, ഭാരതം  മുഴുവന്‍ അംഗീകരിക്കുന്ന  യുവ വിപ്ലവനേതാവായി അദ്ദേഹം മാറി. ബര്‍മ്മയിലെ ജയില്‍വാസത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹത്തെ  'നേതാജി' എന്ന് ജനം അഭിസംബോധന ചെയ്തു.  

എന്നാല്‍ കോണ്‍ഗ്രസ്സിനുള്ളില്‍ അദ്ദേഹത്തിന് നേരിടേണ്ടിവന്നത്, ഇതിലും വലിയ പോരാട്ടമായിരുന്നു. തന്റെ ആശയങ്ങളും നിലപാടുകളും കോണ്‍ഗ്രസ്സ് നേതൃത്വത്തെക്കൊണ്ട് അംഗീകരിപ്പിക്കുവാനായിരുന്നു ഈ പോരാട്ടങ്ങളത്രയും. സ്വാതന്ത്ര്യ സമര ചരിത്രകാരന്മാര്‍ അധികവും  നേതാജിയുടെ ഈ മാനസിക സംഘര്‍ഷങ്ങളുടെ കാലഘട്ടത്തെ  അവഗണിക്കുകയാണുണ്ടായത്. ദേശീയത, സ്വാതന്ത്ര്യസമരത്തിന്റെ മുഖമുദ്രയാക്കിയ ജനനായകനായിരുന്നു നേതാജി.  

സവിശേഷ നേതൃപാടവം കൊണ്ടും, വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ കൊണ്ടും, കോണ്‍ഗ്രസ്സിന്റെ  നേതൃനിരയില്‍ അദ്ദേഹം  ശ്രദ്ധേയനായി. കോളോണിയല്‍ ബ്രിട്ടന്റെ  പീഡനങ്ങള്‍ക്ക് ഇത്രയേറെ വിധേയനായ യുവ വിപ്ലവ നേതാവ് വേറെ ഉണ്ടായിരുന്നില്ല. കോമണ്‍വെല്‍ത്തിനു കീഴില്‍, 'സ്വതന്ത്ര്യ ഡൊമീനീയന്‍ ഭരണഘടനയുടെ ചര്‍ച്ചകള്‍ക്കായി 1928, മെയ് മാസത്തില്‍ കൂടിയ സര്‍വ്വകക്ഷി യോഗത്തില്‍ ഇന്ത്യന്‍ ജനതയുടെ ആത്യന്തിക ലക്ഷ്യം സ്വതന്ത്രമായ ഒരു  ഫെഡറല്‍ റിപ്പബ്ലിക്കായിരിക്കണം എന്ന് ബോസ് പ്രഖ്യാപിച്ചിരുന്നു. മുസ്ലീം ന്യൂനപക്ഷത്തിന് പ്രത്യേക ഇലക്‌ട്രേറ്റ് എന്ന ബ്രിട്ടീഷ് നിര്‍ദ്ദേശത്തെ അദ്ദേഹം ശക്തമായി  എതിര്‍ത്തു.  

 

ഗാന്ധിജിയും നേതാജിയും

1920-21 കാലത്ത്, ബ്രിട്ടീഷ് ഉത്പന്നങ്ങളുടെ ബഹിഷ്‌കരണത്തിനായി, ബംഗാളിലെ സമുന്നത നേതാവും, നേതാജി തന്റെ ഗുരുവെന്ന് വിശേഷിപ്പിക്കുകയും ചെയ്തിട്ടുള്ള, ദേശബന്ധു സി.ആര്‍. ദാസ് നടത്തിയ ആഹ്വാനങ്ങളെ  ഗാന്ധിജി എതിര്‍ത്തു. പകരം ഖിലാഫത്തിനെ പിന്തുണച്ച്, നിസ്സഹകരണം എന്ന നയം മുന്നോട്ടു വച്ചു. ഗാന്ധിജിയുടെ ഈ നിലപാടുകളെ നേതാജി എതിര്‍ത്തു.  1928 ലെ പൂനാ കോണ്‍ഗ്രസ്സില്‍, തന്റെ പ്രസംഗത്തില്‍ ബോസ് പറഞ്ഞു;

'നിരായുധരും ദുര്‍ബലരുമായിരിക്കാം ഇന്ന് നമ്മള്‍. എന്നാല്‍ നിയതി കനിഞ്ഞു നല്‍കിയ ഒരായുധം നമുക്കുണ്ട്. സാമ്പത്തിക ബഹിഷ്‌കരണം അല്ലെങ്കില്‍ വിദേശവസ്തു ബഹിഷ്‌കരണം. അയര്‍ലന്റും ചൈനയും ഫലവത്തായി അതുപയോഗിച്ചു. 1905 ലെ ബംഗാള്‍ വിഭജനത്തിനെതിരേയും, സ്വദേശി പ്രസ്ഥാനത്തിലും നാം ഇത് സമര്‍ത്ഥമായി ഉപയോഗിച്ച ചരിത്രം നമ്മുടെ മുന്നിലുണ്ട്'.  

'ബ്രിട്ടീഷ്  കോമണ്‍വെല്‍ത്തില്‍ ഡൊമീനിയന്‍' പദവി എന്ന  ആശയത്തെ ന്യായീകരിക്കാനും  ബോസിന് കഴിഞ്ഞില്ല.  ദീര്‍ഘനാളത്തെ  കോളോണിയല്‍ നുകത്തിനു കീഴില്‍ കഴിഞ്ഞതിന്റെ ഫലമായുണ്ടായ അടിമ മനോഭാവമാണ് ഈ ചിന്തയെന്ന്, ഗാന്ധിജിയുടെ  ആശയത്തെ അദ്ദേഹം വിശേഷിപ്പിച്ചു. 'പൂര്‍ണ്ണ സ്വരാജ്' എന്ന വാദത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. നിലപാടുകളിലെ ഈ വൈരുദ്ധ്യം നെഹ്‌റു, ഗാന്ധി ആശയങ്ങളുമായി  സുഭാഷ്ചന്ദ്രബോസ് നടത്തിയ തുറന്ന സംവാദങ്ങള്‍ക്കും ആശയ സംഘട്ടനങ്ങള്‍ക്കും വഴി വച്ചു.

ഗാന്ധിജിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളും  വ്യത്യസ്ത കാഴ്ചപ്പാടുകളും മറനീക്കി പുറത്തുവന്നത് 1928 ഡിസംബറിലെ കല്‍ക്കത്ത കോണ്‍ഗ്രസ്സ് സമ്മേളനത്തിലായിരുന്നു. നേതാജിയായിരുന്നു പ്രധാന സംഘാടകന്‍.  ഗാന്ധിജി, സുഭാഷിനെ നിശിതമായി വിമര്‍ശിച്ചു. ആദ്യമായി പരിശീലനം  കൊടുത്ത് അച്ചടക്കമുള്ള വോളണ്ടിയര്‍മാരെ അണിനിരത്തി, ബോസ് തന്റെ ശിക്ഷണ പാടവം തെളിയിച്ചു. ഇതേപ്പറ്റി, വിജയലക്ഷ്മി പണ്ഡിറ്റിന്റെ വാക്കുകള്‍ :  'ബംഗാളിന്റെ ഹീറോ ആണ് സുഭാഷ് എന്ന് തെളിയിച്ചു. ക്യാപ്റ്റനായി, സേവാദള്‍ യൂണിഫോം ധരിച്ച വോളന്റിയര്‍മാരുടെ ഘോഷയാത്രയ്ക്കു മുന്നില്‍, വെള്ളക്കുതിരപ്പുറത്ത്  സഞ്ചരിച്ചുകൊണ്ട് ഘോഷയാത്ര നയിക്കുന്നത് കാണേണ്ട കാഴ്ച തന്നെയായിരുന്നു'.  

പക്ഷേ ഗാന്ധിജിക്ക് ഇതൊന്നും അത്ര പിടിച്ചില്ല, 'കല്‍ക്കത്തയിലെ  കോണ്‍ഗ്രസ്സിന്റെ  സത്യവും മിഥ്യയും തമ്മിലുള്ള അന്തരം കണ്ട് ഞാന്‍ അതിശയിച്ചു പോയി. അവിടെക്കണ്ട ഉത്സാഹം നീര്‍ക്കുമിളയായിരുന്നു. തടിച്ചു കൂടിയ വന്‍ജനാവലി കോണ്‍ഗ്രസിന്റെ ശക്തിയല്ല വെളിവാക്കിയത്'. ഗാന്ധിജിയുടെ വാക്കുകള്‍, സമ്മേളനം വിജയിപ്പിക്കുവാന്‍ രാപകലില്ലാതെ  ശ്രമിച്ച ബോസിനും സഹപ്രവര്‍ത്തകര്‍ക്കും വേദനയുണ്ടാക്കി. എല്ലാ ഭാഗത്തുനിന്നും അഭിനന്ദനങ്ങളും പ്രശംസകളം ഒഴുകിയെത്തിയപ്പോള്‍, കല്‍ക്കത്തയില്‍ നടന്നതത്രയും  ദയനീയമായ കെട്ടുകാഴ്ചകളും വെറും പ്രദര്‍ശനങ്ങളുമാണെന്ന്  ഗാന്ധിജി വിമര്‍ശിച്ചു.

പിന്നീട്, 1929 ആഗസ്റ്റിലെ എഐസിസി സെഷനില്‍ ഗാന്ധിജി, നെഹ്‌റുവിനെ  പ്രസിഡന്റായി നാമനിര്‍ദ്ദേശം ചെയ്തു. ഡിസംബറില്‍ നടക്കാനിരുന്ന ലാഹോര്‍ കോണ്‍ഗ്രസില്‍, അദ്ധ്യക്ഷനായി അവരോധിക്കുവാനുള്ള ഈ നീക്കം, ഭൂരിപക്ഷം, പിസിസികളുടേയും അഭിപ്രായത്തിനെതിരായിരുന്നു. ഭൂരിപക്ഷ നിര്‍ദ്ദേശം, സര്‍ദാര്‍ പട്ടേലിനെ അദ്ധ്യക്ഷനാക്കണമെന്നായിരുന്നു. നെഹ്‌റുവിന്റെ അദ്ധ്യക്ഷപദത്തെ  സ്വാഭാവികമായും, നേതാജിയും ഒപ്പം നിന്ന പുരോഗമനാശയക്കാരായ യുവനേതാക്കളും അനുകൂലിച്ചില്ല. നേതാജി ഇക്കാര്യം  തുറന്നെഴുതിയിട്ടുണ്ട്. ഇതിന്റെ പരിണിത ഫലങ്ങളിലൊന്ന്, 1930 ല്‍ പുതിയ പ്രവര്‍ത്തകസമിതി പ്രഖ്യാപിച്ചപ്പോള്‍, അദ്ദേഹത്തെ നെഹ്‌റു ഒഴിവാക്കി എന്നതിന് അറിയപ്പെടുന്ന മറ്റൊരു കാരണം. കമ്മ്യൂണിസ്റ്റ്  ഇന്റര്‍നാഷണലിന്റെ ഉന്നതാധികാരിയും നെഹ്‌റുവിന്റെ സുഹൃത്തുമായിരുന്ന  വീരേന്ദ്രനാഥ് ചതോപാദ്ധ്യായയുടെ മുന്നറിയിപ്പാണ്. കറകളഞ്ഞ രാഷ്ട്രസ്‌നേഹിയും ദേശീയതാവാദിയുമായ സുഭാഷ് ചന്ദ്രബോസ് ഒരു പിന്‍തിരിപ്പനാണെന്നും, സൂക്ഷിക്കണമെന്നും ഇദ്ദേഹം നെഹ്‌റുവിനെ ധരിപ്പിച്ചു. മാത്രമല്ല, മൂന്നാം കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ 1928 ല്‍ തന്നെ, സുഭാഷിനെ, പിന്‍തിരിപ്പനെന്ന് മുദ്ര കുത്തിയിരുന്നു.


നെഹ്‌റു-സുഭാഷ് ബന്ധത്തില്‍ അങ്ങനെ, ലാഹോര്‍ കോണ്‍ഗ്രസ് നിര്‍ണായകമായി. സംഘടനയില്‍ ഒരു പരിധിവരെ ഒറ്റപ്പെട്ടു. സ്വതന്ത്രവും ധീരവുമായ തീരുമാനത്തിലൂടെ, ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിക്കാന്‍, തന്റേതായ സാഹസിക പാത തെരഞ്ഞെടുത്ത്, 1941 ജനുവരിയില്‍, വീട്ടുതടങ്കലില്‍ നിന്ന് നിഗൂഢമായി രക്ഷപ്പെട്ട് കാബൂള്‍വഴി യൂറോപ്പിലേക്ക് തിരിക്കുന്നതുവരെ നേതാജി, കോണ്‍ഗ്രസ്സിനുള്ളില്‍തന്നെ, ഒരു ഒറ്റയാള്‍ പട്ടാളമായി പോരാടി എന്നു പറയാം. ഉത്തമ ബോധ്യത്തിന്റെ ധീരതയും മാതൃഭൂമിയോടുള്ള അചഞ്ചല ഭക്തിയുമാണ് ബോസ്സിന് വെല്ലുവിളികള്‍ നേരിട്ട്, തലയുയര്‍ത്തി നിന്നുകൊണ്ട്  മുന്നേറാന്‍ ശക്തി നല്‍കിയത്.

 

ഒറ്റപ്പെടലിലും പതറാതെ

ഗാന്ധിയന്‍ നേതൃത്വത്തില്‍ നിന്നുള്ള നേതാജിയുടെ  അകല്‍ച്ച, ബ്രിട്ടീഷ് സര്‍ക്കാര്‍ മുതലെടുത്തു. മറ്റൊരു കോണ്‍ഗ്രസ്സ് നേതാവും നേരിട്ടിട്ടില്ലാത്ത കൊടിയ പീഡനങ്ങളുടെ പരമ്പര തന്നെ, നേതാജിക്കെതിരെ അവര്‍ അഴിച്ചുവിട്ടു. മൂന്നു വര്‍ഷം നീണ്ട ബര്‍മയിലെ തടങ്കലിനു ശേഷം തിരിച്ചെത്തി ബ്രിട്ടനെതിരെ  തുടരെ നടത്തിയ പ്രസംഗങ്ങളും എഴുത്തുകളും മുന്‍നിര്‍ത്തി, അദ്ദേഹത്തെ വീണ്ടും അറസ്റ്റുചെയ്യാനുള്ള മാര്‍ഗങ്ങള്‍, ബോംബെ,ബംഗാള്‍ സര്‍ക്കാരുകള്‍ ആലോചിച്ചുകൊണ്ടിരുന്നു. അങ്ങനെ 1930 ജനുവരിയില്‍ ഐപിസി 124 അ/ആ വകുപ്പുകള്‍ പ്രകാരം സുഭാഷ് ഉള്‍പ്പെടെ എട്ടു കോണ്‍ഗ്രസ് നേതാക്കളെ ജയിലിലടച്ചു.  

 നേതാജിയോടുള്ള ഗാന്ധിയുടെ അനിഷ്ടത്തിന്റെ ആദ്യ കാരണം അദ്ദേഹം സി.ആര്‍.ദാസിന്റെ ഏറ്റവും അടുത്ത അനുയായി ആയിരുന്നു എന്നതാണ്. ദാസ് വിഭാഗവും ഗാന്ധി വിഭാഗവും തമ്മില്‍ പലപ്പോഴും തുറന്ന യുദ്ധത്തിലായിരുന്നു. ദേശബന്ധുവിന്റെ നിര്യാണത്തോടെ, ആ എതിര്‍പ്പ് ഏറ്റുവാങ്ങുവാന്‍ സുഭാഷ് പാത്രമായി എന്നതാണ് സത്യം. ഒരവസരത്തില്‍, ഗുജറാത്തിലെ, പിസിസി  സംഘടിപ്പിച്ച യുവജന കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷനായി സെക്രട്ടറിയായിരുന്ന മൊറാര്‍ജി ദേശായിയും സംഘവും ഭാരതത്തിന്റെ യുവനേതാവായിരുന്ന സുഭാഷ് ചന്ദ്രബോസിനെ ക്ഷണിക്കുകയും, അദ്ദേഹം ക്ഷണം സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, ഗാന്ധിജി  ഇടപെട്ട് യുവജനകോണ്‍ഗ്രസ് റദ്ദ് ചെയ്യിച്ചു. കാരണം പറഞ്ഞത്, 1930 ലെ രണ്ടാം വട്ടമേശ സമ്മേളനം അലസി പിരിഞ്ഞതിനു പിന്നാലെ പ്രഖ്യാപിക്കപ്പെട്ട സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന്റെ പശ്ചാത്തലമാണ്. എന്തു വന്നാലും തന്റെ അനുമതിയില്ലാതെ സുഭാഷ് അദ്ധ്യക്ഷം വഹിക്കരുത് എന്ന ഗാന്ധിജിയുടെ നിര്‍ബന്ധബുദ്ധി.

1930-31 ലെ  ജയില്‍ ശിക്ഷക്കുശേഷം ഉടന്‍തന്നെ ബോസിന് നേരിടേണ്ടി വന്ന മറ്റൊരു അനിഷ്ടാനുഭവമായിരുന്നു കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ടുള്ള നെഹ്‌റുവിന്റെ പ്രഖ്യാപനം. തുടര്‍ന്ന് പല സന്ദര്‍ഭങ്ങളിലും ഒറ്റപ്പെടലോ, ഒഴിവാക്കലോ, നേതാജിക്കു നേരിടേണ്ടി വന്നിട്ടുണ്ട്. തന്നെക്കാള്‍ ഒന്‍പത് വയസ്സ് പ്രായം കുറഞ്ഞ ബോസില്‍ തന്റെ ഭാവി രാഷ്ട്രീയ പ്രതിയോഗിയെ നെഹ്‌റു കണ്ടിരുന്നിരിക്കാം എന്ന് നേതാജിയുടെ ജീവചരിത്രകാരനായ സീതാംശു ദാസ്  സംശയിക്കുന്നുണ്ട്.

നേതാജി, കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ സ്വീകരിച്ച നയങ്ങളും പരിപാടികളും മാറ്റിമറിയ്ക്കാന്‍ ഗാന്ധിജിക്ക്  കഴിഞ്ഞത് അദ്ദേഹത്തെ ഏറെ നിരാശനാക്കിയിരുന്നു. '1938ല്‍, മുസ്ലിംലീഗിനെ ഒഴിവാക്കിയുള്ള ബംഗാള്‍ കൂട്ടുകക്ഷി സര്‍ക്കാരിനായുള്ള സുഭാഷിന്റെ നീക്കത്തെ, ഗാന്ധി ഇടപെട്ട് തടഞ്ഞില്ലായിരുന്നുവെങ്കില്‍ അവിഭക്ത ബംഗാളിന്റേയും അവിഭക്ത ഭാരതത്തിന്റെയും ചരിത്രം തന്നെ വ്യത്യസ്തമാകുമായിരുന്നു', എന്ന് കോണ്‍ഗ്രസ് സഹയാത്രികനും വ്യവസായ പ്രമുഖനുമായിരുന്ന ജി.ഡി.ബിര്‍ള എഴുതിയിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് ആശയത്തോട് ഒരിക്കലും സന്ധിചെയ്യാത്ത ദേശീയ വാദിയായിരുന്നു നേതാജി- ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കമ്മ്യൂണിസ്റ്റ് ചങ്ങാത്തം ചരിത്രസത്യമായിരുന്നല്ലോ. കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഇന്ത്യന്‍ വക്താക്കളായിരുന്ന ബോള്‍ഷവിക്കുകളായിരുന്നു എം.എന്‍.റോയിയും വീരേന്ദ്രനാഥ് ചതോപാദ്ധ്യയും, നേതാജിയുടെ ദേശീയതയില്‍ ഉറച്ച നിലപാടിനേയും സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിലുണ്ടാക്കിയ സ്വാധീനത്തേയും കുറിച്ച് ബോധ്യമുണ്ടായിരുന്ന ഇവര്‍, നെഹ്‌റുവിന് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ബോസിന്റെ വാക്കുകള്‍ ശക്തവും വ്യക്തവുമായിരുന്നു. 'ഭാരതത്തിന് ഒരു മഹത്തായ ദൗത്യം നിര്‍വ്വഹിക്കാനുണ്ട്, കമ്മ്യൂണിസ്റ്റ് അന്താരാഷ്ട്രവാദത്തെ ഞാന്‍ എതിര്‍ക്കുന്നു. ഭാരതത്തിന്റെ  ദേശീയത, പുരോഗമനാത്മകവും, ഭാവാത്മകവുമായ അന്തര്‍ധാരകളെ ഉള്‍ക്കൊള്ളുന്നതുമാണ്. നൂറ്റാണ്ടുകളായി, അത് അടിച്ചമര്‍ത്തപ്പെട്ടിരിക്കുന്നു. മതഭേദമില്ലാത്തതും ശാസ്ത്രീയവുമായ മൂല്യങ്ങളുടെ പുനരുജ്ജീവനവും ഉജ്വലമായ നമ്മുടെ ഭൂതകാലത്തിന്റെ അംഗീകാരവും ഉണ്ടാവേണ്ടത് ഭാരതത്തിനും, അതുവഴി മനുഷ്യരാശിയുടെ ശോഭനഭാവിക്കും അനിവാര്യമാണ്  അദ്ദേഹം  പ്രഖ്യാപിച്ചു.

 

യാഥാര്‍ത്ഥ്യമായ മുന്നറിയിപ്പ്

വാസ്തവത്തില്‍, വിവേകാനന്ദന്‍ ഉദ്‌ഘോഷിച്ച, ഉണര്‍ന്ന് എഴുന്നേല്‍ക്കുന്ന ഭാരതത്തിന്റെ ഉജ്വല ഭാവിയുടെ വക്താവായിരുന്നു സുഭാഷ്ചന്ദ്രബോസ്. 'അധ്വാനവര്‍ഗ്ഗ അന്താരാഷ്ട്രവാദത്തിന് പകരം, ശക്തവും ആക്രമാത്മകവുമായ ദേശീയത അദ്ദേഹം മുന്നോട്ടു വച്ചു.  1931-ല്‍ അഖില ഭാരത ട്രേഡ് യൂണിയന്റെ അദ്ധ്യക്ഷനായിരുന്നപ്പോഴാണ്, കമ്മ്യൂണിസ്റ്റുകള്‍, റെഡ്ഫഌഗ് എന്ന വിഭാഗമുണ്ടാക്കി, വിഘടിച്ചു നിന്നത്. ബോസ് ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. തന്റെ അദ്ധ്യക്ഷഭാഷണത്തില്‍ അര്‍ത്ഥശങ്കയില്ലാതെ താന്‍ എന്തുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റല്ല, എന്ന് പ്രസ്താവിച്ചു. അതിന്റെ ചുരുക്കം ഇങ്ങനെ:- ട്രേഡ് യൂണിയനില്‍ രണ്ടുവിഭാഗം ഞാന്‍ കാണുന്നു, പരിഷ്‌കരണവാദികളായ വലതുപക്ഷവും, മോസ്‌കോ നോക്കികളായ ഇടതുപക്ഷവും. എന്നാല്‍ ഇതിനു രണ്ടിനും  

ഇടയില്‍ മറ്റൊരു പക്ഷത്തേയും ഞാന്‍ കാണുന്നു. ഇവര്‍ ആഗ്രഹിക്കുന്നത് ഭാരതം അതിന്റെ ആവശ്യവും പരിസ്ഥിതിയും പരിഗണിച്ച് തന്റേതായ ഒരു സോഷ്യലിസവും പ്രവര്‍ത്തന മാതൃകയും രൂപപ്പെടുത്തണമെന്നതാണ്. വീനീതമായി പറയട്ടെ, ഞാന്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഏത് ആശയവും പ്രയോഗത്തില്‍ വരുത്തുന്നതിനു മുന്‍പ്, ആ ഭൂവിഭാഗത്തേയും ചരിത്ര സംസ്‌കാരങ്ങളേയും ആഴത്തില്‍ പഠിക്കുക, ഇല്ലെങ്കില്‍ നിങ്ങള്‍ പരാജയപ്പെടും. പ്രവചനാത്മകമായിരുന്നു ആ വാക്കുകള്‍ എന്ന് പില്‍കാല ചരിത്രം  സാക്ഷ്യപ്പെടുത്തുന്നു.

രാഷ്ട്രീയരംഗത്ത് കൈക്കൊണ്ട, ഉറച്ച നിലപാടുകള്‍ മൂലം, ഇടതുപക്ഷത്തിനും, വലതുപക്ഷത്തിനും, ഒരുപോലെ നേതാജി  അനഭിമതനായി. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേതൃഘടനയേയും അദ്ദേഹം വിമര്‍ശിച്ചു. വര്‍ക്കിങ് കമ്മിറ്റി എന്ന ഉന്നതാധികാര സമിതി ഉണ്ടായിരുന്നെങ്കിലും വ്യക്തിയിലോ വ്യക്തികളിലോ അധിഷ്ഠിതമായ ഹൈക്കമാന്റ് കാര്യങ്ങളെ നിയന്ത്രിക്കുന്ന അധികാരഘടനയാണല്ലോ, കോണ്‍ഗ്രസിന് അന്നും ഇന്നും-ഇതിനു വിധേയരല്ലാത്തവര്‍, ഒന്നുകില്‍ ശ്വാസം മുട്ടി ഉള്ളില്‍ കഴിയുക, അല്ലെങ്കില്‍ പുറത്തുപോവുക. സുഭാഷ്ചന്ദ്രബോസ് പന്ത്രണ്ട് വര്‍ഷക്കാലത്തിലേറെ അനുഭവിച്ചതും ഈ മാനസിക പീഡനങ്ങളും അവഹേളനങ്ങളുമായിരുന്നു. എന്നാല്‍ ഇതൊന്നും, ആ നിശ്ചയദാര്‍ഢ്യത്തെ തകര്‍ത്തില്ല. ആ മന:ശക്തിയെ    തളര്‍ത്തിയില്ല. താന്‍ ഉറച്ചു വിശ്വസിച്ചിരുന്ന, ആശയങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും വേണ്ടി അവസാനം വരെ നിലകൊള്ളുകയും, സ്വന്തം ജീവിതം മാതൃഭൂമിയുടെ വിമോചനത്തിനായി, നിരന്തരപോരാട്ടത്തിന്റെ യാഗാഗ്നിയില്‍  ആഹൂതി ചെയ്തു. നവഭാരത പുലരിയില്‍, ശുക്രനക്ഷത്രമായി, ആ ധന്യ ജീവിതം, യുവജനതയ്ക്ക് പ്രേരണയും പ്രചോദനവുമായി നമുക്ക് മുമ്പില്‍ ജ്വലിച്ചു നില്ക്കുന്നു.

  comment

  LATEST NEWS


  പുടിന് പിടിവള്ളി; കുര്‍ദ്ദിഷ് തീവ്രവാദികളുടെ ഒളികേന്ദ്രമായ സ്വീഡനെയും ഫിന്‍ലാന്‍റിനെയും നാറ്റോയില്‍ ചേരാന്‍ സമ്മതിക്കില്ലെന്ന് തുര്‍ക്കി


  പിഴകളേറെ വന്ന യുദ്ധത്തില്‍ ഒടുവില്‍ പുടിന് അപൂര്‍വ്വ വിജയം; ഉക്രൈന്‍റെ മരിയുപോള്‍ ഉരുക്കുകോട്ട പിടിച്ച് റഷ്യ; 700 ഉക്രൈന്‍ പട്ടാളക്കാര്‍ കീഴടങ്ങി


  എഎഫ്സി ചാമ്പ്യന്‍ഷിപ്പ്; എടികെയെ തകര്‍ത്ത് ഗോകുലം


  തെരുവുഗുണ്ടകളുടെ വീറോടെ ബെംഗളൂരുവില്‍ സ്കൂള്‍ യൂണിഫോമില്‍ വിദ്യാര്‍ത്ഥിനികള്‍ തമ്മിലെ കൂട്ടത്തല്ല് വീഡിയോ വൈറല്‍; കാരണം അജ്ഞാതം


  ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും;സ്ഥാപനങ്ങളില്‍ ടോള്‍ ഫ്രീ നമ്പര്‍ പ്രദര്‍ശിപ്പിക്കണം; പരാതികള്‍ ഫോട്ടോ സഹിതം അപ്ലോഡ് ചെയ്യാം


  മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍റെ മകളുടെ വിവാഹം വൃദ്ധസദനത്തില്‍; തീരുമാനത്തിന് കാരണം മകള്‍ നിരഞ്ജനയുടെ പ്രത്യേക താല്‍പര്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.