login
കേരള രാഷ്ട്രീയം‍ മാറുകയാണ്

മുന്നണി ബന്ധങ്ങളില്‍ ഉണ്ടാവുന്ന പൊളിച്ചെഴുത്തായിരിക്കും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം. പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് കേരളവും തയ്യാറെടുക്കുകയാണ്. ഇരു മുന്നണികളും തമ്മിലുള്ള ക്രോസ് വോട്ടിംഗ് അതിജീവിച്ച് നിരവധി മണ്ഡലങ്ങളില്‍ ബിജെപി വിജയം ഉറപ്പിക്കും. ഈ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത് ഇടതുമുന്നണിയുടെയും, യുഡിഎഫിന്റെയും തകര്‍ച്ച കൊണ്ടായിരിക്കും.

കേരളത്തിലെ മുന്നണി രാഷ്ട്രീയം ഇന്ന് ഒരു വഴിത്തിരിവിലാണ്. കഴിഞ്ഞ അഞ്ചു പതിറ്റാണ്ടായി തുടരുന്ന മുന്നണി ബന്ധങ്ങളില്‍ 2021 ലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ചില പൊളിച്ചെഴുത്തുകള്‍ വേണ്ടിവരും. അഴിമതിയും, സ്വജനപക്ഷപാതവും, വര്‍ഗ്ഗീയ പ്രീണനവും, ധൂര്‍ത്തും, കെടുകാര്യസ്ഥതയും മുഖമുദ്രയാക്കിയ ഇടതു-വലതു മുന്നണികളുടെ ഓരോ അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഭരണ ''കുടമാറ്റ' ത്തിന്റെ ശൈലിയെ ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തിരസ്‌കരിച്ചു കഴിഞ്ഞു. മൂന്നാം ബദലിനെ ജനങ്ങള്‍ ഗൗരവത്തോടെ പരിഗണിക്കുന്നു. അതു കൊണ്ട് തന്നെ പുതിയ മാറ്റത്തിലേക്കുള്ള ചുവടുവപ്പ് 2021 ലെ തെരഞ്ഞെടുപ്പോടെ ആരംഭിച്ചു കഴിഞ്ഞു. സ്വാഭാവികമായും 2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിലെ താരം ബിജെപി നയിക്കുന്ന എന്‍ഡിഎ ആയിരിക്കും. ഏതാണ്ട് മൂന്നിലൊന്നു മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം കാഴ്ചവച്ച ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടുന്ന വോട്ടും, വിജയവും മറ്റു മുന്നണികളുടെ വിജയപ്രതീക്ഷകളെ അട്ടിമറിക്കുന്നതായിരിക്കും. പ്രവചനാതീതമായി തെരഞ്ഞെടുപ്പ് ഫലം നില്‍ക്കുന്നത് മൂന്നാം ബദലിനോട് ജനങ്ങള്‍ കാണിച്ച താല്‍പര്യം കൊണ്ടാണ്.  

ബിജെപിയുടെ മുന്നേറ്റം പെട്ടെന്ന് ഉണ്ടായതല്ല. കഴിഞ്ഞ ഒരു ദശകമായി വോട്ടര്‍മാരുടെ പരിഗണനയില്‍ ബിജെപിയുണ്ട്. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി തുടരുന്ന കേന്ദ്രഭരണം അഴിമതിവിമുക്തമായ ഒരു ഭരണം യാഥാര്‍ത്ഥ്യമാക്കി, വികസനം മുഖമുദ്രയാക്കി രാജ്യത്തെ പരംവൈഭത്തിലേക്ക് ആനയിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിലെ ഈ ശരിയായ പാതയാണ് കേരളത്തിനും അനുയോജ്യമെന്ന് ചിന്തിക്കുന്നവര്‍ ഏറെയാണ്. പക്ഷെ കേരളത്തിലെ ഇരുമുന്നണികളിലുള്ള രാഷ്ട്രീയ ധ്രുവീകരണവും അവരെ പിന്തുണയ്ക്കുന്ന വര്‍ഗ്ഗീയ ശക്തികളുടെ താല്‍പര്യവും ദേശീയ രാഷ്ട്രീയത്തിന് കേരളത്തില്‍ തടസ്സം ഉണ്ടാക്കി. 2021 ല്‍ ജനങ്ങള്‍ ഈ അഡ്ജസ്റ്റ്‌മെന്റ് മുന്നണി രാഷ്ട്രീയത്തെ തിരിച്ചറിഞ്ഞിരിക്കുന്നു. രണ്ടുമുന്നണികള്‍ തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് അവര്‍ മനസ്സിലാക്കി. ആ മാറ്റത്തിന്റെ തുടക്കം 2015 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു മുതല്‍ പ്രകടമായി കാണാം. ഉദാഹരണത്തിന് 2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവലം ഏഴരലക്ഷം വോട്ട് നേടിയ ബിജെപി 2011 ല്‍ അത് പത്തരലക്ഷമാക്കിയും, 2016 ല്‍ ഇരുപത്തിയാറു ലക്ഷമായും ഉയര്‍ത്തി.  2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും, 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി നയിച്ച എന്‍ഡിഎ മുപ്പത്തിഒന്നരലക്ഷത്തിലധികം വോട്ടുനേടി. 2016 ല്‍ ഒരുസീറ്റും, നാല്‍പ്പതിനായിരത്തില്‍ പരം വോട്ടു നേടി ഏഴുസീറ്റുകളില്‍ രണ്ടാം സ്ഥാനവും നേടിയ എന്‍ഡിഎ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു ലോക്‌സഭാമണ്ഡലത്തില്‍ ഇടതു മുന്നണിയെ മാറ്റിനിര്‍ത്തി രണ്ടാം സ്ഥാനവും, പത്തൊന്‍പതു മണ്ഡലങ്ങളില്‍ നാല്പതിനായിരത്തില്‍പ്പരം വോട്ടു നേടി. ബിജെപിയുടെ ജനപിന്തുണ ഏറെ വര്‍ദ്ധിച്ച ഈ തെരഞ്ഞെടുപ്പില്‍ ഇരു മുന്നണികള്‍ക്കും ശക്തമായി തിരിച്ചടി ഉണ്ടാകും. അങ്ങനെയാണെങ്കില്‍ 2021 ലെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഒരു തൂക്കു നിയമസഭായായിരിക്കും ഉണ്ടാവുക. സ്വാഭാവികമായും 1996 ല്‍ ദേശീയതലത്തില്‍ ഉണ്ടായതു പോലെ ഇടതു-വലതു വ്യത്യാസം കുടാതെയുള്ള രാഷ്ട്രീയ ചങ്ങാത്തത്തിന് കേരളം വേദിയാകും. ഈ ഒരു രാഷ്ട്രീയ സാഹചര്യം രൂപപ്പെട്ടതും ഇവിടെ ചര്‍ച്ചചെയ്യേണ്ടതുണ്ട്.

ഇടതു-വലതുമുന്നണികള്‍ ഏറെ പ്രതിസന്ധിയിലൂടെയാണ് ഇന്ന് കടന്ന്‌പോകുന്നത്. കോണ്‍ഗ്രസ്സും സിപിഎമ്മും സംഘടനാപരമായി ശിഥിലീകരണം നേരിടുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷം മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രം കേന്ദ്രീകരിച്ച് നടന്ന എല്‍ഡിഎഫ് ഭരണ ശൈലി ഇതിനു മുമ്പ് എല്‍ഡിഎഫ് സ്വീകരിച്ച ശൈലിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്.  ഇടതു മുന്നണി ഭരണത്തെ എന്നും നിയന്ത്രിച്ചിരുന്നത് എകെജി സെന്ററായിരുന്നു. 2016 ഓടെ എകെജി സെന്ററിന്റെ സ്ഥാനം മുഖ്യമന്ത്രിയിലേക്കൊതുങ്ങി.  സിപിഎമ്മിന്റെ നട്ടെല്ലായിരുന്ന കണ്ണൂര്‍ ലോബിയും, ആലപ്പുഴ ഗ്രൂപ്പും ദുര്‍ബ്ബലമായി. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ മയക്കുമരുന്നു കേസും, സ്ത്രീ വ്യവഹാരങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് ഏറെ സഹായകമായി. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍ പിന്തുടര്‍ന്ന കൊലപാതകരാഷ്ട്രീയ ശൈലി മുഖ്യമന്ത്രിയായതോടെ പിണറായി വിജയന്റെ സമാധാനം തകര്‍ത്തു. ബന്ധുനിയമന വിവാദത്തില്‍ കുടുങ്ങി ഇ.പി.ജയരാജന്‍ രാജിവച്ചതോടെ മന്ത്രിസഭയിലെ രണ്ടാമനും രംഗം വിട്ടു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിയുടെയും ഭരണത്തിന്റേയും നിയന്ത്രണം കയ്യിലെടുത്തത്.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ കണ്ണൂര്‍ ജില്ല പോലെ പാര്‍ട്ടിക്ക് ഏറെ പങ്കാളിത്തമുള്ള ജില്ലയാണ് ആലപ്പുഴ. അത് ക്രമേണ നായനാര്‍-അച്യുതാനന്ദന്‍ ഗ്രൂപ്പുകളായി രണ്ടായി മാറി. 1996 ല്‍ മാരാരിക്കുളത്ത് അച്യുതാനന്ദനെ പരാജയപ്പെടുത്തി കണ്ണൂര്‍ ഗ്രൂപ്പ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്ന ഇ.കെ. നായനാരിലൂടെ ഭരണം പിടിച്ചെടുത്തു. പിണറായി വിജയന്റെ താരോദയം നടക്കുന്നത് അങ്ങനെയാണ്. മുഖ്യമന്ത്രി ഇ.കെ. നായനാരെ നയരൂപീകരണ സമിതികളില്‍ നിന്ന് മാറ്റിനിര്‍ത്തി കണ്ണൂര്‍ ലോബി പൊളിറ്റിക്കല്‍ സെക്രട്ടറിയിലൂടെ ഭരണ നിര്‍വ്വഹണം നടത്തി.  അങ്ങനെ എകെജി സെന്റര്‍ ഭരണ സിരാകേന്ദ്രമായി. ആലപ്പുഴയിലെ സുധാകരനും, തോമസ് ഐസക്കും കൂടാതെ എം.എ. ബേബിയും കണ്ണൂര്‍ ലോബിയില്‍ നിന്ന് വിഭിന്നമായി പ്രവര്‍ത്തിച്ചവരാണ്. അച്യുതാനന്ദവിഭാഗം പൂര്‍ണ്ണമായും ഒഴിവാക്കപ്പെട്ടതോടെ കണ്ണൂര്‍ ലോബിയായി നിയന്ത്രണം. എന്നാല്‍ ഇതിനെയും മറികടന്ന് മുഖ്യമന്ത്രി പിണറായിയില്‍ മാത്രമായി അധികാരകേന്ദ്രീകരണം. ഭരണം മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും നിയന്ത്രിച്ചതോടെ എകെജി സെന്ററിന് പങ്കില്ലാതെയായി. 2021 ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ കണ്ണൂര്‍ ആലപ്പുഴ ഗ്രൂപ്പുകള്‍ പൂര്‍ണ്ണമായും തഴയപ്പെട്ടു. പി. ജയരാജന്‍, ഇ.പി.ജയരാജന്‍, എം.വി.ജയരാജന്‍, കോടിയേരി ബാലകൃഷ്ണന്‍,  തോമസ് ഐസക്, ജി. സുധാകരന്‍, എ.കെ. ബാലന്‍ തുടങ്ങിയ പിണറായി മന്ത്രിസഭയിലെ രണ്ടാം നിര പൂര്‍ണ്ണമായും തഴയപ്പെട്ടു. പിണറായി വിജയന്‍ ഭരണതുടര്‍ച്ച എന്ന അവകാശവുമായി വോട്ടര്‍മാരെ സമീപിച്ചു. സ്പീക്കര്‍, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരായ അഴിമതി കേസുകള്‍, സ്വര്‍ണ്ണകടത്ത്, ഡോളര്‍ കടത്ത് തുടങ്ങി ഇടതുസര്‍ക്കാര്‍ ഇതുവരെ കേള്‍ക്കാത്ത ആരോപണങ്ങളെയൊക്കെ  പിആര്‍ വര്‍ക്കുകൊണ്ടും, സൗജന്യ ഭക്ഷ്യ കിറ്റ്, വര്‍ദ്ധിപ്പിച്ച ക്ഷേമ പെന്‍ഷന്‍ എന്നിവയിലൂടെയും മറികടക്കാമെന്നാണ് മുഖ്യമന്ത്രി ലക്ഷ്യമിട്ടത്. വോട്ടര്‍മാര്‍ ഇതിനെ എങ്ങനെ നോക്കി കാണുമെന്നത് മെയ് രണ്ടിന് വിധി വരുന്ന നാളില്‍ മാത്രമേ പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ കഴിയൂ. കേരളത്തിലെ സിപിഎം ത്രിപുരയുടേയും, പശ്ചിമബംഗാളിന്റെയും വഴിയിലാണ്. കണ്ണൂരിലെയും, ആലപ്പുഴയിലെയും നിശ്ശബ്ദ കലാപങ്ങള്‍ വരും നാളുകളില്‍ പൊട്ടിത്തെറിയില്‍ കലാശിച്ചാല്‍ അത്ഭുതപ്പെടാനില്ല. കേരളത്തിലെ ഇടതു മുന്നണി രാഷ്ട്രീയം ആ തരത്തില്‍ ഒരു വഴിത്തിരിവിലാണ്.

മറുഭാഗത്തുള്ളത് ഉന്മൂലനം കാത്തു നില്‍ക്കുന്ന കോണ്‍ഗ്രസ് മുന്നണിയാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 2011 ല്‍ നിന്നും ഏഴുശതമാനം വോട്ടുകള്‍ കുറഞ്ഞ് യുഡിഎഫ് 38.86 ശതമാനം വോട്ട് മാത്രമാണ് നേടിയത്. 2020 ലെ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍ അത് 37.8 ശതമാനമായി.  കേരള കോണ്‍ഗ്രസ് മാണി വിഭാഗവും, ലോക താന്ത്രിക് ജനതാദളും ഇടതുമുന്നണിയിലേക്ക് മാറി. മുസ്ലിം ലീഗിന്റെ ബലത്തിലാണ് യുഡിഎഫ് നിലനില്‍ക്കുന്നത്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് പാര്‍ട്ടിയുടെ പിന്തുണ ഇല്ല. പാര്‍ട്ടിയുടെ പ്രസിഡന്റും, പ്രതിപക്ഷ നേതാവും രണ്ടു വഴിക്കായി. ഇതോടെ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാന്‍ ഉമ്മന്‍ചാണ്ടിയെ ആശ്രയിക്കേണ്ടി വന്നു. മുസ്ലിം ലീഗ് എന്ന ശക്തമായ നങ്കൂരത്തില്‍ തളച്ചിരിക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് എന്ന കപ്പല്‍ സംഘടനാപരമായ വലിയചോര്‍ച്ചയെ നേരിടുകയാണ്. നങ്കൂരം ശക്തമായതു കൊണ്ട് ചോര്‍ച്ച നേരിടുന്ന കപ്പല്‍ അതിജീവിക്കുമോ എന്ന് ജനവിധി വരുമ്പോള്‍ മാത്രമേ അറിയാന്‍. കഴിയൂ. 2016, 2020 തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന്റെ മെച്ചപ്പെട്ട പ്രകടനം കേവലം അഞ്ചു ജില്ലകളില്‍ മാത്രമായിരുന്നു. അഥവാ നാല്പതുശതമാനത്തിന് മുകളില്‍. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ തുടങ്ങിയ ജില്ലകളില്‍ യുഡിഎഫ് വോട്ട് മുപ്പത്തി അഞ്ചു ശതമാനത്തിനും താഴെയാണ്. ചുരുക്കത്തില്‍ തിരിച്ചുവരാന്‍ കഴിയാത്തതരത്തില്‍ ദുര്‍ബ്ബലമാണ് യുഡിഎഫ്. പിണറായി വിജയന്‍ തുടര്‍ഭരണം സ്വപ്‌നം കണ്ടത് യുഡിഎഫിന്റെ ദൗര്‍ബല്യം മനസിലാക്കിയതിനാലാണ്.  

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാകുന്നത് ഇടതുമുന്നണിയുടെയും, യുഡിഎഫിന്റെയും തകര്‍ച്ച കൊണ്ടായിരിക്കും. ബിജെപി നയിക്കുന്ന എന്‍ഡിഎ പതിനെട്ടു ശതമാനത്തിനും ഇരുപതു ശതമാനത്തിനുമിടയിലും വോട്ട് നേടാനുള്ള സാദ്ധ്യതയുണ്ട്. ഇരു മുന്നണികളും തമ്മിലുള്ള ക്രോസ് വോട്ടിങ് അതിജീവിച്ച് നിരവധി മണ്ഡലങ്ങളില്‍ ബിജെപി വിജയം ഉറപ്പിക്കും.

യുഡിഎഫിന് അനുകൂലമായി മുസ്ലിം ന്യൂനപക്ഷ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്. അതു കുറച്ച് സഹായിക്കുമെങ്കിലും യുഡിഎഫിന് ഒറ്റയ്ക്ക് ഭൂരിപക്ഷം ഉണ്ടാകാന്‍ സാധ്യതയില്ല. എറണാകുളത്ത് ട്വന്റിട്വന്റിയും പൂഞ്ഞാറില്‍ പി.സി. ജോര്‍ജ്ജും ഇരുമുന്നണികള്‍ക്കും പ്രഹരം ഏല്പിക്കും. ഈ സാഹചര്യത്തില്‍ കേരളം ഒരു തൂക്കുനിയമസഭയെ നേരിടാന്‍ പോകുകയാണ്. സ്വാഭാവികമായും രാഷ്ട്രീയ ബന്ധങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവും. ഇടതു-വലതു മുന്നണികളില്‍പ്പെട്ട പാര്‍ട്ടികള്‍ക്ക് ബിജെപിക്കെതിരായി ഒരു ഭാഗത്ത് യുപിഎ മോഡലില്‍ അണിനിരക്കേണ്ടിവരും. മുന്നണി ബന്ധങ്ങളില്‍ ഉണ്ടാവുന്ന ഈ പൊളിച്ചെഴുത്തായിരിക്കും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ  ഫലം. പുതിയ രാഷ്ട്രീയ സംസ്‌കാരത്തിന് കേരളവും തയ്യാറെടുക്കുകയാണ്.

ഡോ.കെ. ജയപ്രസാദ്‌

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.