×
login
കേരളത്തിന്റെ വെളിച്ചം

ജീവിതസംസ്‌കാരത്തിലും ഭാഷയിലും സാഹിത്യത്തിലും നവീകരണം നടത്തി കേരളീയസമൂഹത്തെ സ്വയം ഉയര്‍ത്തുകയായിരുന്നു എഴുത്തച്ഛന്‍, ഭാഷാപിതാവായി. എക്കാലത്തെയും വലിയ സാംസ്‌കാരികനായകനായി. എന്നാല്‍ എഴുത്തച്ഛനെ തമസ്‌കരിക്കാനുള്ള കഠിനശ്രമങ്ങളും നടക്കുന്നു. ജന്മനാട്ടില്‍ എഴുത്തച്ഛന്റെ പ്രതിമപോലും സ്ഥാപിക്കാന്‍ അനുവാദമില്ല. എഴുത്തച്ഛനെ തമസ്‌കരിക്കുമ്പോള്‍ മലയാളിസമൂഹം ആത്മാവു നഷ്ടപ്പെട്ട് പൊള്ളയായി മാറുകയാണ്. എഴുത്തച്ഛനിലൂടെ ഭാരതത്തോളം വലുതായ കേരളം പാതാളത്തോളം താണുപോകാന്‍ അനുവദിക്കരുത്. തിരൂരില്‍ തുഞ്ചന്‍പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വിലങ്ങ് തടി ഉയരുന്നത് എന്ത്‌കൊണ്ട്.

എഴുത്തച്ഛനിലൂടെ കേരളം ഭാരതത്തോളം വലുതായി എന്നു പറഞ്ഞത് മഹാകവി വൈലോപ്പിള്ളിയാണ്. കേരളത്തിന്റെ സാംസ്‌കാരികവികാസത്തില്‍ എഴുത്തച്ഛനുള്ള നായകസ്ഥാനം ഇത്ര കാവ്യാത്മകമായി പറഞ്ഞുവയ്ക്കാന്‍ മറ്റാര്‍ക്കു സാധിക്കും. രാമായണമാസം ആചരിക്കുമ്പോള്‍ രാമനോളം ഗരിമയോടെ മലയാളിമനസ്സില്‍ തെളിഞ്ഞുവരുന്ന രൂപമാണ് എഴുത്തച്ഛന്റേത്. കര്‍ക്കടകപ്പെരുമഴയ്‌ക്കൊപ്പം നൂറ്റാണ്ടുകളായി മലയാളിജീവിതത്തില്‍ മുഖരിതമാവുന്നത് എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ടാണ്. രാമനാമസങ്കീര്‍ത്തനങ്ങളും ശ്രീരാമസ്തുതികളും നിറയുന്ന മനസ്സിലൂടെ എഴുത്തച്ഛന്‍ നമ്മില്‍ ജീവിക്കുകയാണ്. ഒരു സംസ്‌കാരമായി, ഭാഷയായി.

വൈലോപ്പിള്ളിയുടെ തന്നെ 'ഗൃഹപുരാണം' എന്ന ഒരു കവിതയുണ്ട്. ജോലിക്കായി പകല്‍ മുഴുവന്‍ ചുറ്റിത്തിരിഞ്ഞ് ഏഴരരാവായപ്പോള്‍ ക്ഷീണിച്ചവശനായ ഒരു പാര്‍വത്യക്കാരന്‍ ചൂട്ടുംമിന്നിച്ച് അപരിചിതമായ ഒരു വീട്ടിലേക്ക് തന്റെ ശിപായിയോടൊന്നിച്ച് കയറിച്ചെല്ലുകയാണ്. അസൗകര്യമില്ലെങ്കില്‍ ആ കോലായില്‍ രാത്രി തങ്ങാന്‍ അനുവദിക്കണമെന്ന് വീട്ടുകാരോട് അയാള്‍ അഭ്യര്‍ഥിക്കുന്നു. നീരസത്തോടെ നില്‍ക്കുന്ന വീട്ടുകാരോട് അയാള്‍ വീണ്ടും കൈകൂപ്പി അപേക്ഷിക്കുകയാണ്. ഒരു പുല്‍പ്പായും പാട്ടവിളക്കും രാമായണഗ്രന്ഥവും തന്നാല്‍ മതി, തങ്ങള്‍ രാത്രി കഴിച്ചുകൂട്ടി രാവിലെ സ്ഥലംവിട്ടോളാമെന്ന്. ഒടുവില്‍ വീട്ടിലെ മുത്തശ്ശി അതെല്ലാം നല്‍കി അവരെ സ്വീകരിച്ചു. പായവിരിച്ചിരുന്ന് ദീപം കൊളുത്തി ആ വിരുന്നുകാരന്‍ രാമായണം വായിക്കാന്‍ തുടങ്ങി. സ്‌നിഗ്ദ്ധഗംഭീരസ്വരത്തില്‍ അദ്ദേഹം രാമായണം വായിക്കവേ വീട്ടുകാരെല്ലാം വന്ന് കൈകൂപ്പി ചുറ്റിലുമിരുന്നു. ഉച്ചത്തിലുള്ള ആലാപനം കേട്ട് അയല്‍പക്കക്കാരും നാട്ടുകാരും പതിയെപ്പതിയെ വന്നു മുറ്റത്തു നിരന്നു. ''തങ്ങീ മുറ്റത്തു കല്യാണത്തിനെന്നപോല്‍ ഞാന്നു നീളുമാ നാട്ടിന്‍പുറം.'' എന്നാണ് വൈലോപ്പിള്ളി പറയുന്നത്. അത്താഴം കഴിഞ്ഞുപോയെങ്കിലും മുത്തശ്ശി അടുക്കളയില്‍ കഞ്ഞിക്ക് അരി വയ്ക്കുന്നു. വിരുന്നുകാര്‍ക്ക് പാലും പഴവും താമ്പൂലവും സത്ക്കരിക്കുന്നു. കിടക്കാന്‍ മെത്തവിരിക്കുന്നു. ''യാമങ്ങള്‍ കടന്നുപോയ്, കണ്ണടച്ചിതു പിന്നെ രാമന്റെ കഥ കേട്ടു മതിയാകാതാ ഗ്രാമം.'' എന്നാണ് കവിത നീളുന്നത്.

കേരളത്തിലെ ഏതു ഗ്രാമത്തിലും കാണാന്‍ കഴിയുന്ന സാധാരണാനുഭവമാണ് ഈ കവിതയില്‍ വൈലോപ്പിള്ളി പകര്‍ത്തിയത്. എന്റെ അയല്‍വീട്ടില്‍ ഒരു തെങ്ങുകയറ്റത്തൊഴിലാളിയുണ്ടായിരുന്നു. എടപ്പറമ്പത്ത് കണ്ണന്‍. അതിവിദഗ്ദ്ധനായ മരംവെട്ടുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. സാമ്പ്രദായികവിദ്യാഭ്യാസം  ലഭിക്കാത്ത ഒരു ഗ്രാമീണന്‍. എല്ലാ കര്‍ക്കടമാസത്തിലും വീട്ടുവരാന്തയില്‍ കുന്തിച്ചിരുന്ന് അധ്യാത്മരാമായണം കിളിപ്പാട്ട് അതിമനോഹരമായി അത്യുച്ചത്തില്‍ പാരായണം ചെയ്യുമായിരുന്നു അദ്ദേഹം. അടുത്തവീട്ടുകാരൊക്കെ അത് സാകൂതം കേട്ടിരിക്കും. കണ്ണന്റെ വായന കഴിഞ്ഞേ അവരൊക്കെ വായന തുടങ്ങാറുള്ളൂ. എന്റെ മാത്രം ഗൃഹാതുരസ്മരണയാവില്ല ഇത്. നിങ്ങള്‍ക്കോരോരുത്തര്‍ക്കും ഇത്തരം ഒരുപാട് അനുഭവങ്ങള്‍ മനസ്സിലേക്ക് ഉയര്‍ന്നു വരുന്നുണ്ടാവും. വൈലോപ്പിള്ളിയുടെ കാവ്യാനുഭവത്തോട് ചേര്‍ത്തുവയ്ക്കാവുന്ന നേരനുഭവങ്ങള്‍. കേരളത്തിലെ സാമാന്യജനങ്ങള്‍ക്ക് എഴുത്തച്ഛരാമായണത്തിലൂടെ സാംസ്‌കാരികഉണര്‍വു കൈവന്നതിന്റെ ചരിത്രവഴികള്‍.

പണ്ഡിതലോകത്തിലെ ബൗദ്ധികവ്യായാമത്തിനപ്പുറത്ത് നിരക്ഷരരോ ദരിദ്രരോ സമൂഹത്തിന്റെ അടിത്തട്ടില്‍പ്പെട്ടുപോയവരോ ആയവര്‍ക്കുപോലും അധ്യാത്മരാമായണം കിളിപ്പാട്ടിലൂടെ ഭാരതീയസംസ്‌കാരത്തിന്റെ ഊര്‍ജവും തെളിച്ചവും നല്‍കാന്‍ എഴുത്തച്ഛന് കഴിഞ്ഞുവെന്നാണ് വൈലോപ്പിള്ളിയുടെ വാക്കിലെ വെളിച്ചം. ഉന്നതമായ ദാര്‍ശനികചിന്തകളും ധാര്‍മ്മികജീവിതസംസ്‌കാരവും മൂല്യബോധവും ഭാഷാവഴക്കവും സാഹിത്യാനുശീലവും സമൂഹത്തിന്റെ മുകള്‍ത്തട്ടു മുതല്‍ അടിത്തട്ടുവരെ പ്രസരിപ്പിക്കാന്‍ കഴിഞ്ഞ മറ്റൊരാള്‍ മലയാളത്തില്‍ വേറെയില്ല. ഒരു കൃതിയുടെ നൂറ്റാണ്ടുകളായുള്ള നിരന്തരമായ നിത്യപാരായണത്തിലൂടെ പകരുന്ന സാംസ്‌കാരികോന്മേഷം. ക്ഷേത്രങ്ങളിലോ മറ്റേതെങ്കിലും പൊതുവിടങ്ങളിലോ അല്ല. വീടുകളില്‍. കുടുംബങ്ങളില്‍. മനുഷ്യമനസ്സില്‍. സമ്പന്നനോ ദരിദ്രനോ എന്ന വ്യത്യാസമില്ലാതെ. മേലാളനോ കീഴാളനോ എന്ന വ്യത്യാസമില്ലാതെ. അധികാരം കൈയാളുന്നവരോ ഭരിക്കപ്പെടുന്നവരോ എന്ന വ്യത്യാസമില്ലാതെ. പണ്ഡിതനോ പാമരനോ എന്ന വ്യത്യാസമില്ലാതെ. സജ്ജനമെന്നോ ദുര്‍ജ്ജനമെന്നോയുള്ള വ്യത്യാസമില്ലാതെ.

എഴുത്തച്ഛനു മുമ്പും രാമായണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മലയാളത്തില്‍ ഉണ്ടായ അഞ്ചാമത്തെ രാമായണമായിരുന്നു എഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട്. മലയാളഭാഷയിലെ ആദ്യത്തെ കാവ്യം  രാമചരിതമാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചീരാമകവി എഴുതിയത്. രാമായണത്തിലെ യുദ്ധകാണ്ഡം മാത്രമാണ് അതിലെ കഥ. ഈ ചീരാമകവി ആരാണെന്നോ എവിടത്തുകാരനാണെന്നോ വലിയ നിശ്ചയമില്ല. ഒരു തിരുവിതാംകൂര്‍ രാജാവാണ് അതെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നു. തന്റെ സൈന്യത്തിന് യുദ്ധവീര്യം പകരാനായി രാമായണത്തിലെ യുദ്ധകാണ്ഡം അദ്ദേഹം പാട്ട്‌ശൈലിയിലുള്ള കാവ്യമാക്കിയെഴുതി എന്നാണ് അവരുടെ അഭിപ്രായം. മലയാളത്തില്‍ പൂര്‍ണരൂപത്തിലുള്ള രാമായണം ആദ്യമായി എഴുതിയത് കോവളം കവികളില്‍ ഒരാളായ അയ്യമ്പിള്ളി ആശാന്‍ ആണ്. രാമകഥാപ്പാട്ട്. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍. ഭാഷാപരിമളം എന്നു വിളിക്കപ്പെടുന്ന ഇതിനെ ജനകീയമഹാകാവ്യം എന്നാണ് വിശേഷിപ്പിക്കുന്നത്. ഇതിനു ശേഷമാണ് മലയാളത്തിലെ ഏറ്റവും സമ്പൂര്‍ണവും കാവ്യഗുണപ്രധാനവുമായ കണ്ണശ്ശരാമായണം ഉണ്ടാവുന്നത്. പതിനാലാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് നിരണത്ത് രാമപ്പണിക്കര്‍ എഴുതിയത്. ഇതിനുശേഷം രാമായണത്തെ അധികരിച്ച് മലയാളത്തില്‍ ഉണ്ടായ മറ്റൊരു കൃതിയാണ് പുനം നമ്പൂതിരിയുടെ ഭാഷാ രാമായണം ചമ്പു, പതിനഞ്ചാം നൂറ്റാണ്ടില്‍.  

ഇതെല്ലാം കഴിഞ്ഞാണ് പതിനാറാം നൂറ്റാണ്ടില്‍ തുഞ്ചത്തെഴുത്തച്ഛന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് ഉണ്ടാവുന്നത്. ഇതിനുമുമ്പുണ്ടായിട്ടുള്ള നാലു കൃതികളും വാല്മീകിരാമായണത്തെ ഉപജീവിച്ച് ആണ് എഴുതിയത്. എന്നാല്‍ സംസ്‌കൃതത്തിലുള്ള അധ്യാത്മരാമായണം എന്ന ഒരു കൃതിയെ ആശ്രയിച്ചാണ് എഴുത്തച്ഛന്‍ തന്റെ അധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിയിരിക്കുന്നത്.  

എഴുത്തച്ഛന്‍ ജീവിച്ചിരുന്ന പതിനാറാം നൂറ്റാണ്ടില്‍ കേരളത്തിലെ സാമൂഹികസ്ഥിതിയാണ് വാല്മീകിയുടെ ആദിരാമായണത്തിനു പകരം അധ്യാത്മരാമായണത്തെ അദ്ദേഹം ആശ്രയിച്ചതിന്  പ്രേരിപ്പിച്ചതെന്നു കരുതണം. വിദേശികളുമായുള്ള കച്ചവടബന്ധവും കാര്‍ഷികവൃത്തിയിലെ പെരുമയും മൂലം തരക്കേടില്ലാത്ത സാമ്പത്തികാവസ്ഥ.  അമിതസമ്പത്തുണ്ടാക്കിയ  ആര്‍ഭാടജീവിതവും ധൂര്‍ത്തും. കൂടിവന്ന സ്വാര്‍ത്ഥതയും ഭോഗപരതയും. ഇതെല്ലാം കാരണം ധാര്‍മ്മികമായി അധഃപതിച്ച ഒരു സമൂഹം. ശിഥിലമായ കുടുംബബന്ധങ്ങളും സാമൂഹികബന്ധങ്ങളും. നഷ്ടപ്പെട്ടുപോകുന്ന ധാര്‍മ്മികബോധവും ജീവിതമൂല്യങ്ങളും. ഇങ്ങനെ കുത്തഴിഞ്ഞ സാംസ്‌കാരികാവസ്ഥയില്‍നിന്ന് കേരളീയരെ രക്ഷിക്കാനുള്ള ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു എഴുത്തച്ഛന്‍.  ഇവിടത്തെ പ്രാമാണികലോകത്തുനിന്ന് ഒരുതരത്തിലുള്ള പിന്തുണയും ലഭിക്കാതെ. കേരളീയ ബ്രാഹ്മണസമൂഹത്തിന്റെ അവഗണനയും തിരസ്‌കാരവും കാരണം മറുനാടുകളില്‍ പോയി വിദ്യനേടേണ്ടി വന്നതിലൂടെയുണ്ടായ ലോകപരിചയവും മറുഭാഷാപരിചയവും എഴുത്തച്ഛന് ഇക്കാര്യത്തില്‍ തുണയായി.  

തന്റെ ദൗത്യനിര്‍വഹണത്തിന് വാല്മീകിരാമായണത്തിനേക്കാള്‍ ഭക്തിയും ധര്‍മ്മോപദേശങ്ങളും ജീവിതാദര്‍ശങ്ങളും കൂടുതല്‍ ഉള്‍ക്കൊള്ളുന്ന അധ്യാത്മരാമായണമാണ് ഉചിതമെന്ന് എഴുത്തച്ഛന്‍ നിശ്ചയിക്കുകയായിരുന്നു. വാല്മീകിരാമായണം മുതല്‍ തനിക്കു മുമ്പ് സംസ്‌കൃതത്തിലും മലയാളത്തിലും മറ്റു ഭാഷകളിലുമുണ്ടായിട്ടുള്ള സകല രാമായണങ്ങളും നന്നായി പഠിച്ചയാളായിരുന്നു അദ്ദേഹം. അതില്‍നിന്നൊക്കെ ലഭിച്ച കാവ്യാനുഭവങ്ങളും ദാര്‍ശിനകചിന്തയും ഭാഷാശൈലികളും സമന്വയിപ്പിച്ചാണ് തന്റെ അധ്യാത്മരാമായണം അദ്ദേഹം രചിക്കുന്നത്. സംസ്‌കൃതത്തില്‍ വ്യാസവിരചിതം എന്നു കരുതപ്പെടുന്ന അധ്യാത്മരാമായണത്തെ മാതൃകയായി സ്വീകരിക്കുകമാത്രമേ അദ്ദേഹം ചെയ്തുള്ളൂ. ചിലയിടങ്ങളില്‍ അതിന്റെ ഭാഷാന്തരീകരണം നടത്തിയെങ്കിലും തികച്ചും സ്വതന്ത്രമായ മട്ടിലാണ് തന്റെ കൃതി രചിച്ചത്.  

എല്ലാ തരത്തിലുള്ള മനുഷ്യരെയും വൈകാരികമായി ഉത്തേജിപ്പാനുള്ള ഏറ്റവും മികച്ച വഴി ഭക്തിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഭക്തിയിലൂടെ ജ്ഞാനത്തിലെത്തുക. നാമസങ്കീര്‍ത്തനങ്ങളും സ്‌തോത്രങ്ങളും അധ്യാത്മരാമായണം കിളിപ്പാട്ടില്‍ നിറയെ കാണാം. രാമനാമത്തിന്റെ ആവര്‍ത്തനത്തിലൂടെ ഒരു ആദര്‍ശപുരുഷനെ ജനമനസ്സുകളില്‍ ഇളകാതെ ഉറപ്പിക്കുകയായിരുന്നു അദ്ദേഹം. ജീവിതത്തില്‍ ഏതെല്ലാം മൂല്യങ്ങള്‍ നാം മുറുകെപ്പിടിക്കണം എന്നു മനസ്സിലാക്കാന്‍ ഉതകുംവിധത്തിലുള്ള ഉപദേശങ്ങള്‍ സന്ദര്‍ഭം കിട്ടുമ്പോഴൊക്കെ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രണ്ടു സന്ദര്‍ഭങ്ങളിലായി ശ്രീരാമന്‍ ലക്ഷ്മണനു നല്‍കുന്ന ഉപദശങ്ങള്‍-ലക്ഷ്മണോപദേശം, താരോപദേശം എന്നിവ സാമാന്യജനത്തിനു നല്‍കുന്ന കൗണ്‍സിലിങ്ങുകളാണ്. രാമരാവണയുദ്ധത്തിന്റെ മൂര്‍ധന്യത്തില്‍ അഗസ്തമുനി ശ്രീരാമന് നല്‍കുന്ന ഉപദേശങ്ങള്‍ സംഘര്‍ഷഘട്ടങ്ങളില്‍ മനഃശക്തിയും ധൈര്യവും കൈവരുത്തുന്നതിനു ഏതൊരു മനുഷ്യനും ഉത്തേജനം നല്‍കുന്ന വാക്കുകളാണ്.  

മനുഷ്യജീവിതത്തില്‍ ഉണ്ടാവുന്ന പ്രതിസന്ധിഘട്ടങ്ങളെ ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങിനെ നേരിടാമെന്നതിന് ജനങ്ങള്‍ക്കാവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയിരുന്നു എഴുത്തച്ഛന്‍. ആദിത്യഹൃദയം പോലെ മന്ത്രതുല്യമായ ചില ഭാഗങ്ങള്‍ സാധാരണജനങ്ങള്‍ക്ക് ഉരുവിടാന്‍ പാകത്തില്‍ മലയാളത്തിലാക്കി അധ്യാത്മരാമായണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആദിത്യഹൃദയം നിത്യേന ചൊല്ലിയാല്‍ ഗായത്രിമന്ത്രം ഉരുവിടുന്ന ഫലം ലഭിക്കുമെന്നാണ് പറയുന്നത്.സ്‌തോത്രസമൃദ്ധിയാണ് അധ്യാത്മരാമായണം കിളിപ്പാട്ടിന്റെ മറ്റൊരു സവിശേഷത. അവസരം കിട്ടുമ്പോഴൊക്കെ നിരവധി സ്തുതിങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വ്യക്തിജീവിതത്തില്‍ പകര്‍ത്തുവാനുള്ള മഹനീയഗുണങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുകയാണ് ഈ സ്തുതികളിലൂടെ എഴുത്തച്ഛന്‍ ചെയ്യുന്നത്. കാലത്തിന്റെയോ വ്യവസ്ഥിതിയുടെയോ പരിത:സ്ഥിതിയുടെയോ ഗതിവിഗതികളില്‍ പെട്ടുപോയ ദുരിതാവസ്ഥയില്‍നിന്ന് മോക്ഷത്തിലേക്ക് വഴി തുറക്കുമ്പോഴാണ് ആ സ്തുതികളൊക്കെ.

എം. ശ്രീഹര്‍ഷന്‍

  comment

  LATEST NEWS


  ത്രിവര്‍ണ്ണ പതാകയുമായി മോദിയെ വരവേറ്റ് യുഎസ്: നാളെ ജോ ബൈഡനും, കമല ഹാരിസുമായും കൂടിക്കാഴ്ച നടത്തും; യുഎന്‍, ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും


  '1921 - മലബാര്‍ കലാപം - സത്യവും മിഥ്യയും ' കാനഡ കെ എച്ച് എഫ് സി പ്രഭാഷണം വെള്ളിയാഴ്ച


  പാലാ ബിഷപ്പിന്‍റെ വാദം തള്ളി മുഖ്യമന്ത്രി; കേരളത്തില്‍ നാർക്കോട്ടിക്ക് ജിഹാദും ലവ് ജിഹാദും ഇല്ലെന്ന് മുഖ്യമന്ത്രി


  കേരളം ഐഎസ് റിക്രൂട്ട്‌മെന്റ് കേന്ദ്രം: 2019വരെ 100 മലയാളികള്‍ ഇസ്ലാമിക്ക് സ്‌റ്റേറ്റിന്റെ തീവ്രവാദികളായെന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി


  സിദ്ദു മുഖ്യമന്ത്രിയാകുന്നത് തടയാൻ എന്ത് ത്യാഗവും സഹിക്കുമെന്ന് അമരീന്ദർ സിംഗ്; രാഹുലിനും പ്രിയങ്കയ്ക്കും ​അനുഭവ പരിചയമില്ലെന്നും അമരീന്ദര്‍


  തുവ്വൂര്‍ രക്തസാക്ഷികളുടെ പിന്മുറക്കാര്‍ ഒത്തുചേരും; മാപ്പിളക്കലാപ അനുസ്മരണ സദസ്സില്‍ വത്സന്‍തില്ലങ്കേരിയും തേജസ്വി സൂര്യയും പങ്കെടുക്കും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.