×
login
ആയുര്‍വ്വേദത്തെ പഴിക്കുന്നതെന്തിന്

പഞ്ചഗവ്യം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് പശുവില്‍ നിന്ന് എടുക്കുന്ന അഞ്ച് ഉത്പന്നങ്ങള്‍ എന്നാണ്. അത് പാല്‍, തൈര്, നെയ്യ്, ഗോമൂത്രം, ചാണകനീര് എന്നിവയാണ്. പഞ്ചഗവ്യഘൃതവും ഇപ്പോള്‍ പരിഹാസത്തിനും വിവാദത്തിനും ഇരയായിരിക്കുന്നു. മനുഷ്യമലം പോലും ആധുനികവൈദ്യം ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് മറച്ചു വച്ചുകൊണ്ടാണ് ആയുര്‍വേദത്തെയും, ഗോമൂത്രത്തേയും ചാണകത്തെയും പഴിക്കുന്നത്.

ഡോ.എം.പി.മിത്ര

 

ആയിരം തവണ  ഉറക്കെ വിളിച്ചു പറഞ്ഞാലും, നമ്മളെ കുറിച്ച് നമ്മള്‍ പറയുന്ന സത്യങ്ങളെക്കാള്‍ ഈ ലോകം വിശ്വസിക്കുന്നത്, മറ്റുള്ളവര്‍ പതുക്കെ പറയുന്ന കള്ളമായിരിക്കുമെന്ന് പറഞ്ഞത് മുന്‍ രാഷ്ട്രപതി ഡോ .എ.പി.ജെ.അബ്ദുല്‍ കലാം ആണ്. ഇത് അന്വര്‍ത്ഥമാക്കുന്ന സംഭവ പരമ്പരകള്‍ ആണ് ഇന്ന് നാം കാണുന്നതും കേള്‍ക്കുന്നതും. സഹസ്രാബ്ദങ്ങളായി, പശു ഭാരതീയ സമ്പദ് വ്യവസ്ഥയില്‍, ഗ്രാമീണ ജനതയുടെ  ജീവിതത്തിലും സംസ്‌കാരത്തിലും സുപ്രധാന പങ്ക് വഹിച്ചിരുന്നു. പശുവിന് കൃഷി  പരിസ്ഥിതി, ആരോഗ്യം, സമ്പദ് വ്യവസ്ഥ , ആത്മീയ പുരോഗതി എന്നിവയുമായി ബന്ധപ്പെട്ട് വേദകാലം മുതലേ രേഖപ്പെടുത്തിയിട്ടുള്ള എണ്ണമറ്റ പരാമര്‍ശങ്ങള്‍ ആരും പഠിക്കാതെ, പശുവിനെ  ഒരു പവിത്ര മൃഗമായി ഭാരതീയര്‍ സങ്കല്പിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള സാമൂഹിക - രാഷ്ട്രീയ കാഴ്ചപ്പാടുകള്‍  ഈ അടുത്തകാലത്ത്  വലിയ ചൂടേറിയ ചര്‍ച്ചകള്‍ക്കും  വിവാദങ്ങള്‍ക്കും വഴി തെളിച്ചിരിക്കുന്നതു നിര്‍ഭാഗ്യകരം ആണ്.

ഭാരതത്തില്‍ വളരെ മുമ്പ് തന്നെ ഉപയോഗിച്ച് വരുന്ന ആയുര്‍വേദ ഔഷധമായ 'പഞ്ചഗവ്യഘൃതവും' ഇപ്പോള്‍ പരിഹാസത്തിനും വിവാദത്തിനും  ഇരയായിരിക്കുന്നു.  മനുഷ്യരുടെ  ആരോഗ്യം മെച്ചപ്പെടുത്തുവാനുള്ള ക്രിയാപദ്ധതികളില്‍ പശുവില്‍ നിന്നെടുക്കുന്ന ഉത്പന്നങ്ങള്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്ന അറിവ് ആയുര്‍വേദത്തില്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല: അതിനു മനുഷ്യപിറവിയോടൊപ്പം ആയിരക്കണക്കിന് വര്‍ഷം പഴക്കമുണ്ട്. ഇപ്പോള്‍ വിമര്‍ശനം ഉന്നയിക്കുന്നവരുടെ പൂര്‍വ്വീകര്‍ പോലും രോഗങ്ങളെ അതിജീവിക്കാന്‍ ഇത് ഉപയോഗിച്ചിട്ടുണ്ടാവണം. കാരണം  മൂന്ന് ശതാബ്ദങ്ങള്‍ക്കു മുന്‍പ് മാത്രമാണല്ലോ ഇവിടെ ആധുനിക വൈദ്യം നിലവില്‍ വന്നത്.

പഞ്ചഗവ്യം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് പശുവില്‍ നിന്ന് എടുക്കുന്ന അഞ്ച് ഉത്പന്നങ്ങള്‍ എന്നാണ്. അത്,പാല്‍ ,തൈര്,നെയ്യ്, ഗോമൂത്രം,ചാണകനീര്  എന്നിവയാണ്. ഇവയില്‍  ആദ്യത്തെ മൂന്ന് എണ്ണത്തെപ്പറ്റി വിവാദങ്ങള്‍ ഉണ്ടാകേണ്ട കാര്യമില്ല. കാരണം അത് ദീര്‍ഘകാലമായി  ഉപയോഗിച്ചും,അനുഭവിച്ചും അതിന്റെ ഫലം നമുക്ക് ബോധ്യപ്പെട്ടിട്ടുള്ളതാണ് . ബാക്കിയുള്ള  ഗോമൂത്രവും ചാണകവുമാണ്  വിവാദത്തില്‍പ്പെടുന്നത്.

കൃഷിയില്‍ ചാണകം പരമ്പരാഗതമായി ജൈവവളമായി ഉപയോഗിക്കുന്നു. ചാണകം മണ്ണിന്റെ ധാതുക്കളുടെ അനുപാതവ്യവസ്ഥ സ്ഥിരീകരിക്കുവാനും, കീടങ്ങള്‍ക്കും രോഗങ്ങള്‍ക്കും എതിരായ സസ്യങ്ങളുടെ പ്രതിരോധം വര്‍ദ്ധിപ്പിക്കുവാനും സഹായിക്കുന്നു. സസ്യവളര്‍ച്ചയ്ക്ക് ഉതകും വിധം  സള്‍ഫോ ഓക്‌സിഡേഷന്‍, ഫോസ്ഫറസ് സോളൂബിലൈസേഷന്‍ പോലുള്ള പ്രയോജനകരമായ പ്രവര്‍ത്തനങ്ങളും ഇതുമൂലം  ഉത്തേജിപ്പിക്കുന്നതായി ഗവേഷണങ്ങളിലൂടെ ബോധ്യമായ കാര്യങ്ങളാണ്. ഇത് ക്ലെബ്‌സിയല്ല ന്യുമോണിയയ്ക്കും എസ്‌ഷെറിച്ച കോളിക്കും എതിരെ ആന്റിമൈക്രോബയല്‍ പ്രവര്‍ത്തനം കാണിക്കുന്നതായി പെരിയാര്‍ യൂണിവേഴ്‌സിറ്റി അപ്‌ളൈഡ് മൈക്രോബയോളജി ലാബില്‍ നടത്തിയ പരീക്ഷണ ഫലം പുറത്തു വന്നിട്ടുണ്ട്. ഇത്  ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് കറന്റ്  ഫാര്‍മസ്യൂട്ടിക്കല്‍ റിസര്‍ച്ചില്‍  പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചാണകത്തെപ്പറ്റി  കൂടുതല്‍ പഠനങ്ങള്‍ നടന്നു വരുന്നുന്നതേയുള്ളൂ. ഇവയുടെ ഫാര്‍മക്കോകിനറ്റിക്‌സ്, ഫാര്‍മകോഡൈനാമിക്‌സ്, പ്രവര്‍ത്തനങ്ങള്‍, ആയുര്‍വേദത്തിനു അറിയാമെങ്കിലും, അത്   ആധുനിക ലോകത്തിനു ഇപ്പോഴും  അജ്ഞാതമാണ്.  മനുഷ്യശരീരം ദഹിപ്പിക്കുന്നതിനു ചാണക വരളി ഉപയോഗിക്കുന്നത് അണുനശീകരണത്തിനുവേണ്ടിയാണെന്നത്  നമ്മുടെ പൂര്‍വികരുടെ  അറിവുകളാണ്. ഇത് ഔഷധമായി ഉപയോഗിക്കാമെന്ന അറിവ് പൂര്‍ണമായും ആയുര്‍വേദത്തില്‍ നിക്ഷിപ്തമാണ്. ചാണകത്തിന്റെ നീര്  പ്രത്യേകരീതിയില്‍ ചേര്‍ത്താണ് ഔഷധം നിര്‍മ്മിക്കുന്നത്, നേരിട്ടല്ല.

ഗോമൂത്രത്തിന്റെ കാര്യം വ്യത്യസ്തവും  സുവിദിതവുമാണ് .സ്വദേശത്തും വിദേശത്തുമായി നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഒന്ന് അതിന്റെ അനിതര സാധാരണവും വിശേഷവുമായ ആന്റി മൈക്രോബിയല്‍ പ്രവര്‍ത്തനമാണ്. രണ്ട് അനാരോഗ്യം ഉണ്ടാക്കുന്ന മൈക്രോബുകളെ  മാത്രം കണ്ടെത്തി നശിപ്പിക്കുകയും അതോടൊപ്പം തന്നെ രോഗപ്രതിരോധ ശേഷിയെ  ഉത്തേജിപ്പിക്കുകയും ചെയ്യുന്നു, ആധുനികവൈദ്യത്തില്‍ വളരെയധികം പുരോഗതി ഉണ്ടായിട്ടും പകര്‍ച്ചവ്യാധികള്‍ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയായി ഉയരുന്നു. നിലവില്‍ ലഭ്യമായ ആന്റിമൈക്രോബയല്‍ മരുന്നുകളെ  അതിജീവിക്കുന്ന മൈക്രോബുകളുടെ  ത്വരിതഗതിയിലുള്ള വളര്‍ച്ചയും, അതേസമയം മനുഷ്യന് ആവശ്യമായ ബാക്റ്റീരിയകളുടെ നാശവും ആണ് ഇത്തരത്തിലുള്ള ഒരു അവസ്ഥയ്ക്കു കാരണം. മെത്തിസിലിന്‍-റെസിസ്റ്റന്റ് സ്റ്റാഫൈലോകോക്കസ് ഓറിയസ് അല്ലെങ്കില്‍ മള്‍ട്ടിഡ്രഗ്-റെസിസ്റ്റന്റ് (എംഡിആര്‍) ഗ്രാം നെഗറ്റീവ് ബാക്ടീരിയകള്‍ പോലുള്ള ഉയര്‍ന്ന പ്രതിരോധശേഷിയുള്ള ബാക്ടീരിയകളാണ് നോസോകോമിയല്‍ (ആശുപത്രികളില്‍ ഉണ്ടാകുന്ന  അണുബാധയുടെ) ആണ് സംക്രമണത്തിന്റെ വ്യാപ്തി  ഉയര്‍ത്തുന്നത്. അമേരിക്കന്‍ ഐക്യനാടുകളില്‍ ഓരോ വര്‍ഷവും ഏകദേശം 2 ദശലക്ഷം ആളുകള്‍ ആന്റിബയോട്ടിക് പ്രതിരോധശേഷിയുള്ള ബാക്ടീരിയകളാല്‍ രോഗബാധിതരാകുമ്പോള്‍ പ്രതിവര്‍ഷം 23,000 ആളുകള്‍ മരിക്കുന്നു.  ഏതാണ്ട് 4,50,000 പുതിയ എംഡിആര്‍ ക്ഷയരോഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

92 രാജ്യങ്ങളില്‍ ഇത്തരം  ക്ഷയബാധ കണ്ടെത്തി. പ്രതിരോധശേഷിയുള്ള സൂക്ഷ്മാണുക്കള്‍ മൂലമുണ്ടാകുന്ന അണുബാധകള്‍ സാധാരണ ചികിത്സയോട് പ്രതികരിക്കുന്നതില്‍ പരാജയപ്പെടുന്നതിനാല്‍, നീണ്ടുനില്‍ക്കുന്ന അസുഖം, ഉയര്‍ന്ന ആരോഗ്യ പരിപാലനച്ചെലവ്, കൂടുതല്‍ മരണ സാധ്യത ഇവ ഉണ്ടാകുന്നു.  സൂക്ഷ്മാണുക്കള്‍ക്കെതിരെ, സംവേദനക്ഷമതയുള്ള പുതിയ ആന്റിമൈക്രോബയല്‍ ഔഷധങ്ങള്‍ നിലവില്‍ ലഭ്യമല്ലാത്തതു ആശങ്ക ഉണര്‍ത്തുന്നുണ്ട്. ചികിത്സിക്കാന്‍ ബുദ്ധിമുട്ടുള്ള ഇത്തരം അണുബാധകളെ ചികിത്സിക്കുന്നതിനായി ഗോമൂത്രം പോലുള്ള  പരമ്പരാഗത മരുന്നുകളില്‍ നിന്നുള്ള നൂതന മരുന്നുകളുടെ യുക്തിസഹമായ രൂപകല്‍പ്പന ആധുനിക ആരോഗ്യ പരിപാലന സംവിധാനത്തിന് പുതിയ പ്രതീക്ഷ നല്‍കുന്നു..

ആയുര്‍വേദഗ്രന്ഥങ്ങളായ സുശ്രുത സംഹിത, അഷ്ടാംഗ സംഗ്രഹം, ഭാവപ്രകാശ നിഘണ്ടു എന്നിവയില്‍  ഗോമൂത്രം  ഫലപ്രദമായ ഔഷധ  പദാര്‍ത്ഥമായി വിവരിക്കുന്നു. ശരീരഭാരം കുറയ്ക്കല്‍, ഹൃദയ, വൃക്കസംബന്ധമായ ചില രോഗങ്ങള്‍, ദഹനക്കേട്, വയറുവേദന, വയറിളക്കം, നീര്‍വീക്കം, മഞ്ഞപ്പിത്തം, വിളര്‍ച്ച, ഹെമറോയ്ഡുകള്‍ എന്നിങ്ങനെ ഗോമൂത്രത്തിന്റെ ഗുണങ്ങള്‍ സുശ്രുതസംഹിതയിലും  (45/221), ചരക സംഹിതയിലും (ശ്ലോക -100) പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. വിറ്റിലിഗോ ഉള്‍പ്പെടെയുള്ള ചര്‍മ്മരോഗങ്ങള്‍ക്കു പ്രതിവിധിയാണിത്.  മനുഷ്യ ശരീരത്തില്‍ കാണപ്പെടുന്ന മൂലകങ്ങളുടെ അളവില്‍ അസന്തുലിതാവസ്ഥ ഉണ്ടാകുമ്പോഴാണ് മനുഷ്യന്‍ പ്രധാനമായും രോഗങ്ങള്‍ക്കു അടിമപ്പെടുന്നത്. വളര്‍ന്ന  കൊമ്പുള്ള ഇന്ത്യന്‍ പശുവിന്റെ ഗോമൂത്രംആധുനിക രീത്യാ  വിശകലനം ചെയ്തപ്പോള്‍ , മനുഷ്യശരീരത്തില്‍ കാണപ്പെടുന്ന എല്ലാ ഘടകങ്ങളും അതിലുമുണ്ട് എന്ന് കണ്ടെത്തി. ഈ സമാന സ്വഭാവം മൂലമാണ് മനുഷ്യരില്‍  ധാതുലവണങ്ങളുടെ  ശരിയായ ബാലന്‍സ് കൊണ്ടുവരാന്‍ കഴിയുന്നത്. ഈ സവിശേഷമായ പ്രത്യേകത കൊണ്ടാണ്, രോഗങ്ങളെ സുഖപ്പെടുത്തുന്നത്. ഗോമൂത്രത്തില്‍  അടങ്ങിയിരിക്കുന്നത് 95% വെള്ളം, 2.5% യൂറിയ, ധാതുക്കള്‍, 24 തരം ലവണങ്ങള്‍, ഹോര്‍മോണുകള്‍, 2.5% എന്‍സൈമുകള്‍ , ഇരുമ്പ്, കാല്‍സ്യം, ഫോസ്ഫറസ്, കാര്‍ബണിക് ആസിഡ്, പൊട്ടാഷ്, നൈട്രജന്‍, അമോണിയ, മാംഗനീസ്, സള്‍ഫര്‍, ഫോസ്‌ഫേറ്റുകള്‍, പൊട്ടാസ്യം, യൂറിയ, യൂറിക് ആസിഡ്, അമിനോ ആസിഡുകള്‍, എന്‍സൈമുകള്‍, സൈറ്റോകൈന്‍, ലാക്ടോസ് വിവിധതരം വിറ്റാമിനുകള്‍, സോഡിയം, എന്നിവയാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന  മറ്റൊരു പ്രധാന ഘടകം ഓറിയം ഹൈഡ്രോക്‌സൈഡ് അല്ലെങ്കില്‍ സ്വര്‍ണത്തിന്റെ  അംശമാണ്. ഇന്ത്യന്‍ ഗോമൂത്രം അര്‍ക്കമാക്കി എടുക്കുന്നതിനു  യുഎസ്എ പേറ്റന്റ് നല്‍കിയിട്ടുണ്ട് എന്നത് വളരെ ശ്രദ്ധേയമായ കാര്യമാണ്. (യുഎസ് പാറ്റ്. 6410059, 6896907) അതുപോലെ തന്നെ, പഴക്കമുള്ളതും കഠിനവുമായ  പ്രമേഹ രോഗികളിലും,  ഇന്‍സുലിനെ ആശ്രയിക്കുന്ന   രോഗികള്‍ക്കും  ഗോമൂത്രം കഴിക്കുന്നതിലൂടെ പ്രമേഹവും അനുബന്ധ രോഗങ്ങളും  കുറച്ചുകൊണ്ടുവരാന്‍ കഴിയും. മാത്രവുമല്ല പ്രമേഹരോഗികളില്‍ ഉണ്ടാകാവുന്ന മാരകമായ രക്തചംക്രമണ കുറവും ശാശ്വതമായി പരിഹരിക്കാം. ഇതില്‍ അടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ ഉള്‍പ്പടെയുള്ള ഘടകങ്ങളുടെ സമഗ്ര പ്രവര്‍ത്തനം മൂലമാണ് ഇത് സാധ്യമാകുന്നത്. ഇത് ദഹനത്തിന്റെ ഒരു സ്രോതസ്സാണ്. ഇതിലെ  എന്‍സൈമുകള്‍  പകര്‍ച്ചവ്യാധികള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുവാന്‍ ആവശ്യമായ  പ്രതിരോധശേഷിയും  ശരീരത്തിനു നല്‍കുന്നു.

അനേകം  മൂലകങ്ങള്‍ കാരണമായി, ഗോമൂത്രം മാത്രം ഉപയോഗിക്കുന്നതിലൂടെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ പോലുള്ള സാധാരണ രോഗങ്ങളില്‍ നിന്ന് ശരീരത്തിന്  സ്വയം രക്ഷിക്കാന്‍ കഴിയും. ശ്രദ്ധിക്കേണ്ടത് പശു തദ്ദേശീയമായിരിക്കണമെന്നാണ്. മേയാന്‍ പുരയിടത്തിലേക്കോ, കാട്ടിലേക്കോ  പോയാല്‍ നല്ലത്. അവിടെ വിവിധതരംഔഷധ സസ്യങ്ങള്‍ ഭക്ഷിക്കുവാന്‍ ഇടയാകും. ഗര്‍ഭിണിയായതോ അസുഖം ബാധിച്ചതോ ആയ  പശുവിന്റെ മൂത്രം എടുക്കാറില്ല.,  അര്‍ക്കമാക്കി എടുക്കുകയാണ് ഉത്തമം.  മികച്ച ഫലം ലഭിക്കുന്നതിന് ഒരു ആയുര്‍വേദ ഡോക്ടറുടെ ഉപദേശം  സ്വീകരിക്കേണ്ടതുണ്ട്.  

ചാണക നീര് ഒരു ഭാഗം, ഗോമൂത്രം രണ്ടു ഭാഗം, പാല്‍ പതിനാറു ഭാഗം,തൈര് അഞ്ചു ഭാഗം, നെയ്യ് നാലു ഭാഗം,  എന്നീക്രമത്തില്‍ ദശമൂലം ഉള്‍പ്പടെയുള്ള ഏതാണ്ട് ഇരുപതില്‍ പരം മരുന്നുകള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന ''പഞ്ചഗവ്യഘൃതം''  ഫല സൂചികയില്‍ പറയുന്ന രോഗങ്ങള്‍ക്ക് ഫലപ്രദമാണെന്ന് അനുഭവത്തിലും,ആധുനിക  ഗവേഷണത്തിലും ഒരു പോലെ തെളിയിക്കപ്പെട്ടിട്ടുള്ളതുമാണ്  

'ശാസ്ത്രീയതയുടെ' ബാനറില്‍ പ്രവര്‍ത്തിക്കുന്ന ചില  സംഘടനകളും കൂട്ടായ്മകളും ബോധപൂര്‍വം ആയുര്‍വേദത്തിനും ആയുര്‍വേദ മരുന്നിനും എതിരെ തിരിയുന്നതിന്റെ മനഃശാസ്ത്രം 'വെടക്കാക്കി തനിക്കാക്കുക  'എന്ന പഴയ തന്ത്രം തന്നെയാണ്. ആയുര്‍വേദത്തിന്റെ  ഏറ്റവും വലിയ ഗുണം, പാര്‍ശ്വഫലത്തിന് പകരം സൈഡ് ബെനിഫിറ്റ്  കൂടി കിട്ടുന്നു എന്നതാണ്.

മനുഷ്യമലം പോലും ആധുനികവൈദ്യം ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് മറച്ചു വച്ചുകൊണ്ടാണ് ആയുര്‍വേദത്തെയും, ഗോമൂത്രത്തേയും ചാണകത്തെയും  പഴിക്കുന്നത്. ഫീക്കല്‍  മൈക്രോബയോട്ട  ട്രാന്‍സ്പ്ലാന്റഷന്‍ (എഫ്.എം.ടി) എന്ന ചികിത്സാ രീതി ആധുനിക വൈദ്യത്തില്‍ ഇപ്പോഴും നടക്കുന്നുണ്ട്. ആരോഗ്യമുള്ള ദാതാവില്‍ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് മലം മാറ്റി സ്ഥാപിച്ചു രോഗിയുടെ കുടലിലെ ബാക്റ്റീരിയയുടെ സന്തുലിതാവസ്ഥ  പുനസ്ഥാപിക്കുന്നതിനാണ്  ഇത് ചെയ്യുന്നത്.

ലോകത്തു ഒരു വൈദ്യശാസ്ത്രത്തിലും  നിലവിലില്ലാത്ത  'രസായന'' ചികിത്സയുടെ  പ്രാധാന്യം ആധുനിക യുഗത്തില്‍, പ്രത്യേകിച്ചും കൊവിഡ് കാലഘട്ടത്തില്‍,  കൂടുതല്‍ പ്രസക്തമാവുകയാണ്. പ്രാചീന വൈദ്യ നാഗരികതയില്‍  മനുഷ്യന്റെ ജീവിതത്തിനു നല്‍കിയിരുന്ന മൂല്യവും,അര്‍ഥവും, ആധുനികയുഗത്തിന്റെ വരവോടെ വിടപറഞ്ഞിരിക്കുന്നത് നാം തിരിച്ചറിയാതെ പോകുന്നു. ജഗത്തില്‍ ഔഷധമല്ലാത്ത ഒന്നും ഇല്ലെന്നും, ഒരു ചികിത്സകന്‍ മറ്റു ഏതു ശാസ്ത്രത്തിനെയും അറിഞ്ഞിരിക്കണം, ആദരിക്കണമെന്നും  ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരുന്ന നമ്മുടെ അപൂര്‍വ വൈദ്യന്മാരുടെ വൈജ്ഞാനിക ആരോഗ്യ മേഖലയിലെ  അന്യാദൃശമായ  ക്രാന്തദര്‍ശിത്വം നമുക്ക് ശക്തിയും സംശുദ്ധമായ  ആരോഗ്യത്തിലേക്കുള്ള വഴിയും,  തല തിരിഞ്ഞവര്‍ക്കു  തിരുത്തലും  കാണിച്ചു തരട്ടെ.

 

 

 

 

  comment

  LATEST NEWS


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ


  75 പേരടങ്ങുന്ന കുറുവാസംഘം കേരളത്തിലേക്ക് കടന്നു; അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ്, പകല്‍ സമയത്ത് ആക്രിസാധനങ്ങൾ ശേഖരിക്കാൻ എത്തുന്നവരെ സൂക്ഷിക്കുക


  അഴീക്കോട് നിന്നാല്‍ തോല്‍ക്കുമെന്നും നേരത്തെ അറിയിച്ചിരുന്നു, എന്നിട്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടു; ലീഗ് നേതൃത്വത്തിനെതിരെ കെ.എം. ഷാജി


  ടോക്കിയോവില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ പെണ്‍കരുത്ത്; ആദ്യമായി ഇന്ത്യന്‍ ഹോക്കി വനിത ടീം ഒളിംപിക്‌സ് സെമിയില്‍


  സംസ്ഥാനത്തെ കോവിഡ് കേസുകള്‍ ഉയര്‍ന്നു തന്നെ; കേരളത്തില്‍ നിന്നുള്ളവര്‍ക്ക് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണെന്ന് കര്‍ണ്ണാടകയും തമിഴ്‌നാടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.