×
login
മേയര്‍ ഡോ. ബീനാ ഫിലിപ് പറയുന്നു: ഇത് നമ്മുടെ പാരമ്പര്യമാണ്; ആര്‍ എസ്എസ്സിന്റേതാണോ കൃഷ്ണന്‍, ഏറ്റവും കൂടുതല്‍ ശബരിമലയ്ക്ക് പോയിട്ടുള്ളത് സഖാക്കള്‍

(ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട്ട് നടത്തിയ മാതൃ സംഗമത്തില്‍ പങ്കെടുത്ത് കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ് ശ്രീകൃഷ്ണ വിഗ്രഹത്തില്‍ മാലചാര്‍ത്തി പണ്ഡിതോചിതമായ പ്രസംഗം നടത്തി. കോളെജ് അധ്യാപികയായിരുന്ന മേയറുടെ പ്രസംഗം ചില മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ച് വിവാദമാക്കി. അതിന് മറുപടിയായി മേയര്‍ നല്‍കിയ വിശദീകരണം)

ബാലഗോകുലത്തിലെ അമ്മമാരാണ് ഞങ്ങള്‍ എന്നു പറഞ്ഞാണ്-എനിക്ക് പരിചയമുള്ളവരാണ് അവരില്‍ എല്ലാവരും-ടീച്ചര്‍ ഞങ്ങളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടാണ് അവര്‍ വന്നത്. സ്ത്രീകളുടെ ഒരു കൂട്ടത്തോട് സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. കാരണം ഒരു വനിതാ മെമ്പറാണ്, അധ്യാപികയായിരുന്നു. വനിതകളുടെ ഇടയില്‍ പലപ്പോഴും ഒത്തിരി ധാരണപ്പിശകുകളുണ്ട്. (പരിപാടി നടന്ന) ചിന്മയ സ്‌കൂള്‍ എന്നു പറയുമ്പോള്‍ അതിനൊരു വര്‍ഗീയ വ്യത്യാസമില്ല. എന്റെ വാര്‍ഡിലെ ആകെയൊരു സ്‌കൂളാണ്. അണ്‍എയ്ഡഡാണ്. എല്ലാ പരിപാടികളും അവിടെ നടത്താറുണ്ട്. അവിടെയാകുമ്പോള്‍ സ്വാമിജിയുണ്ടാകും. എല്ലാവര്‍ക്കും അടുത്തറിയാവുന്നയാള്‍. ഞാന്‍ മേയറാകുംമുമ്പ് പല പരിപാടികള്‍ക്കും പോയിട്ടുള്ള ഇടമാണ് ചിന്മയ.

ഞാന്‍ അവിടെ കണ്ടതൊക്കെത്തന്നെ ആര്‍എസ്എസ്സിന്റേതായിട്ടുള്ളതൊന്നുമല്ല. അത്തരത്തില്‍ എന്തെങ്കിലും സംസാരമോ പ്രവൃത്തിയോ അവിടെ കണ്ടില്ല. പിന്നെ, ശ്രീകൃഷ്ണ ജയന്തിയുടെ ആഘോഷത്തിന്റെ ഭാഗമായി തുളസിയും ചെമ്പരത്തിപ്പൂവും ഒക്കെയുള്ള ഒരു മാല കൃഷ്ണ വിഗ്രഹത്തില്‍ ചാര്‍ത്തുമോ, കുങ്കുമം തൊടുമോ എന്നൊക്കെ അവര്‍ക്ക് വിഷമമുണ്ടായിരുന്നു. അവര്‍ അതൊക്കെ ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ വിവാഹം കഴിഞ്ഞയുടനെ സിന്ദൂരം തൊട്ടയാളാണെന്ന്.

ഇതൊന്നും ഒരു മതത്തിന്റെതായി ഞാന്‍ കണ്ടിരുന്നില്ല. ഞാന്‍ വളര്‍ന്നവീട്, എന്റെ അച്ഛന്‍, എന്റെ അമ്മ, എന്റെ പഠിത്തം... ഞാന്‍ ഏഴുവരെ മുസ്ലിം മാനേജ്മെന്റ് സ്‌കൂളിലാണ് പഠിച്ചത്. അവിടത്തെ മൊല്ലാക്കയുടെ പ്രിയപ്പെട്ട സ്റ്റുഡന്റായി, അവിടത്തെ ക്ലാസിലിരുന്ന് അല്‍ഫും നൂറും എഴുതിപ്പഠിച്ചു, അവര്‍ പാടുന്ന പാട്ട് ചൊല്ലിപ്പഠിച്ചു. അങ്ങനെ, എന്റെ മനസ്സില്‍ വര്‍ഗീയതയുടെ ഒരു ചെറുകണികയില്ല. ഇന്നത്തെ സ്ഥിതി കാണുമ്പോള്‍ ശരിക്കും ദുഃഖമുണ്ടെനിക്ക്.

ഞാന്‍ അവിടെ ചെന്നപ്പോള്‍ അവരോട് പറഞ്ഞു, എനിക്ക് അങ്ങനെയൊന്നുമില്ല, ഞാന്‍ നെറ്റിയില്‍ കുറിയിട്ടയാളാണ്. അപ്പോള്‍ ആള്‍ക്കാരുപറഞ്ഞു, വിക്ടര്‍ കല്യാണം കഴിച്ചുകൊണ്ടുവന്നിരിക്കുന്നത് ഒരു നായരുപെണ്‍കുട്ടിയെയാണ് എന്ന് പറഞ്ഞവരുണ്ടെന്ന്. അപ്പോള്‍ അത്രമേല്‍ ഇടുങ്ങിച്ചിന്തിക്കുന്നമനുഷ്യരാണിന്ന്. നെറ്റിയില്‍ ഒരു സിന്ദൂരമിട്ടാല്‍..? നമുക്കറിയാം സിന്ദൂരമൊക്കെ എന്നുവന്നതാണെന്ന്. ഞാന്‍ വളര്‍ന്നുവന്ന പാലക്കാടന്‍ ഗ്രാമങ്ങളില്‍ പറയാറുണ്ടായിരുന്നു, അവിടത്തെ സ്ത്രീകളൊന്നും ശരിയല്ലെന്ന്, കാരണം അവര്‍ നെറ്റിയില്‍ നീണ്ട ചുവന്ന കുറിയിടാറുണ്ടെന്ന്. കേരളീയര്‍ നെറ്റിയില്‍ ഭസ്മവും കളഭവും ചന്ദനവും ഒക്കെ ഇടുന്നവരാണ് പൊതുവേ. അക്കാലത്ത് ചുവന്ന കുറിപോലും വലിയ തെറ്റായിരുന്നു. ഇന്നിപ്പോള്‍ അതൊക്കെ മാറിവരികയാണ്. ഒരു ഫാഷന്‍പോലെ മാറുകയാണ്. എന്റെയൊക്കെ ചിന്താഗതി അങ്ങനെയാണ്.

പിന്നെ അവിടെ പോയതിനെക്കുറിച്ച്- മേയര്‍ എന്ന നിലയില്‍ എന്നെ സ്ത്രീകളുടെ കൂട്ടായ്മ, കുറേ അമ്മമാരോട് സംസാരിക്കാന്‍ വരണമെന്ന് ക്ഷണിക്കുമ്പോള്‍ എനിക്കത് നിഷേധിക്കാനാവില്ല. പാര്‍ട്ടിയാണെങ്കിലും എന്നോടങ്ങനെ കൃത്യമായ, രാഷ്ട്രീയ ശത്രുതാപരമായ, അല്ലെങ്കില്‍ വര്‍ഗീയം മാത്രമായ കാര്യങ്ങളില്‍ പോകരുത് എന്നല്ലാതെ മറ്റൊന്നിലും പോകരുത് എന്ന് കര്‍ശനമായി പറഞ്ഞിട്ടുമില്ല. അതുകൊണ്ട് ഞാന്‍ ഇവരുടെ പരിപാടിയെ കണ്ടത്, അമ്മമാരുടെ ഒരു കൂട്ടായ്മയായിട്ടാണ്.

ഇവര്‍ വന്നപ്പോഴേ ഞാന്‍ അവരോട് തമാശയായി ചോദിച്ചു, നിങ്ങള്‍ യശോദമാരാണോ ദേവകിമാരാണാ എന്ന്. ഏതായാലും അവിടെ ഞാന്‍ പോയി. ഞാന്‍ ചെറുപ്പകാലത്ത് പഠിച്ച പുരാണകഥാപാത്രങ്ങളെക്കുറിച്ച്, കൃഷ്ണ സങ്കല്‍പ്പത്തെക്കുറിച്ച് അത് എന്തായിരിക്കണം എന്ന്, നമ്മുടെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ച്, കുന്തിയേയും ഗാന്ധാരിയേയും കുറിച്ചു പറഞ്ഞു. പാഞ്ചാലിയെക്കുറിച്ച് പറയണമെന്നുണ്ടായിരുന്നു, ഞാന്‍ പറഞ്ഞില്ല. വിവാദമാകുമെന്നതിനാലാണ് പറയാതിരുന്നത്. കാരണം തെക്കോട്ടൊക്കെ ഒരു സ്ത്രീക്ക് രണ്ടും മൂന്നും ഭര്‍ത്താക്കന്മാര്‍ സമൂഹം അംഗീകരിച്ച രീതിയില്‍ ഉണ്ടായിരുന്നു. ഇവിടെ കോഴിക്കോട്ടുതന്നെ ഇരട്ടകളായ സഹോദരങ്ങള്‍ക്ക് ഒരു ഭാര്യയായിരുന്നു. അപ്പോള്‍ ഇതൊക്കെയുണ്ടാകും സമൂഹത്തില്‍. അതൊന്നും ഞാന്‍ അവിടെ പറഞ്ഞില്ല. കാരണം, അതൊരുപക്ഷേ അവര്‍ക്ക് ഷോക്കായേക്കാമെന്ന് കരുതി. അവര്‍ അങ്ങനെയൊന്നും ഉയര്‍ന്ന നിലവാരത്തില്‍ ചിന്തിക്കാനൊന്നും കഴിയുന്നവരായിരുന്നില്ല. സാധുക്കളായ സ്ത്രീകള്‍, ഇതുതന്നെ ലോകം എന്നുകരുതുന്നവരാണ്.


കുട്ടികളെ നോക്കുന്നകാര്യത്തില്‍, അവര്‍ ഭയവും ഭക്തിയും ബഹുമാനവും ഉള്ളവരാകണം എന്നാണ് പറഞ്ഞത്. 'മനോരമ'ക്കാര്‍ ഞാന്‍ പറഞ്ഞതല്ല പറഞ്ഞത്. ഞാന്‍ പറഞ്ഞതിന്റെ സത്തയുള്‍ക്കൊള്ളാത്ത രീതിയില്‍ ആരാണോ അത് എഴുതിത്തന്നത്, അവര്‍ക്ക് ദുരുദ്ദേശ്യം ഉണ്ട് എന്ന് തുറന്നുപറയാതിരിക്കാന്‍ കഴിയില്ല. അത് മനോരമയുടെ ജോഷ്വയോട് ചോദിക്കണമെന്ന് വിചാരിച്ചിരിക്കുകയാണ് ഞാന്‍. മേയര്‍ അങ്ങനെ പറഞ്ഞുവെന്ന് പറയുമ്പോള്‍ അത് ശരിയാണോ എന്ന് എന്തുകൊണ്ട് അന്വേഷിക്കാതിരുന്നു. എന്നെ അറിയാമല്ലോ എല്ലാവര്‍ക്കും, വളച്ചൊടിച്ച് പറയേണ്ട കാര്യമില്ലായിരുന്നു.

ആര്‍എസ്എസ്സിന്റെ ഒരു പോഷക സംഘടനയെന്ന് ബാലഗോകുലത്തിനെ വിചാരിച്ചിട്ടില്ല. അവരുമായി ബന്ധപ്പെട്ടവരാണെന്നറിയാമായിരുന്നു എന്നല്ലാതെ അവരുടെ പോഷക സംഘടനയാണെന്ന് എനിക്ക് തോന്നിയിട്ടില്ല. ബിജെപിക്കാര്‍ നടത്തുന്ന പരിപാടികള്‍ക്കൊക്കെ ഞാന്‍ പോകാറുണ്ട്. അപ്പോഴൊന്നും കുഴപ്പമില്ല എന്നാണ് പാര്‍ട്ടി പറഞ്ഞിട്ടുള്ളത്. അവിടെയൊന്നും വര്‍ഗീയതയുമായി ബന്ധപ്പെടുത്തി ഒന്നും പറയുന്നില്ല. അങ്ങനെയൊരു വേദിയേ അല്ലായിരുന്നു അത്. അതുകൊണ്ടാണ് ഞാന്‍ പോയത്.

ശിശുപരിപാലനത്തില്‍ നമ്മള്‍ പിന്നിലാണ്. ശിശുപരിപാലനം എന്നുപറഞ്ഞാല്‍, അതും ഞാന്‍ അവരോട് പറഞ്ഞിരുന്നു- വടക്കേ ഇന്ത്യയില്‍ ഉള്ളയാള്‍ക്കാര്‍ കുട്ടികളെ അതുപോലെ നോക്കും. അവരുടെ വീട്ടില്‍ ചെന്നാല്‍, അവരുടെ കുട്ടിക്കു കൊടുക്കുന്നതതുപോലെ ചെല്ലുന്ന കുട്ടികള്‍ക്കും കൊടുക്കും. എന്നാല്‍ കേരളത്തില്‍ അതുപോലെയല്ല. സ്വാര്‍ത്ഥത നമ്മള്‍ കുട്ടികളെ പഠിപ്പിക്കും. ഇതൊക്കെ ഞാന്‍ അറിഞ്ഞത് നോര്‍ത്തിന്ത്യയിലുള്ള എന്റെ ബന്ധുക്കളില്‍നിന്നാണ്. അവര്‍ പറയും, ചേച്ചീ കേരളത്തില്‍ വന്നുകഴിഞ്ഞാല്‍, നമ്മുടെ കുട്ടികളെ ഒരു വീട്ടിലേക്ക് വിട്ടാല്‍, അവരെ വല്ലാതെ 'ഇറിറ്റേറ്റ്' ചെയ്യും എന്ന്. എന്നുപറഞ്ഞാല്‍, ഒരേമാതിരി കാണില്ല കുഞ്ഞുങ്ങളെ... ഞാന്‍ അവരോട് പറഞ്ഞു, നിങ്ങള്‍ ഉണ്ണിക്കണ്ണനെ സ്നേഹിക്കുന്നവരാണെങ്കില്‍ ഉണ്ണിക്കണ്ണനെപ്പോലെ എല്ലാക്കുട്ടികളേയും കരുതാന്‍ പഠിക്കണം എന്ന്. അങ്ങനെയാകുമ്പോള്‍ അതൊരു സംസ്‌കാരമായി മാറും. അങ്ങനെയാണ് ഞാന്‍ പറഞ്ഞത്, അല്ലാതെ ഭക്തിയുള്ളവരായി വളര്‍ത്തണം എന്ന് പറഞ്ഞില്ല ഞാന്‍. അത് തെറ്റായി വ്യാഖ്യാനിച്ചതാണ്  'മനോരമ.'

ശിശുപരിപാലനം എന്ന് പറയുമ്പോള്‍ നിങ്ങള്‍ കാണുന്നത് ആരോഗ്യപരമായ കാര്യത്തിലാണ്. ഞാന്‍ കാണുന്നത് അങ്ങനെയല്ല. കുട്ടികളോടുള്ള സമീപനം കേരളത്തില്‍ വീടുകളിലൊക്കെ വ്യത്യസ്തമാണ്. എല്ലാവരിലും അല്ല. എല്ലാക്കാര്യത്തിലും വ്യത്യസ്തതകളുണ്ട്. നോര്‍ത്ത് ഇന്ത്യയിലൊക്കെ നമ്മള്‍ കേള്‍ക്കുന്നില്ലേ വീടുകളിലൊക്കെ കുട്ടികളെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍. ഇവിടെയും നമ്മള്‍ കേള്‍ക്കുന്നുണ്ട്. ആ തരത്തിലുള്ള വൈകൃതത്തെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. പൊതുവേ കുഞ്ഞുങ്ങളോട് നമ്മള്‍ കര്‍ശന സ്വഭാവക്കാരാണ്. നോര്‍ത്ത് ഇന്ത്യയില്‍ കുറേക്കൂടി 'ലിബറ'ലാണ്. നമ്മേപ്പോലെ പഠിപ്പുള്ളയാള്‍ക്കാരില്‍ പലരും കുറേക്കൂടി ലിബറലായിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ എല്ലാം വര്‍ഗീയക്കണ്ണോടെ കാണുന്ന സമൂഹത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. സാബുവിന്റെ 'വൈഫാ'ണ് അവിടെയിരുന്നത്. (വീണാ സാബു, കോഴിക്കോട്ട് ബാലഗോകുലം ജന്മാഷ്ടമി ആഘോഷത്തിന്റെ ഈ വര്‍ഷത്തെ സ്വാഗത സംഘം അധ്യക്ഷയാണ്, ജനിച്ചതും വളര്‍ന്നതും ഉത്തരേന്ത്യയിലാണ്) അവരോട് ഞാന്‍ ചോദിച്ചു. ശരിയാണെന്ന് അവര്‍ സമ്മതിച്ചു.

ബാലഗോകുലത്തിന്റെ അമ്മമാരുടെ പരിപാടിയിലേക്ക് പോകുന്നതിന് പാര്‍ട്ടിയുടെ അനുമതി വാങ്ങണം എന്ന് തോന്നിയില്ല എനിക്ക്. കാരണം അങ്ങനെ കര്‍ശനമായ ഒരുകാര്യവും പാര്‍ട്ടി എന്നോട് പറഞ്ഞിട്ടില്ല. മേയര്‍ എന്ന നിലയ്ക്ക്, ഒരു 'ഫസ്റ്റ് സിറ്റിസണ്‍' എന്നൊക്കെയാണല്ലോ നമ്മുടെ സങ്കല്‍പ്പം. അങ്ങനെവരുമ്പോള്‍ പാര്‍ട്ടിയില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കുള്ളതുപോലൊരു കര്‍ശന നിയന്ത്രണം ഒന്നും എനിക്ക് പാര്‍ട്ടിവെച്ചിട്ടില്ല. കരുതിപ്പോകണം എന്നുമാത്രമേ പറഞ്ഞിട്ടുള്ളു. അതിപ്പോള്‍ ശരിയാണെന്ന് ബോധ്യപ്പെട്ടു. കാരണം നമ്മള്‍ പറഞ്ഞ നല്ലതൊന്നും പറയാതെ എന്തെല്ലാം വിധത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്യാമോ അങ്ങനെയെല്ലാം എഴുതിയപ്പോള്‍ എനിക്ക് വിഷമം. ഇനിയിപ്പോള്‍ ഏതൊക്കെ പത്രങ്ങളാണ് അങ്ങനെയൊക്കെ എഴുതിയിരിക്കുന്നതെന്ന് നോക്കണം. യു ട്യൂബില്‍ എഡിറ്റ് ചെയ്യാത്ത പ്രസംഗം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാണാം.  

രാമായണവും ഇതിഹാസവുമൊക്കെ മനുഷ്യര്‍ എഴുതിയതല്ലേ. രാജാ രവിവര്‍മ്മ ചിത്രം വരച്ചില്ലായിരുന്നെങ്കില്‍ നമ്മള്‍ ഇങ്ങനെയൊരു ഉണ്ണിക്കണ്ണനെ കാണുമായിരുന്നോ. ശിവകാശി പ്രസ്സില്‍ പ്രിന്റ് ചെയ്തുവരുന്ന സങ്കല്‍പ്പങ്ങളെയാണ് ഞാനും നിങ്ങളുമൊക്കെ പൂജിക്കുന്നത്. എന്റെവീട്ടിലും സരസ്വതിയുടെ ഫോട്ടോ ഉണ്ട്. അത് മലയാളം പഠിച്ച ഏതൊരാള്‍ക്കും വിദ്യ എന്ന് പറയുമ്പോള്‍ അതിനെ സരസ്വതിയുമായി ബന്ധിപ്പിക്കാതിരിക്കാന്‍ കഴിയില്ല. ഇത് ഒരു മതത്തിന്റെ കുത്തകയൊന്നുമല്ല. ഇത് നമ്മുടെ പാരമ്പര്യമാണ്. ഈ ഇതിഹാസങ്ങളെല്ലാം ഭാരതത്തിലെ ഏതൊരുത്തന്റേയും പാരമ്പര്യമായി കിട്ടിയിട്ടുള്ളതാണ്. ഇതു നമ്മുടെ 'കള്‍ചറല്‍ സൈക്കോളജി'യുടെ ഭാഗമാണ്. ഇതിനെ ഓരോരുത്തരും സ്വന്തമാക്കി അവരവരുടെ രീതിയില്‍ വ്യാഖ്യാനിക്കുന്നതിന് നമുക്കെന്തുചെയ്യാന്‍ സാധിക്കും. ബൈബിളില്‍ത്തന്നെ നോക്കൂ. പണ്ടുണ്ടായിരുന്ന ബൈബിളില്‍നിന്ന് എത്രയോ ചാപ്റ്റര്‍ മാറ്റിവെച്ചിട്ടുണ്ട്. അതുതന്നെ ഒരു പുസ്തകമായിട്ടുണ്ട്. യുക്തിസഹമായ, കുറേക്കൂടി ബുദ്ധിയുള്ള മനുഷ്യരുടെ മത സങ്കല്‍പ്പങ്ങള്‍ നമ്മുടെ പല ആചാരങ്ങള്‍ക്കും കടകവിരുദ്ധമാണ്. അതിന് പ്രത്യക്ഷ ഉദാഹരണം ഇപ്പോഴത്തെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ തന്നെ കാണിച്ചുതരുന്നില്ലേ. അതുകൊണ്ട്, ആ ഒരുതലത്തിലേക്ക് ആരെങ്കിലുമൊക്കെ പറന്നുയരണം എന്ന് ചിന്തിക്കുന്നയാളാണ് ഞാന്‍.

ഇതിഹാസങ്ങളൊക്കെ ഒരു സംസ്‌കാരമാണ്. അതിനെയൊക്കെ ഓരോരുത്തര്‍ സ്വന്തമാക്കിയാല്‍... ഏറ്റവും കൂടുതല്‍ ആരാണ് ശബരിമലയ്ക്ക് പോയിട്ടുള്ളത്, ഞങ്ങളുടെ സഖാക്കളല്ലേ. സംശയമുണ്ടോ.. ഞങ്ങള്‍ക്ക് അമ്പലങ്ങളില്ലേ. പലസ്ഥലത്തും മുഴുവന്‍ നടത്തുന്നത് നമ്മളാണ്... അതുകൊണ്ട് അതിനെ ഒരു സംസ്‌കാരമായി കാണുക. അതിനപ്പുറത്തേക്ക് വര്‍ഗീയതയായി കാണുമ്പോഴാണ് അപകടമാകുന്നത്. കൃഷ്ണന്‍ ആരുടേതാണ്, ആര്‍എസ്എസ്സിന്റേതാണോ കൃഷ്ണന്‍. രാമന്‍ ആരുടേതാണ്, ആര്‍എസ്എസ്സിന്റേതാണോ രാമന്‍. അല്ലല്ലോ. രാമന്‍ ഈ ഭാരതത്തില്‍ ജീവിക്കുന്ന എല്ലാവരുടേതുമാണ്. ഏതൊക്കെ അര്‍ത്ഥത്തില്‍ ഈ ഇതിഹാസ കഥാപാത്രങ്ങള്‍ നമ്മളില്‍ ജീവിക്കുന്നുവെന്ന് അവിടെ എനിക്ക് അവരോട് പറയാമല്ലോ. രാമന്‍ ഈ ലോകത്തെ ആദ്യത്തെ നായക സങ്കല്‍പ്പമാണ്. രാമന്‍ ഹിന്ദുവില്‍ മാത്രമാണ് ജീവിക്കുന്നതെന്ന് ക്രിസ്ത്യാനിയായ ഞാന്‍ പറയുമോ. എന്നിലൊക്കെ ജീവിക്കുന്നുണ്ട്, സമൂഹത്തില്‍ ജീവിക്കുന്നുണ്ട്, അതുകൊണ്ട് സംസ്‌കാരമായി മാറണം എന്നേ പറഞ്ഞുള്ളു. അല്ലാതെ ഒരാളുടെ കുത്തകയാകണമെന്ന് ഉദ്ദേശിച്ചിട്ടില്ല, എന്നല്ല മറിച്ചാണ് എന്റെ വിചാരം, ഞാന്‍ ഇപ്പോള്‍ പറഞ്ഞതുപോലെ. അതുകൊണ്ട്, ഇങ്ങനെയൊക്കെ ദുര്‍വ്യാഖ്യാനം ചെയ്തതില്‍ വിഷമമുണ്ട്, വിവാദമാക്കിയതില്‍.

  comment

  LATEST NEWS


  കാര്യങ്ങള്‍ കൈവിട്ട് പോകുമോ? റഷ്യയോട് ഉക്രൈനെതിരെ കുറഞ്ഞശേഷിയുള്ള ആണവാധുങ്ങള്‍ പ്രയോഗിച്ച് തുടങ്ങാന്‍ ഉറ്റ സുഹൃത്ത് റംസാന്‍ കാഡിറോവ്


  കോടിയേരിയെ ജീവനോടെ ആശുപത്രിയില്‍ പോയി കാണണമെന്ന് ഏറെ മോഹിച്ചു; അത് നടക്കാതെ പോയതിന്‍റെ വേദന പങ്കുവെച്ച് സുരേഷ് ഗോപി


  ദേശീയ ഗെയിംസില്‍ നയനയുടെ ഗോള്‍ഡന്‍ ജമ്പ്; കേരളത്തിന് വീണ്ടും സ്വര്‍ണം; തുഴച്ചിലില്‍ ഒരു സ്വര്‍ണം കൂടി


  പോപ്പുലര്‍ ഫ്രണ്ടിന്റെ ആസ്തി ഇഡി വിശദമായി പരിശോധിക്കും; ഹര്‍ത്താല്‍ അക്രമം എന്‍ഐഎ അന്വേഷിക്കും; ദല്‍ഹിയിലെ മൂന്ന് ഓഫീസുകള്‍ കൂടി പൂട്ടി


  തൊഴിലാളികളുടെ ആവശ്യങ്ങള്‍ പരിഗണിക്കും; ഉത്സവ സീസണുകളിലെ വിമാന ടിക്കറ്റ് നിരക്ക് കുറക്കുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും : വി മുരളീധരന്‍


  സമൂഹത്തെ ഒരുമിപ്പിക്കുകയെന്നതാണ് ആഘോഷങ്ങളുടെ പ്രസക്തി: വി. മുരളീധരന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.