login
അഴിമതിമുക്ത കേരളം എന്റെ സ്വപ്‌നം

ഇ. ശ്രീധരന്‍ ജന്മഭൂമി പ്രതിനിധി എം. ബാലകൃഷ്ണനോട് സംസാരിക്കുന്നു.

 

ഡോ.ഏലാട്ട് വളപ്പില്‍ ശ്രീധരന്‍ എന്ന ഇ. ശ്രീധരന്‍ ബിജെപി അംഗമായി . ഭാരതത്തിലെ  പൊതുഗതാഗത സംവിധാനം ആധുനികവല്‍ക്കരിക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ച ഇദ്ദേഹം ദല്‍ഹി മെട്രോ റെയില്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയതിലൂടെ ഭാരതത്തിന്റെ മെട്രോ മാനായി മാറി. കേരളത്തിന്റെ മാറിവരുന്ന രാഷ്ട്രീയ സാഹചര്യത്തിന്റെ പ്രതിഫലനമാണ് ഇ. ശ്രീധരന്റെ ബിജെപി പ്രവേശം. അഴിമതിമുക്ത കേരളമാണ് തന്റെ സ്വപ്‌നമെന്ന് ഇ. ശ്രീധരന്‍ ജന്മഭൂമിയോട് പറഞ്ഞു. ദല്‍ഹി മെട്രോ, ഗതാഗതത്തില്‍ മാത്രമല്ല മാറ്റം വരുത്തിയത്. മനോഭാവത്തില്‍ കൂടിയായിരുന്നു.  അഴിമതിയും കാലതാമസവുമില്ലാതെ  പദ്ധതികള്‍ പൂര്‍ത്തിയാക്കാമെന്ന് തെളിയിച്ച ഈ പൊന്നാനിക്കാരന്‍ കേരളത്തിന്റെ പരിവര്‍ത്തനത്തിന് പുതിയ പാത തെരഞ്ഞെടുത്തിരിക്കുന്നു.   തന്റെ ബിജെപി പ്രവേശത്തെക്കുറിച്ച് ജന്മഭൂമി പ്രതിനിധി എം. ബാലകൃഷ്ണനോട്  സംസാരിക്കുന്നു.  

ബിജെപിയില്‍ ചേരാനിടയായ സാഹചര്യം

കേരളത്തിന്റെ സാഹചര്യം ഇന്ന് ഏറെ ദയനീയമാണ്. യുഡിഎഫ് അഞ്ച് വര്‍ഷം ഭരിച്ചു. എല്‍ഡിഎഫും  അഞ്ചുവര്‍ഷം ഭരിച്ചു. എന്നാല്‍ കേരളത്തിന് എന്ത് ഗുണമാണ് ഉണ്ടായത്. പ്രത്യേകിച്ച്, തൊഴിലില്ലായ്മ സംസ്ഥാനത്ത് രൂക്ഷമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. അഭ്യസ്തവിദ്യരായ എത്രയുവാക്കളാണ് തൊഴിലില്ലാതെ അലയുന്നത്. ഓരോ മലയാളിയും ഇന്ന് കടക്കെണിയിലാണ്. സര്‍ക്കാര്‍ നിരന്തരമായി കടം വാങ്ങിച്ചുകൊണ്ടിരിക്കുന്നു. ഓരോ മലയാളിയും ഇന്ന് 1.2 ലക്ഷം രൂപയുടെ കടക്കാരനായി മാറിയിരിക്കുന്നു. കണ്ണും പൂട്ടി കടം വാങ്ങുക, തോന്നിയത് പോലെ ചെലവഴിക്കുക എന്നതാണ് സര്‍ക്കാറിന്റെ രീതി. സര്‍ക്കാറിന്റെ ധൂര്‍ത്താകട്ടെ വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു. അഴിമതിയുടെ കാര്യത്തില്‍ കേരളത്തിലെ ഇരുമുന്നണികളും തുല്യരാണ്. ഇതില്‍ നിന്നൊക്കെ ഒരു മാറ്റമുണ്ടാകണം അതിനാണ് ഞാന്‍ ബിജെപിയില്‍ ചേര്‍ന്നത്.  

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ

പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും.നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമോ വേണ്ടയോ എന്ന്  തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. ബിജെപിയില്‍ ചേര്‍ന്നു കഴിഞ്ഞു. ഇനി അംഗത്വമെടുക്കാനുള്ള സാങ്കേതികമായ കാര്യങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.  

ഇരുമുന്നണികളുടെയും വികസന സമീപനത്തെക്കുറിച്ച്

വികസനത്തില്‍ കേരളം ഇന്ന് ഏറെ പിന്നിലാണ്. സുപ്രധാന മേഖലകളില്‍ സര്‍ക്കാറിന് ശ്രദ്ധയില്ല. അവശ്യ മേഖലകളിലേക്കല്ല മറിച്ച് അപ്രധാനമായ മേഖലകളിലാണ് പണം ചെലവാക്കുന്നത്. കടം വാങ്ങിച്ച് പണം ചെലവാക്കുക. കടം വീട്ടാന്‍ കഴിയാതിരിക്കുക എന്ന സ്ഥിതിയാണിവിടെ. ഇതോടെ സംസ്ഥാനം രൂക്ഷമായ കടക്കെണിയിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്.  

ഇടതു സര്‍ക്കാര്‍ ഇന്ന് അഴിമതിയില്‍ മുങ്ങിയിരിക്കുന്നു എന്നതാണ് കേരളം ചര്‍ച്ച ചെയ്യുന്നത്

അഴിമതി ഇന്ന് സാര്‍വത്രികമായിരിക്കുന്നു. എല്ലാ മേഖലകളേയും അഴിമതി ബാധിച്ചിരിക്കുന്നു. എന്തിനും പാര്‍ട്ടിക്ക് പണം നല്‍കേണ്ട സ്ഥിതിയാണ് എന്തുകൊണ്ടാണ് കേരളം ഇങ്ങനെയായത്. എന്തെങ്കിലും കാര്യം നടക്കണമെങ്കില്‍ എ.കെജി. സെന്ററില്‍ പണം നല്‍കണം. അല്ലെങ്കില്‍ ജില്ലാതലത്തില്‍, താലൂക്ക് തലത്തില്‍ പാര്‍ട്ടിക്ക് പണം നല്‍കണം. ഇങ്ങനെയായാല്‍ എങ്ങനെ നാട്ടുകാര്‍ക്ക്  ജീവിക്കാന്‍ കഴിയും. അഴിമതി നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ക്കാക്കറിയാം. കേരളം അഴിമതി മുക്തമാകണമെന്നാണ് എന്റെ ആഗ്രഹം. അത്തരമൊരു ഭരണം കേരളത്തിലുണ്ടാകണം. അതിന് ബിജെപിക്ക് കഴിയും

കേരളത്തിന്റെ  വികസന മുരടിപ്പിനുള്ള പരിഹാരമെന്താണ്

കേരളത്തിലേക്ക് പുതിയ വ്യവസായങ്ങള്‍ വരുന്നേയില്ല. കഴിഞ്ഞ ഇരുപത് വര്‍ഷമായി ഒരു പുതിയവ്യവസായവും സംസ്ഥാനത്തുണ്ടായില്ല. വ്യവസായങ്ങള്‍ വന്നാലെ തൊഴിലില്ലായ്മ പരിഹരിക്കാനാകൂ. വ്യവസായ വളര്‍ച്ചയുണ്ടാകണം. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാറിന്റെ സഹായത്തോടെ കേരളത്തില്‍ ഇതിന് കഴിയും. സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ വ്യവസായ വളര്‍ച്ച എളുപ്പം കൈവരിക്കാന്‍ കഴിയും.

സംസ്ഥാന സര്‍ക്കാരിന്റെ കേന്ദ്രവിരുദ്ധ സമീപനത്തെക്കുറിച്ച്

കേന്ദ്രസര്‍ക്കാറിനെ കുറ്റം പറയുക എന്ന പതിവാണ് ഇരുമുന്നണികള്‍ക്കുമുള്ളത്. അതുകൊണ്ട് ഒന്നും നേടാനാകില്ല. നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്യുന്നതെന്തിനെയും കണ്ണടച്ച് എതിര്‍ക്കുകയാണ് ഇവിടെ. എന്തിനെയും എതിര്‍ക്കുന്ന സമീപനമാണ് സിപിഎമ്മിനും കോണ്‍ഗ്രസ്സിനും. കേന്ദ്രവും  സംസ്ഥാനവും ഒരുമിച്ചു പോകണം. ആശയപരമായ എതിര്‍പ്പുണ്ടെങ്കിലും വികസനത്തിന്റെ കാര്യത്തില്‍ ഒരുമിക്കേണ്ടതാണ്. എന്നാല്‍ ഇവിടെ അത് ഉണ്ടാകുന്നില്ല.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ വികസന സമീപനം

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ കേരളത്തിന് കൈവരിക്കാനായിട്ടില്ല.  അതിന് കാരണം സംസ്ഥാനസര്‍ക്കാറിന് ശ്രദ്ധയില്ലാത്തതുകൊണ്ടാണ്. എന്തിനേയും ചോദ്യം ചെയ്യുക, എല്ലാറ്റിനെയും എതിര്‍ക്കുക എന്നതാണ് ഇവിടെയുള്ള സമീപനം. സിഐജിയുടെ ഓഡിറ്റിനെപ്പോലും കാരണമില്ലാതെ എതിര്‍ക്കുകയാണ് . ഈ മനോഭാവം മാറണം. നിലവിലുള്ള അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം. കേന്ദ്രസര്‍ക്കാറിനോടുള്ള കേരള സര്‍ക്കാറിന്റെ മനോഭാവത്തില്‍ മാറ്റം ഉണ്ടാകണം.

അനുവദിച്ച പദ്ധതികള്‍ പോലും നമുക്ക് നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാത ഇതിന് ഉദാഹരണമാണ്. റെയില്‍വേബോര്‍ഡ് ഇതിന് പണമടക്കം അനുവദിച്ചതാണ്. 2016 ല്‍. എന്നാല്‍ അത് വേണ്ടെന്നുവെച്ചു. അതിനുപകരം തലശ്ശേരി- മൈസൂര്‍ പാതയ്ക്ക്‌വേണ്ടിയായി ശ്രമം.  നടക്കാന്‍ സാദ്ധ്യതയില്ലാത്ത പദ്ധതിക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വെറുതെ സമയം കളയുകയാണ്. റെയില്‍വേ ബോര്‍ഡ് അനുവദിച്ച പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. പുതിയ പദ്ധതി നടപ്പിലാവുകയും ചെയ്തില്ല. ഇപ്പോള്‍ രണ്ടുമില്ലാത്ത അവസ്ഥയിലായി.  അതിവേഗ റെയില്‍പാത അച്യുതാനന്ദസര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയാണ്. അത് പിന്നീട് വേണ്ടെന്നു വെച്ചു. പിന്നീട് സില്‍വര്‍ ലൈന്‍ സെമിസ്പീഡ് പദ്ധതിക്കായി ആലോചന. ഇപ്പോള്‍ രണ്ടുമില്ലെന്ന സ്ഥിതിയാണ്. സബ്അര്‍ബന്‍ റെയില്‍ പദ്ധതിയുടെ സ്ഥിതിയും ഇതുതന്നെയാണ്. നഗരത്തിലെ റോഡുകളില്‍ ഇന്ന് രൂക്ഷമായ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ സര്‍ക്കാറിന് ശ്രദ്ധയില്ല. ആവശ്യമില്ലാത്ത പദ്ധതികളുടെ പിന്നാലെയാണ് സര്‍ക്കാര്‍. ഒന്നും നടക്കുന്നുമില്ല. പത്രപരസ്യങ്ങളില്‍ നിറയെ പദ്ധതികളാണ്. എന്നാല്‍ അവയില്‍ പലതും ആരംഭിച്ചിട്ടുപോലുമില്ല.

കേരളം മാറുമോ

കേരളത്തിന്റെ അന്തരീക്ഷത്തിന് സമൂലമായ മാറ്റം ആവശ്യമാണ്. വിവാദങ്ങളും സമരങ്ങളും പ്രകടനങ്ങളും എന്നൊക്കെയാണ് കേരളത്തിന്റെ പ്രധാനശ്രദ്ധ. ഇതില്‍ മാറ്റമുണ്ടാകണം.

  എം ബാലകൃഷ്ണന്‍

  comment

  LATEST NEWS


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്


  പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍


  ആചാരപൂര്‍വ്വം ഇരുമുടികെട്ടുമായി പതിനെട്ടാംപടി കയറി ഗവര്‍ണര്‍ ശബരിമലയില്‍; നെയ്‌തേങ്ങ സമര്‍പ്പിച്ച് ശബരീശനെ മനംനിറയെ കണ്ടു തൊഴുത് ആരിഫ് മുഹമ്മദ് ഖാന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.