×
login
ദീനദയാലും നരേന്ദ്ര മോദിയും

രാജ്യത്തിന്റെ ആസൂത്രണം സംബന്ധിച്ച് ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്വീകരിച്ച നിലപാടുകള്‍ക്ക് പ്ലാനിങ്ങ് കമ്മീഷനില്‍ നിന്ന് എതിര്‍പ്പ് നേരിട്ടപ്പോള്‍ അത് ദീനദയാല്‍ജിക്ക് അംഗീകരിക്കാനായില്ല. അന്ന് 'പാഞ്ചജന്യ'യില്‍ അദ്ദേഹമെഴുതിയ അഞ്ചു ലേഖനങ്ങള്‍ ശ്രദ്ധേയമായിരുന്നു. പ്ലാനിങ് മേഖലയില്‍ വരുത്തേണ്ടുന്ന കാതലായ മാറ്റങ്ങളാണ് ലേഖനത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. ആസൂത്രണ കമ്മീഷനെ പിരിച്ചുവിടണം എന്നതായിരുന്നു അതിലെ പ്രധാന ആവശ്യം. അത് നടപ്പിലാവാന്‍ മോദി അധികാരത്തില്‍ വരേണ്ടിവന്നു എന്നതോര്‍ക്കുക. ആസൂത്രണ കമ്മീഷന്‍ ഇല്ലാതാവുകയും പകരം നീതി ആയോഗ് നിലവില്‍ വരുകയും ചെയ്തു. കഴിഞ്ഞില്ല, ഇനി സംസ്ഥാനങ്ങളിലേക്കും നീതി ആയോഗിനെ എത്തിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന് ഏകീകൃതമായ പ്ലാനിങ് കൂടിയല്ലേ തീരൂ. നരേന്ദ്ര മോദി അതിനും തയ്യാറാവുമെന്ന് പ്രതീക്ഷിക്കാം. രാജ്യത്തിന്റെ വികാസം വേഗത്തിലാവാന്‍ അതാവശ്യമാണ്.

ഇന്ന് നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുമ്പോള്‍ അതിനു പിന്നിലുള്ള പ്രേരക ശക്തി ഏതെന്ന ചോദ്യമുയരുന്നത് സ്വാഭാവികമാണ്. അതിനുള്ള ആശയാടിത്തറ എന്തെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്. ഉത്തരം ഒന്നാണ്, പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ. ഭാരതീയ ജനസംഘത്തിന്റെ മുന്‍ അധ്യക്ഷന്‍, ആര്‍എസ്എസിന്റെ പ്രചാരകന്‍. ഇന്ത്യയുടെ ഭാവി തിരുത്തിയെഴുതാനുള്ള ചിന്തയും സംസ്‌കാരവും സാമ്പത്തിക ദര്‍ശനവും സമ്മാനിച്ച ആ മഹാന്റെ പിറന്നാള്‍ ദിനമാണ് ഇന്ന്, സപ്തംബര്‍ 25.  ഇന്ത്യയുടെ പുരോഗതിക്ക് വഴിവെക്കുന്ന ചിന്തക്കും കര്‍മ്മ പദ്ധതിക്കും, ഏകാത്മ മാനവ ദര്‍ശനത്തിന്,  കാരണഭൂതനായ ആ ദാര്‍ശനികനെ ഇന്നത്തെ തലമുറ എന്തുകൊണ്ടും മനസിലാക്കിയിരിക്കേണ്ടതാണ്.  

കൃശഗാത്രനായ ഒരു വ്യക്തി; കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ആര്‍എസ്എസ് പ്രചാരകനായി. കുടുംബത്തില്‍ ഏറെ സാമ്പത്തിക പ്രയാസങ്ങളൊക്കെ ഉണ്ടായിരുന്നുവെങ്കിലും തന്റെ ദൗത്യം സമാജസേവനമാണ് എന്നും അതിനുള്ള മാധ്യമം ആര്‍എസ്എസ് ആണെന്നും അദ്ദേഹത്തിന് തിരിച്ചറിവുണ്ടായി എന്നതാണ് വസ്തുത. ഉത്തര്‍ പ്രദേശ് ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം. ഇടക്കാലത്ത് സംഘം നിയോഗിച്ചത് പ്രകാരം മാധ്യമ പ്രവര്‍ത്തനവും നടത്തി. ജനസംഘം തുടങ്ങാനുള്ള ആലോചന നടക്കവേ പണ്ഡിറ്റ് ശ്യാമപ്രസാദ് മുഖര്‍ജി ആര്‍എസ്എസിന്റെ സഹായം തേടിയിരുന്നു. സര്‍സംഘചാലക് ആയിരുന്ന ഗുരുജി ഗോള്‍വാള്‍ക്കര്‍ അന്ന് ശ്യാമപ്രസാദ് മുഖര്‍ജിയെ സഹായിക്കാനായി നിയോഗിച്ച ഏതാനും ചിലരില്‍ പ്രധാനി ദീനദയാല്‍ ഉപാധ്യായ ആയിരുന്നു. അങ്ങിനെ ജനസംഘത്തിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയായി. സംഘാടക മികവും ചിന്താശക്തിയും ഒരേപോലുള്ളവര്‍ കുറവായിരിക്കും എന്നാണ് സാധാരണ പറയാറുള്ളത്. ചിന്താ ശക്തി കൂടുതലുള്ളവര്‍ക്ക് സംഘാടക മികവ് പൊതുവെ കുറവാവുമെന്ന തോന്നലിലാണ് ആ ധാരണ ഉടലെടുത്തത് എന്നു വേണം കരുതാന്‍. ഇവിടെ ഇതുരണ്ടും ഒന്നിനൊന്ന് മെച്ചമായ  ഒരു  വ്യക്തിത്വത്തെയാണ് ദീനദയാല്‍ ഉപാധ്യായയില്‍ കണ്ടത്.

 

ജനസംഘത്തിന്റെ സാമ്പത്തിക നയം


ജനസംഘത്തെക്കുറിച്ച് രാജ്യത്ത് അന്നും ഇന്നുമൊക്കെ പല വിധത്തിലുള്ള തെറ്റായ പ്രചാരണങ്ങള്‍ പലപ്പോഴും നടക്കുന്നത് കണ്ടിട്ടുണ്ട്. ഒരര്‍ഥത്തില്‍ ജനസംഘത്തിന്റെ കാര്യത്തില്‍ മാത്രമല്ല ആര്‍എസ്എസിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റ് ദേശീയ- സാംസ്‌കാരിക പ്രസ്ഥാനങ്ങളെക്കുറിച്ചും നടക്കാറുണ്ട്.  എനിക്ക് തോന്നിയിട്ടുള്ളത്,  ഈ പ്രസ്ഥാനങ്ങളെ അടുത്തറിയാന്‍, അതിന്റെ ചിന്തകളും ദര്‍ശനങ്ങളും മനസിലാക്കാന്‍,  നമ്മുടെ മാധ്യമ സുഹൃത്തുക്കളടക്കം ശ്രമിക്കാത്തതാണ് ഇതിനൊക്കെ പ്രധാന കാരണം. 'അന്ധന്‍  ആനയെക്കണ്ടതുപോലെ' പലരും പലതിനോടും പ്രതികരിക്കുമ്പോള്‍ അതേ  സ്ഥിതിയില്‍ മാധ്യമസുഹൃത്തുക്കളും ചെന്ന് പെടുന്നു.  വിമര്‍ശനങ്ങള്‍ നടത്തും മുന്‍പ് കാര്യങ്ങള്‍ നേരാംവണ്ണം മനസിലാക്കാന്‍ പ്രതിയോഗികള്‍ തയ്യാറാവാറില്ല; ജനസംഘത്തിന്റ നിലപാടുകള്‍ പലതും ദശാബ്ദങ്ങള്‍ക്കു മുന്‍പേ അച്ചടിക്കപ്പെട്ടതാണ് എന്നതാണ് ശ്രദ്ധിക്കേണ്ടത്. ഇതിപ്പോള്‍ പറയാന്‍ ഒരു കാരണം, ജനസംഘം മുതലാളിത്തത്തിന്റെയും വന്‍കിട ജന്മിമാരുടെയും ജമീന്ദാര്‍മാരുടെയും പ്രസ്ഥാനമാണ്, എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ ഇന്നും നടത്തുന്നത് കാണുന്നതുകൊണ്ടാണ്.  യഥാര്‍ഥത്തില്‍ സാധാരണക്കാര്‍ക്ക് വേണ്ടിയും ജനങ്ങള്‍ക്കുവേണ്ടിയുമുള്ളതാവണം   പ്രസ്ഥാനമെന്നതാണ് ജനസംഘത്തിന്റെ കാഴ്ചപ്പാട്.  ദീനദയാല്‍ ഉപാധ്യായ തന്നെ ഇത്തരം കുപ്രചരണങ്ങളെ  തുടക്കത്തില്‍ തന്നെ നിരാകരിച്ചിരുന്നു. സാമ്പത്തികവും രാഷ്ട്രീയവുമായ വികേന്ദ്രീകൃത വ്യവസ്ഥയുണ്ടാവണമെന്നും ചെറുകിട വ്യവസായങ്ങള്‍, ചെറു കൃഷിക്കാര്‍ എന്നിവരെ ആശ്രയിച്ചും സ്വാശ്രയ ഗ്രാമങ്ങള്‍ക്ക് രൂപം നല്‍കിയുമൊക്കെവേണം നമുക്ക് കരുത്താര്‍ജിക്കാന്‍ എന്നും ജനസംഘം വ്യക്തമാക്കിയതാണ്. ഇന്ന് നരേന്ദ്ര മോദി സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് കാരണഭൂതനായത് ആരാണ് എന്നത് പറയേണ്ടതില്ലല്ലോ.

രാമരാജ്യ പരിഷത് എന്ന കക്ഷി ജനസംഘത്തില്‍ ലയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അന്ന് അതു വേണ്ടെന്നുവെക്കുകയും ആ പാര്‍ട്ടിയുടെ കുത്തക-മുതലാളിത്ത- ഭൂപ്രഭുത്വ നിലപാടുകളെ വിമര്‍ശിച്ചുകൊണ്ട് ദീനദയാല്‍ ഉപാധ്യായ ലേഖനമെഴുതുകയും ചെയ്തത് പലരും ഓര്‍ക്കുന്നുണ്ടാവില്ല.  ഒരിക്കല്‍ ജമീന്ദാര്‍മാരുടെയും കുത്തക കര്‍ഷകരുടെയും സംഘടനയാണ് ആര്‍എസ്എസ് എന്ന് ആക്ഷേപിച്ചപ്പോള്‍, 'പതിനായിരക്കണക്കിന് യുവാക്കള്‍ രാത്രിയും പകലുമില്ലാതെ ഈ പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് വിരലിലെണ്ണാവുന്ന ഇത്തരക്കാര്‍ക്ക് വേണ്ടിയാണ് എന്നു പറഞ്ഞാല്‍  ആരാണ്  വിശ്വസിക്കുക' എന്ന് അദ്ദേഹം ചോദിച്ചതുമോര്‍ക്കുന്നു. ഇതൊക്കെ കാണിക്കുന്നത് ജനസംഘം ആര്‍ക്കുവേണ്ടിയാണ് നിലകൊണ്ടത്, എന്തായിരുന്നു അവരുടെ അടിസ്ഥാന സാമ്പത്തിക നിലപാടുകള്‍  എന്നതല്ലേ.    

രാജ്യത്തിന്റെ ആസൂത്രണം സംബന്ധിച്ച് ലാല്‍ ബഹദൂര്‍ ശാസ്ത്രി   സ്വീകരിച്ച നിലപാടുകള്‍ക്ക് പ്ലാനിങ്ങ് കമ്മീഷനില്‍ നിന്ന് എതിര്‍പ്പ് നേരിട്ടപ്പോള്‍ അത് ദീനദയാല്‍ജിക്ക് അംഗീകരിക്കാനായില്ല. അന്ന് 'പാഞ്ചജന്യ'യില്‍ അദ്ദേഹമെഴുതിയ അഞ്ചു ലേഖനങ്ങള്‍ ശ്രദ്ധേയമായിരുന്നു. പ്ലാനിങ് മേഖലയില്‍ വരുത്തേണ്ടുന്ന കാതലായ മാറ്റങ്ങളാണ് ലേഖനത്തില്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. ആസൂത്രണ കമ്മീഷനെ പിരിച്ചുവിടണം എന്നതായിരുന്നു അതിലെ പ്രധാന ആവശ്യം. അത് നടപ്പിലാവാന്‍ മോദി അധികാരത്തില്‍ വരേണ്ടിവന്നു എന്നതോര്‍ക്കുക. ആസൂത്രണ കമ്മീഷന്‍ ഇല്ലാതാവുകയും പകരം നീതി ആയോഗ് നിലവില്‍ വരുകയും ചെയ്തു. കഴിഞ്ഞില്ല, ഇനി സംസ്ഥാനങ്ങളിലേക്കും നീതി ആയോഗിനെ എത്തിക്കേണ്ടതുണ്ട്. ഒരു രാജ്യത്തിന് ഏകീകൃതമായ പ്ലാനിങ് കൂടിയല്ലേ തീരൂ. നരേന്ദ്ര മോദി അതിനും തയ്യാറാവുമെന്ന് പ്രതീക്ഷിക്കാം. രാജ്യത്തിന്റെ വികാസം വേഗത്തിലാവാന്‍ അതാവശ്യമാണ്.

'അന്ത്യോദയ' എന്ന സങ്കല്പം പോലും ജനസംഘത്തിന്റെ അടിസ്ഥാന പ്രമാണമായി മാറുന്നത് അതുകൊണ്ടാണ്. സമാജത്തിന്റെ അടിത്തറയില്‍ കഴിയുന്നവരുടെ ക്ഷേമമാണ് അതിലൂടെ ലക്ഷ്യമിട്ടത്. സോഷ്യലിസ്റ്റ്- കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ അടക്കിവാണിരുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയില്‍ തികച്ചും ഭാരതീയമായ അതേസമയം പ്രായോഗികവുമായ ദര്‍ശനമാണ് ജനസംഘം മുന്നോട്ടുവെച്ചത് എന്നര്‍ത്ഥം. അടിത്തട്ടിലുള്ളവനാണ് നമുക്ക് ഈശ്വരന്‍, അവര്‍ക്ക് വേണ്ടിയാണ് നിലകൊള്ളേണ്ടത്. അതാണ് നമ്മുടെ ധര്‍മ്മം, ജനസംഘം പ്രഖ്യാപിച്ചിരുന്നു. ഇന്നിപ്പോള്‍ മോദി സര്‍ക്കാരും വിവിധ സംസ്ഥാനങ്ങളിലെ ബിജെപി-എന്‍ഡിഎ ഭരണകൂടങ്ങളും ഊന്നല്‍ നല്‍കുന്നത് ഈ ചിന്തക്കാണ്. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളെ വിലയിരുത്തി നോക്കൂ; ടോയ്‌ലെറ്റുകള്‍ നിര്‍മ്മിച്ച് നല്‍കപ്പെട്ട  സ്വച്ഛ ഭാരത് അഭിയാന്‍, ജന്‍ധന്‍ യോജന, സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കുന്ന ഉജ്വലയോജന, ജനൗഷധി മരുന്നുകള്‍, ആയുഷ്മാന്‍ ഭാരത്, പിഎം കിസാന്‍ പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന ......... ഇതെല്ലാം ചിലതുമാത്രം. കൊവിഡ് കാലഘട്ടത്തില്‍ ഏര്‍പ്പെടുത്തിയ, എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണത്തിനുള്ള ധാന്യങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി,  ഗരീബ് കല്യാണ്‍ അന്ന യോജന, വേറെന്താണ്. അവയൊക്കെയും 'അന്ത്യോദയ'യില്‍ ഊന്നിനിന്നുകൊണ്ടുള്ളവയായിരുന്നു. ദശാബ്ദങ്ങള്‍ക്ക് മുന്‍പ് ദീനദയാല്‍ജി അവതരിപ്പിച്ച കാഴ്ചപ്പാടുകള്‍ക്ക് ഇന്നും രാജ്യത്ത്  എത്രമാത്രം പ്രസക്തിയുണ്ടെന്ന്  ആ സ്‌കീമുകളുടെ വിജയം  നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടല്ലോ. 'സബ്കാ സാധ്  സബ്കാ വികാസ്' .... ഇതിലേറെ വിപ്ലവകരമായ, ഭാവാത്മകമായ  എന്ത് സന്ദേശമാണ് ലോകത്തുള്ളത്.

ഓരോ  കാലഘട്ടത്തിലും ഏതൊരു ധര്‍മ്മ സങ്കല്പങ്ങള്‍ക്കും ഓരോ രക്ഷകന്‍ ഉയര്‍ന്നുവരും. അപകടത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍, രക്ഷിക്കാന്‍. അതാണ് നമ്മുടെ സങ്കല്പം. ഇന്ത്യയില്‍ അത് ദീനദയാല്‍ജിയായിരുന്നു. ഇന്നിപ്പോള്‍  നരേന്ദ്ര മോദിക്ക് വഴികാട്ടിയായ ദീനദയാല്‍.

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.