×
login
എഴുത്തച്ഛനെ തമസ്‌കരിക്കുമ്പോള്‍

എഴുത്തച്ഛന്റെ സാംസ്‌കാരികദൗത്യത്തിന് ഇന്ന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. പുതിയ കാലത്ത് ജീവിതത്തില്‍നിന്ന് ധാര്‍മ്മികതയും മൂല്യങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും കുടുംബബന്ധങ്ങളും സാമൂഹികബന്ധങ്ങളും കൂടുതല്‍ ശിഥിലമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മറ്റൊരു ഭാഗത്ത് എഴുത്തച്ഛനെ തമസ്‌കരിക്കാനുള്ള കഠിനശ്രമങ്ങളും നടക്കുന്നു. ശ്രീരാമസ്മരണയോടൊപ്പം നമ്മുടെ മനസ്സിലേക്ക് നാലു പതിറ്റാണ്ടുകള്‍ക്കപ്പുറത്തുനിന്നുള്ള എഴുത്തച്ഛന്റെ സാംസ്‌കാരികപ്രഭയും ഉദിച്ചുവരേണ്ടതുണ്ട്. എഴുത്തച്ഛനെ തമസ്‌കരിക്കുമ്പോള്‍ മലയാളിസമൂഹം ആത്മാവു നഷ്ടപ്പെട്ട് പൊള്ളയായി മാറുകയാണ്. എഴുത്തച്ഛനിലൂടെ ഭാരതത്തോളം വലുതായ കേരളം പാതാളത്തോളം താണുപോകാന്‍ അനുവദിക്കരുത്.

എം. ശ്രീഹര്‍ഷന്‍

 

വാല്മീകിരാമായണത്തില്‍ ഇല്ലാത്തതോ ചെറുതായി മാത്രം പരാമര്‍ശിച്ചതോ ആയ ഭാഗങ്ങള്‍ വളരെ പ്രാധാന്യത്തോടെ വിശദമായി ഉള്‍പ്പെടുത്തിയാണ് എഴുത്തച്ഛന്‍ തന്റെ രാമായണം എഴുതിയത്. അതിനാല്‍ ഈ കൃതി നിത്യപാരായണം ചെയ്യുമ്പോള്‍ ധര്‍മ്മബോധവും മൂല്യചിന്തയും ഭക്തിയും നിറഞ്ഞ സാംസ്‌കാരികമായി ഉന്നതനിലവാരം പുലര്‍ത്തുന്ന സമൂഹം രൂപപ്പെടുന്നു. ഏറ്റവും സാധാരണക്കാരനു കൂടി മനസ്സിലാവുന്ന തരത്തില്‍ ഉദാത്തമായ ജീവിതദര്‍ശനങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുകയായിരുന്നു എഴുത്തച്ഛന്‍. ''ബോധഹീനന്മാര്‍ക്കറിയാന്‍വണ്ണം ചൊല്ലീടിനേന്‍'' എന്ന് അദ്ദേഹംതന്നെ പറഞ്ഞുവച്ചിട്ടുണ്ട്. ചിന്തകളെ വികാരങ്ങളാക്കി സമന്വയിപ്പിച്ച് മനസ്സില്‍ ഉറച്ച ഭക്തിയും വിശ്വാസവും നിറച്ച് ലൗകികജീവിതത്തിന്റെ കുരുക്കുകളൂരാന്‍ സാധാരണക്കാരെ പ്രാപ്തരാക്കുക. ആവര്‍ത്തിച്ചുള്ള ആലാപനത്തിലൂടെ കൈവരുന്ന അപാരമായ ഊര്‍ജസംക്രമണത്താല്‍ മനസ്സിലേക്ക് അറിവിനെ പ്രവഹിപ്പിക്കുക.  

വായ്‌മൊഴിവഴക്കത്തിലൂടെ നിരക്ഷരരായവര്‍ക്കുകൂടി രാമായണതത്ത്വങ്ങള്‍ പകര്‍ന്നു കൊടുക്കാന്‍ പാകത്തില്‍ കരുത്തുറ്റ ഒരു ഭാഷ എഴുത്തച്ഛന് ആവശ്യമായിരുന്നു. അതുവരെ നിലവിലുണ്ടായിരുന്ന മലയാളം തമിഴിനെയോ സംസ്‌കൃതത്തെയോ അമിതമായി ആശ്രയിക്കുന്ന പരുവത്തിലായിരുന്നല്ലോ. മലയാളത്തിന്റെ നാടോടിവഴക്കങ്ങളെയും ദ്രാവിഡവൃത്തങ്ങളുടെ അപാരമായ വൈകാരികപ്രസരണശേഷിയേയും വിദഗ്ദ്ധമായി ഉപയോഗപ്പെടുത്തി അതുവരെ നിലവിലുണ്ടായിരുന്ന ഭാഷയെ നവീകരിക്കുകയും പരിഷ്‌കരിക്കുകയും ചെയ്യുക. തന്റെ ദൗത്യനിര്‍വഹണത്തിന് അത് അത്യാവശ്യമെന്ന് അദ്ദേഹം നിശ്ചയിക്കുകയായിരുന്നു. അങ്ങനെ തമിഴിന്റെ സൗന്ദര്യവും സംസ്‌കൃതത്തിന്റെ ഓജസ്സും സമന്വയിപ്പിച്ച് മലയാളഭാഷയെ ശ്രേഷ്ഠഭാഷയാക്കിമാറ്റി അദ്ദേഹം, തന്റെ കൃതികളിലൂടെ. ആശയസംക്രമണവും ആലാപനസൗകുമാര്യതയും ഒത്തിണങ്ങുംവിധമുള്ള ഭാഷാവൃത്തങ്ങള്‍ സൃഷ്ടിച്ചെടുത്താണ് എഴുത്തച്ഛന്‍ തന്റെ രാമായണം എഴുതിയത്. രാമായണം നിത്യപാരായണം ചെയ്യുന്നതിലൂടെ പരിഷ്‌കരിച്ച മലയാളഭാഷ കേരളത്തിലുടനീളം വ്യാപകമായി പ്രചരിക്കുകയായിരുന്നു, പണ്ഡിതരിലും പാമരരിലും ഒരുപോലെ. പദബോധം, ഉച്ചാരണശുദ്ധി, വാഗ്പ്രയോഗസാമര്‍ത്ഥ്യം, കാവ്യാസ്വാദകക്ഷമത എന്നീ ഭാഷാഗുണങ്ങള്‍ സ്വയം അനുശീലിക്കാന്‍ ഏവര്‍ക്കും സാധ്യമായ ഒരു പദ്ധതികൂടിയായി മാറി രാമായണത്തിന്റെ കര്‍ക്കടകവായന. അങ്ങനെ ഒരേസമയം ജീവിതസംസ്‌കാരത്തിലും ഭാഷയിലും സാഹിത്യത്തിലും നവീകരണം നടത്തിക്കൊണ്ട് കേരളീയസമൂഹത്തെ സ്വയം ഉയര്‍ത്തുകയായിരുന്നു എഴുത്തച്ഛന്‍, ഭാഷാപിതാവായി. എക്കാലത്തെയും വലിയ സാംസ്‌കാരികനായകനായി.

എഴുത്തച്ഛനു മുമ്പും എഴുത്തച്ഛനു ശേഷവും രാമായണത്തെ അധികരിച്ച് മലയാളത്തില്‍ നിരവധി കൃതികളുണ്ടായിട്ടുണ്ട്. വാല്മീകിരാമായണത്തിന്റെ പൂര്‍ണവിവര്‍ത്തനങ്ങള്‍ രണ്ടു തവണ ഉണ്ടായി. എന്നാല്‍ കേരളീയ സമൂഹത്തില്‍ അഗാധമായ സ്വാധീനം ചെലുത്തിയത് അധ്യാത്മരാമായണം കിളിപ്പാട്ട് മാത്രമാണ്. എഴുത്തച്ഛന് മുമ്പ് ജനകീയമഹാകാവ്യം എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന രാമകഥാപാട്ടുപോലും പിന്നീട് ജനമനസ്സില്‍നിന്ന് പാടേ മാഞ്ഞുപോയി. കാവ്യഗുണത്തില്‍ മുന്നില്‍നില്‍ക്കുന്ന കണ്ണശ്ശരാമായണം സാഹിത്യവിദ്യാര്‍ഥികളുടെ പഠനവസ്തുമാത്രമായി ചുരുങ്ങി. വാല്മീകിരാമായണം പോലും പണ്ഡിതലോകത്തുമാത്രം പരിമിതപ്പെട്ടു. കേരളത്തിലെ സാഹിത്യത്തിലും കലയിലും ഭാഷയിലും ജീവിതത്തിലും നിറഞ്ഞുനില്‍ക്കുന്നത് എഴുത്തച്ഛരാമായണം മാത്രമാണ്. കാലത്തെ നയിക്കാന്‍ കഴിവുള്ള ഗരിമയാണ് എഴുത്തച്ഛനുണ്ടായിരുന്നത്.

കര്‍ക്കടമാസത്തില്‍ അധ്യാത്മരാമായണം നിത്യപാരായണം ചെയ്യുന്ന സമ്പ്രദായം തുടങ്ങിവച്ചത് അമ്പലപ്പുഴരാജാവാണെന്ന് പറയപ്പെടുന്നു. ഒരിക്കല്‍ തെലുങ്കിലുള്ള അധ്യാത്മരാമായണം അദ്ദേഹത്തിന് കിട്ടാനിടയായി. ഭാഷയറിയാത്തതിനാല്‍ അതു വായിക്കാന്‍ പറ്റിയ ഒരാളെ അന്വേഷിക്കവെ മേല്‍പ്പത്തൂരാണത്രേ എഴുത്തച്ഛനെ നിര്‍ദേശിച്ചത്. അമ്പലപ്പുഴയിലെത്തിയ എഴുത്തച്ഛന്‍ രാജാവിന് തെലുങ്കുരാമായണം വായിച്ചുകൊടുത്ത ശേഷം താനെഴുതിയ അധ്യാത്മരാമായണം കിളിപ്പാട്ട് രാജാവിന് സമര്‍പ്പിച്ചു. അതു വായിച്ച് ഇഷ്ടപ്പെട്ട രാജാവ് അതിന്റെ ഏതാനും പകര്‍പ്പുകള്‍ എഴുതിപ്പിച്ച് വീടുകളില്‍ നിത്യപാരായണം നടത്താന്‍ കല്‍പ്പന ചെയ്തുവെന്നാണ് പറയുന്നത്. രാജാവിന്റെ നിര്‍ദേശപ്രകാരം അമ്പലപ്പുഴയില്‍ താമസിച്ചാണ് എഴുത്തച്ഛന്‍ തന്റെ രാമായണം എഴുതിയതെന്നും പറയപ്പെടുന്നുണ്ട്. കൊടിയ മഴ കാരണം വീടിനു പുറത്തിറങ്ങാന്‍ കഴിയാതെ ദുരിതമനുഭവിച്ചു കഴിയുന്ന ജനങ്ങള്‍ വീട്ടിലിരുന്ന് രാമായണപാരായണത്തിലൂടെ മനസ്സിനെ പ്രസാദാത്മകമാക്കട്ടെ എന്നു കരുതിയാവും രാജാവ് പഞ്ഞമാസമായ കര്‍ക്കടകമാസം തെരഞ്ഞെടുത്തിട്ടുണ്ടാവുക.  

അമ്പലപ്പുഴക്കു പുറമെ മറ്റു പലയിടങ്ങളിലും എഴുത്തച്ഛന്‍ തന്റെ രാമായണം പാരായണം ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തതായി കഥകളുണ്ട്. ശുചീന്ദ്രത്ത് അദ്ദേഹം പോയിരുന്നതായും രാമായണപാരായണം നടത്തിയതായും പറയപ്പെടുന്നു. കര്‍ക്കടകവായനക്കു പുറമെ ജീവിതത്തിലെ മറ്റ് പല വിശേഷസന്ദര്‍ഭങ്ങളിലും കേരളീയര്‍ അധ്യാത്മരാമായണം വായിക്കാറുണ്ട്. തിരുവിതാംകൂറില്‍ പണ്ടുകാലം മുതല്‍ക്കേ രാമായണത്തിന്റെ പല തരത്തിലുള്ള അനുഷ്ഠാനവായനകള്‍ വേറെയും നിലനിന്നു പോന്നിരുന്നു. വൃശ്ചികം ഒന്നു മുതല്‍ വീടുകളില്‍ നാല്‍പ്പത്തൊന്ന് ദിവസത്തെ രാമായണവായന അവിടങ്ങളില്‍ പതിവായിരുന്നു. പിറന്നാളിന് രാമായണം വായിക്കും. ശ്രീരാമപട്ടാഭിഷേകം വരെ ഒരു പകല്‍കൊണ്ട് വായിച്ചുതീര്‍ക്കുന്ന മറ്റൊരു രീതിയും അവിടങ്ങളില്‍ നിലവിലുണ്ടായിരുന്നു. കേരളത്തിലെ മറ്റിടങ്ങളില്‍ കര്‍ക്കടകവായനയ്ക്കു പുറമെ മരണവേളയിലുള്ള രാമായണവായനയാണ് പ്രധാനമായുണ്ടായിരുന്നത്.

രാമായണമാസത്തിലും അനുഷ്ഠാനവായനകളിലും വീടുകളിലോ കുടുംബസമാഗമങ്ങളിലോ നടക്കുന്ന ഈ രാമായണവായന പക്ഷെ ക്ഷേത്രങ്ങളിലോ മറ്റ് പൊതുവിടങ്ങളിലോ അങ്ങനെ വ്യാപകമായി ഉണ്ടായിരുന്നില്ല. ശതാബ്ദങ്ങളായി നടന്നു പോന്നിരുന്ന കര്‍ക്കടകവായനതന്നെ ശോഷിച്ച് വെറും ചടങ്ങുമാത്രമായി ചുരുങ്ങുകയും ഇല്ലാതാവുകയും ചെയ്തിരുന്നു ഇടക്കാലത്ത് കേരളത്തില്‍. രാമായണം കത്തിക്കണമെന്നുള്ള ആഹ്വാനംപോലും ചില ഭാഗങ്ങളില്‍നിന്ന് ശക്തമായി ഉണ്ടായി. രാമായണത്തെ വിമര്‍ശിക്കുന്നതും തിരസ്‌ക്കരിക്കുന്നതും ഒരു ഫാഷനായി വളര്‍ന്നുകൊണ്ടിരുന്ന ഒരു കാലം. ആ സന്ദര്‍ഭത്തിലാണ് 1982 ല്‍ എറണാകുളത്തു വിശാലഹിന്ദുസമ്മേളനം നടന്നത്. മാധവ്ജിയും (പി.മാധവന്‍)  പരമേശ്വര്‍ജിയും (പി. പരമേശ്വരന്‍) മുന്‍കൈയെടുത്ത് കര്‍ക്കടകം രാമായണമാസമായി ആചരിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കുന്നത് ഇതിന്റെ തുടര്‍ച്ചയായാണ്. ബാലഗോകുലം, വിശ്വഹിന്ദുപരിഷത്ത്, ക്ഷേത്രസംരക്ഷണസമിതി എന്നീ പ്രസ്ഥാനങ്ങളുടെ ശ്രമഫലമായി കര്‍ക്കടകമാസത്തില്‍ രാമായണ പാരായണം മാത്രമല്ല അതു സംബന്ധിച്ച വൈവിധ്യമാര്‍ന്ന മറ്റു ധാരാളം പൊതുപരിപാടികള്‍ കേരളത്തിലുടനീളം വ്യാപകമായി നടക്കാന്‍ തുടങ്ങി. ക്ഷേത്രങ്ങളും മറ്റു സാംസ്‌കാരികസ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും സംഘടനകളും ഏറ്റെടുത്ത്  ഇന്നത് സമൂഹത്തിന്റെ എല്ലാതലങ്ങളിലും വീടുകളില്‍ മാത്രമുണ്ടായിരുന്ന രാമായണപാരായണത്തിനപ്പുറത്തേക്കു വ്യാപിച്ചിരിക്കയാണ്.

കേരളത്തിലെ സാംസ്‌കാരികപാരമ്പര്യം പഠിക്കുമ്പോള്‍ തെളിയുന്ന ഒരു വസ്തുതയുണ്ട്. ഒരു കാലത്ത് ബ്രാഹ്മണരുടെ മാത്രം കുത്തകയായിരുന്ന വിജ്ഞാനസ്രോതസ്സുകള്‍ മിക്കതും സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരെന്ന് പഴയ കാലത്ത് കണക്കാക്കിയിരുന്ന സമുദായങ്ങളിലേക്ക് അതിശക്തമായി വ്യാപിച്ചിരുന്നുവെന്ന കാര്യം. ജ്യോതിഷം, ആയുര്‍വേദം, തച്ചുശാസ്ത്രം, കാവ്യശാസ്ത്രം, ഭാഷാശാസ്ത്രം എന്നിവയില്‍ തികഞ്ഞ പാണ്ഡിത്യവും കൈകാര്യക്ഷമതയും ഉള്ള നിരവധി സമുദായങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിട്ടുണ്ട്. ഈ പ്രസരണം എങ്ങനെയുണ്ടായി എന്നതിന്റെ ചരിത്രപരമായ വഴികള്‍ ഇനിയും അന്വേഷിച്ച് കണ്ടെത്തേണ്ടതായാണ് ഇരിക്കുന്നത്. എഴുത്തച്ഛന്‍ സ്വയം തുടങ്ങിവച്ച സാംസ്‌കാരികസംക്രമണം നേരിട്ടല്ലെങ്കിലും ഇതിനുകൂടി കാരണമായിട്ടുണ്ട് എന്നാണ് തോന്നുന്നത്.  

എഴുത്തച്ഛന്റെ സാംസ്‌കാരികദൗത്യത്തിന് ഇന്ന് പുതിയ മാനങ്ങള്‍ കൈവന്നിരിക്കുകയാണ്. പുതിയ കാലത്ത് ജീവിതത്തില്‍നിന്ന് ധാര്‍മ്മികതയും മൂല്യങ്ങളും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയും കുടുംബബന്ധങ്ങളും സാമൂഹികബന്ധങ്ങളും കൂടുതല്‍ ശിഥിലമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. മറ്റൊരു ഭാഗത്ത് എഴുത്തച്ഛനെ തമസ്‌കരിക്കാനുള്ള കഠിനശ്രമങ്ങളും നടക്കുന്നു. തുഞ്ചന്‍സ്മാരകത്തില്‍ എഴുത്തച്ഛസ്മരണയൊഴികെ മറ്റു പല കാര്യങ്ങളും നടക്കുന്നു. ജന്മനാട്ടില്‍ എഴുത്തച്ഛന്റെ പ്രതിമപോലും സ്ഥാപിക്കാന്‍ അനുവദിക്കാത്ത സ്ഥിതി വരുന്നു.  

ഇപ്പോള്‍ നാം കൊല്ലന്തോറും രാമായണമാസം ആചരിക്കുമ്പോഴും രാമായണചര്‍ച്ചകള്‍ നടത്തുമ്പോഴും ശ്രീരാമസ്മരണയോടൊപ്പം നമ്മുടെ മനസ്സിലേക്ക് നാലു പതിറ്റാണ്ടുകള്‍ക്കപ്പുറത്തുനിന്നുള്ള എഴുത്തച്ഛന്റെ സാംസ്‌കാരികപ്രഭയും ഉദിച്ചുവരേണ്ടതുണ്ട്. എഴുത്തച്ഛനെ തമസ്‌കരിക്കുമ്പോള്‍ മലയാളിസമൂഹം ആത്മാവു നഷ്ടപ്പെട്ട് പൊള്ളയായി മാറുകയാണ്. എഴുത്തച്ഛനിലൂടെ ഭാരതത്തോളം വലുതായ കേരളം പാതാളത്തോളം താണുപോകാന്‍ അനുവദിക്കരുത്.     (അവസാനിച്ചു)

 

  comment
  • Tags:

  LATEST NEWS


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  സാങ്കേതിക സര്‍വ്വകലാശാല പ്രഖ്യാപിച്ചത് ആയിരം കോടി; സ്ഥലം വാങ്ങാന്‍ പണമില്ല

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.